2014, മേയ് 26, തിങ്കളാഴ്‌ച

വധശിക്ഷ----അഡ്വ. കാളീശ്വരം രാജ്‌

ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം വധശിക്ഷ ഒഴിവാക്കുന്നതിനുള്ള നിയമപരമായ കാരണമല്ലെന്ന് ജസ്റ്റിസ് ജി.എസ്. സിങ്‌വിയും ജസ്റ്റിസ് മുഖോപാധ്യായയും അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഏപ്രില്‍ 12-ാം തീയതിയിലെ വിധിയില്‍ വ്യക്തമാക്കി. ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറുടെ കേസിലെ വിധി, വധശിക്ഷയ്‌ക്കെതിരായി രാജ്യത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. നമ്മുടെ ക്രിമിനല്‍ നീതിനിര്‍വഹണരംഗത്ത് അവശേഷിക്കുന്ന മാനവികതയെയും നൈതികതയെയുംപോലും എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന സമീപനമാണ് വിധിയില്‍ പ്രതിഫലിക്കുന്നതെന്ന് പറയാതെ വയ്യ.


ലോകത്ത് 97 രാജ്യങ്ങളില്‍ ഇതിനകം നിയമംമുഖേന വധശിക്ഷ നിര്‍ത്തലാക്കിയിരിക്കുന്നു. ഇതിനുപുറമേ 35 രാജ്യങ്ങള്‍ ഫലത്തില്‍ വധശിക്ഷയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. നേപ്പാള്‍, ഭൂട്ടാന്‍ പോലുള്ള അവികസിത രാജ്യങ്ങള്‍പോലും വധശിക്ഷ നിര്‍ത്തലാക്കി. ചൈനയും ഇറാനും സൗദി അറേബ്യയും അമേരിക്കയും മറ്റും ഇപ്പോഴും വധശിക്ഷ നിലനിര്‍ത്തുന്ന രാജ്യങ്ങളില്‍പ്പെടുന്നു. സമഗ്രാധിപത്യവും വധശിക്ഷയുടെ തോതും തമ്മിലുള്ള നേരനുപാതത്തെക്കുറിച്ചറിയാന്‍ ചൈനയുടെ സ്ഥിതി നോക്കിയാല്‍ മതി. ലോകത്ത് ബാക്കിയെല്ലാരാജ്യങ്ങളിലുമായി ആകെ നടപ്പാക്കപ്പെട്ട വധശിക്ഷയേക്കാള്‍ കൂടുതലാണ് ചൈനയില്‍മാത്രം നടപ്പാക്കിയ വധശിക്ഷയുടെ എണ്ണം.


ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 132 പേര്‍ വധശിക്ഷക്ക് വിധിക്കപ്പെടുന്നു. എന്നാല്‍, നിയമനടപടികളിലും ദയാഹര്‍ജികളിലും തീര്‍പ്പുണ്ടാക്കുന്നതിലെ കാലതാമസംകാരണം രാജ്യത്ത് വധശിക്ഷ നടപ്പായത് താരതമ്യേന കുറഞ്ഞതോതിലായിരുന്നു. 2001-നും 2011-നും മധ്യേ കേവലം ഒരാള്‍ മാത്രമാണ് തൂക്കിലേറ്റപ്പെട്ടത്.


അടുത്തകാലത്ത് അജ്മല്‍ കസബിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷ നടപ്പാക്കിയതോടെ ഇന്ത്യയില്‍ തൂക്കുകയറുകള്‍ സജീവമാകാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനകം 16 ദയാഹര്‍ജികളാണ് രാഷ്ട്രപതി തള്ളിയത്. (ഔട്ട്‌ലുക്ക് ഇന്ത്യ. കോം, 2013, ഏപ്രില്‍ 12).


