[ 169 ]
പുതിയ സാഹിത്യം,
പുതിയ കല,
പുതിയ സ്ത്രീത്വം
മലയാളസാഹിത്യരംഗത്തും കലാപ്രവർത്തനങ്ങളിലും സ്ത്രീകൾക്ക് ദൃശ്യത കൂടുതലുണ്ടെന്നത് സത്യംതന്നെ. പ്രത്യേകിച്ച്, സമകാലീനസാഹിത്യരംഗത്ത് കഴിവുറ്റ നിരവധി എഴുത്തുകാരികൾ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു. കേരളത്തിൽ സ്ത്രീപക്ഷരാഷ്ട്രീയം ശക്തമായി ഉന്നയിക്കപ്പെട്ട ഏക ബൗദ്ധികയിടം സാഹിത്യമാണെന്ന വസ്തുതയോടു ചേർത്തുവേണം ഇതിനെ കാണാൻ. എഴുത്തുകാരികളിൽ പലരും 'പെണ്ണെഴുത്ത്' - അഥവാ സ്ത്രീപക്ഷസാഹിത്യരചന - തങ്ങൾക്ക് ആവശ്യമില്ലാത്ത ആശയമാണെന്നു പ്രഖ്യാപിച്ചെങ്കിലും ആ ചർച്ചയിലൂടെ തുറന്നുകിട്ടിയ ഇടത്തെ ഏറ്റവും ഫലപ്രദമായരീതിയിൽ അവർ ഉപയോഗപ്പെടുത്തിയെന്നതാണ് നേര്. എന്നാൽ ഈ നേട്ടം വളരെക്കാലത്തെ പരിശ്രമത്തിനും ചെറുത്തുനിൽപ്പിനുംശേഷം കൈവന്ന ഒന്നാണെന്ന വസ്തുത മറക്കാനാവില്ല.
'ഉത്തമസ്ത്രീത്വ'വും കലാവാസനയും
ഇന്ന് കേരളത്തിൽ പേരും പ്രശസ്തിയുംനേടിയ സ്ത്രീകളുടെ കണക്കെടുത്താൽ അതിൽ മുൻനിരക്കാർ സിനിമാനടികളും പാട്ടുകാരികളും പിന്നെ എഴുത്തുകാരികളുമായിരിക്കും. രാഷ്ട്രീയത്തിലും സാമൂഹ്യപ്രവർത്തനങ്ങളിലുമുള്ളവർ ഇവരുടെ പിന്നിലായിരിക്കാനാണ് സാദ്ധ്യത. സ്ത്രീകൾക്ക് പൊതുദൃശ്യത കുറെയൊക്കെ കിട്ടിയിരിക്കുന്നത് കലാസാഹിത്യരംഗങ്ങളിലാണെന്ന് ഇതിൽനിന്ന് [ 170 ] അനുമാനിക്കാം. കലയുടെയോ സാഹിത്യത്തിന്റെയോ എല്ലാ മേഖലകളിലും സ്ത്രീകൾ ഒരുപോലെ ഇടംകണ്ടെത്തിക്കഴിഞ്ഞുവെന്നല്ല ഇതിനർത്ഥം. ഉദാഹരണത്തിന് സിനിമാരംഗത്ത് കഴിവുതെളിയിച്ച അഭിനേതാക്കളായി നിരവധിപേരുണ്ടെങ്കിലും സംവിധായികമാർ വളരെയധികമില്ല; ചിത്രകലാരംഗത്തേക്ക് അടുത്തകാലത്ത് സ്ത്രീകൾ കടന്നുവരുന്നുണ്ടെങ്കിലും കേരളീയചിത്രകലയുടെ ചരിത്രമെടുത്താൽ സ്ത്രീകളെ അധികമൊന്നും കാണാനില്ല - ടി.കെ പത്മിനിയുടെ പേരുമാത്രമാണ് നാം അധികവും കേൾക്കാറ്. അതുപോലെ ദൃശ്യതനേടിയ രംഗങ്ങളിൽപ്പോലും സ്ത്രീകൾക്ക് തുല്യനിലയുണ്ടെന്ന് പറയാൻ വിഷമമാണ്.
സാഹിത്യപരിചയം, കലാവാസന എന്നിവയെ ആധുനികസ്ത്രീയുടെ അലങ്കാരങ്ങളായാണ് പത്തൊമ്പതാംനൂറ്റാണ്ടിലെയും ഇരുപതാംനൂറ്റാണ്ടിലെയും സാമൂഹ്യപരിഷ്ക്കർത്താക്കൾ കണ്ടത്. എഴുത്തുംവായനയും പരിചയിക്കുന്ന സ്ത്രീകൾ 'വഴിപിഴച്ചു'പോകുമെന്ന യാഥാസ്ഥിതികധാരണയെ തിരുത്താൻ ഇവർ വളരെ പരിശ്രമിച്ചു. അക്ഷരാഭ്യാസത്തിലൂടെ മനഃസംസ്ക്കരണം നടക്കുമെന്നും അതിലൂടെ പരിഷ്കൃതമനസ്കരായ പുരുഷന്മാർക്ക് ചേരുന്ന ഭാര്യമാരാകാൻ സ്ത്രീകൾക്കു കഴിയുമെന്നും അവർ വാദിച്ചു. സുകുമാരകലകളും വിശിഷ്ടസാഹിത്യവും ആസ്വദിക്കാനുള്ള കഴിവ് 'പുതിയ സ്ത്രീ'യെ പരമ്പരാഗതരീതികളിൽ കഴിയുന്ന 'പഴയസ്ത്രീ'യിൽനിന്ന് വ്യത്യസ്തയാക്കുന്നുവെന്ന് അവർ കരുതി.
ആദ്യമലയാളനോവലുകളിൽ ഈ വാദം നാം പലപ്പോഴും കാണുന്നുണ്ട്. ഇന്ദുലേഖ (1889), ലക്ഷ്മീകേശവം (1892) എന്നീ നോവലുകൾ ഉദാഹരണങ്ങളാണ്. ഇവയിലെ നായികമാർ [ 171 ] ആത്മനിയന്ത്രണമുള്ളവരും കലാവാസനയുള്ളവരുമാണ്. ഈ ഉത്തമസ്ത്രീകൾക്ക് ഒരു സവിശേഷതയുണ്ട്: സ്വന്തം കലാവാസനയെ, കഴിവുകളെ, പൊതുവേദിയിൽ കയ്യടിനേടാനോ ഒരു തൊഴിലായോ അല്ല അവർ വളർത്തിയെടുക്കുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുംവേണ്ടിമാത്രമേ ഇവർ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാറുള്ളൂ. കലാപ്രകടനംനടത്തി ജീവിക്കുന്ന സ്ത്രീകൾ 'ചീത്തകളാണെ'ന്ന ധാരണ ആധുനികവിദ്യാഭ്യാസം നേടിയവർക്കിടയിലും പരമ്പരാഗതസമൂഹത്തിലും വ്യാപകമായിരുന്നകാലത്തായിരുന്നു ഈ കൃതികൾ രചിക്കപ്പെട്ടതെന്നകാര്യം ഓർക്കേണ്ടതുതന്നെ. ഉത്തമസ്ത്രീകൾ വീടിന്റെ പരിമിതികൾക്കുള്ളിൽ, കുടുംബത്തിന്റെ അതിരുകൾക്കുള്ളിൽ, തങ്ങളുടെ കലാവാസനകളെ പോഷിപ്പിക്കുമെങ്കിലും അവർ 'ആട്ടക്കാരികളാ'കാൻ പുറപ്പെടില്ല എന്ന സന്ദേശമാണ് നോവലുകൾ നൽകിയത്. നൃത്തം - മോഹിനിയാട്ടം - 'ചീത്ത'യാൾക്കാരുടെ വിനോദമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം മീനാക്ഷി (1890) എന്ന നോവലിന്റെ ഒരു കഥാസന്ദർഭത്തിൽ നടക്കുന്നുണ്ട്. 'മോഹിനിയാട്ടം' കലയല്ല, പുരുഷന്മാരെ വശീകരിക്കാനുള്ള വിദ്യയാണെന്നാണ് വാദം: 'പെണ്ണുങ്ങളെക്കൊണ്ടുനടന്നു ജാത്യാചാരവിരുദ്ധമായി ദ്രവ്യം സമ്പാദിപ്പാൻ മലയാളത്തിൽ നായന്മാരായ നാം ഒരു ജാതിക്കാരൊഴികെ ആരും ഒരുങ്ങിവരുന്നില്ല.' ഈ നോവൽ പ്രത്യക്ഷപ്പെട്ടകാലത്തുമാത്രമല്ല, പിന്നെയും വളരെക്കാലത്തോളം മോഹിനിയാട്ടം 'ഉത്തമസ്ത്രീ'കൾക്ക് പാടേ നിഷിദ്ധമായിരുന്നു. പിന്നീട്, ആ തടസ്സം നീങ്ങാൻതുടങ്ങിയപ്പോഴും ഒരു തൊഴിലെന്നനിലയിൽ കലാപ്രവർത്തനംനടത്തിയ സ്ത്രീകൾക്ക് ധാരാളം എതിർപ്പിനെ നേരിടേണ്ടിവന്നിരുന്നു. > കാണുക പുറം 181 <
സാഹിത്യവാസനയുടെ കാര്യമെടുത്താലോ? സാഹിത്യവും കലാപ്രവർത്തനവും ദൈനംദിനജീവിതത്തിൽനിന്ന് വളരെയൊന്നും അകലെയല്ലാത്ത കാലമായിരുന്നു ഇതെന്ന് ഓർക്കേണ്ടതാണ്. വീടുകളിൽ സ്ത്രീകൾ കൈകൊട്ടിക്കളിപ്പാട്ടുകൾ പാടുകയും നിർമ്മിക്കുകയും ചെയ്തിരുന്നു, ഉയർന്ന - ഇടത്തരം ജാതിക്കാരുടെയിടയിൽ. കീഴാളജാതിക്കാരുടെയിടയിലെ ഗാനപ്രപഞ്ചത്തിന്റെ സൂക്ഷിപ്പുകാർ പലപ്പോഴും സ്ത്രീകളായിരുന്നു. എന്നാൽ വരേണ്യസാഹിത്യത്തിന്റെ മേഖലകളിലും ധാരാളം സ്ത്രീകളുണ്ടായിരുന്നു - ഇവിടത്തെ മേലാളജാതികളിലെ സ്ത്രീകളിൽ പലരും സംസ്കൃതത്തിലും മലയാളത്തിലും നല്ല പാണ്ഡിത്യമുള്ളവരായിരുന്നു. അവർ ചമ്പുക്കളും കാവ്യങ്ങളുംമറ്റും രചിക്കുകയും പുരുഷന്മാരായ കവികളുൾപ്പെട്ട സദസ്സുകളിൽ ശ്ലോകങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 18-ാം നൂറ്റാണ്ടിലെ പേരുകേട്ട വിദുഷിയായിരുന്ന 'കോഴിക്കോട്ട് മനോരമ തമ്പുരാട്ടി'യെക്കുറിച്ച് സാഹിത്യചരിത്രപണ്ഡിതർ എഴുതിയിട്ടുണ്ട്. കിളിമാനൂർ ഉമാദേവി തമ്പുരാട്ടി (1797-1836), അംബാദേവി തമ്പുരാട്ടി (1802-1837), കൊച്ചിയിലെ ഇക്കാവമ്മ തമ്പുരാൻ (1844-1921), തിരുവിതാംകൂറിലെ നാഗർകോവിൽ അമ്മച്ചി (1839-1909) (തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യംതിരുനാളിന്റെ ഭാര്യയായിരുന്നു ഇവർ - 'അമ്മച്ചി' എന്നത് ആ സ്ഥാനത്തെക്കുറിക്കുന്ന പേരായിരുന്നു), കുട്ടിക്കുഞ്ഞുതങ്കച്ചി മുതലായവർ പത്തൊമ്പതാംനൂറ്റാണ്ടിൽ സാഹിത്യരചന നടത്തിയിരുന്നു. ഇതുകൂടാതെ മറ്റു പലരുടെയും പേരുകൾ ആദ്യകാലസാഹിത്യചരിത്രങ്ങളിൽ കാണാനുണ്ട് - ഇന്ന് അവരെ നാം അറിയില്ലെങ്കിലും.
പരമ്പരാഗതസാഹിത്യരംഗത്തുനിന്ന് ആധുനികസാഹിത്യത്തിലേക്കുള്ള മാറ്റത്തിൽ സ്ത്രീകളുടെ സാഹിത്യപ്രവർത്തനം ഏതുവിധമായിരിക്കണമെന്ന ചർച്ച 1890കളിലേ ആരംഭിച്ചുകഴിഞ്ഞിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ സുഭദ്രാർജ്ജുനം നാടകത്തിന്റെ രചയിതാവെന്നനിലയിൽ പ്രശസ്തയായിത്തീർന്ന തോട്ടയ്ക്കാട്ട് ഇക്കാവമ്മയ്ക്കും ഇതേകാലത്ത് സാഹിത്യരചനയിലേർപ്പെട്ടിരുന്ന (ഇതിനുമുമ്പുതന്നെ സാഹിത്യപരിശ്രമം ആരംഭിച്ചിരുന്ന) കുട്ടിക്കുഞ്ഞുതങ്കച്ചിയും സാഹിത്യരംഗത്ത് സ്ത്രീകൾക്ക് ഇടം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന അഭിപ്രായക്കാരായിരുന്നു. അവരുടെ അജ്ഞാതവാസം നാടകത്തിന്റെ ആരംഭത്തിൽ നടിയും സൂത്രധാരനും തമ്മിൽ നടക്കുന്ന സംഭാഷണം ആ വിഷയത്തെക്കുറിച്ചാണ്. അജ്ഞാതവാസം നാടകം അഭിനയിച്ച് സദസ്യരെ സന്തോഷിപ്പിക്കാമെന്ന് നടി സൂത്രധാരനോടു പറയുന്നു. സൂത്രധാരൻ ഇതിനോട് യോജിക്കുന്നെങ്കിലും 'അനേകം കവിശ്രഷ്ഠന്മാരുടെ കവനങ്ങളിരിക്കെ ഒരു സ്ത്രീയുടെ കവിതയെ അത്ര ശ്ലാഘ്യമായി വിചാരിച്ചത് ഭവതിയും ഒരു സ്ത്രീയാകയാലുള്ള ജാത്യാഭിമാനത്താലല്ലയോ' എന്ന് നടിയോട് ചോദിക്കുന്നു. അത്തരം ശങ്ക 'ദുശ്ശങ്ക'യാണെന്നും 'പ്രബന്ധത്തിലെ കലാചാതുര്യത്തെമാത്രം നോക്കിയാൽ മതിയല്ലോ' എന്നും നടി പ്രതിവചിക്കുന്നു. സൂത്രധാരൻ യോജിക്കുന്നു; 'മറ്റുള്ള സ്ത്രീകൾക്കും കവിതാരചനയിൽ ഉത്സാഹത്തെ ജനിപ്പിക്കുന്നതിന് ഇത് ഒരു മാർഗ്ഗമായിത്തീരു'മെന്ന് സമ്മതിക്കുന്നു! ('അജ്ഞാതവാസം', കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കൃതികൾ, തൃശൂർ, 1979, പുറം 239-40)
ഇക്കാവമ്മയുടെ സുഭദ്രാർജ്ജുനം നാടകത്തിന്റെ പ്രാരംഭംതന്നെ ധീരമായ പ്രഖ്യാപനമായിരുന്നു: [ 172 ]
സാഹിത്യത്തിന്റെ ഈ ഉന്നതമേഖലകളിൽമാത്രം വിഹരിക്കുന്നവരായിരുന്നില്ല, ആദ്യകാല സാഹിത്യകാരികൾ. അവർ സാധാരണമായി ഗൃഹങ്ങളിൽ പാടിയിരുന്ന തിരുവാതിരപ്പാട്ടുകളും കുറത്തിപ്പാട്ടുകളും ഊഞ്ഞാൽപ്പാട്ടുകളുംമറ്റും രചിച്ചിരുന്നു. ഈ ഗാനശാഖകളുടെ പ്രചാരവും ഇരുപതാം നൂറ്റാണ്ടിൽ ക്രമേണ കുറഞ്ഞുവന്നു. ഈ ഗാനങ്ങൾ 'സദാചാരവിരുദ്ധങ്ങളാ'ണെന്ന വിമർശനം 19-ാം നൂറ്റാണ്ടിലെ മിഷണറിമാരും ആധുനിക വിദ്യാഭ്യാസംനേടിയ സമുദായപരിഷ്ക്കർത്താക്കളും ഉയർത്താൻ തുടങ്ങിയിരുന്നു. സംസ്കൃതത്തിലും മലയാളത്തിലും കാവ്യനാടകാദികൾ രചിക്കാൻ സഹായകമായ വിദ്യാഭ്യാസം സ്ത്രീകൾക്ക് ഗുണമൊന്നും ചെയ്യില്ലെന്ന വാദവും 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ പരിചിതമായിത്തീർന്നിരുന്നു. ഈ വിദ്യാഭ്യാസം സ്ത്രീകളെ ഗൃഹഭരണത്തിനു തയ്യാറാക്കുന്നില്ല; പഠിപ്പിന്റെപേരിൽ അഹങ്കരിക്കാൻ അതവരെ പ്രേരിപ്പിക്കുന്നു... ഇങ്ങനെ പല കുറ്റങ്ങളും ഇത്തരം പഠനത്തിനെതിരെ ഉന്നയിക്കപ്പെട്ടു. മീനാക്ഷി (1890) എന്ന നോവലിൽനിന്നുള്ള ഈ പരാമർശം നല്ല ഉദാഹരണമാണ്:
...അനുഭവത്തിലും അവസ്ഥയിലും അറുവഷളായിക്കണ്ട ശൃംഗാരശ്ലോകങ്ങളും തെമ്മാടിപ്പാട്ടുകളും ചൊല്ലിപ്പിടിപ്പിച്ചു ബഹുവാസനയുണ്ടാക്കും. ഗൗതമന്റെ ഭാര്യയായ അഹല്യയെ ദേവേന്ദ്രൻ പണ്ടു വ്യഭിചരിപ്പിച്ചില്ലേ? ചന്ദ്രൻ തന്റെ ഗുരുനാഥന്റെ ഭാര്യയുമായി രമിച്ചില്ലേ?... എന്നിങ്ങനെ അനേകം വഷളത്വങ്ങൾ അടങ്ങിയ പച്ചപ്പാട്ടുകളും രഹസ്യക്കാരേയും സംബന്ധക്കാരേയും വശീകരിച്ചു പാട്ടിലാക്കി പണംതട്ടിപ്പറിക്കാനുള്ള കൗശലങ്ങളെ ഉപദേശിക്കുന്നതായ ചില ശ്ലോകങ്ങളും പെൺകുട്ടികളെ ചെറുപ്പത്തിൽ പഠിപ്പിച്ചുവരുന്നതിനാണ് നമ്മുടെ നാട്ടുകാരിൽ മിക്കപേരും സ്ത്രീവിദ്യാഭ്യാസമെന്നപേർ കൊടുത്തിട്ടുള്ളത്. അതുകൊണ്ടാണ് പെൺകുട്ടികൾ എഴുത്തുപഠിച്ചാൽ വ്യഭിചാരിണിമാരായിപ്പോകുമെന്നും അവരെ എഴുത്തുപഠിപ്പിക്കരുതെന്നും മറ്റും ചില വൃദ്ധന്മാർ പറഞ്ഞുവരുന്നത്.
ആധുനികസ്ത്രീവിദ്യാഭ്യാസത്തിൽ കലയും സാഹിത്യവും ഉൾപ്പെടുത്തണമെന്നു വാദിക്കുമ്പോഴും കുടുംബത്തിന് ആനന്ദം നൽകാനുള്ള സ്ത്രീയുടെ കഴിവ് വർദ്ധിപ്പിക്കാനുള്ള മാർഗ്ഗമായിട്ടാണ് ആദ്യകാലനോവൽരചയിതാക്കൾ അതിനെ കണ്ടത്. സ്ത്രീകളുടെ വായനയും ഇപ്രകാരം കുടുംബിനിയെന്ന നിലയ്ക്ക് യോജിച്ചതായിരിക്കണമെന്നും അവർ നിഷ്ക്കർഷിച്ചു. അല്ലാത്തപക്ഷം അവർ പഴയ വിദുഷികളുടെ പുതിയ പതിപ്പായിത്തീരുമെന്നായിരുന്നു ആക്ഷേപം. ഇന്ദുലേഖയെ പരിഹസിച്ചുകൊണ്ട് എഴുതപ്പെട്ട പറങ്ങോടീപരിണയം (1892) എന്ന കൃതിയിൽ 'ലണ്ടൻ ടൈംസ്' പത്രം വായിക്കുന്നവളും പരിഷ്കൃതമനസ്ക്കയുമായ സ്ത്രീയുടെ ഹാസ്യചിത്രമായി 'പറങ്ങോടിക്കുട്ടി' എന്ന നായികയെ നോവൽകർത്താവ് അവതരിപ്പിക്കുന്നുണ്ട്. പറങ്ങോടിക്കുട്ടിക്ക് സ്ത്രീകളുടെ നാടൻകലാവിനോദങ്ങളോട് - കൈകൊട്ടിക്കളി മുതലായവയോട് - ബഹുവിരോധമാണ്. സർവ്വത്ര ഇംഗ്ലിഷ്മയമായ സംസ്ക്കാരത്തോടാണ് പ്രതിപത്തി. ഈ പറങ്ങോടിക്കുട്ടിയെക്കൊണ്ട് ഗൃഹഭരണത്തിനുകൊള്ളില്ല - അതായത്, ഗാർഹികജോലികളിൽ വലിയ താൽപ്പര്യമൊന്നുംകാണിക്കാതെ വായനയിലുംമറ്റും ശ്രദ്ധപതിപ്പിക്കുന്നു - എന്നാണ് പരാതി.
[ 174 ]
സാഹിത്യവും കലയുമടക്കമുള്ള ബുദ്ധിപരമായ പ്രവർത്തനരംഗങ്ങളിൽ സ്ത്രീകൾ രണ്ടാംകിടക്കാർ ആയിരിക്കുമെന്നുറപ്പാക്കിയ തീർപ്പുകളാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലുണ്ടായത്. ഗൃഹമാണ് സ്ത്രീയുടെ 'സ്വാഭാവിക'വും പ്രകൃതിനിർമ്മിതവുമായ ഇടമെന്ന വാദത്തിലൂന്നിയ തീർപ്പുകളായിരുന്നു ഇവ. കലാ-സാഹിത്യപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഏകാഗ്രത കുടുംബ ഉത്തരവാദിത്വങ്ങൾ പേറേണ്ടവളായ സ്ത്രീക്ക് നേടാൻകഴിയില്ല; പിന്നെയോ, ഇത്തരം പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കുന്ന ഭർത്താവിനെ പ്രീതിപ്പെടുത്താനോ അല്ലെങ്കിൽ സ്വന്തം കുടുംബത്തിനുമാത്രം ആനന്ദം നൽകാനോമാത്രം ഉപകരിക്കുന്ന കലാപ്രവർത്തനമേ ഉത്തമകുടുംബിനിക്ക് ആവശ്യമുള്ളൂ എന്നും പലവിധത്തിൽ സ്ഥാപിക്കപ്പെട്ടു. എന്നിട്ടും [ 175 ] കലാസാഹിത്യാദിപ്രവർത്തനങ്ങളിലേർപ്പെടാൻ പല സ്ത്രീകളും തയ്യാറായി. അവർക്ക് ഒരുപാടു ത്യാഗങ്ങൾ അനുഷ്ഠിക്കേണ്ടിവന്നു. കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നവരുടെ സ്ഥിതിപോലും മറിച്ചായിരുന്നില്ല. ഈ തടസ്സങ്ങൾ ഇന്ന് പൂർണ്ണമായി മാറിയെന്നു പറയാൻ നമുക്കു കഴിയുമോ?
എഴുത്തിലേക്കുള്ള അസമമായ വഴി
എഴുത്തിന്റെ രംഗത്തേക്കു പ്രവേശിച്ച സ്ത്രീയെ ആദ്യകാലസാഹിത്യവിമർശകർ കണ്ടതെങ്ങനെ? മലയാളസാഹിത്യവിമർശനം അതിന്റെ ശൈശവത്തിൽപ്പോലും പുരുഷന്മാരുടെ വിഹാരരംഗമായിരുന്നു. നേരത്തെപ്പറഞ്ഞ തത്വത്തെ മുറുക്കിപ്പിടിക്കാനാണ് അവരിലധികംപേരും ശ്രമിച്ചത്: അതായത് ഗൃഹഭരണമാണ് സ്ത്രീയുടെ പ്രാഥമിക കടമ; അതിനെ ബാധിക്കാത്തവിധത്തിലുള്ള സാഹിത്യപരിശ്രമമാണ് സ്ത്രീകൾക്കു പറ്റിയത് എന്ന നിലപാടാണ് അവരെടുത്തത്. ഈ പരിമിതികളെ അംഗീകരിച്ചുകൊണ്ട് സാഹിത്യപ്രവർത്തനം നടത്തിയ സ്ത്രീകളെ ചിലരൊക്കെ അഭിനന്ദിക്കുകയും ചെയ്തു. പി. ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽ (1881) കുട്ടിക്കുഞ്ഞുതങ്കച്ചിയെപ്പറ്റി ചേർത്ത അഭിപ്രായം നോക്കുക: 'കൈകൊട്ടിക്കളിയിലുള്ള വിദഗ്ദ്ധതയും നൂതനസമ്പ്രദായത്തിൽ അവർ ഉണ്ടാക്കിയിട്ടുള്ള കളിപ്പാട്ടുകളും അതിശയിക്കത്തക്കതായിരിക്കുന്നു. വിലയേറിയ സമയത്തെ അവർ ഗൃഹഭരണാദികളിലുംമറ്റും വ്യയംചെയ്യുന്നതിനോടുകൂടി കവിതാരചനയിലും ഗ്രന്ഥപ്രചാരത്തിലും സംഗീതസാഹിത്യാദികളിലുംകൂടി ഉപയോഗപ്പെടുത്തിവരുന്നത് വളരെ ആശ്ചര്യം.' എന്നാൽ ഈ പരിഗണന സ്ത്രീകൾക്ക് കൊടുക്കാനാവില്ലെന്നായിരുന്നു സി.പി. അച്യുതമേനോന്റെ അഭിപ്രായം. തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ നാടകത്തെക്കുറിച്ചുള്ള നിരൂപണത്തിൽ അദ്ദേഹം ഇക്കാര്യം തുറന്നെഴുതി - ഗൃഹഭരണാദികൾകൊണ്ടുള്ള സൽപ്പേരുകൊണ്ട് തൃപ്തരാകാതെ സാഹിത്യരംഗത്തെ കീർത്തികൂടി ആഗ്രഹിക്കുന്ന സ്ത്രീകൾ പ്രത്യേക പരിഗണന അർഹിക്കുന്നില്ലെന്നും ഉന്നതസാഹിത്യത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചാൽമാത്രമേ അവർക്കു പ്രശസ്തി ലഭിക്കുകയുള്ളുവെന്നും അദ്ദേഹം വാദിച്ചു.
ചമ്പുക്കൾമുതൽ കൈകൊട്ടിക്കളിപ്പാട്ടുകൾ വരെ നീണ്ടുകിടന്ന പരമ്പരാഗത സാഹിത്യരചനയുടെ മാനദണ്ഡങ്ങളല്ല പുതിയ സാഹിത്യത്തിന്റേത് എന്ന് സ്ത്രീകൾ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. പുരാണകഥകളെക്കുറിച്ചുള്ള അറിവ്, ഭാഷയിലും സാഹിത്യത്തിലുമുള്ള പരിചയം മുതലായവയുള്ളവർക്ക് പരമ്പരാഗതസാഹിത്യരചനയിലേക്ക് പ്രവേശനംകിട്ടിയിരുന്നെങ്കിൽ ആധുനിക കവിത, നോവൽ, ചെറുകഥ മുതലായ പുതിയ സാഹിത്യശാഖകളിലേക്കുള്ള പ്രവേശനത്തിന് മറ്റു കഴിവുകളാണ് വേണ്ടത്. ഈ ശാഖകളിൽ പ്രവേശിക്കാൻ പുതിയതരം കഴിവുകളും സാമൂഹ്യസ്വഭാവമുള്ള അനുഭവങ്ങളും (പുരാണകഥകൾ അറിഞ്ഞാൽപ്പോരാ ജീവിതത്തെ നിരീക്ഷിച്ചുണ്ടാകുന്ന ഉൾക്കാഴ്ചകൾ) ഉണ്ടാകണമെന്നും അവർക്കു ബോദ്ധ്യപ്പെട്ടുതുടങ്ങിയിരുന്നു. സംസ്കൃതപണ്ഡിതയും പഴയമട്ടിലുള്ള 'വിദുഷി'യുമായ (അതായത്, ചമ്പുക്കളും പാനകളുംമറ്റും രചിച്ചിട്ടുള്ള) കെ.എം. കുഞ്ഞുലക്ഷ്മി കെട്ടിലമ്മ 1915ൽ ഇങ്ങനെ എഴുതി:
നമ്മുടെ കേരളീയമഹിളമാർ ലോകബഹുമതിക്കു അർത്ഥകളാകത്തക്കവണ്ണം സാഹിത്യരംഗത്തിൽ വിളയാടേണ്ടതിന്നു ആദ്യമായി അവകാശപ്പെടേണ്ടതും ആശ്രാന്തപരിശ്രമങ്ങളാൽ സമ്പാദിക്കേണ്ടതും ആകുന്നു സാമുദായികസ്വാതന്ത്ര്യം....
