ബഹു: കേരളസംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ ബഹു: കേരള -------------------മുമ്പാകെ ചെല്ലാനം ജനകീയവേദിയ്ക്ക് വേണ്ടി ടി.സമിതിയുടെ ചെയർ പേഴ്സൺ മറിയാമ്മ ജോർജ്ജ് കുരിശിങ്കൽ , കുരിശിങ്കൽ വീട് , കമ്പനിപ്പടി , തെക്കേ ചെല്ലാനം പി.ഓ., എറണാകുളം .ബോധിപ്പിക്കുന്ന നിവേദനം.
സർ ,
വിഷയം : എറണാകുളം ജില്ല, ചെല്ലാനം ഗ്രാമപഞ്ചായത്തിൽ കടൽഭിത്തി തകർന്നതിനാൽ രൂക്ഷമായ കടൽകയറ്റം മൂലം ജനങ്ങൾ അനുഭവിച്ചു വരുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിനായി.
ഞാൻ മേൽകാണിച്ച വിലാസത്തിൽ താമസിച്ചു വരുന്നു. ചെല്ലാനം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി കടൽഭിത്തി തകർന്നത് മൂലം അനുഭവപ്പെടുന്ന രൂക്ഷമായ കടൽകയറ്റത്തിന് പരിഹാരം കാണുന്നതിനായി ചെല്ലാനത്തെ ജനങ്ങൾ രൂപീകരിച്ച കൂട്ടായ്മയാണ് ചെല്ലാനം ജനകീയവേദി. ഞാൻ മേപ്പടി കൂട്ടായ്മയുടെ ചെയർ പേഴ്സൺ ആണ്. ഈ കൂട്ടായ്മയ്ക്ക് വേണ്ടിയാണ് ഞാൻ ഈ നിവേദനം സമർപ്പിക്കുന്നത്.
എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചെല്ലാനം ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ എല്ലാ വർഷവും ആവർത്തിച്ചുണ്ടാവുന്ന കടൽകയറ്റം മൂലം തീരാദുരിതത്തിലാണ്. ഈ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും കടൽക്ഷോഭത്തിൽ നിന്നും സംരക്ഷണം നൽകിയിരുന്ന കടൽഭിത്തി വാച്ചാക്കൽ , കമ്പനിപ്പടി , ബസാർ, വേളാങ്കണ്ണി, ചെറിയക്കടവ് എന്നിവിടങ്ങളിൽ തകർന്ന് ഏകദേശം ഒരു കിലോമീറ്ററിലധികം വരുന്ന വിടവ് രൂപപ്പെട്ടിരിക്കുകയാണ്. എല്ലാ വർഷക്കാലത്തും കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിലും ഈ വിടവുകളിലൂടെ വലിയ തോതിൽ കടൽവെള്ളം ഇരച്ചു കയറുകയും ഈ പ്രദേശമാകെ കടൽവെള്ളത്തിൽ മുങ്ങുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. വേലിയേറ്റ-വേലിയിറക്ക സമയങ്ങളിൽ ജലത്തിന്റെ ആഗമന-നിർഗ്ഗമനങ്ങൾക്കായി പണ്ട് കാലത്ത് തന്നെ സ്ഥാപിച്ചിട്ടുള്ളതും ചെല്ലാനം ഗ്രാമപഞ്ചായത്തിലുടനീളം വ്യാപിച്ചു കിടക്കുന്നതുമായ ഉപ്പത്തത്തോട്, വിജയം കനാൽ എന്നിവ നിരന്തരമായ കടൽകയറ്റം മൂലം ചെളിയും മണലും മാലിന്യങ്ങളുമടിഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. ഇത് കടൽകയറ്റസമയത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തെ രൂക്ഷമാക്കുന്നു. ചെല്ലാനം പഞ്ചായത്തിലെ 2500 ലധികം വരുന്ന കുടുംബങ്ങളെ നേരിട്ടും അതിന്റെ ഇരട്ടിയിലധികം വരുന്ന കുടുംബങ്ങളെ പരോക്ഷമായും ബാധിക്കുന്ന പ്രളയസമാനമായ ഒരവസ്ഥയാണ് ഈ പ്രദേശത്തെ ജനങ്ങൾ കഴിഞ്ഞ പത്ത് വർഷമായി നേരിടുന്നത്.
