[ 131 ]
സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ!
'മാന്യ'മായി വസ്ത്രം ധരിക്കാത്ത സ്ത്രീയെ 'ചീത്ത' എന്നു മുദ്രകുത്താൻ വളരെ എളുപ്പമാണ്. എന്നാൽ വസ്ത്രമാന്യതയെക്കുറിച്ച് നാം വച്ചുപുലർത്തുന്ന ധാരണകൾ എത്രത്തോളം പൊള്ളയാണെന്നറിയാൻ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ സാമൂഹ്യമാറ്റങ്ങളുടെ ചരിത്രം പരിശോധി ച്ചാൽമാത്രം മതി. വസ്ത്രധാരണത്തിലെ ഇരട്ടസദാചാരവും ഇന്നത്തെ സ്ത്രീക്ക് തങ്ങളുടെ ശരീരങ്ങളെക്കുറിച്ചുള്ള അധമബോധവും എത്രത്തോളം അടിച്ചേൽപ്പിക്കപ്പെട്ടവയാണെന്നു തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ.
ശരീരത്തെ കൊണ്ടുനടക്കേണ്ട ഭാരം
സ്ത്രീകൾ സ്വന്തം ശരീരത്തെ എങ്ങനെ, എത്ര മൂടണം; എങ്ങനെ, എവിടെ കൊണ്ടുനടക്കണം എന്നിവയെസ്സംബന്ധിക്കുന്ന പല നിയമങ്ങളും എഴുതപ്പെടാതെതന്നെ നിലനിൽക്കുന്ന നാടാണ് കേരളം. ഈ അലിഖിതനിയമങ്ങളെ കൂട്ടാക്കാത്ത സ്ത്രീകൾക്ക് 'ശരീരപ്രദർശനം നടത്തുന്നു', 'കുഴപ്പം വിളിച്ചുവരുത്തുന്നു' എന്നുതുടങ്ങി പല ആരോപണങ്ങളും കേൾക്കേണ്ടിവരും. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഇവിടുത്തെ സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കുന്നത് ഇക്കാരണത്താലാകാം. 'സാരിക്കിടയിലൂടെ വയർ കാണുന്നല്ലോ', 'ദുപ്പട്ട സ്ഥാനത്തുതന്നെയല്ലേ' - ഇങ്ങനെ പല പരിശോധനകളും സ്വയം നടത്തിയശേഷമാണ് മലയാളിസ്ത്രീ ഇന്ന് വീട്ടിൽനിന്ന് ഇറങ്ങുന്നത്. കോളേജ്, ജോലിസ്ഥലം ഇവിടെയെല്ലാം ഈ പരിശോധനകൾ ആവർത്തിക്കപ്പെടുന്നതും പതിവാണ്. ആണുങ്ങൾക്ക് ഇത്തരം അസൗകര്യങ്ങൾ കുറവാണ്. തലമുടിയുടെ സ്റ്റൈൽ, ഷർട്ട് എവിടംവരെ തുറന്നിടാം എന്ന കാര്യങ്ങളിൽ ആൺകുട്ടികൾക്ക് ചിലപ്പോഴൊക്കെ നിയന്ത്രണമുണ്ടാവാം. പക്ഷേ, പൊതുവെ പറഞ്ഞാൽ സ്വന്തം ശരീരത്തെ എങ്ങനെ കൊണ്ടുനടക്കണമെന്ന കാര്യത്തിൽ ആണുങ്ങൾക്ക് കുറേക്കൂടി സ്വാതന്ത്ര്യമുണ്ട്. പെണ്ണിന്റെ ഉടുപ്പിന് കഴുത്തിറക്കം കൂടിപ്പോയെന്നു പറയുന്നവൻ പലപ്പോഴും ഇറുകിപ്പിടിച്ച ജീൻസോ കണ്ണാടിപോലെ സുതാര്യമായ മുണ്ടോ ഉടുത്തിട്ടായിരിക്കും കമന്റ് പാസ്സാക്കുക! പെണ്ണിനുമേൽ അടിച്ചേൽപ്പിക്കുന്ന 'വസ്ത്രസദാചാരം' ആണുങ്ങൾക്കു ബാധകമല്ലെന്ന പരിപൂർണ്ണവിശ്വാസത്തിലാണ് ഇദ്ദേഹം കമന്റടിക്കുന്നത്.
[ 132 ]
[ 133 ]
പടിഞ്ഞാറൻ വസ്ത്രങ്ങൾ - ജീൻസ്, പാന്റ്സ്, ചെറിയ പാവാട - ധരിച്ചാൽ
സ്ത്രീകൾ 'ഇന്ത്യൻ സംസ്കാര'ത്തിനു പുറത്താകുമെന്ന് അടുത്തകാലത്ത് ചില
തീവ്രവാദികൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. പുരുഷന്മാർ കോട്ടും സൂട്ടും ജീൻസും
ധരിച്ചു നടക്കുന്നതിൽ തെറ്റില്ല; അവർക്ക് മുണ്ടിനടിയിൽ അടിപ്പാവാട വേണ്ട;
നേർത്ത ഷർട്ടിനടിയിൽ ബനിയൻ ഇടാതെയും നടക്കാം; ചെറിയ കുട്ടിനിക്കറുമിട്ട്,
കയ്യില്ലാത്ത ബനിയനും കയറ്റി റോഡിലൂടെ കറങ്ങാം - ഇതൊന്നും
'ഇന്ത്യൻസംസ്കാര'ത്തിനു കുഴപ്പംവരുത്തില്ല. എന്നാൽ സ്ത്രീകൾ അതിന്റെ
പകുതിവഴിയെത്തിയാൽ 'എല്ലാംനശിച്ചു' എന്നു പ്രഖ്യാപിക്കാൻ ആളുണ്ട്!
വാസ്തവത്തിൽ ഈ ഇരട്ടത്താപ്പ് ഏറിയോ കുറഞ്ഞോ ഇന്ത്യയിലെല്ലായിടത്തുമുണ്ട്.
മതതീവ്രവാദം വളർന്നതോടെ ഇത്തരം ഭ്രാന്ത് അല്പം കുറവായിരുന്ന
നഗരപ്രദേശങ്ങളിൽപ്പോലും ഈ ഇരട്ടസദാചാരം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ
കൂടുതലായി കാണുന്നുണ്ട്.
വസ്ത്രധാരണത്തിന്റെ ചരിത്രമെടുത്താൽ കേരളത്തിന് ചില സവിശേഷതകളുണ്ട്. മേൽവസ്ത്രം ധരിക്കാത്ത സ്ത്രീകൾ അശ്ലീലപ്രദർശനം നടത്തുകയാണെന്ന ധാരണ രണ്ടുമൂന്നുതലമുറമുമ്പുവരെ ഇവിടെ വിരളമായിരുന്നുവെന്നതാണ് അവയിൽ ആദ്യത്തേത്. ഏകദേശം നാല്പത്-അമ്പത് വർഷം മുമ്പുവരെയും നാട്ടിൽപുറങ്ങളിൽ മാറുമറയ്ക്കാത്ത മുതിർന്ന സ്ത്രീകളെ സാധാരണയായി കാണാമായിരുന്നു. മുണ്ടുംബ്ലൗസും പേരിനൊരു തോർത്തും ധരിച്ച് കടയിലുംമറ്റും പോകുന്ന സ്ത്രീകൾ, മുട്ടൊപ്പം വസ്ത്രംധരിച്ച് പാടത്തും പറമ്പിലും പണിയെടുക്കുന്നവർ, ബ്ലൗസും ഒന്നരയും ധരിച്ച് ഈറനോടെ അമ്പലങ്ങളിൽ തൊഴുന്ന സ്ത്രീകൾ, കുഞ്ഞുങ്ങൾക്കു മുലകൊടുക്കുന്നവർ - ഇവരാരും ഇവിടെ കാഴ്ചവസ്തുക്കളായിരുന്നില്ല. ഇന്നത്തെയപേക്ഷിച്ച് ദാരിദ്ര്യം അധികമായിരുന്ന കാലമായിരുന്നതുകൊണ്ട് ഇന്നു നാം പാലിക്കുന്ന മോടിയൊന്നും അന്നത്തെ വസ്ത്രത്തിനില്ലായിരുന്നുവെന്നതു വാസ്തവംതന്നെ. വസ്ത്രംകൊണ്ട് മുഴുവനും മൂടിവെച്ചിട്ടില്ലാത്ത സ്ത്രീശരീരം എല്ലായ്പോഴും 'കുഴപ്പം' വിളിച്ചുവരുത്തുമെന്ന ഇന്നത്തെ ഭയം അന്ന് തീർച്ചയായും കുറവായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സ്ത്രീശരീരം 'പാപത്തെ വിളിച്ചുവരുത്തു'മെന്ന പേടി അടുത്തിടെയാണ് ഇത്രയും വ്യാപകമായത്. വാസ്തവത്തിൽ പത്തൊമ്പതാം നൂറ്റാണ്ടുമുതൽ ഇരുപതാംനൂറ്റാണ്ടിന്റെ ഒടുക്കംവരെയും തുടർന്നുവന്ന ഒരു നീണ്ട 'യുദ്ധ'ത്തിന്റെ ഭാഗമായിട്ടാണ് ഈ ധാരണയ്ക്ക് ഇത്രയും ബലമുണ്ടായത്. ഇക്കാലത്ത് ശക്തമായിത്തീർന്ന സമുദായപരിഷ്കരണപ്രസ്ഥാനങ്ങളും സമൂഹത്തെ ആധുനികമാക്കിത്തീർക്കാൻ പ്രയത്നിച്ച സർക്കാരുകളും നാട്ടുകാരെ 'സംസ്ക്കാരം' പഠിപ്പിക്കാൻ വാശിയോടെ പ്രവർത്തിച്ച മിഷണറിമാരും ചേർന്നാണ് ഈ 'യുദ്ധ'ത്തിനു തയ്യാറായത്. പരമ്പരാഗതമായ അധികാരസ്ഥാപനങ്ങളിൽനിന്ന് - അതായത് പഴയ കുടുംബവ്യവസ്ഥകൾ, ജാതിനിയമങ്ങൾ മുതലായവയിൽനിന്ന് - സ്ത്രീശരീരത്തെ 'പിടിച്ചെടുത്ത്' തങ്ങളുടെ താത്പര്യങ്ങൾക്കനുസൃതമായി അതിനെ രൂപപ്പെടുത്താനുള്ള 'യുദ്ധ'മായിരുന്നു അത്. സ്ത്രീകൾ പലപ്പോഴും ഇതിൽ സജീവപങ്കാളികളായിരുന്നു. എന്നാൽ സ്ത്രീശരീരത്തെ സ്ത്രീകൾക്കു വിട്ടുകൊടുക്കണമെന്ന ആവശ്യം അവരിൽ അപൂർവ്വംപേർ മാത്രമേ ഉന്നയിച്ചുള്ളു. എന്നാൽ സ്ത്രീയുടെ നഗ്നതമറയ്ക്കുന്നതാണ് സംസ്കാരമെന്നു വാദിക്കുമ്പോഴും പുരുഷന് ഇഷ്ടപ്പെടുന്ന രീതിയിൽത്തന്നെ അതു ചെയ്തുകൊള്ളണമെന്ന ആശയം ഇരുപതാം നൂറ്റാണ്ടിൽ പലരും ഉന്നയിച്ചുകേട്ടപ്പോൾ ആദ്യകാലസ്ത്രീവാദികൾ അസ്വസ്ഥരായി. ഇന്നും ഈ 'യുദ്ധം' തുടരുന്നുണ്ടെന്നതാണ് സത്യം. അതേ ഭയങ്ങളും അസ്വാസ്ഥ്യങ്ങളും ഇന്നുമുണ്ട്. സ്ത്രീശരീരം സ്ത്രീയുടേതാണെന്ന് കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറയുന്ന സ്ത്രീശബ്ദങ്ങൾ ഇന്നുണ്ട് എന്നതാണ് വ്യത്യാസം.
മാറുമറയ്ക്കലും നാണവും മാനവും
പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളത്തിൽ നിലവിലുണ്ടായിരുന്ന വസ്ത്രധാരണരീതികൾ ഇവിടത്തെ [ 134 ] ജാതിവ്യവസ്ഥയുമായി ചേർന്നുനിന്നിരുന്നവയാണ്. പൊതുവെ പറഞ്ഞാൽ, കീഴ്ജാതിക്കാർക്ക് മോശപ്പെട്ട വസ്ത്രം ധരിക്കാനേ അവകാശമുണ്ടായിരുന്നുള്ളൂ; മുട്ടിനുതാഴെ കഷ്ടിച്ചെത്തുന്ന അരവസ്ത്രം മാത്രമെ കീഴ്ജാതിക്കാരിൽ ആണുംപെണ്ണും ധരിച്ചിരുന്നുള്ളു. ഓരോ ജാതിവിഭാഗക്കാർക്കും പ്രത്യേകതരം വസ്ത്രധാരണം നിർബന്ധമായിരുന്നതുകൊണ്ട് ഏതൊരാളുടെയും ജാതി പെട്ടെന്നുതന്നെ വെളിവായിരുന്നു. ഈ ചിട്ടകളെ ലംഘിക്കാൻ ശ്രമിക്കുന്നത് വലിയ കുറ്റമായി കണക്കാക്കപ്പെട്ടുമിരുന്നു.
ജാതിവ്യവസ്ഥയ്ക്കെതിരെ പത്തൊമ്പതാം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽ വസ്ത്രധാരണം വലിയ വിവാദവിഷയമായത് ചുമ്മാതല്ല. ഇക്കാലത്ത് തെക്കൻതിരുവിതാംകൂർ പ്രദേശങ്ങളിൽ മതപ്രചരണം നടത്താനെത്തിയ മിഷണറിമാർ - എൽ.എം.എസ്. സഭയുടെ പ്രവർത്തകർ - മതംമാറിയ കീഴ്ജാതിക്കാരുടെ വസ്ത്രധാരണരീതിയിൽ മാറ്റംവരുത്താൻ ശ്രമിച്ചു. ക്രിസ്തീയവീക്ഷണപ്രകാരം സ്ത്രീകളുടെ നഗ്നത അനുവദിച്ചുകൂടാത്തതായതുകൊണ്ട് മതംമാറിയ സ്ത്രീകൾ മാറുമറയ്ക്കണമെന്ന് അവർ നിർബന്ധിച്ചു. എന്നാൽ ഇത്തരം പാപബോധം പരിചയിക്കാത്ത സ്ത്രീകളെക്കൊണ്ട് ഇത് അനുസരിപ്പിക്കാൻ എളുപ്പമായിരുന്നില്ല. മാത്രമല്ല, തെക്കൻതിരുവിതാംകൂറിൽ മതംമാറിയവരിൽ പ്രധാനികൾ ചാന്നാർ ജാതിയിൽപ്പെട്ടവരായിരുന്നു. അവരെസ്സംബന്ധിച്ചിടത്തോളം മതംമാറ്റം മാത്രമല്ല ജാതിക്കയറ്റവും പ്രധാനമായിരുന്നു. നായർസ്ത്രീകൾ ധരിച്ചിരുന്ന മേൽമുണ്ട് അന്ന് കീഴ്ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് അനുവദിച്ചിരുന്നില്ല. ഈ നിയമത്തെ ലംഘിക്കാൻ ചാന്നാർസ്ത്രീകൾ തയ്യാറായി. ബ്ലൗസ് ധരിച്ച് നഗ്നത മറയ്ക്കുന്നതിനു പുറമെ മേൽമുണ്ടുകൂടി ധരിക്കാൻ അവർ മുതിർന്നു. ക്രിസ്ത്യൻ ചാന്നാട്ടികളുടെ വസ്ത്രധാരണരീതിയെ മതംമാറാത്ത ചാന്നാട്ടികളും അനുകരിച്ചുതുടങ്ങി. വാസ്തവത്തിൽ ചാന്നാട്ടികളുടെ വസ്ത്രധാരണരീതിയിൽ മാറ്റമുണ്ടാകാൻ ഇതുമാത്രമായിരുന്നില്ല കാരണം. തിരുനെൽവേലി പ്രദേശത്ത് ജോലിചെയ്തിരുന്ന പല ചാന്നാന്മാരും സിലോൺ, മലയ പ്രദേശങ്ങളിലേക്ക് ഇക്കാലത്ത് കുടിയേറിത്തുടങ്ങിയിരുന്നു. ഇതിനെത്തുടർന്ന് ഇവരുടെ സ്ഥാനത്ത് തിരുനെൽവേലിയിലെത്തിയ ചാന്നാന്മാർ അവിടുത്തെ തമിഴ്സ്ത്രീകളെ അനുകരിച്ച് സ്വന്തം വസ്ത്രധാരണത്തിൽ മാറ്റംവരുത്തി. അങ്ങനെ, ചുരുക്കിപ്പറഞ്ഞാൽ, പല ചാന്നാട്ടികളും ബ്ലൗസ് ധരിക്കാൻ തുടങ്ങി; പലരും മേൽമുണ്ടിടാനും. ഇവർ ബ്ലൗസ് ധരിക്കുന്നതിനോട് ഉന്നതജാതിക്കാർക്ക് എതിർപ്പില്ലായിരുന്നെങ്കിലും മേൽമുണ്ട് ധരിക്കാനുള്ള അവകാശം അന്നത്തെ ജാതിനിയമപ്രകാരം ഉന്നതജാതിക്കാർക്കുമാത്രമേ ഉണ്ടായിരുന്നുള്ളു. ചാന്നാട്ടികളുടെ മേൽമുണ്ടുധാരണം തെക്കൻതിരുവിതാംകൂറിൽ പത്തൊമ്പതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ വലിയ ലഹളയ്ക്കും വഴക്കിനും ഇടവരുത്തി. അതിനെയാണ് 'മാറുമറയ്ക്കൽ സമരം' (Breast-cloth struggle) എന്നു വിളിക്കുന്നത്. > കാണുക പുറം 211, 212 <
ഈ സമരത്തിൽ മിഷണറിമാരും ബ്രിട്ടീഷധികാരികളും ചാന്നാന്മാരുടെ പക്ഷത്തായിരുന്നു. 1812ൽത്തന്നെ തിരുവിതാംകൂർ ഭരണം ഏറ്റെടുത്ത ബ്രിട്ടീഷ് പ്രതിനിധി കേണൽ മൺറോ കീഴ്ജാതിക്കാരികൾക്ക് കുപ്പായംധരിക്കാൻ അനുവാദമുണ്ടെന്ന് കൽപ്പന പുറപ്പെടുവിച്ചിരുന്നു. എന്നാൽ 'മേൽമുണ്ട്പ്രശ്നം' രൂക്ഷമായതിനെത്തുടർന്ന് 1822 മുതൽ തെക്കൻകേരളത്തിൽ പലയിടത്തും വസ്ത്രംധരിച്ച ചാന്നാർസ്ത്രീകൾക്കെതിരെ നായന്മാർ അക്രമം അഴിച്ചുവിട്ടു. ഇടയ്ക്കും മുറയ്ക്കും ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ ക്രിസ്ത്യൻചാന്നാട്ടികൾക്ക് ബ്ലൗസിടാമെന്നും എന്നാൽ അവർ നായന്മാരെപ്പോലെ മേൽമുണ്ട് ധരിച്ചുകൂടെന്നും സർക്കാർ പ്രഖ്യാപിച്ചു. മതംമാറാത്ത ചാന്നാട്ടികൾക്ക് ഇതു രണ്ടും പാടില്ലായിരുന്നു. 1858ൽ വീണ്ടും രൂക്ഷമായ സംഘർഷമുണ്ടായി. 1859ൽ ക്രിസ്ത്യൻചാന്നാട്ടികൾക്കു കുപ്പായമിടാമെന്നും അതേവസ്ത്രം മറ്റു ചാന്നാട്ടികൾക്കുമാകാമെന്നും സമ്മതിച്ചുകൊണ്ടുള്ള സർക്കാർ പ്രഖ്യാപനമുണ്ടായി. മിഷണറിമാർ മദ്രാസിലെ ബ്രിട്ടീഷ് അധികാരികളെ സമീപിച്ച് തിരുവിതാംകൂർ സർക്കാരിനുമേൽ കൂടുതൽ സമ്മർദ്ദംചെലുത്തണമെന്ന് അഭ്യർത്ഥിച്ചു. അപ്രകാരം ബ്രിട്ടീഷ് അധികാരികൾ പ്രവർത്തിക്കുകയും ചെയ്തു. ഒടുവിൽ 1865ൽ വസ്ത്രധാരണക്കാര്യത്തിൽ നിലവിലുണ്ടായിരുന്ന നിരോധനങ്ങളെ മുഴുവൻ നീക്കംചെയ്ത പ്രഖ്യാപനം സർക്കാരിൽ നിന്നുണ്ടായി. വളരെപ്പതുക്കെ എല്ലാ ജാതിക്കാരും കുപ്പായവും മേൽമുണ്ടും ധരിച്ചുതുടങ്ങി.
ജാതിയെക്കുറിക്കുന്ന വസ്ത്രധാരണരീതികളെ പരസ്യമായി ഉപേക്ഷിച്ചുകൊണ്ട് പുതിയരീതികളെ സ്വീകരിക്കുന്നത് ഇക്കാലത്തെയും പിൽക്കാലത്തെയും ജാതിവിരുദ്ധസമരങ്ങളുടെ ഒരു സവിശേഷപ്രയോഗമായി മാറി. 1916ൽ കൊല്ലത്തു നടന്ന യോഗത്തിൽവച്ച് തിരുവിതാംകൂറിലെ കീഴാളനേതാവായിരുന്ന അയ്യങ്കാളിയുടെ നേതൃത്വത്തിൽ പുലയസ്ത്രീകൾ തങ്ങൾ പരമ്പരാഗതമായി ധരിച്ചുവന്നിരുന്ന 'കല്ലയും മാലയും' വലിച്ചെറിഞ്ഞു. പൊയ്കയിൽ അപ്പച്ചന്റെ അനുകൂലികളായ കീഴാളജനങ്ങൾ വൃത്തിയുള്ള വെള്ളവസ്ത്രം ധരിക്കാൻ തുടങ്ങി. > കാണുക പുറം 40 < [ 135 ]
'മാറുമറയ്ക്കൽ കലാപം' കീഴ്ജാതിക്കാരികളെ ലൈംഗിക അടിമകളായി നിലനിർത്തുന്നതിനെതിരെയുള്ള പൊട്ടിത്തെറിയായിരുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ട്. 1822മുതൽ 1860കൾവരെയുണ്ടായ ലഹളകളിൽ കുപ്പായംധരിച്ച ചാന്നാർസ്ത്രീകൾ ആക്രമണവിധേയകളായിയെന്നത് വാസ്തവംതന്നെ - അവരുടെ മേൽവസ്ത്രത്തെ ബലപ്രയോഗത്തിലൂടെ അഴിച്ചുനീക്കാനാണ് ഉന്നതജാതിക്കാരായ അക്രമികൾ ശ്രമിച്ചത്. പക്ഷേ, കേരളത്തിലെ സ്ത്രീകൾ പണ്ടുകാലത്ത് മാറുമറയ്ക്കാതിരുന്നത് അവർ മേൽജാതിക്കാരുടെ ലൈംഗിക അടിമകളായിരുന്നതുകൊണ്ടാണെന്ന വാദം ശരിയാണോ? പുനഃപരിശോധിക്കേണ്ട കാര്യമാണിത്. കീഴ്ജാതിസ്ത്രീകളെ ഉന്നതജാതിക്കാരായ പുരുഷന്മാർ ലൈംഗികചൂഷണത്തിനു വിധേയരാക്കിയിരുന്നുവെന്നത് നേരുതന്നെ. എന്നാൽ മാറുമറയ്ക്കാത്ത വസ്ത്രധാരണം ഈ ചൂഷണത്തിന്റെ ഭാഗമായിരുന്നോ? അല്ലെന്നു സൂചിപ്പിക്കുന്ന തെളിവുകൾ കുറവല്ല. കേരളത്തിൽ മുസ്ലിം, സുറിയാനി ക്രിസ്തീയവിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾ പണ്ടുമുതൽക്കേ കുപ്പായം ധരിച്ചിരുന്നുവെന്നത് വസ്തുതയാണ്. എന്നാൽ ശരീരത്തെക്കുറിച്ചുള്ള 'പാപബോധം' ഉള്ളതുകൊണ്ടോ അല്ലെങ്കിൽ ലൈംഗിക അടിമത്തം ഇല്ലാത്തതുകൊണ്ടോ മാത്രമല്ല അവർ മാറുമറച്ചിരുന്നത്. യഥാർത്ഥത്തിൽ മാറുമറയ്ക്കൽകാര്യത്തിൽ അത്രവലിയ കടുംപിടിത്തമൊന്നും ക്രിസ്തീയസ്ത്രീകൾക്കുണ്ടായിരുന്നില്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകളുമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തിരുവിതാംകൂർ ബ്രിട്ടീഷിനു കീഴ്പെട്ടയുടൻ ഇവിടത്തെ പ്രകൃതിവിഭവങ്ങളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ബ്രിട്ടീഷ് അധികാരികൾ വാർഡ്, കോണർ എന്നീ രണ്ടു ബ്രിട്ടീഷുകാരെക്കൊണ്ട് ഇവിടെ ഒരു സർവ്വേ നടത്തിയിരുന്നു. ഇവിടത്തെ സുറിയാനിസ്ത്രീകൾ കുപ്പായംധരിക്കുമെങ്കിലും ഇടയ്ക്കും മുറയ്ക്കുമൊക്കെ അതു മാറ്റിവയ്ക്കാനും മറ്റുസ്ത്രീകളെപ്പോലെ നടക്കാനും അവർക്കു മടിയില്ലെന്നും ഇവർ തങ്ങളുടെ റിപ്പോർട്ടിൽ നിരീക്ഷിച്ചിരുന്നു!