...സ്വാതന്ത്ര്യം മനസ്സിനെ ശുദ്ധീകരിക്കുന്നതായി ഉദാഹരണങ്ങൾ ധാരാളമുണ്ട്. പ്രത്യേകിച്ച്, സാഹിത്യശ്രമങ്ങൾ ഏതു നിലയിലും യഥാർത്ഥമായ സ്വയസമ്പാദിതപരിചയത്തെ ആശ്രയിച്ചു നിൽക്കുന്നു. ഈവക പരിചയസിദ്ധി സ്ത്രീകൾക്ക് ഇപ്പോൾ ഉണ്ടാകുന്നതു എളുപ്പമല്ല. പുരുഷന്മാരുടെ സ്വാതന്ത്ര്യം അവരുടെ വൃത്തികൾക്കെല്ലാം ദൃഢതയെ കൊടുക്കുന്നു. സ്ത്രീകളുടെ പരിശ്രമവകുപ്പുകൾക്ക് ദുർലഭത ഉണ്ടാകുന്നതിൽ മുഖ്യമായ ഉത്തരവാദിത്വം കിടക്കുന്നത് അവരുടെ സ്വാതന്ത്ര്യസങ്കോചത്തിലാണ്. അനുഭവപദ്ധതികളെ പരിഷ്ക്കരിച്ചു, തരംതിരിച്ചു, വിമലീകരിക്കാൻമാത്രമെങ്കിലും ഉപകരിക്കുന്ന സാമുദായികസ്വാതന്ത്ര്യം അവർക്കുണ്ടായിരിക്കണം. ലോകഗതിയുടെ 'ചുറ്റും ചുറ്റും' 'പറ്റും പടർച്ചയും' നല്ലവണ്ണം ഗ്രഹിക്കാതെ, വെറും അന്യപ്രാപ്തങ്ങളായ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന ഉദ്യമങ്ങൾ എങ്ങനെ ഫലവത്തുക്കളായിത്തീരും?
പുരുഷന്മാരെപ്പോലെ വൈവിദ്ധ്യമാർന്ന ജീവിതാനുഭവങ്ങൾ സ്ത്രീകൾക്കുമുണ്ടെങ്കിലേ അവർ സാഹിത്യരംഗത്ത് വിളങ്ങൂ എന്നതാണ് കെട്ടിലമ്മയുടെ വാദത്തിന്റെ ചുരുക്കം. പക്ഷേ, സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടുതരം അടിസ്ഥാനസ്വഭാവപ്രകൃതങ്ങളാണുള്ളതെന്ന പുത്തൻവിശ്വാസത്തെ മുറുകെപ്പിടിക്കുന്നവരായിരുന്നു ഇക്കാലത്തെ എഴുത്തുകാരികളിൽ പലരും. പുരുഷന്റെ 'സ്വാഭാവികമായ ലോകം' വീട്ടിനുപുറത്താണ്; സ്ത്രീയുടേത് അകത്തും - അതിനാൽ വീട്ടിനുള്ളിൽ സുഖജീവിതം ഉറപ്പുവരുത്താൻ [ 176 ] സഹായിക്കുന്ന സ്വഭാവഗുണങ്ങൾ പ്രകൃതിതന്നെ സ്ത്രീക്കു കൽപ്പിച്ചിരിക്കുന്നുവെന്ന ധാരണതന്നെ പുതിയതായിരുന്നു. (വീട്/പുറംലോകം എന്ന വേർതിരിവുതന്നെ 19-ാം നൂറ്റാണ്ടിൽ സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് മുമ്പു വിവരിച്ചുവല്ലോ). ഈ ധാരണയെ ആശ്രയിച്ച എഴുത്തുകാരികളിൽ പലരും 'സ്ത്രീസഹജഗുണങ്ങ'ളായി എണ്ണപ്പെട്ട സ്നേഹം, ക്ഷമ, ദയ, വാത്സല്യം മുതലായവയെ പ്രകാശിപ്പിക്കുന്ന രചനകളാണ് സ്ത്രീകൾ എഴുതേണ്ടതെന്ന ഒരു കുറിപ്പടി പാസാക്കി! സാരോപദേശകഥകൾ, നാടോടിക്കഥകളുടെയും പുരാണകഥകളുടെയും പുനരാഖ്യാനങ്ങൾ... ഇതൊക്കെ 'സ്ത്രീസഹജഗുണങ്ങ'ളെ അംഗീകരിച്ചുകൊണ്ടുള്ള സാഹിത്യപ്രവർത്തനമായി തിരിച്ചറിയപ്പെട്ടു. കുട്ടികൾക്ക് നല്ല കഥകൾ അമ്മമാർ പറഞ്ഞുകൊടുത്തുകൊണ്ട് അവരെ നല്ല മാർഗ്ഗത്തിലേക്കു തിരിച്ചുവിടുന്ന പ്രവർത്തനത്തിന്റെ അൽപ്പംകൂടി വിപുലീകരിച്ച പതിപ്പല്ലേ ഇതെന്ന ന്യായമായ സംശയം ഉന്നയിക്കാവുന്നതാണ്. എന്തായാലും അന്ന് അറിയപ്പെട്ടിരുന്ന പല എഴുത്തുകാരികളും - അമ്പാടി കാർത്യായനിയമ്മ, തരവത്ത് അമ്മാളുഅമ്മ, ബി. കല്യാണിഅമ്മ തുടങ്ങിയവർ ഇത്തരം സാഹിത്യരചനയിൽ ഏർപ്പെട്ടുമിരുന്നു. ചെറുകഥയുംമറ്റുമെഴുതാൻ ഇവരിൽ പലരും ശ്രമിച്ചിരുന്നു; അവിടെയും 'നല്ല മാതൃകകൾ' സാഹിത്യത്തിലൂടെ അവതരിപ്പിച്ച് നല്ലവഴികാട്ടാനാണ് അവരധികവും ശ്രമിച്ചത്. അക്കാലത്തെ സാഹിത്യനിരൂപകരിൽ പലരും ഇവരെ തങ്ങളുടെ 'പരിധിമറക്കാത്ത എഴുത്തുകാരികളെ'ന്ന് വിളിച്ചഭിനന്ദിക്കുകയും ചെയ്തു. 'സ്ത്രീസ്വാതന്ത്ര്യപ്രസംഗം' നടത്താത്ത എഴുത്തുകാരികൾക്ക് പ്രത്യേക അഭിനന്ദനം ലഭിച്ചു; അങ്ങനെ ചെയ്തവർക്ക് നിരൂപകരുടെവക പരിഹാസവും കിട്ടിയിരുന്നു. തരവത്ത് അമ്മാളുഅമ്മയുടെ മരണത്തെത്തുടർന്ന് സഞ്ജയൻ (എം.ആർ. നായരുടെ തൂലികാനാമം - കേരളത്തിൽ പരക്കെ അറിയപ്പെട്ടിരുന്ന നിരൂപകനും ഹാസ്യലേഖനങ്ങളുടെ കർത്താവുമായിരുന്നു ഇദ്ദേഹം) എഴുതിയ അനുസ്മരണത്തിൽ (1936) ഈ പുകഴ്ത്തലും ഇകഴ്ത്തലും കാണാം. തരവത്ത് അമ്മാളുവമ്മയുടെ പുരാണപുനരാഖ്യാനങ്ങളെപ്പറ്റി, എഴുത്തിന്റെ ആ മാതൃക പിൻതുടരുന്നതിന്റെ മെച്ചങ്ങളെക്കുറിച്ച് അയവിറക്കിയശേഷം അദ്ദേഹം വായനക്കാരികളെ ഉപദേശിച്ചു: '...ബഹളമില്ലാതെ തങ്ങൾ വിചാരിച്ചേടത്തു കാര്യമെത്തിക്കുന്നതു സ്ത്രീയുടെ പ്രത്യേക സാമർത്ഥ്യവുമാണ്... ആ [ 177 ] വീട്ടിലെ സമ്പ്രദായം അവർക്ക് സാഹിത്യരംഗത്തിലോ മറ്റെവിടെയാണ് അവർക്കു കടന്നുചെല്ലേണ്ടതെങ്കിൽ അവിടെയോ പ്രയോഗിക്കുകയേ വേണ്ടൂ.' 'മനുസ്മൃതി കത്തിക്കണ'മെന്നു പ്രസംഗിച്ചുനടക്കുന്ന ബഹളക്കാരികളായ സ്ത്രീസമത്വവാദികളെ തെല്ലൊന്ന് ശകാരിച്ചതിനുശേഷമാണ് ഈ ഉപദേശം.
തരവത്ത് അമ്മാളുഅമ്മ പരിഭാഷപ്പെടുത്തിയ ഭക്തമാല (1913)യുടെ ആമുഖമെഴുതിയ പി.ജി. രാമയ്യർ അവരെ 'കപടനാട്യക്കാരി'കളിൽനിന്ന് അകറ്റി പ്രതിഷ്ഠിച്ചു:
പാശ്ചാത്യപരിഷ്ക്കാരംകൊണ്ടു വിദുഷികളും മാന്യകളും ആയിട്ടുണ്ടെന്നു നടിക്കുന്ന അനേകം സ്ത്രീകൾ ഇപ്പോൾ കേരളത്തിൽ ഉണ്ട്. എന്നാൽ അവരുടെ പരിഷ്ക്കാരവും യോഗ്യതയും നാട്യത്തിൽനിന്ന് യാഥാർത്ഥ്യത്തിലേക്കു കടന്നിട്ടില്ലെന്ന് പറയാതെ നിവൃത്തിയില്ലാ. ഈശ്വരഭക്തിവിട്ടു ഇഹലോകവ്യാപാരങ്ങൾകൊണ്ടുമാത്രം കാലംകഴിച്ചുവരുന്ന സ്ത്രീകളെപ്പറ്റി ഏറ്റവും അനുശോചിക്കേണ്ടിയിരിക്കുന്നു. സാക്ഷാൽ പരിഷ്ക്കാരം ബുദ്ധിവികാസത്തിലും മനോഗുണത്തിലുമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. അങ്ങിനെയുള്ള പരിഷ്ക്കാരം ഈ ഗ്രന്ഥകാരിക്കുണ്ടെന്ന് ഈ പുസ്തകം വായിക്കുന്നവർക്ക് സംശയംകൂടാതെ തോന്നുന്നതാകുന്നു...
തിരുവിതാംകൂർ സർക്കാരിനെ വെല്ലുവിളിച്ചതിന് നാടുകടത്തപ്പെട്ട പ്രസിദ്ധ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യയായിരുന്ന ബി. കല്യാണിയമ്മ തങ്ങളുടെ വിവാഹത്തെക്കുറിച്ച് രചിച്ച വ്യാഴവട്ടസ്മരണകൾ (1916) എന്ന കൃതി അക്കാലത്തുതന്നെ വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു. > കാണുക പുറം 125 < മഹാനായ ഭർത്താവിന്റെ സുഖദുഃഖങ്ങളിൽ സ്വയം അലിഞ്ഞുചേർന്ന ത്യാഗമൂർത്തിയായ പതിവ്രതയുടെ കഥയായിട്ടാണ് നിരൂപകർ അതിനെ വായിച്ചത്. എന്നാൽ ഇങ്ങനെയല്ലാതെ, ഭർതൃവന്ദനംകൂടാതെ, ഒരു സ്ത്രീ അവളുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ചെഴുതിയത് പലർക്കും പിടിച്ചില്ല! 1930കളിൽ കോച്ചാട്ടിൽ കല്യാണിയമ്മ - അദ്ധ്യാപിക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീസ്വാതന്ത്ര്യവാദി, ജനനനിയന്ത്രണത്തിന്റെ വക്താവ് എന്നീ നിലകളിലന്ന് അവർ പ്രശസ്തയായിരുന്നു - തന്റെ യൂറോപ്യൻ യാത്രയെപ്പറ്റി 'ഞാൻ കണ്ട യൂറോപ്പ്' എന്ന പേരിൽ ഒരു യാത്രാവിവരണം പ്രസിദ്ധീകരിച്ചു. ഇതിനെ പരിഹസിച്ചുകൊണ്ട് സഞ്ജയൻ നിർദ്ദേശിച്ചു - കൃതി വലിയ കുഴപ്പമില്ല, പേരിൽ ചെറിയൊരു മാറ്റം വേണമെന്നുമാത്രം - 'യൂറോപ്പുകണ്ട കല്യാണിക്കുട്ടിയമ്മ' എന്നാക്കിയാൽ ഭംഗിയാകും! എഴുത്തിലൂടെ സ്വന്തം വ്യക്തിത്വത്തെ ഉറപ്പിക്കാൻ സ്ത്രീകൾ ശ്രമിക്കുന്നതിനെ സംശയത്തോടെയാണ് നിരൂപകർ കണ്ടതെന്നു വ്യക്തം.
ഇക്കാലത്ത് ചെറുകഥപോലുള്ള പുതിയ സാഹിത്യരൂപങ്ങളിലെഴുതാൻ സ്ത്രീകൾ ശ്രമിച്ചുതുടങ്ങിയിരുന്നു. ബി. കല്യാണിയമ്മ, ടി.സി. കല്യാണിയമ്മ, അമ്പാടി കാർത്യായനിയമ്മ തുടങ്ങിയവരുടെ ചെറുകഥകൾ ആനുകാലികങ്ങളിൽ (സ്ത്രീമാസികകളിൽ വിശേഷിച്ചും) പ്രസിദ്ധീകരിച്ചിരുന്നു. 'ഉത്തമസ്ത്രീത്വ'ത്തെ വാഴ്ത്തുന്നവയായിരുന്നു ഇവയിലധികവും. അക്കാലത്തെ പുതിയ സ്ത്രീത്വത്തിന് [ 178 ] ഇവർ പ്രചരണം നല്കി - ദുഃസ്വഭാവിയായ ഭർത്താവിനെ നേർവഴിയിലെത്തിക്കുന്ന നല്ലവളായ ഭാര്യ, സ്ത്രീകളെക്കുറിച്ച് മോശം അഭിപ്രായംകൊണ്ടുനടക്കുന്ന ഭർത്താവിന്റെ മുന്നിൽ കഴിവുതെളിയിക്കുന്ന ഭാര്യ തുടങ്ങിയവയായിരുന്നു ഇതിവൃത്തങ്ങൾ.
എന്നാൽ മലയാളസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ സ്ത്രീകഥാപാത്രങ്ങളാരും ഇവരുടെ സാഹിത്യത്തിലല്ല സൃഷ്ടിക്കപ്പെട്ടതെന്ന വസ്തുത എടുത്തുപറയേണ്ടുന്നതുതന്നെ. ചന്തുമേനോന്റെ ഇന്ദുലേഖ, കുമാരാനാശാന്റെ ചിന്താവിഷ്ടയായ സീത എന്നിവയിലെ സ്ത്രീകഥാപാത്രങ്ങൾക്ക് അന്നത്തെ വായനക്കാരികൾക്കിടയിൽ നല്ല സ്വാധീനമുണ്ടായിരുന്നു. അന്നത്തെ അഭ്യസ്തവിദ്യരായ സ്ത്രീകളുടെ ഹൃദയങ്ങളിൽ നിശ്ശബ്ദം ഉയർന്നുവന്ന ചോദ്യങ്ങളാണ് ആശാൻ സീതയെക്കൊണ്ട് ചോദിപ്പിച്ചതെന്ന് പിൽക്കാലത്ത് ലളിതാംബികാ അന്തർജനം പറഞ്ഞിട്ടുണ്ട്. നിരൂപകരുടെ 'നല്ലകുട്ടികളാ'യിരുന്ന, 'സ്ത്രീസഹജഗുണങ്ങൾ'ക്കനുസൃതമായി എഴുതിക്കൊണ്ടിരുന്ന മിക്ക സ്ത്രീകളെയും ഇന്നത്തെ വായനക്കാർ ഓർമ്മിക്കുന്നില്ലെന്നതാണ് വാസ്തവം! നേരെമറിച്ച്, പുരുഷന്മാരോട് മത്സരിച്ച് സാഹിത്യരംഗത്ത് ഇടംകണ്ടെത്തിയ എഴുത്തുകാരികളെയാണ് നാമിന്നും ഓർക്കുന്നത്. പുരുഷാധിപത്യം കൽപ്പിക്കുന്ന 'നല്ലസ്ത്രീമാനദണ്ഡ'ത്തിനു വഴങ്ങുന്ന എല്ലാ സ്ത്രീകൾക്കും ഒരു പാഠമുണ്ട് ഇതിൽ!
ആധുനികസാഹിത്യത്തിന് വായനക്കാരികൾ വർദ്ധിച്ചുവന്ന കാലംകൂടിയായിരുന്നു ഇത്. ഇന്ദുലേഖ, മാർത്താണ്ഡവർമ്മ മുതലായ വിശിഷ്ടകൃതികളുടെ നിരവധി അനുകരണങ്ങൾ വിപണിയിലുണ്ടായിരുന്നു; അവയ്ക്ക് നല്ല ചെലവുമുണ്ടായിരുന്നു. സ്ത്രീകളുടെ നോവൽവായന അവരെ കുഴിയിൽ ചാടിക്കുമെന്ന് മുന്നറിയിപ്പു നൽകിയ ലേഖനങ്ങളുംമറ്റും ഇക്കാലത്ത് തീരെ അസാധാരണമല്ലായിരുന്നു - നോവൽവായന അവരെ അലസകളും അഹങ്കാരികളും തർക്കപ്രിയകളും 'അപ്രായോഗിക ആദർശങ്ങളു'ടെ വക്താക്കളുമായിത്തീർക്കുമെന്നായിരുന്നു ഈ പരാതിക്കാരുടെ അഭിപ്രായം. ആദർശജീവിയായിത്തീരുന്ന വായനക്കാരി വിവാഹത്തിന്റെ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടില്ലെന്ന് ചില ലേഖകർ ഭയപ്പെട്ടു. വായനമൂലം നവപുരുഷാധിപത്യത്തിന്റെ ചിട്ടകൾക്ക് വഴങ്ങാൻ സ്ത്രീകൾ എളുപ്പത്തിൽ സമ്മതിക്കുന്നില്ല എന്നതായിരുന്നു ഈ പരാതികളുടെ സാരാംശം!
ഇതൊക്കെയാണെങ്കിലും വായനക്കാരികളുടെ എണ്ണം കൂടിത്തന്നെവന്നുവെന്ന് അനുമാനിക്കാം - ആനുകാലികങ്ങളിലെ സാഹിത്യചർച്ചകളിലും മറ്റു വാദപ്രതിവാദങ്ങളിലും പങ്കെടുത്ത സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവെന്നാണ് സൂചന. പത്രമാസികാപ്രസാധനരംഗത്ത് നിരവധി സ്ത്രീകൾ പ്രവർത്തിച്ചുതുടങ്ങിയിരുന്നു. ബി. ഭാഗീരഥിയമ്മ (മഹിള), അന്ന ചാണ്ടി (ശ്രീമതി), ബി. കല്യാണിയമ്മ (ശാരദ), എം. ഹലീമാബീവി (മുസ്ലീംവനിത) എന്നിവർ ഇക്കൂട്ടത്തിൽപ്പെട്ട ചിലർമാത്രമായിരുന്നു.
പക്ഷേ, 'സ്ത്രീഗുണാനുസാരിയായ' സാഹിത്യമാണ് സ്ത്രീക്കു ഭൂഷണമെന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നവർപോലും നിർണ്ണായകാവസരങ്ങളിൽ മാറിച്ചവിട്ടിയെന്നകാര്യം ഓർക്കാതെവയ്യ. 1932-ൽ എറണാകുളത്തുവച്ചുനടന്ന സാഹിത്യപരിഷത് സമ്മേളനത്തിൽ ബി. ഭാഗീരഥിയമ്മ നടത്തിയ നാടകീയപ്രഖ്യാപനം ഒരുദാഹരണമാണ്. 'സ്ത്രീഗുണ'ങ്ങൾ പ്രകാശിപ്പിക്കാനുള്ള കഴിവാണ് സ്ത്രീയുടെ സാഹിത്യവാസനയ്ക്കും പിന്നിൽ എന്ന് പല വേദികളിലും (സാഹിത്യപരിഷത്‌വേദികളിലും) പ്രസംഗിച്ചിരുന്ന ഇവർ പുരുഷനും സ്ത്രീക്കും പരിഷത്‌സമ്മേളനത്തിൽ സമമായ പങ്കാളിത്തം അനുവദിക്കാത്തതിനെച്ചൊല്ലി പരസ്യപ്രതിഷേധം നടത്തി.
എറണാകുളത്തുവച്ചു സാഹിത്യപരിഷത്തിന്റെ അനുബന്ധമായി നടത്തപ്പെട്ട മഹിളാസമ്മേളനത്തിൽ പ്രസംഗിച്ചപ്പോൾ പുരുഷസാഹിത്യമെന്നും സ്ത്രീസാഹിത്യമെന്നും രണ്ടു വിഭാഗങ്ങൾ സൃഷ്ടിച്ച്, ഒരു [ 179 ] സാഹിത്യസദസ്സിൽ സ്ത്രീ എന്നും പുരുഷൻ എന്നുമുള്ള വിഭിന്നത പ്രത്യക്ഷപ്പെടുത്തേണമെന്ന് പരിഷത് പ്രവർത്തകന്മാർ നിശ്ചയിച്ചതും പുരുഷസാഹിത്യസദസ്സിൽ സ്ത്രീകൾക്കു പ്രസംഗിക്കാൻ പാടില്ലെന്നു തീരുമാനിച്ചതും ആവശ്യമില്ലാത്ത സംഗതിയാണെന്നു 'മഹിളാ' പ്രസാധിക അന്നു പ്രസ്താവിക്കയുണ്ടായി...
സാഹിത്യരംഗത്തേക്കു പ്രവേശിക്കുന്നു
'സ്ത്രീഗുണ'ത്തെ കൈവിട്ട് എഴുത്തുകാരിയാവുക എന്ന ലക്ഷ്യം സ്ത്രീകൾക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. സ്ത്രീകൾ എങ്ങനെയിരിക്കണമെന്നും അവർക്കെന്തൊക്കെ ചെയ്യാമെന്നുംമറ്റും നിർണ്ണയിക്കുന്ന ശക്തികളോട് - സമുദായം, മതം, ഭരണകൂടം, രാഷ്ട്രീയശക്തികൾ - മല്ലടിക്കാതെ സ്വന്തമായ ആശയങ്ങളും ശൈലിയുമുള്ള എഴുത്തുകാരിയായിത്തീരാൻ കഴിയില്ല. അക്കാലത്താണെങ്കിൽ സ്ത്രീകൾ പൊതുരംഗത്തേക്കു കടന്നുതുടങ്ങിയിരുന്നതേയുള്ളൂ; സ്വന്തംപേരിൽ ലേഖനമെഴുതാൻപോലും സ്ത്രീകൾ ഭയപ്പെട്ടിരുന്നകാലം. അക്കാലത്താണ് ആധുനികമലയാളസാഹിത്യരംഗത്തേക്ക് ലളിതാംബിക അന്തർജനം, ബാലാമണിയമ്മ, കടത്തനാട്ടു മാധവിയമ്മ, മേരിജോൺ കൂത്താട്ടുകുളം, സിസ്റ്റർ മേരി ബെനീഞ്ഞ മുതലായവർ കടന്നുവന്നത്. ഈ കടന്നുവരവിൽ അനുഭവിച്ച സംഘർഷങ്ങളെക്കുറിച്ച് അവരിൽ പലരുമെഴുതിയിട്ടുണ്ട്. ലളിതാംബിക അന്തർജനം ഇതേക്കുറിച്ച് ഇങ്ങനെ എഴുതി:
എന്നെപ്പോലെയുള്ള ഒരു സ്ത്രീക്ക് ഒരു കലാകാരിണിയെന്ന ബിരുദം കിട്ടുക അത്ര എളുപ്പമല്ല. കിട്ടിയാൽത്തന്നെ അതു വച്ചുപുലർത്തുക അത്രയുംകൂടി എളുപ്പമല്ല. ഒരു കലാജീവിതത്തെ ചൂഴുന്ന നിരവധി [ 180 ] സംശയങ്ങൾ, അസ്വാതന്ത്ര്യങ്ങൾ - പേടികൾ - പുരുഷനാണെങ്കിൽ നിസ്സംശയം ചവുട്ടിമെതിക്കാവുന്ന ആ മുൾപ്പടർപ്പുകളിലൂടെ ഞങ്ങൾ സ്ത്രീകൾ എത്ര കരുതലോടെ, ഭയാശങ്കകളോടെ, നൂഴ്ന്നുകയറിപ്പോകണം? ഒരു കലാഹൃദയത്തിന്റെ സ്വച്ഛന്ദവികാസത്തിന് ഏറ്റവും വലിയ ശത്രുവാണീ ഭയം.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ ആധുനികസാഹിത്യരചനയ്ക്ക് ആവശ്യമെന്ന് കുഞ്ഞുലക്ഷ്മി കെട്ടിലമ്മ ചൂണ്ടിക്കാട്ടിയ 'സാമുദായികസ്വാതന്ത്ര്യം' എഴുത്തുകാരികൾക്ക് അധികമൊന്നും ഇല്ലായിരുന്നു. ആധുനികസാഹിത്യരംഗം ഏതാണ്ടു മുഴുവൻ പുരുഷന്മാരുടെ കുത്തകയായിരുന്നു - കെ. സരസ്വതിയമ്മയുടെ സഹപാഠിയായിരുന്ന എസ്. ഗുപ്തൻ നായർ അവരെക്കുറിച്ചോർക്കുന്നുണ്ട്, 1940കളിൽ കോളേജിലെ സാഹിത്യസമാജത്തിന്റെ ചർച്ചയിലേക്ക് കൂസലില്ലാതെ കയറിച്ചെന്ന പെൺകുട്ടിയായി. താനും കഥയെഴുതാറുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നത്രെ അത്. എന്നാൽ സാഹിത്യചർച്ചയിൽ തനിക്കർഹതപ്പെട്ട പങ്കാളിത്തം ആവശ്യപ്പെട്ട സ്വതന്ത്രവ്യക്തിയായിട്ടല്ല ഗുപ്തൻനായർ അവരെ ഓർമ്മിക്കുന്നത് - തന്റെ തുറന്ന പെരുമാറ്റത്തെക്കുറിച്ച് മറ്റുള്ളവരെന്തു കരുതുമെന്ന ചിന്തയില്ലാത്ത ശുദ്ധഗതിക്കാരിയായിട്ടാണ് അദ്ദേഹം അവരെ കണ്ടത്. ബാലാമണിയമ്മയെയോ അന്തർജനത്തെയോ ഇങ്ങനെ ശുദ്ധഗതിക്കാരാക്കാൻ എളുപ്പമായിരുന്നില്ല. അവരുടെ സാംസ്കാരികപശ്ചാത്തലവും കുടുംബനിലയുംമറ്റും കണക്കിലെടുക്കേണ്ടിവന്നേനെ. എന്നിട്ടുപോലും എതിർപ്പും വിമർശനവും ധാരാളമേൽക്കേണ്ടിവന്നു; പ്രത്യേകിച്ച് അന്തർജനത്തിന്.
എന്നാൽ ഇരുവർക്കും 'എഴുത്തുകാരി' എന്ന അംഗീകാരം സുലഭമായിക്കിട്ടിയിരുന്നു. പരിമിതമായ വായനയിലൂടെ 'സ്ത്രീഗുണങ്ങളു'ടെ വക്താക്കളായി ബാലാമണിയമ്മയെയും അന്തർജനത്തെയും 'ഒതുക്കുന്ന' രീതിയാണ് നടപ്പിൽവന്നത്. അന്തർജനം 'നമ്പൂതിരിസ്ത്രീകളുടെ കണ്ണീരൊപ്പിയ കഥാകാരി'യാണെന്നും 'മാതൃമഹിമയുടെ കഥാകാരി'യാണെന്നുംമറ്റുമുള്ള പരാമർശങ്ങൾ നമുക്ക് പരിചിതങ്ങളാണ്. ബാലാമണിയമ്മയെയും 'മാതൃത്വ'ത്തിന്റെ കവി എന്നൊക്കെയാണ് സാധാരണഗതിയിൽ വിശേഷിപ്പിക്കാറ്. എന്നാൽ അന്തർജനത്തിന്റെയോ ബാലാമണിയമ്മയുടേയോ ചിന്താപ്രപഞ്ചം ഒരിക്കലും വെറും മാതൃത്വവാഴ്ത്തായിരുന്നില്ല; നിലവിലുണ്ടായിരുന്ന മാതൃത്വദർശനങ്ങളുമായി 'പാടിപ്പുകഴ്ത്തലി'ന്റെ ബന്ധമായിരുന്നില്ല അവരുടെ എഴുത്തിന്. മറിച്ച് അക്കാലത്തുയർന്നുവന്ന മാതൃത്വദർശനങ്ങളെ വിമർശനപരമായി പരിശോധിക്കുന്ന, അല്ലെങ്കിൽ അവയുടെ സങ്കീർണ്ണതകളെയും വിഹ്വലതകളെയും അനാവരണംചെയ്യുന്ന, എഴുത്തായിരുന്നു അവരുടേത്. > കാണുക പുറം 120 <
ബാലാമണിയമ്മ മാതൃത്വത്തെ വാഴ്ത്തി കവിതകളെഴുതിയിരുന്നു; ആ കവിതയിൽ പുതിയ മാതൃത്വത്തിൽനിന്നുള്ള ആനന്ദം മാത്രമല്ല, ആശങ്കകളും വൈരുദ്ധ്യങ്ങളും തെളിയുന്നുണ്ട്. മലയാളബ്രാഹ്മണരുടെ കുടുംബങ്ങളിലെ സ്ത്രീകളുടെ നരകജീവിതത്തെ വർണ്ണിച്ച നിരവധി കഥകൾ അന്തർജനം 1930കളിലും 40കളിലുമെഴുതിയിട്ടുണ്ട്; [ 181 ] അവർ നമ്പൂതിരി സമുദായപരിഷ്ക്കരണത്തിൽ വളരെ താൽപര്യംകാട്ടിയിരുന്നു. എന്നാൽ, ഈ പരിഷ്ക്കരണത്തെയും അതു നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ പുരുഷന്മാരായ സമുദായപരിഷ്ക്കർത്താക്കളെയും സൂക്ഷ്മമായി വിമർശിക്കുന്ന മറ്റുകഥകളും അവരുടേതായിട്ടുണ്ട്! അതൊന്നും അധികമാരും ചർച്ചചെയ്തുകാണാറില്ലെന്നുമാത്രം. അതുപോലെ, ആധുനികകുടുംബാദർശങ്ങളിൽ ഉയർന്നുവന്ന മാതൃത്വത്തിന്റെ മാതൃകയെ - 'ഉത്തമകുടുംബിനി'യെ - വിമർശിക്കുന്ന കഥകൾ പലതുമുണ്ട് അവരുടെ എഴുത്തിൽ. അക്കാലത്തു നടന്ന ചർച്ചകളിൽ ഉത്തമമാതൃത്വമായി വാഴ്ത്തപ്പെട്ട ആദർശത്തെ - കുടുംബത്തിന്റെ ഭൗതികമായ ഉന്നതിയിൽമാത്രം കണ്ണുനട്ട്, മക്കളെ വളർച്ചയുടെയും കീർത്തിയുടെയും മേഖലകളിലേക്ക് ഏതുവിധവുമെത്തിക്കാനുള്ള തത്രപ്പാടിൽ സ്നേഹശൂന്യരായി, വെറും 'അച്ചടക്കയന്ത്രമായി' മാറുന്ന മാതാവിനെ - അവർ തുടരെത്തുടരെ വിമർശിച്ചിട്ടുണ്ട്. 'ആത്മനിയന്ത്രണം' അധികമായതുകൊണ്ട് സ്നേഹശൂന്യരായിത്തീർന്ന, ജീവിതത്തിന്റെ ആനന്ദംമുഴുവൻ നഷ്ടപ്പെടുത്തിയ വ്യക്തികളുടെ ചിത്രങ്ങൾ അവർ സ്വന്തംകഥകളിൽ പലതവണ വരച്ചിട്ടുണ്ട്. എന്നിട്ടും അന്തർജനത്തെ 'നിരായുധീകരിച്ച്' വ്യവസ്ഥാപിത മാതൃത്വദർശനത്തിന്റെ കുഴലൂത്തുകാരിയായി തരംതാഴ്ത്താനായിരുന്നു പലർക്കും തിടുക്കം! എഴുത്തുകാരിയെന്ന അംഗീകാരം നൽകുമ്പോഴും അവർ 'സ്ത്രീത്വ'ത്തിനുള്ളിൽ കഴിഞ്ഞുകൂടിയവർതന്നെ എന്നു സ്ഥാപിക്കാനും ചിലർക്ക് വ്യഗ്രതയുണ്ടായിരുന്നു:
പ്രജ്ഞാപരമായ പ്രവർത്തനങ്ങളിൽ സ്ത്രീവർഗ്ഗത്തിന് പുരുഷവർഗ്ഗത്തോടു കിടനിൽക്കാൻ കഴിവില്ലെന്നിരുന്നാലും ലളിതാംബികയെ ഇക്കാര്യത്തിൽ പുരുഷവർഗ്ഗത്തിൽനിന്നകറ്റി നിർത്തേണ്ട... എന്നാലും ഒരു സ്ത്രീയുടെ സൃഷ്ടിവൈദഗ്ദ്ധ്യം സന്താനങ്ങളുടെ വാസനാഭാവനാനിർമ്മാണങ്ങളിലാണെന്ന് ലളിതാംബിക വിശ്വസിക്കുന്നു.
