2026 നവംബർ 19, വ്യാഴാഴ്‌ച

ചെല്ലാനം കടൽകയറ്റം-: സർക്കാർ ലക്ഷ്യമിടുന്നതെന്ത് ?

 ചെല്ലാനം കടൽകയറ്റം-:  സർക്കാർ ലക്ഷ്യമിടുന്നതെന്ത്  ?

ചെല്ലാനമെന്നത് ഇന്ന് കടൽകയറ്റത്തിന്റെ ഒരു സമവാക്യനാമമായി പൊതുസമൂഹത്തിനു മുന്നിൽ നിവർന്നു കഴിഞ്ഞു. അതിന്റെ ചരിത്രം നോക്കിയാൽ ഒരു നൂറ്റാണ്ടു തന്നെ മുന്നിൽ വിരിഞ്ഞേക്കും. എന്നാൽ ചെല്ലാനം-കൊച്ചി തീരത്തിന്റെ സ്വഭാവം ഗണ്യമായി മാറുന്നത് 1341 ലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ അഴിമുഖം മൂടിപ്പോയി പകരം കൊച്ചിയിൽ അഴി തുറന്നതോടു കൂടിയാണ്. പിന്നീട് മെല്ലെ മെല്ലെ തുറമുഖമെന്ന നിലയിൽ മുസിരിസ് നിർജ്ജീവമാകുകയും കൊച്ചി കപ്പൽച്ചാലിന്റെ ആഴം കൂട്ടി അത് സജീവമാകുകയും ചെയ്യുന്നു. ആധുനിക രീതിയിൽ കൊച്ചി തുറമുഖം പണി കഴിപ്പിക്കാൻ ഒരുങ്ങുന്നത് 1918 ഓടു കൂടിയാണ്. സർ ജോൺ വോൾഫ് ബാരി ലൈസ്റ്റർ 18.01.1918 ന് സമർപ്പിച്ച റിപ്പോർട്ടിൽ വളരെ വ്യക്തമായി പറയുന്നുണ്ട്, ഈ തുറമുഖം മൂലം അതിന്റെ ഇരുകരകളിലെയും തീരങ്ങൾക്ക് നാശങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ ആ തീരങ്ങളായ ഫോർട്ട് കൊച്ചിയും വൈപ്പിനും രണ്ട് മൈൽ നീളമുള്ള പുലിമുട്ട് കെട്ടി സംരക്ഷിക്കണമെന്നും. എന്നാൽ ഒരു നൂറ്റാണ്ടിനിപ്പുറവും ആ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല.

    എന്നാൽ അന്നത്തെ കടൽകയറ്റവും ഇന്നത്തെ കടൽകയറ്റവും തമ്മിൽ അജഗജാന്തര വ്യതാസമുണ്ട്.      അന്നൊക്കെ ചെല്ലാനത്ത് വിശാലമായ കടപ്പുറമുണ്ടായിരുന്നു. കേരളത്തിലെ മറ്റേതു നാട്ടിൻപുറവുമെന്ന പോലെ സസ്യജാലങ്ങളാൽ സമൃദ്ധമായിരുന്നു എറണാകുളം ജില്ലയുടെ തെക്കു-പടിഞ്ഞാറേ അതിർത്തിഗ്രാമമായി, ഒരു റിബ്ബൺ പോലെ നീളത്തിൽ കിടക്കുന്ന ആ തീരം. അവിടെ ചെളി കലർന്ന കണ്ടലും കൈതയും മുഞ്ചയും ഉപ്പൂത്തയും മറ്റും നിറഞ്ഞ ചതുപ്പുകൾ ഉണ്ടായിരുന്നു. മഴക്കാലത്ത് ഈ ചളി കടലിൽ കലർന്ന് സാന്ദ്രത കൂടി തിരമാലകളുടെ ശക്തി കുറയ്ക്കുമായിരുന്നു. അതിലെ പ്ലവകങ്ങളെ തിന്നാനെത്തുന്ന ചെറുമീനുകളെ തിന്നാൻ വലിയ മീനുകൾ എത്തുകയും അങ്ങനെ ചാകരയെന്ന പ്രതിഭാസം ഉണ്ടാവുകയും ചെയ്തിരുന്നു. വേലിയേറ്റ വേലിയിറക്ക സമയങ്ങളിലെ കടലും കായലും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ സുഗമമാക്കാൻ മികച്ച രീതിയിലുള്ള നീരൊഴുക്ക് സംവിധാനങ്ങൾ അവിടെ നിലനിന്നിരുന്നു. തീരത്തിന് സമാന്തരമായി രണ്ടു വലിയ കനാലുകളും അവയിലൂടെ കടലിനേയും കായലിനേയും തമ്മിൽ ബന്ധിപ്പിക്കാൻ ചെറു ചാലുകളും അടങ്ങിയ ഒരു സംവിധാനമായിരുന്നു അത്. കായലിൽ നിന്നും കടലിലെത്തിച്ചേരുന്ന എക്കലടങ്ങിയ ശാന്തമായ ഭാഗത്തെ മഡ്ബാങ്ക് എന്നും വിളിച്ചിരുന്നു. ആദ്യകാലങ്ങളിലെ കടൽകയറ്റങ്ങൾക്ക് ഈ മഡ്ബാങ്ക് എന്ന പ്രതിഭാസവും കാരണമാകുന്നതായി ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ 2015 ലെ തീരശോഷണത്തെ കുറിച്ചുള്ള ഒരു പഠനത്തിൽ കഴിഞ്ഞ 40 വർഷങ്ങളായി അന്ധകാരനഴി, ചെല്ലാനം, ഞാറയ്ക്കൽ, എടവനക്കാട് എന്നീ തീരങ്ങളിൽ മഡ്ബാങ്ക് ഉണ്ടാകുന്നില്ല എന്ന് വ്യക്തമാക്കുന്നു. ഇത് വിരൽ ചൂണ്ടുന്നത് കൊച്ചിൻ പോർട്ടിന്റെ അശാസ്ത്രീയമായ നിർമ്മിതിയിലേയ്ക്കും  വികസന പ്രവർത്തനങ്ങളിലേയ്ക്കുമാണെങ്കിലും നിർഭാഗ്യവശാൽ നമ്മുടെ ശാസ്ത്രലോകം ഈ സത്യത്തിനു നേരെ കമണ്ണടയ്ക്കുകയാണുണ്ടായത്.