തന്നെയുമല്ല, മേൽജാതിയിൽപ്പെട്ട ഏതൊരു വ്യക്തിയുടെയും മുന്നിൽ കീഴ്ജാതിയിൽപ്പെട്ടവർ - പുരുഷനായാലും സ്ത്രീയായാലും - മേൽവസ്ത്രം മാറ്റിപ്പിടിച്ച് വന്ദിച്ചുനിൽക്കണമെന്നായിരുന്നു നിയമം - അതായത് സ്ത്രീകൾക്കുമാത്രം ബാധകമായ നിയമമല്ലായിരുന്നു ഇത്. 1717മുതൽ [ 136 ] 1723വരെ കൊച്ചിയിൽ താമസിച്ചിരുന്ന ജേക്കബ്സ് കാന്റർ വിസ്ചർ (Jacobus Canter Visscher) അന്നത്തെ കൊച്ചീരാജസദസ്സിനെക്കുറിച്ച് ഇങ്ങനെ എഴുതി:
... കൊച്ചീരാജാവിന്റെ സാമന്തർ (മങ്ങാട്, പുറക്കാട് മുതലായവ) അദ്ദേഹത്തോട് ബഹുമാനം പ്രകടിപ്പിക്കണം; അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ അവർ മേൽവസ്ത്രമഴിക്കണം; മേൽവസ്ത്രം ധരിക്കാൻ അദ്ദേഹം അനുവദിക്കുംവരെ അവർ നഗ്നങ്ങളായ ചുമലുകളോടെ അങ്ങനെ നിൽക്കണം... സ്ത്രീകളും പുരുഷന്മാരെപ്പോലെതന്നെയാണ് നമസ്ക്കരിക്കുന്നത് - മേൽമുണ്ട് താഴേയ്ക്കിട്ട്, കൈകൾ മുന്നിൽകെട്ടിവച്ചുകൊണ്ട്.
ഇതേ പുസ്തകത്തിൽ മറ്റൊരിടത്ത് പത്മനാഭമേനോൻ കുറേക്കൂടി സമീപമായകാലത്ത് - 20-ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ - കൊച്ചിയിൽ നടന്ന ഒരു സംഭവവും വിവരിക്കുന്നുണ്ട്. തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രത്തിൽ കൊച്ചീക്കോവിലകത്തെ ഒരു തമ്പുരാട്ടി ദർശനത്തിനായി എത്തിയവേളയിൽ ബ്ലൗസ് ധരിച്ച ഒരു നായർയുവതി അവരുടെ മുന്നിലൂടെ കടന്നുപോയതിനെച്ചൊല്ലിയുണ്ടായ കോലാഹലത്തെ അദ്ദേഹം വർണ്ണിക്കുന്നുണ്ട്. മേൽവസ്ത്രം അഴിച്ച് തമ്പുരാട്ടിയോടുള്ള ബഹുമാനം പ്രദർശിപ്പിക്കണമെന്ന് രാജഭടന്മാർ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിനു വഴങ്ങിയില്ല. ഭടന്മാർ ബലപ്രയോഗത്തിലൂടെ യുവതിയുടെ വസ്ത്രമഴിച്ചു - ഇതിനെക്കുറിച്ച് യുവതിയുടെ കുടുംബക്കാരണവർ മഹാരാജാവിനു പരാതി നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലത്രെ! ഇതുകൂടാതെ ആറ്റിങ്ങൽറാണിയുടെ മുന്നിൽ കുപ്പായം ധരിച്ചെത്തിയ നാട്ടുകാരിയായ സ്ത്രീയുടെ മുലകൾ മുറിച്ചുകളയാൻ ഉത്തരവുണ്ടായിയെന്ന് അക്കാലത്തെ ഒരു നിരീക്ഷകൻ രേഖപ്പെടുത്തിയതും മേനോൻ ഉദ്ധരിക്കുന്നുണ്ട്. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ മേൽവസ്ത്രം ധരിക്കാത്തവരായിരുന്നെന്നും ഇക്കാര്യത്തിൽ മഹാരാജാവും ഏറ്റവും എളിയ സേവകനും ഒരുപോലെയായിരുന്നെന്നും വെളിവാക്കുന്ന നിരവധി രേഖകൾ മേനോൻ ഹാജരാക്കുന്നുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും നഗ്നമായ മാറിടം വെറും സാധാരണ കാഴ്ചയായിരുന്നുവെന്ന് സാരം - ഇന്ന് നാം കൈകാലുകളെ കാണുന്നതുപോലെ. അക്കാലത്ത് കേരളത്തിലെത്തിയ യൂറോപ്യൻ നിരീക്ഷകരിലൊരാളായിരുന്ന ജോൺ ഹെൻറി ഗ്രോസ് (John Henry Grose) ഇപ്രകാരമെഴുതി:
ഈ രാജ്യത്തെ സ്ത്രീകൾക്ക് മാറിടത്തിന്റെ ഒരുഭാഗവും മറയ്ക്കാൻ അനുവാദമില്ല; അതു നഗ്നമായി വയ്ക്കുന്നതിൽ എന്തെങ്കിലും കുറച്ചിലുണ്ടെന്ന് അവർ കരുതുന്നുമില്ല; ആ തോന്നൽതന്നെ ഈ കാഴ്ച പഴകുന്തോറും ഇല്ലാതാവുകയും ചെയ്യും. മിക്ക യൂറോപ്യന്മാർക്കും ആദ്യത്തെ കാഴ്ചയിൽ പ്രലോഭനം തോന്നും. [പക്ഷേ] വളരെ പെട്ടെന്നുതന്നെ ആ തോന്നൽ അവസാനിക്കും; ഇവിടത്തുകാരെപ്പോലെ അവരും ഇതിനെപ്പറ്റി അധികമൊന്നും വികാരംകൊള്ളാതെയാകും. അല്ലെങ്കിൽ ഈ ശരീരഭാഗങ്ങളെ മുഖം, കൈകാലുകൾ മുതലായവയെപ്പോലെ കണ്ടുതുടങ്ങും.
(പത്മനാഭമേനോൻ ഉദ്ധരിച്ചത്, History of Kerala വാള്യം 3, 1984, പുറം 201-2)
മാത്രമല്ല, മാറുമറയ്ക്കുന്ന സ്ത്രീകൾ അഭിസാരികമാരാണെന്ന വിശ്വാസംപോലുമുണ്ടായിരുന്നു! എലിക് റെക്ലസ് (Elic Reclus) എന്ന ബ്രിട്ടീഷുകാരൻ 19-ാം നൂറ്റാണ്ടിൽ തലശ്ശേരിയിൽ പരിചയപ്പെട്ട തീയ്യവനിതകളെക്കുറിച്ച് പറഞ്ഞത് ശ്രദ്ധിക്കുക:
ഈ സ്ത്രീകൾ എത്രതന്നെ അടക്കമൊതുക്കവും ഔചിത്യവുമുള്ളവരായാലുംശരി, അരയ്ക്കുമുകളിൽ യാതൊരു വസ്ത്രവും ധരിക്കില്ല: മാറുമറയ്ക്കാൻ ഞങ്ങൾ വേശ്യകളല്ല, അവർ പറയും. ഇവരെ ആയമാരായി വീട്ടിൽ നിയമിച്ച ഇംഗ്ലീഷ് വനിതകൾ ബ്രിട്ടീഷ്മാന്യതയുടെപേരിൽ മാർക്കച്ചയെങ്കിലും ധരിക്കാൻ ഇവരെ പ്രരിപ്പിക്കാറുണ്ട്; പക്ഷേ, ഓരോതവണയും വാശിയേറിയ എതിർപ്പിനെയാണ് അവർ നേരിടുന്നത്. [ഇംഗ്ലീഷ് സ്ത്രീകളോട്] പെരുവഴിയിലൂടെ നഗ്നരായി നടക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ അവർ ഏതു വാശിയോടെ എതിർക്കുമോ, അതേ വാശിയാണ് [തീയ്യസ്ത്രീകൾ മേൽവസ്ത്രത്തിനെതിരെ] പ്രദർശിപ്പിക്കുന്നത്.
[ 138 ] 19-ാം നൂറ്റാണ്ടിൽ മിഷണറിമാരുടെ വരവ് വർദ്ധിക്കുകയും ബ്രിട്ടീഷ് ഭരണം നടപ്പാവുകയും ചെയ്തകാലത്ത് ഈ മനോഭാവം മാറാൻ തുടങ്ങിയിരുന്നു. ക്രിസ്തീയമൂല്യങ്ങളനുസരിച്ച് സ്ത്രീശരീരത്തിന്റെ നഗ്നത പാപമാണ്; അത് അമിതമായ ലൈംഗികവിചാരത്തിനിടവരുത്തുന്നു. അങ്ങനെ ഒരു പ്രതികരണം ഇവിടെ സാധാരണമല്ല എന്ന് 13-ാം നൂറ്റാണ്ടുമുതൽ 19-ാം നൂറ്റാണ്ടുവരെയുള്ള യൂറോപ്യൻ സഞ്ചാരികൾ തുടർച്ചയായി രേഖപ്പെടുത്തിയെങ്കിലും മിഷണറിമാർക്ക് ബോദ്ധ്യമായില്ല! ഇവിടത്തെ സ്ത്രീകളുടെ നഗ്നത 'സംസ്ക്കാര ശൂന്യ'തയുടെയും 'അമിതലൈംഗികാസക്തി'യു ടെയും അടയാളമായി. മാറുമറയ്ക്കാത്ത സ്ത്രീകൾ പുരുഷന്മാരെ കെണിയിൽപ്പെടുത്താൻ നടക്കുന്നവരാണെന്നും അവർ 'സ്തനംകാട്ടി ധനം പറിക്കുന്നു'വെന്നു പ്രാസമൊപ്പിച്ചു പറയാനും 19-ാം നൂറ്റാണ്ടിലെ മിഷണറിമാർക്കു മടിയുണ്ടായിരുന്നില്ല (എന്നാൽ നേരത്തെ പറഞ്ഞതുപോലെ, മാറുമറച്ചുനടക്കുന്ന സ്ത്രീയാണ് വേശ്യ എന്നായിരുന്നു ഈ നാട്ടിൽ പരക്കെയുള്ള വിശ്വാസം!). കേരളത്തിനു പുറത്തുപോയി വിദ്യാഭ്യാസംചെയ്ത മലയാളികളിലും ഈ വിശ്വാസം പതുക്കെ വേരുറച്ചുതുടങ്ങിയിരുന്നു. 1915ൽ മലബാറിലെ സാമൂഹ്യജീവിതത്തെക്കുറിച്ച് എഴുതിയ ഫ്രെഡ് ഫാസറ്റ് നായർസ്ത്രീകളുടെ വസ്ത്രധാരണത്തിലുണ്ടായിക്കൊണ്ടിരുന്ന മാറ്റത്തെ അല്പം ആശങ്കയോടെയാണ് കണ്ടത്:
മാന്യസ്ത്രീകൾ മാറുമറച്ചുകൂട എന്ന ധാരണ സർവ്വത്ര നിലവിലുള്ള മലബാറിൽ അടുത്തിടെ ഈ സമ്പ്രദായത്തെക്കുറിച്ച് ഒരുതരം നാണക്കേട് മെല്ലെ പടർന്നുതുടങ്ങിയിരിക്കുന്നു; വിശേഷിച്ചും [പുറത്ത്] യാത്രചെയ്തിട്ടുള്ളവർക്കിടയിൽ. വസ്ത്രം പാരമ്പര്യമനുസരിച്ചാണല്ലോ [നിർണ്ണയിക്കപ്പെടുന്നത്]; ലജ്ജയെക്കുറിച്ചുള്ള പൊള്ളയായ ധാരണകൾ ഉന്നതകുലജാതയായ നായർ വനിതയുടെ നടത്തയിൽ പ്രകടമാകുന്ന സ്വാഭാവിക [ 139 ] അന്തസ്സിനു പകരംവന്നാൽ അതു വളരെ കഷ്ടമാണെന്നു പറഞ്ഞേ മതിയാവൂ.
എന്നാൽ അപ്പോഴേക്കും 'യുദ്ധം' ആരംഭിച്ചുകഴിഞ്ഞിരുന്നു; ഫാസറ്റിന്റെ ഖേദം ശ്രദ്ധിക്കപ്പെട്ടില്ല. സ്ത്രീനഗ്നത 'സംസ്ക്കാര'ത്തിനെതിരാണെന്ന ധാരണ അക്കാലത്തെ എല്ലാ സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങളും ഉൾക്കൊണ്ടുകഴിഞ്ഞിരുന്നു. പാരമ്പര്യത്തിന്റെ പിടിയിൽനിന്ന് സ്ത്രീശരീരത്തെ വീണ്ടെടുക്കാനുള്ള തന്ത്രമെന്നനിലയിൽ ഈ പ്രസ്ഥാനങ്ങളെല്ലാം സ്ത്രീകളുടെ വസ്ത്രപരിഷ്ക്കാരത്തിന് മുന്തിയ സ്ഥാനംനൽകി. 19-ാം നൂറ്റാണ്ടിൽ സ്ത്രീകളുടെ വസ്ത്രധാരണരീതിയെ ബലപ്രയോഗത്തിലൂടെ മാറ്റിക്കൊണ്ട് ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച ഈഴവപ്രമാണിമാരുടെ നിരവധി കഥകൾ ഇന്നും തിരുവിതാംകൂറിൽ കേൾക്കാനുണ്ട് - ആറാട്ടുപുഴയിലെ വേലായുധപ്പണിക്കർ, കായംകുളത്തെ കല്യാശ്ശേരി അച്ചൻ മുതലായ വീരപുരുഷന്മാർ ഈഴവസ്ത്രീകളെ ബലമായി തോർത്തുടുപ്പിക്കുകയും കാതുകുത്തിക്കുകയുംമറ്റും ചെയ്തതിന്റെ കഥകൾ ഇന്നും ആ പ്രദേശങ്ങളിൽ കേൾക്കാനുണ്ട്. ഇവരെപ്പോലെ നേരിട്ടുള്ള ബലപ്രയോഗത്തിലൂടെ അല്ലെങ്കിലും ചിലപ്പോഴെങ്കിലും പരോക്ഷമായ സമ്മർദ്ദം ചെലുത്തേണ്ടിവന്നിരുന്നു, സമുദായപരിഷ്ക്കർത്താക്കൾക്ക്. ബ്രാഹ്മണമേധാവിത്വത്തെ ചെറുക്കാനുള്ള മാർഗ്ഗമായി നായർസമുദായനേതാക്കൾ സ്ത്രീകളുടെ മാറുമറയ്ക്കലിനെ പിന്താങ്ങിയപ്പോൾ, നമ്പൂതിരിസമുദായപരിഷ്ക്കർത്താക്കൾ അന്തർജനങ്ങളുടെ മാറുമറയ്ക്കാനുള്ള ശ്രമങ്ങളെ പിന്താങ്ങുകയായിരുന്നു. ബലപ്രയോഗത്തിന്റെ പല കഥകളും ഈ ഊർജ്ജിതശ്രമങ്ങളെക്കുറിച്ചുള്ള ഓർമ്മിക്കലുകളിൽ കേൾക്കാനുണ്ട്. മാറുമറയ്ക്കാൻ വിസമ്മതിച്ച അരയസ്ത്രീകളെ ചായംപൂശിവിട്ട അരയസമുദായപ്രേമികളായ യുവാക്കന്മാരെക്കുറിച്ച് പി.കെ. ഡീവർ എന്ന അരയസമുദായ പരിഷ്ക്കർത്താവിന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. ഈഴവസമുദായനേതാവായിരുന്ന കെ.എസ്. ശങ്കുവിന്റെ ഭാര്യ കുഞ്ഞിയമ്മയ്ക്കും ഇത്തരമൊരു കഥയുണ്ടായിരുന്നു. കോട്ടയത്തുനിന്ന് ചങ്ങനാശ്ശേരിവരെ ബ്ലൗസിട്ട പത്തിരുപതു പെണ്ണുങ്ങളുടെ ജാഥ നടത്തിയതിനെക്കുറിച്ചാണ് കഥ. കുഞ്ഞിയമ്മ അതിൽ മുൻനിരക്കാരിയായിരുന്നു. കുറച്ചുദൂരം ചെന്നപ്പോൾ പലസ്ത്രീകളും കുപ്പായമഴിച്ചു മടിയിൽവച്ചു. ഇതിനെത്തുടർന്ന് കിടങ്ങൂർമുണ്ടൻ എന്നയാൾ ബ്ലൗസഴിച്ച പെണ്ണുങ്ങളുടെ മുന്നിലേക്ക് പൂർണ്ണനഗ്നനായി കടന്നുചെന്നത്രേ!
വസ്ത്രധാരണവും സ്ത്രീകളുടെ മേൽ ബലപ്രയോഗവും
വസ്ത്രധാരണപരിഷ്കാരത്തെ സ്ത്രീകൾ സ്വാഭാവികമായി സ്വീകരിച്ചുവെന്ന് നാം പലപ്പോഴും ധരിക്കാറുണ്ട്. ഇതു ശരിയല്ല. ശരീരത്തെക്കുറിച്ച് നാണംതോന്നുന്നത് സ്വാഭാവികമാണെന്ന ധാരണതന്നെ ശരിയല്ല. സ്ത്രീശരീരത്തിന്റെ നഗ്നത മാന്യമല്ലെന്ന തോന്നൽ ശക്തമായപ്പോഴാണ് സ്ത്രീകൾ മേൽവസ്ത്രം നിർബന്ധമായും ഇട്ടുതുടങ്ങിയത്. ഈ തോന്നൽ അവരിലുണ്ടാക്കാൻ പുരുഷന്മാരായ പരിഷ്കർത്താക്കൾക്ക് വളരെ അദ്ധ്വാനിക്കേണ്ടിവന്നു എന്നു സൂചനയുമുണ്ട്. പലപ്പോഴും ബലപ്രയോഗത്തിലൂടെത്തന്നെ അവർ സ്ത്രീകളുടെ വസ്ത്രധാരണബോധത്തിൽ മാറ്റംവരുത്താൻ നോക്കുകയും ചെയ്തു. ഏറ്റുമാനൂർ സോമദാസൻ അരയസമുദായനേതാവായിരുന്ന പി.കെ. ഡീവറിന്റെ ജീവചരിത്രത്തിൽ 1920കളിൽ നടന്ന ഇത്തരമൊരു സംഭവം വിവരിക്കുന്നുണ്ട്:
മത്സ്യവില്പനക്കാരികളായിരുന്ന ധീവരസ്ത്രീകൾ മാറുമറച്ചു നടക്കണമെന്ന് കറുപ്പൻ മാസ്റ്റർ [അരയനേതാവായിരുന്ന പണ്ഡിറ്റ് കറുപ്പൻ] ആദ്യകാലംമുതൽക്കേ നിർബന്ധിച്ചിരുന്നു. ബ്ലൗസ് അന്ന് സാധാരണമല്ലായിരുന്നു. ഉയർന്നജാതി സ്ത്രീകൾ മുലക്കച്ചകെട്ടുകയോ റൗക്ക ധരിക്കുകയോ ചെയ്തിരുന്നു. അരയത്തികൾക്ക് അതു പാടില്ലായിരുന്നു. അതുകൊണ്ട് കറുപ്പൻമാസ്റ്റർ നിശ്ചയിച്ചത് കച്ചത്തോർത്താണ്. 'കറുപ്പൻകച്ച' എന്ന പേരിലാണ് അരയസ്ത്രീകൾക്കിടയിൽ അതറിയപ്പെട്ടിരുന്നത്. പക്ഷേ, കച്ചയുടുക്കാൻ പലർക്കും അസൗകര്യമായിത്തോന്നി. അവർ 'കറുപ്പൻകച്ച'യിൽനിന്ന് സ്വയം മോചിതരായി. അതിനൊരു പരിഹാരംകണ്ടെത്തിയത് ഡീവറും അത് പ്രയോഗത്തിൽ വരുത്തിയത് പരിഷ്ക്കരണപ്രിയരായ ചില യുവാക്കളുമായിരുന്നു. ചായംകലക്കിയ ഒരു ടിന്നും ബ്രഷുമായി അവർ വഴിയരികിൽ കാത്തുനിൽക്കും. നഗ്നമാറിടവുമായി തലയിൽ മീൻകുട്ടയുടെ ബാലൻസുതെറ്റാതെ കുണുങ്ങിക്കുണുങ്ങി കൂസലില്ലാതെ നടന്നുവരുന്ന സ്ത്രീകളെ ചായംപൂശി വിടും. ആ വിദ്യ ഫലിച്ചു. കറുപ്പൻകച്ച ഉപേക്ഷിച്ചവരൊക്കെ വീണ്ടും അതു സ്വീകരിച്ചുതുടങ്ങി.
ഇങ്ങനെ ബലപ്രയോഗത്തിലൂടെയല്ലാതെ, നയപ്രയോഗത്തിലൂടെ സ്ത്രീകളെ വസ്ത്രംധരിപ്പിക്കാൻ പ്രരിപ്പിക്കുന്ന രീതികളായിരുന്നു അധികവും പ്രചാരത്തിലുണ്ടായിരുന്നത്. 1916ൽ അയിരൂരിൽ കൂടിയ നായർസമ്മേളനം നീളൻകുപ്പായം ധരിക്കാൻ ധനശേഷിയില്ലാത്ത സ്ത്രീകൾ ചെറിയ 'ജമ്പർ' (jumper) ധരിച്ചാൽമതിയെന്ന് പ്രമേയം പാസാക്കി - ഇത് [ 140 ] 'നയപ്രയോഗ'മായിരുന്നു. തിരുവിതാംകൂർ സർക്കാർ ഈ ശ്രമങ്ങളെ പിന്താങ്ങുകയും ചെയ്തു. 1891ലെ തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടിന്റെ കർത്താവായ വി. നാഗം അയ്യ എന്ന ഉദ്യോഗസ്ഥൻ ഇവിടെ 'സ്ഥിതിഗതികൾ' മെച്ചപ്പെട്ടുവരുന്നുവെന്ന് നിരീക്ഷിച്ചു: 'തെക്കുഭാഗത്തുനിന്ന് [അതായത്, മിഷണറിസ്വാധീനം ശക്തമായ തെക്കൻ തിരുവിതാംകൂറിൽനിന്ന്] സംസ്കാരം അടിവച്ച് മുന്നേറുന്നു; തിരുവനന്തപുരത്ത് അതിന്റെ ഫലം ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു', അദ്ദേഹമെഴുതി, '[ഇവിടെ] മേൽമുണ്ടുധരിക്കാതെ പുറത്തിറങ്ങാൻ തയ്യാറുള്ള ഒറ്റ നായർപെൺകുട്ടിപോലുമില്ല.' (തിരുവിതാംകൂർ സെൻസസ്, 1891, പുറം 768-69) 20-ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽത്തന്നെ തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന്റെ എഴുന്നള്ളത്തിൽ നായർയുവതികൾ മാറുമറയ്ക്കാതെ വിളക്കെടുക്കുന്ന പതിവിനെ പത്രങ്ങൾ നിശിതമായി വിമർശിച്ചുതുടങ്ങിയിരുന്നു. 1905ൽ ഈ പതിവു മാറി.
സ്ത്രീകളുടെ വസ്ത്രധാരണവും സാമൂഹികപരിഷ്ക്കരണവും
ഈ മാറ്റങ്ങളോട് ഇക്കാലങ്ങളിലെ സ്ത്രീകൾ എങ്ങനെയാണ് പ്രതികരിച്ചത്? സ്ത്രീകളെ പുതിയരീതികൾ പഠിപ്പിക്കാനും പരിഷ്ക്കരിക്കാനുമുള്ള പരിശ്രമം ശക്തിപ്രാപിച്ച കാലമായിരുന്നു ഇത്. സ്കൂൾ വിദ്യാഭ്യാസംനേടി സർക്കാരിലും പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലും കച്ചവടസ്ഥാപനങ്ങളിലും മറ്റും ജോലിനോക്കാൻ തുടങ്ങിയ പുരുഷന്മാർ പഴയകുടുംബങ്ങളിലും തറവാടുകളിലും പ്രചാരത്തിലുണ്ടായിരുന്ന ഉടുപ്പുംനടപ്പും ഉപേക്ഷിച്ച് പുതിയശീലങ്ങൾ സ്വീകരിച്ചുതുടങ്ങിയിരുന്നു. അവരോടൊപ്പം കഴിയേണ്ട സ്ത്രീകൾമാത്രം പഴഞ്ചൻ ഉടുപ്പും അലങ്കാരവും കൊണ്ടുനടക്കുന്നത് ഉചിതമായിരിക്കില്ലെന്ന് സാമൂഹ്യപരിഷ്ക്കർത്താക്കൾ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് സ്ത്രീകളുടെ വസ്ത്രധാരണത്തെ കാലോചിതമായരീതിയിൽ പരിഷ്ക്കരിക്കണമെന്ന് വാദിച്ച വളരെപ്പേർ അക്കാലത്തുതന്നെയുണ്ടായി. തറവാട്ടിൽ താമസിക്കുമ്പോഴുണ്ടായിരുന്ന ഉടുപ്പും ശീലങ്ങളും ഭർത്താവിനോടൊപ്പം പോകുമ്പോൾ ഉപേക്ഷിക്കേണ്ടിവന്ന ഭാര്യമാരെപ്പറ്റി നിരവധി കഥകളുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന എം. കൃഷ്ണൻനായരുടെ ഭാര്യയെപ്പറ്റിയുള്ള കഥ അതിലൊന്നാണ്. തിരുവനന്തപുരത്തെ പരിഷ്ക്കാരികളുടെ ലോകത്ത് സാരിയും ബ്ലൗസുമിട്ടുകഴിഞ്ഞിരുന്ന സ്ത്രീ സ്വന്തം തറവാട്ടിലേക്കുപോകുംവഴി - വള്ളത്തിൽ കയറുംമുമ്പുതന്നെ - ബ്ലൗസും സാരിയും അഴിച്ചുമാറ്റി മുണ്ടും മേൽമുണ്ടും മാത്രമാക്കിയിരുന്നത്രെ! പല തറവാടുകളിലും സ്ത്രീകൾക്ക് പരിഷ്ക്കാരികളായ ഭർത്താക്കന്മാർ സ്വന്തം ചെലവിലാണ് റൗക്കയും ജമ്പറും മറ്റും തുന്നിക്കൊടുത്തിരുന്നത് - ആ സ്ത്രീകളുടെ കാരണവന്മാർക്ക് ഈ വസ്ത്രധാരണത്തോട് യോജിപ്പില്ലായിരുന്നതുകൊണ്ട്!