ഈ രാഷ്ട്രീയസാഹചര്യത്തെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ സുപ്രീംകോടതി വിധി. അഭിശപ്തവും പരിത്യജിക്കപ്പെട്ടതുമായ ബാല്യങ്ങള്‍ എങ്ങനെ ഭീകരവാദത്തിന്റെ വിളനിലങ്ങളാകുന്നുവെന്ന് കസബ് കാണിച്ചുതന്നു. അയാളുടേത് ക്രൂരവും പൈശാചികവുമായ പ്രവൃത്തിയായിരുന്നുവെന്നതില്‍ സംശയമില്ല. അതേസമയം, പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സല്‍ഗുരു സംഭവസ്ഥലത്ത് ഇല്ലായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍മാത്രമാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. കോടതിതന്നെ തനിക്കുവേണ്ടി നിശ്ചയിച്ച അഭിഭാഷകനില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന അദ്ദേഹത്തിന്റെ പരാതിപോലും സ്വീകരിക്കപ്പെട്ടില്ല. പ്രതിയെന്നനിലയില്‍ കേസില്‍ അദ്ദേഹം ശരിയായവിധത്തില്‍ പ്രതിരോധിക്കപ്പെട്ടില്ല (ഫ്രണ്ട്‌ലൈന്‍, 2013, മാര്‍ച്ച് 8). ഒടുവില്‍ ദയാഹര്‍ജി തള്ളിയ നടപടിയുടെ ശരിതെറ്റുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കവേയാണ് രഹസ്യമായി വീട്ടുകാരെപ്പോലും അറിയിക്കാതെ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്. തികച്ചും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഈ നടപടിക്കെതിരെ നിയമവൃത്തങ്ങളില്‍നിന്നും സിവില്‍ സമൂഹത്തില്‍നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായ പ്രതിഷേധങ്ങളെ പൂര്‍ണമായും അവഗണിക്കുന്നതുംകൂടിയാണ് ഭുള്ളര്‍ കേസിലെ വിധി.സുപ്രീംകോടതി വിധിയുടെ പ്രധാനപാളിച്ചകള്‍ ഇനി പറയുന്നവയാണെന്ന് തോന്നുന്നു:


1. കുറ്റകൃത്യത്തെ സംബന്ധിച്ചും ശിക്ഷയെക്കുറിച്ചും കോടതി എത്തിച്ചേരുന്ന നിഗമനങ്ങളിലെ പിശകുകള്‍ക്കും ന്യൂനതകള്‍ക്കുമുള്ള സാധ്യതയെ ഒട്ടും കണക്കിലെടുക്കാതെയാണ് പുതിയ വിധി എഴുതപ്പെട്ടത്. 2002 മാര്‍ച്ച് 22-ന് സുപ്രീംകോടതി ഭുള്ളര്‍കേസില്‍ത്തന്നെ വിധിയെഴുതിയത് ഏകാഭിപ്രായത്തോടെയായിരുന്നില്ല. മൂന്നംഗബെഞ്ചിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപനായ ജസ്റ്റിസ് എം.ബി. ഷാ, ഭുള്ളര്‍ കുറ്റക്കാരനല്ല എന്നാണ് കണ്ടെത്തിയത്. ഗൂഢാലോചനയില്‍ പങ്കാളിയായില്ലെന്നും അദ്ദേഹം കണ്ടെത്തി. മറ്റുരണ്ട് ന്യായാധിപര്‍ മറിച്ച് കണ്ടെത്തിയെന്നതുകൊണ്ടുമാത്രം ഷായുടെ കണ്ടെത്തലിനെ മറികടന്ന് പ്രതിയെ തൂക്കിലേറ്റുന്നത് ശരിയാണോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. പുതിയ സുപ്രീംകോടതിവിധിയില്‍ ഈ ന്യായമായ ചോദ്യം ഉന്നയിക്കപ്പെട്ടിട്ടേയില്ല.


2. ഭൂരിപക്ഷാഭിപ്രായമാണ് കോടതിവിധിയെന്നത് സാങ്കേതികമായി ശരിയാണ്. എന്നാല്‍, സാരാംശത്തില്‍, ന്യൂനപക്ഷാഭിപ്രായം ഭൂരിപക്ഷവിധിയിലെ പിശകിനുള്ള സാധ്യതയെക്കൂടിയാണ് കാണിച്ചുതരുന്നത്. കോടതിയുടെ ന്യൂനപക്ഷവിധിയില്‍ ശരിയുടെ അംശങ്ങളില്ലേ എന്ന് ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്ന അവസരത്തില്‍ രാഷ്ട്രപതിക്ക് പരിശോധിക്കാം. ഇത്തരം സാധ്യതകളുടെ വാതില്‍ കൊട്ടിയടയ്ക്കുന്നതരത്തിലാണ് പുതിയ സുപ്രീംകോടതി വിധി.


