2015 ഫെബ്രുവരി 14, ശനിയാഴ്‌ച

കിരണ്‍ ബേദിക്ക് ഒരു തുറന്ന കത്ത്. ശബ്നം ഹശ്മി

ഞാൻ ഒരു കാലത്തും നിങ്ങളുടെ ആരാധികയായിരുന്നില്ല എന്ന കാര്യം ആദ്യമേ പറഞ്ഞുകൊള്ളട്ടെ. 'സാമൂഹിക പ്രവർത്തന'ത്തിൽ നിങ്ങൾപുലർത്തിപ്പോന്നിരുന്ന താൻപോരിമ നിറഞ്ഞതും സ്വേഛാധിപവുമായ രീതികളോട് എനിക്കെന്നും ശക്തമായ വിയോജിപ്പുണ്ടായിരുന്നു.
ഇപ്പോൾ നിങ്ങൾക്ക് ധാരാളം ഒഴിവുസമയം ഉണ്ടാവും എന്നതിനാൽ, സ്വയം വിശകലനത്തിനും ബോധ്യപ്പെടലിനും തയ്യാറാവണം എന്ന് ഞാൻ അപേക്ഷിക്കുന്നു. ഒരു കാപ്പി തയ്യാറാക്കി, ആടുന്ന കസാരയിൽ ഇരുന്ന്, കാൽ ഒരു ബക്കറ്റ് ചുടുവെള്ളത്തിൽ മുക്കിവച്ച് ശാന്തമാകുവാൻ നിങ്ങൾക്കായെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
അവർ നിങ്ങളോട് ചെയ്തതെന്തെന്ന് ദയവുചെയ്ത് ആലോചിക്കു.
ഞാൻ നിങ്ങളുടെ ആരാധിക അല്ലായിരിക്കാം. പക്ഷെ,നിങ്ങൾ വളരെയധികം ആത്മവിശ്വാസം ഉള്ള ഉദ്യോഗസ്ഥ ആണ്. എല്ലാ മനുഷ്യർക്കും പോരായ്മകൾ ഉണ്ടാകും.അവ തരണം ചെയ്യാൻ നിരന്തരം നാം പരിശ്രമിക്കും. പക്ഷേ, പോരായ്മകളുടെ പേരിൽ പൊതുജന മധ്യത്തിൽ അപഹസിക്കപ്പെടുന്നത് അത്യന്തം അപമാനകരമാണ്.
ഞാൻ ഈയടുത്ത് നിങ്ങളുടെ ഒരു ഫോടോ ശ്രദ്ധിക്കാൻ ഇടയായി. അതിൽ നിങ്ങൾ മോഡിക്ക് മുന്നില് കുനിഞ്ഞു നില്ക്കുന്നു. മോഡിയോടു നിങ്ങൾ എന്തോ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ മുഖത്ത് നിസ്സഹായ ഭാവമാണ് ഉണ്ടായിരുന്നത്. നിങ്ങൾക്ക് എന്തോ കാര്യത്തിന് അയാളിൽ നിന്ന് അനുമതി വേണമെന്ന പോലെ.
അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എനിക്ക് നിങ്ങളോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ, ഒരു പൊതുപ്രവര്ത്തക എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും നിങ്ങളോ ഔദ്യോഗിക സ്ഥാനത്തുള്ള മറ്റേതെങ്കിലും ഒരു സ്ത്രീയോ അത്തരം ഒരു സാഹചര്യത്തിൽ നിൽക്കുന്നതു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
കിരണ്‍ ബേദി, നിങ്ങള്ക്ക് അറിയുമായിരിക്കില്ല. പക്ഷെ, 2002ഇൽ ഗുജറാത്ത് കത്തിയെരിഞ്ഞു കൊണ്ടേയിരിക്കുമ്പോൾ, കൂട്ടബലാത്സംഗത്തിന്റെ ഇരകളായവരിൽ നിന്ന് സാക്ഷിമൊഴികൾ ശേഖരിച്ച അനുഭവം ഉള്ള ആളാണ്‌ ഞാൻ. പത്തു ജില്ലകളിലായി അമ്പത് ഗ്രാമങ്ങളിൽ ഞാൻ യാത്ര ചെയ്തു. ഗ്രാമങ്ങളിലെ ചെറിയ ഡിസ്പെൻസറികളിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരെ കാണുകയുണ്ടായി. അവർ കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തവരായിരുന്നു. അംഗഭംഗം വന്ന അനേകം സ്ത്രീകളുടെ ഫോടോകൽ ഞാൻ അവരുടെ കയ്യിൽ കാണുകയുണ്ടായി. വെട്ടിമുറിച്ച വയറോടു കൂടിയവർ. അവരുടെ ശരീരങ്ങളോട് ഒട്ടിചേർന്ന് പ്രാണൻ പോയ മരിച്ച ഗർഭസ്ഥ ശിശുക്കൾ. എല്ലാവർക്കും അറിയാവുന്ന നരോദ പാടിയായിലെ കൌസർ ബാനൂ മാത്രമായിരുന്നില്ല, അവിടെ ധാരാളം കൌസർ ബാനൂമാർ ഉണ്ടായിരുന്നു. കിരണ്‍ ബേദി, മാസങ്ങളോളം കിടന്ന കിടപ്പിൽ നിന്ന് എഴുന്നേല്ക്കാൻ സാധിക്കാതിരുന്ന സ്ത്രീകളെ ഞാൻ അവിടെ കനിട്ടുണ്ട്. കാരണം, അവർ പതിനഞ്ചും ഇരുപതും പുരുഷന്മാരാൽ കൂട്ടബലാത്സംഗത്തിന് വിധേയരായിരുന്നു. അവരുടെ ജനനെന്ദ്രിയങ്ങൾ പിളർന്നു പോയിരുന്നു.