എന്നാൽ, സ്ത്രീകൾ മാറുമറച്ചിരിക്കണം, വസ്ത്രം ധരിച്ചിരിക്കണം എന്ന് നിർബന്ധംപിടിച്ചിരുന്ന പരിഷ്ക്കർത്താക്കൾ സ്ത്രീകൾ 'അമിതമായി' വസ്ത്രാഭരണങ്ങളിൽ താത്പര്യംകാണിച്ചുകൂടെന്നും വിധിയെഴുതി. അണിഞ്ഞൊരുങ്ങാൻ താൽപര്യമുള്ള സ്ത്രീകൾ പൊതുവെ ഉറപ്പില്ലാത്ത സ്വഭാവക്കാരും ശൃംഗാരം കുറെ കൂടിപ്പോയവരുമാണെന്ന വിമർശനം പരിഷ്ക്കർത്താക്കൾ ഇടയ്ക്കിടെ ഉന്നയിച്ചിരുന്നു. അക്കാലത്തെ സ്ത്രീമാസികകളിലുംമറ്റും ഈ വിഷയത്തെക്കുറിച്ച് ഒരുപാടു ലേഖനങ്ങൾ സാമൂഹ്യപരിഷ്ക്കരണത്തിൽ താൽപര്യമുള്ളവർ എഴുതിയിട്ടുണ്ട്. അക്കാലത്തെ നോവലുകളിലും അണിഞ്ഞൊരുങ്ങിനടക്കുന്ന പെണ്ണുങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നതുകാണാം. ഇന്ദുലേഖയിലെ നായിക അതിസുന്ദരിയാണെങ്കിലും അവളുടെ മഹത്വം അതിലൊന്നുമല്ലെന്നാണ് നോവൽകർത്താവായ ചന്തുമേനോൻ പറഞ്ഞിരിക്കുന്നത് - വിദ്യാഭ്യാസത്തിലൂടെ ഇന്ദുലേഖ നേടിയെടുത്ത മനഃപരിഷ്ക്കാരമാണ് അവളുടെ മഹത്വമെന്നും, ശരീരത്തെയും വികാരങ്ങളെയും ഒരുപോലെ നിയന്ത്രിച്ച് വരുതിക്കുനിർത്താൻ അവൾക്കു കഴിഞ്ഞുവെന്നും അദ്ദേഹം നോവലിലൂടെ സ്ഥാപിക്കുന്നു. ഈ നിലപാട് മിക്ക സാമൂഹ്യപരിഷ്ക്കർത്താക്കളും പങ്കിട്ടിരുന്നു. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ 'സ്ത്രീകൾ വസ്ത്രംധരിക്കണം, എന്നാൽ വസ്ത്രത്തോട് അമിതതാൽപര്യം അവർക്കുണ്ടായിക്കൂട' - ഇതായിരുന്നു സാമൂഹ്യപരിഷ്ക്കർത്താക്കളുടെ അഭിപ്രായം.
ഇക്കാലത്ത് ആധുനികവിദ്യാഭ്യാസംനേടിയ സ്ത്രീകളെ സംബന്ധിച്ചിടത്തോളം മേൽവസ്ത്രം ധരിക്കൽ കേവലം 'നാണംമറയ്ക്കൽ' മാത്രമായിരുന്നില്ല. പരമ്പരാഗതമായ പുരുഷാധികാരത്തിൽനിന്ന് സ്വന്തം ശരീരത്തെ വീണ്ടെടുക്കുന്ന പ്രവൃത്തിയായിട്ടാണ് അവരിൽ പലരും വസ്ത്രധാരണത്തെ കണ്ടത്. 1920കളിലും 1930കളിലും കേരളത്തിലെ നമ്പൂതിരിസമുദായത്തിൽ വളർന്നുവന്ന സമുദായപരിഷ്ക്കരണപ്രസ്ഥാനം നമ്പൂതിരിസ്ത്രീകളുടെ - അന്തർജനങ്ങളുടെ - വസ്ത്രം പരിഷ്ക്കരിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു. പുതിയ വിദ്യാഭ്യാസവും പരിഷ്ക്കാരവും ഉദ്യോഗവുംനേടിയ നമ്പൂതിരിയുവാക്കളുടെ എണ്ണം കൂടിവരുന്നെന്നും [ 141 ] പഴയമട്ടിൽ വേഷംധരിച്ച യുവതികൾ അവർക്കു തീരെ ചേരില്ലെന്നും നമ്പൂതിരി സമുദായനേതാക്കളിൽ പലരും വാദിച്ചു. എന്നാൽ നമ്പൂതിരിസ്ത്രീകളെ സംബന്ധിച്ചിടത്തോളം ബ്ലൗസിടുക എന്നത് പഠിപ്പും ജോലിയുമുള്ള ഭർത്താക്കന്മാരെ ആകർഷിക്കാനുള്ള തന്ത്രം മാത്രമായിരുന്നില്ല - പരമ്പരാഗത കുടുംബരീതിക്കുള്ളിൽ സ്ത്രീകൾക്കു കൽപ്പിച്ചിരുന്ന കടുത്തനിയമങ്ങൾക്കും കീഴ്നിലയ്ക്കും എതിരെയുള്ള ചെറുത്തുനിൽപ്പായിരുന്നു അത്. എം.പി. ഭട്ടതിരിപ്പാട് 1940ൽ എഴുതിയ ഋതുമതി എന്ന നാടകം ഈ ചെറുത്തുനിൽപ്പിനെക്കുറിച്ചായിരുന്നു. യാഥാസ്ഥിതികവൃത്തങ്ങളിൽ ഇതു വലിയ കോളിളക്കമുണ്ടാക്കി.
എന്നാൽ പുതിയ വസ്ത്രധാരണരീതികളോട് അഭ്യസ്തവിദ്യരായ യുവതികൾ കാട്ടിയ താൽപര്യത്തെ അല്പം സംശയത്തോടുകൂടിയല്ലാതെ കാണാൻ പല സമുദായപ്രമാണികൾക്കും കഴിഞ്ഞിരുന്നില്ല. നേരത്തെ പറഞ്ഞതുപോലെ, സ്ത്രീകൾ വസ്ത്രം ഇടണമെന്ന് പറയുമ്പോഴും അത് 'ഒരുങ്ങിക്കെട്ടലാ'കുമോ എന്ന ഭയം എപ്പോഴും അവരെ അലട്ടിയിരുന്നു. അതുകൊണ്ട് പഴയ വസ്ത്രധാരണരീതി വേണ്ടെന്നുവയ്ക്കുന്നവരെ 'അഴിഞ്ഞാട്ടക്കാരികളാ'യിക്കാണാൻ ചിലരൊക്കെ തയ്യാറായി. ഇതിന് ചുട്ട മറുപടികൊടുക്കാൻ അന്നത്തെ സ്ത്രീകളിൽ ചിലർ ഉത്സാഹിച്ചു. ആധുനികവസ്ത്രം ധരിക്കാൻ തയ്യാറായ സ്ത്രീകളെല്ലാം പച്ചപ്പരിഷ്ക്കാരികളാണെന്ന് അടച്ചാക്ഷേപിച്ചുകൊണ്ട് അക്കാലത്തെ സമുദായപ്രമാണിമാരിലൊരാളായിരുന്ന പുത്തേഴത്തു രാമമേനോൻ 'അനുകരണഭ്രമം' എന്നപേരിൽ 1915ൽ ലേഖനമെഴുതി. ഇതിന് മറുപടിയായി സി.പി. കല്യാണിയമ്മ ഇങ്ങനെ എഴുതി:
ആകപ്പാടെ ഞങ്ങൾക്കുള്ള ദോഷങ്ങളെല്ലാം ഇംഗ്ലീഷുവിദ്യാഭ്യാസംകൊണ്ടു വന്നിട്ടുള്ളതാണെന്നാണ് മിസ്റ്റർ മേനോന്റെ അഭിപ്രായം. ഇംഗ്ലീഷ് പുസ്തകങ്ങളെല്ലാം [ 142 ] ചുട്ടുകരിച്ചുകളഞ്ഞു റവുക്കയും ജാക്കറ്റും തോട്ടിൽക്കൊണ്ടുപോയി ഇട്ടു തൂക്കേന്ത്രവും കട്ടിപ്പൂത്താലിയും ധരിച്ചു കല്യാണീകളവാണിയിലും മറ്റും സമയംപോക്കുന്നതായാൽ ഞങ്ങളുടെനേരെ മിസ്റ്റർ മേനോനുള്ള ദേഷ്യത്തിന് അല്പം കുറവുവന്നേക്കാം... കാലഗതി അനുസരിച്ച് [ഞങ്ങൾ] ഉടുപ്പിലുംമറ്റും ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. ആഡമും ഈവും ധരിച്ചിരുന്ന ഉടുപ്പുകൾമാത്രമേ ഇന്നും ധരിക്കാവൂ എന്നു പറയുന്നവരുടെ വാക്കിനെ അത്ര ഗൗരവമായി വിചാരിക്കേണ്ട ആവശ്യം ഇല്ലല്ലോ.
പരിഷ്ക്കാരിയായ ഭർത്താവിന്റെ താത്പര്യവും പരമ്പരാഗതകുടുംബത്തിന്റെ നിയമങ്ങളും പരസ്പരം ചേരാതെവന്ന അവസരങ്ങളിൽ ബുദ്ധിമുട്ടിയതത്രയും സ്ത്രീകളാണ്. ഭർത്താവിന് ഭാര്യ റവുക്ക ധരിക്കണം - കാരണവർക്ക് അതിനോട് വിരോധവും! ഇതിനിടയിൽ ഞെരുങ്ങിയ സ്ത്രീകളുടെ പലകഥകളും അന്നു ജീവിച്ചിരുന്നവരെഴുതിയ ആത്മകഥകളിലുണ്ട്. തിരുവിതാംകൂറിലെ പ്രമുഖ ഈഴവനേതാവായിരുന്ന സി. കേശവന്റെ ആത്മകഥയിൽ ഇത്തരമൊരു കഥ പറയുന്നുണ്ട്. തന്റെ അമ്മാവനും ഈഴവസമുദായത്തിന്റെ ആദ്യകാലനേതാക്കളിൽ പ്രധാനിയുമായിരുന്ന സി.വി. കുഞ്ഞിരാമന്റെ ഭാര്യയാണ് ഇതിലെ നായിക. സംഭവം നടന്നത് 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ. സി.വി. കുഞ്ഞിരാമന്റെ പെങ്ങൾ ഭർത്താവിനോടൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം. അവർ [ 143 ] മയ്യനാട്ടെ കുടുംബവീട്ടിൽ സന്ദർശനത്തിനെത്തിയപ്പോൾ സഹോദരന്റെ ഭാര്യയ്ക്ക് സൂര്യപടത്തിൽ തുന്നിയ രണ്ടു റവുക്ക സമ്മാനമായി കൊടുത്തു. സി.വി.യുടെ ഭാര്യ ആദ്യമായാണ് റവുക്ക കാണുന്നത്. അവർക്കത് ഇഷ്ടമായി. ഭർത്താവിനും ഇഷ്ടമായി. പക്ഷേ, ഭർത്താവിന്റെ അമ്മയ്ക്ക് അതു തീരെ പിടിച്ചില്ല. ക്രിസ്തുമതമോ ഇസ്ലാംമതമോ സ്വീകരിച്ചവരോ 'ആട്ടക്കാരികളോ' ആണ് റവുക്ക ധരിക്കുന്നത് എന്നായിരുന്നു അവരുടെ വിശ്വാസം! അമ്മായിയമ്മയുടെ ദേഷ്യത്തെപ്പേടിച്ച് സി.വിയുടെ ഭാര്യ റവുക്ക പെട്ടിയിൽവച്ചു. അമ്മായി ഉറങ്ങിക്കഴിഞ്ഞാൽ അവർ അതു പുറത്തെടുത്തു ധരിക്കും - രാത്രി വളരെ വൈകിമാത്രം എത്തിയിരുന്ന ഭർത്താവിനെ ആനന്ദിപ്പിക്കാൻവേണ്ടിമാത്രം!
'ഭർത്താവിനുവേണ്ടിമാത്രം' അണിഞ്ഞൊരുങ്ങുന്നതിൽ തെറ്റില്ലെന്ന് അന്നത്തെ പുരോഗമനവാദികളിൽ ചിലരുൾപ്പെടെയുള്ള ഒരുവിഭാഗം വാദിച്ചിരുന്നു. ഭർത്താവിനെ വിവാഹബന്ധത്തിൽ പിടിച്ചുനിർത്തണമെങ്കിൽ പെണ്ണുങ്ങൾ ഇതിനു തയ്യാറാകണമെന്നുപോലും വാദിച്ചവരുണ്ടായിരുന്നു - കേരളത്തിലെ സാമൂഹ്യപരിഷ്ക്കർത്താക്കളിൽ ഒന്നാംസ്ഥാനക്കാരനായി ആദരിക്കപ്പെടുന്ന വി.ടി. ഭട്ടതിരിപ്പാടുപോലും ഈ അഭിപ്രായത്തെ പിന്താങ്ങിയിരുന്നു. 'നമ്പൂതിരി മനുഷ്യനായി മാറണമെങ്കിൽ' എന്ന തന്റെ അതിപ്രശസ്തമായ പ്രസംഗത്തിൽ അന്തർജനങ്ങളുടെ വസ്ത്രധാരണരീതികളിൽ പരിഷ്ക്കാരികളായ നമ്പൂതിരിയുവാക്കളിൽ അറപ്പുംവെറുപ്പുമാണ് ഉളവാക്കുന്നതെന്നും കേവലം സദാചാരബോധത്തിന്റെപേരിൽമാത്രമാണ് നമ്പൂതിരിയുവാക്കന്മാർ 'അപരിഷ്കൃതരായ' അന്തർജനയുവതികളെ വിവാഹംചെയ്യാൻ തയ്യാറാകുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. അന്തർജനങ്ങൾ വൃത്തിയും ഭംഗിയുമുള്ള പുതിയ വസ്ത്രധാരണരീതി സ്വീകരിച്ചില്ലെങ്കിൽ നമ്പൂതിരി പുരുഷന്മാർ വേറെ സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനിടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
നമ്പൂതിരിസമുദായ പരിഷ്ക്കരണപ്രസ്ഥാനത്തിന്റെ മുൻനിരക്കാരായ സ്ത്രീകളെ ഈ നിർദ്ദേശം അസ്വസ്ഥരാക്കി.
മനഃപരിഷ്ക്കാരത്തിനു മുന്തിയസ്ഥാനം നൽകിയ അവർക്ക് 'ഭർത്താവിനുവേണ്ടി'മാത്രം വേണമെങ്കിൽ അണിഞ്ഞൊരുങ്ങാം എന്ന നിർദ്ദേശം അസ്വീകാര്യമായിരുന്നു. സ്ത്രീകളെ പൂർണ്ണവ്യക്തിത്വത്തിലെത്താൻ സഹായിക്കുന്ന മനഃപരിഷ്ക്കരണത്തിൽനിന്നും അവരെ വ്യതിചലിപ്പിക്കുന്ന നിർദ്ദേശമാണിതെന്ന് അവർക്കു തോന്നി. പുരുഷന്മാരോടൊപ്പം അദ്ധ്വാനിക്കുക, വിദ്യാഭ്യാസംനേടുക, പൊതുകാര്യങ്ങളിൽ താത്പര്യമെടുക്കുക - ഇതൊക്കെ ചെയ്യുന്നതിനുപകരം 'ഭർത്താവിനുവേണ്ടി' എന്ന ഒഴിവുകഴിവും പറഞ്ഞ് സ്ത്രീകൾ അണിഞ്ഞൊരുങ്ങിനടക്കുന്നത് എത്രത്തോളം ആരോഗ്യകരമാണ് - അവർ ചോദിച്ചു. നമ്പൂതിരിസമുദായപരിഷ്ക്കരണത്തിന്റെ നായികമാരിൽ ഒരാളായിരുന്ന പാർവ്വതി നെന്മിനിമംഗലം ഈ നിർദ്ദേശത്തെ പരോക്ഷമായി വിമർശിച്ചു:
... പുരുഷന്മാരെ വശീകരിക്കാൻവേണ്ടിമാത്രമല്ല നാം ഇന്ന് ഇത്തരം വസ്ത്രധാരണം ചെയ്യുന്നതും ആഭരണങ്ങൾ അണിയുന്നതും. നമുക്കു പുരുഷന്മാരെ വശീകരിക്കേണ്ട ആവശ്യമില്ല; അതു നിന്ദ്യവും ആഭാസവുമാണ്. ഒരു സ്ത്രീ ഭർത്താവിനെമാത്രം വശീകരിക്കണം; അതു കൃത്രിമവേഷംകൊണ്ടല്ല. കൃത്രിമവേഷംകൊണ്ടുമാത്രം വശീകൃതനായ പുരുഷനെ ഭർത്താവായി സ്വീകരിച്ചാൽ തീർച്ചയായും നാം വ്യസനിക്കേണ്ടിവരും. നമ്മുടെ ഈ വേഷഭൂഷണങ്ങൾ തീരെ മാറ്റണം; ആഛാദനം അത്യാവശ്യമാണ്; അത് ആഡംബരത്തിനാവരുത്. സ്ത്രീക്കും പുരുഷനും വസ്ത്രധാരണത്തിൽ വ്യത്യാസം ആവശ്യമേയില്ല... പ്രവൃത്തിയെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്... ശരിയായി പുരുഷന്മാരോടൊപ്പം പ്രവൃത്തിയെടുത്തെങ്കിൽ, അദ്ധ്വാനിച്ചെങ്കിൽമാത്രമേ, സ്ത്രീകൾക്കു യഥാർത്ഥമായ സ്വാതന്ത്യ്രവും സ്ത്രീത്വവും ഉണ്ടാവുകയുള്ളൂ.
ഇതുകൂടാതെ സ്ത്രീയുടെ പുതിയ വസ്ത്രധാരണരീതി പുരുഷന് എത്ര ആനന്ദം നൽകുന്നതായാലുംശരി, അത് വലിയ അസൗകര്യമാണ് സ്ത്രീകൾക്കുണ്ടാക്കുന്നതെന്ന് തുറന്നുപറയാൻ പിൽക്കാലത്തെ ചില സ്ത്രീകൾ തയ്യാറായി. കെ. സരസ്വതിയമ്മ > കാണുക പുറം 121 < യുടെ വാക്കുകളിൽ:
മഴയത്തു റോഡിലെ വെള്ളത്തിൽ കിടന്നിഴഞ്ഞു ഘനംതൂങ്ങുന്ന സാരിയുമായി വലിഞ്ഞുനീങ്ങുന്നതിന്റെ വിഷമം അനുഭവിച്ചവർക്കല്ലേ അറിയാവൂ? അതിനുപകരം മുണ്ടും മടക്കിക്കുത്തി മൂളിപ്പാട്ടുംപാടി അല്ലലറിയാതെ നടക്കാൻ സാധിക്കുന്നതുതന്നെ എന്തൊരു ഭാഗ്യമാണ്! പല കാരണങ്ങളാലും ഘനംതൂങ്ങുന്ന മുടിക്കെട്ടു വേണ്ടെന്നുവെച്ചാൽ തലയുടെ ഘനം വിട്ടുകിട്ടും; എന്നാൽപ്പിന്നെ തലച്ചോറും നേരെ പ്രവർത്തിച്ചേനെ.
സ്ത്രീകളുടെ വസ്ത്രാലങ്കാരം വാസ്തവത്തിൽ സ്ത്രീകളെ തമ്മിൽ ഭിന്നിപ്പിക്കാനാണ് സഹായിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു:
സ്ത്രീകൾ അണിഞ്ഞൊരുങ്ങുന്നത് പുരുഷനെ ആകർഷിച്ച്, അയാളുടെ കണ്ണുകളെ പ്രീതിപ്പെടുത്തി, കരളിൽ മോഹംജനിപ്പിക്കാനാണെന്നതിനു സംശയാതീതമായ തെളിവുകളില്ല. പരോക്ഷമായി ആ ഉദ്ദേശ്യം ഉണ്ടായിരിക്കാമെന്നു പറയാനേ നിവൃത്തിയുള്ളൂ. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, സ്ത്രീകൾ മാത്രമുള്ള സ്ഥലങ്ങളിൽ അവരുടെ അലങ്കാരനിഷ്ക്കർഷ കൂടുകയാണ്, കുറയുകയല്ല പതിവ്. കാഴ്ചക്കാരിയുടെ കണ്ണു കലുഷമാവുകയും കരൾ പുകയുകയും ചെയ്യിക്കാൻകഴിഞ്ഞാൽ സ്വപ്രവൃത്തി സഫലമായെന്ന കൃതാർത്ഥതയാണ് ആ വേഷഭൂഷകൾക്കുപിന്നിൽ...
[ 145 ] എന്നാൽ ആദ്യകാലസ്ത്രീവാദികളിൽ പലരും സ്ത്രീകളുടെ വസ്ത്രാലങ്കാരത്തെ വെറും പാഴ്വേലയായും സ്ത്രീയുടെ മനഃപരിഷ്ക്കാരത്തിന് വിരോധമായ പ്രവൃത്തിയായും പുച്ഛിച്ചുതള്ളിയപ്പോൾ സരസ്വതിയമ്മ അതിൽ ക്രിയാത്മകമായ സാദ്ധ്യതകൂടി കണ്ടുവെന്നകാര്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്. നിലവിലുള്ള വസ്ത്രാലങ്കാരരീതികൾ പലതും സ്ത്രീയുടെ ആത്മാഭിമാനത്തെ നിന്ദിക്കുംവിധത്തിലുള്ളവയാണെന്ന് സരസ്വതിയമ്മ സമ്മതിച്ചെങ്കിലും, അങ്ങനെയല്ലാത്ത വസ്ത്രാലങ്കാരം സ്ത്രീകൾക്കു സാധിക്കുമെന്ന സൂചന അവർ ചില കഥകളിലൂടെ നൽകുന്നുണ്ട്. സ്ത്രീകൾക്ക് സ്വന്തം ശരീരത്തെക്കുറിച്ച് ആനന്ദിക്കാനും അഭിമാനിക്കാനുമുള്ള ഒരു മാർഗ്ഗമായി വസ്ത്രധാരണത്തെ മാറ്റാൻ കഴിയും - സ്വന്തം അഭിരുചിക്കും സൗന്ദര്യബോധത്തിനുമസരിച്ചുള്ള ഒരു പുതിയ വസ്ത്രാലങ്കാരം അവർക്കുണ്ടാക്കാൻ കഴിയും - ഇതാണ് 'ഒരുക്കത്തിന്റെ ഒടുവിൽ' (1946) എന്ന കഥയുടെ ഒരു സന്ദേശം. ഈ വസ്ത്രാലങ്കാരം, ഒരുപക്ഷേ, പുരുഷന്മാർക്ക് പിടിക്കില്ലായിരിക്കുമെന്നും സൗന്ദര്യംമാത്രമല്ല, സൗകര്യംകൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഈ പുതിയരീതി രൂപപ്പെടുന്നതെന്നും അവർ സൂചിപ്പിക്കുന്നു. 'ഒരുക്കത്തിന്റെ ഒടുവിൽ' എന്ന കഥയിലെ വാസന്തി എന്ന യുവതി പുരുഷന്മാരെ ആകർഷിക്കാൻ ശ്രമിക്കാത്തവളാണ്. എങ്കിലും ഒരുക്കത്തിൽ അവൾക്കു താൽപര്യമുണ്ട് - സ്വന്തമായ സൗന്ദര്യബോധമുണ്ട്. 'നിത്യകന്യക' യ്ക്ക് ഒരുക്കംകൊണ്ടെന്തു പ്രയോജനം എന്നു ചോദിച്ചു കളിയാക്കുന്ന കൂട്ടുകാരിയോട് അവർ പറയുന്നു: 'പരാഗസംക്രമണംകൊണ്ട് ഫലമുണ്ടാകാത്ത ചെടികൾക്കും പ്രകൃതി ഭംഗിയുള്ള പൂക്കൾ കൊടുക്കുന്നതെന്തിന്? എന്തായാലും... എന്റെ ചില കൂട്ടുകാരികളെപ്പോലെ കുമ്മായവില്പനയുള്ള വീട്ടിലാണ് താമസമെന്ന് എന്റെ മുഖംകണ്ടാരും വിചാരിക്കാൻ ഞാനിടയാക്കാറില്ല.'
വസ്ത്രധാരണത്തിലെ ഇരട്ടസദാചാരം
1940കൾക്കുശേഷം കേരളത്തിലേക്ക് മറ്റു പ്രദേശങ്ങളിൽനിന്നുള്ള വസ്ത്രധാരണരീതികൾ എത്താൻതുടങ്ങി. ധാവണിയും പാവാടയും വടക്കേയിന്ത്യൻ സ്റ്റൈലിലുള്ള സാരി - ബ്ലൗസ് മുതലായവയ്ക്കും പ്രചാരം വർദ്ധിച്ചു. കേരളത്തിനു പുറത്തുപോയി പഠിച്ച സ്ത്രീകളാണ് പലപ്പോഴും ഇവയ്ക്കു പ്രചാരംനൽകിയത്. വസ്ത്രങ്ങളിലും അടിവസ്ത്രങ്ങളിലുമുണ്ടായ മാറ്റം വസ്ത്രധാരണത്തിനെ ചെലവേറിയ ഏർപ്പാടാക്കിമാറ്റി. സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും വസ്ത്രാഭിരുചികളിൽ വൻമാറ്റമാണ് ഈ കാലയളവിലുണ്ടായത്. പക്ഷേ, സ്ത്രീശരീരത്തിന്റെ അലങ്കരണവും പ്രദർശനവും 'കൂടുതൽ പാപകര'മാണെന്ന ഇരട്ട സദാചാരവാദം കൂടുതൽ ശക്തമായതേയുള്ളൂ. ഉദാഹരണത്തിന് 1950കളിൽ കൊല്ലം നഗരത്തിലെ കോളേജുകുമാരീകുമാരന്മാർ പൊതുവെ 'വേഷംകെട്ടി'നടന്നു സമയവും പണവും നശിപ്പിക്കുന്നവരാണെന്ന് പരാതിപ്പെട്ട ഈ ലേഖനം നോക്കുക - ആണിനേയും പെണ്ണിനേയും കുറ്റപ്പെടുത്തുന്നുവെങ്കിലും പെണ്ണിന്റെ 'വേഷംകെട്ടൽ' കൂടുതൽ അപകടമാണെന്നായിരുന്നു ലേഖികയുടെ അഭിപ്രായം:
വർഷംതോറും നമ്മുടെ കോളേജുകളിൽനിന്നും ആയിരക്കണക്കിനു ബിരുദധാരികൾ പുറത്തുവരുന്നുണ്ടല്ലോ. തെറ്റുകൂടാതെ ഇംഗ്ലീഷിൽ ഒരാപ്ലിക്കേഷൻ തയ്യാറാക്കാൻ കഴിവുള്ളവർ എത്രപേർ ഉണ്ടായിരിക്കും. [കോളേജിൽ പ്രവേശിച്ചാൽ] അതുവരെ കരിക്കട്ടപൊടിച്ചു പല്ലുതേച്ച ചെറുക്കന് toothpaste-ഉം ബ്രഷും വേണം. അലക്കിത്തേച്ച ഡ്രസ്സ് ദിവസംതോറും മാറണം... [കോളേജുകുമാരിമാർക്കാണെങ്കിൽ].. 'റവുക്ക'യൊന്നുമല്ല. അതാണ് ചോളി. എന്തിനമ്പരക്കുന്നു. പൊതിഞ്ഞുവയ്ക്കപ്പെടേണ്ട അവയവങ്ങൾ അല്പാല്പമായി കാഴ്ചക്കാരെ ഒളിഞ്ഞുനോക്കേണ്ട ആവശ്യവും അവരുടെ 'ഫാഷനി'ൽ ഉൾപ്പെട്ടതാണ്.