    വർഷങ്ങൾ നീണ്ട ചെല്ലാനത്തിന്റെ നിലവിളിയ്ക്ക് ചെറിയൊരു ശമനമുണ്ടാകുന്നത് 1980 ൽ കടൽഭിത്തിയും ഏതാനും പുലിമുട്ടുകളും സ്ഥാപിച്ചപ്പോഴാണ്. പക്ഷെ കാര്യങ്ങൾ അവിടം കൊണ്ടും അവസാനിച്ചില്ല. കാരണം കപ്പൽ ചാലിന്റെ ആഴം കൂട്ടുന്നതു തുടരുകയും കടൽഭിത്തിയുടേയും പുലിമുട്ടിന്റെയും അറ്റകുറ്റ പണികൾ ചെയ്യുന്നത് തൊണ്ണൂറുകളുടെ അന്ത്യത്തിൽ മുതൽ നിർത്തിവയ്ക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി തുടങ്ങി. സർക്കാർ അനാസ്ഥ മൂലം കൊച്ചിൻ പോർട്ടിന് തെക്കുവശത്ത് അന്ധകാരനഴി വരെയുള്ള പ്രദേശങ്ങളിൽ കായലിൽ നിന്നും എക്കൽ വന്നു ചേരുന്നതിനുള്ള ചാലുകളും പൊഴികളുമെല്ലാം അടഞ്ഞു പോവുക മാത്രമല്ല, ഏറ്റവും പ്രധാനമായ സെഡിമെൻറ്സ് സ്രോതസ്സായ പെരിയാറിൽ നിന്നും എത്തിച്ചേരുന്നവയാകട്ടെ കപ്പൽ ചാലിന്റെ തടസം മൂലം തെക്കേ തീരങ്ങളിലേയ്ക്ക് എത്താതെയുമായി. ഈ നിലയിൽ വേലിയിറക്ക സമയങ്ങളിലെ കപ്പൽ ചാലിലൂടെയുള്ള കുത്തൊഴുക്കും തീരക്കടലിലെ സ്വാഭാവികമായ വടക്കുനിന്നും തെക്കോട്ടുള്ള ഒഴുക്ക് അഥവാ വടനീരിന്റെ പ്രഭാവവും ഒരുമിച്ച് ചേർന്ന് കപ്പൽച്ചാലിനു തെക്ക് അന്ധകാരനഴി വരെ ഒരു ചുഴിയായി രൂപം കൊള്ളുന്നു. ഈ പ്രതിഭാസം മൂലം ചെല്ലാനം-കൊച്ചി തീരക്കടലിന്റെ ഒഴുക്കിന്റെ ദിശ തെക്ക് നിന്നും വടക്കോട്ടായി ആയി മാറുകയാണുണ്ടായത്. ഏറ്റവും അപകടകരമായ ഈ ഒഴുക്കിനൊപ്പം തീരത്തെ മണ്ണും വടക്കോട്ടൊഴുകി പോവുകയും കപ്പൽച്ചാലിൽ പതിക്കുന്ന ആ മണ്ണ് കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്തെടുത്ത് പുറംകടലിൽ കൊണ്ടുപോയി തള്ളുകയുമാണ് ചെയ്യുന്നത്. . 365 ദിവസങ്ങളും 24 മണിക്കൂറും തുടരുന്ന ഈ ഡ്രഡ്ജിങ്ങും ഒഴുക്കും മൂലം കടുത്ത തീരശോഷണമാണ് ചെല്ലാനം-കൊച്ചി തീരം നേരിടുന്നത്. ഇതിനോടകം ഒന്നര കിലോമീറ്റർ തീരം കടലിനടിയിലായി കഴിഞ്ഞു. കടലിൽ കിടക്കുന്ന ഭൂമിയ്ക്ക് പലരും ഇന്നും കരമടയ്ക്കുന്നു. 

