Samaram CKJV എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Samaram CKJV എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ഓഗസ്റ്റ് 2, ഞായറാഴ്‌ച

സായാഹ്‌ന ധർണ്ണ - കാട്ടിപ്പറമ്പ് - മെയ് 30 -2026

 

 പ്രിയ സുഹൃത്തേ,


വീണ്ടും കടൽകയറ്റം ഉറപ്പായ ഒരു മഴക്കാലമാണ് വരാനിരിക്കുന്നത്. പുത്തൻ തോട് ബീച്ചിനു വടക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങൾ ഈ വർഷവും കടൽകയറ്റ ഭീഷണിയിലാണ്. ചെല്ലാനം പഞ്ചായത്ത് അതിർത്തിവരെ ടെട്രാപ്പോഡ് കടൽഭിത്തി നിർമ്മിക്കുന്നതിന് 404 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഭരണാനുമതി നൽകിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപ് പുത്തൻ തോട് ബീച്ചിൽ വച്ച് വളരെ ആഘോഷപൂർവ്വം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെ രണ്ടാംഘട്ട നിർമ്മാണപദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. എന്നാൽ നിർമ്മാണത്തിന് ആവശ്യമായ സാങ്കേതിക അനുമതി നൽകുകയോ പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുകയോ,പണി ഏൽപ്പിക്കാൻ ഉദ്ദേശിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുമായി കരാർ ഉണ്ടാക്കുകയോ ചെയ്തിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടു കൂടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ മാറിയതിനു ശേഷം മാത്രമേ ഈ കാര്യത്തിൽ തുടർനടപടി ഉണ്ടാകൂ എന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. അതോടു കൂടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ഒരു നാടകം മാത്രമായിരുന്നു രണ്ടാംഘട്ട കടൽഭിത്തി നിർമ്മാണപദ്ധതിയുടെ ഉദ്ഘാടനം എന്ന് വെളിവാക്കപ്പെട്ടു.

ഇന്നിപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. 10 വർഷങ്ങൾക്ക് ശേഷം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിരിക്കുന്നു. എൽഡിഫ് സർക്കാർ പ്രഖ്യാപിച്ച രണ്ടാംഘട്ട കടൽഭിത്തി നിർമ്മാണത്തിന് എന്തു സംഭവിക്കും എന്നാ ആശങ്ക ജനങ്ങൾക്കുണ്ട്. ഇനിയും കടൽഭിത്തി നിർമ്മാണം നീണ്ടു പോകാതിരിക്കാൻ 
 നമുക്ക് ജാഗ്രത പുലർത്തേണ്ടതുണ്ട്.

 എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച രണ്ടാംഘട്ട കടൽഭിത്തി നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിൽ വരുത്താൻ യുഡിഎഫ് സർക്കാർ തയ്യാറാകണം. ചെല്ലാനം പഞ്ചായത്ത് അതിർത്തി വരെയായി പ്രഖ്യാപിക്കപ്പെട്ട രണ്ടാം ഘട്ട പദ്ധതി ബീച്ച് റോഡ് വരെ നീട്ടി നടപ്പിലാക്കണം. കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി ചെല്ലാനം കൊച്ചി തീരം പുനഃനിർമ്മിക്കാൻ വേണ്ട നടപടിയെടുക്കണം. അതോടൊപ്പം ഈ മഴക്കാലത്ത് കടൽകയറ്റം പ്രതിരോധിക്കാൻ താൽക്കാലിക പ്രതിരോധ-സംരക്ഷണ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം.

ഈ കാര്യങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി മെയ് 30 നു വൈകീട്ട് 4 മണിക്ക് കാട്ടിപ്പറമ്പിലെ ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ സമരപ്പന്തലിൽ സംഘടിപ്പിക്കുന്ന സായാഹ്‌ന ധർണ്ണയിൽ മുഴുവൻ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വി.ടി.സെബാസ്റ്റ്യൻ
ജനറൽ കൺവീനർ
ചെല്ലാനം-കൊച്ചി ജനകീയവേദി  
9349249678

അഡ്വ.തുഷാർ നിർമ്മൽ സാരഥി
വർക്കിങ് ചെയർ പേഴ്‌സൺ
ചെല്ലാനം-കൊച്ചി ജനകീയവേദി  
9633027792
 
   

ഏക ദിന ധർണ്ണ ജൂൺ 14

 

