2026 മേയ് 30, ശനിയാഴ്‌ച

ഹർജി from P & T to കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ മേയർ ശ്രീമതി. വി കെ മിനിമോൾ

 ബഹുമാനപ്പെട്ട കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ മേയർ ശ്രീമതി. വി കെ മിനിമോൾ  മുമ്പാകെ  എറണാകുളം ജില്ലാ, കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ മുണ്ടംവേലി സാന്തോം റോഡിൽ പി ആൻഡ് ടി അപ്പാർട്ട്മെണ്ട് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് അഭിലാഷ് പി പരമേശ്വരൻ  ബോധിപ്പിക്കുന്ന ഹർജി.


 സർ,

വിഷയം: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വിശാല കൊച്ചി വികസന അതോറിറ്റി (GCDA) നിർമ്മിച്ച മനുഷ്യവാസയോഗ്യമല്ലാത്ത പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ അന്തേവാസികളെ പുനഃരധിവസിപ്പിച്ച്
 ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച്.

 മാഡം,
                 ഹർജിക്കാരൻ കഴിഞ്ഞ 2 വർഷത്തിലധികമായി കൊച്ചി മുൻസിപ്പൽ കോർപ്പറേഷനിലെ 68ആം ഡിവിഷനിൽ രാമേശ്വരം വില്ലേജിലെ മുണ്ടംവേലി സാന്തോം റോഡിനു സമീപമുള്ള പി ആൻഡ് ടി അപ്പാർട്ട്മെന്റിൽ താമസമാണ്. ടി അപ്പാർട്ട്മെന്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ടാണ് ഹർജിക്കാരൻ.

