2024, മാർച്ച് 11, തിങ്കളാഴ്‌ച

മണ്ണുവെപ്പും മഹാത്ഭുതവും

   ചെല്ലാനം തീരത്തുള്ളവരുടെ സന്തോഷം പങ്കുവയ്ക്കുന്ന വാർത്തയാണിത്. എന്നാൽ റിപ്പോർട്ടിൽ പറയും പോലെ ടെട്രാപോഡ് പദ്ധതി വന്നത് മൂലം മാസങ്ങൾ കൊണ്ട് ഹാർബറിന് തെക്ക് കര രൂപപ്പെടുക എന്ന മഹാൽഭുതം സംഭവിച്ചതാണോ എന്ന് ഒന്ന് പരിശോധിച്ചു നോക്കാം.
    ചെല്ലാനം-കൊച്ചി ജനകീയവേദി 2019 ഒക്ടോബറിൽ കടൽകയറ്റം ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിക്കുമ്പോൾ തന്നെ വിഷയത്തെക്കുറിച്ച് പഠിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു വയ്ക്കുകയും ചെയ്ത ചില ആവശ്യങ്ങളും നിർദ്ദേശങ്ങളും ഉണ്ട്. അതിൽ പ്രധാനമായത് ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെ നീളുന്ന ചെല്ലാനം തീരം ഒറ്റക്കെട്ടായി കണ്ടുകൊണ്ട് എക്കലടിച്ച് തീരം പുനർനിർമ്മിക്കണം എന്നതായിരുന്നു. ഓരോ തീരത്തേയും കടൽകയറ്റത്തിന് സവിശേഷ കാരണങ്ങൾ ഉള്ളതു പോലെ ചെല്ലാനം തീരത്തിനും അതിന്റേതായ സവിശേഷമായ കാരണം ഉണ്ട്.
    ഇന്ത്യയുടെ തെക്കുഭാഗം കടലിൽ കിടക്കുന്നത് "V" ആകൃതിയിൽ ആയതിനാലും, ദിവസവും 2 വീതം പ്രാവശ്യം കടലിലുണ്ടാകുന്ന വേലിയിറക്കത്തിൽ കൊച്ചി അഴിയിൽ നിന്ന് പടിഞ്ഞാറോട്ടുള്ള ഒഴുക്കും കടലിലെ സാധാരണയുള്ള ഒഴുക്കും സന്ധിച്ച് തെക്ക് പടിഞ്ഞാറോട്ടൊഴുകി ഏതാണ്ട് അന്ധകാരനാഴി വച്ച് കിഴക്കോട്ടൊഴുകി തീരക്കടലിലൂടെ എതിരൊഴുക്കായി ശക്തി പ്രാപിച്ച് വടക്കോട്ട് ഒഴുകും. ഈ വെള്ളത്തോടൊപ്പം കടലിലെ മണ്ണും വടക്കോട്ടൊഴുകി കപ്പൽച്ചാലിൽ ചെന്ന് വീഴുന്നു. 365 ദിവസവും 24 മണിക്കൂറും ഇടതടവില്ലാതെ നടക്കുന്ന ഡ്രെഡ്ജിങ് മൂലം തീരത്തിന്റെ സ്വാഭാവികതയായ 'കര വയ്ക്കൽ' എന്നത് ഇവിടെ നടക്കാതിരിക്കുകയും തീരക്കടലിന്റെ ആഴം കൂടുകയും ചെയ്യുന്നതാണ് ചെല്ലാനം-കൊച്ചി തീരത്തെ കടൽ ആക്രമണത്തിന്റെ പ്രധാന കാരണം. തീരക്കടലിലെ ആഴത്തിന് ആനുപാതികമായി തിരമാലയുടെ ഉയരം കൂടി തിര വളരെ കിഴക്കായും ഉയരത്തിലും ഒടിഞ്ഞ് ശക്തമായ കടൽകയറ്റമായി മാറുന്നു. മറിച്ച് തീരക്കടലിൽ മണൽ നിക്ഷേപം വന്ന് ആഴം കുറയുമ്പോൾ തിരമാലയുടെ ഉയരം കുറയുകയും വളരെ ദൂരെ വച്ച് ഒടിയുകയും വെള്ളത്തിൽ തട്ടിത്തട്ടി ശക്തി ക്ഷയിച്ച് മാത്രം തീരത്തേയ്ക്ക് എത്തുകയും ചെയ്യുന്നു. രണ്ടാമത് പറഞ്ഞ പ്രതിഭാസത്തിന് കൊച്ചിൻ പോർട്ടിന്റെ പ്രവർത്തനം മൂലം സാധിക്കാതെ വരികയും അങ്ങനെ ചെല്ലാനം-കൊച്ചി തീരത്തിന്റെ കടൽകയറ്റത്തിന്റെ കാരണമായി കൊച്ചിൻ പോർട്ട് എന്ന സ്ഥാപനം മാറുകയും ചെയ്യുന്നു. പോർട്ടിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ ജനകീയവേദി ആവശ്യപ്പെടുന്നില്ല, മറിച്ച് കൊച്ചിൻ പോർട്ടിന് ചെല്ലാനം തീരത്തോട് നിയമപരമായി ഉള്ള ബാധ്യത നിറവേറ്റാനാണ് പറയുന്നത്.