 പ്രിയ സുഹൃത്തേ,

തീരസംരക്ഷണത്തിൻ്റെ കാര്യത്തിൽ അത്യധികം അവഗണന നേരിടുന്ന ഒരു തീരപ്രദേശമാണ് ചെല്ലാനം പഞ്ചായത്തിന് വടക്കുള്ള  കൊച്ചി മുൻസിപ്പൽ കോർപ്പറേഷനിലെ മാനാശ്ശേരി മുതൽ ബീച്ച് റോഡ് വരെയുള്ള തീരപ്രദേശം. ചെല്ലാനം ഹാർബർ മുതൽ ബീച്ച് റോഡ് വരെയുള്ള ഏതാണ്ട് 18 കി.മീ വരുന്ന തീരം കടുത്ത തീരശോഷണവും രൂക്ഷമായ കടൽ കയറ്റവും നേരിടുന്ന തീരദേശമാണ്. എന്നാൽ ഈ തീരത്തെ ഒരുമിച്ചു പരിഗണിക്കുന്നതിന് പകരം ജനകീയ പ്രതിഷേധം ശക്തമാകുമ്പോൾ തുണ്ടു തുണ്ടായി തിരിച്ചു  തീര സംരക്ഷണ പദ്ധതികൾ നടപ്പിലാക്കാനാണ് നാളിതു വരെ സർക്കാരുകൾ ശ്രമിച്ചിട്ടുള്ളത്.  

കഷ്ണങ്ങളായി മുറിച്ച് കടൽഭിത്തി നിർമ്മിക്കുമ്പോൾ കടൽഭിത്തി പണിത അത്രയും പ്രദേശങ്ങളിൽ   കടൽകയറ്റം തടയപ്പെടുകയും എന്നാൽ അതിനു  വടക്കോട്ടുള്ള പ്രദേശങ്ങളിൽ  ശക്തമായ കടൽകയറ്റം ഉണ്ടാകുകയും ചെയ്യും. ഈ ഭാഗങ്ങളിൽ മുൻപ് നിർമ്മിച്ച ദുർബലമായ കടൽ ഭിത്തികൾ ഉണ്ടെങ്കിൽ പോലും അവ തകർത്തു കൊണ്ട് വെള്ളം കയറും. കടൽകയറ്റം ശക്തമായ പുത്തൻ തോട് ബീച്ചിനു തെക്കുള്ള പ്രദേശങ്ങളിൽ കടൽഭിത്തിയും പുലിമുട്ടുകളും പണിതപ്പോൾ ബീച്ചിനു വടക്ക് പുത്തൻ തോടും  കണ്ണമാലിയിലും ചെറിയകടവും കടൽകയറ്റം ശക്തമായത് നമ്മൾ കണ്ടതാണ്. ചെല്ലാനം-കൊച്ചി തീരത്ത്  കടൽഭിത്തി നിർമ്മാണം കഷ്ണങ്ങളായി നടപ്പാക്കുന്നതിൻ്റെ ദുരിതമാണ് ഇന്ന് ഈ തീരജനത നേരിടുന്നത്.


അത് കൊണ്ട് ഇനിയും തീരസംരക്ഷണ നടപടികൾ കഷ്ണങ്ങളായി മുറിച്ചു നടപ്പിലാക്കുന്നതിന് പകരം പുത്തൻ തോട് മുതൽ ബീച്ച് റോഡ് വരെ ഒറ്റ യുണിറ്റ് ആയി പരിഗണിച്ച് കൊണ്ട് കടൽഭിത്തി നിർമ്മിക്കാൻ കേരളം സർക്കാർ തയ്യാറാകണം. അതോടൊപ്പം കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്തെടുത്ത് 10 നോട്ടിക്കൽ മൈൽ അകലെ കൊണ്ട് കടലിൽ കളയുന്ന എക്കൽ ഉപയോഗിച്ച് ചെല്ലാനം-കൊച്ചി തീരം പുനഃനിർമ്മിക്കുകയും തീരം വീണ്ടും കടലെടുത്തു പോകാതിരിക്കാൻ ജിയോ സിന്തറ്റിക് ട്യൂബ് ഉപയോഗിച്ച് കൊണ്ടുള്ള പുലിമുട്ടുകൾ ഇട്ട് സംരക്ഷിക്കാനും കേരളം സർക്കാർ തയ്യാറാകണം.

 സർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ഈ കാര്യങ്ങളിൽ ഉണ്ടാകേണ്ടതിനായി നമ്മുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്  ചെല്ലാനം-കൊച്ചി ജനകീയവേദിയുടെയും കെ എൽ സി എ  കണ്ടക്കടവ് ഫെറോന യൂണിറ്റും സംയുക്തമായി ഒരു ഏക ദിന ധർണ്ണ സംഘടിപ്പിക്കുകയാണ്. 2026 ജൂൺ 14 നു സൗദി ബസ്സ് സ്റ്റോപ്പിന് സമീപം നടക്കുന്ന ധർണ്ണയിൽ മുഴുവൻ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

COMMISSIONS UNDER THE CODE OF CIVIL PROCEDURE, 1908

INTRODUCTION  The Code of Civil Procedure, 1908 (CPC) provides a comprehensive procedural framework for the adjudication of civil disputes i...