19-ാം നൂറ്റാണ്ടിൽ കുട്ടിക്കുഞ്ഞുതങ്കച്ചിക്ക് ഗോവിന്ദപ്പിള്ള നൽകിയ അഭിനന്ദനത്തിൽനിന്ന് വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല ഇതെന്നു വ്യക്തം!
1930കളിലും എഴുത്തുകാരികൾക്കെതിരെ തെറിപ്രയോഗംനടത്തി അവരുടെ വായടപ്പിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരുന്നുവെങ്കിലും അതിനു ചുട്ട മറുപടികൊടുത്ത എഴുത്തുകാരികളുമുണ്ടായി. ആഭാസപ്രയോഗങ്ങളെ മറുതെറിയിലൂടെ നേരിടാൻ ധൈര്യംകാട്ടിയ എഴുത്തുകാരികളുണ്ടായി. എന്നാൽ, എഴുത്തിൽ ഇടുങ്ങിയ ലൈംഗികസദാചാരത്തെ എതിർത്തിരുന്ന പുരോഗമനപ്രസ്ഥാനവുമായി [ 182 ] എഴുത്തുകാരികൾക്ക് പരിമിതവും ചിലപ്പോൾ കലുഷിതവുമായ ബന്ധമാണുണ്ടായിരുന്നത്. 1940കളിൽ സജീവമായിത്തീർന്ന പുരോഗമനസാഹിത്യപ്രസ്ഥാനത്തെ തുറന്ന് അനുകൂലിച്ചുകൊണ്ട് പൊതുരംഗത്തുവന്ന എഴുത്തുകാരിയായിരുന്നു അന്തർജനം. പക്ഷേ, അവരെ ഉൾക്കൊള്ളാൻ ആ പ്രസ്ഥാനം തീരെ ശ്രമിച്ചില്ല. മാത്രമല്ല, പുരോഗമനസാഹിത്യകാരന്മാരുടെ ലൈംഗികസദാചാരവിരുദ്ധതയുടെ പൊള്ളത്തരത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവർ കഥയെഴുതി ('റിയലിസം' എന്ന കഥ)യെന്നത് വലിയ വിവാദത്തിനിടയാക്കി. തകഴി ശിവശങ്കരപ്പിള്ള അവർക്കെതിരെ മറ്റൊരു കഥയെഴുതി - അവരെ വ്യക്തിപരമായി അധിക്ഷേപിച്ച 'ആദർശാത്മകത' എന്ന കഥ!
'സാഹിത്യത്തെ ജീവിതത്തോടടുപ്പിക്കുക' എന്ന പുരോഗമനസാഹിത്യ മുദ്രാവാക്യത്തിലൂടെ കീഴാളസ്ത്രീകൾ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയ കാലത്ത് - 1930കളിൽ - മനഃശക്തിയെക്കാളധികം സുന്ദരസ്ത്രീരൂപങ്ങളുടെ തിരിച്ചുവരവുണ്ടായിയെന്നു വേണമെങ്കിൽ പറയാം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണൻ കേരളത്തിൽ ഏറ്റവും ജനപ്രിയമായ രചനയായിരുന്നു - അതിലെ സ്ത്രീകഥാപാത്രത്തിന്റെ സവിശേഷതതന്നെ, മനഃശക്തിയുടെ കുറവാണ്. (നാരിയുടെ അബലത്വവും ചപലത്വവും പാടിനടക്കുന്നവരെക്കണ്ടിട്ടാണ് കെ. സരസ്വതിയമ്മ അതിന് പിൽക്കാലത്ത് ഒരു 'മറുപടിക്കഥ' എഴുതിയത് - 'രമണി' എന്ന പേരിൽ). സ്ത്രീയെ സുന്ദരവും കാമ്യവുമായ എന്നാൽ ചഞ്ചലമായ ഒരു വസ്തുവായി ചിത്രീകരിച്ചതിൽ ചങ്ങമ്പുഴയ്ക്ക് വലിയൊരു പങ്കുണ്ട്. ഈ പ്രവണതയെ നേരിട്ടും അല്ലാതെയും വിമർശിച്ചവരാണ് അന്തർജനവും സരസ്വതിയമ്മയും. 'മാതൃത്വ'ത്തിന്റെ കുപ്പായം സരസ്വതിയമ്മയ്ക്ക് തീരെ ചേരാത്തതുകൊണ്ടാവാം, നിരൂപകലോകം അവരെ പൂർണ്ണമായും അവഗണിച്ചു. 1970കളിൽ അവരുടെ മരണം ഏറെക്കുറെ ശ്രദ്ധിക്കപ്പെടാതെ കടന്നുപോയി. > കാണുക പുറം 121 < 1990കളിൽ കേരളത്തിൽ സ്ത്രീപക്ഷസാഹിത്യം ശക്തമായതോടെയാണ് അവരുടെ കൃതികൾ വീണ്ടും വായിക്കപ്പെട്ടത്.
1950കൾക്കുശേഷവും സാഹിത്യരംഗത്ത് സ്ത്രീകൾ പൊരുതിത്തന്നെയാണ് നിന്നത്. സാഹിത്യരംഗത്തെ പുരുഷാധികാരം ആധുനികതാപ്രസ്ഥാനത്തിലൂടെ പുതുരൂപംപൂണ്ട് ഉയർന്നുവന്ന കാലത്ത് മാധവിക്കുട്ടി എന്ന പ്രതിഭാസം കേരളത്തിൽ അപ്പോഴേക്കും ഉറച്ചുകഴിഞ്ഞിരുന്ന കുടുംബാദർശങ്ങളെയും സ്ത്രീപുരുഷബന്ധങ്ങളെയും തന്റെ എഴുത്തിലൂടെ കീറിമുറിച്ചുകൊണ്ടിരുന്നു. വീടുമായി സ്ത്രീയെ ബന്ധിപ്പിക്കുന്ന സ്ത്രീത്വദർശനത്തിന് അവർ എതിരായിരുന്നില്ല; എന്നാൽ നിലവിലുള്ള ലിംഗാദർശത്തിൽ വീട് സ്ത്രീയുടെ തടവറ മാത്രമാണെന്നും തീരെ സന്തോഷമോ സൗന്ദര്യമോ ഇല്ലാത്ത, ഒരിക്കലും തീരാത്ത ജോലിയും ഒരിക്കലുമൊടുങ്ങാത്ത ഭാരങ്ങളും സ്ത്രീയുടെമേൽ കെട്ടിയേൽപ്പിക്കുന്ന ഒരു സ്ഥാപനമാണതെന്നും തന്റെ കഥകളിലൂടെ അവർ വീണ്ടുംവീണ്ടും നമ്മെ ഓർമ്മപ്പെടുത്തി. അതുപോലെ, സ്ത്രീപുരുഷസ്നേഹത്തെ അവർ വളരെ വിലമതിച്ചിരുന്നു - പക്ഷേ സ്ത്രീയെ വെറുമൊരു വസ്തുവായി കരുതുന്ന പുരുഷത്വത്തിന് മേൽക്കൈയുള്ളിടത്തോളം സ്ത്രീപുരുഷബന്ധം സുന്ദരമാവില്ലെന്ന് അവർ തറപ്പിച്ചുപറഞ്ഞു. സ്നേഹത്തെയും സൗന്ദര്യത്തെയും ഏതുരീതിയിലും സ്വീകരിക്കണമെന്നും, അതിനാൽ സമൂഹം അടിച്ചേൽപ്പിക്കുന്ന സദാചാരത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും അവർ മലയാളികളെ പഠിപ്പിക്കാൻ ശ്രമിച്ചു. എന്റെ കഥ എന്ന അവരുടെ ആത്മകഥയ്ക്ക് സമാനമായ ഒന്നും മലയാളത്തിലില്ല. എങ്കിലും അവസാനംവരെയും അവരെ പലതരത്തിൽ വേട്ടയാടാനാണ് മലയാളിസമൂഹം ശ്രമിച്ചത്. പിൽക്കാലത്ത് അതിൽ ആത്മകഥാംശമില്ലെന്നുകൂടി അവർ പറയുകയുണ്ടായി.
[ 183 ]
[ 184 ]
ആധുനികവിദ്യാഭ്യാസം ലഭിച്ച ആദ്യ തലമുറക്കാരികളിൽ പലരും ആത്മകഥാരചനയിലേർപ്പെട്ടിരുന്നു. ഉദാഹരണത്തിന് കോച്ചാട്ടിൽ കല്യാണിക്കുട്ടിയമ്മ, സി. കെ. രേവതിയമ്മ, അന്നാ ചാണ്ടി തുടങ്ങിയവർ. കഴിഞ്ഞ നൂറുവർഷക്കാലത്തിനിടയിൽ സ്ത്രീകളുടേതായ സംഭാവന തികച്ചും അഭിമാനകരംതന്നെ. ഇവയിൽപ്പലതും 'വിവാഹത്തിന്റെ ജീവചരിത്ര'ങ്ങളായിരുന്നുവെന്ന് ചരിത്രകാരിയായ ജി. അരുണിമ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്കിലും സ്വാനുഭവങ്ങളെ കാലത്തിന്റെ വിദൂരതയിൽനിന്ന് വിലയിരുത്താനുള്ള ശ്രമങ്ങളും ഇക്കൂട്ടത്തിലുണ്ട്.
മാധവിക്കുട്ടിയെക്കൂടാതെ രാജലക്ഷ്മി, പി. വത്സല, സുഗതകുമാരി തുടങ്ങി മറ്റു പലരുമുണ്ടായി. 1980കളിൽ സ്ത്രീപക്ഷസാഹിത്യരചന എങ്ങനെയിരിക്കണമെന്ന ചർച്ചയ്ക്ക് പുതുജീവൻ കൈവന്നു. എന്നാൽ എഴുത്തുകാരികളുടെ വഴി ഒരിക്കലും എളുപ്പമായിരുന്നില്ല. മാധവിക്കുട്ടി കുടുംബത്തിന്റെയും അയൽവക്കത്തിന്റെയുംമറ്റും കടുത്ത എതിർപ്പിനെ നേരിട്ടുകൊണ്ടാണ് എഴുതിയത്. ഇത്തരം എതിർപ്പിന് എഴുത്തുകാരികളിൽ ഒരാളെ കൊല്ലാനും കഴിഞ്ഞു - രാജലക്ഷ്മി. ചെറുപ്രായത്തിൽത്തന്നെ വലിയ അംഗീകാരം വായനക്കാരിൽനിന്നും നേടിയെടുത്ത എഴുത്തുകാരിയായിരുന്നു അവർ. നിരവധി പുരസ്കാരങ്ങളും അവർ നേടിക്കഴിഞ്ഞിരുന്നു. എന്നിട്ടും തീരാത്ത ശല്യപ്പെടുത്തൽ അവരെ ആത്മഹത്യയിലേക്കു നയിച്ചു. ചന്ദ്രമതി, ഗീതാ ഹിരണ്യൻ തുടങ്ങി ഇന്നു പ്രശസ്തരായിത്തീർന്നിട്ടുള്ള എഴുത്തുകാരികളും എഴുതാൻവേണ്ടി തങ്ങൾക്കു നടത്തേണ്ടിവന്ന സമരങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്തിന്, ഏറ്റവുമടുത്തകാലത്ത് എഴുതിത്തുടങ്ങിയ, ഇന്നു പ്രസിദ്ധയായ കെ.ആർ. മീരയുടെ 'ഓർമ്മയുടെ ഞരമ്പ്' എന്ന കഥ എഴുതാൻ ദഹിച്ച ഒരു സ്ത്രീയെക്കുറിച്ചാണ് പറയുന്നത്.
ഇന്ന് കേരളീയസാഹിത്യമേഖലയിൽ ധാരാളം സ്ത്രീകൾ സന്നിഹിതരാണ്. 1980കളുടെ അവസാനം സാറാ ജോസഫിന്റെ കഥകളുടെ വായനയിലൂടെ 'സ്ത്രീപക്ഷസാഹിത്യം' അഥവാ 'പെണ്ണെഴുത്ത് - [ 185 ] എന്ന സാദ്ധ്യത ഉയർന്നുവന്നു. വ്യവസ്ഥാപിത നിരൂപണത്തിന്റെ അതിരൂക്ഷമായ ശകാരവും പരിഹാസവും 'പെണ്ണെഴുത്തി'ന്റെ വക്താക്കൾക്കു സഹിക്കേണ്ടിവന്നു. അന്തർജനത്തിന്റെയും മാധവിക്കുട്ടിയുടെയും എഴുത്തിനെ വ്യവസ്ഥാപിത ലിംഗാദർശങ്ങളിലേക്കും സാഹിത്യപ്രമാണങ്ങളിലേക്കും ഒതുക്കാൻ മുഖ്യധാരാവിമർശനത്തിനു കഴിഞ്ഞിരുന്നു. എന്നാൽ സരസ്വതിയമ്മയുടെ എഴുത്തിനെയോ സാറാ ജോസഫിന്റെ (അക്കാലത്തെഴുതിയ) കഥകളെയോ അത്തരത്തിൽ ഒതുക്കാൻ എളുപ്പമായിരുന്നില്ല. മുഖ്യധാരയിൽനിന്ന് അകന്നുനിൽക്കുന്നത് ബുദ്ധിപരമല്ലെന്ന അഭിപ്രായം ചില എഴുത്തുകാരികൾക്കുമുണ്ടായിരുന്നു. ഇക്കാലത്ത് കവിതയിലും തുറന്നരീതിയിലുള്ള സ്ത്രീപക്ഷത്തുനിന്നും ആൺകോയ്മാവിമർശനം കേട്ടുതുടങ്ങി - സാവിത്രി രാജീവൻ, വിജയലക്ഷ്മി തുടങ്ങിയവരുടെ കവിതകളിൽ. കഥാരംഗത്ത് ഗീതാ ഹിരണ്യൻ, ചന്ദ്രമതി, ഗ്രേസി തുടങ്ങിയവരുടെ സാന്നിദ്ധ്യം അനിഷേദ്ധ്യമായി. ഇവരിൽപ്പലരും 'പെണ്ണെഴുത്തി'നെക്കുറിച്ച് സംശയാലുക്കളായിരുന്നെങ്കിലും അവർ തങ്ങളുടെ രചനകളിൽ ആൺകോയ്മാരൂപങ്ങളെ അതിശക്തമായി ആക്രമിക്കാൻ മടിച്ചില്ല. പെണ്ണെഴുത്തെന്ന ആശയത്തെ എഴുത്തുകാരികൾതന്നെ തള്ളിക്കളഞ്ഞത്, വാസ്തവത്തിൽ മറ്റൊരു വിധത്തിൽ വായിക്കേണ്ടതാണ്. അന്നുവരേയും മലയാളസാഹിത്യമണ്ഡലത്തിൽ നെടുനായകത്വം വഹിച്ച പുരുഷാധികാരസ്ഥാപനമായ സാഹിത്യവിമർശനത്തിന്റെ ആധികാരികതയെയാണ് എഴുത്തുകാരികൾ തള്ളിക്കളഞ്ഞത്. സ്ത്രീകളുടെ എഴുത്തിനെ പേരിട്ടുവിളിക്കാൻ വിമർശകർക്കുണ്ടായിരുന്ന അധികാരമാണ് ചോദ്യംചെയ്യപ്പെട്ടത്. പെണ്ണെഴുത്തിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരുമായ എഴുത്തുകാരികളെല്ലാവരും കേരളത്തിലെ ആൺകോയ്മയെ അതിശക്തമായിത്തന്നെ എതിർത്തിട്ടുണ്ടെന്ന കാര്യം വളരെ പ്രസക്തമാണ്. സമീപകാലത്ത് മലയാളസാഹിത്യരംഗത്തേക്ക് സ്ത്രീകളുടെ കടന്നുകയറ്റംതന്നെ ഉണ്ടായിട്ടുണ്ട് - പ്രത്യേകിച്ച് ചെറുകഥാരംഗത്ത്. ഇന്നവർ നേടിയ വിജയം മുമ്പുപറഞ്ഞ വിമർശകതിരസ്ക്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് വാദിക്കാവുന്നതാണ്.
എഴുത്തിന്റെ ലോകത്തേക്ക് പ്രവേശനംലഭിക്കാത്ത സ്ത്രീകളും ആത്മാഖ്യാനങ്ങളിലൂടെ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. നളിനി ജമീലയുടെ ആത്മകഥ വലിയ വിവാദം സൃഷ്ടിച്ചെങ്കിലും പുതിയ ഇടങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. 'എഴുത്തുകാരി' എന്ന അംഗീകാരം പിടിച്ചുവാങ്ങാൻ അവർ നടത്തിയ ഉറച്ചശ്രമം മലയാളസാഹിത്യത്തിന്റെ വരേണ്യതയെ വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു.
കീഴാളസ്ത്രീകൾക്ക് പ്രവേശനമില്ല!
നാടകരംഗത്ത് ഇന്ന് ഒരു സ്ത്രീപക്ഷം രൂപപ്പെട്ടു കഴിഞ്ഞു. സുധി, രാജേശ്വരി, സജിത, ശ്രീജ, ശ്രീലത തുടങ്ങിയ കഴിവുറ്റ നാടകപ്രവർത്തകർ ഇന്ന് സജീവമായുണ്ട്. സ്ത്രീപക്ഷചർച്ചകളുടെ അന്തരീക്ഷം അഭിനേത്രി പോലുള്ള സംഘങ്ങൾക്കു ജന്മം നൽകി. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ വനിതാകലാജാഥകളും 1980കളിലെ സമത തുടങ്ങിയ സംഘങ്ങളും പിന്നീടു നടന്ന സ്ത്രീപക്ഷ നാടകക്യാമ്പുകളും സ്ത്രീപക്ഷനാടകമെന്ന ആശയത്തെ പ്രത്യേകരീതികളിൽ വ്യാഖ്യാനിച്ചു. വളരെക്കാലത്തെ പിൻനിലയെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്നത്തെ ഊർജ്ജം സ്ത്രീപക്ഷ നാടകപ്രവർത്തകർ സമ്പാദിച്ചത്. നാടകരംഗത്ത് പുരുഷന്മാർ സ്ത്രീവേഷംകെട്ടുന്ന പതിവ് 1940കളോടെ അകന്നുതുടങ്ങി. 1940കളിലെ മലയാള നാടകവേദിയിലേക്ക് അഭിനേതാക്കളായി നിരവധി സ്ത്രീകൾ കടന്നുവന്നു - തങ്കം വാസുദേവൻനായർ, സി.കെ. രാജം, ഓമല്ലൂർ ചെല്ലമ്മ, അമ്പലപ്പുഴ മീനാക്ഷിയമ്മ, സി.കെ. സുമതിക്കുട്ടിയമ്മ, കൊടുങ്ങല്ലൂർ അമ്മിണിയമ്മ തുടങ്ങിയവർ. ഈ ദശകത്തിലെ രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ ഭാഗമായി ഉയർന്നുവന്ന കലാപ്രവർത്തനം നിരവധി സ്ത്രീകളെ ദൃശ്യകലാവേദികളിലെത്തിച്ചു. പിന്നീട് കെ.പി.എ.സി. മുതലായ പ്രസ്ഥാനങ്ങളിലൂടെ കൂടുതൽ സ്ത്രീകൾ അഭിനയരംഗത്തെത്തി.
നാടകനടികളുടെ സ്ഥിതി ഇതായിരുന്നെങ്കിൽ, നർത്തകിമാരുടെ സ്ഥിതി ദയനീയമായിരുന്നു. 'മോഹിനിയാട്ട'മെന്ന നൃത്തരൂപം അഴിഞ്ഞാട്ടംമാത്രമാണെന്ന ശക്തമായ പ്രചരണത്തെ ചെറുത്തുകൊണ്ടാണ് മഹാകവി വള്ളത്തോൾ അതിനെ പുനരുദ്ധരിക്കാൻ ശ്രമിച്ചത്. ഇതിനായി അദ്ദേഹമേർപ്പെടുത്തിയ 'സദാചാരസംവിധാന'ത്തെക്കുറിച്ച് അദ്ദേഹത്തിന്റെ 'കേരളകലാമണ്ഡല'ത്തിലെ ആദ്യകാല പ്രവർത്തകരിലൊരാളായിരുന്ന വിഖ്യാതകഥകളിനടൻ കലാമണ്ഡലം കൃഷ്ണൻനായർ എഴുതിയിട്ടുണ്ട്. ലൈംഗികമായ എല്ലാ സൂചനകളിൽനിന്നും നൃത്തകലയെ വിമുക്തമാക്കിക്കൊണ്ടാണ് അതിനെ പുനരുദ്ധരിക്കേണ്ടതെന്ന ധാരണ അക്കാലത്ത് ശക്തമായിരുന്നു.
നാടകത്തിന്റെ കാര്യമെടുത്താൽ, കാക്കാരിശ്ശിനാടകംപോലുള്ള കീഴാളകലാരൂപങ്ങളിൽ സ്ത്രീകൾ അഭിനയിച്ചിരുന്നു; അക്കാലത്ത് കാക്കാരിശ്ശിനാടകത്തിന് നല്ല ജനപ്രീതിയുണ്ടായിരുന്നെന്ന സൂചനകളുമുണ്ട്. അപ്പോൾ ഈ കലാരൂപങ്ങളിലൂടെ രംഗപരിചയം നേടിയ കീഴാളകലാകാരികൾക്ക് ആധുനികനാടകത്തിലേക്ക് എളുപ്പത്തിൽ [ 186 ] പ്രവേശനം എന്തുകൊണ്ടു കിട്ടിയില്ല? ജാതിചിന്തയ്ക്കെതിരെ വെല്ലുവിളികളുയർന്ന 'നവോത്ഥാനകാല'ത്തിൽ നാം ഇത്തരമൊരു പ്രവേശനം എന്തുകൊണ്ടു കാണുന്നില്ല?
ആലോചിക്കേണ്ട കാര്യമാണിത്. ജാതിവിരോധത്തിന്റെ വേരുകൾ എത്രത്തോളം ആഴത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന് നാം പലപ്പോഴും ഓർക്കാറില്ല - കലാരംഗത്ത് അതെത്രത്തോളം ആണ്ടുകിടക്കുന്നുവെന്നും. ആധുനികസാഹിത്യരംഗത്തേക്ക് കീഴാളസ്ത്രീകൾക്ക് പ്രവേശനം ലഭിച്ചിരുന്നില്ല; അക്കാലത്ത് എഴുത്തും വായനയുംപോലും അവർക്കധീനമായിരുന്നില്ല. ആധുനിക നാടകരംഗത്തും അവരുടെ പ്രവേശനം എളുപ്പമായിരുന്നില്ല. വരേണ്യഭാഷ അവർക്ക് എളുപ്പത്തിൽ വഴങ്ങില്ലായിരുന്നു എന്നുവേണമെങ്കിൽ വാദിക്കാം. എന്നാൽ ജാതീയമായ അടിച്ചമർത്തലിൽനിന്ന് വലിയൊരളവുവരെ രക്ഷപ്പെട്ട കീഴാളർ കേരളത്തിലുണ്ടായിരുന്നു - മിഷണറിസഭകളിലൂടെ ക്രിസ്തുമതം സ്വീകരിച്ചവർ. തെക്കൻതിരുവിതാംകൂറിൽ ഇവരുടെ എണ്ണം കുറവായിരുന്നില്ല. ഇക്കൂട്ടരിൽനിന്നും ദൃശ്യകലാരംഗത്തേക്കെത്തിയ ഒരു കീഴാളസ്ത്രീയുടെ - മലയാളസിനിമയുടെ ആദ്യനായികയായ റോസിയുടെ - ഭീകരാനുഭവം ആരെയും ഇരുത്തിച്ചിന്തിപ്പിക്കും.
ഇരുപത്തിയഞ്ചുകാരിയായ റോസമ്മ തിരുവനന്തപുരത്തിനടുത്തു ജനിച്ച ഒരു കീഴാളസ്ത്രീയായിരുന്നു. കാക്കാരിശ്ശിനാടകങ്ങളിൽ അഭിനയിച്ചിരുന്ന റോസിക്കുവേണ്ടി കാക്കാരിശ്ശിനാടകസംഘങ്ങൾ തമ്മിൽ പിടിവലി നടന്നിരുന്നത്രേ - ആ രംഗത്ത് അവർ നല്ല കലാകാരിയായി അറിയപ്പെട്ടിരുന്നു എന്നർത്ഥം. ക്രിസ്തുമതത്തിലേക്കു മാറിയ ഒരു പുലയകുടുംബാംഗമായിരുന്ന അവർ കർഷകത്തൊഴിലാളിയുംകൂടിയായിരുന്നു. തിരുവിതാംകൂറിൽ ആദ്യം നിർമ്മിച്ച ചിത്രമായ വിഗതകുമാരനിലെ നായികയാവാൻ നറുക്കുവീണത് അവർക്കാണ്. ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമായ ജെ.സി. ഡാനിയേൽ ക്രിസ്തുമതം സ്വീകരിച്ച നാടാർസമുദായാംഗമായിരുന്നു - സ്വത്തും കൊട്ടാരത്തിൽ സ്വാധീനവുമുണ്ടായിരുന്ന വ്യക്തി. ഏതുവിധത്തിൽ നോക്കിയാലും അന്നത്തെ തിരുവിതാംകൂറിലെ നായന്മാർ കൈവശംവച്ചിരുന്ന ജാത്യാധികാരത്തെ വെല്ലുവിളിച്ച ഒരുദ്യമമായിരുന്നു വിഗതകുമാരൻ. 1928ൽ തിരുവനന്തപുരത്തുവച്ച് ഈ സിനിമ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു. റോസിയുടെ രൂപം വെള്ളിത്തിരയിൽ തെളിഞ്ഞപ്പോഴൊക്കെ സദസ്സ് അക്രമാസക്തമായെന്നും സിനിമാകൊട്ടകയ്ക്കകത്തെ മുതൽ നശിപ്പിച്ചുവെന്നും അന്നത്തെ പത്രവാർത്തകൾ പറയുന്നു. ജെ.സി. ഡാനിയേലും സിനിമകാണാനെത്തിയ ചില മാന്യന്മാരും പ്രൊജക്ടർമുറിയിൽ കയറിയാണത്രെ രക്ഷപ്പെട്ടത്. പിറ്റേദിവസംതന്നെ സിനിമാപ്രദർശനം നിർത്താൻ സർക്കാരുത്തരവിട്ടു. പക്ഷേ, അക്രമികൾ റോസിയെ പിൻതുടർന്നുകൊണ്ടേയിരുന്നു. [ 187 ] ഡാനിയേലിന്റെ പ്രത്യേക അപേക്ഷപ്രകാരം അവരുടെ വീട്ടിനുമുന്നിൽ പൊലീസ് കാവലേർപ്പെടുത്തി. എന്നാലിതുകൊണ്ടും കാര്യങ്ങളവസാനിച്ചില്ല. അവർ തുടർന്നും ആക്രമിക്കപ്പെട്ടു; ഒടുവിൽ കലാരംഗത്തുനിന്ന് അവർക്കു പൂർണ്ണമായും വിടവാങ്ങേണ്ടിവന്നു. 1940കളിലെയും 50കളിലെയും ഇടതുപക്ഷനാടകങ്ങളിലും സിനിമകളിലും നിരവധി കീഴാളസ്ത്രീകഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഒരു കീഴാളസ്ത്രീ ആ രംഗത്തേക്കു പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഇതായിരുന്നു അനുഭവം!
