2026 ഓഗസ്റ്റ് 2, ഞായറാഴ്‌ച

സായാഹ്‌ന ധർണ്ണ - കാട്ടിപ്പറമ്പ് - മെയ് 30 -2026

 

 പ്രിയ സുഹൃത്തേ,


വീണ്ടും കടൽകയറ്റം ഉറപ്പായ ഒരു മഴക്കാലമാണ് വരാനിരിക്കുന്നത്. പുത്തൻ തോട് ബീച്ചിനു വടക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങൾ ഈ വർഷവും കടൽകയറ്റ ഭീഷണിയിലാണ്. ചെല്ലാനം പഞ്ചായത്ത് അതിർത്തിവരെ ടെട്രാപ്പോഡ് കടൽഭിത്തി നിർമ്മിക്കുന്നതിന് 404 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഭരണാനുമതി നൽകിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപ് പുത്തൻ തോട് ബീച്ചിൽ വച്ച് വളരെ ആഘോഷപൂർവ്വം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെ രണ്ടാംഘട്ട നിർമ്മാണപദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. എന്നാൽ നിർമ്മാണത്തിന് ആവശ്യമായ സാങ്കേതിക അനുമതി നൽകുകയോ പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുകയോ,പണി ഏൽപ്പിക്കാൻ ഉദ്ദേശിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുമായി കരാർ ഉണ്ടാക്കുകയോ ചെയ്തിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടു കൂടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ മാറിയതിനു ശേഷം മാത്രമേ ഈ കാര്യത്തിൽ തുടർനടപടി ഉണ്ടാകൂ എന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. അതോടു കൂടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ഒരു നാടകം മാത്രമായിരുന്നു രണ്ടാംഘട്ട കടൽഭിത്തി നിർമ്മാണപദ്ധതിയുടെ ഉദ്ഘാടനം എന്ന് വെളിവാക്കപ്പെട്ടു.

ഇന്നിപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. 10 വർഷങ്ങൾക്ക് ശേഷം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിരിക്കുന്നു. എൽഡിഫ് സർക്കാർ പ്രഖ്യാപിച്ച രണ്ടാംഘട്ട കടൽഭിത്തി നിർമ്മാണത്തിന് എന്തു സംഭവിക്കും എന്നാ ആശങ്ക ജനങ്ങൾക്കുണ്ട്. ഇനിയും കടൽഭിത്തി നിർമ്മാണം നീണ്ടു പോകാതിരിക്കാൻ 
 നമുക്ക് ജാഗ്രത പുലർത്തേണ്ടതുണ്ട്.

 എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച രണ്ടാംഘട്ട കടൽഭിത്തി നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിൽ വരുത്താൻ യുഡിഎഫ് സർക്കാർ തയ്യാറാകണം. ചെല്ലാനം പഞ്ചായത്ത് അതിർത്തി വരെയായി പ്രഖ്യാപിക്കപ്പെട്ട രണ്ടാം ഘട്ട പദ്ധതി ബീച്ച് റോഡ് വരെ നീട്ടി നടപ്പിലാക്കണം. കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി ചെല്ലാനം കൊച്ചി തീരം പുനഃനിർമ്മിക്കാൻ വേണ്ട നടപടിയെടുക്കണം. അതോടൊപ്പം ഈ മഴക്കാലത്ത് കടൽകയറ്റം പ്രതിരോധിക്കാൻ താൽക്കാലിക പ്രതിരോധ-സംരക്ഷണ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം.

ഈ കാര്യങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി മെയ് 30 നു വൈകീട്ട് 4 മണിക്ക് കാട്ടിപ്പറമ്പിലെ ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ സമരപ്പന്തലിൽ സംഘടിപ്പിക്കുന്ന സായാഹ്‌ന ധർണ്ണയിൽ മുഴുവൻ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വി.ടി.സെബാസ്റ്റ്യൻ
ജനറൽ കൺവീനർ
ചെല്ലാനം-കൊച്ചി ജനകീയവേദി  
9349249678

അഡ്വ.തുഷാർ നിർമ്മൽ സാരഥി
വർക്കിങ് ചെയർ പേഴ്‌സൺ
ചെല്ലാനം-കൊച്ചി ജനകീയവേദി  
9633027792
 
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സായാഹ്‌ന ധർണ്ണ - കാട്ടിപ്പറമ്പ് - മെയ് 30 -2026

   പ്രിയ സുഹൃത്തേ, വീണ്ടും കടൽകയറ്റം ഉറപ്പായ ഒരു മഴക്കാലമാണ് വരാനിരിക്കുന്നത്. പുത്തൻ തോട് ബീച്ചിനു വടക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേ...