പ്രിയ സുഹൃത്തേ,
തീരസംരക്ഷണത്തിൻ്റെ
കാര്യത്തിൽ അത്യധികം അവഗണന നേരിടുന്ന ഒരു തീരപ്രദേശമാണ് ചെല്ലാനം
പഞ്ചായത്തിന് വടക്കുള്ള കൊച്ചി മുൻസിപ്പൽ കോർപ്പറേഷനിലെ മാനാശ്ശേരി മുതൽ
ബീച്ച് റോഡ് വരെയുള്ള തീരപ്രദേശം. ചെല്ലാനം ഹാർബർ മുതൽ ബീച്ച് റോഡ്
വരെയുള്ള ഏതാണ്ട് 18 കി.മീ വരുന്ന തീരം കടുത്ത തീരശോഷണവും രൂക്ഷമായ കടൽ
കയറ്റവും നേരിടുന്ന തീരദേശമാണ്. എന്നാൽ ഈ തീരത്തെ ഒരുമിച്ചു
പരിഗണിക്കുന്നതിന് പകരം ജനകീയ പ്രതിഷേധം ശക്തമാകുമ്പോൾ തുണ്ടു തുണ്ടായി
തിരിച്ചു തീര സംരക്ഷണ പദ്ധതികൾ നടപ്പിലാക്കാനാണ് നാളിതു വരെ സർക്കാരുകൾ
ശ്രമിച്ചിട്ടുള്ളത്.
കഷ്ണങ്ങളായി മുറിച്ച് കടൽഭിത്തി
നിർമ്മിക്കുമ്പോൾ കടൽഭിത്തി പണിത അത്രയും പ്രദേശങ്ങളിൽ കടൽകയറ്റം
തടയപ്പെടുകയും എന്നാൽ അതിനു വടക്കോട്ടുള്ള പ്രദേശങ്ങളിൽ ശക്തമായ
കടൽകയറ്റം ഉണ്ടാകുകയും ചെയ്യും. ഈ ഭാഗങ്ങളിൽ മുൻപ് നിർമ്മിച്ച ദുർബലമായ കടൽ
ഭിത്തികൾ ഉണ്ടെങ്കിൽ പോലും അവ തകർത്തു കൊണ്ട് വെള്ളം കയറും. കടൽകയറ്റം
ശക്തമായ പുത്തൻ തോട് ബീച്ചിനു തെക്കുള്ള പ്രദേശങ്ങളിൽ കടൽഭിത്തിയും
പുലിമുട്ടുകളും പണിതപ്പോൾ ബീച്ചിനു വടക്ക് പുത്തൻ തോടും കണ്ണമാലിയിലും
ചെറിയകടവും കടൽകയറ്റം ശക്തമായത് നമ്മൾ കണ്ടതാണ്. ചെല്ലാനം-കൊച്ചി തീരത്ത്
കടൽഭിത്തി നിർമ്മാണം കഷ്ണങ്ങളായി നടപ്പാക്കുന്നതിൻ്റെ ദുരിതമാണ് ഇന്ന് ഈ
തീരജനത നേരിടുന്നത്.
അത്
കൊണ്ട് ഇനിയും തീരസംരക്ഷണ നടപടികൾ കഷ്ണങ്ങളായി മുറിച്ചു
നടപ്പിലാക്കുന്നതിന് പകരം പുത്തൻ തോട് മുതൽ ബീച്ച് റോഡ് വരെ ഒറ്റ യുണിറ്റ്
ആയി പരിഗണിച്ച് കൊണ്ട് കടൽഭിത്തി നിർമ്മിക്കാൻ കേരളം സർക്കാർ തയ്യാറാകണം.
അതോടൊപ്പം കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്തെടുത്ത് 10 നോട്ടിക്കൽ മൈൽ അകലെ
കൊണ്ട് കടലിൽ കളയുന്ന എക്കൽ ഉപയോഗിച്ച് ചെല്ലാനം-കൊച്ചി തീരം
പുനഃനിർമ്മിക്കുകയും തീരം വീണ്ടും കടലെടുത്തു പോകാതിരിക്കാൻ ജിയോ
സിന്തറ്റിക് ട്യൂബ് ഉപയോഗിച്ച് കൊണ്ടുള്ള പുലിമുട്ടുകൾ ഇട്ട്
സംരക്ഷിക്കാനും കേരളം സർക്കാർ തയ്യാറാകണം.
സർക്കാരിൻ്റെ അടിയന്തിര
ശ്രദ്ധ ഈ കാര്യങ്ങളിൽ ഉണ്ടാകേണ്ടതിനായി നമ്മുടെ ആവശ്യങ്ങൾ ഉന്നയിച്ചു
കൊണ്ട് ചെല്ലാനം-കൊച്ചി ജനകീയവേദിയുടെയും കെ എൽ സി എ കണ്ടക്കടവ് ഫെറോന
യൂണിറ്റും സംയുക്തമായി ഒരു ഏക ദിന ധർണ്ണ സംഘടിപ്പിക്കുകയാണ്. 2026 ജൂൺ 14
നു സൗദി ബസ്സ് സ്റ്റോപ്പിന് സമീപം നടക്കുന്ന ധർണ്ണയിൽ മുഴുവൻ
സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