    എന്തുകൊണ്ട് ഈ അനാസ്ഥ 

    തീരദേശവാസികളോടുള്ള ഭരണകൂടത്തിന്റെ അനാസ്ഥയ്ക്ക് ആ നാടിനോളം തന്നെ പഴക്കമുണ്ട്. തീരദേശവാസികളോടുള്ള പൊതുസമൂഹത്തിന്റെ അവഗണന നിറഞ്ഞ കാഴ്ചപ്പാടിനെതിരെ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അത്തരമൊരു കാഴ്ചപ്പാടിലേയ്ക്ക് പൊതുസമൂഹത്തെ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഭരണകൂടസംവിധാനങ്ങൾക്ക് നേരെ ആരുടേയും ചൂണ്ടുവിരൽ ഉയരുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോഴും വെള്ളവും വെളിച്ചവും വഴിയുമില്ലാത്ത ഒരിടം കൊച്ചി നിയോജക മണ്ഡലത്തിലുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? എന്നാൽ അതാണ് യാഥാർഥ്യം. ചെല്ലാനം-കൊച്ചി ജനകീയവേദി സമരമാരംഭിക്കുകയും തുടർന്നുണ്ടായ അതിന്റെ പ്രവർത്തനഫലമായാണ് അവിടുത്തെ ചില പ്രദേശങ്ങളിൽ വെളിച്ചം വീണത്, അഥവാ വഴി തെളിക്കുന്നതിനുള്ള ശ്രമങ്ങൾ പഞ്ചായത്ത് ആരംഭിച്ചത്. അവഗണനയും പ്രതികാരമനോഭാവവും മാത്രമാണ് അവിടുത്തെ ജനങ്ങളോട് പഞ്ചായത്ത് തലം മുതൽ അധികാരികൾ പുലർത്തിപ്പോരുന്നത്. ഇന്നും കൂടുതൽ പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമല്ല. മൊത്തത്തിൽ തീരദേശവാസികളോടുള്ള അവഗണനയ്ക്ക് പുറമെ മറ്റൊരു കാരണം കൂടി ചെല്ലാനത്തിന്റെ കാര്യത്തിൽ നമുക്ക് കണ്ടെത്താൻ കഴിയും. 2016 ൽ സർക്കാർ മുന്നോട്ട് വച്ചിട്ടുള്ള ചില പദ്ധതികളുടെ പ്രോജക്ട് റിപ്പോർട്ടിലേയ്ക്ക് അത് വിരൽ ചൂണ്ടും. 
    2007 ൽ അന്നത്തെ പള്ളുരുത്തി(ചെല്ലാനം കൂടി ഉൾപ്പെട്ടിരുന്ന) എം.എൽ.എ ആയിരുന്ന ദിനേശ്‌മണി കൊച്ചിൻ പോർട്ടിനെയും സർക്കാരിനേയും പ്രതി ചേർത്ത് ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. അന്ന് കൊച്ചിൻ പോർട്ടിനെതിരെ നിശിതമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്ന ദിനേശ് മണിയുടെ ഈ കേസ് വിധിയാകുന്നത് 2020 ലാണ്. സർക്കാർ ചെല്ലാനത്ത് നടത്തിയിട്ടുള്ള ചില പ്രതിരോധ പ്രവർത്തനങ്ങൾ പറഞ്ഞുകൊണ്ട് കേസ് അവസാനിപ്പിക്കുകയായിരുന്നു. കൊച്ചിൻ പോർട്ടിന്റെ പേര് പോലും എവിടെയും ആരും പരാമർശിച്ചില്ല. ദിനേശ് മണിക്കും പരാതിയില്ല. അതെന്തുകൊണ്ടാവും ? തീർച്ചയായും ഒരു നെയ്‌ത്തേങ്ങ ഈ വർഷങ്ങൾക്കിടയിൽ വന്നുചേർന്നിട്ടുണ്ട്. അതെന്താണെന്ന് നോക്കാം.
             2016 ൽ കേന്ദ്രസർക്കാർ വിഭാവനം ചെയ്ത സാഗർമാല എന്നൊരു പദ്ധതിയുണ്ട്. ഇന്ത്യയിലെ പോർട്ട് നവീകരണം, കമ്മ്യൂണിറ്റി വികസനം, പോർട്ട് അനുബന്ധ വികസനം, തീരദേശ ഹൈവേ എന്നീ നാല് മേഖലകളിലായി വൻ പദ്ധതികളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിൽ കൊച്ചിൻ പോർട്ടിന് വേണ്ടി മാത്രം കേന്ദ്രസർക്കാർ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പോർട്ട് കണക്റ്റിവിറ്റി വികസിപ്പിക്കൽ, പോർട്ടിനോടനുബന്ധിച്ച് ലോജിസ്റ്റിക് പാർക്കുകൾ പ്രത്യേക സാമ്പത്തിക മേഖല, വെല്ലിങ്‌ടൺ ഐലൻഡ് കേന്ദ്രീകരിച്ചുള്ള പോർട്ട് സിറ്റി വികസനം, കൊച്ചി-മംഗലാപുരം, കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ പോർട്ടിനെ ബന്ധിപ്പിച്ചു കൊണ്ടുള്ള വികസനപദ്ധതികൾ എന്നിവയടങ്ങുന്നതാണ് ആ മാസ്റ്റർപ്ലാൻ. ഇത്രയും ബൃഹത്തായ ഒരു പദ്ധതി പോർട്ടിനെ കേന്ദ്രീകരിച്ചു നടപ്പിലാക്കാൻ പോകുമ്പോൾ ഭരണപക്ഷമായാലും പ്രതിപക്ഷമായാലും പിന്നെ അതിനെതിരെ ശബ്ദിക്കുന്നതെങ്ങിനെ ? കിട്ടാനുള്ള വിഹിതം വാങ്ങി മിണ്ടാതെ ഒരിടത്തിരിക്കലാവും ഉചിതം. സി.പി.എമ്മും യു.ഡി.എഫും മാത്രമല്ല, അവയെ താങ്ങി നിൽക്കുന്നവരും അവസരവാദികളായ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരും ശാസ്ത്രജ്ഞരുമടങ്ങുന്ന സമൂഹം അതുകൊണ്ട് പോർട്ടിനെതിരെ നിശ്ശബ്ദരാവും. അതാണ് നിലവിൽ സംഭവിക്കുന്നതും. 
    ഈ വിവരങ്ങളെല്ലാം ജനകീയവേദിയുടെ പഠനത്തിന് വേണ്ടി നടത്തിയ അന്വേഷണങ്ങളിൽ നിന്നും ലഭിച്ച വസ്തുതകളാണ്(ആർക്കും പരിശോധിക്കാൻ പാകത്തിൽ ഇന്റർനെറ്റിൽ അവ ലഭ്യമാണ്). പദ്ധതികളെ കുറിച്ച് നിലവിൽ സർക്കാർ സംവിധാനങ്ങൾ സുതാര്യമായി ഒന്നും തന്നെ പറയുന്നില്ല. വല്ലാത്ത ഒളിച്ചുകളിയിലൂടെ കാര്യങ്ങൾ നടപ്പാക്കിയെടുക്കാനാണ് അവർ ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തങ്ങളുടെ പ്രകടന പത്രികയിൽ ലോജിസ്റ്റിക് പാർക്ക് നിർമ്മിക്കുമെന്നും യു.ഡി.എഫ് തങ്ങളുടെ പത്രികയിൽ പോർട്ട് കേന്ദ്രീകരിച്ചുള്ള പ്രത്യേക സാമ്പത്തിക മേഖല നടപ്പാക്കുമെന്നും പറയുന്നുണ്ട്. വാസ്തവത്തിൽ ഇത് കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാർ രൂപകൽപ്പന ചെയ്ത സാഗർമാല പദ്ധതിയല്ലാതെ മറ്റൊന്നുമല്ല. ജനങ്ങളോടുള്ള അവഗണനയിൽ ഈ മൂന്നു കക്ഷികളുടെയും അസമാനമായ ഐക്യം തിരിച്ചറിഞ്ഞ ചെല്ലാനം-കൊച്ചി തീരത്തെ ജനത കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയസമരങ്ങളിലൊന്ന് തെരഞ്ഞെടുപ്പുകാലത്ത് നടപ്പിലാക്കി. ഇലക്ഷൻ ബഹിഷ്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചുകൊണ്ട് അവർ നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നില്ലെന്ന് തീരുമാനമെടുത്തു. നിരന്തരമുള്ള അവഗണനയ്‌ക്കെതിരെ ജാഗ്രതയുള്ളൊരു സമൂഹമായി തങ്ങൾ മാറിക്കഴിഞ്ഞുവെന്ന ഒരു പ്രഖ്യാപനമായിരുന്നു അത്. 
    