അതായത്, 1950കളായപ്പോഴേക്കും കേരളത്തിൽ നല്ലൊരുവിഭാഗം സ്ത്രീകളും മാറുമറച്ചുകഴിഞ്ഞുവെങ്കിലും സ്ത്രീശരീരത്തിനുമേലുള്ള 'യുദ്ധം' തുടർന്നുവെന്ന് സാരം. മാറുമറച്ചാലും അതു 'സഭ്യമായ' രീതിയിലാണല്ലോ മറച്ചിട്ടുള്ളത് എന്ന അന്വേഷണം വീണ്ടും തുടർന്നു! 'സഭ്യ'മായി അംഗീകരിക്കപ്പെടാത്ത രീതിയിൽ മാറുമറച്ച സ്ത്രീയെ നിലയ്ക്കുനിർത്താനുള്ള ശിക്ഷാനടപടികൾക്കായി പ്രാധാന്യമെന്നുമാത്രം! കേരളത്തിലെ സ്ത്രീകൾ [ 146 ] സ്വന്തം ശരീരത്തെക്കുറിച്ച് എപ്പോഴും ബോധവതികളാകാൻ നിർബന്ധിതകളായിരിക്കുന്നത് ഇതിനാലാണ് - സമൂഹത്തിന്റെ സദാചാരക്കണ്ണുകൾ അവരെ സദാ പിന്തുടരുന്നതുകൊണ്ട്. ഇന്നാണെങ്കിൽ കൂടുതൽ സൗകര്യപ്രദമായ വസ്ത്രംധരിക്കാൻ സ്ത്രീകൾ തയ്യാറാണ്. ആ വഴി എളുപ്പമല്ല. കേരളത്തിന്റെ വിയർപ്പിലും ചൂടിലും കയ്യില്ലാത്ത വസ്ത്രം ധരിക്കുന്നതാണ് ആരോഗ്യകരമെങ്കിലും അതിനുള്ള സാഹചര്യം ഇവിടെ പലയിടത്തുമില്ല! ശരീരം മറച്ചുവച്ചതുകൊണ്ട് കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരാണോ? ആണെന്ന് യാതൊരു തെളിവുമില്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ ധാരാളമുണ്ടാകുന്നുവെന്നും അവയുടെ തോത് ഉയർന്നിരിക്കുന്നുവെന്നുമാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്.
ശരീരംമുഴുവനും മൂടുന്നത് മതത്തോടുള്ള ആഭിമുഖ്യം വിളിച്ചറിയിക്കുന്നതുമായ വസ്ത്രം (ബുർഖ) ധരിക്കുന്നതിലൂടെ പൊതുവിടങ്ങളിൽ കൂടുതൽ സ്വതന്ത്രരാകാൻ കഴിഞ്ഞിട്ടുണ്ടെന്ന് പല മുസ്ലിംസ്ത്രീകളും പറഞ്ഞുകേൾക്കാറുണ്ട്. വാസ്തവത്തിൽ കേരളത്തിലെ ഹൈന്ദവജാതികളിൽപ്പെട്ട സ്ത്രീകൾ ഒരു നൂറ്റാണ്ടുമുമ്പ് ഈ അനുഭവത്തിലൂടെ കടന്നുപോയവരാണ്. ശരീരത്തെ 'മെരുക്കി' 'ഒതുക്കി' നിർത്തുന്നതിലൂടെയാണ് സ്ത്രീകൾക്ക് മാന്യതയും പൊതുവ്യക്തിത്വവും (ഒരളവുവരെയെങ്കിലും) ഉണ്ടാവുക എന്ന വിശ്വാസം ബുർഖയിലൂടെയാണ് ഇവിടെ വന്നതെന്ന് കരുതുന്നത് തെറ്റാണ്. മുസ്ലിംസ്ത്രീകൾ പുതിയ സാഹചര്യങ്ങളിൽ ഈ വിശ്വാസത്തെ അഭിമുഖീകരിക്കുന്നുവെന്നുമാത്രം. പല സ്ത്രീകളും ഒരുപരിധിവരെയെങ്കിലും ഇതിലൂടെ 'മാന്യത'നേടുന്നുമുണ്ട്. പക്ഷേ, സ്ത്രീശരീരത്തെ 'കാമമുണർത്തുന്ന വസ്തു'വായി ചുരുക്കിക്കളയുന്ന, അപമാനിക്കുന്ന വിശ്വാസമാണിത്. ഈ വിശ്വാസത്തിൽ പതിയിരിക്കുന്ന അപകടം കെ. സരസ്വതിയമ്മ തിരിച്ചറിഞ്ഞിരുന്നു. 'കാമമുണർത്തുന്ന വസ്തു'വെന്നു പറഞ്ഞ് സ്ത്രീശരീരത്തെ പുച്ഛിക്കുമ്പോൾ സ്വന്തം ശരീരത്തിൽ ആനന്ദം കണ്ടെത്താനുള്ള സ്ത്രീയുടെ അവകാശം ഹനിക്കപ്പെടുന്നുവെന്ന് അവർ കണ്ടു. ഒന്നുകിൽ ശരീരത്തെ മൂടിപ്പൊതിഞ്ഞ് 'പാപകര'മായ വസ്തുവെന്നു വിളിച്ച് അപമാനിക്കുക, അല്ലെങ്കിൽ ആണിന്റെ സന്തോഷത്തിനായി ഒരുക്കിക്കെട്ടി പ്രദർശിപ്പിക്കുക - ഈ രണ്ടറ്റങ്ങളിലൂടെയല്ലാതെ ഒരു മദ്ധ്യമാർഗ്ഗം സ്ത്രീകൾക്ക് സ്വയംസൃഷ്ടിച്ചുകൂടേ എന്ന അവരുടെ ചോദ്യം ഇന്നും പ്രസക്തമാണ്.
[ 148 ]
കൂടുതൽ ആലോചനയ്ക്ക്
ചരിത്രപഠനത്തിൽ ഏറ്റവും പ്രധാനം രാഷ്ട്രത്തിന്റെ, രാഷ്ട്രീയത്തിന്റെ ചരിത്രമാണെന്നാണ് 'നിഷ്പക്ഷചരിത്രം' നമ്മെ പഠിപ്പിക്കുന്നത്. മാർക്സിസ്റ്റ് ചരിത്രമാകട്ടെ, സാമൂഹ്യസംഘർഷങ്ങളിൽ സർവ്വപ്രധാനം സാമ്പത്തികവർഗ്ഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് അവകാശപ്പെടുന്നു.
എന്നാൽ രാഷ്ട്രീയത്തെയും സാമൂഹ്യസംഘർഷത്തെയുംകുറിച്ചുള്ള ഈ പ്രബലധാരണകളിൽ ഒതുങ്ങാത്ത ഒരു 'യുദ്ധ'ത്തെക്കുറിച്ചാണ് ഈ അദ്ധ്യായത്തിൽ പറഞ്ഞത്. ഇവിടത്തെ 'രാഷ്ട്രീയ'ത്തിൽ പല കക്ഷികളുണ്ട് - സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷം, വർഗ്ഗങ്ങൾ തമ്മിലുള്ള സംഘർഷം, ജാതികൾ തമ്മിലുള്ള സംഘർഷം - ഇവയെല്ലാം ചേർന്നാണ് ഇവിടെ വിവരിച്ച 'യുദ്ധ'ത്തിനു കളമൊരുക്കിയത്. സ്ത്രീശരീരത്തെ പുതിയ പുരുഷാധികാരത്തിന്റെ വരുതിയാലാക്കുക; അതിനുവേണ്ടി പരമ്പരാഗത അധികാരത്തിൽ (പഴയ ജാതിയുടെ, പഴയ കുടുംബത്തിന്റെ) നിന്ന് അതിനെ മോചിപ്പിക്കുക, എന്നിട്ട് പുതിയ രീതികൾക്കനുസരിച്ച് പാകപ്പെടുത്തിയെടുക്കുക - ഇതായിരുന്നു 'യുദ്ധ'ത്തിന്റെ ആത്യന്തികലക്ഷ്യം. എന്നാൽ സ്ത്രീശരീരം പിന്നെയുംപിന്നെയും വഴുതിമാറിക്കൊണ്ടിരുന്നു - സ്ത്രീകളുടെ 'ഒരുക്ക'ത്തെക്കുറിച്ചുള്ള ഭയവും പരാതിയും ഇതുകൊണ്ടാണ് ഇന്നും ആവർത്തിക്കുന്നത്. നിഷ്പക്ഷചരിത്രത്തിൽനിന്ന് നാം ബഹുദൂരം സഞ്ചരിച്ചിരിക്കുന്നുവെന്നും വ്യക്തമാണ്. 'രാഷ്ട്രീയം', 'സംഘർഷം' എന്നിവയെക്കുറിച്ചുള്ള വ്യവസ്ഥാപിതധാരണകളെ സ്ത്രീചരിത്രം തിരുത്തിയെഴുതിക്കഴിഞ്ഞുവെന്ന് വ്യക്തമല്ലേ? ⚫ [ 149 ]
കേരളത്തിന്റെ ചരിത്രകാരികൾ പ്രവീണാ കോടോത്ത്
[പ്രവീണാ കോടോത്ത് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷകയും അദ്ധ്യാപികയുമാണ്.]
ലിംഗബന്ധങ്ങളെക്കുറിച്ചുള്ള ഗവേഷണവും അദ്ധ്യാപനവും നടത്തിക്കൊണ്ടിരിക്കുന്ന ഞാൻ ഇവിടെയെത്തിയത് നീണ്ടുനിവർന്നുകിടന്ന ഒരു വഴിയിലൂടെയല്ല. മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്നും കൊമേഴ്സിൽ ബിരുദം നേടിക്കഴിഞ്ഞപ്പോൾ ഒരുകാര്യം എനിക്കു വ്യക്തമായും അറിയാമായിരുന്നു; എനിക്കിനി കൊമേഴ്സ് പഠിക്കാൻ കഴിയില്ലെന്ന്. അങ്ങനെ ഞാൻ പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. ഡൽഹിയിൽ ദ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ സബ് എഡിറ്ററായി ജോലിനോക്കി. എന്നാൽ പഠനരംഗത്തുനിന്നു പിന്മാറിയത് അത്ര സന്തോഷത്തോടെയായിരുന്നില്ല; അങ്ങനെ ഞാൻ എം.എ ഇക്കണോമിക്സിനു കറസ്പോണ്ടൻസ്‌വഴി ചേർന്നു, മദ്രാസ് സർവ്വകലാശാലയിൽ. അതിനുശേഷം ഹൈദരാബാദ് സർവ്വകലാശാലയിൽ എം.ഫിൽ പഠിച്ചു, ശേഷം അവിടെത്തന്നെ പി.എച്ച്ഡി പഠനവും ആരംഭിച്ചു. അഞ്ചുവർഷക്കാലം നീണ്ടുനിൽക്കുന്ന യു.ജി.സി ഫെലോഷിപ്പ് ഉണ്ടായിരുന്നതുകൊണ്ട് താൽപര്യമുള്ള വിഷയങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള സാവകാശവും സ്വാതന്ത്ര്യവും കിട്ടി. വ്യക്തമായ ചിട്ടയോടുകൂടിയ പഠനത്തിനും എന്റെ യഥാർത്ഥതാൽപര്യം എവിടെയാണെന്ന് ആരായാനുമുള്ള അവസരമായാണ് ഞാൻ എം.ഫിൽ പഠനത്തെ കണ്ടതുകൊണ്ടാണ് ഇക്കാര്യം എടുത്തുപറയുന്നത്.
സ്ത്രീകളുടെ ഭൂവുടമസ്ഥാവകാശങ്ങളെക്കുറിച്ച് പ്രത്യേകിച്ചും, ഭൂവുടമസ്ഥതയെക്കുറിച്ച് പൊതുവിലും താൽപര്യം ജനിച്ചത് ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിൽ ഞാൻ നടത്തിയ ഗവേഷണത്തിലൂടെയാണ്. 'ഭൂവുടമാവകാശ'ത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ച് ബോദ്ധ്യംവന്നത് അവിടെവച്ചാണ് - വസ്തുവകകൾ പേരിലുണ്ടെന്നുവച്ച് ആ വ്യക്തിക്ക് അവയുടെ അനുഭവമുണ്ടായിക്കൊള്ളണമെന്നില്ല; സാമൂഹ്യകെട്ടുപാടുകളിൽനിന്ന് അവൾ വിമുക്തയായിരിക്കുമെന്നും വിചാരിക്കാൻ കഴിയില്ല. ഭൂവുടമകളുടെ വിധവകളുടെപേരിൽ വസ്തുക്കളുണ്ടായിരിക്കുമെങ്കിലും അവയുടെ നിയന്ത്രണം ആണ്മക്കളുടെയോ മറ്റു പുരുഷബന്ധുക്കളുടെയോ കയ്യിലായിരുന്നെന്ന് ഞാൻ കണ്ടു. ഇതിൽനിന്നു വ്യത്യസ്തമായി, കൂലിവേലക്കാരുടെ കുടുംബങ്ങളിലെ സ്ത്രീകൾക്ക് സ്വന്തം അദ്ധ്വാനശേഷിയുടെമേൽ കൂടുതൽ നിയന്ത്രണമുണ്ടായിരുന്നു. പനങ്കള്ളു ചെത്തി ജീവിച്ചിരുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പനയിൽക്കയറാൻ അറിയാത്തതുമൂലം ആ കുടുംബങ്ങളുടെ സ്വത്തായ പനകളെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നുമില്ല.
ഭൂമിയോടും ധനത്തോടും സ്ത്രീകളുടെ ബന്ധം പല ശ്രണിയിലുള്ളവർക്ക് പലതാണെന്ന ഈ തിരിച്ചറിവാണ് എന്റെ ശ്രദ്ധയെ കേരളത്തിലേക്കു തിരിച്ചത്. ഈ പ്രദേശത്ത് മരുമക്കത്തായമുണ്ടായിരുന്നതുകൊണ്ട് സ്ത്രീകളുടെ ഭൂവുടമസ്ഥാവകാശങ്ങൾ കുറേക്കൂടി മെച്ചമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്താണീ മരുമക്കത്തായമെന്നു മനസ്സിലാക്കാൻ ഞാൻ നരവംശശാസ്ത്രവും [ 150 ] ചരിത്രവും വായിച്ചു; പുരാരേഖാശേഖരങ്ങളെ അരിച്ചുപെറുക്കി. എന്തായിരുന്നു അത്? അതെങ്ങനെയാണില്ലാതായത്? എന്തുകൊണ്ടാണ് അതു നശിപ്പിക്കപ്പെട്ടത്? അത് പൊളിച്ചടുക്കിക്കഴിഞ്ഞതിനുശേഷവും സ്ത്രീകൾക്ക് ബാക്കിയായ അല്ലെങ്കിൽ അതിനു പകരമായി വന്ന 'അവകാശങ്ങ'ളുടെ സ്വഭാവമെന്ത്? ഇതൊക്കെയായിരുന്നു എന്റെ ചോദ്യങ്ങൾ. വിവാഹം എന്ന സ്ഥാപനത്തിന്റെ പുനഃക്രമീകരണത്തിലൂടെയാണ് സ്ത്രീകൾ ഒരു പുതിയ ആൺകോയ്മാവ്യവസ്ഥയ്ക്കുള്ളിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടതെന്നും ഈ പ്രക്രിയയെ 'പുരോഗമനപരം', 'വിമോചനകരം' എന്നു വിലയിരുത്താൻ അധിനിവേശകാലത്തെ സാഹചര്യങ്ങളിൽ നടന്ന ശ്രമങ്ങൾ വിജയകരമായിരുന്നെന്നും ഞാൻ തിരിച്ചറിഞ്ഞു. പുതിയ സ്വത്തുടമസ്ഥതാബന്ധങ്ങളിലേക്കാണ് ഈ 'വിമോചനം' നയിച്ചതെന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടപ്പായ നിയമപരമായ അവകാശങ്ങളുടെ മാദ്ധ്യസ്ഥംവഹിച്ചതും ഇതുതന്നെയാണെന്നും എനിക്കു കാണാൻകഴിഞ്ഞു. കഴിഞ്ഞ പത്തുവർഷമായി ആധുനിക കേരളീയവിവാഹത്തെക്കുറിച്ച് ഞാൻ നടത്തിവരുന്ന ഗവേഷണം എന്റെ ഈ വിശ്വാസത്തെ ഉറപ്പിച്ചിട്ടേയുള്ളു. പുതിയതരം വിവാഹമാണ് കേരളത്തിലെ മാരകമായ ആൺകോയ്മാവ്യവസ്ഥയുടെ നാരായവേര്. ഇക്കാലയളവിൽ ഞാൻ നടത്തിയ ഗവേഷണയാത്രകളിൽ പലപ്പോഴും ചെറുപ്പക്കാരികൾ അവരുടെ പ്രായംചെന്ന അമ്മമാരെയും മുത്തശ്ശിമാരെയും ഒന്നിലധികം കല്യാണംകഴിച്ചുവെന്നും മറ്റും സമ്മതിച്ചതിന് ശാസിക്കുന്നതുകേട്ട് ചിരിച്ചിട്ടുണ്ട്. 'ഇതൊക്കെ പഴയകഥയാണ്, ഇപ്പോൾ നമ്മൾ ഇതൊന്നും ചെയ്യാറില്ല, കേട്ടോ' എന്ന് അവരെന്നെ സമാശ്വസിപ്പിക്കുകയും ചെയ്യും! എന്തുകൊണ്ടാണ് മലയാളിസ്ത്രീകൾ വിവാഹത്തിലിങ്ങനെ അകപ്പെട്ടുപോയത്? ഈ കുണ്ടാമണ്ടിയിൽനിന്നും പുറത്തുചാടാനെന്തു വഴി? മറ്റു വിഷയങ്ങളിലേക്ക് എന്റെ ഗവേഷണതാൽപര്യം മാറിയെങ്കിലും ഈ ചോദ്യങ്ങൾ എന്നെ ഇന്നും അലട്ടുന്നു. ⚫
സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ!
'മാന്യ'മായി വസ്ത്രം ധരിക്കാത്ത സ്ത്രീയെ 'ചീത്ത' എന്നു മുദ്രകുത്താൻ വളരെ എളുപ്പമാണ്. എന്നാൽ വസ്ത്രമാന്യതയെക്കുറിച്ച് നാം വച്ചുപുലർത്തുന്ന ധാരണകൾ എത്രത്തോളം പൊള്ളയാണെന്നറിയാൻ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ സാമൂഹ്യമാറ്റങ്ങളുടെ ചരിത്രം പരിശോധി ച്ചാൽമാത്രം മതി. വസ്ത്രധാരണത്തിലെ ഇരട്ടസദാചാരവും ഇന്നത്തെ സ്ത്രീക്ക് തങ്ങളുടെ ശരീരങ്ങളെക്കുറിച്ചുള്ള അധമബോധവും എത്രത്തോളം അടിച്ചേൽപ്പിക്കപ്പെട്ടവയാണെന്നു തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ.
ശരീരത്തെ കൊണ്ടുനടക്കേണ്ട ഭാരം
സ്ത്രീകൾ സ്വന്തം ശരീരത്തെ എങ്ങനെ, എത്ര മൂടണം; എങ്ങനെ, എവിടെ കൊണ്ടുനടക്കണം എന്നിവയെസ്സംബന്ധിക്കുന്ന പല നിയമങ്ങളും എഴുതപ്പെടാതെതന്നെ നിലനിൽക്കുന്ന നാടാണ് കേരളം. ഈ അലിഖിതനിയമങ്ങളെ കൂട്ടാക്കാത്ത സ്ത്രീകൾക്ക് 'ശരീരപ്രദർശനം നടത്തുന്നു', 'കുഴപ്പം വിളിച്ചുവരുത്തുന്നു' എന്നുതുടങ്ങി പല ആരോപണങ്ങളും കേൾക്കേണ്ടിവരും. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഇവിടുത്തെ സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കുന്നത് ഇക്കാരണത്താലാകാം. 'സാരിക്കിടയിലൂടെ വയർ കാണുന്നല്ലോ', 'ദുപ്പട്ട സ്ഥാനത്തുതന്നെയല്ലേ' - ഇങ്ങനെ പല പരിശോധനകളും സ്വയം നടത്തിയശേഷമാണ് മലയാളിസ്ത്രീ ഇന്ന് വീട്ടിൽനിന്ന് ഇറങ്ങുന്നത്. കോളേജ്, ജോലിസ്ഥലം ഇവിടെയെല്ലാം ഈ പരിശോധനകൾ ആവർത്തിക്കപ്പെടുന്നതും പതിവാണ്. ആണുങ്ങൾക്ക് ഇത്തരം അസൗകര്യങ്ങൾ കുറവാണ്. തലമുടിയുടെ സ്റ്റൈൽ, ഷർട്ട് എവിടംവരെ തുറന്നിടാം എന്ന കാര്യങ്ങളിൽ ആൺകുട്ടികൾക്ക് ചിലപ്പോഴൊക്കെ നിയന്ത്രണമുണ്ടാവാം. പക്ഷേ, പൊതുവെ പറഞ്ഞാൽ സ്വന്തം ശരീരത്തെ എങ്ങനെ കൊണ്ടുനടക്കണമെന്ന കാര്യത്തിൽ ആണുങ്ങൾക്ക് കുറേക്കൂടി സ്വാതന്ത്ര്യമുണ്ട്. പെണ്ണിന്റെ ഉടുപ്പിന് കഴുത്തിറക്കം കൂടിപ്പോയെന്നു പറയുന്നവൻ പലപ്പോഴും ഇറുകിപ്പിടിച്ച ജീൻസോ കണ്ണാടിപോലെ സുതാര്യമായ മുണ്ടോ ഉടുത്തിട്ടായിരിക്കും കമന്റ് പാസ്സാക്കുക! പെണ്ണിനുമേൽ അടിച്ചേൽപ്പിക്കുന്ന 'വസ്ത്രസദാചാരം' ആണുങ്ങൾക്കു ബാധകമല്ലെന്ന പരിപൂർണ്ണവിശ്വാസത്തിലാണ് ഇദ്ദേഹം കമന്റടിക്കുന്നത്.
[ 132 ]
'ഇന്ത്യൻ സംസ്കാര'ത്തിന്റെ ഉത്പന്നവും
ചിഹ്നവുമായി എല്ലാവരും ആദരിക്കുന്ന 'സാരി' എന്ന വസ്ത്രം നാം ഇന്നു
ധരിക്കുന്ന രീതി സംവിധാനംചെയ്തത് ഒരു വിദേശവനിതയായിരുന്നുവെന്ന കാര്യം
എത്രപേർക്കറിയാം? ബംഗാൾ നവോത്ഥാനത്തിന്റെ നായകന്മാരിൽ ഒരാളായിരുന്ന
കേശബ്ചന്ദ്ര സെന്നും സെനാനാമിഷനിൽ പ്രവർത്തിച്ചിരുന്ന ഒരു മിഷണറിവനിതയും
ചേർന്നാണ് 'സാരി'ക്ക് ഈ പുതിയരൂപം നല്കിയത്. ബംഗാളിൽ സ്ത്രീകൾ കനംകുറഞ്ഞ
പരുത്തിസാരികൾമാത്രമേ ഉടുത്തിരുന്നുള്ളു - അവർ ബ്ലൗസ്, പാവാട
തുടങ്ങിയവയൊന്നും ഉപയോഗിച്ചിരുന്നില്ല. ബംഗാളിലെ ചൂടിനും വിയർപ്പിനും
പറ്റിയ വസ്ത്രധാരണരീതിയായിരുന്നു അത്. അവിടുത്തെ സ്ത്രീകൾക്ക് അന്ന്
ശരീരത്തെക്കുറിച്ച് പാപബോധമോ ലജ്ജയോ ഉണ്ടായിരുന്നില്ല. എന്നാൽ
മിഷണറിമാർക്കും സാമൂഹ്യപരിഷ്കർത്താക്കൾക്കും വസ്ത്രരീതിയിൽ സൗകര്യം, സുഖം
എന്നതിലുപരി 'മാന്യത'യായിരുന്നു പ്രധാനം. അവർ 'സാരി'യെ മാന്യമാക്കാൻ
തീരുമാനിച്ചു. പത്തൊമ്പതാംനൂറ്റാണ്ടിലെ ബ്രിട്ടിഷ് സ്ത്രീകൾ ധരിച്ചിരുന്ന
നീണ്ട ഗൗൺ (നമ്മുടെ ഇന്നത്തെ നൈറ്റിമാതിരി, കുറേക്കൂടി ഇറുകിയ, ഒരു
വേഷം)പോലെ അതിനെ ആക്കിത്തീർക്കാനായിരുന്നു അവരുടെ ശ്രമം. ഇറുകിയ,
കയ്യിറക്കവും മെയ്യിറക്കവുമുള്ള ബ്ലൗസ്, അടിപ്പാവാട (പെറ്റിക്കോട്ട്
എന്നാണ് അന്നത്തെ മദാമ്മമാർ അതിനെ വിളിച്ചിരുന്നത്; നമ്മളിൽ ചിലർ ഇന്നും ആ
വാക്ക് ഉപയോഗിക്കുന്നു.) ഇവകൂടി ചേർത്തപ്പോൾ 'സാരി' ഗൗൺമാതിരിയായി.
'ഇന്ത്യൻവേഷം' എന്ന പേരിൽ ഇത് നാട്ടിൽമുഴുവൻ പ്രചരിപ്പിച്ചു. ഇന്നാകട്ടെ
മദാമ്മമാർ അവരുടെ വസ്ത്രശാഠ്യങ്ങളെല്ലാം കളഞ്ഞ് സൗകര്യം, സുഖം, ഭംഗി
എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. നമ്മളോ, അവർ കെട്ടിയേൽപ്പിച്ച
വസ്ത്രസദാചാരത്തെ 'ഇന്ത്യൻ സംസ്കാര'മായി തെറ്റിദ്ധരിച്ച് അതിനെയും
കെട്ടിയെഴുന്നള്ളിച്ചു കഴിയുന്നു!