 50 വർഷത്തിലധികം കാലം കടവന്ത്ര , ഗാന്ധി നഗറിൽ പേരണ്ടൂർ കനാൽ പുറമ്പോക്കിൽ താമസിച്ചിരുന്ന കുടുംബങ്ങൾക്ക് സുരക്ഷിതമായ വാസസ്ഥലം വാഗ്ദാനം നൽകി കൊണ്ട് 2024 ജനുവരി 31 നു കുടിയൊഴിപ്പിക്കുകയും മേപ്പടി പി ആൻഡ് ടി അപ്പാർട്ട്മെന്റിൽ പുനരധിവസിപ്പിക്കുകയും ചെയ്തു. അപ്രകാരം പുനരധിവസിപ്പിക്കപ്പെട്ട 78 കുടുംബങ്ങളിൽ ഉള്ള 400 ഓളം ആളുകൾ ഇന്ന് ടി അപ്പാർട്ട്മെന്റിൽ താമസിക്കുന്നു. സുരക്ഷിതമായ ജീവിതം വാഗ്ദാനം ചെയ്താണ് കുടിയിറക്കിയതെങ്കിലും ഒട്ടും സുരക്ഷിതമല്ലാത്തതും മനുഷ്യ ജീവന് ഏതു സമയത്തു വേണമെങ്കിലും അപകടം സംഭവിക്കാവുന്നതുമായ ഒരു അവസ്ഥയിലാണ് ഇന്ന് പി ആൻഡ് ടി അപ്പാർട്ട് മെന്റിലെ അന്തേവാസികൾ താമസിച്ചു വരുന്നത്.
 2018 ൽ നിർമ്മാണം ആരംഭിച്ച കെട്ടിടം വാസയോഗ്യമായ എന്നവകാശപ്പെട്ടു കൊണ്ടാണ് 2024 ജനുവരി 31 ൽ അപ്പാർട്ട്മെന്റിലെ അന്തേവാസികൾക്ക് താക്കോൽ കൈമാറിയതെങ്കിലും താമസം ആരംഭിച്ച് 14ദിവസം പിന്നിട്ടപ്പോൾ തന്നെ കെട്ടിടത്തിൽ ചോർച്ച അനുഭവപ്പെട്ടു തുടങ്ങി. കഴിഞ്ഞ 2 വർഷത്തിനിടയിൽ കെട്ടിടത്തെ ആകെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചോർച്ച അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്.
 മെറ്റൽ ഡെക്ക് ഷീറ്റുകൾ ഉപയോഗിച്ചാണ് അപ്പാർട്ട്മെന്റിലെ ഓരോ നിലയുടെയും റൂഫ് നിർമ്മിച്ചിട്ടുള്ളത്. മെറ്റൽ ഡെക്ക് ഷീറ്റുകൾ മതിയായ തെർമൽ ഇൻസുലേഷൻ ഇല്ലാതെ ഉപയോഗിച്ചിരിക്കുന്നതിനാൽ കടുത്ത ചൂടാണ് അപ്പാർട്മെന്റിൽ അനുഭവപ്പെടുന്നത്. കേരളത്തിൻ്റെ തീര ദേശത്തിനു ഒട്ടും അനുയോജ്യമല്ലാത്തതും പെട്ടെന്ന് തുരുമ്പെടുക്കുന്നതുമായ ഒന്നാണ് മെറ്റൽ ഡെക്ക് ഷീറ്റുകൾ. ഈ പരിമിതികൾ ഒട്ടും പരിഹരിക്കാതെയും ഗുണനിലവാരം വളരെ കുറഞ്ഞതുമായ മെറ്റൽ ഡെക്ക് ഷീറ്റുകളാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത് എന്ന് വ്യക്തമാണ്. നിലവിൽ കെട്ടിടത്തിന്റെ പലഭാഗത്തും ഈ ഡെക്ക് ഷീറ്റുകൾ തുരുമ്പെടുത്തു പൊടിഞ്ഞു വീഴുന്ന സ്ഥിതിയുണ്ട്.    
 AAC ബ്ലോക്കുകൾ എന്നറിയപ്പെടുന്ന ഓട്ടോക്ലവേഡ് ഏറേറ്റഡ് കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ചാണ് ടി കെട്ടിടങ്ങൾ പണിതിട്ടുള്ളത്. AAC ബ്ലോക്കുകളിൽ സുഷിരങ്ങൾ ഉള്ളതിനാൽ അവ വെള്ളം ആഗിരണം ചെയ്യുന്നവയാണ്. മതിയായ വാട്ടർ പ്രൂഫിങ് നടത്താതെ നിർമ്മിച്ചിട്ടുള്ളതിനാൽ ഇന്ന് ഈ കെട്ടിടം ആകെ ചോർന്ന് വെള്ളം ഒഴുകുകയാണ്. നാല് നിലകളിലായി പണിത കെട്ടിടങ്ങൾ ആയതിനാൽ മുകൾ നിലയിലെ കുളിമുറികാലിൽ നിന്നും വെള്ളം താഴത്തെ നിലകളിലേക്ക് കിനിഞ്ഞു വീഴുകയാണ്. സ്വന്തം വീട്ടിൽ പ്രാഥമികാവശ്യങ്ങൾക്കായി ബാത്റൂമുകളിൽ പോകുമ്പോൾ കുടയുമായി പോകേണ്ട ഗതികേടിലാണ് ഇന്ന് പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ അന്തേവാസികൾ. ഇത് കൂടാതെ ഗുണമേന്മയില്ലാത്ത പൈപ്പുകളും മറ്റും ഉപയോഗിച്ചിരിക്കുന്നത് കാരണം കെട്ടിടത്തിന്റെ ഭിത്തിയിൽ പലയിടത്തും പൈപ്പുകൾ പൊട്ടി വെള്ളം പാഴായി പോകുന്നതിനും ഭിത്തികൾ ദുർബലമാകുന്നതിനും കാരണമായിട്ടുണ്ട്.  
  നിരന്തരമായ ചോർച്ചയും, ഗുണമേന്മയില്ലാത്ത ഇരുമ്പ് പില്ലറുകളും ഡെക്ക് ഷീറ്റുകളും ഉപയോഗിച്ചിരിക്കുന്നത് കാരണം മേപ്പടി പി ആൻഡ് ടി അപ്പാർട്ട്മെൻറ് കെട്ടിടത്തിൻ്റെ structure തന്നെ ദുർബലമായിരിക്കുകയാണ്. നിരന്തരമായ പരാതികളെ തുടർന്ന് GCDA യുടെ ആവശ്യപ്രകാരം ചെന്നൈ IIT യിലെ വിദഗ്ദർ കെട്ടിടത്തിന്റെ ബലത്തെ സംബന്ധിച്ച് പഠനം നടത്തുകയും 2026 ഫെബ്രുവരി 2 നു ഒരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ടി റിപ്പോർട്ടിലെ ശുപാർശ പ്രകാരം 2026 മെയ് മാസത്തോടു കൂടി കെട്ടിടം ബലപ്പെടുത്താനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ നാളിതുവരെ യാതൊരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല.
