2015 ഫെബ്രുവരി 14, ശനിയാഴ്‌ച

കിരണ്‍ ബേദിക്ക് ഒരു തുറന്ന കത്ത്. ശബ്നം ഹശ്മി

ഞാൻ ഒരു കാലത്തും നിങ്ങളുടെ ആരാധികയായിരുന്നില്ല എന്ന കാര്യം ആദ്യമേ പറഞ്ഞുകൊള്ളട്ടെ. 'സാമൂഹിക പ്രവർത്തന'ത്തിൽ നിങ്ങൾപുലർത്തിപ്പോന്നിരുന്ന താൻപോരിമ നിറഞ്ഞതും സ്വേഛാധിപവുമായ രീതികളോട് എനിക്കെന്നും ശക്തമായ വിയോജിപ്പുണ്ടായിരുന്നു.
ഇപ്പോൾ നിങ്ങൾക്ക് ധാരാളം ഒഴിവുസമയം ഉണ്ടാവും എന്നതിനാൽ, സ്വയം വിശകലനത്തിനും ബോധ്യപ്പെടലിനും തയ്യാറാവണം എന്ന് ഞാൻ അപേക്ഷിക്കുന്നു. ഒരു കാപ്പി തയ്യാറാക്കി, ആടുന്ന കസാരയിൽ ഇരുന്ന്, കാൽ ഒരു ബക്കറ്റ് ചുടുവെള്ളത്തിൽ മുക്കിവച്ച് ശാന്തമാകുവാൻ നിങ്ങൾക്കായെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
അവർ നിങ്ങളോട് ചെയ്തതെന്തെന്ന് ദയവുചെയ്ത് ആലോചിക്കു.
ഞാൻ നിങ്ങളുടെ ആരാധിക അല്ലായിരിക്കാം. പക്ഷെ,നിങ്ങൾ വളരെയധികം ആത്മവിശ്വാസം ഉള്ള ഉദ്യോഗസ്ഥ ആണ്. എല്ലാ മനുഷ്യർക്കും പോരായ്മകൾ ഉണ്ടാകും.അവ തരണം ചെയ്യാൻ നിരന്തരം നാം പരിശ്രമിക്കും. പക്ഷേ, പോരായ്മകളുടെ പേരിൽ പൊതുജന മധ്യത്തിൽ അപഹസിക്കപ്പെടുന്നത് അത്യന്തം അപമാനകരമാണ്.
ഞാൻ ഈയടുത്ത് നിങ്ങളുടെ ഒരു ഫോടോ ശ്രദ്ധിക്കാൻ ഇടയായി. അതിൽ നിങ്ങൾ മോഡിക്ക് മുന്നില് കുനിഞ്ഞു നില്ക്കുന്നു. മോഡിയോടു നിങ്ങൾ എന്തോ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ മുഖത്ത് നിസ്സഹായ ഭാവമാണ് ഉണ്ടായിരുന്നത്. നിങ്ങൾക്ക് എന്തോ കാര്യത്തിന് അയാളിൽ നിന്ന് അനുമതി വേണമെന്ന പോലെ.
അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എനിക്ക് നിങ്ങളോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ, ഒരു പൊതുപ്രവര്ത്തക എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും നിങ്ങളോ ഔദ്യോഗിക സ്ഥാനത്തുള്ള മറ്റേതെങ്കിലും ഒരു സ്ത്രീയോ അത്തരം ഒരു സാഹചര്യത്തിൽ നിൽക്കുന്നതു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
കിരണ്‍ ബേദി, നിങ്ങള്ക്ക് അറിയുമായിരിക്കില്ല. പക്ഷെ, 2002ഇൽ ഗുജറാത്ത് കത്തിയെരിഞ്ഞു കൊണ്ടേയിരിക്കുമ്പോൾ, കൂട്ടബലാത്സംഗത്തിന്റെ ഇരകളായവരിൽ നിന്ന് സാക്ഷിമൊഴികൾ ശേഖരിച്ച അനുഭവം ഉള്ള ആളാണ്‌ ഞാൻ. പത്തു ജില്ലകളിലായി അമ്പത് ഗ്രാമങ്ങളിൽ ഞാൻ യാത്ര ചെയ്തു. ഗ്രാമങ്ങളിലെ ചെറിയ ഡിസ്പെൻസറികളിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരെ കാണുകയുണ്ടായി. അവർ കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തവരായിരുന്നു. അംഗഭംഗം വന്ന അനേകം സ്ത്രീകളുടെ ഫോടോകൽ ഞാൻ അവരുടെ കയ്യിൽ കാണുകയുണ്ടായി. വെട്ടിമുറിച്ച വയറോടു കൂടിയവർ. അവരുടെ ശരീരങ്ങളോട് ഒട്ടിചേർന്ന് പ്രാണൻ പോയ മരിച്ച ഗർഭസ്ഥ ശിശുക്കൾ. എല്ലാവർക്കും അറിയാവുന്ന നരോദ പാടിയായിലെ കൌസർ ബാനൂ മാത്രമായിരുന്നില്ല, അവിടെ ധാരാളം കൌസർ ബാനൂമാർ ഉണ്ടായിരുന്നു. കിരണ്‍ ബേദി, മാസങ്ങളോളം കിടന്ന കിടപ്പിൽ നിന്ന് എഴുന്നേല്ക്കാൻ സാധിക്കാതിരുന്ന സ്ത്രീകളെ ഞാൻ അവിടെ കനിട്ടുണ്ട്. കാരണം, അവർ പതിനഞ്ചും ഇരുപതും പുരുഷന്മാരാൽ കൂട്ടബലാത്സംഗത്തിന് വിധേയരായിരുന്നു. അവരുടെ ജനനെന്ദ്രിയങ്ങൾ പിളർന്നു പോയിരുന്നു.