സാരി എന്ന വസ്ത്രം 'ഭാരതീയ ദേശീയവേഷ'മായി മാറിയത് പലവഴിക്കാണ്. രാജാ രവിവർമ്മ ഹിന്ദുദേവതമാരെ ചിത്രീകരിക്കാൻ തുനിഞ്ഞപ്പോൾ അവർക്കു പറ്റിയ വസ്ത്രം സാരിയാണെന്നു തീരുമാനിക്കുകയായിരുന്നുവത്രേ. ഇന്ത്യയിലെ പല പ്രദേശങ്ങളിലും സ്ത്രീകൾ ഇതു ധരിക്കുന്നുവെന്ന കണ്ടെത്തലായിരുന്നു ഇതിനു പ്രചോദനം. എന്നാൽ രവിവർമ്മയുടെ കണ്ണിലെ 'ഹിന്ദുസ്ത്രീ'യുടെ മാതൃക സവർണ്ണഹിന്ദുവനിതയായിരുന്നുവെന്ന വാസ്തവം കാണേണ്ടതുണ്ട്. മഹാരാഷ്ട്രിയൻ ശൈലിയിൽ (മഹാരാഷ്ട്രയിലെ സവർണ്ണസ്ത്രീകളുടെ ശൈലിയിൽ) വസ്ത്രധാരണംചെയ്ത ദേവതകളെയും പുരാണകഥാപാത്രങ്ങളെയുമാണ് രവിവർമ്മച്ചിത്രങ്ങളിൽ നാം കാണുന്നത്.
സാരി എന്ന വസ്ത്രം 'ഭാരതീയ ദേശീയവേഷ'മായി മാറിയത് പലവഴിക്കാണ്. രാജാ രവിവർമ്മ ഹിന്ദുദേവതമാരെ ചിത്രീകരിക്കാൻ തുനിഞ്ഞപ്പോൾ അവർക്കു പറ്റിയ വസ്ത്രം സാരിയാണെന്നു തീരുമാനിക്കുകയായിരുന്നുവത്രേ. ഇന്ത്യയിലെ പല പ്രദേശങ്ങളിലും സ്ത്രീകൾ ഇതു ധരിക്കുന്നുവെന്ന കണ്ടെത്തലായിരുന്നു ഇതിനു പ്രചോദനം. എന്നാൽ രവിവർമ്മയുടെ കണ്ണിലെ 'ഹിന്ദുസ്ത്രീ'യുടെ മാതൃക സവർണ്ണഹിന്ദുവനിതയായിരുന്നുവെന്ന വാസ്തവം കാണേണ്ടതുണ്ട്. മഹാരാഷ്ട്രിയൻ ശൈലിയിൽ (മഹാരാഷ്ട്രയിലെ സവർണ്ണസ്ത്രീകളുടെ ശൈലിയിൽ) വസ്ത്രധാരണംചെയ്ത ദേവതകളെയും പുരാണകഥാപാത്രങ്ങളെയുമാണ് രവിവർമ്മച്ചിത്രങ്ങളിൽ നാം കാണുന്നത്.
വസ്ത്രധാരണത്തിന്റെ ചരിത്രമെടുത്താൽ കേരളത്തിന് ചില സവിശേഷതകളുണ്ട്. മേൽവസ്ത്രം ധരിക്കാത്ത സ്ത്രീകൾ അശ്ലീലപ്രദർശനം നടത്തുകയാണെന്ന ധാരണ രണ്ടുമൂന്നുതലമുറമുമ്പുവരെ ഇവിടെ വിരളമായിരുന്നുവെന്നതാണ് അവയിൽ ആദ്യത്തേത്. ഏകദേശം നാല്പത്-അമ്പത് വർഷം മുമ്പുവരെയും നാട്ടിൽപുറങ്ങളിൽ മാറുമറയ്ക്കാത്ത മുതിർന്ന സ്ത്രീകളെ സാധാരണയായി കാണാമായിരുന്നു. മുണ്ടുംബ്ലൗസും പേരിനൊരു തോർത്തും ധരിച്ച് കടയിലുംമറ്റും പോകുന്ന സ്ത്രീകൾ, മുട്ടൊപ്പം വസ്ത്രംധരിച്ച് പാടത്തും പറമ്പിലും പണിയെടുക്കുന്നവർ, ബ്ലൗസും ഒന്നരയും ധരിച്ച് ഈറനോടെ അമ്പലങ്ങളിൽ തൊഴുന്ന സ്ത്രീകൾ, കുഞ്ഞുങ്ങൾക്കു മുലകൊടുക്കുന്നവർ - ഇവരാരും ഇവിടെ കാഴ്ചവസ്തുക്കളായിരുന്നില്ല. ഇന്നത്തെയപേക്ഷിച്ച് ദാരിദ്ര്യം അധികമായിരുന്ന കാലമായിരുന്നതുകൊണ്ട് ഇന്നു നാം പാലിക്കുന്ന മോടിയൊന്നും അന്നത്തെ വസ്ത്രത്തിനില്ലായിരുന്നുവെന്നതു വാസ്തവംതന്നെ. വസ്ത്രംകൊണ്ട് മുഴുവനും മൂടിവെച്ചിട്ടില്ലാത്ത സ്ത്രീശരീരം എല്ലായ്പോഴും 'കുഴപ്പം' വിളിച്ചുവരുത്തുമെന്ന ഇന്നത്തെ ഭയം അന്ന് തീർച്ചയായും കുറവായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സ്ത്രീശരീരം 'പാപത്തെ വിളിച്ചുവരുത്തു'മെന്ന പേടി അടുത്തിടെയാണ് ഇത്രയും വ്യാപകമായത്. വാസ്തവത്തിൽ പത്തൊമ്പതാം നൂറ്റാണ്ടുമുതൽ ഇരുപതാംനൂറ്റാണ്ടിന്റെ ഒടുക്കംവരെയും തുടർന്നുവന്ന ഒരു നീണ്ട 'യുദ്ധ'ത്തിന്റെ ഭാഗമായിട്ടാണ് ഈ ധാരണയ്ക്ക് ഇത്രയും ബലമുണ്ടായത്. ഇക്കാലത്ത് ശക്തമായിത്തീർന്ന സമുദായപരിഷ്കരണപ്രസ്ഥാനങ്ങളും സമൂഹത്തെ ആധുനികമാക്കിത്തീർക്കാൻ പ്രയത്നിച്ച സർക്കാരുകളും നാട്ടുകാരെ 'സംസ്ക്കാരം' പഠിപ്പിക്കാൻ വാശിയോടെ പ്രവർത്തിച്ച മിഷണറിമാരും ചേർന്നാണ് ഈ 'യുദ്ധ'ത്തിനു തയ്യാറായത്. പരമ്പരാഗതമായ അധികാരസ്ഥാപനങ്ങളിൽനിന്ന് - അതായത് പഴയ കുടുംബവ്യവസ്ഥകൾ, ജാതിനിയമങ്ങൾ മുതലായവയിൽനിന്ന് - സ്ത്രീശരീരത്തെ 'പിടിച്ചെടുത്ത്' തങ്ങളുടെ താത്പര്യങ്ങൾക്കനുസൃതമായി അതിനെ രൂപപ്പെടുത്താനുള്ള 'യുദ്ധ'മായിരുന്നു അത്. സ്ത്രീകൾ പലപ്പോഴും ഇതിൽ സജീവപങ്കാളികളായിരുന്നു. എന്നാൽ സ്ത്രീശരീരത്തെ സ്ത്രീകൾക്കു വിട്ടുകൊടുക്കണമെന്ന ആവശ്യം അവരിൽ അപൂർവ്വംപേർ മാത്രമേ ഉന്നയിച്ചുള്ളു. എന്നാൽ സ്ത്രീയുടെ നഗ്നതമറയ്ക്കുന്നതാണ് സംസ്കാരമെന്നു വാദിക്കുമ്പോഴും പുരുഷന് ഇഷ്ടപ്പെടുന്ന രീതിയിൽത്തന്നെ അതു ചെയ്തുകൊള്ളണമെന്ന ആശയം ഇരുപതാം നൂറ്റാണ്ടിൽ പലരും ഉന്നയിച്ചുകേട്ടപ്പോൾ ആദ്യകാലസ്ത്രീവാദികൾ അസ്വസ്ഥരായി. ഇന്നും ഈ 'യുദ്ധം' തുടരുന്നുണ്ടെന്നതാണ് സത്യം. അതേ ഭയങ്ങളും അസ്വാസ്ഥ്യങ്ങളും ഇന്നുമുണ്ട്. സ്ത്രീശരീരം സ്ത്രീയുടേതാണെന്ന് കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറയുന്ന സ്ത്രീശബ്ദങ്ങൾ ഇന്നുണ്ട് എന്നതാണ് വ്യത്യാസം.
മാറുമറയ്ക്കലും നാണവും മാനവും
പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളത്തിൽ നിലവിലുണ്ടായിരുന്ന വസ്ത്രധാരണരീതികൾ ഇവിടത്തെ [ 134 ] ജാതിവ്യവസ്ഥയുമായി ചേർന്നുനിന്നിരുന്നവയാണ്. പൊതുവെ പറഞ്ഞാൽ, കീഴ്ജാതിക്കാർക്ക് മോശപ്പെട്ട വസ്ത്രം ധരിക്കാനേ അവകാശമുണ്ടായിരുന്നുള്ളൂ; മുട്ടിനുതാഴെ കഷ്ടിച്ചെത്തുന്ന അരവസ്ത്രം മാത്രമെ കീഴ്ജാതിക്കാരിൽ ആണുംപെണ്ണും ധരിച്ചിരുന്നുള്ളു. ഓരോ ജാതിവിഭാഗക്കാർക്കും പ്രത്യേകതരം വസ്ത്രധാരണം നിർബന്ധമായിരുന്നതുകൊണ്ട് ഏതൊരാളുടെയും ജാതി പെട്ടെന്നുതന്നെ വെളിവായിരുന്നു. ഈ ചിട്ടകളെ ലംഘിക്കാൻ ശ്രമിക്കുന്നത് വലിയ കുറ്റമായി കണക്കാക്കപ്പെട്ടുമിരുന്നു.
ജാതിവ്യവസ്ഥയ്ക്കെതിരെ പത്തൊമ്പതാം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽ വസ്ത്രധാരണം വലിയ വിവാദവിഷയമായത് ചുമ്മാതല്ല. ഇക്കാലത്ത് തെക്കൻതിരുവിതാംകൂർ പ്രദേശങ്ങളിൽ മതപ്രചരണം നടത്താനെത്തിയ മിഷണറിമാർ - എൽ.എം.എസ്. സഭയുടെ പ്രവർത്തകർ - മതംമാറിയ കീഴ്ജാതിക്കാരുടെ വസ്ത്രധാരണരീതിയിൽ മാറ്റംവരുത്താൻ ശ്രമിച്ചു. ക്രിസ്തീയവീക്ഷണപ്രകാരം സ്ത്രീകളുടെ നഗ്നത അനുവദിച്ചുകൂടാത്തതായതുകൊണ്ട് മതംമാറിയ സ്ത്രീകൾ മാറുമറയ്ക്കണമെന്ന് അവർ നിർബന്ധിച്ചു. എന്നാൽ ഇത്തരം പാപബോധം പരിചയിക്കാത്ത സ്ത്രീകളെക്കൊണ്ട് ഇത് അനുസരിപ്പിക്കാൻ എളുപ്പമായിരുന്നില്ല. മാത്രമല്ല, തെക്കൻതിരുവിതാംകൂറിൽ മതംമാറിയവരിൽ പ്രധാനികൾ ചാന്നാർ ജാതിയിൽപ്പെട്ടവരായിരുന്നു. അവരെസ്സംബന്ധിച്ചിടത്തോളം മതംമാറ്റം മാത്രമല്ല ജാതിക്കയറ്റവും പ്രധാനമായിരുന്നു. നായർസ്ത്രീകൾ ധരിച്ചിരുന്ന മേൽമുണ്ട് അന്ന് കീഴ്ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് അനുവദിച്ചിരുന്നില്ല. ഈ നിയമത്തെ ലംഘിക്കാൻ ചാന്നാർസ്ത്രീകൾ തയ്യാറായി. ബ്ലൗസ് ധരിച്ച് നഗ്നത മറയ്ക്കുന്നതിനു പുറമെ മേൽമുണ്ടുകൂടി ധരിക്കാൻ അവർ മുതിർന്നു. ക്രിസ്ത്യൻ ചാന്നാട്ടികളുടെ വസ്ത്രധാരണരീതിയെ മതംമാറാത്ത ചാന്നാട്ടികളും അനുകരിച്ചുതുടങ്ങി. വാസ്തവത്തിൽ ചാന്നാട്ടികളുടെ വസ്ത്രധാരണരീതിയിൽ മാറ്റമുണ്ടാകാൻ ഇതുമാത്രമായിരുന്നില്ല കാരണം. തിരുനെൽവേലി പ്രദേശത്ത് ജോലിചെയ്തിരുന്ന പല ചാന്നാന്മാരും സിലോൺ, മലയ പ്രദേശങ്ങളിലേക്ക് ഇക്കാലത്ത് കുടിയേറിത്തുടങ്ങിയിരുന്നു. ഇതിനെത്തുടർന്ന് ഇവരുടെ സ്ഥാനത്ത് തിരുനെൽവേലിയിലെത്തിയ ചാന്നാന്മാർ അവിടുത്തെ തമിഴ്സ്ത്രീകളെ അനുകരിച്ച് സ്വന്തം വസ്ത്രധാരണത്തിൽ മാറ്റംവരുത്തി. അങ്ങനെ, ചുരുക്കിപ്പറഞ്ഞാൽ, പല ചാന്നാട്ടികളും ബ്ലൗസ് ധരിക്കാൻ തുടങ്ങി; പലരും മേൽമുണ്ടിടാനും. ഇവർ ബ്ലൗസ് ധരിക്കുന്നതിനോട് ഉന്നതജാതിക്കാർക്ക് എതിർപ്പില്ലായിരുന്നെങ്കിലും മേൽമുണ്ട് ധരിക്കാനുള്ള അവകാശം അന്നത്തെ ജാതിനിയമപ്രകാരം ഉന്നതജാതിക്കാർക്കുമാത്രമേ ഉണ്ടായിരുന്നുള്ളു. ചാന്നാട്ടികളുടെ മേൽമുണ്ടുധാരണം തെക്കൻതിരുവിതാംകൂറിൽ പത്തൊമ്പതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ വലിയ ലഹളയ്ക്കും വഴക്കിനും ഇടവരുത്തി. അതിനെയാണ് 'മാറുമറയ്ക്കൽ സമരം' (Breast-cloth struggle) എന്നു വിളിക്കുന്നത്. > കാണുക പുറം 211, 212 <
ഈ സമരത്തിൽ മിഷണറിമാരും ബ്രിട്ടീഷധികാരികളും ചാന്നാന്മാരുടെ പക്ഷത്തായിരുന്നു. 1812ൽത്തന്നെ തിരുവിതാംകൂർ ഭരണം ഏറ്റെടുത്ത ബ്രിട്ടീഷ് പ്രതിനിധി കേണൽ മൺറോ കീഴ്ജാതിക്കാരികൾക്ക് കുപ്പായംധരിക്കാൻ അനുവാദമുണ്ടെന്ന് കൽപ്പന പുറപ്പെടുവിച്ചിരുന്നു. എന്നാൽ 'മേൽമുണ്ട്പ്രശ്നം' രൂക്ഷമായതിനെത്തുടർന്ന് 1822 മുതൽ തെക്കൻകേരളത്തിൽ പലയിടത്തും വസ്ത്രംധരിച്ച ചാന്നാർസ്ത്രീകൾക്കെതിരെ നായന്മാർ അക്രമം അഴിച്ചുവിട്ടു. ഇടയ്ക്കും മുറയ്ക്കും ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ ക്രിസ്ത്യൻചാന്നാട്ടികൾക്ക് ബ്ലൗസിടാമെന്നും എന്നാൽ അവർ നായന്മാരെപ്പോലെ മേൽമുണ്ട് ധരിച്ചുകൂടെന്നും സർക്കാർ പ്രഖ്യാപിച്ചു. മതംമാറാത്ത ചാന്നാട്ടികൾക്ക് ഇതു രണ്ടും പാടില്ലായിരുന്നു. 1858ൽ വീണ്ടും രൂക്ഷമായ സംഘർഷമുണ്ടായി. 1859ൽ ക്രിസ്ത്യൻചാന്നാട്ടികൾക്കു കുപ്പായമിടാമെന്നും അതേവസ്ത്രം മറ്റു ചാന്നാട്ടികൾക്കുമാകാമെന്നും സമ്മതിച്ചുകൊണ്ടുള്ള സർക്കാർ പ്രഖ്യാപനമുണ്ടായി. മിഷണറിമാർ മദ്രാസിലെ ബ്രിട്ടീഷ് അധികാരികളെ സമീപിച്ച് തിരുവിതാംകൂർ സർക്കാരിനുമേൽ കൂടുതൽ സമ്മർദ്ദംചെലുത്തണമെന്ന് അഭ്യർത്ഥിച്ചു. അപ്രകാരം ബ്രിട്ടീഷ് അധികാരികൾ പ്രവർത്തിക്കുകയും ചെയ്തു. ഒടുവിൽ 1865ൽ വസ്ത്രധാരണക്കാര്യത്തിൽ നിലവിലുണ്ടായിരുന്ന നിരോധനങ്ങളെ മുഴുവൻ നീക്കംചെയ്ത പ്രഖ്യാപനം സർക്കാരിൽ നിന്നുണ്ടായി. വളരെപ്പതുക്കെ എല്ലാ ജാതിക്കാരും കുപ്പായവും മേൽമുണ്ടും ധരിച്ചുതുടങ്ങി.
ജാതിയെക്കുറിക്കുന്ന വസ്ത്രധാരണരീതികളെ പരസ്യമായി ഉപേക്ഷിച്ചുകൊണ്ട് പുതിയരീതികളെ സ്വീകരിക്കുന്നത് ഇക്കാലത്തെയും പിൽക്കാലത്തെയും ജാതിവിരുദ്ധസമരങ്ങളുടെ ഒരു സവിശേഷപ്രയോഗമായി മാറി. 1916ൽ കൊല്ലത്തു നടന്ന യോഗത്തിൽവച്ച് തിരുവിതാംകൂറിലെ കീഴാളനേതാവായിരുന്ന അയ്യങ്കാളിയുടെ നേതൃത്വത്തിൽ പുലയസ്ത്രീകൾ തങ്ങൾ പരമ്പരാഗതമായി ധരിച്ചുവന്നിരുന്ന 'കല്ലയും മാലയും' വലിച്ചെറിഞ്ഞു. പൊയ്കയിൽ അപ്പച്ചന്റെ അനുകൂലികളായ കീഴാളജനങ്ങൾ വൃത്തിയുള്ള വെള്ളവസ്ത്രം ധരിക്കാൻ തുടങ്ങി. > കാണുക പുറം 40 < [ 135 ]
'മാറുമറയ്ക്കൽ കലാപം' കീഴ്ജാതിക്കാരികളെ ലൈംഗിക അടിമകളായി നിലനിർത്തുന്നതിനെതിരെയുള്ള പൊട്ടിത്തെറിയായിരുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ട്. 1822മുതൽ 1860കൾവരെയുണ്ടായ ലഹളകളിൽ കുപ്പായംധരിച്ച ചാന്നാർസ്ത്രീകൾ ആക്രമണവിധേയകളായിയെന്നത് വാസ്തവംതന്നെ - അവരുടെ മേൽവസ്ത്രത്തെ ബലപ്രയോഗത്തിലൂടെ അഴിച്ചുനീക്കാനാണ് ഉന്നതജാതിക്കാരായ അക്രമികൾ ശ്രമിച്ചത്. പക്ഷേ, കേരളത്തിലെ സ്ത്രീകൾ പണ്ടുകാലത്ത് മാറുമറയ്ക്കാതിരുന്നത് അവർ മേൽജാതിക്കാരുടെ ലൈംഗിക അടിമകളായിരുന്നതുകൊണ്ടാണെന്ന വാദം ശരിയാണോ? പുനഃപരിശോധിക്കേണ്ട കാര്യമാണിത്. കീഴ്ജാതിസ്ത്രീകളെ ഉന്നതജാതിക്കാരായ പുരുഷന്മാർ ലൈംഗികചൂഷണത്തിനു വിധേയരാക്കിയിരുന്നുവെന്നത് നേരുതന്നെ. എന്നാൽ മാറുമറയ്ക്കാത്ത വസ്ത്രധാരണം ഈ ചൂഷണത്തിന്റെ ഭാഗമായിരുന്നോ? അല്ലെന്നു സൂചിപ്പിക്കുന്ന തെളിവുകൾ കുറവല്ല. കേരളത്തിൽ മുസ്ലിം, സുറിയാനി ക്രിസ്തീയവിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾ പണ്ടുമുതൽക്കേ കുപ്പായം ധരിച്ചിരുന്നുവെന്നത് വസ്തുതയാണ്. എന്നാൽ ശരീരത്തെക്കുറിച്ചുള്ള 'പാപബോധം' ഉള്ളതുകൊണ്ടോ അല്ലെങ്കിൽ ലൈംഗിക അടിമത്തം ഇല്ലാത്തതുകൊണ്ടോ മാത്രമല്ല അവർ മാറുമറച്ചിരുന്നത്. യഥാർത്ഥത്തിൽ മാറുമറയ്ക്കൽകാര്യത്തിൽ അത്രവലിയ കടുംപിടിത്തമൊന്നും ക്രിസ്തീയസ്ത്രീകൾക്കുണ്ടായിരുന്നില്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകളുമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തിരുവിതാംകൂർ ബ്രിട്ടീഷിനു കീഴ്പെട്ടയുടൻ ഇവിടത്തെ പ്രകൃതിവിഭവങ്ങളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ബ്രിട്ടീഷ് അധികാരികൾ വാർഡ്, കോണർ എന്നീ രണ്ടു ബ്രിട്ടീഷുകാരെക്കൊണ്ട് ഇവിടെ ഒരു സർവ്വേ നടത്തിയിരുന്നു. ഇവിടത്തെ സുറിയാനിസ്ത്രീകൾ കുപ്പായംധരിക്കുമെങ്കിലും ഇടയ്ക്കും മുറയ്ക്കുമൊക്കെ അതു മാറ്റിവയ്ക്കാനും മറ്റുസ്ത്രീകളെപ്പോലെ നടക്കാനും അവർക്കു മടിയില്ലെന്നും ഇവർ തങ്ങളുടെ റിപ്പോർട്ടിൽ നിരീക്ഷിച്ചിരുന്നു!
തന്നെയുമല്ല, മേൽജാതിയിൽപ്പെട്ട ഏതൊരു വ്യക്തിയുടെയും മുന്നിൽ കീഴ്ജാതിയിൽപ്പെട്ടവർ - പുരുഷനായാലും സ്ത്രീയായാലും - മേൽവസ്ത്രം മാറ്റിപ്പിടിച്ച് വന്ദിച്ചുനിൽക്കണമെന്നായിരുന്നു നിയമം - അതായത് സ്ത്രീകൾക്കുമാത്രം ബാധകമായ നിയമമല്ലായിരുന്നു ഇത്. 1717മുതൽ [ 136 ] 1723വരെ കൊച്ചിയിൽ താമസിച്ചിരുന്ന ജേക്കബ്സ് കാന്റർ വിസ്ചർ (Jacobus Canter Visscher) അന്നത്തെ കൊച്ചീരാജസദസ്സിനെക്കുറിച്ച് ഇങ്ങനെ എഴുതി:
... കൊച്ചീരാജാവിന്റെ സാമന്തർ (മങ്ങാട്, പുറക്കാട് മുതലായവ) അദ്ദേഹത്തോട് ബഹുമാനം പ്രകടിപ്പിക്കണം; അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ അവർ മേൽവസ്ത്രമഴിക്കണം; മേൽവസ്ത്രം ധരിക്കാൻ അദ്ദേഹം അനുവദിക്കുംവരെ അവർ നഗ്നങ്ങളായ ചുമലുകളോടെ അങ്ങനെ നിൽക്കണം... സ്ത്രീകളും പുരുഷന്മാരെപ്പോലെതന്നെയാണ് നമസ്ക്കരിക്കുന്നത് - മേൽമുണ്ട് താഴേയ്ക്കിട്ട്, കൈകൾ മുന്നിൽകെട്ടിവച്ചുകൊണ്ട്.
(കെ.പി. പത്മനാഭമേനോൻ, History of Kerala വാള്യം 2, New Delhi, (1929),1984, പുറം 30)
ഇതേ പുസ്തകത്തിൽ മറ്റൊരിടത്ത് പത്മനാഭമേനോൻ കുറേക്കൂടി സമീപമായകാലത്ത് - 20-ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ - കൊച്ചിയിൽ നടന്ന ഒരു സംഭവവും വിവരിക്കുന്നുണ്ട്. തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രത്തിൽ കൊച്ചീക്കോവിലകത്തെ ഒരു തമ്പുരാട്ടി ദർശനത്തിനായി എത്തിയവേളയിൽ ബ്ലൗസ് ധരിച്ച ഒരു നായർയുവതി അവരുടെ മുന്നിലൂടെ കടന്നുപോയതിനെച്ചൊല്ലിയുണ്ടായ കോലാഹലത്തെ അദ്ദേഹം വർണ്ണിക്കുന്നുണ്ട്. മേൽവസ്ത്രം അഴിച്ച് തമ്പുരാട്ടിയോടുള്ള ബഹുമാനം പ്രദർശിപ്പിക്കണമെന്ന് രാജഭടന്മാർ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിനു വഴങ്ങിയില്ല. ഭടന്മാർ ബലപ്രയോഗത്തിലൂടെ യുവതിയുടെ വസ്ത്രമഴിച്ചു - ഇതിനെക്കുറിച്ച് യുവതിയുടെ കുടുംബക്കാരണവർ മഹാരാജാവിനു പരാതി നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലത്രെ! ഇതുകൂടാതെ ആറ്റിങ്ങൽറാണിയുടെ മുന്നിൽ കുപ്പായം ധരിച്ചെത്തിയ നാട്ടുകാരിയായ സ്ത്രീയുടെ മുലകൾ മുറിച്ചുകളയാൻ ഉത്തരവുണ്ടായിയെന്ന് അക്കാലത്തെ ഒരു നിരീക്ഷകൻ രേഖപ്പെടുത്തിയതും മേനോൻ ഉദ്ധരിക്കുന്നുണ്ട്. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ മേൽവസ്ത്രം ധരിക്കാത്തവരായിരുന്നെന്നും ഇക്കാര്യത്തിൽ മഹാരാജാവും ഏറ്റവും എളിയ സേവകനും ഒരുപോലെയായിരുന്നെന്നും വെളിവാക്കുന്ന നിരവധി രേഖകൾ മേനോൻ ഹാജരാക്കുന്നുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും നഗ്നമായ മാറിടം വെറും സാധാരണ കാഴ്ചയായിരുന്നുവെന്ന് സാരം - ഇന്ന് നാം കൈകാലുകളെ കാണുന്നതുപോലെ. അക്കാലത്ത് കേരളത്തിലെത്തിയ യൂറോപ്യൻ നിരീക്ഷകരിലൊരാളായിരുന്ന ജോൺ ഹെൻറി ഗ്രോസ് (John Henry Grose) ഇപ്രകാരമെഴുതി:
ഈ രാജ്യത്തെ സ്ത്രീകൾക്ക് മാറിടത്തിന്റെ ഒരുഭാഗവും മറയ്ക്കാൻ അനുവാദമില്ല; അതു നഗ്നമായി വയ്ക്കുന്നതിൽ എന്തെങ്കിലും കുറച്ചിലുണ്ടെന്ന് അവർ കരുതുന്നുമില്ല; ആ തോന്നൽതന്നെ ഈ കാഴ്ച പഴകുന്തോറും ഇല്ലാതാവുകയും ചെയ്യും. മിക്ക യൂറോപ്യന്മാർക്കും ആദ്യത്തെ കാഴ്ചയിൽ പ്രലോഭനം തോന്നും. [പക്ഷേ] വളരെ പെട്ടെന്നുതന്നെ ആ തോന്നൽ അവസാനിക്കും; ഇവിടത്തുകാരെപ്പോലെ അവരും ഇതിനെപ്പറ്റി അധികമൊന്നും വികാരംകൊള്ളാതെയാകും. അല്ലെങ്കിൽ ഈ ശരീരഭാഗങ്ങളെ മുഖം, കൈകാലുകൾ മുതലായവയെപ്പോലെ കണ്ടുതുടങ്ങും.