പൊതുവെ പറഞ്ഞാൽ, കലാരംഗത്തു പ്രവർത്തിച്ച സ്ത്രീകൾ, അവർ എത്രതന്നെ അംഗീകാരവും രാഷ്ട്രീയമാന്യതയും ഉള്ളവരായിരുന്നെങ്കിലും, സമൂഹത്തിന്റെ ഓരങ്ങളിൽ നിൽക്കേണ്ടവരാണെന്ന ധാരണ അടുത്തകാലംവരെയും ശക്തമായിരുന്നു. ആലപ്പുഴയിൽ ഏറ്റവും ജനപ്രീതി നേടിയ കലാകാരിയെന്ന ബഹുമതിക്ക് എന്തുകൊണ്ടും അർഹയായ പി.കെ. മേദിനിയുടെ അനുഭവം നോക്കൂ.> കാണുക പുറം 232 <
ആശാവഹമായ വളർച്ച
ഇന്ന് മലയാളസാഹിത്യരംഗത്തും സിനിമാ-നാടകവേദികളിലും സ്ത്രീകൾക്ക് മോശമല്ലാത്ത ദൃശ്യതയുണ്ട്. എന്നാൽ ഈ ദൃശ്യത, സ്വന്തമായ തീരുമാനങ്ങളെടുക്കാനും നടപ്പിൽവരുത്താനുമുള്ള സ്വാതന്ത്ര്യമാണെന്ന് കരുതാൻ കഴിയില്ല. ഈ രംഗങ്ങളിൽത്തന്നെ ചില പ്രത്യേക നിലകളിൽമാത്രമാണ് സ്ത്രീകളെ കൂടുതൽ കാണാൻ കഴിയുന്നത്. ചില നിലകളിൽ സ്ത്രീകൾ പുറകോട്ടുപോയി എന്നുതന്നെ പറയാം - ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ പ്രസിദ്ധീകരിച്ച നിരവധി ആനുകാലികപ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു. പുതിയ സ്ത്രീത്വത്തെക്കുറിച്ച് സ്ത്രീകളെ പഠിപ്പിക്കുക എന്ന ധർമ്മം മാത്രമായിരുന്നില്ല ഇവ നിർവ്വഹിച്ചിരുന്നത് - സ്ത്രീകളുടെ പൗരാവകാശങ്ങളെക്കുറിച്ചും സമൂഹത്തിൽ അവർക്ക് പൂർണ്ണ അംഗത്വം ലഭിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുംമറ്റും ധാരാളം ചർച്ചകൾ അവയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. [ 188 ] എന്നാൽ ഇതിന്ന് ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു. 1955-ലെ കൗമുദി ആഴ്ചപ്പതിപ്പിലെ വനിതാപംക്തിയിൽ ഒരു ലേഖിക എഴുതിയതു വായിച്ചാൽ ആ ദശകത്തിൽത്തന്നെ ഈ പിന്നോട്ടടി ഉണ്ടായിക്കഴിഞ്ഞുവെന്ന് ഊഹിക്കാം:
സാഹിത്യപ്രവർത്തനരംഗത്തിൽപ്പോലും വനിതകൾ കഴിഞ്ഞകാലത്തു വിജയപതാക പാറിച്ചിട്ടുണ്ട്. ഇന്ന് സ്ത്രീകളെഴുതുന്ന ലേഖനങ്ങൾ ഏതെങ്കിലും പത്രങ്ങളുടെ വനിതാപംക്തികളിലേക്ക് നാണംകെട്ട് എഴുതി അയയ്ക്കണം. ഇവിടെ, ഈ മലയാളക്കരയിൽ, പെണ്ണുങ്ങൾക്കായിട്ട് പെണ്ണുങ്ങൾ നല്ല പെണ്ണുങ്ങളുടെ നേതൃത്വത്തിൽത്തന്നെ സ്വന്തമായി അന്തസ്സോടെ പത്രപ്രവർത്തനം നടത്തിയിട്ടുണ്ട്. അതറിയണമെങ്കിൽ ഗവേഷണബുദ്ധിയോടെ പുറകോട്ടു നോക്കണം.
എങ്കിലും ആശയ്ക്കു വകയുണ്ടെന്നുതന്നെ പറയാം. എല്ലാ പ്രതിബന്ധങ്ങളെയും ഭേദിച്ചുകൊണ്ട് എഴുതാൻ തയ്യാറാവുന്ന സ്ത്രീകൾ മിക്ക സമുദായങ്ങളിലും ശ്രേണികളിലും ഉണ്ടായിവരുന്നത് തീർച്ചയായും അടിയൊഴുക്കുകൾ ശക്തമാകുന്നതിന്റെ സൂചനയാണ്. വിപണിയിൽ എഴുത്തുകാരികൾക്ക് ഡിമാന്റ് കൂടിയതുകൊണ്ടുമാത്രമാണിതെന്ന വാദത്തിൽ അൽപ്പം കഴമ്പുണ്ടാകാം, എന്നാലും മുൻതലമുറയിലെ വലിയ എഴുത്തുകാരികളിൽ പലരുമായി എഴുത്തിലൂടെ സംവാദത്തിലേർപ്പെടുന്ന ഇന്നത്തെ എഴുത്തുകാരികളുടെ തലമുറയെ അങ്ങനെ തള്ളിക്കളയാനാവില്ല. കേരളത്തിലെ ചിത്രകലാരംഗത്തുണ്ടായ മാറ്റങ്ങൾ സ്ത്രീകളായ കലാകാരികൾക്കു കൂടുതൽ ദൃശ്യതയോ സാമ്പത്തികലാഭമോ പ്രദാനംചെയ്തുതുടങ്ങിയിട്ടില്ല. എങ്കിലും ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടുതന്നെയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇനി 'പെണ്ണെഴുത്തി'ന്റെ തലമുറ കഴിഞ്ഞും സ്ത്രീപക്ഷരചനയുടെ പുതിയ നാമ്പുകൾ ഉണ്ടാവുന്നത് വിപണിയുടെ സ്വാധീനംകൊണ്ടാണെങ്കിൽ, അതുപോലും ആശാവഹമായ ഒരു വളർച്ചതന്നെ!
കൂടുതൽ ആലോചനയ്ക്ക്
പരമ്പരാഗത വരേണ്യസാഹിത്യത്തിന്റെ ക്ഷയവും ആധുനികസാഹിത്യത്തിന്റെ ഉദയവും ചരിത്രകാരന്മാർ സാധാരണ അടയാളപ്പെടുത്താറുള്ള പ്രക്രിയകളാണ്. രാഷ്ട്രീയരംഗത്തുണ്ടാകുന്ന ചലനങ്ങളുടെ പ്രതിഫലനമാണ് സാഹിത്യത്തിലും കലയിലുമുണ്ടാകുന്നതെന്ന ധാരണയാണ് 'നിഷ്പക്ഷ'ചരിത്രത്തിൽ മുന്തിനിൽക്കുന്നത്. പൊതുവെ പറഞ്ഞാൽ, രാഷ്ട്രീയജനാധിപത്യം വിശാലമാകുന്നതോടുകൂടി സാഹിത്യരംഗത്തേക്കു കടക്കാനുള്ള തടസ്സങ്ങളും കുറഞ്ഞുവന്നതിന്റെ ചിത്രമാണ് നമുക്കു ലഭിക്കാറുള്ളത്. എന്നാൽ ഈ ചിത്രത്തെ പുനഃപരിശോധിക്കണമെന്നല്ലേ ഈ അദ്ധ്യായത്തിന്റെ സന്ദേശം? സ്ത്രീപക്ഷത്തുനിന്നു വിലയിരുത്തുമ്പോൾ ആധുനികസാഹിത്യരംഗത്തു നടപ്പിലായ ജനാധിപത്യത്തിന് പരിമിതികൾ പലതും കാണുന്നില്ലേ? ⚫ [ 189 ]
കേരളത്തിന്റെ ചരിത്രകാരികൾ ഡോ. കെ. ശാരദാമണി
സാമൂഹ്യശാസ്ത്രപഠനഗവേഷണരംഗത്തിന്റെ മേൽത്തട്ടിലെത്തിയ ആദ്യമലയാളിസ്ത്രീകളിലൊരാളാണ് ഡോ. കെ. ശാരദാമണി. അവർ 1961 മുതൽ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിങ് വിഭാഗത്തിൽ പ്രവർത്തിച്ചു - 1988ൽ വിരമിച്ചു. കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചുള്ള ആദ്യകാലപഠനത്തിനുശേഷം ഇന്ത്യൻ സ്ത്രീകളുടെ ബഹുമുഖപ്രശ്നങ്ങളിൽ അവർ കാര്യമായി ശ്രദ്ധയുറപ്പിച്ചു. 1980കളിൽ സ്ത്രീപ്രസ്ഥാനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. കേരളത്തിലെ സ്ത്രീപക്ഷ അന്വേഷണങ്ങൾക്ക് തുടക്കംകുറിച്ച വ്യക്തിയെന്ന നിലയ്ക്കും സ്ത്രീപക്ഷ ചരിത്രാന്വേഷണത്തിന് പ്രധാനപ്പെട്ട വഴികൾ തുറന്ന ഗവേഷകയെന്ന നിലയ്ക്കും ആദരീണയയാണവർ.
തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകത്തിൽ, മരുമക്കത്തായസമുദായത്തിൽ ജനിച്ചുവളർന്ന, എന്നാൽ നേരിട്ട് ആ വ്യവസ്ഥയിൽ കഴിഞ്ഞിട്ടില്ലാത്ത ഒരു മലയാളിസ്ത്രീയെന്ന നിലയ്ക്കാണ് താൻ ഈ അന്വേഷണത്തിന് ഒരുമ്പെടുന്നതെന്ന് അവർ സൂചിപ്പിക്കുന്നു. കേരളത്തിൽ ഇടയ്ക്കിടെ വന്നുപോയിരുന്ന ഇവർ, ഇവിടത്തെ സാമൂഹ്യജീവിതം കൂടുതൽ ഇടുങ്ങിയതായിത്തീരുന്നുവെന്ന് നിരീക്ഷിച്ചു - സ്ത്രീകളും കൂടുതൽ വിധേയത്വമുള്ളവരായി മാറിക്കൊണ്ടിരിക്കുന്നുവെന്നും. ഈ മാറ്റത്തിന്റെ വേരുകളന്വേഷിക്കാനാണ് അവർ തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ ചരിത്രത്തിലേക്കു കടന്നത്. ഇതേക്കുറിച്ചു നടത്തിയ അന്വേഷണത്തെക്കുറിച്ച് അവർ പറയുന്നു:
അംഗീകൃത ചരിത്രപുസ്തകങ്ങളും നരവംശസാസ്ത്രജ്ഞരുടെ എഴുത്തും വായിച്ചുകൊണ്ടാണ് ഞാൻ തുടക്കംകുറിച്ചത്. അവയിലൊന്നും പുതിയ ഉൾക്കാഴ്ചകൾ ഞാൻ കണ്ടില്ല. എങ്കിലും കിട്ടാവുന്നിടത്തോളം മലയാളം, ഇംഗ്ലീഷ് ഭാഷകളിലെഴുതപ്പെട്ട ചരിത്രപുസ്തകങ്ങൾ വായിച്ചു. മിക്കവയിലും മരുമക്കത്തായമെന്ന വാക്കുകൂടിയില്ലായിരുന്നു. ചില പുസ്തകങ്ങൾ മരുമക്കത്തായത്തെ പരിഷ്കരിക്കാൻവേണ്ടി നടപ്പിലാക്കപ്പെട്ട നിയമങ്ങൾ ഭരണകൂടം കൈക്കൊണ്ട പുരോഗമനപരങ്ങളായ നടപടികളായിരുന്നെന്ന് അവകാശപ്പെട്ടു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മരുമക്കത്തായത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടായിരുന്നോ എന്നു ചോദിക്കാൻ അവയൊന്നും ശ്രമിച്ചില്ല. ഈ ചോദ്യം നേരിട്ടു ചോദിക്കപ്പെട്ടില്ല; സ്ത്രീപക്ഷത്തുനിന്നും ഉയർത്തപ്പെട്ടില്ല. പക്ഷേ, വിവാഹം, വിവാഹമോചനം എന്നിവയെസ്സംബന്ധിക്കുന്ന കാര്യത്തിലും വിദ്യാഭ്യാസകാര്യത്തിലും ഈ പ്രദേശത്തെ സ്ത്രീകൾക്ക് രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെ സ്ത്രീകളെയപേക്ഷിച്ച് കൂടുതൽ സ്വാതന്ത്ര്യമുണ്ടായിരുന്നെന്നുംമറ്റുമുള്ള പ്രസ്താവങ്ങൾ കാണാനുണ്ടായിരുന്നു. സ്ത്രീകളുടെ ദൈനംദിനജീവിതങ്ങളെസ്സംബന്ധിച്ചിടത്തോളം ഇവയുടെ പ്രസക്തിയെന്ത് എന്നതിനെക്കുറിച്ച് ഇവ ഒന്നും പറഞ്ഞില്ല...
അങ്ങനെയാണ് ഒടുവിൽ ഈ പുസ്തകം രചിക്കാൻ അവർ തീരുമാനിച്ചത്! ⚫

അജയകുമാർ എഴുതിയ 'ചിത്രകലയും സാഹിത്യവും:
ഇരുപതാംനൂറ്റാണ്ടിലെ കേരളീയാവലോകനം' എന്ന ലേഖനത്തിൽനിന്ന് പ്രശസ്തി നേടിയ
ചിത്രകാരികൾ കേരളത്തിൽ വിരളമായിരുന്നുവെന്നു വ്യക്തമാകുന്നു (നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം
1901-2000, വാള്യം 2, തൃശൂർ, 2000). ഇതിൽ എടുത്തുപറഞ്ഞിട്ടുള്ളത് ടി.കെ.
പത്മിനിയെക്കുറിച്ചാണ്. 'വീടിന്റെയും നാടിന്റെയും സ്ത്രീയുടെയും
പുരുഷന്റെയും കാവിന്റെയും കുളത്തിന്റെയും പക്ഷിയുടെയും ചെടിയുടെയും
സ്പന്ദങ്ങൾ ആന്തരികവൽക്കരിച്ചുകൊണ്ട് പത്മിനി രചിച്ച ചിത്രങ്ങളിൽ
കാവ്യാത്മകത ഏറെയുണ്ട്.' (പുറം 567).
ആദ്യമലയാളനോവലുകളിൽ ഈ വാദം നാം പലപ്പോഴും കാണുന്നുണ്ട്. ഇന്ദുലേഖ (1889), ലക്ഷ്മീകേശവം (1892) എന്നീ നോവലുകൾ ഉദാഹരണങ്ങളാണ്. ഇവയിലെ നായികമാർ [ 171 ] ആത്മനിയന്ത്രണമുള്ളവരും കലാവാസനയുള്ളവരുമാണ്. ഈ ഉത്തമസ്ത്രീകൾക്ക് ഒരു സവിശേഷതയുണ്ട്: സ്വന്തം കലാവാസനയെ, കഴിവുകളെ, പൊതുവേദിയിൽ കയ്യടിനേടാനോ ഒരു തൊഴിലായോ അല്ല അവർ വളർത്തിയെടുക്കുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുംവേണ്ടിമാത്രമേ ഇവർ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാറുള്ളൂ. കലാപ്രകടനംനടത്തി ജീവിക്കുന്ന സ്ത്രീകൾ 'ചീത്തകളാണെ'ന്ന ധാരണ ആധുനികവിദ്യാഭ്യാസം നേടിയവർക്കിടയിലും പരമ്പരാഗതസമൂഹത്തിലും വ്യാപകമായിരുന്നകാലത്തായിരുന്നു ഈ കൃതികൾ രചിക്കപ്പെട്ടതെന്നകാര്യം ഓർക്കേണ്ടതുതന്നെ. ഉത്തമസ്ത്രീകൾ വീടിന്റെ പരിമിതികൾക്കുള്ളിൽ, കുടുംബത്തിന്റെ അതിരുകൾക്കുള്ളിൽ, തങ്ങളുടെ കലാവാസനകളെ പോഷിപ്പിക്കുമെങ്കിലും അവർ 'ആട്ടക്കാരികളാ'കാൻ പുറപ്പെടില്ല എന്ന സന്ദേശമാണ് നോവലുകൾ നൽകിയത്. നൃത്തം - മോഹിനിയാട്ടം - 'ചീത്ത'യാൾക്കാരുടെ വിനോദമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം മീനാക്ഷി (1890) എന്ന നോവലിന്റെ ഒരു കഥാസന്ദർഭത്തിൽ നടക്കുന്നുണ്ട്. 'മോഹിനിയാട്ടം' കലയല്ല, പുരുഷന്മാരെ വശീകരിക്കാനുള്ള വിദ്യയാണെന്നാണ് വാദം: 'പെണ്ണുങ്ങളെക്കൊണ്ടുനടന്നു ജാത്യാചാരവിരുദ്ധമായി ദ്രവ്യം സമ്പാദിപ്പാൻ മലയാളത്തിൽ നായന്മാരായ നാം ഒരു ജാതിക്കാരൊഴികെ ആരും ഒരുങ്ങിവരുന്നില്ല.' ഈ നോവൽ പ്രത്യക്ഷപ്പെട്ടകാലത്തുമാത്രമല്ല, പിന്നെയും വളരെക്കാലത്തോളം മോഹിനിയാട്ടം 'ഉത്തമസ്ത്രീ'കൾക്ക് പാടേ നിഷിദ്ധമായിരുന്നു. പിന്നീട്, ആ തടസ്സം നീങ്ങാൻതുടങ്ങിയപ്പോഴും ഒരു തൊഴിലെന്നനിലയിൽ കലാപ്രവർത്തനംനടത്തിയ സ്ത്രീകൾക്ക് ധാരാളം എതിർപ്പിനെ നേരിടേണ്ടിവന്നിരുന്നു. > കാണുക പുറം 181 <
സാഹിത്യവാസനയുടെ കാര്യമെടുത്താലോ? സാഹിത്യവും കലാപ്രവർത്തനവും ദൈനംദിനജീവിതത്തിൽനിന്ന് വളരെയൊന്നും അകലെയല്ലാത്ത കാലമായിരുന്നു ഇതെന്ന് ഓർക്കേണ്ടതാണ്. വീടുകളിൽ സ്ത്രീകൾ കൈകൊട്ടിക്കളിപ്പാട്ടുകൾ പാടുകയും നിർമ്മിക്കുകയും ചെയ്തിരുന്നു, ഉയർന്ന - ഇടത്തരം ജാതിക്കാരുടെയിടയിൽ. കീഴാളജാതിക്കാരുടെയിടയിലെ ഗാനപ്രപഞ്ചത്തിന്റെ സൂക്ഷിപ്പുകാർ പലപ്പോഴും സ്ത്രീകളായിരുന്നു. എന്നാൽ വരേണ്യസാഹിത്യത്തിന്റെ മേഖലകളിലും ധാരാളം സ്ത്രീകളുണ്ടായിരുന്നു - ഇവിടത്തെ മേലാളജാതികളിലെ സ്ത്രീകളിൽ പലരും സംസ്കൃതത്തിലും മലയാളത്തിലും നല്ല പാണ്ഡിത്യമുള്ളവരായിരുന്നു. അവർ ചമ്പുക്കളും കാവ്യങ്ങളുംമറ്റും രചിക്കുകയും പുരുഷന്മാരായ കവികളുൾപ്പെട്ട സദസ്സുകളിൽ ശ്ലോകങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 18-ാം നൂറ്റാണ്ടിലെ പേരുകേട്ട വിദുഷിയായിരുന്ന 'കോഴിക്കോട്ട് മനോരമ തമ്പുരാട്ടി'യെക്കുറിച്ച് സാഹിത്യചരിത്രപണ്ഡിതർ എഴുതിയിട്ടുണ്ട്. കിളിമാനൂർ ഉമാദേവി തമ്പുരാട്ടി (1797-1836), അംബാദേവി തമ്പുരാട്ടി (1802-1837), കൊച്ചിയിലെ ഇക്കാവമ്മ തമ്പുരാൻ (1844-1921), തിരുവിതാംകൂറിലെ നാഗർകോവിൽ അമ്മച്ചി (1839-1909) (തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യംതിരുനാളിന്റെ ഭാര്യയായിരുന്നു ഇവർ - 'അമ്മച്ചി' എന്നത് ആ സ്ഥാനത്തെക്കുറിക്കുന്ന പേരായിരുന്നു), കുട്ടിക്കുഞ്ഞുതങ്കച്ചി മുതലായവർ പത്തൊമ്പതാംനൂറ്റാണ്ടിൽ സാഹിത്യരചന നടത്തിയിരുന്നു. ഇതുകൂടാതെ മറ്റു പലരുടെയും പേരുകൾ ആദ്യകാലസാഹിത്യചരിത്രങ്ങളിൽ കാണാനുണ്ട് - ഇന്ന് അവരെ നാം അറിയില്ലെങ്കിലും.
പരമ്പരാഗതസാഹിത്യരംഗത്തുനിന്ന് ആധുനികസാഹിത്യത്തിലേക്കുള്ള മാറ്റത്തിൽ സ്ത്രീകളുടെ സാഹിത്യപ്രവർത്തനം ഏതുവിധമായിരിക്കണമെന്ന ചർച്ച 1890കളിലേ ആരംഭിച്ചുകഴിഞ്ഞിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ സുഭദ്രാർജ്ജുനം നാടകത്തിന്റെ രചയിതാവെന്നനിലയിൽ പ്രശസ്തയായിത്തീർന്ന തോട്ടയ്ക്കാട്ട് ഇക്കാവമ്മയ്ക്കും ഇതേകാലത്ത് സാഹിത്യരചനയിലേർപ്പെട്ടിരുന്ന (ഇതിനുമുമ്പുതന്നെ സാഹിത്യപരിശ്രമം ആരംഭിച്ചിരുന്ന) കുട്ടിക്കുഞ്ഞുതങ്കച്ചിയും സാഹിത്യരംഗത്ത് സ്ത്രീകൾക്ക് ഇടം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന അഭിപ്രായക്കാരായിരുന്നു. അവരുടെ അജ്ഞാതവാസം നാടകത്തിന്റെ ആരംഭത്തിൽ നടിയും സൂത്രധാരനും തമ്മിൽ നടക്കുന്ന സംഭാഷണം ആ വിഷയത്തെക്കുറിച്ചാണ്. അജ്ഞാതവാസം നാടകം അഭിനയിച്ച് സദസ്യരെ സന്തോഷിപ്പിക്കാമെന്ന് നടി സൂത്രധാരനോടു പറയുന്നു. സൂത്രധാരൻ ഇതിനോട് യോജിക്കുന്നെങ്കിലും 'അനേകം കവിശ്രഷ്ഠന്മാരുടെ കവനങ്ങളിരിക്കെ ഒരു സ്ത്രീയുടെ കവിതയെ അത്ര ശ്ലാഘ്യമായി വിചാരിച്ചത് ഭവതിയും ഒരു സ്ത്രീയാകയാലുള്ള ജാത്യാഭിമാനത്താലല്ലയോ' എന്ന് നടിയോട് ചോദിക്കുന്നു. അത്തരം ശങ്ക 'ദുശ്ശങ്ക'യാണെന്നും 'പ്രബന്ധത്തിലെ കലാചാതുര്യത്തെമാത്രം നോക്കിയാൽ മതിയല്ലോ' എന്നും നടി പ്രതിവചിക്കുന്നു. സൂത്രധാരൻ യോജിക്കുന്നു; 'മറ്റുള്ള സ്ത്രീകൾക്കും കവിതാരചനയിൽ ഉത്സാഹത്തെ ജനിപ്പിക്കുന്നതിന് ഇത് ഒരു മാർഗ്ഗമായിത്തീരു'മെന്ന് സമ്മതിക്കുന്നു! ('അജ്ഞാതവാസം', കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കൃതികൾ, തൃശൂർ, 1979, പുറം 239-40)
ഇക്കാവമ്മയുടെ സുഭദ്രാർജ്ജുനം നാടകത്തിന്റെ പ്രാരംഭംതന്നെ ധീരമായ പ്രഖ്യാപനമായിരുന്നു: [ 172 ]
മല്ലാരിപ്രിയയായ ഭാമ
സമരം ചെയ്തീലയോ?തേർതെളി-
ച്ചില്ലേ പണ്ടു സുഭദ്ര, പാരിതു
ഭരിക്കുന്നില്ലേ വിക്ടോറിയ?
മല്ലാക്ഷീമണികൾക്കു പാടവ-
മിവയ്ക്കേറ്റം ഭവിച്ചീടുകിൽ-
ച്ചൊല്ലെഴും കവിതയ്ക്കുമാത്ര-
മിവരല്ലെന്നു വന്നീടുമോ?
സാഹിത്യരചനയിൽ സ്ത്രീ പുരുഷന്റെ ഒപ്പംതന്നെയെന്ന്
പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ പ്രവേശം, സ്ത്രീകൾക്ക് അൽപ്പംമാത്രം
ഇടമനുവദിച്ചിരുന്ന ഒരു മേഖലയിൽ അവർക്ക് ന്യായമായ സ്ഥലം ലഭിക്കണമെന്ന
പ്രഖ്യാപനംകൂടിയായിരുന്നു.സമരം ചെയ്തീലയോ?തേർതെളി-
ച്ചില്ലേ പണ്ടു സുഭദ്ര, പാരിതു
ഭരിക്കുന്നില്ലേ വിക്ടോറിയ?
മല്ലാക്ഷീമണികൾക്കു പാടവ-
മിവയ്ക്കേറ്റം ഭവിച്ചീടുകിൽ-
ച്ചൊല്ലെഴും കവിതയ്ക്കുമാത്ര-
മിവരല്ലെന്നു വന്നീടുമോ?
സാഹിത്യത്തിന്റെ ഈ ഉന്നതമേഖലകളിൽമാത്രം വിഹരിക്കുന്നവരായിരുന്നില്ല, ആദ്യകാല സാഹിത്യകാരികൾ. അവർ സാധാരണമായി ഗൃഹങ്ങളിൽ പാടിയിരുന്ന തിരുവാതിരപ്പാട്ടുകളും കുറത്തിപ്പാട്ടുകളും ഊഞ്ഞാൽപ്പാട്ടുകളുംമറ്റും രചിച്ചിരുന്നു. ഈ ഗാനശാഖകളുടെ പ്രചാരവും ഇരുപതാം നൂറ്റാണ്ടിൽ ക്രമേണ കുറഞ്ഞുവന്നു. ഈ ഗാനങ്ങൾ 'സദാചാരവിരുദ്ധങ്ങളാ'ണെന്ന വിമർശനം 19-ാം നൂറ്റാണ്ടിലെ മിഷണറിമാരും ആധുനിക വിദ്യാഭ്യാസംനേടിയ സമുദായപരിഷ്ക്കർത്താക്കളും ഉയർത്താൻ തുടങ്ങിയിരുന്നു. സംസ്കൃതത്തിലും മലയാളത്തിലും കാവ്യനാടകാദികൾ രചിക്കാൻ സഹായകമായ വിദ്യാഭ്യാസം സ്ത്രീകൾക്ക് ഗുണമൊന്നും ചെയ്യില്ലെന്ന വാദവും 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ പരിചിതമായിത്തീർന്നിരുന്നു. ഈ വിദ്യാഭ്യാസം സ്ത്രീകളെ ഗൃഹഭരണത്തിനു തയ്യാറാക്കുന്നില്ല; പഠിപ്പിന്റെപേരിൽ അഹങ്കരിക്കാൻ അതവരെ പ്രേരിപ്പിക്കുന്നു... ഇങ്ങനെ പല കുറ്റങ്ങളും ഇത്തരം പഠനത്തിനെതിരെ ഉന്നയിക്കപ്പെട്ടു. മീനാക്ഷി (1890) എന്ന നോവലിൽനിന്നുള്ള ഈ പരാമർശം നല്ല ഉദാഹരണമാണ്:
...അനുഭവത്തിലും അവസ്ഥയിലും അറുവഷളായിക്കണ്ട ശൃംഗാരശ്ലോകങ്ങളും തെമ്മാടിപ്പാട്ടുകളും ചൊല്ലിപ്പിടിപ്പിച്ചു ബഹുവാസനയുണ്ടാക്കും. ഗൗതമന്റെ ഭാര്യയായ അഹല്യയെ ദേവേന്ദ്രൻ പണ്ടു വ്യഭിചരിപ്പിച്ചില്ലേ? ചന്ദ്രൻ തന്റെ ഗുരുനാഥന്റെ ഭാര്യയുമായി രമിച്ചില്ലേ?... എന്നിങ്ങനെ അനേകം വഷളത്വങ്ങൾ അടങ്ങിയ പച്ചപ്പാട്ടുകളും രഹസ്യക്കാരേയും സംബന്ധക്കാരേയും വശീകരിച്ചു പാട്ടിലാക്കി പണംതട്ടിപ്പറിക്കാനുള്ള കൗശലങ്ങളെ ഉപദേശിക്കുന്നതായ ചില ശ്ലോകങ്ങളും പെൺകുട്ടികളെ ചെറുപ്പത്തിൽ പഠിപ്പിച്ചുവരുന്നതിനാണ് നമ്മുടെ നാട്ടുകാരിൽ മിക്കപേരും സ്ത്രീവിദ്യാഭ്യാസമെന്നപേർ കൊടുത്തിട്ടുള്ളത്. അതുകൊണ്ടാണ് പെൺകുട്ടികൾ എഴുത്തുപഠിച്ചാൽ വ്യഭിചാരിണിമാരായിപ്പോകുമെന്നും അവരെ എഴുത്തുപഠിപ്പിക്കരുതെന്നും മറ്റും ചില വൃദ്ധന്മാർ പറഞ്ഞുവരുന്നത്.
(ചെറുവലത്തു ചാത്തുനായർ, മീനാക്ഷി, തൃശൂർ (1890) 1990, പുറം. 126)
ആധുനികസ്ത്രീവിദ്യാഭ്യാസത്തിൽ കലയും സാഹിത്യവും ഉൾപ്പെടുത്തണമെന്നു വാദിക്കുമ്പോഴും കുടുംബത്തിന് ആനന്ദം നൽകാനുള്ള സ്ത്രീയുടെ കഴിവ് വർദ്ധിപ്പിക്കാനുള്ള മാർഗ്ഗമായിട്ടാണ് ആദ്യകാലനോവൽരചയിതാക്കൾ അതിനെ കണ്ടത്. സ്ത്രീകളുടെ വായനയും ഇപ്രകാരം കുടുംബിനിയെന്ന നിലയ്ക്ക് യോജിച്ചതായിരിക്കണമെന്നും അവർ നിഷ്ക്കർഷിച്ചു. അല്ലാത്തപക്ഷം അവർ പഴയ വിദുഷികളുടെ പുതിയ പതിപ്പായിത്തീരുമെന്നായിരുന്നു ആക്ഷേപം. ഇന്ദുലേഖയെ പരിഹസിച്ചുകൊണ്ട് എഴുതപ്പെട്ട പറങ്ങോടീപരിണയം (1892) എന്ന കൃതിയിൽ 'ലണ്ടൻ ടൈംസ്' പത്രം വായിക്കുന്നവളും പരിഷ്കൃതമനസ്ക്കയുമായ സ്ത്രീയുടെ ഹാസ്യചിത്രമായി 'പറങ്ങോടിക്കുട്ടി' എന്ന നായികയെ നോവൽകർത്താവ് അവതരിപ്പിക്കുന്നുണ്ട്. പറങ്ങോടിക്കുട്ടിക്ക് സ്ത്രീകളുടെ നാടൻകലാവിനോദങ്ങളോട് - കൈകൊട്ടിക്കളി മുതലായവയോട് - ബഹുവിരോധമാണ്. സർവ്വത്ര ഇംഗ്ലിഷ്മയമായ സംസ്ക്കാരത്തോടാണ് പ്രതിപത്തി. ഈ പറങ്ങോടിക്കുട്ടിയെക്കൊണ്ട് ഗൃഹഭരണത്തിനുകൊള്ളില്ല - അതായത്, ഗാർഹികജോലികളിൽ വലിയ താൽപ്പര്യമൊന്നുംകാണിക്കാതെ വായനയിലുംമറ്റും ശ്രദ്ധപതിപ്പിക്കുന്നു - എന്നാണ് പരാതി.