3. ഭരണഘടനയുടെ 72-ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതിക്കും 161-ാം അനുച്ഛേദമനുസരിച്ച് ഗവര്‍ണര്‍മാര്‍ക്കും ദയാഹര്‍ജികളില്‍ തീരുമാനമെടുക്കാനുള്ള സവിശേഷാധികാരം നല്‍കിയിരിക്കുന്നു. നീതിന്യായപ്രക്രിയയില്‍നിന്ന് ഗുണപരമായിത്തന്നെ വ്യത്യസ്തമാണ് ഈ അധികാരം. മാനുഷിക പരിഗണനകള്‍ക്കും ജീവകാരുണ്യത്തിനുപോലും പ്രാധാന്യം നല്‍കാന്‍ രാഷ്ട്രപതിക്ക് കഴിയും. ദയാഹര്‍ജിയില്‍ നിശ്ചിത കാലയളവിനുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്ന് ഭരണഘടന പറയുന്നില്ല. മറ്റൊരുവിധേന പറഞ്ഞാല്‍ ദയാഹര്‍ജികളില്‍ ഉടനെ തീര്‍പ്പുകല്‍പ്പിക്കാനുള്ള അധികാരംപോലെ പ്രധാനമാണ് ദയാഹര്‍ജികളില്‍ പെട്ടെന്ന് തീരുമാനമെടുക്കാതിരിക്കാനുള്ള അധികാരം. രാഷ്ട്രപതിക്ക് മുമ്പാകെയുള്ള നടപടിക്രമങ്ങളെ നീതിന്യായ പ്രക്രിയയുമായി സമീകരിക്കുന്നതാണ് പുതിയ വിധി. മാത്രവുമല്ല, ഇക്കാര്യത്തില്‍ രാഷ്ട്രപതിക്കുള്ള സവിശേഷാധികാരങ്ങളിലേക്ക് കോടതി കടന്നുകയറുകയും ചെയ്തിരിക്കുന്നു. ഭാവിയില്‍ ദയാഹര്‍ജികള്‍ കൈകാര്യംചെയ്യുമ്പോള്‍ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസത്തെ ഒരു ഘടകമായി പരിഗണിക്കാന്‍ രാഷ്ട്രപതിക്ക് കഴിയാത്ത സാഹചര്യം ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നു. അങ്ങനെ, നീതിനിഷേധം സ്വയം ബോധ്യപ്പെട്ടാല്‍പ്പോലും സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് പുതിയവിധി തടസ്സമാകും.


4. ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ ഉണ്ടാകുന്ന വലിയ കാലതാമസം തടവുകാരനും കുടുംബാംഗങ്ങള്‍ക്കും ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് സുപ്രീംകോടതി മുമ്പും ആകുലപ്പെട്ടിട്ടുണ്ട്. 'ഏകാന്തസെല്ലില്‍ തടവുകാരനെ ചൂഴ്ന്നുനില്‍ക്കുന്ന കൊലക്കയറിന്റെ ഭീകരത'യെക്കുറിച്ച് ജസ്റ്റിസ് കൃഷ്ണയ്യരും (എഡിഗ അന്നങ്കയുടെ കേസ്, 1974) ജീവിതത്തിനും മരണത്തിനുമിടയില്‍ 'മാറിമാറി വരുന്ന പ്രതീക്ഷയും നിരാശയും സൃഷ്ടിക്കുന്ന അനിശ്ചിതത്വ'ത്തെക്കുറിച്ച് ജസ്റ്റിസ് ചിന്നപ്പറെഡ്ഡിയും (ടി.വി. വാതീശ്വരന്റെ കേസ്, 1983) പരാമര്‍ശിച്ചിട്ടുണ്ട്. 1988-ലെ തൃബേണിബെന്‍ കേസ്, 2009-ലെ ജഗ്ദീഷ്‌കേസ് എന്നിവയിലും ദീര്‍ഘകാലത്തെ തടവുജീവിതത്തെ മാനുഷികമായി നോക്കിക്കാണാനുള്ള ശ്രമങ്ങളെങ്കിലും കാണാം. ഇത്തരം വിധികളില്‍ ചിലതെല്ലാം ഭുള്ളറുടെ കേസില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായി വധശിക്ഷയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന നിലപാടെടുക്കുന്നതിനുള്ള കാര്യകാരണങ്ങള്‍ പുതിയ വിധിയില്‍ യുക്തിഭദ്രമായി അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നുമാത്രമല്ല, വിധിയിലെ ചില പരാമര്‍ശങ്ങള്‍ ദയാരഹിതവും ഞെട്ടിപ്പിക്കുന്നതുമാണ്. ഉദാഹരണത്തിന് വിധിയിലെ 46-ാം ഖണ്ഡികയില്‍ ഭുള്ളറുടെ കടുത്ത മാനസികരോഗത്തെക്കുറിച്ച് പറയുന്നുണ്ട്. അത്കാണിക്കുന്ന രേഖകള്‍ അഭിഭാഷകനായ കെ.ടി.എസ്. തുളസി ഹാജരാക്കിയതായും കോടതി പറയുന്നുണ്ട്. എന്നാല്‍, വധശിക്ഷ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ ഗുരുതരമല്ല ഭുള്ളറുടെ മാനസികരോഗം എന്നാണ് കോടതി പറഞ്ഞത്. ഇത്രമേല്‍ ക്രൂരമായ ഒരു പരാമര്‍ശം മറ്റൊരു കോടതിവിധിയിലും കാണാനിടയില്ല.


5. വധശിക്ഷയ്‌ക്കെതിരെ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന മുന്നേറ്റങ്ങളുടെ യുക്തിഭദ്രമായ നിലപാടുകളെപ്പോലും ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നതാണ് പുതിയ സുപ്രീംകോടതി വിധി. കുറ്റവാളികള്‍ മാനസികമായി പരിഷ്‌കരിക്കപ്പെടണമെങ്കില്‍ ശിക്ഷ വിധിക്കുന്നതും തത്ത്വാധിഷ്ഠിതമായി വേണമെന്ന് സന്തോഷ്‌കുമാര്‍ ബരികറുടെ കേസില്‍ (2009) ജസ്റ്റിസ് എസ്.ബി. സിന്‍ഹയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് പറഞ്ഞു. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍തന്നെ ശിക്ഷയായി മാറുന്ന അവസ്ഥ നീതിനിഷേധമാണെന്ന് ആ വിധിയില്‍ വ്യക്തമാക്കപ്പെട്ടു. വധശിക്ഷയ്‌ക്കെതിരായ മാനവികതയുടെ ശബ്ദം തിരിച്ചറിഞ്ഞ ആ വിധിയില്‍നിന്നുള്ള പിറകോട്ടുപോക്കുകൂടിയാണ് പുതിയ വിധി.


മനുഷ്യരാശിക്കിടയില്‍ അവിതര്‍ക്കിതമായ ഒരു ഐക്യദാര്‍ഢ്യമുണ്ടെങ്കില്‍ അത് മരണത്തിനെതിരായ ഐക്യദാര്‍ഢ്യമാണെന്നും വധശിക്ഷയിലൂടെ ഭരണകൂടം നിരാകരിക്കുന്നത് ഈ ഐക്യദാര്‍ഢ്യത്തെയാണെന്നും അല്‍ബേര്‍ കാമു പറയുകയുണ്ടായി. നമ്മുടെ ഭരണകൂടം പിറകോട്ട് നടക്കുന്നു. കോടതിയും ഒപ്പം നടക്കുമ്പോള്‍ ഒരു ജനതയുടെ ദുരന്തമാണ് പൂര്‍ണമാകുന്നത്. അത് സംഭവിക്കാതിരിക്കണമെങ്കില്‍ ഭുള്ളര്‍ കേസിലെ വിധി കൂടുതല്‍ അംഗബലമുള്ള സുപ്രീംകോടതി ബെഞ്ച് പുനഃപരിശോധിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...