(പത്മനാഭമേനോൻ ഉദ്ധരിച്ചത്, History of Kerala വാള്യം 3, 1984, പുറം 201-2)
മാത്രമല്ല, മാറുമറയ്ക്കുന്ന സ്ത്രീകൾ അഭിസാരികമാരാണെന്ന വിശ്വാസംപോലുമുണ്ടായിരുന്നു! എലിക് റെക്ലസ് (Elic Reclus) എന്ന ബ്രിട്ടീഷുകാരൻ 19-ാം നൂറ്റാണ്ടിൽ തലശ്ശേരിയിൽ പരിചയപ്പെട്ട തീയ്യവനിതകളെക്കുറിച്ച് പറഞ്ഞത് ശ്രദ്ധിക്കുക:
ഈ സ്ത്രീകൾ എത്രതന്നെ അടക്കമൊതുക്കവും ഔചിത്യവുമുള്ളവരായാലുംശരി, അരയ്ക്കുമുകളിൽ യാതൊരു വസ്ത്രവും ധരിക്കില്ല: മാറുമറയ്ക്കാൻ ഞങ്ങൾ വേശ്യകളല്ല, അവർ പറയും. ഇവരെ ആയമാരായി വീട്ടിൽ നിയമിച്ച ഇംഗ്ലീഷ് വനിതകൾ ബ്രിട്ടീഷ്മാന്യതയുടെപേരിൽ മാർക്കച്ചയെങ്കിലും ധരിക്കാൻ ഇവരെ പ്രരിപ്പിക്കാറുണ്ട്; പക്ഷേ, ഓരോതവണയും വാശിയേറിയ എതിർപ്പിനെയാണ് അവർ നേരിടുന്നത്. [ഇംഗ്ലീഷ് സ്ത്രീകളോട്] പെരുവഴിയിലൂടെ നഗ്നരായി നടക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ അവർ ഏതു വാശിയോടെ എതിർക്കുമോ, അതേ വാശിയാണ് [തീയ്യസ്ത്രീകൾ മേൽവസ്ത്രത്തിനെതിരെ] പ്രദർശിപ്പിക്കുന്നത്.
(പത്മനാഭമേനോൻ History of Kerala വാള്യം 3, 1984, പുറം 201.)
[ 138 ] 19-ാം നൂറ്റാണ്ടിൽ മിഷണറിമാരുടെ വരവ് വർദ്ധിക്കുകയും ബ്രിട്ടീഷ് ഭരണം നടപ്പാവുകയും ചെയ്തകാലത്ത് ഈ മനോഭാവം മാറാൻ തുടങ്ങിയിരുന്നു. ക്രിസ്തീയമൂല്യങ്ങളനുസരിച്ച് സ്ത്രീശരീരത്തിന്റെ നഗ്നത പാപമാണ്; അത് അമിതമായ ലൈംഗികവിചാരത്തിനിടവരുത്തുന്നു. അങ്ങനെ ഒരു പ്രതികരണം ഇവിടെ സാധാരണമല്ല എന്ന് 13-ാം നൂറ്റാണ്ടുമുതൽ 19-ാം നൂറ്റാണ്ടുവരെയുള്ള യൂറോപ്യൻ സഞ്ചാരികൾ തുടർച്ചയായി രേഖപ്പെടുത്തിയെങ്കിലും മിഷണറിമാർക്ക് ബോദ്ധ്യമായില്ല! ഇവിടത്തെ സ്ത്രീകളുടെ നഗ്നത 'സംസ്ക്കാര ശൂന്യ'തയുടെയും 'അമിതലൈംഗികാസക്തി'യു ടെയും അടയാളമായി. മാറുമറയ്ക്കാത്ത സ്ത്രീകൾ പുരുഷന്മാരെ കെണിയിൽപ്പെടുത്താൻ നടക്കുന്നവരാണെന്നും അവർ 'സ്തനംകാട്ടി ധനം പറിക്കുന്നു'വെന്നു പ്രാസമൊപ്പിച്ചു പറയാനും 19-ാം നൂറ്റാണ്ടിലെ മിഷണറിമാർക്കു മടിയുണ്ടായിരുന്നില്ല (എന്നാൽ നേരത്തെ പറഞ്ഞതുപോലെ, മാറുമറച്ചുനടക്കുന്ന സ്ത്രീയാണ് വേശ്യ എന്നായിരുന്നു ഈ നാട്ടിൽ പരക്കെയുള്ള വിശ്വാസം!). കേരളത്തിനു പുറത്തുപോയി വിദ്യാഭ്യാസംചെയ്ത മലയാളികളിലും ഈ വിശ്വാസം പതുക്കെ വേരുറച്ചുതുടങ്ങിയിരുന്നു. 1915ൽ മലബാറിലെ സാമൂഹ്യജീവിതത്തെക്കുറിച്ച് എഴുതിയ ഫ്രെഡ് ഫാസറ്റ് നായർസ്ത്രീകളുടെ വസ്ത്രധാരണത്തിലുണ്ടായിക്കൊണ്ടിരുന്ന മാറ്റത്തെ അല്പം ആശങ്കയോടെയാണ് കണ്ടത്:
മാന്യസ്ത്രീകൾ മാറുമറച്ചുകൂട എന്ന ധാരണ സർവ്വത്ര നിലവിലുള്ള മലബാറിൽ അടുത്തിടെ ഈ സമ്പ്രദായത്തെക്കുറിച്ച് ഒരുതരം നാണക്കേട് മെല്ലെ പടർന്നുതുടങ്ങിയിരിക്കുന്നു; വിശേഷിച്ചും [പുറത്ത്] യാത്രചെയ്തിട്ടുള്ളവർക്കിടയിൽ. വസ്ത്രം പാരമ്പര്യമനുസരിച്ചാണല്ലോ [നിർണ്ണയിക്കപ്പെടുന്നത്]; ലജ്ജയെക്കുറിച്ചുള്ള പൊള്ളയായ ധാരണകൾ ഉന്നതകുലജാതയായ നായർ വനിതയുടെ നടത്തയിൽ പ്രകടമാകുന്ന സ്വാഭാവിക [ 139 ] അന്തസ്സിനു പകരംവന്നാൽ അതു വളരെ കഷ്ടമാണെന്നു പറഞ്ഞേ മതിയാവൂ.
(Fred Fawcett, Nayars of Malabar, New Delhi, (1915)1984, പുറം 198.)
എന്നാൽ അപ്പോഴേക്കും 'യുദ്ധം' ആരംഭിച്ചുകഴിഞ്ഞിരുന്നു; ഫാസറ്റിന്റെ ഖേദം ശ്രദ്ധിക്കപ്പെട്ടില്ല. സ്ത്രീനഗ്നത 'സംസ്ക്കാര'ത്തിനെതിരാണെന്ന ധാരണ അക്കാലത്തെ എല്ലാ സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങളും ഉൾക്കൊണ്ടുകഴിഞ്ഞിരുന്നു. പാരമ്പര്യത്തിന്റെ പിടിയിൽനിന്ന് സ്ത്രീശരീരത്തെ വീണ്ടെടുക്കാനുള്ള തന്ത്രമെന്നനിലയിൽ ഈ പ്രസ്ഥാനങ്ങളെല്ലാം സ്ത്രീകളുടെ വസ്ത്രപരിഷ്ക്കാരത്തിന് മുന്തിയ സ്ഥാനംനൽകി. 19-ാം നൂറ്റാണ്ടിൽ സ്ത്രീകളുടെ വസ്ത്രധാരണരീതിയെ ബലപ്രയോഗത്തിലൂടെ മാറ്റിക്കൊണ്ട് ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച ഈഴവപ്രമാണിമാരുടെ നിരവധി കഥകൾ ഇന്നും തിരുവിതാംകൂറിൽ കേൾക്കാനുണ്ട് - ആറാട്ടുപുഴയിലെ വേലായുധപ്പണിക്കർ, കായംകുളത്തെ കല്യാശ്ശേരി അച്ചൻ മുതലായ വീരപുരുഷന്മാർ ഈഴവസ്ത്രീകളെ ബലമായി തോർത്തുടുപ്പിക്കുകയും കാതുകുത്തിക്കുകയുംമറ്റും ചെയ്തതിന്റെ കഥകൾ ഇന്നും ആ പ്രദേശങ്ങളിൽ കേൾക്കാനുണ്ട്. ഇവരെപ്പോലെ നേരിട്ടുള്ള ബലപ്രയോഗത്തിലൂടെ അല്ലെങ്കിലും ചിലപ്പോഴെങ്കിലും പരോക്ഷമായ സമ്മർദ്ദം ചെലുത്തേണ്ടിവന്നിരുന്നു, സമുദായപരിഷ്ക്കർത്താക്കൾക്ക്. ബ്രാഹ്മണമേധാവിത്വത്തെ ചെറുക്കാനുള്ള മാർഗ്ഗമായി നായർസമുദായനേതാക്കൾ സ്ത്രീകളുടെ മാറുമറയ്ക്കലിനെ പിന്താങ്ങിയപ്പോൾ, നമ്പൂതിരിസമുദായപരിഷ്ക്കർത്താക്കൾ അന്തർജനങ്ങളുടെ മാറുമറയ്ക്കാനുള്ള ശ്രമങ്ങളെ പിന്താങ്ങുകയായിരുന്നു. ബലപ്രയോഗത്തിന്റെ പല കഥകളും ഈ ഊർജ്ജിതശ്രമങ്ങളെക്കുറിച്ചുള്ള ഓർമ്മിക്കലുകളിൽ കേൾക്കാനുണ്ട്. മാറുമറയ്ക്കാൻ വിസമ്മതിച്ച അരയസ്ത്രീകളെ ചായംപൂശിവിട്ട അരയസമുദായപ്രേമികളായ യുവാക്കന്മാരെക്കുറിച്ച് പി.കെ. ഡീവർ എന്ന അരയസമുദായ പരിഷ്ക്കർത്താവിന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. ഈഴവസമുദായനേതാവായിരുന്ന കെ.എസ്. ശങ്കുവിന്റെ ഭാര്യ കുഞ്ഞിയമ്മയ്ക്കും ഇത്തരമൊരു കഥയുണ്ടായിരുന്നു. കോട്ടയത്തുനിന്ന് ചങ്ങനാശ്ശേരിവരെ ബ്ലൗസിട്ട പത്തിരുപതു പെണ്ണുങ്ങളുടെ ജാഥ നടത്തിയതിനെക്കുറിച്ചാണ് കഥ. കുഞ്ഞിയമ്മ അതിൽ മുൻനിരക്കാരിയായിരുന്നു. കുറച്ചുദൂരം ചെന്നപ്പോൾ പലസ്ത്രീകളും കുപ്പായമഴിച്ചു മടിയിൽവച്ചു. ഇതിനെത്തുടർന്ന് കിടങ്ങൂർമുണ്ടൻ എന്നയാൾ ബ്ലൗസഴിച്ച പെണ്ണുങ്ങളുടെ മുന്നിലേക്ക് പൂർണ്ണനഗ്നനായി കടന്നുചെന്നത്രേ!
വസ്ത്രധാരണവും സ്ത്രീകളുടെ മേൽ ബലപ്രയോഗവും
വസ്ത്രധാരണപരിഷ്കാരത്തെ സ്ത്രീകൾ സ്വാഭാവികമായി സ്വീകരിച്ചുവെന്ന് നാം പലപ്പോഴും ധരിക്കാറുണ്ട്. ഇതു ശരിയല്ല. ശരീരത്തെക്കുറിച്ച് നാണംതോന്നുന്നത് സ്വാഭാവികമാണെന്ന ധാരണതന്നെ ശരിയല്ല. സ്ത്രീശരീരത്തിന്റെ നഗ്നത മാന്യമല്ലെന്ന തോന്നൽ ശക്തമായപ്പോഴാണ് സ്ത്രീകൾ മേൽവസ്ത്രം നിർബന്ധമായും ഇട്ടുതുടങ്ങിയത്. ഈ തോന്നൽ അവരിലുണ്ടാക്കാൻ പുരുഷന്മാരായ പരിഷ്കർത്താക്കൾക്ക് വളരെ അദ്ധ്വാനിക്കേണ്ടിവന്നു എന്നു സൂചനയുമുണ്ട്. പലപ്പോഴും ബലപ്രയോഗത്തിലൂടെത്തന്നെ അവർ സ്ത്രീകളുടെ വസ്ത്രധാരണബോധത്തിൽ മാറ്റംവരുത്താൻ നോക്കുകയും ചെയ്തു. ഏറ്റുമാനൂർ സോമദാസൻ അരയസമുദായനേതാവായിരുന്ന പി.കെ. ഡീവറിന്റെ ജീവചരിത്രത്തിൽ 1920കളിൽ നടന്ന ഇത്തരമൊരു സംഭവം വിവരിക്കുന്നുണ്ട്:
മത്സ്യവില്പനക്കാരികളായിരുന്ന ധീവരസ്ത്രീകൾ മാറുമറച്ചു നടക്കണമെന്ന് കറുപ്പൻ മാസ്റ്റർ [അരയനേതാവായിരുന്ന പണ്ഡിറ്റ് കറുപ്പൻ] ആദ്യകാലംമുതൽക്കേ നിർബന്ധിച്ചിരുന്നു. ബ്ലൗസ് അന്ന് സാധാരണമല്ലായിരുന്നു. ഉയർന്നജാതി സ്ത്രീകൾ മുലക്കച്ചകെട്ടുകയോ റൗക്ക ധരിക്കുകയോ ചെയ്തിരുന്നു. അരയത്തികൾക്ക് അതു പാടില്ലായിരുന്നു. അതുകൊണ്ട് കറുപ്പൻമാസ്റ്റർ നിശ്ചയിച്ചത് കച്ചത്തോർത്താണ്. 'കറുപ്പൻകച്ച' എന്ന പേരിലാണ് അരയസ്ത്രീകൾക്കിടയിൽ അതറിയപ്പെട്ടിരുന്നത്. പക്ഷേ, കച്ചയുടുക്കാൻ പലർക്കും അസൗകര്യമായിത്തോന്നി. അവർ 'കറുപ്പൻകച്ച'യിൽനിന്ന് സ്വയം മോചിതരായി. അതിനൊരു പരിഹാരംകണ്ടെത്തിയത് ഡീവറും അത് പ്രയോഗത്തിൽ വരുത്തിയത് പരിഷ്ക്കരണപ്രിയരായ ചില യുവാക്കളുമായിരുന്നു. ചായംകലക്കിയ ഒരു ടിന്നും ബ്രഷുമായി അവർ വഴിയരികിൽ കാത്തുനിൽക്കും. നഗ്നമാറിടവുമായി തലയിൽ മീൻകുട്ടയുടെ ബാലൻസുതെറ്റാതെ കുണുങ്ങിക്കുണുങ്ങി കൂസലില്ലാതെ നടന്നുവരുന്ന സ്ത്രീകളെ ചായംപൂശി വിടും. ആ വിദ്യ ഫലിച്ചു. കറുപ്പൻകച്ച ഉപേക്ഷിച്ചവരൊക്കെ വീണ്ടും അതു സ്വീകരിച്ചുതുടങ്ങി.
(ഡീവർ എന്ന കർമ്മധീരൻ, കൊച്ചി, 1993, പുറം 42-43)
ഇങ്ങനെ ബലപ്രയോഗത്തിലൂടെയല്ലാതെ, നയപ്രയോഗത്തിലൂടെ സ്ത്രീകളെ വസ്ത്രംധരിപ്പിക്കാൻ പ്രരിപ്പിക്കുന്ന രീതികളായിരുന്നു അധികവും പ്രചാരത്തിലുണ്ടായിരുന്നത്. 1916ൽ അയിരൂരിൽ കൂടിയ നായർസമ്മേളനം നീളൻകുപ്പായം ധരിക്കാൻ ധനശേഷിയില്ലാത്ത സ്ത്രീകൾ ചെറിയ 'ജമ്പർ' (jumper) ധരിച്ചാൽമതിയെന്ന് പ്രമേയം പാസാക്കി - ഇത് [ 140 ] 'നയപ്രയോഗ'മായിരുന്നു. തിരുവിതാംകൂർ സർക്കാർ ഈ ശ്രമങ്ങളെ പിന്താങ്ങുകയും ചെയ്തു. 1891ലെ തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടിന്റെ കർത്താവായ വി. നാഗം അയ്യ എന്ന ഉദ്യോഗസ്ഥൻ ഇവിടെ 'സ്ഥിതിഗതികൾ' മെച്ചപ്പെട്ടുവരുന്നുവെന്ന് നിരീക്ഷിച്ചു: 'തെക്കുഭാഗത്തുനിന്ന് [അതായത്, മിഷണറിസ്വാധീനം ശക്തമായ തെക്കൻ തിരുവിതാംകൂറിൽനിന്ന്] സംസ്കാരം അടിവച്ച് മുന്നേറുന്നു; തിരുവനന്തപുരത്ത് അതിന്റെ ഫലം ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു', അദ്ദേഹമെഴുതി, '[ഇവിടെ] മേൽമുണ്ടുധരിക്കാതെ പുറത്തിറങ്ങാൻ തയ്യാറുള്ള ഒറ്റ നായർപെൺകുട്ടിപോലുമില്ല.' (തിരുവിതാംകൂർ സെൻസസ്, 1891, പുറം 768-69) 20-ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽത്തന്നെ തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന്റെ എഴുന്നള്ളത്തിൽ നായർയുവതികൾ മാറുമറയ്ക്കാതെ വിളക്കെടുക്കുന്ന പതിവിനെ പത്രങ്ങൾ നിശിതമായി വിമർശിച്ചുതുടങ്ങിയിരുന്നു. 1905ൽ ഈ പതിവു മാറി.
സ്ത്രീകളുടെ വസ്ത്രധാരണവും സാമൂഹികപരിഷ്ക്കരണവും
ഈ മാറ്റങ്ങളോട് ഇക്കാലങ്ങളിലെ സ്ത്രീകൾ എങ്ങനെയാണ് പ്രതികരിച്ചത്? സ്ത്രീകളെ പുതിയരീതികൾ പഠിപ്പിക്കാനും പരിഷ്ക്കരിക്കാനുമുള്ള പരിശ്രമം ശക്തിപ്രാപിച്ച കാലമായിരുന്നു ഇത്. സ്കൂൾ വിദ്യാഭ്യാസംനേടി സർക്കാരിലും പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലും കച്ചവടസ്ഥാപനങ്ങളിലും മറ്റും ജോലിനോക്കാൻ തുടങ്ങിയ പുരുഷന്മാർ പഴയകുടുംബങ്ങളിലും തറവാടുകളിലും പ്രചാരത്തിലുണ്ടായിരുന്ന ഉടുപ്പുംനടപ്പും ഉപേക്ഷിച്ച് പുതിയശീലങ്ങൾ സ്വീകരിച്ചുതുടങ്ങിയിരുന്നു. അവരോടൊപ്പം കഴിയേണ്ട സ്ത്രീകൾമാത്രം പഴഞ്ചൻ ഉടുപ്പും അലങ്കാരവും കൊണ്ടുനടക്കുന്നത് ഉചിതമായിരിക്കില്ലെന്ന് സാമൂഹ്യപരിഷ്ക്കർത്താക്കൾ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് സ്ത്രീകളുടെ വസ്ത്രധാരണത്തെ കാലോചിതമായരീതിയിൽ പരിഷ്ക്കരിക്കണമെന്ന് വാദിച്ച വളരെപ്പേർ അക്കാലത്തുതന്നെയുണ്ടായി. തറവാട്ടിൽ താമസിക്കുമ്പോഴുണ്ടായിരുന്ന ഉടുപ്പും ശീലങ്ങളും ഭർത്താവിനോടൊപ്പം പോകുമ്പോൾ ഉപേക്ഷിക്കേണ്ടിവന്ന ഭാര്യമാരെപ്പറ്റി നിരവധി കഥകളുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന എം. കൃഷ്ണൻനായരുടെ ഭാര്യയെപ്പറ്റിയുള്ള കഥ അതിലൊന്നാണ്. തിരുവനന്തപുരത്തെ പരിഷ്ക്കാരികളുടെ ലോകത്ത് സാരിയും ബ്ലൗസുമിട്ടുകഴിഞ്ഞിരുന്ന സ്ത്രീ സ്വന്തം തറവാട്ടിലേക്കുപോകുംവഴി - വള്ളത്തിൽ കയറുംമുമ്പുതന്നെ - ബ്ലൗസും സാരിയും അഴിച്ചുമാറ്റി മുണ്ടും മേൽമുണ്ടും മാത്രമാക്കിയിരുന്നത്രെ! പല തറവാടുകളിലും സ്ത്രീകൾക്ക് പരിഷ്ക്കാരികളായ ഭർത്താക്കന്മാർ സ്വന്തം ചെലവിലാണ് റൗക്കയും ജമ്പറും മറ്റും തുന്നിക്കൊടുത്തിരുന്നത് - ആ സ്ത്രീകളുടെ കാരണവന്മാർക്ക് ഈ വസ്ത്രധാരണത്തോട് യോജിപ്പില്ലായിരുന്നതുകൊണ്ട്!
എന്നാൽ, സ്ത്രീകൾ മാറുമറച്ചിരിക്കണം, വസ്ത്രം ധരിച്ചിരിക്കണം എന്ന് നിർബന്ധംപിടിച്ചിരുന്ന പരിഷ്ക്കർത്താക്കൾ സ്ത്രീകൾ 'അമിതമായി' വസ്ത്രാഭരണങ്ങളിൽ താത്പര്യംകാണിച്ചുകൂടെന്നും വിധിയെഴുതി. അണിഞ്ഞൊരുങ്ങാൻ താൽപര്യമുള്ള സ്ത്രീകൾ പൊതുവെ ഉറപ്പില്ലാത്ത സ്വഭാവക്കാരും ശൃംഗാരം കുറെ കൂടിപ്പോയവരുമാണെന്ന വിമർശനം പരിഷ്ക്കർത്താക്കൾ ഇടയ്ക്കിടെ ഉന്നയിച്ചിരുന്നു. അക്കാലത്തെ സ്ത്രീമാസികകളിലുംമറ്റും ഈ വിഷയത്തെക്കുറിച്ച് ഒരുപാടു ലേഖനങ്ങൾ സാമൂഹ്യപരിഷ്ക്കരണത്തിൽ താൽപര്യമുള്ളവർ എഴുതിയിട്ടുണ്ട്. അക്കാലത്തെ നോവലുകളിലും അണിഞ്ഞൊരുങ്ങിനടക്കുന്ന പെണ്ണുങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നതുകാണാം. ഇന്ദുലേഖയിലെ നായിക അതിസുന്ദരിയാണെങ്കിലും അവളുടെ മഹത്വം അതിലൊന്നുമല്ലെന്നാണ് നോവൽകർത്താവായ ചന്തുമേനോൻ പറഞ്ഞിരിക്കുന്നത് - വിദ്യാഭ്യാസത്തിലൂടെ ഇന്ദുലേഖ നേടിയെടുത്ത മനഃപരിഷ്ക്കാരമാണ് അവളുടെ മഹത്വമെന്നും, ശരീരത്തെയും വികാരങ്ങളെയും ഒരുപോലെ നിയന്ത്രിച്ച് വരുതിക്കുനിർത്താൻ അവൾക്കു കഴിഞ്ഞുവെന്നും അദ്ദേഹം നോവലിലൂടെ സ്ഥാപിക്കുന്നു. ഈ നിലപാട് മിക്ക സാമൂഹ്യപരിഷ്ക്കർത്താക്കളും പങ്കിട്ടിരുന്നു. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ 'സ്ത്രീകൾ വസ്ത്രംധരിക്കണം, എന്നാൽ വസ്ത്രത്തോട് അമിതതാൽപര്യം അവർക്കുണ്ടായിക്കൂട' - ഇതായിരുന്നു സാമൂഹ്യപരിഷ്ക്കർത്താക്കളുടെ അഭിപ്രായം.