മലബാർ മാപ്പിളസ്ത്രീക്ക്
വിദ്യാഭ്യാസപ്രവേശനം വൈകിമാത്രമേ ലഭിച്ചിരുന്നുള്ളുവെന്നു പറയുമ്പോൾ അവർ
ആധുനികവിദ്യാഭ്യാസം നിലവിൽവരുംമുമ്പ് മാപ്പിളമാരുടെയിടയിൽ
പ്രചാരത്തിലുണ്ടായിരുന്ന 'അറബിമലയാളം' സ്ത്രീകൾക്കു
വശമായിരുന്നുവെന്നകാര്യം നാം പലപ്പോഴും ഓർമ്മിക്കാറില്ല. ഈ ഭാഷയിൽ ധാരാളം
കൃതികളും പത്രമാസികകളുമുണ്ടായിരുന്നുവെന്ന് ഓർക്കേണ്ടതാണ്; അതുകൊണ്ട്
മാപ്പിളസ്ത്രീ 'വിദ്യയില്ലാത്തവളാ'യിരുന്നു എന്ന അവകാശവാദം ശരിയല്ല.
ഗവേഷകയായ ഷംഷാദ്ഹുസൈൻ പറയുന്നു: 'ഈ സംസ്ക്കാരത്തിന്റെ ഭാഗമായിത്തന്നെ
പാട്ടുകാരികളും പാട്ടെഴുത്തുകാരും ഉണ്ടായിരുന്നു. വിവിധ ചടങ്ങുകളിൽ ഇവർ
സ്വന്തമായുണ്ടാക്കിയ പാട്ടുകൾ പാടിയിരുന്നു.' എല്ലാ വിഭാഗക്കാരും
ഇതിലുൾപ്പെട്ടിരുന്നുവെന്ന് ഷംഷാദ് ചൂണ്ടിക്കാട്ടുന്നു. കൊണ്ടോട്ടിയിലെ
മാളുതാത്ത എന്ന പാട്ടുകാരി താരതമ്യേന
ദരിദ്രകുടുംബത്തിൽനിന്നായിരുന്നെങ്കിൽ, പ്രശസ്തയായ ജമീലാബീവി ഉയർന്ന
വിഭാഗത്തിൽപ്പെട്ടവരാണ്. മുൻതലമുറകളിൽ ധാരാളം പാട്ടുകാരികളുണ്ടായിരുന്നു.
പാട്ടുമേഖലയിൽ മാത്രമല്ല, മതാദ്ധ്യാപനരംഗത്തും സ്ത്രീകളുണ്ടായിരുന്നു.
സ്ത്രീകൾ നടത്തിയിരുന്ന ഓത്തുപള്ളികൾ പലയിടത്തും ഉണ്ടായിരുന്നു - മദ്രസകൾ
വ്യാപകമായ കാലത്ത് ഇവ അപ്രത്യക്ഷമായി. (ഷംഷാദ് ഹുസൈൻ, ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയിൽ, തിരുവനന്തപുരം, 2009) > കാണുക പുറം 38 <
കേരളത്തിലെ ജൂതർക്കിടയിൽ സ്ത്രീകൾ
പാടിയിരുന്ന പാട്ടുകൾ ധാരാളമുണ്ടായിരുന്നു. 'പെൺപാട്ടു'കൾ എന്നറിയപ്പെടുന്ന
ഇവയെ ശേഖരിക്കാൻ ഉത്സാഹിച്ചത് റൂബി ദാനിയേൽ എന്ന കേരളജൂതസ്ത്രീയാണ്.
ഇസ്രായേലിലേക്ക് കുടിയേറിയശേഷം ബാർബറാ ജോൺസൺ എന്ന ഗവേഷകയുമായി സഹകരിച്ച്
അവർ പെൺപാട്ടുകളുടെ തർജ്ജമകൾ തയ്യാറാക്കി. ഈ പാട്ടുകളിൽ പ്രത്യേകിച്ച്
സ്ത്രീപക്ഷവീക്ഷണമൊന്നുമില്ലെന്നാണ് കാർകുഴലി എന്ന സമാഹാരത്തിന്റെ
മുഖവുരയിൽ സ്കറിയാ സക്കറിയ പറയുന്നത്. പക്ഷേ, സംവേദനതന്ത്രങ്ങളിൽ
'പെണ്മയുടെ അടയാളങ്ങൾ' കണ്ടെത്താൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
'പറച്ചിലിലാണ് പുതുമയും പെണ്മയും' (പുറം 27). പല ജൂതസമൂഹങ്ങളിലും
പുരുഷന്മാർ സന്നിഹിതരാകുന്ന സദസ്സുകളിൽ സ്ത്രീകൾക്ക് പാടാൻ
അനുവാദമില്ലായിരുന്നെങ്കിലും കേരളത്തിലെ ജൂതസമൂഹത്തിൽ ഈ നിയമം
നിലവിലില്ലായിരുന്നുവെന്ന് ബാർബറാ ജോൺസൺ പറയുന്നു.
(കാർകുഴലി: ജൂതരുടെ മലയാളം പെൺപാട്ടുകൾ, ജറുസലം, 2005)
19-ാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിൽ മലയാളഭാഷയിൽ ആദ്യമായി നോവലുകൾ രചിക്കപ്പെടുകയുണ്ടായി. അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887)യാണ് ആദ്യമുണ്ടായതെങ്കിലും ഒ. ചന്തുമേനോന്റെ ഇന്ദുലേഖയാണ് (1889) 'ലക്ഷണമൊത്ത ആദ്യമലയാളനോവലാ'യി കരുതപ്പെടുന്നത്. തുടർന്ന് ഇന്ദുലേഖയുടെ ഇതിവൃത്തത്തോട് സാമ്യംപുലർത്തിയ നിരവധി നോവലുകൾ പ്രസിദ്ധീകരിക്കപ്പെട്ടു - ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടിൽ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ ശാരദ
(അപൂർണ്ണം). നോവലുകളുണ്ടായ മറ്റൊരു മാർഗ്ഗം മിഷണറിരചനയായിരുന്നു.
കേരളത്തിലെ അതിക്രൂരമായ ജാതിവ്യവസ്ഥയുടെ അനീതി വെളിപ്പെടുത്താനും
മിഷണറിപ്രവർത്തനം തുറന്നുവച്ച രക്ഷാമാർഗ്ഗത്തെക്കുറിച്ചു പറയാനും പലരും
നോവൽ എന്ന സാഹിത്യരൂപം പ്രയോജനപ്പെടുത്തി - കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ജോസഫ് മൂളിയിൽ രചിച്ച സുകുമാരി (1897), പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയം (1892) എന്നിവയാണ് മിഷണറിനോവലുകളിൽ പ്രധാനപ്പെട്ടവ. കിഴക്കേപ്പാട്ടു രാമൻകുട്ടിമേനോന്റെ പറങ്ങോടീപരിണയം
(1892) ഇക്കാലത്തിറങ്ങിയ നോവലുകളുടെ 'പരിഷ്ക്കാരഭ്രമ'ത്തെ കണക്കിനു
പരിഹസിച്ച കൃതിയായിരുന്നു. എങ്കിലും പരിഷ്ക്കരണവാദത്തിന്റെ
വിശാലചക്രവാളംതന്നെയായിരുന്നു അതിന്റേതും.
സാഹിത്യവും കലയുമടക്കമുള്ള ബുദ്ധിപരമായ പ്രവർത്തനരംഗങ്ങളിൽ സ്ത്രീകൾ രണ്ടാംകിടക്കാർ ആയിരിക്കുമെന്നുറപ്പാക്കിയ തീർപ്പുകളാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലുണ്ടായത്. ഗൃഹമാണ് സ്ത്രീയുടെ 'സ്വാഭാവിക'വും പ്രകൃതിനിർമ്മിതവുമായ ഇടമെന്ന വാദത്തിലൂന്നിയ തീർപ്പുകളായിരുന്നു ഇവ. കലാ-സാഹിത്യപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഏകാഗ്രത കുടുംബ ഉത്തരവാദിത്വങ്ങൾ പേറേണ്ടവളായ സ്ത്രീക്ക് നേടാൻകഴിയില്ല; പിന്നെയോ, ഇത്തരം പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കുന്ന ഭർത്താവിനെ പ്രീതിപ്പെടുത്താനോ അല്ലെങ്കിൽ സ്വന്തം കുടുംബത്തിനുമാത്രം ആനന്ദം നൽകാനോമാത്രം ഉപകരിക്കുന്ന കലാപ്രവർത്തനമേ ഉത്തമകുടുംബിനിക്ക് ആവശ്യമുള്ളൂ എന്നും പലവിധത്തിൽ സ്ഥാപിക്കപ്പെട്ടു. എന്നിട്ടും [ 175 ] കലാസാഹിത്യാദിപ്രവർത്തനങ്ങളിലേർപ്പെടാൻ പല സ്ത്രീകളും തയ്യാറായി. അവർക്ക് ഒരുപാടു ത്യാഗങ്ങൾ അനുഷ്ഠിക്കേണ്ടിവന്നു. കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നവരുടെ സ്ഥിതിപോലും മറിച്ചായിരുന്നില്ല. ഈ തടസ്സങ്ങൾ ഇന്ന് പൂർണ്ണമായി മാറിയെന്നു പറയാൻ നമുക്കു കഴിയുമോ?
എഴുത്തിലേക്കുള്ള അസമമായ വഴി
എഴുത്തിന്റെ രംഗത്തേക്കു പ്രവേശിച്ച സ്ത്രീയെ ആദ്യകാലസാഹിത്യവിമർശകർ കണ്ടതെങ്ങനെ? മലയാളസാഹിത്യവിമർശനം അതിന്റെ ശൈശവത്തിൽപ്പോലും പുരുഷന്മാരുടെ വിഹാരരംഗമായിരുന്നു. നേരത്തെപ്പറഞ്ഞ തത്വത്തെ മുറുക്കിപ്പിടിക്കാനാണ് അവരിലധികംപേരും ശ്രമിച്ചത്: അതായത് ഗൃഹഭരണമാണ് സ്ത്രീയുടെ പ്രാഥമിക കടമ; അതിനെ ബാധിക്കാത്തവിധത്തിലുള്ള സാഹിത്യപരിശ്രമമാണ് സ്ത്രീകൾക്കു പറ്റിയത് എന്ന നിലപാടാണ് അവരെടുത്തത്. ഈ പരിമിതികളെ അംഗീകരിച്ചുകൊണ്ട് സാഹിത്യപ്രവർത്തനം നടത്തിയ സ്ത്രീകളെ ചിലരൊക്കെ അഭിനന്ദിക്കുകയും ചെയ്തു. പി. ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽ (1881) കുട്ടിക്കുഞ്ഞുതങ്കച്ചിയെപ്പറ്റി ചേർത്ത അഭിപ്രായം നോക്കുക: 'കൈകൊട്ടിക്കളിയിലുള്ള വിദഗ്ദ്ധതയും നൂതനസമ്പ്രദായത്തിൽ അവർ ഉണ്ടാക്കിയിട്ടുള്ള കളിപ്പാട്ടുകളും അതിശയിക്കത്തക്കതായിരിക്കുന്നു. വിലയേറിയ സമയത്തെ അവർ ഗൃഹഭരണാദികളിലുംമറ്റും വ്യയംചെയ്യുന്നതിനോടുകൂടി കവിതാരചനയിലും ഗ്രന്ഥപ്രചാരത്തിലും സംഗീതസാഹിത്യാദികളിലുംകൂടി ഉപയോഗപ്പെടുത്തിവരുന്നത് വളരെ ആശ്ചര്യം.' എന്നാൽ ഈ പരിഗണന സ്ത്രീകൾക്ക് കൊടുക്കാനാവില്ലെന്നായിരുന്നു സി.പി. അച്യുതമേനോന്റെ അഭിപ്രായം. തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ നാടകത്തെക്കുറിച്ചുള്ള നിരൂപണത്തിൽ അദ്ദേഹം ഇക്കാര്യം തുറന്നെഴുതി - ഗൃഹഭരണാദികൾകൊണ്ടുള്ള സൽപ്പേരുകൊണ്ട് തൃപ്തരാകാതെ സാഹിത്യരംഗത്തെ കീർത്തികൂടി ആഗ്രഹിക്കുന്ന സ്ത്രീകൾ പ്രത്യേക പരിഗണന അർഹിക്കുന്നില്ലെന്നും ഉന്നതസാഹിത്യത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചാൽമാത്രമേ അവർക്കു പ്രശസ്തി ലഭിക്കുകയുള്ളുവെന്നും അദ്ദേഹം വാദിച്ചു.
ചമ്പുക്കൾമുതൽ കൈകൊട്ടിക്കളിപ്പാട്ടുകൾ വരെ നീണ്ടുകിടന്ന പരമ്പരാഗത സാഹിത്യരചനയുടെ മാനദണ്ഡങ്ങളല്ല പുതിയ സാഹിത്യത്തിന്റേത് എന്ന് സ്ത്രീകൾ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. പുരാണകഥകളെക്കുറിച്ചുള്ള അറിവ്, ഭാഷയിലും സാഹിത്യത്തിലുമുള്ള പരിചയം മുതലായവയുള്ളവർക്ക് പരമ്പരാഗതസാഹിത്യരചനയിലേക്ക് പ്രവേശനംകിട്ടിയിരുന്നെങ്കിൽ ആധുനിക കവിത, നോവൽ, ചെറുകഥ മുതലായ പുതിയ സാഹിത്യശാഖകളിലേക്കുള്ള പ്രവേശനത്തിന് മറ്റു കഴിവുകളാണ് വേണ്ടത്. ഈ ശാഖകളിൽ പ്രവേശിക്കാൻ പുതിയതരം കഴിവുകളും സാമൂഹ്യസ്വഭാവമുള്ള അനുഭവങ്ങളും (പുരാണകഥകൾ അറിഞ്ഞാൽപ്പോരാ ജീവിതത്തെ നിരീക്ഷിച്ചുണ്ടാകുന്ന ഉൾക്കാഴ്ചകൾ) ഉണ്ടാകണമെന്നും അവർക്കു ബോദ്ധ്യപ്പെട്ടുതുടങ്ങിയിരുന്നു. സംസ്കൃതപണ്ഡിതയും പഴയമട്ടിലുള്ള 'വിദുഷി'യുമായ (അതായത്, ചമ്പുക്കളും പാനകളുംമറ്റും രചിച്ചിട്ടുള്ള) കെ.എം. കുഞ്ഞുലക്ഷ്മി കെട്ടിലമ്മ 1915ൽ ഇങ്ങനെ എഴുതി:
നമ്മുടെ കേരളീയമഹിളമാർ ലോകബഹുമതിക്കു അർത്ഥകളാകത്തക്കവണ്ണം സാഹിത്യരംഗത്തിൽ വിളയാടേണ്ടതിന്നു ആദ്യമായി അവകാശപ്പെടേണ്ടതും ആശ്രാന്തപരിശ്രമങ്ങളാൽ സമ്പാദിക്കേണ്ടതും ആകുന്നു സാമുദായികസ്വാതന്ത്ര്യം....
...സ്വാതന്ത്ര്യം മനസ്സിനെ ശുദ്ധീകരിക്കുന്നതായി ഉദാഹരണങ്ങൾ ധാരാളമുണ്ട്. പ്രത്യേകിച്ച്, സാഹിത്യശ്രമങ്ങൾ ഏതു നിലയിലും യഥാർത്ഥമായ സ്വയസമ്പാദിതപരിചയത്തെ ആശ്രയിച്ചു നിൽക്കുന്നു. ഈവക പരിചയസിദ്ധി സ്ത്രീകൾക്ക് ഇപ്പോൾ ഉണ്ടാകുന്നതു എളുപ്പമല്ല. പുരുഷന്മാരുടെ സ്വാതന്ത്ര്യം അവരുടെ വൃത്തികൾക്കെല്ലാം ദൃഢതയെ കൊടുക്കുന്നു. സ്ത്രീകളുടെ പരിശ്രമവകുപ്പുകൾക്ക് ദുർലഭത ഉണ്ടാകുന്നതിൽ മുഖ്യമായ ഉത്തരവാദിത്വം കിടക്കുന്നത് അവരുടെ സ്വാതന്ത്ര്യസങ്കോചത്തിലാണ്. അനുഭവപദ്ധതികളെ പരിഷ്ക്കരിച്ചു, തരംതിരിച്ചു, വിമലീകരിക്കാൻമാത്രമെങ്കിലും ഉപകരിക്കുന്ന സാമുദായികസ്വാതന്ത്ര്യം അവർക്കുണ്ടായിരിക്കണം. ലോകഗതിയുടെ 'ചുറ്റും ചുറ്റും' 'പറ്റും പടർച്ചയും' നല്ലവണ്ണം ഗ്രഹിക്കാതെ, വെറും അന്യപ്രാപ്തങ്ങളായ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന ഉദ്യമങ്ങൾ എങ്ങനെ ഫലവത്തുക്കളായിത്തീരും?
('സാഹിത്യവും സ്ത്രീസമുദായവും', മഹിളാരത്നം (3) 1915)
പുരുഷന്മാരെപ്പോലെ വൈവിദ്ധ്യമാർന്ന ജീവിതാനുഭവങ്ങൾ സ്ത്രീകൾക്കുമുണ്ടെങ്കിലേ അവർ സാഹിത്യരംഗത്ത് വിളങ്ങൂ എന്നതാണ് കെട്ടിലമ്മയുടെ വാദത്തിന്റെ ചുരുക്കം. പക്ഷേ, സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടുതരം അടിസ്ഥാനസ്വഭാവപ്രകൃതങ്ങളാണുള്ളതെന്ന പുത്തൻവിശ്വാസത്തെ മുറുകെപ്പിടിക്കുന്നവരായിരുന്നു ഇക്കാലത്തെ എഴുത്തുകാരികളിൽ പലരും. പുരുഷന്റെ 'സ്വാഭാവികമായ ലോകം' വീട്ടിനുപുറത്താണ്; സ്ത്രീയുടേത് അകത്തും - അതിനാൽ വീട്ടിനുള്ളിൽ സുഖജീവിതം ഉറപ്പുവരുത്താൻ [ 176 ] സഹായിക്കുന്ന സ്വഭാവഗുണങ്ങൾ പ്രകൃതിതന്നെ സ്ത്രീക്കു കൽപ്പിച്ചിരിക്കുന്നുവെന്ന ധാരണതന്നെ പുതിയതായിരുന്നു. (വീട്/പുറംലോകം എന്ന വേർതിരിവുതന്നെ 19-ാം നൂറ്റാണ്ടിൽ സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് മുമ്പു വിവരിച്ചുവല്ലോ). ഈ ധാരണയെ ആശ്രയിച്ച എഴുത്തുകാരികളിൽ പലരും 'സ്ത്രീസഹജഗുണങ്ങ'ളായി എണ്ണപ്പെട്ട സ്നേഹം, ക്ഷമ, ദയ, വാത്സല്യം മുതലായവയെ പ്രകാശിപ്പിക്കുന്ന രചനകളാണ് സ്ത്രീകൾ എഴുതേണ്ടതെന്ന ഒരു കുറിപ്പടി പാസാക്കി! സാരോപദേശകഥകൾ, നാടോടിക്കഥകളുടെയും പുരാണകഥകളുടെയും പുനരാഖ്യാനങ്ങൾ... ഇതൊക്കെ 'സ്ത്രീസഹജഗുണങ്ങ'ളെ അംഗീകരിച്ചുകൊണ്ടുള്ള സാഹിത്യപ്രവർത്തനമായി തിരിച്ചറിയപ്പെട്ടു. കുട്ടികൾക്ക് നല്ല കഥകൾ അമ്മമാർ പറഞ്ഞുകൊടുത്തുകൊണ്ട് അവരെ നല്ല മാർഗ്ഗത്തിലേക്കു തിരിച്ചുവിടുന്ന പ്രവർത്തനത്തിന്റെ അൽപ്പംകൂടി വിപുലീകരിച്ച പതിപ്പല്ലേ ഇതെന്ന ന്യായമായ സംശയം ഉന്നയിക്കാവുന്നതാണ്. എന്തായാലും അന്ന് അറിയപ്പെട്ടിരുന്ന പല എഴുത്തുകാരികളും - അമ്പാടി കാർത്യായനിയമ്മ, തരവത്ത് അമ്മാളുഅമ്മ, ബി. കല്യാണിഅമ്മ തുടങ്ങിയവർ ഇത്തരം സാഹിത്യരചനയിൽ ഏർപ്പെട്ടുമിരുന്നു. ചെറുകഥയുംമറ്റുമെഴുതാൻ ഇവരിൽ പലരും ശ്രമിച്ചിരുന്നു; അവിടെയും 'നല്ല മാതൃകകൾ' സാഹിത്യത്തിലൂടെ അവതരിപ്പിച്ച് നല്ലവഴികാട്ടാനാണ് അവരധികവും ശ്രമിച്ചത്. അക്കാലത്തെ സാഹിത്യനിരൂപകരിൽ പലരും ഇവരെ തങ്ങളുടെ 'പരിധിമറക്കാത്ത എഴുത്തുകാരികളെ'ന്ന് വിളിച്ചഭിനന്ദിക്കുകയും ചെയ്തു. 'സ്ത്രീസ്വാതന്ത്ര്യപ്രസംഗം' നടത്താത്ത എഴുത്തുകാരികൾക്ക് പ്രത്യേക അഭിനന്ദനം ലഭിച്ചു; അങ്ങനെ ചെയ്തവർക്ക് നിരൂപകരുടെവക പരിഹാസവും കിട്ടിയിരുന്നു. തരവത്ത് അമ്മാളുഅമ്മയുടെ മരണത്തെത്തുടർന്ന് സഞ്ജയൻ (എം.ആർ. നായരുടെ തൂലികാനാമം - കേരളത്തിൽ പരക്കെ അറിയപ്പെട്ടിരുന്ന നിരൂപകനും ഹാസ്യലേഖനങ്ങളുടെ കർത്താവുമായിരുന്നു ഇദ്ദേഹം) എഴുതിയ അനുസ്മരണത്തിൽ (1936) ഈ പുകഴ്ത്തലും ഇകഴ്ത്തലും കാണാം. തരവത്ത് അമ്മാളുവമ്മയുടെ പുരാണപുനരാഖ്യാനങ്ങളെപ്പറ്റി, എഴുത്തിന്റെ ആ മാതൃക പിൻതുടരുന്നതിന്റെ മെച്ചങ്ങളെക്കുറിച്ച് അയവിറക്കിയശേഷം അദ്ദേഹം വായനക്കാരികളെ ഉപദേശിച്ചു: '...ബഹളമില്ലാതെ തങ്ങൾ വിചാരിച്ചേടത്തു കാര്യമെത്തിക്കുന്നതു സ്ത്രീയുടെ പ്രത്യേക സാമർത്ഥ്യവുമാണ്... ആ [ 177 ] വീട്ടിലെ സമ്പ്രദായം അവർക്ക് സാഹിത്യരംഗത്തിലോ മറ്റെവിടെയാണ് അവർക്കു കടന്നുചെല്ലേണ്ടതെങ്കിൽ അവിടെയോ പ്രയോഗിക്കുകയേ വേണ്ടൂ.' 'മനുസ്മൃതി കത്തിക്കണ'മെന്നു പ്രസംഗിച്ചുനടക്കുന്ന ബഹളക്കാരികളായ സ്ത്രീസമത്വവാദികളെ തെല്ലൊന്ന് ശകാരിച്ചതിനുശേഷമാണ് ഈ ഉപദേശം.
('ശ്രീമതി തരവത്ത് അമ്മാളുഅമ്മ: ഒരനുസ്മരണം' (1936), സഞ്ജയൻ 1936-ലെ ഹാസ്യലേഖനങ്ങൾ, വാള്യം 3, കോഴിക്കോട്, 1970, പുറം 164).
തരവത്ത് അമ്മാളുഅമ്മ പരിഭാഷപ്പെടുത്തിയ ഭക്തമാല (1913)യുടെ ആമുഖമെഴുതിയ പി.ജി. രാമയ്യർ അവരെ 'കപടനാട്യക്കാരി'കളിൽനിന്ന് അകറ്റി പ്രതിഷ്ഠിച്ചു:
പാശ്ചാത്യപരിഷ്ക്കാരംകൊണ്ടു വിദുഷികളും മാന്യകളും ആയിട്ടുണ്ടെന്നു നടിക്കുന്ന അനേകം സ്ത്രീകൾ ഇപ്പോൾ കേരളത്തിൽ ഉണ്ട്. എന്നാൽ അവരുടെ പരിഷ്ക്കാരവും യോഗ്യതയും നാട്യത്തിൽനിന്ന് യാഥാർത്ഥ്യത്തിലേക്കു കടന്നിട്ടില്ലെന്ന് പറയാതെ നിവൃത്തിയില്ലാ. ഈശ്വരഭക്തിവിട്ടു ഇഹലോകവ്യാപാരങ്ങൾകൊണ്ടുമാത്രം കാലംകഴിച്ചുവരുന്ന സ്ത്രീകളെപ്പറ്റി ഏറ്റവും അനുശോചിക്കേണ്ടിയിരിക്കുന്നു. സാക്ഷാൽ പരിഷ്ക്കാരം ബുദ്ധിവികാസത്തിലും മനോഗുണത്തിലുമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. അങ്ങിനെയുള്ള പരിഷ്ക്കാരം ഈ ഗ്രന്ഥകാരിക്കുണ്ടെന്ന് ഈ പുസ്തകം വായിക്കുന്നവർക്ക് സംശയംകൂടാതെ തോന്നുന്നതാകുന്നു...
(പുറം. 5)
തിരുവിതാംകൂർ സർക്കാരിനെ വെല്ലുവിളിച്ചതിന് നാടുകടത്തപ്പെട്ട പ്രസിദ്ധ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യയായിരുന്ന ബി. കല്യാണിയമ്മ തങ്ങളുടെ വിവാഹത്തെക്കുറിച്ച് രചിച്ച വ്യാഴവട്ടസ്മരണകൾ (1916) എന്ന കൃതി അക്കാലത്തുതന്നെ വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു. > കാണുക പുറം 125 < മഹാനായ ഭർത്താവിന്റെ സുഖദുഃഖങ്ങളിൽ സ്വയം അലിഞ്ഞുചേർന്ന ത്യാഗമൂർത്തിയായ പതിവ്രതയുടെ കഥയായിട്ടാണ് നിരൂപകർ അതിനെ വായിച്ചത്. എന്നാൽ ഇങ്ങനെയല്ലാതെ, ഭർതൃവന്ദനംകൂടാതെ, ഒരു സ്ത്രീ അവളുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ചെഴുതിയത് പലർക്കും പിടിച്ചില്ല! 1930കളിൽ കോച്ചാട്ടിൽ കല്യാണിയമ്മ - അദ്ധ്യാപിക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീസ്വാതന്ത്ര്യവാദി, ജനനനിയന്ത്രണത്തിന്റെ വക്താവ് എന്നീ നിലകളിലന്ന് അവർ പ്രശസ്തയായിരുന്നു - തന്റെ യൂറോപ്യൻ യാത്രയെപ്പറ്റി 'ഞാൻ കണ്ട യൂറോപ്പ്' എന്ന പേരിൽ ഒരു യാത്രാവിവരണം പ്രസിദ്ധീകരിച്ചു. ഇതിനെ പരിഹസിച്ചുകൊണ്ട് സഞ്ജയൻ നിർദ്ദേശിച്ചു - കൃതി വലിയ കുഴപ്പമില്ല, പേരിൽ ചെറിയൊരു മാറ്റം വേണമെന്നുമാത്രം - 'യൂറോപ്പുകണ്ട കല്യാണിക്കുട്ടിയമ്മ' എന്നാക്കിയാൽ ഭംഗിയാകും! എഴുത്തിലൂടെ സ്വന്തം വ്യക്തിത്വത്തെ ഉറപ്പിക്കാൻ സ്ത്രീകൾ ശ്രമിക്കുന്നതിനെ സംശയത്തോടെയാണ് നിരൂപകർ കണ്ടതെന്നു വ്യക്തം.
മലയാളത്തിൽ സ്ത്രീകളെഴുതിയ ആദ്യചെറുകഥകളിൽ ഒന്നിന്റെ തലക്കെട്ടാണിത് - 'തലച്ചോറില്ലാത്ത സ്ത്രീകൾ'. ഭാഷാപോഷിണിയിൽ
എം. സരസ്വതി ഭായിയുടെ പേരിൽ 1911ലാണ് ഇതു പ്രത്യക്ഷപ്പെട്ടത്.
സ്ത്രീകൾക്ക് ബുദ്ധിശക്തിയും സർഗ്ഗശേഷിയുമില്ലെന്നു പറഞ്ഞ് ഭാര്യയെ
നിരന്തരം പരിഹസിക്കുന്ന 'ബുദ്ധിജീവി'യായ ഭർത്താവിനെ ആ ഭാര്യ നല്ലൊരു
പാഠംപഠിപ്പിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. അയാൾ എഴുത്തുകാരനാണ്. അയാളുടെ
എഴുത്തിനെ വീട്ടിലെല്ലാവരും മാനിച്ചുകൊള്ളണമെന്നും കുടുംബ
ഉത്തരവാദിത്തമടക്കമുള്ള ലൗകികകാര്യങ്ങൾ പറഞ്ഞ് അയാളെ ആരും
ശല്യപ്പെടുത്തരുതെന്നും വാശിയുള്ളൊരു സർവ്വാധിപതി. ഭാര്യയെ ജോലിക്കയയ്ക്കാൻ
അയാളിഷ്ടപ്പെടുന്നില്ല; കാരണം ഭാര്യയുടെ ചെലവിൽ കഴിയാൻ അയാളുടെ അഭിമാനം
സമ്മതിക്കുന്നില്ല. ഇങ്ങനെയുള്ള ഭർത്താവിനെ സ്നേഹപൂർവ്വം സേവിക്കുകയും
എന്നാൽ ഒടുക്കം അയാളേക്കാൾ സാഹിത്യവാസന തനിക്കുണ്ടെന്നു തെളിയിക്കുകയും
ചെയ്യുന്നു, സമർത്ഥയായ കല്യാണിയമ്മ. ലളിതാംബിക അന്തർജനം പിൽക്കാലത്തെഴുതിയ
'ഇത് ആശാസ്യമാണോ?' എന്ന കഥയ്ക്ക് 'തലച്ചോറില്ലാത്ത സ്ത്രീകളു'ടെ
ഇതിവൃത്തത്തോട് സാമ്യമുണ്ട്.