പുനർഗേഹം അഥവാ സർക്കാർ സ്‌പോൺസേർഡ് വംശഹത്യ 

    പേര് മറച്ചു വച്ചുകൊണ്ട് 2019 മുതൽ തീരദേശത്ത് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന പുനർഗേഹമെന്ന പദ്ധതിയെക്കുറിച്ചു കൂടി നമ്മൾ മനസിലാക്കേണ്ടതുണ്ട്. ഇതൊരു പുനരധിവാസ പദ്ധതിയായാണ് ആ പേര് പോലും പറയാൻ മടിക്കുന്ന ആളുകളാൽ ഇന്ന് അറിയപ്പെടുന്നത്. 2019 ന്റെ തുടക്കത്തിൽ തീരദേശത്ത് കാണപ്പെട്ട ചില ആളുകൾ സെൻസസിനൊക്കെ വരുന്ന പോലെ വന്ന് ആളുകളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചൊക്കെ ചോദിച്ചു മനസിലാക്കി ഒടുവിൽ 10 ലക്ഷം രൂപ കിട്ടിയാൽ മാറാൻ തയ്യാറാണോ എന്നൊരു ചോദ്യവും ചോദിച്ചു മടങ്ങിയിരുന്നു. ഒരഭിപ്രായ സർവ്വേ. വളരെ നിഷ്കളങ്കമായി സാമൂഹ്യസേവകരെന്ന് തോന്നിപ്പിക്കും മട്ട് വരുന്ന ഇവർ ഒരു സർക്കാർ പദ്ധതിയുടെ നടത്തിപ്പുകാരാണ് എന്നതാണ് വാസ്തവം. ഇങ്ങനെ ചില പേരും അഡ്രെസും ശേഖരിച്ച് കൊണ്ടാണ് ചെല്ലാനം-കൊച്ചി തീരത്തെ പുനർഗേഹ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. 
    ഇനി എന്താണീ പുനർഗേഹം എന്ന് നോക്കാം. തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ പരിധിയ്ക്കുള്ളിൽ താമസിക്കുന്ന ആളുകളെ അവിടെ നിന്നും മാറ്റി പാർപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്. 10 ലക്ഷം രൂപയാണ് അവർക്ക് മാറി താമസിക്കുന്നതിനായി സർക്കാർ നൽകുന്നത്. അതിൽ സ്ഥലത്തിന്റെ വില, രെജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്തുകൂലി എന്നിവയുൾപ്പെടെ 6 ലക്ഷം രൂപയും വീട് പണിയ്ക്കായി അത് പൂർത്തിയാകുന്ന മുറയ്ക്ക് 3 ഗഡുക്കളായി 4 ലക്ഷം രൂപയും സർക്കാർ കൊടുക്കുന്നു. ഒരു വീട്ടിൽ എത്ര അംഗങ്ങളുണ്ട്, അവർക്കെത്ര സെന്റ് സ്ഥലമുണ്ട് തുടങ്ങിയ യാതൊരു വിധ പഠനങ്ങളുടേയും അടിസ്ഥാനത്തിലല്ല ഈ 10 ലക്ഷം രൂപ സർക്കാർ നിശ്ചയിക്കുന്നത്. ഏതൊരു സാധാരണക്കാരായ മനുഷ്യരേയും പോലെ ഒരായുസ്സിന്റെ സമ്പാദ്യമാണ് തീരദേശവാസിയ്ക്കും അവരുടെ സ്വന്തം വീട്. ആ സ്വപ്നങ്ങളെല്ലാം ഇന്നത്തെ ജീവിതച്ചെലവ് വച്ച് നോക്കുമ്പോൾ വെറും 4 ലക്ഷം രൂപയിൽ പരിമിതപ്പെടുത്തണമെന്ന് പറയുന്ന സർക്കാരിന്റെയും അവരെ പിന്തുണയ്ക്കുന്നവരുടേയും തീരദേശവാസികളെക്കുറിച്ചുള്ള സങ്കല്പമാണ് നഗ്നമാക്കപ്പെടുന്നത്. 10 പേരടങ്ങുന്ന കുടുംബത്തെ വരെ നിങ്ങൾക്കവിടെ കണ്ടെത്താൻ കഴിയും. 4 പേരടങ്ങുന്ന ഒരു കുടുംബത്തിന് താമസിക്കാൻ യു എൻ അംഗീകരിച്ചിട്ടുള്ള അന്തർദേശീയ നിലവാരമെന്ന് പറയുന്നത് 650 സ്ക്വയർ ഫീറ്റിൽ കുറയാത്ത വീട്  ആണ്.  
    പദ്ധതി സ്വീകരിക്കുന്ന ആളുകൾ തീരദേശത്തെ സ്വന്തം ഭൂമി(അതെത്ര വലുതോ ചെറുതോ ആയാലും)യിൽ ഇനിമേൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തുകയില്ല എന്ന് ഫിഷറീസ് വകുപ്പുമായി കരാറിൽ ഏർപ്പെട്ട് സ്വന്തം ഭൂമി പരിത്യജിക്കണമെന്നാണ് പറയുന്നത്. ഇനി 12 മാസത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതുവരെ ലഭിച്ച തുക 18 % പലിശയടക്കം സർക്കാരിന് തിരിച്ചു കൊടുക്കണം. വീട് വച്ച് താമസിച്ചാൽ 12 വർഷത്തേയ്ക്ക് യാതൊരുവിധ ക്രയവിക്രയങ്ങളും അതുപയോഗിച്ച് ചെയ്യാനുമാവില്ല. സ്വന്തം വീട് എന്നത് മനുഷ്യനെ സംബന്ധിച്ച് ഒരു ആസ്തി കൂടിയാണ് എന്നിരിക്കെ മത്സ്യത്തൊഴിലാളികളെ എക്കാലത്തേക്കും അഭയാർത്ഥികളാക്കി മാറ്റി തീർക്കുകയും നിലവിലുള്ള ഭൂരാഹിത്യത്തെ ഒന്നുകൂടി വർദ്ധിപ്പിക്കുകയുമാണ് ഈ പദ്ധതി നടപ്പാക്കലിലൂടെ ചെയ്യുന്നത്. 
    തീരദേശത്ത് അധിവസിക്കുന്നവരിൽ ഭൂരിഭാഗവും മൽസ്യതൊഴിലാളികളാണ് എന്നിരിക്കെ നിലവിലെ ഭൂലഭ്യതയനുസരിച്ച് തീരദേശത്തിനടുത്ത് അവർക്ക് ഭൂമി ലഭിക്കാൻ പോകുന്നില്ല. കടൽത്തീരങ്ങളിൽ താമസിച്ച് കടലിന്റെ സ്വഭാവമറിഞ്ഞ് കടലിൽ പണിക്കു പോകുന്ന ആളുകളാണ് മത്സ്യ തൊഴിലാളികൾ. അവരെ ദൂരദേശത്തേയ്ക്ക് പറിച്ചു നടുമ്പോൾ ഈ കടലറിവുകളിൽ നിന്ന് മാത്രമല്ല, പരമ്പരാഗതമായി വളരെ സമർത്ഥമായി ചെയ്തുപോരുന്ന ഒരു തൊഴിലിൽ നിന്നുകൂടിയാണ് അവരെ പറിച്ചു മാറ്റുന്നത്. മറ്റേതോ ദൂരദേശത്ത് തങ്ങൾക്ക് നൈപുണ്യമില്ലാത്ത ഏതോ ജോലിയിലേർപ്പെട്ട് തൊഴിൽപരമായും പ്രാദേശികമായും ഒരു രണ്ടാംകിട സ്ഥാനം വഹിക്കുന്നവരായി തീരാൻ അവർ നിർബന്ധിതരാവുന്നു.   
      1948 ലെ വംശഹത്യാ വിരുദ്ധ കൺവെൻഷന്റെ നിർവചനമനുസരിച്ച് ഏതെങ്കിലും മത, വംശ, ഗോത്ര വിഭാഗങ്ങളെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാനസികവും ശാരീരികവുമായ ആഘാതങ്ങൾ ഏൽപ്പിക്കുന്നതും അത്തരം വിഭാഗങ്ങളുടെ ഭൗതികമായ നിലനിൽപ്പിനെ അപകടപ്പെടുത്തുന്ന വിധത്തിലുള്ള ജീവിത സാഹചര്യങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുന്നതും വംശഹത്യയാണ്. അതുകൊണ്ടു തന്നെ ചെല്ലാനത്ത് ഇന്ന് നടക്കുന്നത് പച്ചയായ സർക്കാർ സ്‌പോൺസേർഡ് വംശഹത്യയാണെന്ന് നമുക്ക് പറയാൻ കഴിയും. മൽസ്യത്തൊഴിലാളികളെന്ന വിഭാഗത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഗൂഢമായ നീക്കമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 
    മുകളിൽ പരാമർശിച്ച പദ്ധതികളും നിലവിൽ ഒരു തീരദേശപാത ഉണ്ടായിട്ട് കൂടി തീരദേശഹൈവേയ്ക്ക് വേണ്ടിയുള്ള സ്വരുക്കൂട്ടലുകളുമെല്ലാം ഇതാണ് വെളിവാക്കുന്നത്. അദാനിമാർക്കും അംബാനിമാർക്കും കേരളത്തിന്റെ തീരദേശം തീറെഴുതി കൊടുക്കുന്നതിനുള്ള വാറോലകളാണ് അണിയറയിൽ ഒരുങ്ങുന്നതെല്ലാം.  എല്ലാം പെർഫെക്റ്റ് പ്ലാനിങ് ആണ്. മേലുദ്ധരിച്ച പദ്ധതികൾ നടപ്പാക്കണമെങ്കിൽ ചെല്ലാനമെന്ന ഭൂപ്രദേശം അത്യാവശ്യമാണ്. അവിടെ അധിവസിക്കുന്നവരെ ഒഴിവാക്കിയാൽ വളരെയെളുപ്പം അവ നടപ്പിലാക്കാം. എല്ലാം മണ്ണും പണവും കടലുമെന്ന അനുപാതത്തിലാണ് നോക്കുന്നത്. 1500 കോടിയുടെ വികസനപ്രവർത്തനങ്ങൾ തീരദേശത്ത് നടത്തുമ്പോൾ ഇത്ര വർഷത്തിനുള്ളിൽ ഇന്ന മാർഗ്ഗങ്ങളിലൂടെ അതിലേറെ നിക്ഷേപം സംസ്ഥാനത്ത് കൊണ്ടുവരാൻ കഴിയും എന്നൊക്കെയാണ് കാര്യങ്ങൾ. അടിയന്തിരമായി സർക്കാർ വികസനത്തിന്റെ നിർവ്വചനം തിരുത്തിയെഴുതാൻ തയ്യാറാവുകയാണ് വേണ്ടത്. അതിൽ ജനങ്ങൾക്ക് കൂടി പങ്കാളിത്തമുണ്ടാകുന്ന രീതിയിൽ അതിനെ മാറ്റിയെഴുതണം. തീരദേശത്തെ വികസന പ്രവർത്തനങ്ങൾ തീരദേശവാസിയെ മാറ്റി നിർത്തിക്കൊണ്ടോ ആട്ടിപ്പായിച്ചു കൊണ്ടോ അല്ല നടപ്പാക്കേണ്ടത്.                 