ചെല്ലാനത്തെ കടൽകയറ്റ പ്രശ്നം പരിഹരിക്കുന്നതിനായി 2017 ലെ ഓഖി ദുരന്തത്തിന് ശേഷം കൽഭിത്തി തകർന്ന ഭാഗങ്ങളിൽ ജിയോ സിന്തെറ്റിക് ട്യൂബ് കൊണ്ടുള്ള കടൽഭിത്തി പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി കേരളസർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. 2018 ഏപ്രിൽ 30 നു മുൻപ് പദ്ധതി പൂർത്തീകരിച്ച് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കപ്പെടുമെന്നാണ് അന്ന് പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ കരാർ ഏറ്റെടുത്ത മുഹമ്മദ് നിയാസ് എന്ന കരാറുകാരൻ ഈ പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ യന്ത്രസാമഗ്രികളെയോ വിദഗ്ധരെയോ ഉപയോഗിക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് ജിയോട്യൂബ് കടൽഭിത്തി നിർമ്മിക്കുന്ന പദ്ധതി അനിശ്ചിതമായി നീളുന്ന സ്ഥിതിയുണ്ടായി. തുടർന്ന് ജനങ്ങളുടെ പ്രതിഷേധത്തിന് വഴങ്ങി മേപ്പടി മുഹമ്മദ് നിയാസിന്റെ കരാർ റദ്ദാക്കാൻ നടപടി സ്വീകരിച്ചുവെങ്കിലും ടിയാൻ ബഹു:കേരള ഹൈക്കോടതിയെ സമീപിക്കുകയും 6 മാസത്തേയ്ക്ക് കൂടി ടിയാന്റെ കരാർ കാലാവധി നീട്ടി കിട്ടുന്നതിന് ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. അതനുസരിച്ച് മേപ്പടിയാനുമായുള്ള കരാർ കേരളസർക്കാർ പുതുക്കുകയും 2020 മാർച്ച് 5 വരെ ടിയാനുമായുള്ള കരാർ കാലാവധി നീട്ടി നൽകുകയും ചെയ്തു.
അപ്രകാരം കരാർ കാലാവധി നീട്ടിനൽകിയിട്ടും കാര്യക്ഷമമായി യാതൊരു പണിയും മേപ്പടി മുഹമ്മദ് നിയാസ് നടത്താതിരിക്കുകയും ഈ പ്രദേശത്തെ ജനങ്ങൾ കടുത്ത ആശങ്കയിലും ദുരന്തഭീതിയിലും ആവുകയും ചെയ്തതിനെ തുടർന്ന് ചെല്ലാനം ജനകീയവേദി എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ കടൽകയറ്റം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല റിലേനിരാഹാരം ആരംഭിക്കുകയുണ്ടായി. ബഹുജന സമ്മർദ്ദത്തെ തുടർന്ന് മേപ്പടി മുഹമ്മദ് നിയാസ് പണി ആരംഭിച്ചെങ്കിലും കാര്യക്ഷമമായ യാതൊരു നടപടിയും സമയബന്ധിതമായി മേപ്പടി ജിയോട്യൂബ് കടൽഭിത്തി നിർമ്മാണം പൂർത്തീകരിക്കുവാൻ സ്വീകരിക്കുകയുണ്ടായില്ല. കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് ചെല്ലാനം ജനകീയവേദി 2019 ഡിസംബർ 4 ന് പദ്ധതി നടത്തിപ്പിന് ചുമതലയുള്ള ജലസേചന വകുപ്പിന്റെ മന്ത്രിയായ ബഹു:കൃഷ്ണൻകുട്ടി അവർകളെ സന്ദർശിച്ച് അദ്ദേഹത്തിന്റെ നേരിട്ടുള്ള മേൽനോട്ടം