എം.എം. ബഷീർ (സമ്പാ.) ആദ്യകാല സ്ത്രീകഥകൾ (കോഴിക്കോട്, 2004) എന്ന പുസ്തകത്തിൽ ഈ കഥ ചേർത്തിട്ടുണ്ട്.
ഇക്കാലത്ത് ചെറുകഥപോലുള്ള പുതിയ സാഹിത്യരൂപങ്ങളിലെഴുതാൻ സ്ത്രീകൾ ശ്രമിച്ചുതുടങ്ങിയിരുന്നു. ബി. കല്യാണിയമ്മ, ടി.സി. കല്യാണിയമ്മ, അമ്പാടി കാർത്യായനിയമ്മ തുടങ്ങിയവരുടെ ചെറുകഥകൾ ആനുകാലികങ്ങളിൽ (സ്ത്രീമാസികകളിൽ വിശേഷിച്ചും) പ്രസിദ്ധീകരിച്ചിരുന്നു. 'ഉത്തമസ്ത്രീത്വ'ത്തെ വാഴ്ത്തുന്നവയായിരുന്നു ഇവയിലധികവും. അക്കാലത്തെ പുതിയ സ്ത്രീത്വത്തിന് [ 178 ] ഇവർ പ്രചരണം നല്കി - ദുഃസ്വഭാവിയായ ഭർത്താവിനെ നേർവഴിയിലെത്തിക്കുന്ന നല്ലവളായ ഭാര്യ, സ്ത്രീകളെക്കുറിച്ച് മോശം അഭിപ്രായംകൊണ്ടുനടക്കുന്ന ഭർത്താവിന്റെ മുന്നിൽ കഴിവുതെളിയിക്കുന്ന ഭാര്യ തുടങ്ങിയവയായിരുന്നു ഇതിവൃത്തങ്ങൾ.
1927ൽ കൊച്ചിയിൽ ഈ സംഘടന രൂപം കൊണ്ടു.
മലബാർ-കൊച്ചി-തിരുവിതാംകൂർ പ്രദേശങ്ങളായി ചിതറിക്കിടന്ന കേരളത്തെ
ഭാഷാടിസ്ഥാനത്തിൽ ഒറ്റഘടകമായിക്കാണാനും മാതൃഭാഷയുടെ
വളർച്ചയ്ക്കുതകാനുംവേണ്ടിയാണ് ഇത് രൂപമെടുത്തത്. സാഹിത്യത്തെക്കുറിച്ചുള്ള
യാഥാസ്ഥിതികധാരണകളെ ചോദ്യംചെയ്യാനുള്ള ഒരു വേദിയായി 1930കളിലും 40കളിലും
ഇതു മാറി. 'സാഹിത്യമെന്നാൽ കവിത' എന്ന നില മാറണമെന്ന ആവശ്യം 1931ൽ ഏറെ
ചർച്ചചെയ്യപ്പെട്ടു. പിന്നീടുള്ള സമ്മേളനങ്ങളിൽ സാഹിത്യരംഗത്തെ അതികായന്മാർ
ചോദ്യവിധേയരായി - അപ്പൻതമ്പുരാനും വള്ളത്തോളും സ്വേച്ഛാധിപത്യപ്രവണത
പ്രദർശിപ്പിക്കുന്നുവെന്ന് പുരോഗമനവാദികളായ എഴുത്തുകാർ പരാതിപ്പെട്ടു.
1934ൽ നിലമ്പൂരിൽ കൂടിയ സമ്മേളനത്തിൽ വള്ളത്തോളിന്റെയും കേസരി
ബാലകൃഷ്ണപിള്ളയുടെയും അഭിപ്രായഗതികൾ തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി.
എന്നാൽ മലയാളസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ സ്ത്രീകഥാപാത്രങ്ങളാരും ഇവരുടെ സാഹിത്യത്തിലല്ല സൃഷ്ടിക്കപ്പെട്ടതെന്ന വസ്തുത എടുത്തുപറയേണ്ടുന്നതുതന്നെ. ചന്തുമേനോന്റെ ഇന്ദുലേഖ, കുമാരാനാശാന്റെ ചിന്താവിഷ്ടയായ സീത എന്നിവയിലെ സ്ത്രീകഥാപാത്രങ്ങൾക്ക് അന്നത്തെ വായനക്കാരികൾക്കിടയിൽ നല്ല സ്വാധീനമുണ്ടായിരുന്നു. അന്നത്തെ അഭ്യസ്തവിദ്യരായ സ്ത്രീകളുടെ ഹൃദയങ്ങളിൽ നിശ്ശബ്ദം ഉയർന്നുവന്ന ചോദ്യങ്ങളാണ് ആശാൻ സീതയെക്കൊണ്ട് ചോദിപ്പിച്ചതെന്ന് പിൽക്കാലത്ത് ലളിതാംബികാ അന്തർജനം പറഞ്ഞിട്ടുണ്ട്. നിരൂപകരുടെ 'നല്ലകുട്ടികളാ'യിരുന്ന, 'സ്ത്രീസഹജഗുണങ്ങൾ'ക്കനുസൃതമായി എഴുതിക്കൊണ്ടിരുന്ന മിക്ക സ്ത്രീകളെയും ഇന്നത്തെ വായനക്കാർ ഓർമ്മിക്കുന്നില്ലെന്നതാണ് വാസ്തവം! നേരെമറിച്ച്, പുരുഷന്മാരോട് മത്സരിച്ച് സാഹിത്യരംഗത്ത് ഇടംകണ്ടെത്തിയ എഴുത്തുകാരികളെയാണ് നാമിന്നും ഓർക്കുന്നത്. പുരുഷാധിപത്യം കൽപ്പിക്കുന്ന 'നല്ലസ്ത്രീമാനദണ്ഡ'ത്തിനു വഴങ്ങുന്ന എല്ലാ സ്ത്രീകൾക്കും ഒരു പാഠമുണ്ട് ഇതിൽ!
ആധുനികസാഹിത്യത്തിന് വായനക്കാരികൾ വർദ്ധിച്ചുവന്ന കാലംകൂടിയായിരുന്നു ഇത്. ഇന്ദുലേഖ, മാർത്താണ്ഡവർമ്മ മുതലായ വിശിഷ്ടകൃതികളുടെ നിരവധി അനുകരണങ്ങൾ വിപണിയിലുണ്ടായിരുന്നു; അവയ്ക്ക് നല്ല ചെലവുമുണ്ടായിരുന്നു. സ്ത്രീകളുടെ നോവൽവായന അവരെ കുഴിയിൽ ചാടിക്കുമെന്ന് മുന്നറിയിപ്പു നൽകിയ ലേഖനങ്ങളുംമറ്റും ഇക്കാലത്ത് തീരെ അസാധാരണമല്ലായിരുന്നു - നോവൽവായന അവരെ അലസകളും അഹങ്കാരികളും തർക്കപ്രിയകളും 'അപ്രായോഗിക ആദർശങ്ങളു'ടെ വക്താക്കളുമായിത്തീർക്കുമെന്നായിരുന്നു ഈ പരാതിക്കാരുടെ അഭിപ്രായം. ആദർശജീവിയായിത്തീരുന്ന വായനക്കാരി വിവാഹത്തിന്റെ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടില്ലെന്ന് ചില ലേഖകർ ഭയപ്പെട്ടു. വായനമൂലം നവപുരുഷാധിപത്യത്തിന്റെ ചിട്ടകൾക്ക് വഴങ്ങാൻ സ്ത്രീകൾ എളുപ്പത്തിൽ സമ്മതിക്കുന്നില്ല എന്നതായിരുന്നു ഈ പരാതികളുടെ സാരാംശം!
ഇതൊക്കെയാണെങ്കിലും വായനക്കാരികളുടെ എണ്ണം കൂടിത്തന്നെവന്നുവെന്ന് അനുമാനിക്കാം - ആനുകാലികങ്ങളിലെ സാഹിത്യചർച്ചകളിലും മറ്റു വാദപ്രതിവാദങ്ങളിലും പങ്കെടുത്ത സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവെന്നാണ് സൂചന. പത്രമാസികാപ്രസാധനരംഗത്ത് നിരവധി സ്ത്രീകൾ പ്രവർത്തിച്ചുതുടങ്ങിയിരുന്നു. ബി. ഭാഗീരഥിയമ്മ (മഹിള), അന്ന ചാണ്ടി (ശ്രീമതി), ബി. കല്യാണിയമ്മ (ശാരദ), എം. ഹലീമാബീവി (മുസ്ലീംവനിത) എന്നിവർ ഇക്കൂട്ടത്തിൽപ്പെട്ട ചിലർമാത്രമായിരുന്നു.
പക്ഷേ, 'സ്ത്രീഗുണാനുസാരിയായ' സാഹിത്യമാണ് സ്ത്രീക്കു ഭൂഷണമെന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നവർപോലും നിർണ്ണായകാവസരങ്ങളിൽ മാറിച്ചവിട്ടിയെന്നകാര്യം ഓർക്കാതെവയ്യ. 1932-ൽ എറണാകുളത്തുവച്ചുനടന്ന സാഹിത്യപരിഷത് സമ്മേളനത്തിൽ ബി. ഭാഗീരഥിയമ്മ നടത്തിയ നാടകീയപ്രഖ്യാപനം ഒരുദാഹരണമാണ്. 'സ്ത്രീഗുണ'ങ്ങൾ പ്രകാശിപ്പിക്കാനുള്ള കഴിവാണ് സ്ത്രീയുടെ സാഹിത്യവാസനയ്ക്കും പിന്നിൽ എന്ന് പല വേദികളിലും (സാഹിത്യപരിഷത്‌വേദികളിലും) പ്രസംഗിച്ചിരുന്ന ഇവർ പുരുഷനും സ്ത്രീക്കും പരിഷത്‌സമ്മേളനത്തിൽ സമമായ പങ്കാളിത്തം അനുവദിക്കാത്തതിനെച്ചൊല്ലി പരസ്യപ്രതിഷേധം നടത്തി.
എറണാകുളത്തുവച്ചു സാഹിത്യപരിഷത്തിന്റെ അനുബന്ധമായി നടത്തപ്പെട്ട മഹിളാസമ്മേളനത്തിൽ പ്രസംഗിച്ചപ്പോൾ പുരുഷസാഹിത്യമെന്നും സ്ത്രീസാഹിത്യമെന്നും രണ്ടു വിഭാഗങ്ങൾ സൃഷ്ടിച്ച്, ഒരു [ 179 ] സാഹിത്യസദസ്സിൽ സ്ത്രീ എന്നും പുരുഷൻ എന്നുമുള്ള വിഭിന്നത പ്രത്യക്ഷപ്പെടുത്തേണമെന്ന് പരിഷത് പ്രവർത്തകന്മാർ നിശ്ചയിച്ചതും പുരുഷസാഹിത്യസദസ്സിൽ സ്ത്രീകൾക്കു പ്രസംഗിക്കാൻ പാടില്ലെന്നു തീരുമാനിച്ചതും ആവശ്യമില്ലാത്ത സംഗതിയാണെന്നു 'മഹിളാ' പ്രസാധിക അന്നു പ്രസ്താവിക്കയുണ്ടായി...
('മഹിളാഭാഷണം', മഹിള 12 (4,5), 1932, പുറം 158)
മലയാളത്തിലെ ആദ്യ എഴുത്തുകാരികളിലൊരോരുത്തർക്കും
പറയാൻ അഗ്നിപരീക്ഷകളുടെ കഥകളുണ്ട്. അവരിൽ ചിലരെങ്കിലും അതേപ്പറ്റി
തുറന്നുപറഞ്ഞിട്ടുമുണ്ട്. സ്വന്തം പേരിൽ എഴുതി പ്രസിദ്ധീകരിച്ചതുകൊണ്ട്
ജാതിവിലക്കിന്റെ ഭീഷണിയെ നേരിട്ടവർ, വീട്ടുകാരുടെ കലശലായ എതിർപ്പിനെ
മറികടന്നവർ, നാട്ടുകാരുടെ കുത്തുവാക്കും പരിഹാസവും ഏറ്റവർ - എന്നിട്ടും
സാഹിത്യരംഗത്ത് അവർ പതറാതെ പിടിച്ചുനിന്നു. ഇന്ന് നാമധികമൊന്നും
ശ്രദ്ധിക്കാത്ത പഴയ എഴുത്തുകാരികൾക്കുപോലും വലിയ പോരാട്ടങ്ങളുടെ കഥയുണ്ട്.
വേണ്ടാത്ത വിവാഹത്തിൽനിന്ന് രക്ഷപ്പെട്ട് വീടുവിട്ടോടിയ മേരിജോൺ
കൂത്താട്ടുകുളം (സ്വന്തം വീട്ടുകാർപോലും തള്ളിക്കളഞ്ഞ അവർക്ക് ഒടുവിൽ ഈഴവ
സാമൂഹ്യപരിഷ്ക്കർത്താവായിരുന്ന ഡോ. പൽപ്പുവിന്റെ വീട്ടിൽ അഭയം ലഭിച്ചു.
പിന്നീട് തിരുവിതാംകൂർ അഞ്ചൽ (പോസ്റ്റൽ) വകുപ്പിൽ ജോലികിട്ടി. അതിനുശേഷമാണ്
അവർ സജീവമായി കവിതാരംഗത്തേക്കു കടന്നത്), വിവാഹജീവിതം വേണ്ടെന്നുവച്ച്
മഠത്തിൽ ചേർന്നശേഷം അതിന്റെ പരിമിതികളോട് പടപൊരുതി കവിതയെഴുതിയ മേരിജോൺ
തോട്ടം - ഇവരുടെ കൃതികൾ വീണ്ടും വായിക്കപ്പെടേണ്ടവയാണ്.
എഴുത്തുകാരിയുടെ ജീവിതം 'പരിചയക്കാർ' അസാദ്ധ്യമാക്കിത്തീർത്തതുമൂലം ആത്മഹത്യചെയ്യേണ്ടിവന്ന ഒരെഴുത്തുകാരി മലയാളത്തിലുണ്ട് - രാജലക്ഷ്മി. എഴുത്തിലേക്കുള്ള വഴിയുടെ കാഠിന്യത്തെക്കുറിച്ചെഴുതാത്ത സാഹിത്യകാരികൾ മലയാളത്തിൽ നന്നേ കുറയും. ലളിതാംബിക മുതൽ കെ.ആർ. മീര വരെയുള്ളവർ ആ വെല്ലുവിളിയെക്കുറിച്ച് എഴുതിയിട്ടുണ്ട്.
എഴുത്തുകാരിയുടെ ജീവിതം 'പരിചയക്കാർ' അസാദ്ധ്യമാക്കിത്തീർത്തതുമൂലം ആത്മഹത്യചെയ്യേണ്ടിവന്ന ഒരെഴുത്തുകാരി മലയാളത്തിലുണ്ട് - രാജലക്ഷ്മി. എഴുത്തിലേക്കുള്ള വഴിയുടെ കാഠിന്യത്തെക്കുറിച്ചെഴുതാത്ത സാഹിത്യകാരികൾ മലയാളത്തിൽ നന്നേ കുറയും. ലളിതാംബിക മുതൽ കെ.ആർ. മീര വരെയുള്ളവർ ആ വെല്ലുവിളിയെക്കുറിച്ച് എഴുതിയിട്ടുണ്ട്.
സാഹിത്യരംഗത്തേക്കു പ്രവേശിക്കുന്നു
'സ്ത്രീഗുണ'ത്തെ കൈവിട്ട് എഴുത്തുകാരിയാവുക എന്ന ലക്ഷ്യം സ്ത്രീകൾക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. സ്ത്രീകൾ എങ്ങനെയിരിക്കണമെന്നും അവർക്കെന്തൊക്കെ ചെയ്യാമെന്നുംമറ്റും നിർണ്ണയിക്കുന്ന ശക്തികളോട് - സമുദായം, മതം, ഭരണകൂടം, രാഷ്ട്രീയശക്തികൾ - മല്ലടിക്കാതെ സ്വന്തമായ ആശയങ്ങളും ശൈലിയുമുള്ള എഴുത്തുകാരിയായിത്തീരാൻ കഴിയില്ല. അക്കാലത്താണെങ്കിൽ സ്ത്രീകൾ പൊതുരംഗത്തേക്കു കടന്നുതുടങ്ങിയിരുന്നതേയുള്ളൂ; സ്വന്തംപേരിൽ ലേഖനമെഴുതാൻപോലും സ്ത്രീകൾ ഭയപ്പെട്ടിരുന്നകാലം. അക്കാലത്താണ് ആധുനികമലയാളസാഹിത്യരംഗത്തേക്ക് ലളിതാംബിക അന്തർജനം, ബാലാമണിയമ്മ, കടത്തനാട്ടു മാധവിയമ്മ, മേരിജോൺ കൂത്താട്ടുകുളം, സിസ്റ്റർ മേരി ബെനീഞ്ഞ മുതലായവർ കടന്നുവന്നത്. ഈ കടന്നുവരവിൽ അനുഭവിച്ച സംഘർഷങ്ങളെക്കുറിച്ച് അവരിൽ പലരുമെഴുതിയിട്ടുണ്ട്. ലളിതാംബിക അന്തർജനം ഇതേക്കുറിച്ച് ഇങ്ങനെ എഴുതി:
എന്നെപ്പോലെയുള്ള ഒരു സ്ത്രീക്ക് ഒരു കലാകാരിണിയെന്ന ബിരുദം കിട്ടുക അത്ര എളുപ്പമല്ല. കിട്ടിയാൽത്തന്നെ അതു വച്ചുപുലർത്തുക അത്രയുംകൂടി എളുപ്പമല്ല. ഒരു കലാജീവിതത്തെ ചൂഴുന്ന നിരവധി [ 180 ] സംശയങ്ങൾ, അസ്വാതന്ത്ര്യങ്ങൾ - പേടികൾ - പുരുഷനാണെങ്കിൽ നിസ്സംശയം ചവുട്ടിമെതിക്കാവുന്ന ആ മുൾപ്പടർപ്പുകളിലൂടെ ഞങ്ങൾ സ്ത്രീകൾ എത്ര കരുതലോടെ, ഭയാശങ്കകളോടെ, നൂഴ്ന്നുകയറിപ്പോകണം? ഒരു കലാഹൃദയത്തിന്റെ സ്വച്ഛന്ദവികാസത്തിന് ഏറ്റവും വലിയ ശത്രുവാണീ ഭയം.
('കഥയെങ്കിൽ കഥ', തെരഞ്ഞെടുത്ത കഥകൾ, കോട്ടയം, പുറം. 74)
ഇന്ത്യൻ ഭാഷാസാഹിത്യങ്ങളിൽ
സാർവ്വലൗകികവീക്ഷണം വളർന്നുകൊണ്ടിരുന്നകാലത്ത് രൂപമെടുത്ത പ്രസ്ഥാനമാണ്
'പുരോഗമനസാഹിത്യ'ത്തിന്റേത്. 1930കളിലെ ലോകസാഹചര്യങ്ങളോട് സാഹിത്യകാരന്മാർ
ക്രിയാത്മകമായി പ്രതികരിക്കണമെന്ന ലക്ഷ്യത്തോടുകൂടിയാണ് ഇന്ത്യയിൽ മുൻഷി
പ്രേംചന്ദ് അദ്ധ്യക്ഷനായി പുരോഗമനസാഹിത്യസംഘടന രൂപമെടുത്തത്. അതിന്റെ
കേരളശാഖയിൽ അന്നത്തെ പ്രമുഖരായ എഴുത്തുകാരും നിരൂപകരും ഉൾപ്പെട്ടിരുന്നു:
1937 ഏപ്രിൽമാസം തൃശൂരിൽ കൂടിയ യോഗത്തിൽ ടജീവൽസാഹിത്യസംഘം' രൂപമെടുത്തു.
നിലവിലുണ്ടായിരുന്ന പരമ്പരാഗതസാമൂഹ്യക്രമത്തോടും പുതുതായി ഉയർന്നുവന്ന
നവവരേണ്യവർഗ്ഗസമ്പന്നതയോടും കടുത്ത എതിർനില പാലിക്കുന്ന എഴുത്തുകാരുടെ
കൂട്ടായ്മയായി അതു വളർന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോടാഭിമുഖ്യം
പുലർത്തിയവരും പുരോഗമനവാദികളായ, എന്നാൽ, കമ്മ്യൂണിസ്റ്റ് ആശയങ്ങളെ
സംശയത്തോടെ സമീപിച്ചിരുന്നവരായ എഴുത്തുകാരും അതിലുണ്ടായിരുന്നു. 1939നുശേഷം
നിർജ്ജീവമായിരുന്ന ജീവൽസാഹിത്യസംഘം 1944ൽ പുരോഗമനസാഹിത്യസംഘടനയായി
പുനർജ്ജനിച്ചു. പ്രശസ്തനിരൂപകനായ എം.പി. പോൾ, അന്നത്തെ പ്രമുഖ
എഴുത്തുകാരായിരുന്ന പി. കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, പൊൻകുന്നം വർക്കി,
ജോസഫ് മുണ്ടശ്ശേരി, സി. അച്യുതക്കുറുപ്പ്, ജി. ശങ്കരക്കുറുപ്പ് മുതലായവർ
1944ലെ സമ്മേളനത്തിൽ പങ്കെടുത്തു. രാഷ്ട്രീയസമരങ്ങളിൽ എഴുത്തുകാർ
ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന തത്വത്തെക്കുറിച്ച് പൊതുവേ
യോജിപ്പുണ്ടായിരുന്നെങ്കിലും ചുരുങ്ങിയ കാലത്തിനിടയിൽ വലിയ ഭിന്നതകൾ
സംഘടനയെ തളർത്തി. പ്രസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും
പ്രസ്ഥാനത്തോടും നേരിട്ട് വിധേയരായവരും അല്ലാത്തവരും തമ്മിലുള്ള
അഭിപ്രായവ്യത്യാസം മൂത്തതോടുകൂടി സംഘടന പിളർന്നു. 1950കളുടെ ആരംഭത്തിൽ
അനുരഞ്ജനശ്രമങ്ങൾ നടന്നുവെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ ആധുനികസാഹിത്യരചനയ്ക്ക് ആവശ്യമെന്ന് കുഞ്ഞുലക്ഷ്മി കെട്ടിലമ്മ ചൂണ്ടിക്കാട്ടിയ 'സാമുദായികസ്വാതന്ത്ര്യം' എഴുത്തുകാരികൾക്ക് അധികമൊന്നും ഇല്ലായിരുന്നു. ആധുനികസാഹിത്യരംഗം ഏതാണ്ടു മുഴുവൻ പുരുഷന്മാരുടെ കുത്തകയായിരുന്നു - കെ. സരസ്വതിയമ്മയുടെ സഹപാഠിയായിരുന്ന എസ്. ഗുപ്തൻ നായർ അവരെക്കുറിച്ചോർക്കുന്നുണ്ട്, 1940കളിൽ കോളേജിലെ സാഹിത്യസമാജത്തിന്റെ ചർച്ചയിലേക്ക് കൂസലില്ലാതെ കയറിച്ചെന്ന പെൺകുട്ടിയായി. താനും കഥയെഴുതാറുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നത്രെ അത്. എന്നാൽ സാഹിത്യചർച്ചയിൽ തനിക്കർഹതപ്പെട്ട പങ്കാളിത്തം ആവശ്യപ്പെട്ട സ്വതന്ത്രവ്യക്തിയായിട്ടല്ല ഗുപ്തൻനായർ അവരെ ഓർമ്മിക്കുന്നത് - തന്റെ തുറന്ന പെരുമാറ്റത്തെക്കുറിച്ച് മറ്റുള്ളവരെന്തു കരുതുമെന്ന ചിന്തയില്ലാത്ത ശുദ്ധഗതിക്കാരിയായിട്ടാണ് അദ്ദേഹം അവരെ കണ്ടത്. ബാലാമണിയമ്മയെയോ അന്തർജനത്തെയോ ഇങ്ങനെ ശുദ്ധഗതിക്കാരാക്കാൻ എളുപ്പമായിരുന്നില്ല. അവരുടെ സാംസ്കാരികപശ്ചാത്തലവും കുടുംബനിലയുംമറ്റും കണക്കിലെടുക്കേണ്ടിവന്നേനെ. എന്നിട്ടുപോലും എതിർപ്പും വിമർശനവും ധാരാളമേൽക്കേണ്ടിവന്നു; പ്രത്യേകിച്ച് അന്തർജനത്തിന്.
എന്നാൽ ഇരുവർക്കും 'എഴുത്തുകാരി' എന്ന അംഗീകാരം സുലഭമായിക്കിട്ടിയിരുന്നു. പരിമിതമായ വായനയിലൂടെ 'സ്ത്രീഗുണങ്ങളു'ടെ വക്താക്കളായി ബാലാമണിയമ്മയെയും അന്തർജനത്തെയും 'ഒതുക്കുന്ന' രീതിയാണ് നടപ്പിൽവന്നത്. അന്തർജനം 'നമ്പൂതിരിസ്ത്രീകളുടെ കണ്ണീരൊപ്പിയ കഥാകാരി'യാണെന്നും 'മാതൃമഹിമയുടെ കഥാകാരി'യാണെന്നുംമറ്റുമുള്ള പരാമർശങ്ങൾ നമുക്ക് പരിചിതങ്ങളാണ്. ബാലാമണിയമ്മയെയും 'മാതൃത്വ'ത്തിന്റെ കവി എന്നൊക്കെയാണ് സാധാരണഗതിയിൽ വിശേഷിപ്പിക്കാറ്. എന്നാൽ അന്തർജനത്തിന്റെയോ ബാലാമണിയമ്മയുടേയോ ചിന്താപ്രപഞ്ചം ഒരിക്കലും വെറും മാതൃത്വവാഴ്ത്തായിരുന്നില്ല; നിലവിലുണ്ടായിരുന്ന മാതൃത്വദർശനങ്ങളുമായി 'പാടിപ്പുകഴ്ത്തലി'ന്റെ ബന്ധമായിരുന്നില്ല അവരുടെ എഴുത്തിന്. മറിച്ച് അക്കാലത്തുയർന്നുവന്ന മാതൃത്വദർശനങ്ങളെ വിമർശനപരമായി പരിശോധിക്കുന്ന, അല്ലെങ്കിൽ അവയുടെ സങ്കീർണ്ണതകളെയും വിഹ്വലതകളെയും അനാവരണംചെയ്യുന്ന, എഴുത്തായിരുന്നു അവരുടേത്. > കാണുക പുറം 120 <
ബാലാമണിയമ്മ മാതൃത്വത്തെ വാഴ്ത്തി കവിതകളെഴുതിയിരുന്നു; ആ കവിതയിൽ പുതിയ മാതൃത്വത്തിൽനിന്നുള്ള ആനന്ദം മാത്രമല്ല, ആശങ്കകളും വൈരുദ്ധ്യങ്ങളും തെളിയുന്നുണ്ട്. മലയാളബ്രാഹ്മണരുടെ കുടുംബങ്ങളിലെ സ്ത്രീകളുടെ നരകജീവിതത്തെ വർണ്ണിച്ച നിരവധി കഥകൾ അന്തർജനം 1930കളിലും 40കളിലുമെഴുതിയിട്ടുണ്ട്; [ 181 ] അവർ നമ്പൂതിരി സമുദായപരിഷ്ക്കരണത്തിൽ വളരെ താൽപര്യംകാട്ടിയിരുന്നു. എന്നാൽ, ഈ പരിഷ്ക്കരണത്തെയും അതു നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ പുരുഷന്മാരായ സമുദായപരിഷ്ക്കർത്താക്കളെയും സൂക്ഷ്മമായി വിമർശിക്കുന്ന മറ്റുകഥകളും അവരുടേതായിട്ടുണ്ട്! അതൊന്നും അധികമാരും ചർച്ചചെയ്തുകാണാറില്ലെന്നുമാത്രം. അതുപോലെ, ആധുനികകുടുംബാദർശങ്ങളിൽ ഉയർന്നുവന്ന മാതൃത്വത്തിന്റെ മാതൃകയെ - 'ഉത്തമകുടുംബിനി'യെ - വിമർശിക്കുന്ന കഥകൾ പലതുമുണ്ട് അവരുടെ എഴുത്തിൽ. അക്കാലത്തു നടന്ന ചർച്ചകളിൽ ഉത്തമമാതൃത്വമായി വാഴ്ത്തപ്പെട്ട ആദർശത്തെ - കുടുംബത്തിന്റെ ഭൗതികമായ ഉന്നതിയിൽമാത്രം കണ്ണുനട്ട്, മക്കളെ വളർച്ചയുടെയും കീർത്തിയുടെയും മേഖലകളിലേക്ക് ഏതുവിധവുമെത്തിക്കാനുള്ള തത്രപ്പാടിൽ സ്നേഹശൂന്യരായി, വെറും 'അച്ചടക്കയന്ത്രമായി' മാറുന്ന മാതാവിനെ - അവർ തുടരെത്തുടരെ വിമർശിച്ചിട്ടുണ്ട്. 'ആത്മനിയന്ത്രണം' അധികമായതുകൊണ്ട് സ്നേഹശൂന്യരായിത്തീർന്ന, ജീവിതത്തിന്റെ ആനന്ദംമുഴുവൻ നഷ്ടപ്പെടുത്തിയ വ്യക്തികളുടെ ചിത്രങ്ങൾ അവർ സ്വന്തംകഥകളിൽ പലതവണ വരച്ചിട്ടുണ്ട്. എന്നിട്ടും അന്തർജനത്തെ 'നിരായുധീകരിച്ച്' വ്യവസ്ഥാപിത മാതൃത്വദർശനത്തിന്റെ കുഴലൂത്തുകാരിയായി തരംതാഴ്ത്താനായിരുന്നു പലർക്കും തിടുക്കം! എഴുത്തുകാരിയെന്ന അംഗീകാരം നൽകുമ്പോഴും അവർ 'സ്ത്രീത്വ'ത്തിനുള്ളിൽ കഴിഞ്ഞുകൂടിയവർതന്നെ എന്നു സ്ഥാപിക്കാനും ചിലർക്ക് വ്യഗ്രതയുണ്ടായിരുന്നു:
പ്രജ്ഞാപരമായ പ്രവർത്തനങ്ങളിൽ സ്ത്രീവർഗ്ഗത്തിന് പുരുഷവർഗ്ഗത്തോടു കിടനിൽക്കാൻ കഴിവില്ലെന്നിരുന്നാലും ലളിതാംബികയെ ഇക്കാര്യത്തിൽ പുരുഷവർഗ്ഗത്തിൽനിന്നകറ്റി നിർത്തേണ്ട... എന്നാലും ഒരു സ്ത്രീയുടെ സൃഷ്ടിവൈദഗ്ദ്ധ്യം സന്താനങ്ങളുടെ വാസനാഭാവനാനിർമ്മാണങ്ങളിലാണെന്ന് ലളിതാംബിക വിശ്വസിക്കുന്നു.