കിരണ്‍ ബേദി, 2002 കൂട്ടക്കൊലകൾക്കു ശേഷം, മോഡി 'ഗൌരവ് യാത്ര' നടത്തിയിരുന്നു. അതിനിടയിൽ നടത്തിയ പ്രസംഗങ്ങളിൽ ദുരിതാശ്വാസ ക്യാംപുകളെ- എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ താമസിപ്പിച്ച അഭയ താവളങ്ങളെ- അയാൾ വിളിച്ചത് സന്താനോത്പാദന ഫാക്ടറികൾ എന്നാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി, മോഡിയുടെ വിഷം വമിക്കുന്നതും അസഭ്യം പറയുന്നതുമായ വിഡിയോ ദൃശ്യങ്ങൾ യൂ ട്യുബിൽ നിന്ന് നീക്കം ചെയ്തിടുണ്ട്. മോഡിയുടെ മുന്നില് സാക്ഷി മഹാരാജും സാധ്വി പ്രാചിയും ഒന്നുമല്ല.അയാൾ അക്കാലത്ത് പറഞ്ഞ കാര്യങ്ങൾ അത്രമേൽ വിഷം നിറഞ്ഞതായിരുന്നു.
കിരണ്‍ ബേദി, ബിൽക്കിസ് കൂട്ടബലാത്സംഗം ചെയ്യപ്പെടുമ്പോൾ അവർ അവളുടെ കുഞ്ഞുമകളുടെ തല കല്ലിൽ ഇടിച്ചു പൊട്ടിച്ചു. ആ കുഞ്ഞ് അപ്പോൾ തന്നെ മരിച്ചു. മകളും മരുമകളും കൂട്ടബലാത്സംഗം ചെയ്യപ്പെടുന്നത് മെദിനയെ അക്രമികൾ കാണിക്കുകയാണ് ചെയ്തത്.
കിരണ്‍ ബേദി, നിങ്ങൾ ഈ മനുഷ്യന്റെ മുന്നിൽ നടുവളച്ചു നില്ക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നി.
കുറ്റ വിമുക്തിയെ കുറിച്ച് നിങ്ങൾക്കെന്നോട് പറയാം. കുറ്റ വിമുക്തിയുടെ കഥകളെ അംഗീകരിക്കാൻ കഴിയാത്ത തരത്തിൽ കുറച്ചധികം കാര്യങ്ങൾ എനിക്കറിയാം.
കിരണ്‍ ബേദി, പ്രധാനമന്ത്രിപദത്തിനായി ഈ മനുഷ്യൻ ഉപജാപങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോൾ പലരും എന്നോട് സൂക്ഷിക്കണം എന്ന് പറയുകയുണ്ടായി. അത്തരം സുഹൃത്തുക്കളോട് ഞാൻ പറഞ്ഞത് അവർക്കെന്നോട് ചെയ്യാനാവുന്നതിൽ വച്ചേറ്റവും വലുത് തടവിലാക്കുകയോ കൊല്ലുകയോ ആണ്. ധാർമികമായി കൊലചെയ്യപ്പെടുന്നതിനേക്കാൾ ശാരീരികമായി കൊലചെയ്യപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
കിരണ്‍ ബേദി, നിങ്ങൾ മാത്രമാവുന്ന സന്ദർഭത്തിൽ, അവർ നിങ്ങളുടെ ആത്മാഭിമാനത്തോട് എന്താണ് ചെയ്തതെന്ന് ഒന്നാലോചിക്കു. ഒരു സ്ത്രീയായി, ഒരു അമ്മയായി ആലോചിക്കു. തല ഉയർത്തിപ്പിടിച്ച് ഔദ്യോഗിക ജീവിതം നയിച്ച ഒരു സ്ത്രീയെന്ന നിലയിൽ ആലോചിക്കു.
സ്വന്തം മനസ്സാക്ഷിയെ വിശകലനം ചെയ്യാനും സ്വന്തം മനസ്സാക്ഷിയോട്‌ കരുണാരഹിതമായി സത്യം പറയാനും ധൈര്യം ആര്ജ്ജിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. നിങ്ങളുടെ തന്നെ നന്മയ്ക്ക് ദയവായി അത് ചെയ്യൂ.
നിങ്ങൾക്കെന്റെ ശുഭാശംസകൾ.

ശബ്നം ഹശ്മി.
കടപ്പാട് : Hassan Koya

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

COMMISSIONS UNDER THE CODE OF CIVIL PROCEDURE, 1908

INTRODUCTION  The Code of Civil Procedure, 1908 (CPC) provides a comprehensive procedural framework for the adjudication of civil disputes i...