പദ്ധതി നടത്തിപ്പിൽ ഉണ്ടാകണമെന്ന് അപേക്ഷിക്കുകയുണ്ടായി. തുടർന്ന് 2019 ഡിസംബർ 17 ന് ബഹു:ജലസേചനവകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ വച്ച് പണി ചെയ്യുന്നതിന് ഗുരുതരമായ വീഴ്ച വരുത്തിയ കരാറുകാരൻ മുഹമ്മദ് നിയാസ്സുമായുള്ള കരാർ ടിയാന്റെ നഷ്ടോത്തരവാദിത്തത്തിൽ റദ്ദാക്കാൻ തീരുമാനിച്ചു. തുടർന്ന് ടിയാന്റെ കരാർ റദ്ദാക്കുകയും 2020 ജനുവരി 30 ന് പദ്ധതി നടത്തിപ്പിന് പുതിയ ടെൻഡർ വിളിച്ചുകൊണ്ട് വിജ്ഞാപനമിറക്കുകയും ചെയ്തു. എന്നാൽ ടെൻഡർ സമർപ്പിക്കാൻ കരാറുകാർ ആരും തയ്യാറായിട്ടില്ല. ഇതിനെത്തുടർന്ന് ചെല്ലാനത്തെ ജിയോട്യൂബ് കടൽഭിത്തി നിർമ്മാണം അനിശ്ചിതമായി നിലച്ച അവസ്ഥയാണ് നിലവിലുള്ളത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി എല്ലാ മഴക്കാലത്തും കടൽക്ഷോഭമുള്ള സമയങ്ങളിലും ചെല്ലാനം പ്രദേശത്തെ ജനങ്ങൾ കടൽകയറ്റം മൂലം അഭിമുഖീകരിക്കുന്ന ദുരിതങ്ങൾ അതിന്റെ അളവിലും വ്യാപ്തിയിലും ദുരന്തനിവാരണ നിയമം 2005 ലെ ദുരന്തമെന്ന നിർവചനത്തിൽ ഉൾപ്പെടുന്നതാണ്. മേപ്പടി നിയമപ്രകാരം ദുരന്തങ്ങളും അത് മൂലമുള്ള അപകടങ്ങളും തടയുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇടപെടേണ്ടതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരന്തരമായി ഉണ്ടാകുന്ന കടൽകയറ്റം മൂലം ചെല്ലാനത്തെ ജനങ്ങൾ കടുത്ത ദുരിതങ്ങളാണ് അനുഭവിക്കുന്നത്. കടൽ വെള്ളത്തോടൊപ്പം അടിച്ചു കയറുന്ന മണൽ നിറഞ്ഞ് ഈ പ്രദേശത്തെ വീടുകൾ പലതും ഇന്ന് ഭൂനിരപ്പിൽ നിന്നും താഴ്ന്ന് പോയിട്ടുള്ള അവസ്ഥയിലാണ്. കടൽവെള്ളം കയറി ഈ പ്രദേശത്തെ വീടുകളുടെ ചുവരുകൾ ദുർബലാവസ്ഥയിൽ ആയിട്ടുണ്ട്. തറ കുഴിഞ്ഞു പോകും വിധം അടിത്തറ ദുർബ്ബലമായ വീടുകളും മൊത്തത്തിൽ ചരിഞ്ഞു പോയ നിലയിലുള്ള വീടുകളും ഈ പ്രദേശത്തുണ്ട്. തുറന്ന കടൽഭിത്തിയുമായി ഈ വര്ഷക്കാലത്തേയും കൂടി നേരിടേണ്ടി വന്നാൽ ആൾനാശവും സാമ്പത്തിക നഷ്ടവും പാരിസ്ഥിതിക ആഘാതവുമായിരിക്കും ഫലം.
ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ചെല്ലാനത്തെ ജനങ്ങൾ കടൽകയറ്റം മൂലം അഭിമുഖീകരിക്കാനിരിക്കുന്ന ദുരന്തത്തെ തടയുന്നതിന് അടിയന്തിരമായി ഇടപെടണമെന്നും തകർന്ന കടൽഭിത്തി പുനർനിർമ്മാണം അടിയന്തിരമായി ഏറ്റെടുത്ത് നടത്തണമെന്നും ഇതിനാൽ വിനീതമായി അപേക്ഷിക്കുന്നു.
എന്ന്
മറിയാമ്മ ജോർജ്ജ് കുരിശിങ്കൽ 10.02.2020
(ചെയർ പേഴ്സൺ ) ചെല്ലാനം