സമരവും പരിഹാരവും 

     2019 ഒക്ടോബർ 28 നാണ് ചെല്ലാനത്തെ അമ്മമാർ 74 വയസുള്ള മറിയാമ്മ ജോർജ്ജ് കുരിശിങ്കലിന്റെ നേതൃത്വത്തിൽ ചെല്ലാനം ജനകീയവേദിയെന്ന സമരസംഘം രൂപീകരിച്ച് അനിശ്ചിതകാല റിലേ നിരാഹാരസമരം ആരംഭിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ കടൽകയറ്റപ്രശ്നം പരിഹരിക്കുക, തോടുകളിൽ നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കുക, കുടിയൊഴിപ്പിക്കലും പുനരധിവാസവുമല്ല തീരസുരക്ഷയാണ് വേണ്ടത്. എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് അവർ സമരമാരംഭിച്ചത്. സർക്കാരിന്റെ മാത്രമല്ല, ശാസ്ത്രസമൂഹമടങ്ങുന്ന പൊതുസമൂഹത്തിന്റെയും കൂടി അവഗണനയ്‌ക്കെതിരെയാണ് ആദ്യമായി അവർക്ക് പോരാടേണ്ടിയിരുന്നത്. ഇത്ര മാത്രം ദുരന്തങ്ങൾ നേരിടുന്ന ഒരു കരയായിട്ട് കൂടി ചെല്ലാനം തീരത്തെക്കുറിച്ച് സവിശേഷമായൊരു പഠനം നടന്നിട്ടില്ല എന്നതാണ് വാസ്തവം.  തീരം സംരക്ഷിക്കണമെന്ന ആവശ്യവുമായി ചെല്ലുമ്പോൾ അധികാരികൾ നമ്മോട് ചോദിക്കുന്നത് 'നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ എന്തെങ്കിലും പഠനങ്ങളുണ്ടോ ? ചെല്ലാനത്ത് എന്ത് ചെയ്യുമെന്നറിയാതെ ഞങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ്' എന്നാണ്. അവരുടെ പരിഭ്രാന്തി വർഷങ്ങൾ നീണ്ടിട്ടും മാറിയിട്ടില്ല. കാരണം തങ്ങളുടെ അവകാശ-അധികാര-ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ബോധ്യമില്ലായ്മയിൽ നിന്നുണ്ടാകുന്നതാണീ പരിഭ്രാന്തി. എന്നാൽ കടലറിവുള്ള മൽസ്യത്തൊഴിലാളികൾ പങ്കുവയ്ക്കുന്ന അറിവുകളെ പുച്ഛത്തോടെ തള്ളിക്കളയുകയുമാണിവർ ചെയ്യുന്നത്.    
    കടൽകയറ്റത്തിന് പരിഹാരമാർഗ്ഗങ്ങളെ കുറിച്ച് അനവധി നിർദ്ദേശങ്ങളാണ് വരുന്നത്. കണ്ടൽക്കാടുകൾ മുതൽ മരങ്ങൾ നട്ടു പിടിപ്പിക്കൽ വരെ ഉൾപ്പെടുമതിൽ. എന്നാൽ ഈ പരിഹാരമാർഗ്ഗങ്ങളൊക്കെയും ഓരോ തീരത്തിനും വ്യത്യസ്തമായിരിക്കും. ചെല്ലാനത്ത് കണ്ടൽ നടുക പോയിട്ട് കാലു കുത്താൻ പോലും ഒരടി മണ്ണ് ഇല്ലാത്ത തീരമാണത്. പിന്നെ എല്ലാവർക്കും വളരെയെളുപ്പം തീരം വിട്ടുപോകലാണ് പ്രതിവിധി എന്ന് പറയുകയാണ്. തീരം വിട്ടു പോകൽ ഒരു പ്രതിവിധിയേ അല്ല. അടുത്ത പ്രാവശ്യം കുറച്ചു കൂടി കിഴക്കോട്ട് മാറി കടലെടുക്കുമെന്നതല്ലാതെ. പക്ഷെ പരിഹാരമാർഗ്ഗമുണ്ട്. അത് നടത്തിയെടുക്കാവുന്നതുമാണ്. ആദ്യം അതിന് തീരക്കടലിന്റെ ആഴം കുറയണം. അതിന് തീരത്ത് മണ്ണ് വേണം. കൊച്ചിൻ പോർട്ട് കപ്പൽ ചാലിൽ നിന്നും ഡ്രഡ്ജ് ചെയ്തെടുത്ത് പുറംകടലിൽ കൊണ്ടുപോയി കളയുന്ന മണ്ണ് ചെല്ലാനം-കൊച്ചി തീരത്തടിക്കണം. അതിനുള്ള പാരിസ്ഥിതികാനുമതിയും കൊച്ചിൻ പോർട്ടിന് ലഭിച്ചിട്ടുള്ളതാണ്. തീരപുനർനിർമ്മാണത്തിന് മണ്ണ് തീരത്തടിച്ചാൽ മാത്രം പോരാ, അത് വീണ്ടും ഒഴുകി പോകാതിരിക്കാൻ വടക്ക് ഫോർട്ട് കൊച്ചി മുതൽ തെക്കേ ചെല്ലാനം വരെ നിശ്ചിത ദൂരപരിധിയിൽ പുലിമുട്ട് പാടം നിർമ്മിക്കണം. ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റം ശാശ്വതമായി പരിഹരിക്കപ്പെടണമെങ്കിൽ ഈ മാർഗ്ഗം അവലംബിക്കണം. അതിന് കോടികളുടെ അധികച്ചെലവൊന്നും വരുന്നില്ല. തീരുമാനമെടുക്കാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തിയാണ് വേണ്ടത്. അരികുവൽക്കരിക്കപ്പെട്ടവരോടൊപ്പം നിൽക്കാനുള്ള രാഷ്ട്രീയമായ കരുത്ത്. അതില്ലാത്ത കാലത്തോളം ഏത് സർക്കാർ അധികാരത്തിൽ വന്നാലും കടൽകയറ്റവും തുടരും. 