 78 കുടുംബങ്ങൾ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ മതിയായ സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കാത്തതിനാൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിയുന്ന സ്ഥിതിയാണുള്ളത്. നിലവിൽ എല്ലാ ദിവസവും സെപ്റ്റിക് ടാങ്കിൽ നിന്നും മാലിന്യം നീക്കം ചെയ്യുകയാണ്. ഒരു ദിവസമെങ്കിലും മാലിന്യം നീക്കം ചെയ്യുന്നത് തടസ്സപ്പെട്ടാൽ ആ വൃത്തിഹീനവും ദുർഗന്ധ പൂരിതവുമായി മാറും. കൂടാതെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്ന മാലിന്യം തൊട്ടടുത്തുള്ള സാന്തോം കോളനിയിൽ താമസിക്കുന്ന ആളുകളുടെ വീടുകളിലേക്കാണ് എത്തുന്നത്. ഗുരുതരമായ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ ഇത് മൂലം സാധ്യത ഏറെയാണ്.
ഇതിനെല്ലാമുപരി അരൂർ - മട്ടാഞ്ചേരി 110 കെവി ലൈനിനും ടവറിനും സമീപത്തായി നിയമപരമായ ദൂരപരിധി പാലിക്കാതെയാണ് അപ്പാർട്ട്മെന്റ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ അപ്പാർട്ട്മെന്റിൽ അന്തേവാസികളുടെ ജീവൻ അപകടത്തിലാണ്. ഇത് സംബന്ധിച്ച് വസ്തുതകൾ അറിയുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, മട്ടാഞ്ചേരി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് പി. ആൻഡ് ടി. അപ്പാർട്ട്മെന്റ് അസ്സോസിയേഷൻ അപേക്ഷ നൽകിയിരുന്നു. ആയതിന് No.DB-44/Complaints/ED/MTY/2026-27/269 നമ്പറായി 26.05.2026 തീയതി വച്ച് കൊണ്ട് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ഒരു മറുപടി ലഭിക്കുകയുണ്ടായി. അത് പ്രകാരം, 110 കെ.വി. അരൂർ-മട്ടാഞ്ചേരി, 1ARMH ഫീഡറിന്റെ ലൊക്കേഷൻ ഞങ്ങളുടെ ഹൗസിങ് കോംപ്ലക്സുമായി നിയമപരമായ ദൂരപരിധിയിലല്ല എന്ന് വ്യക്തമാക്കിയിരിക്കുന്നു. ടി അപേക്ഷ മറുപടിയുടെ പകർപ്പ് അടങ്കൽ 1 നമ്പറായി ഈ ഹർജിയോടൊപ്പം സമർപ്പിക്കുന്നു. കെട്ടിടത്തിൻ്റെ ഒരു വശത്ത് 110കെ.വി ലൈനും ടവറും ആണെങ്കിൽ മറുവശത്ത് പി.ഡബ്ള്യൂ .ഡി റോഡിനോട് ചേർന്ന് 66 കെ.വി ലൈനും കടന്നു പോകുന്നു. എക്സ്ട്രാ ഹൈ വോൾട്ടേജിലുള്ള രണ്ടു വൈദ്യുതി ലൈനുകൾക്കിടയി ദൂരപരിധി പാലിക്കാതെ നിർമ്മിച്ച കെട്ടിടത്തിൽ നിസ്സ്വരായ 78 കുടുംബങ്ങളെ പാർപ്പിച്ചിരിക്കുകയാണ്. ഏതു സമയത്തും ഗുരുതരമായ ഒരപകടം ഉണ്ടാകാവുന്ന സാഹചര്യത്തിലാണ് 400 ഓളം അന്തേവാസികൾ ഈ കെട്ടിടങ്ങളിൽ കഴിയുന്നത്. 
ഈ സാഹചര്യങ്ങളിൽ തുടർന്നും ഈ കെട്ടിടങ്ങളിൽ താമസിക്കുന്നത് തീർത്തും അപകടകരമാണ്. ആയതിനാൽ ബഹുമാനപ്പെട്ട മേയറുടെ  ദയവുണ്ടായി അടിയന്തിരമായി മുണ്ടൻവലിയിലെ പി & ടി അപ്പാർട്ട്മെന്റ് സന്ദർശിക്കണമെന്നും ഒട്ടും വാസയോഗ്യമല്ലാത്ത അത്യന്തം അപകടകരമായ സാഹചര്യങ്ങളിലും ദുരന്തഭീതിയിലും കഴിയുന്ന  പി.ആൻഡ് ടി അപ്പാർട്ട്മെന്റിലെ അന്തേവാസികളെ വാസയോഗ്യമായ മറ്റൊരു ഇടത്തേക്കു പുനരധിവസിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു. 
 

എന്ന് 30-05-2026 

അഭിലാഷ് പി പരമേശ്വരൻ  

8660293950



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചെല്ലാനം കടൽകയറ്റം-: സർക്കാർ ലക്ഷ്യമിടുന്നതെന്ത് ?

 ചെല്ലാനം കടൽകയറ്റം-:  സർക്കാർ ലക്ഷ്യമിടുന്നതെന്ത്  ? ചെല്ലാനമെന്നത് ഇന്ന് കടൽകയറ്റത്തിന്റെ ഒരു സമവാക്യനാമമായി പൊതുസമൂഹത്തിനു മുന്നിൽ നിവർന്...