ഇക്കാലത്ത് ആധുനികവിദ്യാഭ്യാസംനേടിയ സ്ത്രീകളെ സംബന്ധിച്ചിടത്തോളം മേൽവസ്ത്രം ധരിക്കൽ കേവലം 'നാണംമറയ്ക്കൽ' മാത്രമായിരുന്നില്ല. പരമ്പരാഗതമായ പുരുഷാധികാരത്തിൽനിന്ന് സ്വന്തം ശരീരത്തെ വീണ്ടെടുക്കുന്ന പ്രവൃത്തിയായിട്ടാണ് അവരിൽ പലരും വസ്ത്രധാരണത്തെ കണ്ടത്. 1920കളിലും 1930കളിലും കേരളത്തിലെ നമ്പൂതിരിസമുദായത്തിൽ വളർന്നുവന്ന സമുദായപരിഷ്ക്കരണപ്രസ്ഥാനം നമ്പൂതിരിസ്ത്രീകളുടെ - അന്തർജനങ്ങളുടെ - വസ്ത്രം പരിഷ്ക്കരിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു. പുതിയ വിദ്യാഭ്യാസവും പരിഷ്ക്കാരവും ഉദ്യോഗവുംനേടിയ നമ്പൂതിരിയുവാക്കളുടെ എണ്ണം കൂടിവരുന്നെന്നും [ 141 ] പഴയമട്ടിൽ വേഷംധരിച്ച യുവതികൾ അവർക്കു തീരെ ചേരില്ലെന്നും നമ്പൂതിരി സമുദായനേതാക്കളിൽ പലരും വാദിച്ചു. എന്നാൽ നമ്പൂതിരിസ്ത്രീകളെ സംബന്ധിച്ചിടത്തോളം ബ്ലൗസിടുക എന്നത് പഠിപ്പും ജോലിയുമുള്ള ഭർത്താക്കന്മാരെ ആകർഷിക്കാനുള്ള തന്ത്രം മാത്രമായിരുന്നില്ല - പരമ്പരാഗത കുടുംബരീതിക്കുള്ളിൽ സ്ത്രീകൾക്കു കൽപ്പിച്ചിരുന്ന കടുത്തനിയമങ്ങൾക്കും കീഴ്നിലയ്ക്കും എതിരെയുള്ള ചെറുത്തുനിൽപ്പായിരുന്നു അത്. എം.പി. ഭട്ടതിരിപ്പാട് 1940ൽ എഴുതിയ ഋതുമതി എന്ന നാടകം ഈ ചെറുത്തുനിൽപ്പിനെക്കുറിച്ചായിരുന്നു. യാഥാസ്ഥിതികവൃത്തങ്ങളിൽ ഇതു വലിയ കോളിളക്കമുണ്ടാക്കി.
1930കളിൽ നമ്പൂതിരിസമുദായപരിഷ്കരണപ്രസ്ഥാനത്തിന്റെ മുൻനിരയിലേക്ക് കഴിവുറ്റ സ്ത്രീകൾ വരാൻതുടങ്ങി. മഹിള
എന്ന സ്ത്രീപ്രസിദ്ധീകരണം 'നമ്പൂതിരിസാമ്രാജ്യ'ത്തിന്റെ [വീരനായികയായ]
'ജോവാൻ ഓഫ് ആർക്ക്' എന്നു വിശേഷിപ്പിച്ച പാർവ്വതി നെന്മിനിമംഗലമായിരുന്നു
അവരിൽ പ്രധാനി. ആധുനികവസ്ത്രംധരിച്ച് യോഗക്ഷേമസഭാസമ്മേളനത്തിൽ ആദ്യമായി ഒരു
സ്ത്രീ - പാർവ്വതി മനേഴി - പങ്കെടുത്തതിനെത്തുടർന്ന് സമ്മേളനത്തിൽ
പങ്കെടുത്ത സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരുന്നു. ഇടക്കുന്നിയിൽ
നടന്ന യോഗക്ഷേമസഭയുടെ 22-ാം സമ്മേളനത്തിൽ ഒരൊറ്റ സ്ത്രീമാത്രമേ
ഉണ്ടായിരുന്നുള്ളു. എന്നാൽ കാറൽമണ്ണവെച്ചു കൂടിയ 25-ാം സമ്മേളനത്തിൽ 75
അന്തർജനങ്ങൾ സന്നിഹിതരായിരുന്നു. നമ്പൂതിരിയുവജനസംഘത്തിലൂടെയാണ് ഇവർ
വളർന്നത്. 1930കളിൽ ആര്യാപള്ളം, പാർവ്വതി നെന്മിനിമംഗലം, ദേവകി
നരിക്കാട്ടിരി തുടങ്ങിയവർ അന്തർജനങ്ങൾക്കു സഹിക്കേണ്ടിവന്നിരുന്ന
നിയന്ത്രണങ്ങളെ പരസ്യമായി തള്ളിക്കളഞ്ഞുകൊണ്ട് പൊതുപ്രവർത്തകരായി മാറി.
ആധുനികരീതിയിൽ വസ്ത്രധാരണംചെയ്യാനും യാത്രചെയ്യാനും പൊതുവേദികളിൽ
പ്രസംഗിക്കാനും നിയമസഭകളിൽ പ്രവർത്തിക്കാനും പ്രാപ്തിയുള്ള അന്തർജനങ്ങൾ
ഇക്കാലത്ത് പൊതുരംഗത്തേക്കു കടന്നു. 1940കളിലെ രാഷ്ട്രീയസമരങ്ങളിൽ -
പാലിയംസത്യാഗ്രഹത്തിലും കമ്യൂണിസ്റ്റുപാർട്ടിയുടെ പ്രവർത്തനത്തിലും മറ്റും -
അവർ പങ്കുചേരാൻ തുടങ്ങി. ലളിതാംബിക അന്തർജനം അക്കാലമായപ്പോഴേക്കും
ആധുനികകേരളീയസാഹിത്യരംഗത്ത് തന്റേതായ ഇടമുണ്ടാക്കിക്കഴിഞ്ഞിരുന്നു.
എന്നാൽ പുതിയ വസ്ത്രധാരണരീതികളോട് അഭ്യസ്തവിദ്യരായ യുവതികൾ കാട്ടിയ താൽപര്യത്തെ അല്പം സംശയത്തോടുകൂടിയല്ലാതെ കാണാൻ പല സമുദായപ്രമാണികൾക്കും കഴിഞ്ഞിരുന്നില്ല. നേരത്തെ പറഞ്ഞതുപോലെ, സ്ത്രീകൾ വസ്ത്രം ഇടണമെന്ന് പറയുമ്പോഴും അത് 'ഒരുങ്ങിക്കെട്ടലാ'കുമോ എന്ന ഭയം എപ്പോഴും അവരെ അലട്ടിയിരുന്നു. അതുകൊണ്ട് പഴയ വസ്ത്രധാരണരീതി വേണ്ടെന്നുവയ്ക്കുന്നവരെ 'അഴിഞ്ഞാട്ടക്കാരികളാ'യിക്കാണാൻ ചിലരൊക്കെ തയ്യാറായി. ഇതിന് ചുട്ട മറുപടികൊടുക്കാൻ അന്നത്തെ സ്ത്രീകളിൽ ചിലർ ഉത്സാഹിച്ചു. ആധുനികവസ്ത്രം ധരിക്കാൻ തയ്യാറായ സ്ത്രീകളെല്ലാം പച്ചപ്പരിഷ്ക്കാരികളാണെന്ന് അടച്ചാക്ഷേപിച്ചുകൊണ്ട് അക്കാലത്തെ സമുദായപ്രമാണിമാരിലൊരാളായിരുന്ന പുത്തേഴത്തു രാമമേനോൻ 'അനുകരണഭ്രമം' എന്നപേരിൽ 1915ൽ ലേഖനമെഴുതി. ഇതിന് മറുപടിയായി സി.പി. കല്യാണിയമ്മ ഇങ്ങനെ എഴുതി:
ആകപ്പാടെ ഞങ്ങൾക്കുള്ള ദോഷങ്ങളെല്ലാം ഇംഗ്ലീഷുവിദ്യാഭ്യാസംകൊണ്ടു വന്നിട്ടുള്ളതാണെന്നാണ് മിസ്റ്റർ മേനോന്റെ അഭിപ്രായം. ഇംഗ്ലീഷ് പുസ്തകങ്ങളെല്ലാം [ 142 ] ചുട്ടുകരിച്ചുകളഞ്ഞു റവുക്കയും ജാക്കറ്റും തോട്ടിൽക്കൊണ്ടുപോയി ഇട്ടു തൂക്കേന്ത്രവും കട്ടിപ്പൂത്താലിയും ധരിച്ചു കല്യാണീകളവാണിയിലും മറ്റും സമയംപോക്കുന്നതായാൽ ഞങ്ങളുടെനേരെ മിസ്റ്റർ മേനോനുള്ള ദേഷ്യത്തിന് അല്പം കുറവുവന്നേക്കാം... കാലഗതി അനുസരിച്ച് [ഞങ്ങൾ] ഉടുപ്പിലുംമറ്റും ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. ആഡമും ഈവും ധരിച്ചിരുന്ന ഉടുപ്പുകൾമാത്രമേ ഇന്നും ധരിക്കാവൂ എന്നു പറയുന്നവരുടെ വാക്കിനെ അത്ര ഗൗരവമായി വിചാരിക്കേണ്ട ആവശ്യം ഇല്ലല്ലോ.
(സി.പി. കല്യാണിയമ്മ, 'അനുകരണഭ്രമം', ലക്ഷ്മീഭായി 10(12), 1915)
ശരീരത്തെ സുന്ദരമാക്കാനുള്ള വെപ്രാളം
പുതിയകാലത്തുണ്ടായ ഒരു പ്രത്യേക രോഗമാണെന്നാണ് നമ്മളിൽ പലരും
ധരിച്ചുവച്ചിരിക്കുന്നത്. ഇതു തീരെ ശരിയല്ല. 'സൗന്ദര്യ'ത്തിന്റെ പേരിൽ
പട്ടിണികിടക്കുകയും ശരീരത്തിൽ പച്ചകുത്താൻവേണ്ടി വേദനതിന്നുകയും
ചെയ്യുന്നവരെ നാമിന്നു പരിഹസിക്കാറുണ്ട്. എന്നാൽ പഴയകാലത്ത് നമ്മുടെ
വല്യമ്മൂമ്മമാരും അല്പസ്വല്പം പരിഹാസം ഈ വകുപ്പിൽ അർഹിക്കുന്നില്ലേയെന്നു
ചോദിക്കേണ്ടതുതന്നെ. കാരണം അക്കാലത്തെ 'സൗന്ദര്യ'ത്തിനുവേണ്ടി അവർ
പെട്ടിരുന്ന പാടോർത്താൽ ഇക്കാലത്തെ പട്ടിണികിടക്കൽ ഒന്നുമല്ല. ഈ ഭ്രമം
പെണ്ണിനും ആണിനും ഉണ്ടായിരുന്നുതാനും. ഉദാഹരണത്തിന് 'കാതുവളർത്തൽ' എന്ന
ഏർപ്പാടിനെക്കുറിച്ച് അന്വേഷിച്ചാൽ മതി. രണ്ടുകാതിലും ഭാരമേറിയ മരക്കഷണങ്ങൽ
തൂക്കി 'കാതുനീട്ടി'വളർത്താൻ സ്ത്രീകളും കുറേക്കൂടിമുമ്പ് പുരുഷന്മാരും
ശ്രമിച്ചിരുന്നു. കാത് നീണ്ടുനീണ്ട് തോൾവരെ മുട്ടിയാൽ 'സൗന്ദര്യം' തികഞ്ഞു!
ഭയങ്കര വേദനസഹിച്ചുവേണം ഇതു നേടാൻ. ചിലപ്പോൾ കാത്
പറിഞ്ഞുപോകാറുണ്ടായിരുന്നെന്ന് പഴമക്കാർ പറയുന്നു. എങ്കിലും
വിടില്ലായിരുന്നത്രേ. പറിഞ്ഞിടത്ത് മരുന്നുവെച്ച് കൂട്ടിച്ചേർത്തശേഷം
വീണ്ടും 'മരക്കൊരട്' തൂക്കും! പുരുഷന്മാർക്ക് നീണ്ടുകറുത്ത തലമുടി
സൗന്ദര്യലക്ഷണമായിരുന്നു. 'കുടുമ അഴിച്ചിട്ടാൽ മുട്ടുവരെ നീണ്ടുകിടക്കുന്ന'
മുടിയുള്ളവൻ ആരോ അവൻ സുന്ദരൻ എന്നായിരുന്നത്രേ പ്രമാണമെന്ന് പഴയ
തലമുറക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.
പരിഷ്ക്കാരിയായ ഭർത്താവിന്റെ താത്പര്യവും പരമ്പരാഗതകുടുംബത്തിന്റെ നിയമങ്ങളും പരസ്പരം ചേരാതെവന്ന അവസരങ്ങളിൽ ബുദ്ധിമുട്ടിയതത്രയും സ്ത്രീകളാണ്. ഭർത്താവിന് ഭാര്യ റവുക്ക ധരിക്കണം - കാരണവർക്ക് അതിനോട് വിരോധവും! ഇതിനിടയിൽ ഞെരുങ്ങിയ സ്ത്രീകളുടെ പലകഥകളും അന്നു ജീവിച്ചിരുന്നവരെഴുതിയ ആത്മകഥകളിലുണ്ട്. തിരുവിതാംകൂറിലെ പ്രമുഖ ഈഴവനേതാവായിരുന്ന സി. കേശവന്റെ ആത്മകഥയിൽ ഇത്തരമൊരു കഥ പറയുന്നുണ്ട്. തന്റെ അമ്മാവനും ഈഴവസമുദായത്തിന്റെ ആദ്യകാലനേതാക്കളിൽ പ്രധാനിയുമായിരുന്ന സി.വി. കുഞ്ഞിരാമന്റെ ഭാര്യയാണ് ഇതിലെ നായിക. സംഭവം നടന്നത് 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ. സി.വി. കുഞ്ഞിരാമന്റെ പെങ്ങൾ ഭർത്താവിനോടൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം. അവർ [ 143 ] മയ്യനാട്ടെ കുടുംബവീട്ടിൽ സന്ദർശനത്തിനെത്തിയപ്പോൾ സഹോദരന്റെ ഭാര്യയ്ക്ക് സൂര്യപടത്തിൽ തുന്നിയ രണ്ടു റവുക്ക സമ്മാനമായി കൊടുത്തു. സി.വി.യുടെ ഭാര്യ ആദ്യമായാണ് റവുക്ക കാണുന്നത്. അവർക്കത് ഇഷ്ടമായി. ഭർത്താവിനും ഇഷ്ടമായി. പക്ഷേ, ഭർത്താവിന്റെ അമ്മയ്ക്ക് അതു തീരെ പിടിച്ചില്ല. ക്രിസ്തുമതമോ ഇസ്ലാംമതമോ സ്വീകരിച്ചവരോ 'ആട്ടക്കാരികളോ' ആണ് റവുക്ക ധരിക്കുന്നത് എന്നായിരുന്നു അവരുടെ വിശ്വാസം! അമ്മായിയമ്മയുടെ ദേഷ്യത്തെപ്പേടിച്ച് സി.വിയുടെ ഭാര്യ റവുക്ക പെട്ടിയിൽവച്ചു. അമ്മായി ഉറങ്ങിക്കഴിഞ്ഞാൽ അവർ അതു പുറത്തെടുത്തു ധരിക്കും - രാത്രി വളരെ വൈകിമാത്രം എത്തിയിരുന്ന ഭർത്താവിനെ ആനന്ദിപ്പിക്കാൻവേണ്ടിമാത്രം!
'ഭർത്താവിനുവേണ്ടിമാത്രം' അണിഞ്ഞൊരുങ്ങുന്നതിൽ തെറ്റില്ലെന്ന് അന്നത്തെ പുരോഗമനവാദികളിൽ ചിലരുൾപ്പെടെയുള്ള ഒരുവിഭാഗം വാദിച്ചിരുന്നു. ഭർത്താവിനെ വിവാഹബന്ധത്തിൽ പിടിച്ചുനിർത്തണമെങ്കിൽ പെണ്ണുങ്ങൾ ഇതിനു തയ്യാറാകണമെന്നുപോലും വാദിച്ചവരുണ്ടായിരുന്നു - കേരളത്തിലെ സാമൂഹ്യപരിഷ്ക്കർത്താക്കളിൽ ഒന്നാംസ്ഥാനക്കാരനായി ആദരിക്കപ്പെടുന്ന വി.ടി. ഭട്ടതിരിപ്പാടുപോലും ഈ അഭിപ്രായത്തെ പിന്താങ്ങിയിരുന്നു. 'നമ്പൂതിരി മനുഷ്യനായി മാറണമെങ്കിൽ' എന്ന തന്റെ അതിപ്രശസ്തമായ പ്രസംഗത്തിൽ അന്തർജനങ്ങളുടെ വസ്ത്രധാരണരീതികളിൽ പരിഷ്ക്കാരികളായ നമ്പൂതിരിയുവാക്കളിൽ അറപ്പുംവെറുപ്പുമാണ് ഉളവാക്കുന്നതെന്നും കേവലം സദാചാരബോധത്തിന്റെപേരിൽമാത്രമാണ് നമ്പൂതിരിയുവാക്കന്മാർ 'അപരിഷ്കൃതരായ' അന്തർജനയുവതികളെ വിവാഹംചെയ്യാൻ തയ്യാറാകുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. അന്തർജനങ്ങൾ വൃത്തിയും ഭംഗിയുമുള്ള പുതിയ വസ്ത്രധാരണരീതി സ്വീകരിച്ചില്ലെങ്കിൽ നമ്പൂതിരി പുരുഷന്മാർ വേറെ സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനിടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
നമ്പൂതിരിസമുദായ പരിഷ്ക്കരണപ്രസ്ഥാനത്തിന്റെ മുൻനിരക്കാരായ സ്ത്രീകളെ ഈ നിർദ്ദേശം അസ്വസ്ഥരാക്കി.
മനഃപരിഷ്ക്കാരത്തിനു മുന്തിയസ്ഥാനം നൽകിയ അവർക്ക് 'ഭർത്താവിനുവേണ്ടി'മാത്രം വേണമെങ്കിൽ അണിഞ്ഞൊരുങ്ങാം എന്ന നിർദ്ദേശം അസ്വീകാര്യമായിരുന്നു. സ്ത്രീകളെ പൂർണ്ണവ്യക്തിത്വത്തിലെത്താൻ സഹായിക്കുന്ന മനഃപരിഷ്ക്കരണത്തിൽനിന്നും അവരെ വ്യതിചലിപ്പിക്കുന്ന നിർദ്ദേശമാണിതെന്ന് അവർക്കു തോന്നി. പുരുഷന്മാരോടൊപ്പം അദ്ധ്വാനിക്കുക, വിദ്യാഭ്യാസംനേടുക, പൊതുകാര്യങ്ങളിൽ താത്പര്യമെടുക്കുക - ഇതൊക്കെ ചെയ്യുന്നതിനുപകരം 'ഭർത്താവിനുവേണ്ടി' എന്ന ഒഴിവുകഴിവും പറഞ്ഞ് സ്ത്രീകൾ അണിഞ്ഞൊരുങ്ങിനടക്കുന്നത് എത്രത്തോളം ആരോഗ്യകരമാണ് - അവർ ചോദിച്ചു. നമ്പൂതിരിസമുദായപരിഷ്ക്കരണത്തിന്റെ നായികമാരിൽ ഒരാളായിരുന്ന പാർവ്വതി നെന്മിനിമംഗലം ഈ നിർദ്ദേശത്തെ പരോക്ഷമായി വിമർശിച്ചു:
... പുരുഷന്മാരെ വശീകരിക്കാൻവേണ്ടിമാത്രമല്ല നാം ഇന്ന് ഇത്തരം വസ്ത്രധാരണം ചെയ്യുന്നതും ആഭരണങ്ങൾ അണിയുന്നതും. നമുക്കു പുരുഷന്മാരെ വശീകരിക്കേണ്ട ആവശ്യമില്ല; അതു നിന്ദ്യവും ആഭാസവുമാണ്. ഒരു സ്ത്രീ ഭർത്താവിനെമാത്രം വശീകരിക്കണം; അതു കൃത്രിമവേഷംകൊണ്ടല്ല. കൃത്രിമവേഷംകൊണ്ടുമാത്രം വശീകൃതനായ പുരുഷനെ ഭർത്താവായി സ്വീകരിച്ചാൽ തീർച്ചയായും നാം വ്യസനിക്കേണ്ടിവരും. നമ്മുടെ ഈ വേഷഭൂഷണങ്ങൾ തീരെ മാറ്റണം; ആഛാദനം അത്യാവശ്യമാണ്; അത് ആഡംബരത്തിനാവരുത്. സ്ത്രീക്കും പുരുഷനും വസ്ത്രധാരണത്തിൽ വ്യത്യാസം ആവശ്യമേയില്ല... പ്രവൃത്തിയെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്... ശരിയായി പുരുഷന്മാരോടൊപ്പം പ്രവൃത്തിയെടുത്തെങ്കിൽ, അദ്ധ്വാനിച്ചെങ്കിൽമാത്രമേ, സ്ത്രീകൾക്കു യഥാർത്ഥമായ സ്വാതന്ത്യ്രവും സ്ത്രീത്വവും ഉണ്ടാവുകയുള്ളൂ.
(പാർവ്വതി നെന്മിനിമംഗലം, 'സ്ത്രീത്വം', സ്ത്രീ 1 (1), 1933)
ഇതുകൂടാതെ സ്ത്രീയുടെ പുതിയ വസ്ത്രധാരണരീതി പുരുഷന് എത്ര ആനന്ദം നൽകുന്നതായാലുംശരി, അത് വലിയ അസൗകര്യമാണ് സ്ത്രീകൾക്കുണ്ടാക്കുന്നതെന്ന് തുറന്നുപറയാൻ പിൽക്കാലത്തെ ചില സ്ത്രീകൾ തയ്യാറായി. കെ. സരസ്വതിയമ്മ > കാണുക പുറം 121 < യുടെ വാക്കുകളിൽ:
മഴയത്തു റോഡിലെ വെള്ളത്തിൽ കിടന്നിഴഞ്ഞു ഘനംതൂങ്ങുന്ന സാരിയുമായി വലിഞ്ഞുനീങ്ങുന്നതിന്റെ വിഷമം അനുഭവിച്ചവർക്കല്ലേ അറിയാവൂ? അതിനുപകരം മുണ്ടും മടക്കിക്കുത്തി മൂളിപ്പാട്ടുംപാടി അല്ലലറിയാതെ നടക്കാൻ സാധിക്കുന്നതുതന്നെ എന്തൊരു ഭാഗ്യമാണ്! പല കാരണങ്ങളാലും ഘനംതൂങ്ങുന്ന മുടിക്കെട്ടു വേണ്ടെന്നുവെച്ചാൽ തലയുടെ ഘനം വിട്ടുകിട്ടും; എന്നാൽപ്പിന്നെ തലച്ചോറും നേരെ പ്രവർത്തിച്ചേനെ.
(കെ. സരസ്വതിയമ്മ, 'പുരുഷന്മാരില്ലാത്ത ലോകം', അതേപേരിലുള്ള ലേഖനസമാഹാരത്തിൽനിന്ന്, 1958)
സ്ത്രീകളുടെ വസ്ത്രാലങ്കാരം വാസ്തവത്തിൽ സ്ത്രീകളെ തമ്മിൽ ഭിന്നിപ്പിക്കാനാണ് സഹായിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു:
സ്ത്രീകൾ അണിഞ്ഞൊരുങ്ങുന്നത് പുരുഷനെ ആകർഷിച്ച്, അയാളുടെ കണ്ണുകളെ പ്രീതിപ്പെടുത്തി, കരളിൽ മോഹംജനിപ്പിക്കാനാണെന്നതിനു സംശയാതീതമായ തെളിവുകളില്ല. പരോക്ഷമായി ആ ഉദ്ദേശ്യം ഉണ്ടായിരിക്കാമെന്നു പറയാനേ നിവൃത്തിയുള്ളൂ. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, സ്ത്രീകൾ മാത്രമുള്ള സ്ഥലങ്ങളിൽ അവരുടെ അലങ്കാരനിഷ്ക്കർഷ കൂടുകയാണ്, കുറയുകയല്ല പതിവ്. കാഴ്ചക്കാരിയുടെ കണ്ണു കലുഷമാവുകയും കരൾ പുകയുകയും ചെയ്യിക്കാൻകഴിഞ്ഞാൽ സ്വപ്രവൃത്തി സഫലമായെന്ന കൃതാർത്ഥതയാണ് ആ വേഷഭൂഷകൾക്കുപിന്നിൽ...
('പുരുഷന്മാരില്ലാത്ത ലോകം', 1958)
[ 145 ] എന്നാൽ ആദ്യകാലസ്ത്രീവാദികളിൽ പലരും സ്ത്രീകളുടെ വസ്ത്രാലങ്കാരത്തെ വെറും പാഴ്വേലയായും സ്ത്രീയുടെ മനഃപരിഷ്ക്കാരത്തിന് വിരോധമായ പ്രവൃത്തിയായും പുച്ഛിച്ചുതള്ളിയപ്പോൾ സരസ്വതിയമ്മ അതിൽ ക്രിയാത്മകമായ സാദ്ധ്യതകൂടി കണ്ടുവെന്നകാര്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്. നിലവിലുള്ള വസ്ത്രാലങ്കാരരീതികൾ പലതും സ്ത്രീയുടെ ആത്മാഭിമാനത്തെ നിന്ദിക്കുംവിധത്തിലുള്ളവയാണെന്ന് സരസ്വതിയമ്മ സമ്മതിച്ചെങ്കിലും, അങ്ങനെയല്ലാത്ത വസ്ത്രാലങ്കാരം സ്ത്രീകൾക്കു സാധിക്കുമെന്ന സൂചന അവർ ചില കഥകളിലൂടെ നൽകുന്നുണ്ട്. സ്ത്രീകൾക്ക് സ്വന്തം ശരീരത്തെക്കുറിച്ച് ആനന്ദിക്കാനും അഭിമാനിക്കാനുമുള്ള ഒരു മാർഗ്ഗമായി വസ്ത്രധാരണത്തെ മാറ്റാൻ കഴിയും - സ്വന്തം അഭിരുചിക്കും സൗന്ദര്യബോധത്തിനുമസരിച്ചുള്ള ഒരു പുതിയ വസ്ത്രാലങ്കാരം അവർക്കുണ്ടാക്കാൻ കഴിയും - ഇതാണ് 'ഒരുക്കത്തിന്റെ ഒടുവിൽ' (1946) എന്ന കഥയുടെ ഒരു സന്ദേശം. ഈ വസ്ത്രാലങ്കാരം, ഒരുപക്ഷേ, പുരുഷന്മാർക്ക് പിടിക്കില്ലായിരിക്കുമെന്നും സൗന്ദര്യംമാത്രമല്ല, സൗകര്യംകൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഈ പുതിയരീതി രൂപപ്പെടുന്നതെന്നും അവർ സൂചിപ്പിക്കുന്നു. 'ഒരുക്കത്തിന്റെ ഒടുവിൽ' എന്ന കഥയിലെ വാസന്തി എന്ന യുവതി പുരുഷന്മാരെ ആകർഷിക്കാൻ ശ്രമിക്കാത്തവളാണ്. എങ്കിലും ഒരുക്കത്തിൽ അവൾക്കു താൽപര്യമുണ്ട് - സ്വന്തമായ സൗന്ദര്യബോധമുണ്ട്. 'നിത്യകന്യക' യ്ക്ക് ഒരുക്കംകൊണ്ടെന്തു പ്രയോജനം എന്നു ചോദിച്ചു കളിയാക്കുന്ന കൂട്ടുകാരിയോട് അവർ പറയുന്നു: 'പരാഗസംക്രമണംകൊണ്ട് ഫലമുണ്ടാകാത്ത ചെടികൾക്കും പ്രകൃതി ഭംഗിയുള്ള പൂക്കൾ കൊടുക്കുന്നതെന്തിന്? എന്തായാലും... എന്റെ ചില കൂട്ടുകാരികളെപ്പോലെ കുമ്മായവില്പനയുള്ള വീട്ടിലാണ് താമസമെന്ന് എന്റെ മുഖംകണ്ടാരും വിചാരിക്കാൻ ഞാനിടയാക്കാറില്ല.'