-------------------------------------------------------------------------------------------------------------------------1) 1972 ൽ കേരള എൻജിനീയറിങ് റീസേർച്ച് ഇൻസ്റ്റിറ്റ്യുട്ടിന്റെ കോസ്റ്റൽ എൻജിനീയറിങ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്റ്റർ ആയ മോണി എൻ.എസ്സിന്റെ പഠനം 

2) തെക്കുപടിഞ്ഞാറൻ തീരത്തെ മണ്ണൊലിപ്പ് ഹോട്സ്പോട്ടുകളെക്കുറിച്ചുള്ള പഠനം 2015

3) വി ടി സെബാസ്റ്റ്യൻ ചെല്ലാനം ജനകീയവേദിയ്ക്ക് വേണ്ടി നടത്തിയ പഠനം  
4) അഡ്വ. തുഷാർ നിർമ്മൽ സാരഥി ചെല്ലാനം ജനകീയവേദിയ്ക്ക് വേണ്ടി നടത്തിയ പഠനം  
5) ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ജൂൺ 4 , 2021 ന് അവതരിപ്പിച്ച പുതുക്കിയ ബജറ്റ് പ്രസംഗം.

ഭരണഘടനാ സ്ഥാപനങ്ങളുടെ ഫാസിസ്റ്റ് അട്ടിമറിക്കെതിരെ Nov.26 ഭരണഘടനാ ദിനത്തിൽ ജനകീയ പ്രതിഷേധം !!

ഗ്യാനേഷ് കുമാറിനെ പുറത്താക്കുക !!

എസ്.ഐ.ആർ റദ്ദാക്കുക !!

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പ്രത്യേക പരിരക്ഷാ നിയമം റദ്ദാക്കുക!!

 

2026 നവംബർ 26

4 PM. പ്രതിഷേധ റാലിയും സമ്മേളനവും 

വെളി ഗ്രൗണ്ട് - വാസ്കോ ഡി ഗാമാ സ്‌ക്വയർ 

  
ഉദ്‌ഘാടനം അഡ്വ.കാളീശ്വരം രാജ്

മുഖ്യപ്രഭാഷണം സണ്ണി എം.കപിക്കാട്

Dr.ടി.എസ്.ശ്യാം കുമാർ , Dr.സ്മിത ബി കുമാർ, എൻ.സുബ്രമണ്യൻ, സി.ആർ.നീലകണ്ഠൻ തുടങ്ങിയവർ സംസാരിക്കുന്നു.   

 

പ്രിയ സുഹൃത്തേ,

 അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങളുടെ വോട്ട് എണ്ണപ്പെടുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ?

ഏതാനും ദിവസങ്ങൾക്കു മുൻപ് റിപ്പോർട്ടേഴ്‌സ് കളക്ടീവ് എന്ന പത്രപ്രവർത്തരുടെ കൂട്ടായ്മ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ രേഖകൾ പരിശോധിച്ച് കൊണ്ട് തയ്യാറാക്കിയ ഒരു റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. അത് പ്രകാരം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര, ഹരിയാന, ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ 32 സീറ്റുകളിൽ ആകെ പോൾ ചെയ്ത വോട്ടും ആകെ എണ്ണിയ വോട്ടും തമ്മിൽ വ്യത്യാസമുള്ളതായി കണ്ടെത്തിയിരിക്കുന്നു. 19 സീറ്റുകളിൽ ആകെ വോട്ട് ചെയ്യാൻ എത്തിയ വോട്ടർമാരുടെ കണക്ക് ലഭ്യമല്ല എന്നും റിപ്പോർട്ട് പറയുന്നു.

2024 ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ ബാദ്കൽ എന്ന മണ്ഡലത്തിൽ ആകെ 3.32 ലക്ഷം വോട്ടുകൾ പോൾ ചെയ്തതായാണ് കണക്ക്. എന്നാൽ ഇവിടെ എണ്ണിയതാകട്ടെ ആകെ 1.60 വോട്ടുകൾ മാത്രം.!!

നമ്മുടെ നാട്ടിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത എത്ര മാത്രം ഇടിഞ്ഞിരിക്കുന്നു എന്ന് കാണിക്കുന്നതാണ് ഈ സംഭവം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് പുറത്ത് വന്നിട്ടുള്ള ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടാണ് മേല്പറഞ്ഞത്. 2014 ൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം അധികാരത്തിൽ വന്നതിനു ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും മറ്റ് സർക്കാർ വകുപ്പുകളെയും തങ്ങളുടെ ഫാസിസ്റ്റ് അജണ്ടക്ക് ഇണങ്ങും വിധമുള്ള ഉപകരണങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. തങ്ങൾക്ക് വിധേയരായ ഉദ്യോഗസ്ഥരെ നിയമിക്കുകയും തങ്ങളുടെ അധികാരം നിലനിര്ത്താൻ കഴിയും വിധമുള്ള പദ്ധതികൾ നടപ്പിലാക്കുകയുമാണ് മോഡി സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിശോധന(SIR) ഇത്തരം ഒരു നടപടിയാണ്. 

വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിശോധന (SIR) എന്നപേരിൽ 13.5 കോടി വോട്ടർമാരെയാണ് ഇതുവരെ 31 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ആകെ വോട്ടർമാരിൽ 14 ശതമാനം വരും ഇത്. തൊഴിലാളികളും, കൂലിവേലക്കാരും, മറ്റു സംസ്ഥാനങ്ങളിൽ ജോലിക്കായി പോയവരും, ഉൾപ്പെടുന്ന സാധാരണക്കാരാണ് ഇപ്രകാരം പുറത്താക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും. ചില കേന്ദ്രങ്ങളിൽ മുസ്ലിങ്ങളെയും ദളിതരെയും പ്രത്യേകമായി ലക്‌ഷ്യം വച്ചുകൊണ്ട് ഒഴിവാക്കിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഫലത്തിൽ RSS ന്റെ ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യം നേടുന്നതിനു വേണ്ടിയാണ് ഇലക്ഷൻ കമ്മീഷൻ പ്രവർത്തിക്കുന്നത്. വോട്ടർ പട്ടികയുടെ ശുദ്ധീകരണമാണ് നടക്കുന്നത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ വാദം ഇതിനു അടിവരയിടുന്നു. 

പ്രായപൂർത്തിയായ പൗരന്മാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. എന്നാൽ SIR പോലുള്ള നടപടികളിലൂടെ വോട്ടർമാരാണെന്നു തെളിയിക്കേണ്ട ബാധ്യത പൗരന്മാരുടെ ചുമതലയാക്കി മാറ്റുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്.

വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്നവർക്ക് സർക്കാർ തലത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ നൽകില്ല എന്ന് ഇപ്പോൾ തന്നെ പശ്ചിമ ബംഗാളിലെ ബി.ജെ.പി. മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പൗരത്വം പരിശോധിക്കാനുള്ള നടപടികൾക്കായി റിപ്പോർട് ചെയ്യുക എന്നതാണ് അടുത്തപടി. ഫലത്തിൽ വോട്ടർ പട്ടികയിൽ നിന്നുള്ള പേര് വെട്ടൽ പൗരത്വ നിഷേധത്തിലേക്കുള്ള വഴിയായി മാറുകയാണ്.

നിയമപരമായി ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം നടപടികൾ നടപ്പിലാക്കുന്നത്. പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം 6 ൽ നിയമവിരുദ്ധമായി ഭേദഗതി ചെയ്തതാണ് ഒരു ഉദാഹരണം. നിയമമനുസരിച്ച് പാർലമെന്റിനു മാത്രമേ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ഭേദഗതി ചെയ്തു കൊണ്ട് ഫോം 6 ൽ മാറ്റം വരുത്താൻ കഴിയു. പ്രതിഷേധം ഉയർന്നപ്പോൾ സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് അപ്രകാരം ചെയ്തതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചത്. എന്നാൽ പിന്നീട് സുപ്രീം കോടതി തന്നെ തങ്ങൾ അപ്രകാരം നിർദേശം നൽകിയിട്ടില്ല എന്ന് വ്യക്തമാക്കുകയുണ്ടായി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത്തരം എല്ലാ പ്രവർത്തനങ്ങൾക്കും പരിരക്ഷ നൽകുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ലോക് സഭാ പ്രതിപക്ഷ നേതാവും ഉൾപ്പെടുന്ന സമിതിയായിരിക്കണം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കേണ്ടതെന്നു 2023 ൽ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയും ഒരു കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടുന്ന സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനായി ചുമതലപ്പെടുത്തുന്ന നിയമം പാസാകുകയായിരുന്നു കേന്ദ്ര സർക്കാർ. ഇത് വഴി സുപ്രീം കോടതി വിധി അട്ടിമറിക്കപ്പെടുകയും തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിൽ പരിപൂർണ്ണമായ അധികാരം കേന്ദ്ര സർക്കാരിന് ലഭിക്കുകയും ചെയ്തു. ഇതേ നിയമത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് നിയമ നടപടികളിൽ നിന്ന് പരിരക്ഷ നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മോഡി സർക്കാരിനും ആർ.എസ്.എസ്സിനും വേണ്ടി ചെയ്തു വരുന്ന ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ ചോദ്യം ചെയ്യപ്പെടാതിരിക്കാനുള്ള സാഹചര്യം മുൻപേ തന്നെ ഒരുക്കപ്പെട്ടിരുന്നിരുന്നു എന്ന് സാരം. 

ഇപ്രകാരം ജനാധിപത്യ മൂല്യങ്ങളെയും ബോധത്തെയും അവഹേളിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പിടിമുറുക്കിയിരിക്കുകയാണ് മോഡി സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷനാകട്ടെ മോഡി സർക്കാരിന് അധികാര തുടർച്ച ഉറപ്പാക്കാനുള്ള ഉപകരണമായി പ്രവർത്തികുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ 2 കമ്മീഷണർമാരുടെ എതിർപ്പ് പോലും പരിഗണിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ മുന്നോട്ട് പോകുന്നത് എന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.      

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീതിരഹിതമായ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നു വന്നിരിക്കുകയാണ്. ചരിത്രപരമായ ഈ സമരത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും അണി ചേരേണ്ടതുണ്ട്. 2026 നവംബർ 26 നു ഫോർട്ട് കൊച്ചിയിൽ വോട്ടർപട്ടിക അട്ടിമറിക്കെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഫാസിസ്റ്റ് അട്ടിമറിക്കെതിരെയും, വോട്ടർപട്ടിക അട്ടിമറിക്കെതിരെയുമുള്ള സമരത്തിൽ പങ്കു ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
 
                            അഭിവാദ്യങ്ങളോടെ

 
വോട്ടർപട്ടിക അട്ടിമറിക്കെതിരായ ജനകീയ പ്രതിഷേധ കൂട്ടായ്മ

കൺവീനർമാർ
ആസാദ്(9986771634), ഹാരിസ് അബു(9895155009), അഡ്വ. തുഷാർ നിർമൽ(9633027792) 
 
       

ചെല്ലാനം കടൽകയറ്റം-: സർക്കാർ ലക്ഷ്യമിടുന്നതെന്ത് ?

 ചെല്ലാനം കടൽകയറ്റം-:  സർക്കാർ ലക്ഷ്യമിടുന്നതെന്ത്  ? ചെല്ലാനമെന്നത് ഇന്ന് കടൽകയറ്റത്തിന്റെ ഒരു സമവാക്യനാമമായി പൊതുസമൂഹത്തിനു മുന്നിൽ നിവർന്...