(വക്കം എം. അബ്ദുൽ ഖാദർ, ചിത്രദർശിനി, തൃശൂർ 1946, പുറം 82-83)
19-ാം നൂറ്റാണ്ടിൽ കുട്ടിക്കുഞ്ഞുതങ്കച്ചിക്ക് ഗോവിന്ദപ്പിള്ള നൽകിയ അഭിനന്ദനത്തിൽനിന്ന് വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല ഇതെന്നു വ്യക്തം!
ഭാരതീയ സ്വാതന്ത്ര്യസമരത്തിന്റെ
പശ്ചാത്തലമായിരുന്നു പല സ്ത്രീകളെയും കവിതാരംഗത്ത് പ്രചോദിപ്പിച്ചത്.
കടത്തനാട്ടു മാധവിയമ്മയുടെ 'ആത്മരോദനം', 'എന്റെ സ്വപ്നം', 'ഭാരതാംബ' മുതലായ
കവിതകൾ ദേശാഭിമാനത്തിന്റെ ഗീതങ്ങളാണ് - ഗാന്ധിയൻ ആശയപ്രചരണത്തിന്റെ
മാദ്ധ്യമങ്ങൾകൂടിയായിരുന്നു ഇവ. ബാലാമണിയമ്മയും ഇതേ ലക്ഷ്യമുള്ള നിരവധി
കവിതകൾ എഴുതിയിട്ടുണ്ട്. ഗാന്ധിയൻസ്ത്രീത്വാദർശങ്ങൾ സ്ത്രീകൾക്കു നൽകിയ
മേൽക്കൈ സ്ത്രീകളുടെ സാഹിത്യപ്രവർത്തനങ്ങൾക്ക് ഉത്തേജനമായെന്നർത്ഥം.
സ്ത്രീകളിലേക്കു ഗാന്ധിയൻ ആദർശങ്ങളെത്തിക്കുന്ന കവിതകളും അക്കാലത്ത്
സ്ത്രീകൾ ധാരാളമെഴുതിയിരുന്നു. അവയിലൊന്നായിരുന്നു ബാലാമണിയമ്മയുടെ
'ഇനിമേലിൽ' (1934).
ഇനിമേലിൽ സാവിത്രി നിൻ തനയമാരിവർ നിജ
പ്രണയികൾക്കരിയ കാൽക്കെട്ടുകളാകാ
ഇനിമേലിൽ പുതുപ്പട്ടിൽ പൊതിഞ്ഞ പൊൻപാവകളായ്
മണിമേടപ്പുറത്തിവർ മരുവുകില്ല
മർദ്ദിതരാം പാവങ്ങൾതൻ അശ്രുബിന്ദുക്കളാൽത്തീർത്ത
മുത്തുമാല ചാർത്തിക്കഴുത്തുയർത്തുകയില്ല.
പ്രണയികൾക്കരിയ കാൽക്കെട്ടുകളാകാ
ഇനിമേലിൽ പുതുപ്പട്ടിൽ പൊതിഞ്ഞ പൊൻപാവകളായ്
മണിമേടപ്പുറത്തിവർ മരുവുകില്ല
മർദ്ദിതരാം പാവങ്ങൾതൻ അശ്രുബിന്ദുക്കളാൽത്തീർത്ത
മുത്തുമാല ചാർത്തിക്കഴുത്തുയർത്തുകയില്ല.
1930കളിലും എഴുത്തുകാരികൾക്കെതിരെ തെറിപ്രയോഗംനടത്തി അവരുടെ വായടപ്പിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരുന്നുവെങ്കിലും അതിനു ചുട്ട മറുപടികൊടുത്ത എഴുത്തുകാരികളുമുണ്ടായി. ആഭാസപ്രയോഗങ്ങളെ മറുതെറിയിലൂടെ നേരിടാൻ ധൈര്യംകാട്ടിയ എഴുത്തുകാരികളുണ്ടായി. എന്നാൽ, എഴുത്തിൽ ഇടുങ്ങിയ ലൈംഗികസദാചാരത്തെ എതിർത്തിരുന്ന പുരോഗമനപ്രസ്ഥാനവുമായി [ 182 ] എഴുത്തുകാരികൾക്ക് പരിമിതവും ചിലപ്പോൾ കലുഷിതവുമായ ബന്ധമാണുണ്ടായിരുന്നത്. 1940കളിൽ സജീവമായിത്തീർന്ന പുരോഗമനസാഹിത്യപ്രസ്ഥാനത്തെ തുറന്ന് അനുകൂലിച്ചുകൊണ്ട് പൊതുരംഗത്തുവന്ന എഴുത്തുകാരിയായിരുന്നു അന്തർജനം. പക്ഷേ, അവരെ ഉൾക്കൊള്ളാൻ ആ പ്രസ്ഥാനം തീരെ ശ്രമിച്ചില്ല. മാത്രമല്ല, പുരോഗമനസാഹിത്യകാരന്മാരുടെ ലൈംഗികസദാചാരവിരുദ്ധതയുടെ പൊള്ളത്തരത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവർ കഥയെഴുതി ('റിയലിസം' എന്ന കഥ)യെന്നത് വലിയ വിവാദത്തിനിടയാക്കി. തകഴി ശിവശങ്കരപ്പിള്ള അവർക്കെതിരെ മറ്റൊരു കഥയെഴുതി - അവരെ വ്യക്തിപരമായി അധിക്ഷേപിച്ച 'ആദർശാത്മകത' എന്ന കഥ!
1930കളിലും 40കളിലും
നമ്പൂതിരിസമുദായത്തിനുള്ളിൽ സ്ത്രീകളുടെ ദുരിതമയമായ ജീവിതത്തെ കഠിനമായി
വിമർശിച്ച നിരവധി സാമുദായികപരിഷ്ക്കരണമാടകങ്ങളുണ്ടായി - അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, മറക്കുടയ്ക്കുള്ളിലെ മഹാനരകം, ഋതുമതി മുതലായവ. എന്നാൽ അന്തർജനസമാജത്തിന്റെ മേൽക്കയ്യിൽ അവതരിപ്പിക്കപ്പെട്ട തൊഴിൽകേന്ദ്രത്തിലേക്ക്
'അന്തർജനങ്ങൾ അന്തർജനങ്ങൾക്കുവേണ്ടി ബോധപൂർവ്വം ആദ്യമായി നടത്തിയ'
നാടകമെന്ന് വിശേഷിപ്പിക്കപ്പെട്ടു. 'രക്ഷകനായ പുരുഷൻ' ഹതഭാഗ്യയായ
അന്തർജനത്തെ രക്ഷിക്കുന്ന പ്രമേയമായിരുന്നില്ല ഇതിൽ - രക്ഷകനെത്തുംവരെ
കാത്തിരിക്കാതെ തൊഴിൽചെയ്തു തന്നെത്താൻ ജീവിക്കാൻ പുറപ്പെടുന്ന
അന്തർജനങ്ങളാണ് മുഖ്യകഥാപാത്രങ്ങൾ. ഈ നാടകം വൈദികാധികാരത്തിനുനേരെ
മാത്രമല്ല, 'പുരുഷമേധാവിത്വ'ത്തിനുനേർക്കുകൂടിയാണ് കൈയോങ്ങുന്നതെന്ന്
അവതാരികയിൽ പറഞ്ഞിരിക്കുന്നു.
പക്ഷേ, പലപ്പോഴും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പിൻബലംകൊണ്ടുമാത്രമാണ് കലാകാരികൾക്കു പിടിച്ചുനിൽക്കാനായതെന്ന കാര്യം വിസ്മരിച്ചുകൂട - സമുദായദൃഷ്ടിയിൽ കലാപ്രവർത്തകയാവുക എന്നത് അഭിലഷണീയമായിരുന്നില്ല. സമുദായത്തിന്റെ ഘോരമായ എതിർപ്പിനെ കല്ലിന്റെയും വെടിയുണ്ടയുടെയും രൂപത്തിൽ നേരിട്ടുകൊണ്ടാണ് നിലമ്പൂർ അയിഷയെപ്പോലുള്ളവർ നാടകരംഗത്ത് ഉറച്ചുനിന്നത്.
പക്ഷേ, പലപ്പോഴും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പിൻബലംകൊണ്ടുമാത്രമാണ് കലാകാരികൾക്കു പിടിച്ചുനിൽക്കാനായതെന്ന കാര്യം വിസ്മരിച്ചുകൂട - സമുദായദൃഷ്ടിയിൽ കലാപ്രവർത്തകയാവുക എന്നത് അഭിലഷണീയമായിരുന്നില്ല. സമുദായത്തിന്റെ ഘോരമായ എതിർപ്പിനെ കല്ലിന്റെയും വെടിയുണ്ടയുടെയും രൂപത്തിൽ നേരിട്ടുകൊണ്ടാണ് നിലമ്പൂർ അയിഷയെപ്പോലുള്ളവർ നാടകരംഗത്ത് ഉറച്ചുനിന്നത്.
'സാഹിത്യത്തെ ജീവിതത്തോടടുപ്പിക്കുക' എന്ന പുരോഗമനസാഹിത്യ മുദ്രാവാക്യത്തിലൂടെ കീഴാളസ്ത്രീകൾ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയ കാലത്ത് - 1930കളിൽ - മനഃശക്തിയെക്കാളധികം സുന്ദരസ്ത്രീരൂപങ്ങളുടെ തിരിച്ചുവരവുണ്ടായിയെന്നു വേണമെങ്കിൽ പറയാം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണൻ കേരളത്തിൽ ഏറ്റവും ജനപ്രിയമായ രചനയായിരുന്നു - അതിലെ സ്ത്രീകഥാപാത്രത്തിന്റെ സവിശേഷതതന്നെ, മനഃശക്തിയുടെ കുറവാണ്. (നാരിയുടെ അബലത്വവും ചപലത്വവും പാടിനടക്കുന്നവരെക്കണ്ടിട്ടാണ് കെ. സരസ്വതിയമ്മ അതിന് പിൽക്കാലത്ത് ഒരു 'മറുപടിക്കഥ' എഴുതിയത് - 'രമണി' എന്ന പേരിൽ). സ്ത്രീയെ സുന്ദരവും കാമ്യവുമായ എന്നാൽ ചഞ്ചലമായ ഒരു വസ്തുവായി ചിത്രീകരിച്ചതിൽ ചങ്ങമ്പുഴയ്ക്ക് വലിയൊരു പങ്കുണ്ട്. ഈ പ്രവണതയെ നേരിട്ടും അല്ലാതെയും വിമർശിച്ചവരാണ് അന്തർജനവും സരസ്വതിയമ്മയും. 'മാതൃത്വ'ത്തിന്റെ കുപ്പായം സരസ്വതിയമ്മയ്ക്ക് തീരെ ചേരാത്തതുകൊണ്ടാവാം, നിരൂപകലോകം അവരെ പൂർണ്ണമായും അവഗണിച്ചു. 1970കളിൽ അവരുടെ മരണം ഏറെക്കുറെ ശ്രദ്ധിക്കപ്പെടാതെ കടന്നുപോയി. > കാണുക പുറം 121 < 1990കളിൽ കേരളത്തിൽ സ്ത്രീപക്ഷസാഹിത്യം ശക്തമായതോടെയാണ് അവരുടെ കൃതികൾ വീണ്ടും വായിക്കപ്പെട്ടത്.
1950കൾക്കുശേഷവും സാഹിത്യരംഗത്ത് സ്ത്രീകൾ പൊരുതിത്തന്നെയാണ് നിന്നത്. സാഹിത്യരംഗത്തെ പുരുഷാധികാരം ആധുനികതാപ്രസ്ഥാനത്തിലൂടെ പുതുരൂപംപൂണ്ട് ഉയർന്നുവന്ന കാലത്ത് മാധവിക്കുട്ടി എന്ന പ്രതിഭാസം കേരളത്തിൽ അപ്പോഴേക്കും ഉറച്ചുകഴിഞ്ഞിരുന്ന കുടുംബാദർശങ്ങളെയും സ്ത്രീപുരുഷബന്ധങ്ങളെയും തന്റെ എഴുത്തിലൂടെ കീറിമുറിച്ചുകൊണ്ടിരുന്നു. വീടുമായി സ്ത്രീയെ ബന്ധിപ്പിക്കുന്ന സ്ത്രീത്വദർശനത്തിന് അവർ എതിരായിരുന്നില്ല; എന്നാൽ നിലവിലുള്ള ലിംഗാദർശത്തിൽ വീട് സ്ത്രീയുടെ തടവറ മാത്രമാണെന്നും തീരെ സന്തോഷമോ സൗന്ദര്യമോ ഇല്ലാത്ത, ഒരിക്കലും തീരാത്ത ജോലിയും ഒരിക്കലുമൊടുങ്ങാത്ത ഭാരങ്ങളും സ്ത്രീയുടെമേൽ കെട്ടിയേൽപ്പിക്കുന്ന ഒരു സ്ഥാപനമാണതെന്നും തന്റെ കഥകളിലൂടെ അവർ വീണ്ടുംവീണ്ടും നമ്മെ ഓർമ്മപ്പെടുത്തി. അതുപോലെ, സ്ത്രീപുരുഷസ്നേഹത്തെ അവർ വളരെ വിലമതിച്ചിരുന്നു - പക്ഷേ സ്ത്രീയെ വെറുമൊരു വസ്തുവായി കരുതുന്ന പുരുഷത്വത്തിന് മേൽക്കൈയുള്ളിടത്തോളം സ്ത്രീപുരുഷബന്ധം സുന്ദരമാവില്ലെന്ന് അവർ തറപ്പിച്ചുപറഞ്ഞു. സ്നേഹത്തെയും സൗന്ദര്യത്തെയും ഏതുരീതിയിലും സ്വീകരിക്കണമെന്നും, അതിനാൽ സമൂഹം അടിച്ചേൽപ്പിക്കുന്ന സദാചാരത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും അവർ മലയാളികളെ പഠിപ്പിക്കാൻ ശ്രമിച്ചു. എന്റെ കഥ എന്ന അവരുടെ ആത്മകഥയ്ക്ക് സമാനമായ ഒന്നും മലയാളത്തിലില്ല. എങ്കിലും അവസാനംവരെയും അവരെ പലതരത്തിൽ വേട്ടയാടാനാണ് മലയാളിസമൂഹം ശ്രമിച്ചത്. പിൽക്കാലത്ത് അതിൽ ആത്മകഥാംശമില്ലെന്നുകൂടി അവർ പറയുകയുണ്ടായി.
[ 183 ]
1915ൽ മലപ്പുറംജില്ലയിലെ
തിരുനാവായയ്ക്കടുത്ത് ഒരു യാഥാസ്ഥിതിക നായർതറവാട്ടിൽ ജനിച്ചു. ചെറുപ്പത്തിൽ
കായികവിനോദങ്ങളിൽ വലിയ താൽപര്യമായിരുന്നു; ഇതിനുപുറമെ സംസ്കൃത
കാവ്യനാടകാദികളും പരിചയിച്ചു. എന്നാൽ നൃത്തം ഒരു
വിദൂരസ്വപ്നംപോലുമായിരുന്നില്ല. 1937ൽ, ഇരുപത്തിരണ്ടാംവയസ്സിൽ
സംസ്കൃതഗ്രന്ഥങ്ങളെക്കുറിച്ച് വിവരങ്ങൾ തിരക്കിയാണ് അവർ
കലാമണ്ഡലത്തിലെത്തിയത്; അദ്ധ്യാപികയാകാനുള്ള പരീക്ഷയ്ക്കിരിക്കാൻവേണ്ടി. ആ
സമയത്ത് മോഹിനിയാട്ടം വിദ്യാർത്ഥിനികളിലൊരാൾ വിവാഹംകഴിക്കാനായി പരിശീലനം
ഉപേക്ഷിച്ചിരുന്നു. കുടുംബസുഹൃത്തുകൂടിയായിരുന്ന മഹാകവി വള്ളത്തോളിന്റെ
പ്രേരണയിൽ കല്യാണിക്കുട്ടിയമ്മ നൃത്തപരിശീലനത്തിനു തയ്യാറായി. കഠിനമായ
പരിശീലനത്തിനൊടുവിൽ 1939ൽ അരങ്ങേറ്റം നടത്തി. ഇതിനിടെ കുടുംബത്തിൽനിന്നും
അതിശക്തമായ എതിർപ്പുണ്ടായതിനെ അവർ ധൈര്യമായിത്തന്നെ നേരിട്ടു. കലാമണ്ഡലം
കൃഷ്ണൻനായരുമായുള്ള പ്രണയം പ്രശ്നമായി മാറി - കാരണം കലാമണ്ഡലത്തിലെ
അംഗങ്ങൾതമ്മിലുള്ള അടുപ്പങ്ങളെ വള്ളത്തോൾ തീരെ
പ്രോത്സാഹിപ്പിച്ചിരുന്നില്ല. 1940ൽ വിവാഹംകഴിച്ച അവർ ഒരുവർഷത്തോളം
ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചശേഷം, കലാമണ്ഡലം വിട്ടു. 1950കളുടെ
അവസാനംവരെയും പല സ്ഥലങ്ങളിലായി അവർ നൃത്തപരിശീലനം നൽകി ജീവിച്ചു.
മോഹിനിയാട്ടത്തിന്റെ സമുദ്ധാരകൻ എന്ന ബിരുദം വള്ളത്തോളിനാണ് നാം
നൽകാറുള്ളതെങ്കിലും ഇന്നത്തെ മോഹിനിയാട്ടത്തെ ഈ
രൂപത്തിലാക്കിത്തീർത്തതിന്റെ മുഴുവൻ അഭിനന്ദനവും
കല്യാണിക്കുട്ടിയമ്മയ്ക്കാണ്. ഭരതനാട്യത്തിൽ രുഗ്മിണീദേവിക്കു
കൽപ്പിക്കപ്പെടുന്ന സ്ഥാനം കല്യാണിക്കുട്ടിയമ്മയ്ക്ക്
മോഹിനിയാട്ടത്തിലുണ്ട്. ഇക്കാലത്തെ നവീനസ്ത്രീത്വത്തിന്റെ ശക്തമായ സ്വാധീനം
അവരുടെ മോഹിനിയാട്ട പുനർനിർമ്മാണത്തിൽ കാണാനുമുണ്ട്. എങ്കിലും ശുഷ്കമായ
നമ്മുടെ സാമൂഹ്യചരിത്രത്തിനു പുറത്താണ് അവരിന്നും! അതിനേക്കാൾ അദൃശ്യരായ
മറ്റൊരു കൂട്ടരുണ്ട് - കല്യാണിക്കുട്ടിയമ്മയ്ക്ക്
മോഹിനിയാട്ടത്തെക്കുറിച്ച് അറിവുനൽകിയ ശുചീന്ദ്രം, പത്മനാഭപുരം
ക്ഷേത്രത്തിലെ ദേവദാസികൾ! 'ചീത്തസ്ത്രീകളാ'യി മുദ്രകുത്തപ്പെട്ട അവരുടെ
കലാശേഷിയും കലാപരിചയവും ഊറ്റിയെടുത്തശേഷം, അവരെ ചരിത്രത്തിന്റെ
ഇരുട്ടിലേക്കു തള്ളാനാണ് 'പരിഷ്കൃത'വും 'മാന്യ'വുമായ നവവരേണ്യസമൂഹം -
നവവരേണ്യസ്ത്രീത്വവും - മുതിർന്നത്.
ആധുനികവിദ്യാഭ്യാസം ലഭിച്ച ആദ്യ തലമുറക്കാരികളിൽ പലരും ആത്മകഥാരചനയിലേർപ്പെട്ടിരുന്നു. ഉദാഹരണത്തിന് കോച്ചാട്ടിൽ കല്യാണിക്കുട്ടിയമ്മ, സി. കെ. രേവതിയമ്മ, അന്നാ ചാണ്ടി തുടങ്ങിയവർ. കഴിഞ്ഞ നൂറുവർഷക്കാലത്തിനിടയിൽ സ്ത്രീകളുടേതായ സംഭാവന തികച്ചും അഭിമാനകരംതന്നെ. ഇവയിൽപ്പലതും 'വിവാഹത്തിന്റെ ജീവചരിത്ര'ങ്ങളായിരുന്നുവെന്ന് ചരിത്രകാരിയായ ജി. അരുണിമ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്കിലും സ്വാനുഭവങ്ങളെ കാലത്തിന്റെ വിദൂരതയിൽനിന്ന് വിലയിരുത്താനുള്ള ശ്രമങ്ങളും ഇക്കൂട്ടത്തിലുണ്ട്.
മാധവിക്കുട്ടിയെക്കൂടാതെ രാജലക്ഷ്മി, പി. വത്സല, സുഗതകുമാരി തുടങ്ങി മറ്റു പലരുമുണ്ടായി. 1980കളിൽ സ്ത്രീപക്ഷസാഹിത്യരചന എങ്ങനെയിരിക്കണമെന്ന ചർച്ചയ്ക്ക് പുതുജീവൻ കൈവന്നു. എന്നാൽ എഴുത്തുകാരികളുടെ വഴി ഒരിക്കലും എളുപ്പമായിരുന്നില്ല. മാധവിക്കുട്ടി കുടുംബത്തിന്റെയും അയൽവക്കത്തിന്റെയുംമറ്റും കടുത്ത എതിർപ്പിനെ നേരിട്ടുകൊണ്ടാണ് എഴുതിയത്. ഇത്തരം എതിർപ്പിന് എഴുത്തുകാരികളിൽ ഒരാളെ കൊല്ലാനും കഴിഞ്ഞു - രാജലക്ഷ്മി. ചെറുപ്രായത്തിൽത്തന്നെ വലിയ അംഗീകാരം വായനക്കാരിൽനിന്നും നേടിയെടുത്ത എഴുത്തുകാരിയായിരുന്നു അവർ. നിരവധി പുരസ്കാരങ്ങളും അവർ നേടിക്കഴിഞ്ഞിരുന്നു. എന്നിട്ടും തീരാത്ത ശല്യപ്പെടുത്തൽ അവരെ ആത്മഹത്യയിലേക്കു നയിച്ചു. ചന്ദ്രമതി, ഗീതാ ഹിരണ്യൻ തുടങ്ങി ഇന്നു പ്രശസ്തരായിത്തീർന്നിട്ടുള്ള എഴുത്തുകാരികളും എഴുതാൻവേണ്ടി തങ്ങൾക്കു നടത്തേണ്ടിവന്ന സമരങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്തിന്, ഏറ്റവുമടുത്തകാലത്ത് എഴുതിത്തുടങ്ങിയ, ഇന്നു പ്രസിദ്ധയായ കെ.ആർ. മീരയുടെ 'ഓർമ്മയുടെ ഞരമ്പ്' എന്ന കഥ എഴുതാൻ ദഹിച്ച ഒരു സ്ത്രീയെക്കുറിച്ചാണ് പറയുന്നത്.
വളരെ പഴക്കമുള്ള ക്ഷേത്രകലയായ
കൂടിയാട്ടത്തിൽ സ്ത്രീക്ക് സവിശേഷമായ ഒരിടം കൽപ്പിച്ചിരുന്നു. എന്നാൽ
ചാക്യാർസ്ത്രീകളല്ല സ്ത്രീവേഷം അവതരിപ്പിച്ചിരുന്നത്; അമ്പലവാസിജാതിയുടെ
ഉപജാതിയായ നമ്പ്യാർജാതിയിലെ സ്ത്രീകളെയാണ് അഭിനയം അഭ്യസിപ്പിച്ചിരുന്നത്.
ജാതിനിയമങ്ങൾക്കു കീഴ്വഴങ്ങിയ സ്ത്രീസാന്നിദ്ധ്യമായിരുന്നു അതെന്നു സാരം.
'നങ്ങ്യാന്മാർ' എന്നു വിളിക്കപ്പെട്ടിരുന്ന ഇവരുടെ സവിശേഷമായ കലാപ്രകടനമാണ്
'നങ്ങ്യാർകൂത്ത്'. സ്ത്രീവേഷമില്ലാത്ത കഥയാണെങ്കിലും നങ്ങ്യാരെക്കൂടാതെ
അഭിനയം പാടില്ലെന്ന് ഒരു ചിട്ടയുണ്ടായിരുന്നു. മാർഗി സതിയുടെ നേതൃത്വത്തിൽ
നങ്ങ്യാർകൂത്ത് ഇന്ന് പ്രശംസനീയമാംവിധം പുനർജ്ജനിച്ചിരിക്കുന്നു.
കൃഷ്ണകഥകൾക്കു പുറമെ രാമായണകഥകളും കണ്ണകീചരിതവും അരങ്ങിൽ
അവതരിപ്പിക്കപ്പെടുന്നു. പുരുഷന്മാരുടേതായ നൃത്തരൂപങ്ങൾ സ്ത്രീകൾ
അഭ്യസിച്ച് അവതരിപ്പിച്ചതിന്റെ ചില ഉദാഹരണങ്ങളുമുണ്ട്. മാർഗ്ഗംകളി
പന്ത്രണ്ടു പുരുഷന്മാർ ചേർന്ന് അവതരിപ്പിച്ചിരുന്ന നൃത്തമായിരുന്നുവെന്ന്
ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇന്ന് അത് സ്ത്രീകളുടെ നൃത്തരൂപമായി
മാറിയിരിക്കുന്നു. കഥകളിയിലും സ്ത്രീസാന്നിദ്ധ്യം വർദ്ധിച്ചിട്ടുണ്ട്. ചവറ
പാറുക്കുട്ടിയമ്മയെ പോലുള്ള പ്രസിദ്ധരായ അഭിനേത്രികളെ പിന്തുടർന്ന് ഇന്ന്
നിരവധി സ്ത്രീകൾ ആ രംഗത്തേക്കു കടന്നിട്ടുണ്ട്.
(വിവരങ്ങൾ മാധവമേനോൻ (എഡി.), ഹാൻഡ്ബുക്ക് ഓഫ് കേരള, വാല്യം 2, തിരുവനന്തപുരം എന്ന ഗ്രന്ഥത്തിൽനിന്ന്)
(വിവരങ്ങൾ മാധവമേനോൻ (എഡി.), ഹാൻഡ്ബുക്ക് ഓഫ് കേരള, വാല്യം 2, തിരുവനന്തപുരം എന്ന ഗ്രന്ഥത്തിൽനിന്ന്)
ഇന്ന് കേരളീയസാഹിത്യമേഖലയിൽ ധാരാളം സ്ത്രീകൾ സന്നിഹിതരാണ്. 1980കളുടെ അവസാനം സാറാ ജോസഫിന്റെ കഥകളുടെ വായനയിലൂടെ 'സ്ത്രീപക്ഷസാഹിത്യം' അഥവാ 'പെണ്ണെഴുത്ത് - [ 185 ] എന്ന സാദ്ധ്യത ഉയർന്നുവന്നു. വ്യവസ്ഥാപിത നിരൂപണത്തിന്റെ അതിരൂക്ഷമായ ശകാരവും പരിഹാസവും 'പെണ്ണെഴുത്തി'ന്റെ വക്താക്കൾക്കു സഹിക്കേണ്ടിവന്നു. അന്തർജനത്തിന്റെയും മാധവിക്കുട്ടിയുടെയും എഴുത്തിനെ വ്യവസ്ഥാപിത ലിംഗാദർശങ്ങളിലേക്കും സാഹിത്യപ്രമാണങ്ങളിലേക്കും ഒതുക്കാൻ മുഖ്യധാരാവിമർശനത്തിനു കഴിഞ്ഞിരുന്നു. എന്നാൽ സരസ്വതിയമ്മയുടെ എഴുത്തിനെയോ സാറാ ജോസഫിന്റെ (അക്കാലത്തെഴുതിയ) കഥകളെയോ അത്തരത്തിൽ ഒതുക്കാൻ എളുപ്പമായിരുന്നില്ല. മുഖ്യധാരയിൽനിന്ന് അകന്നുനിൽക്കുന്നത് ബുദ്ധിപരമല്ലെന്ന അഭിപ്രായം ചില എഴുത്തുകാരികൾക്കുമുണ്ടായിരുന്നു. ഇക്കാലത്ത് കവിതയിലും തുറന്നരീതിയിലുള്ള സ്ത്രീപക്ഷത്തുനിന്നും ആൺകോയ്മാവിമർശനം കേട്ടുതുടങ്ങി - സാവിത്രി രാജീവൻ, വിജയലക്ഷ്മി തുടങ്ങിയവരുടെ കവിതകളിൽ. കഥാരംഗത്ത് ഗീതാ ഹിരണ്യൻ, ചന്ദ്രമതി, ഗ്രേസി തുടങ്ങിയവരുടെ സാന്നിദ്ധ്യം അനിഷേദ്ധ്യമായി. ഇവരിൽപ്പലരും 'പെണ്ണെഴുത്തി'നെക്കുറിച്ച് സംശയാലുക്കളായിരുന്നെങ്കിലും അവർ തങ്ങളുടെ രചനകളിൽ ആൺകോയ്മാരൂപങ്ങളെ അതിശക്തമായി ആക്രമിക്കാൻ മടിച്ചില്ല. പെണ്ണെഴുത്തെന്ന ആശയത്തെ എഴുത്തുകാരികൾതന്നെ തള്ളിക്കളഞ്ഞത്, വാസ്തവത്തിൽ മറ്റൊരു വിധത്തിൽ വായിക്കേണ്ടതാണ്. അന്നുവരേയും മലയാളസാഹിത്യമണ്ഡലത്തിൽ നെടുനായകത്വം വഹിച്ച പുരുഷാധികാരസ്ഥാപനമായ സാഹിത്യവിമർശനത്തിന്റെ ആധികാരികതയെയാണ് എഴുത്തുകാരികൾ തള്ളിക്കളഞ്ഞത്. സ്ത്രീകളുടെ എഴുത്തിനെ പേരിട്ടുവിളിക്കാൻ വിമർശകർക്കുണ്ടായിരുന്ന അധികാരമാണ് ചോദ്യംചെയ്യപ്പെട്ടത്. പെണ്ണെഴുത്തിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരുമായ എഴുത്തുകാരികളെല്ലാവരും കേരളത്തിലെ ആൺകോയ്മയെ അതിശക്തമായിത്തന്നെ എതിർത്തിട്ടുണ്ടെന്ന കാര്യം വളരെ പ്രസക്തമാണ്. സമീപകാലത്ത് മലയാളസാഹിത്യരംഗത്തേക്ക് സ്ത്രീകളുടെ കടന്നുകയറ്റംതന്നെ ഉണ്ടായിട്ടുണ്ട് - പ്രത്യേകിച്ച് ചെറുകഥാരംഗത്ത്. ഇന്നവർ നേടിയ വിജയം മുമ്പുപറഞ്ഞ വിമർശകതിരസ്ക്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് വാദിക്കാവുന്നതാണ്.