വസ്ത്രധാരണത്തിലെ ഇരട്ടസദാചാരം
1940കൾക്കുശേഷം കേരളത്തിലേക്ക് മറ്റു പ്രദേശങ്ങളിൽനിന്നുള്ള വസ്ത്രധാരണരീതികൾ എത്താൻതുടങ്ങി. ധാവണിയും പാവാടയും വടക്കേയിന്ത്യൻ സ്റ്റൈലിലുള്ള സാരി - ബ്ലൗസ് മുതലായവയ്ക്കും പ്രചാരം വർദ്ധിച്ചു. കേരളത്തിനു പുറത്തുപോയി പഠിച്ച സ്ത്രീകളാണ് പലപ്പോഴും ഇവയ്ക്കു പ്രചാരംനൽകിയത്. വസ്ത്രങ്ങളിലും അടിവസ്ത്രങ്ങളിലുമുണ്ടായ മാറ്റം വസ്ത്രധാരണത്തിനെ ചെലവേറിയ ഏർപ്പാടാക്കിമാറ്റി. സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും വസ്ത്രാഭിരുചികളിൽ വൻമാറ്റമാണ് ഈ കാലയളവിലുണ്ടായത്. പക്ഷേ, സ്ത്രീശരീരത്തിന്റെ അലങ്കരണവും പ്രദർശനവും 'കൂടുതൽ പാപകര'മാണെന്ന ഇരട്ട സദാചാരവാദം കൂടുതൽ ശക്തമായതേയുള്ളൂ. ഉദാഹരണത്തിന് 1950കളിൽ കൊല്ലം നഗരത്തിലെ കോളേജുകുമാരീകുമാരന്മാർ പൊതുവെ 'വേഷംകെട്ടി'നടന്നു സമയവും പണവും നശിപ്പിക്കുന്നവരാണെന്ന് പരാതിപ്പെട്ട ഈ ലേഖനം നോക്കുക - ആണിനേയും പെണ്ണിനേയും കുറ്റപ്പെടുത്തുന്നുവെങ്കിലും പെണ്ണിന്റെ 'വേഷംകെട്ടൽ' കൂടുതൽ അപകടമാണെന്നായിരുന്നു ലേഖികയുടെ അഭിപ്രായം:
വർഷംതോറും നമ്മുടെ കോളേജുകളിൽനിന്നും ആയിരക്കണക്കിനു ബിരുദധാരികൾ പുറത്തുവരുന്നുണ്ടല്ലോ. തെറ്റുകൂടാതെ ഇംഗ്ലീഷിൽ ഒരാപ്ലിക്കേഷൻ തയ്യാറാക്കാൻ കഴിവുള്ളവർ എത്രപേർ ഉണ്ടായിരിക്കും. [കോളേജിൽ പ്രവേശിച്ചാൽ] അതുവരെ കരിക്കട്ടപൊടിച്ചു പല്ലുതേച്ച ചെറുക്കന് toothpaste-ഉം ബ്രഷും വേണം. അലക്കിത്തേച്ച ഡ്രസ്സ് ദിവസംതോറും മാറണം... [കോളേജുകുമാരിമാർക്കാണെങ്കിൽ].. 'റവുക്ക'യൊന്നുമല്ല. അതാണ് ചോളി. എന്തിനമ്പരക്കുന്നു. പൊതിഞ്ഞുവയ്ക്കപ്പെടേണ്ട അവയവങ്ങൾ അല്പാല്പമായി കാഴ്ചക്കാരെ ഒളിഞ്ഞുനോക്കേണ്ട ആവശ്യവും അവരുടെ 'ഫാഷനി'ൽ ഉൾപ്പെട്ടതാണ്.
(കുഞ്ഞുകുട്ടി, കേരളപുരം, 'സംസ്ക്കാരത്തിന്റെ പോക്ക്', കൗമുദി ആഴ്ചപ്പതിപ്പ് 5(49), 1955)
അതായത്, 1950കളായപ്പോഴേക്കും കേരളത്തിൽ നല്ലൊരുവിഭാഗം സ്ത്രീകളും മാറുമറച്ചുകഴിഞ്ഞുവെങ്കിലും സ്ത്രീശരീരത്തിനുമേലുള്ള 'യുദ്ധം' തുടർന്നുവെന്ന് സാരം. മാറുമറച്ചാലും അതു 'സഭ്യമായ' രീതിയിലാണല്ലോ മറച്ചിട്ടുള്ളത് എന്ന അന്വേഷണം വീണ്ടും തുടർന്നു! 'സഭ്യ'മായി അംഗീകരിക്കപ്പെടാത്ത രീതിയിൽ മാറുമറച്ച സ്ത്രീയെ നിലയ്ക്കുനിർത്താനുള്ള ശിക്ഷാനടപടികൾക്കായി പ്രാധാന്യമെന്നുമാത്രം! കേരളത്തിലെ സ്ത്രീകൾ [ 146 ] സ്വന്തം ശരീരത്തെക്കുറിച്ച് എപ്പോഴും ബോധവതികളാകാൻ നിർബന്ധിതകളായിരിക്കുന്നത് ഇതിനാലാണ് - സമൂഹത്തിന്റെ സദാചാരക്കണ്ണുകൾ അവരെ സദാ പിന്തുടരുന്നതുകൊണ്ട്. ഇന്നാണെങ്കിൽ കൂടുതൽ സൗകര്യപ്രദമായ വസ്ത്രംധരിക്കാൻ സ്ത്രീകൾ തയ്യാറാണ്. ആ വഴി എളുപ്പമല്ല. കേരളത്തിന്റെ വിയർപ്പിലും ചൂടിലും കയ്യില്ലാത്ത വസ്ത്രം ധരിക്കുന്നതാണ് ആരോഗ്യകരമെങ്കിലും അതിനുള്ള സാഹചര്യം ഇവിടെ പലയിടത്തുമില്ല! ശരീരം മറച്ചുവച്ചതുകൊണ്ട് കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരാണോ? ആണെന്ന് യാതൊരു തെളിവുമില്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ ധാരാളമുണ്ടാകുന്നുവെന്നും അവയുടെ തോത് ഉയർന്നിരിക്കുന്നുവെന്നുമാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്.
ശരീരംമുഴുവനും മൂടുന്നത് മതത്തോടുള്ള ആഭിമുഖ്യം വിളിച്ചറിയിക്കുന്നതുമായ വസ്ത്രം (ബുർഖ) ധരിക്കുന്നതിലൂടെ പൊതുവിടങ്ങളിൽ കൂടുതൽ സ്വതന്ത്രരാകാൻ കഴിഞ്ഞിട്ടുണ്ടെന്ന് പല മുസ്ലിംസ്ത്രീകളും പറഞ്ഞുകേൾക്കാറുണ്ട്. വാസ്തവത്തിൽ കേരളത്തിലെ ഹൈന്ദവജാതികളിൽപ്പെട്ട സ്ത്രീകൾ ഒരു നൂറ്റാണ്ടുമുമ്പ് ഈ അനുഭവത്തിലൂടെ കടന്നുപോയവരാണ്. ശരീരത്തെ 'മെരുക്കി' 'ഒതുക്കി' നിർത്തുന്നതിലൂടെയാണ് സ്ത്രീകൾക്ക് മാന്യതയും പൊതുവ്യക്തിത്വവും (ഒരളവുവരെയെങ്കിലും) ഉണ്ടാവുക എന്ന വിശ്വാസം ബുർഖയിലൂടെയാണ് ഇവിടെ വന്നതെന്ന് കരുതുന്നത് തെറ്റാണ്. മുസ്ലിംസ്ത്രീകൾ പുതിയ സാഹചര്യങ്ങളിൽ ഈ വിശ്വാസത്തെ അഭിമുഖീകരിക്കുന്നുവെന്നുമാത്രം. പല സ്ത്രീകളും ഒരുപരിധിവരെയെങ്കിലും ഇതിലൂടെ 'മാന്യത'നേടുന്നുമുണ്ട്. പക്ഷേ, സ്ത്രീശരീരത്തെ 'കാമമുണർത്തുന്ന വസ്തു'വായി ചുരുക്കിക്കളയുന്ന, അപമാനിക്കുന്ന വിശ്വാസമാണിത്. ഈ വിശ്വാസത്തിൽ പതിയിരിക്കുന്ന അപകടം കെ. സരസ്വതിയമ്മ തിരിച്ചറിഞ്ഞിരുന്നു. 'കാമമുണർത്തുന്ന വസ്തു'വെന്നു പറഞ്ഞ് സ്ത്രീശരീരത്തെ പുച്ഛിക്കുമ്പോൾ സ്വന്തം ശരീരത്തിൽ ആനന്ദം കണ്ടെത്താനുള്ള സ്ത്രീയുടെ അവകാശം ഹനിക്കപ്പെടുന്നുവെന്ന് അവർ കണ്ടു. ഒന്നുകിൽ ശരീരത്തെ മൂടിപ്പൊതിഞ്ഞ് 'പാപകര'മായ വസ്തുവെന്നു വിളിച്ച് അപമാനിക്കുക, അല്ലെങ്കിൽ ആണിന്റെ സന്തോഷത്തിനായി ഒരുക്കിക്കെട്ടി പ്രദർശിപ്പിക്കുക - ഈ രണ്ടറ്റങ്ങളിലൂടെയല്ലാതെ ഒരു മദ്ധ്യമാർഗ്ഗം സ്ത്രീകൾക്ക് സ്വയംസൃഷ്ടിച്ചുകൂടേ എന്ന അവരുടെ ചോദ്യം ഇന്നും പ്രസക്തമാണ്.
വസ്ത്രധാരണത്തെക്കുറിച്ച്
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പൊതുരംഗത്തെത്തിയ മുസ്ലിംവനിതകൾ
ചർച്ചചെയ്തിരുന്നുവെന്ന വിവരം എത്രപേർക്കറിയാം? കേരളത്തിൽ
"മുസ്ലിംനവോത്ഥാന'ത്തിന് ഒരു സ്ത്രീപക്ഷമുണ്ടായിരുന്നുവെന്നുതന്നെ നാം
ഓർക്കാറില്ല. 1930കൾ മുതൽ 1960കൾവരെ മലയാളത്തിലെ മുസ്ലിംമാസികകളിൽ ഈ തലമുറ
ലേഖനങ്ങളിലൂടെ പല ചർച്ചകൾക്കും തുടക്കമിട്ടു. അൻസാരി, അൽമനാർ, മുസ്ലിം റിവ്യു എന്നീ മാസികകളിലും 1930കളിൽ മുസ്ലിംവനിത, മുസ്ലിംമിത്രം മുതലായ പ്രസിദ്ധീകരണങ്ങളിലും ഇവരുടെ സജീവസാന്നിദ്ധ്യമുണ്ടായിരുന്നു. നിസ ഉൽ ഇസ്ലാം
എന്ന അറബി-മലയാള പ്രസിദ്ധീകരണത്തിലും ഇവർ എഴുതിയിരുന്നു. എം. ഹലീമാബീവി,
ബി.എസ്. സൈദ, തങ്കമ്മ മാലിക്, ഫാത്തിമക്കുട്ടി, മദനിയ്യ മുതലായ
എഴുത്തുകാരികൾ ഇസ്ലാമിൽ സ്ത്രീകൾക്കു ചേർന്ന വസ്ത്രത്തെക്കുറിച്ച് തുറന്ന
ചർച്ച നടത്തിയിരുന്നു. പർദ്ദാസമ്പ്രദായത്തെ തള്ളിക്കളയാതെ, എന്നാൽ
'മൂടിക്കെട്ടു'ന്നതിനെ എതിർത്തുകൊണ്ട് മിസ്സിസ് സൈനബ എഴുതി:
സാമൂഹ്യജീവിതത്തിൽ മുസ്ലിംസ്ത്രീകൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാണ് ഞാൻ പർദ്ദാസമ്പ്രദായമെന്നു പറയുന്നത്. അതിൽ വസ്ത്രധാരണത്തിനും ഒരു പങ്കുണ്ടെന്നുമാത്രം. ഞാനിത് ആദ്യമേപറയുന്നത് മറ്റൊന്നുംകൊണ്ടല്ല. പർദ്ദ എന്ന പദം കേൾക്കുമ്പോഴേക്കും വിറളിയെടുക്കുന്ന ബുദ്ധിജീവികളുണ്ട്... ഇന്ന് പർദ്ദയുടെ പേരിൽ ചില മുസ്ലിങ്ങളുടെ ഇടയിൽക്കാണുന്ന ചില ആചാരങ്ങളെയാണ് അവർ വിമർശിക്കുന്നത്. സ്ത്രീപുരുഷന്മാർ തമ്മിൽ കാണുന്നതോ സംസാരിക്കുന്നതോ പരസ്പരം കൊള്ളക്കൊടുക്കലുകൾ നടത്തുന്നതോ പഠിക്കുന്നതോ പഠിപ്പിക്കുന്നതോ ഇസ്ലാം തടയുന്നില്ല. പക്ഷേ, സ്ത്രീകളും പുരുഷന്മാരും തമ്മിൽ ബന്ധപ്പെടുമ്പോൾ ഇരുകൂട്ടരും പാലിക്കേണ്ട ചില മര്യാദകൾ ഇസ്ലാം നിർദ്ദേശിക്കുന്നുണ്ട്. അവയ്ക്കാണ് ഇസ്ലാമിൽ പർദ്ദാസമ്പ്രദായമെന്നു പറയുന്നത്.

(മിസ്സിസ് സൈനബ, 'മുസ്ലിംസ്ത്രീകളും പർദ്ദയും', അൻസാരി, 5(8), 1961; ഷംഷദ് ഹുസൈൻ, ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയിൽ, തിരുവനന്തപുരം, 2009, പുറം 59.)
കൂടുതൽ ആലോചനയ്ക്ക്
ചരിത്രപഠനത്തിൽ ഏറ്റവും പ്രധാനം രാഷ്ട്രത്തിന്റെ, രാഷ്ട്രീയത്തിന്റെ ചരിത്രമാണെന്നാണ് 'നിഷ്പക്ഷചരിത്രം' നമ്മെ പഠിപ്പിക്കുന്നത്. മാർക്സിസ്റ്റ് ചരിത്രമാകട്ടെ, സാമൂഹ്യസംഘർഷങ്ങളിൽ സർവ്വപ്രധാനം സാമ്പത്തികവർഗ്ഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് അവകാശപ്പെടുന്നു.
എന്നാൽ രാഷ്ട്രീയത്തെയും സാമൂഹ്യസംഘർഷത്തെയുംകുറിച്ചുള്ള ഈ പ്രബലധാരണകളിൽ ഒതുങ്ങാത്ത ഒരു 'യുദ്ധ'ത്തെക്കുറിച്ചാണ് ഈ അദ്ധ്യായത്തിൽ പറഞ്ഞത്. ഇവിടത്തെ 'രാഷ്ട്രീയ'ത്തിൽ പല കക്ഷികളുണ്ട് - സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷം, വർഗ്ഗങ്ങൾ തമ്മിലുള്ള സംഘർഷം, ജാതികൾ തമ്മിലുള്ള സംഘർഷം - ഇവയെല്ലാം ചേർന്നാണ് ഇവിടെ വിവരിച്ച 'യുദ്ധ'ത്തിനു കളമൊരുക്കിയത്. സ്ത്രീശരീരത്തെ പുതിയ പുരുഷാധികാരത്തിന്റെ വരുതിയാലാക്കുക; അതിനുവേണ്ടി പരമ്പരാഗത അധികാരത്തിൽ (പഴയ ജാതിയുടെ, പഴയ കുടുംബത്തിന്റെ) നിന്ന് അതിനെ മോചിപ്പിക്കുക, എന്നിട്ട് പുതിയ രീതികൾക്കനുസരിച്ച് പാകപ്പെടുത്തിയെടുക്കുക - ഇതായിരുന്നു 'യുദ്ധ'ത്തിന്റെ ആത്യന്തികലക്ഷ്യം. എന്നാൽ സ്ത്രീശരീരം പിന്നെയുംപിന്നെയും വഴുതിമാറിക്കൊണ്ടിരുന്നു - സ്ത്രീകളുടെ 'ഒരുക്ക'ത്തെക്കുറിച്ചുള്ള ഭയവും പരാതിയും ഇതുകൊണ്ടാണ് ഇന്നും ആവർത്തിക്കുന്നത്. നിഷ്പക്ഷചരിത്രത്തിൽനിന്ന് നാം ബഹുദൂരം സഞ്ചരിച്ചിരിക്കുന്നുവെന്നും വ്യക്തമാണ്. 'രാഷ്ട്രീയം', 'സംഘർഷം' എന്നിവയെക്കുറിച്ചുള്ള വ്യവസ്ഥാപിതധാരണകളെ സ്ത്രീചരിത്രം തിരുത്തിയെഴുതിക്കഴിഞ്ഞുവെന്ന് വ്യക്തമല്ലേ? ⚫ [ 149 ]
കേരളത്തിന്റെ ചരിത്രകാരികൾ പ്രവീണാ കോടോത്ത്
[പ്രവീണാ കോടോത്ത് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷകയും അദ്ധ്യാപികയുമാണ്.]
ലിംഗബന്ധങ്ങളെക്കുറിച്ചുള്ള ഗവേഷണവും അദ്ധ്യാപനവും നടത്തിക്കൊണ്ടിരിക്കുന്ന ഞാൻ ഇവിടെയെത്തിയത് നീണ്ടുനിവർന്നുകിടന്ന ഒരു വഴിയിലൂടെയല്ല. മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്നും കൊമേഴ്സിൽ ബിരുദം നേടിക്കഴിഞ്ഞപ്പോൾ ഒരുകാര്യം എനിക്കു വ്യക്തമായും അറിയാമായിരുന്നു; എനിക്കിനി കൊമേഴ്സ് പഠിക്കാൻ കഴിയില്ലെന്ന്. അങ്ങനെ ഞാൻ പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. ഡൽഹിയിൽ ദ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ സബ് എഡിറ്ററായി ജോലിനോക്കി. എന്നാൽ പഠനരംഗത്തുനിന്നു പിന്മാറിയത് അത്ര സന്തോഷത്തോടെയായിരുന്നില്ല; അങ്ങനെ ഞാൻ എം.എ ഇക്കണോമിക്സിനു കറസ്പോണ്ടൻസ്‌വഴി ചേർന്നു, മദ്രാസ് സർവ്വകലാശാലയിൽ. അതിനുശേഷം ഹൈദരാബാദ് സർവ്വകലാശാലയിൽ എം.ഫിൽ പഠിച്ചു, ശേഷം അവിടെത്തന്നെ പി.എച്ച്ഡി പഠനവും ആരംഭിച്ചു. അഞ്ചുവർഷക്കാലം നീണ്ടുനിൽക്കുന്ന യു.ജി.സി ഫെലോഷിപ്പ് ഉണ്ടായിരുന്നതുകൊണ്ട് താൽപര്യമുള്ള വിഷയങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള സാവകാശവും സ്വാതന്ത്ര്യവും കിട്ടി. വ്യക്തമായ ചിട്ടയോടുകൂടിയ പഠനത്തിനും എന്റെ യഥാർത്ഥതാൽപര്യം എവിടെയാണെന്ന് ആരായാനുമുള്ള അവസരമായാണ് ഞാൻ എം.ഫിൽ പഠനത്തെ കണ്ടതുകൊണ്ടാണ് ഇക്കാര്യം എടുത്തുപറയുന്നത്.
സ്ത്രീകളുടെ ഭൂവുടമസ്ഥാവകാശങ്ങളെക്കുറിച്ച് പ്രത്യേകിച്ചും, ഭൂവുടമസ്ഥതയെക്കുറിച്ച് പൊതുവിലും താൽപര്യം ജനിച്ചത് ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിൽ ഞാൻ നടത്തിയ ഗവേഷണത്തിലൂടെയാണ്. 'ഭൂവുടമാവകാശ'ത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ച് ബോദ്ധ്യംവന്നത് അവിടെവച്ചാണ് - വസ്തുവകകൾ പേരിലുണ്ടെന്നുവച്ച് ആ വ്യക്തിക്ക് അവയുടെ അനുഭവമുണ്ടായിക്കൊള്ളണമെന്നില്ല; സാമൂഹ്യകെട്ടുപാടുകളിൽനിന്ന് അവൾ വിമുക്തയായിരിക്കുമെന്നും വിചാരിക്കാൻ കഴിയില്ല. ഭൂവുടമകളുടെ വിധവകളുടെപേരിൽ വസ്തുക്കളുണ്ടായിരിക്കുമെങ്കിലും അവയുടെ നിയന്ത്രണം ആണ്മക്കളുടെയോ മറ്റു പുരുഷബന്ധുക്കളുടെയോ കയ്യിലായിരുന്നെന്ന് ഞാൻ കണ്ടു. ഇതിൽനിന്നു വ്യത്യസ്തമായി, കൂലിവേലക്കാരുടെ കുടുംബങ്ങളിലെ സ്ത്രീകൾക്ക് സ്വന്തം അദ്ധ്വാനശേഷിയുടെമേൽ കൂടുതൽ നിയന്ത്രണമുണ്ടായിരുന്നു. പനങ്കള്ളു ചെത്തി ജീവിച്ചിരുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പനയിൽക്കയറാൻ അറിയാത്തതുമൂലം ആ കുടുംബങ്ങളുടെ സ്വത്തായ പനകളെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നുമില്ല.
ഭൂമിയോടും ധനത്തോടും സ്ത്രീകളുടെ ബന്ധം പല ശ്രണിയിലുള്ളവർക്ക് പലതാണെന്ന ഈ തിരിച്ചറിവാണ് എന്റെ ശ്രദ്ധയെ കേരളത്തിലേക്കു തിരിച്ചത്. ഈ പ്രദേശത്ത് മരുമക്കത്തായമുണ്ടായിരുന്നതുകൊണ്ട് സ്ത്രീകളുടെ ഭൂവുടമസ്ഥാവകാശങ്ങൾ കുറേക്കൂടി മെച്ചമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്താണീ മരുമക്കത്തായമെന്നു മനസ്സിലാക്കാൻ ഞാൻ നരവംശശാസ്ത്രവും [ 150 ] ചരിത്രവും വായിച്ചു; പുരാരേഖാശേഖരങ്ങളെ അരിച്ചുപെറുക്കി. എന്തായിരുന്നു അത്? അതെങ്ങനെയാണില്ലാതായത്? എന്തുകൊണ്ടാണ് അതു നശിപ്പിക്കപ്പെട്ടത്? അത് പൊളിച്ചടുക്കിക്കഴിഞ്ഞതിനുശേഷവും സ്ത്രീകൾക്ക് ബാക്കിയായ അല്ലെങ്കിൽ അതിനു പകരമായി വന്ന 'അവകാശങ്ങ'ളുടെ സ്വഭാവമെന്ത്? ഇതൊക്കെയായിരുന്നു എന്റെ ചോദ്യങ്ങൾ. വിവാഹം എന്ന സ്ഥാപനത്തിന്റെ പുനഃക്രമീകരണത്തിലൂടെയാണ് സ്ത്രീകൾ ഒരു പുതിയ ആൺകോയ്മാവ്യവസ്ഥയ്ക്കുള്ളിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടതെന്നും ഈ പ്രക്രിയയെ 'പുരോഗമനപരം', 'വിമോചനകരം' എന്നു വിലയിരുത്താൻ അധിനിവേശകാലത്തെ സാഹചര്യങ്ങളിൽ നടന്ന ശ്രമങ്ങൾ വിജയകരമായിരുന്നെന്നും ഞാൻ തിരിച്ചറിഞ്ഞു. പുതിയ സ്വത്തുടമസ്ഥതാബന്ധങ്ങളിലേക്കാണ് ഈ 'വിമോചനം' നയിച്ചതെന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടപ്പായ നിയമപരമായ അവകാശങ്ങളുടെ മാദ്ധ്യസ്ഥംവഹിച്ചതും ഇതുതന്നെയാണെന്നും എനിക്കു കാണാൻകഴിഞ്ഞു. കഴിഞ്ഞ പത്തുവർഷമായി ആധുനിക കേരളീയവിവാഹത്തെക്കുറിച്ച് ഞാൻ നടത്തിവരുന്ന ഗവേഷണം എന്റെ ഈ വിശ്വാസത്തെ ഉറപ്പിച്ചിട്ടേയുള്ളു. പുതിയതരം വിവാഹമാണ് കേരളത്തിലെ മാരകമായ ആൺകോയ്മാവ്യവസ്ഥയുടെ നാരായവേര്. ഇക്കാലയളവിൽ ഞാൻ നടത്തിയ ഗവേഷണയാത്രകളിൽ പലപ്പോഴും ചെറുപ്പക്കാരികൾ അവരുടെ പ്രായംചെന്ന അമ്മമാരെയും മുത്തശ്ശിമാരെയും ഒന്നിലധികം കല്യാണംകഴിച്ചുവെന്നും മറ്റും സമ്മതിച്ചതിന് ശാസിക്കുന്നതുകേട്ട് ചിരിച്ചിട്ടുണ്ട്. 'ഇതൊക്കെ പഴയകഥയാണ്, ഇപ്പോൾ നമ്മൾ ഇതൊന്നും ചെയ്യാറില്ല, കേട്ടോ' എന്ന് അവരെന്നെ സമാശ്വസിപ്പിക്കുകയും ചെയ്യും! എന്തുകൊണ്ടാണ് മലയാളിസ്ത്രീകൾ വിവാഹത്തിലിങ്ങനെ അകപ്പെട്ടുപോയത്? ഈ കുണ്ടാമണ്ടിയിൽനിന്നും പുറത്തുചാടാനെന്തു വഴി? മറ്റു വിഷയങ്ങളിലേക്ക് എന്റെ ഗവേഷണതാൽപര്യം മാറിയെങ്കിലും ഈ ചോദ്യങ്ങൾ എന്നെ ഇന്നും അലട്ടുന്നു. ⚫
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