    കേരള തീരത്ത് ഒരു ഭാഗത്ത് പുലിമുട്ട് പോലൊരു നിർമ്മിതി വന്നാൽ അതിന്റെ വടക്കുള്ള പ്രദേശങ്ങൾ കനത്ത കടൽകയറ്റവും തെക്കുള്ള പ്രദേശങ്ങൾ മണ്ണ് വയ്ക്കുകയും ചെയ്യുമെന്നുള്ളത് തീരദേശവാസികളുടെ പ്രാഥമികമായ അറിവാണ്. എന്നാൽ ഈ കടലറിവുകളെ പുച്ഛിച്ചു തള്ളുന്ന തരം വികസന പ്രവർത്തനങ്ങളാണ് ചെല്ലാനത്ത് സർക്കാർ നടപ്പാക്കിയിരിക്കുന്നത്. അതിന്റെ ദുരന്തഫലങ്ങൾ കണ്ണമാലി മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുകയാണ്. എന്നാൽ അതൊന്നും മാധ്യമങ്ങളിൽ വരുന്നുമില്ല. മാധ്യമങ്ങളിൽ വരുന്നുണ്ടോ ഇല്ലയോ എന്നതിലുപരി മാധ്യമങ്ങൾ സർക്കാരിന്റെ വാഴ്ത്തൂപാട്ടിനു വേണ്ടി മാത്രം നിലനിൽക്കുന്നു എന്നത് പരിതാപകരമാണ്. 2022 ൽ ടെട്രാപോഡ് കടൽഭിത്തി നിർമ്മിച്ചത് മൂലം ആ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അതൊരു ആശ്വാസമായി എന്നത് വാസ്തവമാണ് എന്നാൽ അശാസ്ത്രീയമായി പദ്ധതി നടപ്പാക്കിയത് മൂലം കണ്ണമാലി മുതൽ വടക്കു പ്രദേശങ്ങളിലുള്ള ജനങ്ങൾ ദുരിതക്കടലിൽ മുങ്ങുന്നത് കാണാതെ പോവുന്നത് ശരിയല്ല. 2022 ൽ 10 വീടുകളാണ് കണ്ണമാലിയിൽ മാത്രം തകർന്നടിഞ്ഞത്. അക്കൊല്ലം കേരളത്തിന്റെ തീരത്തൊരിടത്തും ന്യൂനമർദ്ദമോ കാറ്റോ ഇല്ലാതിരുന്നതുകൊണ്ട് തന്നെ കടൽകയറ്റവും ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചെല്ലാനം തീരത്തെ ഒറ്റക്കെട്ടായി കണ്ടുകൊണ്ട് വടക്കു ഭാഗത്ത് നിന്ന് പണി ആരംഭിച്ചിരുന്നുവെങ്കിൽ ഈ രണ്ടു കൊല്ലത്തെ ജനങ്ങളുടെ ദുരിതങ്ങളും തകർന്നടിഞ്ഞ വീടുകളും ഒക്കെ സംഭവിക്കാതെ കാക്കാമായിരുന്നു.
    ചെല്ലാനത്തെ തെക്കൻ തീരം മണ്ണുവയ്ക്കുന്നത് പോലെ വടക്ക് ഫോർട്ട് കൊച്ചി വരെയുള്ള പ്രദേശങ്ങളിൽ വലിയ ചിലവില്ലാതെ തന്നെ തീരം പുനർനിർമ്മിയ്ക്കാൻ കഴി യും. കൊച്ചിൻ പോർട്ട് ഡ്രെഡ്ജു ചെയ്യുന്ന മണ്ണ് ഈ തീരത്ത് അടിയുന്ന വിധം കടലിൽ നിക്ഷേപിക്കുകയും അപ്രകാരം നിക്ഷേപിക്കുന്ന മണ്ണ് വീണ്ടും ഒഴുകി പോകുന്നത് തടയാൻ പുലിമുട്ടുകൾ സ്ഥാപിക്കുകയും ചെയ്താൽ മാത്രം മതിയാകും. പുലിമുട്ടുകൾ നിർമ്മിയ്ക്കാൻ ജിയോ സിന്തറ്റിക് ട്യൂബുകൾ ഉപയോഗിക്കാവുന്നതാണ്. ജിയോട്യൂബുകൾ വെള്ളത്തിനടിയിൽ കിടക്കുന്നവിധം മണ്ണ് നിറച്ചു പുലിമുട്ടുകൾ നിർമ്മിച്ചാൽ കൂടുതൽ കാലം നിലനില്ക്കുകയും ചെയ്യും. എന്നാൽ ഈ ലളിതമായ പരിഹാരം പരിഗണിയ്ക്കാതെ കോടിക്കണക്കിനു രൂപ ചെലവ് വരുന്ന പദ്ധതികളുടെ പുറകെയാണ് സർക്കാർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...