എഴുത്തിന്റെ ലോകത്തേക്ക് പ്രവേശനംലഭിക്കാത്ത സ്ത്രീകളും ആത്മാഖ്യാനങ്ങളിലൂടെ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. നളിനി ജമീലയുടെ ആത്മകഥ വലിയ വിവാദം സൃഷ്ടിച്ചെങ്കിലും പുതിയ ഇടങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. 'എഴുത്തുകാരി' എന്ന അംഗീകാരം പിടിച്ചുവാങ്ങാൻ അവർ നടത്തിയ ഉറച്ചശ്രമം മലയാളസാഹിത്യത്തിന്റെ വരേണ്യതയെ വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു.
കീഴാളസ്ത്രീകൾക്ക് പ്രവേശനമില്ല!
നാടകരംഗത്ത് ഇന്ന് ഒരു സ്ത്രീപക്ഷം രൂപപ്പെട്ടു കഴിഞ്ഞു. സുധി, രാജേശ്വരി, സജിത, ശ്രീജ, ശ്രീലത തുടങ്ങിയ കഴിവുറ്റ നാടകപ്രവർത്തകർ ഇന്ന് സജീവമായുണ്ട്. സ്ത്രീപക്ഷചർച്ചകളുടെ അന്തരീക്ഷം അഭിനേത്രി പോലുള്ള സംഘങ്ങൾക്കു ജന്മം നൽകി. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ വനിതാകലാജാഥകളും 1980കളിലെ സമത തുടങ്ങിയ സംഘങ്ങളും പിന്നീടു നടന്ന സ്ത്രീപക്ഷ നാടകക്യാമ്പുകളും സ്ത്രീപക്ഷനാടകമെന്ന ആശയത്തെ പ്രത്യേകരീതികളിൽ വ്യാഖ്യാനിച്ചു. വളരെക്കാലത്തെ പിൻനിലയെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്നത്തെ ഊർജ്ജം സ്ത്രീപക്ഷ നാടകപ്രവർത്തകർ സമ്പാദിച്ചത്. നാടകരംഗത്ത് പുരുഷന്മാർ സ്ത്രീവേഷംകെട്ടുന്ന പതിവ് 1940കളോടെ അകന്നുതുടങ്ങി. 1940കളിലെ മലയാള നാടകവേദിയിലേക്ക് അഭിനേതാക്കളായി നിരവധി സ്ത്രീകൾ കടന്നുവന്നു - തങ്കം വാസുദേവൻനായർ, സി.കെ. രാജം, ഓമല്ലൂർ ചെല്ലമ്മ, അമ്പലപ്പുഴ മീനാക്ഷിയമ്മ, സി.കെ. സുമതിക്കുട്ടിയമ്മ, കൊടുങ്ങല്ലൂർ അമ്മിണിയമ്മ തുടങ്ങിയവർ. ഈ ദശകത്തിലെ രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ ഭാഗമായി ഉയർന്നുവന്ന കലാപ്രവർത്തനം നിരവധി സ്ത്രീകളെ ദൃശ്യകലാവേദികളിലെത്തിച്ചു. പിന്നീട് കെ.പി.എ.സി. മുതലായ പ്രസ്ഥാനങ്ങളിലൂടെ കൂടുതൽ സ്ത്രീകൾ അഭിനയരംഗത്തെത്തി.
നാടകനടികളുടെ സ്ഥിതി ഇതായിരുന്നെങ്കിൽ, നർത്തകിമാരുടെ സ്ഥിതി ദയനീയമായിരുന്നു. 'മോഹിനിയാട്ട'മെന്ന നൃത്തരൂപം അഴിഞ്ഞാട്ടംമാത്രമാണെന്ന ശക്തമായ പ്രചരണത്തെ ചെറുത്തുകൊണ്ടാണ് മഹാകവി വള്ളത്തോൾ അതിനെ പുനരുദ്ധരിക്കാൻ ശ്രമിച്ചത്. ഇതിനായി അദ്ദേഹമേർപ്പെടുത്തിയ 'സദാചാരസംവിധാന'ത്തെക്കുറിച്ച് അദ്ദേഹത്തിന്റെ 'കേരളകലാമണ്ഡല'ത്തിലെ ആദ്യകാല പ്രവർത്തകരിലൊരാളായിരുന്ന വിഖ്യാതകഥകളിനടൻ കലാമണ്ഡലം കൃഷ്ണൻനായർ എഴുതിയിട്ടുണ്ട്. ലൈംഗികമായ എല്ലാ സൂചനകളിൽനിന്നും നൃത്തകലയെ വിമുക്തമാക്കിക്കൊണ്ടാണ് അതിനെ പുനരുദ്ധരിക്കേണ്ടതെന്ന ധാരണ അക്കാലത്ത് ശക്തമായിരുന്നു.
നാടകത്തിന്റെ കാര്യമെടുത്താൽ, കാക്കാരിശ്ശിനാടകംപോലുള്ള കീഴാളകലാരൂപങ്ങളിൽ സ്ത്രീകൾ അഭിനയിച്ചിരുന്നു; അക്കാലത്ത് കാക്കാരിശ്ശിനാടകത്തിന് നല്ല ജനപ്രീതിയുണ്ടായിരുന്നെന്ന സൂചനകളുമുണ്ട്. അപ്പോൾ ഈ കലാരൂപങ്ങളിലൂടെ രംഗപരിചയം നേടിയ കീഴാളകലാകാരികൾക്ക് ആധുനികനാടകത്തിലേക്ക് എളുപ്പത്തിൽ [ 186 ] പ്രവേശനം എന്തുകൊണ്ടു കിട്ടിയില്ല? ജാതിചിന്തയ്ക്കെതിരെ വെല്ലുവിളികളുയർന്ന 'നവോത്ഥാനകാല'ത്തിൽ നാം ഇത്തരമൊരു പ്രവേശനം എന്തുകൊണ്ടു കാണുന്നില്ല?
ആലോചിക്കേണ്ട കാര്യമാണിത്. ജാതിവിരോധത്തിന്റെ വേരുകൾ എത്രത്തോളം ആഴത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന് നാം പലപ്പോഴും ഓർക്കാറില്ല - കലാരംഗത്ത് അതെത്രത്തോളം ആണ്ടുകിടക്കുന്നുവെന്നും. ആധുനികസാഹിത്യരംഗത്തേക്ക് കീഴാളസ്ത്രീകൾക്ക് പ്രവേശനം ലഭിച്ചിരുന്നില്ല; അക്കാലത്ത് എഴുത്തും വായനയുംപോലും അവർക്കധീനമായിരുന്നില്ല. ആധുനിക നാടകരംഗത്തും അവരുടെ പ്രവേശനം എളുപ്പമായിരുന്നില്ല. വരേണ്യഭാഷ അവർക്ക് എളുപ്പത്തിൽ വഴങ്ങില്ലായിരുന്നു എന്നുവേണമെങ്കിൽ വാദിക്കാം. എന്നാൽ ജാതീയമായ അടിച്ചമർത്തലിൽനിന്ന് വലിയൊരളവുവരെ രക്ഷപ്പെട്ട കീഴാളർ കേരളത്തിലുണ്ടായിരുന്നു - മിഷണറിസഭകളിലൂടെ ക്രിസ്തുമതം സ്വീകരിച്ചവർ. തെക്കൻതിരുവിതാംകൂറിൽ ഇവരുടെ എണ്ണം കുറവായിരുന്നില്ല. ഇക്കൂട്ടരിൽനിന്നും ദൃശ്യകലാരംഗത്തേക്കെത്തിയ ഒരു കീഴാളസ്ത്രീയുടെ - മലയാളസിനിമയുടെ ആദ്യനായികയായ റോസിയുടെ - ഭീകരാനുഭവം ആരെയും ഇരുത്തിച്ചിന്തിപ്പിക്കും.
ഇരുപത്തിയഞ്ചുകാരിയായ റോസമ്മ തിരുവനന്തപുരത്തിനടുത്തു ജനിച്ച ഒരു കീഴാളസ്ത്രീയായിരുന്നു. കാക്കാരിശ്ശിനാടകങ്ങളിൽ അഭിനയിച്ചിരുന്ന റോസിക്കുവേണ്ടി കാക്കാരിശ്ശിനാടകസംഘങ്ങൾ തമ്മിൽ പിടിവലി നടന്നിരുന്നത്രേ - ആ രംഗത്ത് അവർ നല്ല കലാകാരിയായി അറിയപ്പെട്ടിരുന്നു എന്നർത്ഥം. ക്രിസ്തുമതത്തിലേക്കു മാറിയ ഒരു പുലയകുടുംബാംഗമായിരുന്ന അവർ കർഷകത്തൊഴിലാളിയുംകൂടിയായിരുന്നു. തിരുവിതാംകൂറിൽ ആദ്യം നിർമ്മിച്ച ചിത്രമായ വിഗതകുമാരനിലെ നായികയാവാൻ നറുക്കുവീണത് അവർക്കാണ്. ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമായ ജെ.സി. ഡാനിയേൽ ക്രിസ്തുമതം സ്വീകരിച്ച നാടാർസമുദായാംഗമായിരുന്നു - സ്വത്തും കൊട്ടാരത്തിൽ സ്വാധീനവുമുണ്ടായിരുന്ന വ്യക്തി. ഏതുവിധത്തിൽ നോക്കിയാലും അന്നത്തെ തിരുവിതാംകൂറിലെ നായന്മാർ കൈവശംവച്ചിരുന്ന ജാത്യാധികാരത്തെ വെല്ലുവിളിച്ച ഒരുദ്യമമായിരുന്നു വിഗതകുമാരൻ. 1928ൽ തിരുവനന്തപുരത്തുവച്ച് ഈ സിനിമ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു. റോസിയുടെ രൂപം വെള്ളിത്തിരയിൽ തെളിഞ്ഞപ്പോഴൊക്കെ സദസ്സ് അക്രമാസക്തമായെന്നും സിനിമാകൊട്ടകയ്ക്കകത്തെ മുതൽ നശിപ്പിച്ചുവെന്നും അന്നത്തെ പത്രവാർത്തകൾ പറയുന്നു. ജെ.സി. ഡാനിയേലും സിനിമകാണാനെത്തിയ ചില മാന്യന്മാരും പ്രൊജക്ടർമുറിയിൽ കയറിയാണത്രെ രക്ഷപ്പെട്ടത്. പിറ്റേദിവസംതന്നെ സിനിമാപ്രദർശനം നിർത്താൻ സർക്കാരുത്തരവിട്ടു. പക്ഷേ, അക്രമികൾ റോസിയെ പിൻതുടർന്നുകൊണ്ടേയിരുന്നു. [ 187 ] ഡാനിയേലിന്റെ പ്രത്യേക അപേക്ഷപ്രകാരം അവരുടെ വീട്ടിനുമുന്നിൽ പൊലീസ് കാവലേർപ്പെടുത്തി. എന്നാലിതുകൊണ്ടും കാര്യങ്ങളവസാനിച്ചില്ല. അവർ തുടർന്നും ആക്രമിക്കപ്പെട്ടു; ഒടുവിൽ കലാരംഗത്തുനിന്ന് അവർക്കു പൂർണ്ണമായും വിടവാങ്ങേണ്ടിവന്നു. 1940കളിലെയും 50കളിലെയും ഇടതുപക്ഷനാടകങ്ങളിലും സിനിമകളിലും നിരവധി കീഴാളസ്ത്രീകഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഒരു കീഴാളസ്ത്രീ ആ രംഗത്തേക്കു പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഇതായിരുന്നു അനുഭവം!
പൊതുവെ പറഞ്ഞാൽ, കലാരംഗത്തു പ്രവർത്തിച്ച സ്ത്രീകൾ, അവർ എത്രതന്നെ അംഗീകാരവും രാഷ്ട്രീയമാന്യതയും ഉള്ളവരായിരുന്നെങ്കിലും, സമൂഹത്തിന്റെ ഓരങ്ങളിൽ നിൽക്കേണ്ടവരാണെന്ന ധാരണ അടുത്തകാലംവരെയും ശക്തമായിരുന്നു. ആലപ്പുഴയിൽ ഏറ്റവും ജനപ്രീതി നേടിയ കലാകാരിയെന്ന ബഹുമതിക്ക് എന്തുകൊണ്ടും അർഹയായ പി.കെ. മേദിനിയുടെ അനുഭവം നോക്കൂ.> കാണുക പുറം 232 <
മലയാളസിനിമാചരിത്രത്തിലെന്നല്ല,
ലോകസിനിമാചരിത്രത്തിൽത്തന്നെ സിനിമാനിർമ്മാണം, ഛായാഗ്രഹണം, സംവിധാനം,
അഭിനയം തുടങ്ങിയ വിവിധമേഖലകളിലുള്ള സ്ത്രീകളുടെ
ആദ്യകാലപങ്കാളിത്തത്തെക്കുറിച്ച് വളരെക്കുറച്ച് അറിവേ നമ്മുടെ പക്കലുള്ളൂ.
സ്ത്രീകൾക്കുമാത്രമല്ല, സിനിമയ്ക്കും വളരെ കാര്യമായ ചരിത്രമൊന്നും ഇല്ലെന്ന
തെറ്റിദ്ധാരണയായിരുന്നു ഇതിനു കാരണം. 1980കൾക്കുശേഷം സ്ത്രീപക്ഷചിന്ത
ശക്തമായിട്ടും സിനിമാചരിത്രത്തോടുള്ള അവഗണന തുടർന്നതേയുള്ളു.
മലയാളത്തിലെ ആദ്യകാലനടികൾ നൃത്തം, നാടകം, ഹരികഥ, കഥാപ്രസംഗം തുടങ്ങിയ ഇതരകലകളിൽ പ്രവർത്തിച്ചവരായിരുന്നു. പത്മിനി (മാർത്താണ്ഡവർമ്മ, 1931), എം.കെ. കമലം, കൗസല്യ, ലക്ഷ്മി (ബാലൻ, 1938), സീതാലക്ഷ്മി (ജ്ഞാനാംബിക,
1942) തുടങ്ങിയ പലരും നാടകരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നവരാണ്.
ആറന്മുള പൊന്നമ്മ, ബി.എസ്. സരോജ, ലളിത-പത്മിനി-രാഗിണി തുടങ്ങി പിന്നീട്
സിനിമയിൽ സജീവമായി പ്രവർത്തിച്ചവരും നാടകം, നൃത്തം തുടങ്ങിയ
രംഗങ്ങളിൽനിന്നെത്തിയവരാണ്. 1940കളോടെ സിനിമയുടെ നവോത്ഥാനപ്രവർത്തനങ്ങളുടെ
ഭാഗമായി അഭ്യസ്തവിദ്യയായ മിസ് കുമാരിയെപ്പോലുള്ളവരും അഭിനയിച്ചുതുടങ്ങി.
ആദ്യകാല സ്ത്രീപ്രേക്ഷകരെയും അവരുടെ സിനിമാസമീപനത്തെയുംകുറിച്ചുള്ള വിവരങ്ങൾ വേണ്ടത്ര ലഭ്യമല്ല. 1926ൽ കൊല്ലംപട്ടണത്തിലെ സിനിമാശാലകളുടെ പ്രവർത്തനം തങ്ങളുടെകൂടെ സൗകര്യത്തിനാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫാക്ടറിത്തൊഴിലാളികളായ സ്ത്രീകൾ സമരംചെയ്തതായി മലയാള മനോരമ റിപ്പോർട്ടുചെയ്തിട്ടുണ്ട്. 1940കളോടെ സ്ത്രീകളെഴുതിയ സിനിമാനിരൂപണങ്ങൾ വിരളമായെങ്കിലും ആനുകാലികങ്ങളിൽ കണ്ടുതുടങ്ങി. സിനിമയെ ആദ്യംമുതൽക്കുതന്നെ സ്ത്രീകളെ ദോഷകരമായി ബാധിക്കുന്ന കലാരൂപമായി വിമർശകർ, സിനിമാനിർമ്മാതാക്കൾ മുതലായവർ കണക്കാക്കുന്നതായിക്കാണാം. മറുവശത്ത് സ്ത്രീകളെ യുക്തിചിന്തയ്ക്കു കഴിവില്ലാത്ത, വികാരജീവികളായ പ്രക്ഷകരായി കണക്കാക്കുന്നതും കാണാം.
നിർമ്മാണം, വിതരണം, ഛായാഗ്രഹണം തുടങ്ങിയ ക്യാമറയ്ക്കുപിന്നിലെ പ്രവർത്തനങ്ങളിൽ സ്ത്രീപങ്കാളിത്തം നന്നേ കുറവായിരുന്നു. ബാലൻമുതൽ പല ആദ്യകാലസിനിമകളിലും എഡിറ്ററായിരുന്ന പി.പി. വർഗ്ഗീസിന്റെ ഭാര്യ മറിയാമ്മ ആദ്യം അസിസ്റ്റന്റ് എഡിറ്ററായും പിന്നീട് വിശപ്പിന്റെ വിളിയിൽ എഡിറ്ററായും പ്രവർത്തിച്ചു.

[ഈ കുറിപ്പ്
സ്ത്രീപക്ഷസിനിമാഗവേഷണം നടത്തുന്ന ബിന്ദു മേനോൻ എഴുതിയതാണ്. 'Malayalam
Cinema and The Invention of Modern Life in Keralam' എന്ന ഗവേഷണപ്രബന്ധം
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ സമർപ്പിക്കാൻ അവർ
തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.]
ആശാവഹമായ വളർച്ച
ഇന്ന് മലയാളസാഹിത്യരംഗത്തും സിനിമാ-നാടകവേദികളിലും സ്ത്രീകൾക്ക് മോശമല്ലാത്ത ദൃശ്യതയുണ്ട്. എന്നാൽ ഈ ദൃശ്യത, സ്വന്തമായ തീരുമാനങ്ങളെടുക്കാനും നടപ്പിൽവരുത്താനുമുള്ള സ്വാതന്ത്ര്യമാണെന്ന് കരുതാൻ കഴിയില്ല. ഈ രംഗങ്ങളിൽത്തന്നെ ചില പ്രത്യേക നിലകളിൽമാത്രമാണ് സ്ത്രീകളെ കൂടുതൽ കാണാൻ കഴിയുന്നത്. ചില നിലകളിൽ സ്ത്രീകൾ പുറകോട്ടുപോയി എന്നുതന്നെ പറയാം - ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ പ്രസിദ്ധീകരിച്ച നിരവധി ആനുകാലികപ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു. പുതിയ സ്ത്രീത്വത്തെക്കുറിച്ച് സ്ത്രീകളെ പഠിപ്പിക്കുക എന്ന ധർമ്മം മാത്രമായിരുന്നില്ല ഇവ നിർവ്വഹിച്ചിരുന്നത് - സ്ത്രീകളുടെ പൗരാവകാശങ്ങളെക്കുറിച്ചും സമൂഹത്തിൽ അവർക്ക് പൂർണ്ണ അംഗത്വം ലഭിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുംമറ്റും ധാരാളം ചർച്ചകൾ അവയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. [ 188 ] എന്നാൽ ഇതിന്ന് ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു. 1955-ലെ കൗമുദി ആഴ്ചപ്പതിപ്പിലെ വനിതാപംക്തിയിൽ ഒരു ലേഖിക എഴുതിയതു വായിച്ചാൽ ആ ദശകത്തിൽത്തന്നെ ഈ പിന്നോട്ടടി ഉണ്ടായിക്കഴിഞ്ഞുവെന്ന് ഊഹിക്കാം:
സാഹിത്യപ്രവർത്തനരംഗത്തിൽപ്പോലും വനിതകൾ കഴിഞ്ഞകാലത്തു വിജയപതാക പാറിച്ചിട്ടുണ്ട്. ഇന്ന് സ്ത്രീകളെഴുതുന്ന ലേഖനങ്ങൾ ഏതെങ്കിലും പത്രങ്ങളുടെ വനിതാപംക്തികളിലേക്ക് നാണംകെട്ട് എഴുതി അയയ്ക്കണം. ഇവിടെ, ഈ മലയാളക്കരയിൽ, പെണ്ണുങ്ങൾക്കായിട്ട് പെണ്ണുങ്ങൾ നല്ല പെണ്ണുങ്ങളുടെ നേതൃത്വത്തിൽത്തന്നെ സ്വന്തമായി അന്തസ്സോടെ പത്രപ്രവർത്തനം നടത്തിയിട്ടുണ്ട്. അതറിയണമെങ്കിൽ ഗവേഷണബുദ്ധിയോടെ പുറകോട്ടു നോക്കണം.
(എസ്സ്.ഡി. രാധ, 'ഭീരുത്വമല്ല വിവരമില്ലായ്മ', കൗമുദി ആഴ്ചപ്പതിപ്പ് 6 (16), 1955)
എങ്കിലും ആശയ്ക്കു വകയുണ്ടെന്നുതന്നെ പറയാം. എല്ലാ പ്രതിബന്ധങ്ങളെയും ഭേദിച്ചുകൊണ്ട് എഴുതാൻ തയ്യാറാവുന്ന സ്ത്രീകൾ മിക്ക സമുദായങ്ങളിലും ശ്രേണികളിലും ഉണ്ടായിവരുന്നത് തീർച്ചയായും അടിയൊഴുക്കുകൾ ശക്തമാകുന്നതിന്റെ സൂചനയാണ്. വിപണിയിൽ എഴുത്തുകാരികൾക്ക് ഡിമാന്റ് കൂടിയതുകൊണ്ടുമാത്രമാണിതെന്ന വാദത്തിൽ അൽപ്പം കഴമ്പുണ്ടാകാം, എന്നാലും മുൻതലമുറയിലെ വലിയ എഴുത്തുകാരികളിൽ പലരുമായി എഴുത്തിലൂടെ സംവാദത്തിലേർപ്പെടുന്ന ഇന്നത്തെ എഴുത്തുകാരികളുടെ തലമുറയെ അങ്ങനെ തള്ളിക്കളയാനാവില്ല. കേരളത്തിലെ ചിത്രകലാരംഗത്തുണ്ടായ മാറ്റങ്ങൾ സ്ത്രീകളായ കലാകാരികൾക്കു കൂടുതൽ ദൃശ്യതയോ സാമ്പത്തികലാഭമോ പ്രദാനംചെയ്തുതുടങ്ങിയിട്ടില്ല. എങ്കിലും ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടുതന്നെയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇനി 'പെണ്ണെഴുത്തി'ന്റെ തലമുറ കഴിഞ്ഞും സ്ത്രീപക്ഷരചനയുടെ പുതിയ നാമ്പുകൾ ഉണ്ടാവുന്നത് വിപണിയുടെ സ്വാധീനംകൊണ്ടാണെങ്കിൽ, അതുപോലും ആശാവഹമായ ഒരു വളർച്ചതന്നെ!
കൂടുതൽ ആലോചനയ്ക്ക്
പരമ്പരാഗത വരേണ്യസാഹിത്യത്തിന്റെ ക്ഷയവും ആധുനികസാഹിത്യത്തിന്റെ ഉദയവും ചരിത്രകാരന്മാർ സാധാരണ അടയാളപ്പെടുത്താറുള്ള പ്രക്രിയകളാണ്. രാഷ്ട്രീയരംഗത്തുണ്ടാകുന്ന ചലനങ്ങളുടെ പ്രതിഫലനമാണ് സാഹിത്യത്തിലും കലയിലുമുണ്ടാകുന്നതെന്ന ധാരണയാണ് 'നിഷ്പക്ഷ'ചരിത്രത്തിൽ മുന്തിനിൽക്കുന്നത്. പൊതുവെ പറഞ്ഞാൽ, രാഷ്ട്രീയജനാധിപത്യം വിശാലമാകുന്നതോടുകൂടി സാഹിത്യരംഗത്തേക്കു കടക്കാനുള്ള തടസ്സങ്ങളും കുറഞ്ഞുവന്നതിന്റെ ചിത്രമാണ് നമുക്കു ലഭിക്കാറുള്ളത്. എന്നാൽ ഈ ചിത്രത്തെ പുനഃപരിശോധിക്കണമെന്നല്ലേ ഈ അദ്ധ്യായത്തിന്റെ സന്ദേശം? സ്ത്രീപക്ഷത്തുനിന്നു വിലയിരുത്തുമ്പോൾ ആധുനികസാഹിത്യരംഗത്തു നടപ്പിലായ ജനാധിപത്യത്തിന് പരിമിതികൾ പലതും കാണുന്നില്ലേ? ⚫ [ 189 ]
കേരളത്തിന്റെ ചരിത്രകാരികൾ ഡോ. കെ. ശാരദാമണി
സാമൂഹ്യശാസ്ത്രപഠനഗവേഷണരംഗത്തിന്റെ മേൽത്തട്ടിലെത്തിയ ആദ്യമലയാളിസ്ത്രീകളിലൊരാളാണ് ഡോ. കെ. ശാരദാമണി. അവർ 1961 മുതൽ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിങ് വിഭാഗത്തിൽ പ്രവർത്തിച്ചു - 1988ൽ വിരമിച്ചു. കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചുള്ള ആദ്യകാലപഠനത്തിനുശേഷം ഇന്ത്യൻ സ്ത്രീകളുടെ ബഹുമുഖപ്രശ്നങ്ങളിൽ അവർ കാര്യമായി ശ്രദ്ധയുറപ്പിച്ചു. 1980കളിൽ സ്ത്രീപ്രസ്ഥാനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. കേരളത്തിലെ സ്ത്രീപക്ഷ അന്വേഷണങ്ങൾക്ക് തുടക്കംകുറിച്ച വ്യക്തിയെന്ന നിലയ്ക്കും സ്ത്രീപക്ഷ ചരിത്രാന്വേഷണത്തിന് പ്രധാനപ്പെട്ട വഴികൾ തുറന്ന ഗവേഷകയെന്ന നിലയ്ക്കും ആദരീണയയാണവർ.
തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകത്തിൽ, മരുമക്കത്തായസമുദായത്തിൽ ജനിച്ചുവളർന്ന, എന്നാൽ നേരിട്ട് ആ വ്യവസ്ഥയിൽ കഴിഞ്ഞിട്ടില്ലാത്ത ഒരു മലയാളിസ്ത്രീയെന്ന നിലയ്ക്കാണ് താൻ ഈ അന്വേഷണത്തിന് ഒരുമ്പെടുന്നതെന്ന് അവർ സൂചിപ്പിക്കുന്നു. കേരളത്തിൽ ഇടയ്ക്കിടെ വന്നുപോയിരുന്ന ഇവർ, ഇവിടത്തെ സാമൂഹ്യജീവിതം കൂടുതൽ ഇടുങ്ങിയതായിത്തീരുന്നുവെന്ന് നിരീക്ഷിച്ചു - സ്ത്രീകളും കൂടുതൽ വിധേയത്വമുള്ളവരായി മാറിക്കൊണ്ടിരിക്കുന്നുവെന്നും. ഈ മാറ്റത്തിന്റെ വേരുകളന്വേഷിക്കാനാണ് അവർ തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ ചരിത്രത്തിലേക്കു കടന്നത്. ഇതേക്കുറിച്ചു നടത്തിയ അന്വേഷണത്തെക്കുറിച്ച് അവർ പറയുന്നു:
അംഗീകൃത ചരിത്രപുസ്തകങ്ങളും നരവംശസാസ്ത്രജ്ഞരുടെ എഴുത്തും വായിച്ചുകൊണ്ടാണ് ഞാൻ തുടക്കംകുറിച്ചത്. അവയിലൊന്നും പുതിയ ഉൾക്കാഴ്ചകൾ ഞാൻ കണ്ടില്ല. എങ്കിലും കിട്ടാവുന്നിടത്തോളം മലയാളം, ഇംഗ്ലീഷ് ഭാഷകളിലെഴുതപ്പെട്ട ചരിത്രപുസ്തകങ്ങൾ വായിച്ചു. മിക്കവയിലും മരുമക്കത്തായമെന്ന വാക്കുകൂടിയില്ലായിരുന്നു. ചില പുസ്തകങ്ങൾ മരുമക്കത്തായത്തെ പരിഷ്കരിക്കാൻവേണ്ടി നടപ്പിലാക്കപ്പെട്ട നിയമങ്ങൾ ഭരണകൂടം കൈക്കൊണ്ട പുരോഗമനപരങ്ങളായ നടപടികളായിരുന്നെന്ന് അവകാശപ്പെട്ടു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മരുമക്കത്തായത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടായിരുന്നോ എന്നു ചോദിക്കാൻ അവയൊന്നും ശ്രമിച്ചില്ല. ഈ ചോദ്യം നേരിട്ടു ചോദിക്കപ്പെട്ടില്ല; സ്ത്രീപക്ഷത്തുനിന്നും ഉയർത്തപ്പെട്ടില്ല. പക്ഷേ, വിവാഹം, വിവാഹമോചനം എന്നിവയെസ്സംബന്ധിക്കുന്ന കാര്യത്തിലും വിദ്യാഭ്യാസകാര്യത്തിലും ഈ പ്രദേശത്തെ സ്ത്രീകൾക്ക് രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെ സ്ത്രീകളെയപേക്ഷിച്ച് കൂടുതൽ സ്വാതന്ത്ര്യമുണ്ടായിരുന്നെന്നുംമറ്റുമുള്ള പ്രസ്താവങ്ങൾ കാണാനുണ്ടായിരുന്നു. സ്ത്രീകളുടെ ദൈനംദിനജീവിതങ്ങളെസ്സംബന്ധിച്ചിടത്തോളം ഇവയുടെ പ്രസക്തിയെന്ത് എന്നതിനെക്കുറിച്ച് ഇവ ഒന്നും പറഞ്ഞില്ല...
(Matriliny Transformed: Family, Law and Ideology in 20th Century Travancore, New Delhi, 1999, p.24)
അങ്ങനെയാണ് ഒടുവിൽ ഈ പുസ്തകം രചിക്കാൻ അവർ തീരുമാനിച്ചത്! ⚫
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