കിരണ്‍ ബേദി, 2002 കൂട്ടക്കൊലകൾക്കു ശേഷം, മോഡി 'ഗൌരവ് യാത്ര' നടത്തിയിരുന്നു. അതിനിടയിൽ നടത്തിയ പ്രസംഗങ്ങളിൽ ദുരിതാശ്വാസ ക്യാംപുകളെ- എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ താമസിപ്പിച്ച അഭയ താവളങ്ങളെ- അയാൾ വിളിച്ചത് സന്താനോത്പാദന ഫാക്ടറികൾ എന്നാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി, മോഡിയുടെ വിഷം വമിക്കുന്നതും അസഭ്യം പറയുന്നതുമായ വിഡിയോ ദൃശ്യങ്ങൾ യൂ ട്യുബിൽ നിന്ന് നീക്കം ചെയ്തിടുണ്ട്. മോഡിയുടെ മുന്നില് സാക്ഷി മഹാരാജും സാധ്വി പ്രാചിയും ഒന്നുമല്ല.അയാൾ അക്കാലത്ത് പറഞ്ഞ കാര്യങ്ങൾ അത്രമേൽ വിഷം നിറഞ്ഞതായിരുന്നു.
കിരണ്‍ ബേദി, ബിൽക്കിസ് കൂട്ടബലാത്സംഗം ചെയ്യപ്പെടുമ്പോൾ അവർ അവളുടെ കുഞ്ഞുമകളുടെ തല കല്ലിൽ ഇടിച്ചു പൊട്ടിച്ചു. ആ കുഞ്ഞ് അപ്പോൾ തന്നെ മരിച്ചു. മകളും മരുമകളും കൂട്ടബലാത്സംഗം ചെയ്യപ്പെടുന്നത് മെദിനയെ അക്രമികൾ കാണിക്കുകയാണ് ചെയ്തത്.
കിരണ്‍ ബേദി, നിങ്ങൾ ഈ മനുഷ്യന്റെ മുന്നിൽ നടുവളച്ചു നില്ക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നി.
കുറ്റ വിമുക്തിയെ കുറിച്ച് നിങ്ങൾക്കെന്നോട് പറയാം. കുറ്റ വിമുക്തിയുടെ കഥകളെ അംഗീകരിക്കാൻ കഴിയാത്ത തരത്തിൽ കുറച്ചധികം കാര്യങ്ങൾ എനിക്കറിയാം.
കിരണ്‍ ബേദി, പ്രധാനമന്ത്രിപദത്തിനായി ഈ മനുഷ്യൻ ഉപജാപങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോൾ പലരും എന്നോട് സൂക്ഷിക്കണം എന്ന് പറയുകയുണ്ടായി. അത്തരം സുഹൃത്തുക്കളോട് ഞാൻ പറഞ്ഞത് അവർക്കെന്നോട് ചെയ്യാനാവുന്നതിൽ വച്ചേറ്റവും വലുത് തടവിലാക്കുകയോ കൊല്ലുകയോ ആണ്. ധാർമികമായി കൊലചെയ്യപ്പെടുന്നതിനേക്കാൾ ശാരീരികമായി കൊലചെയ്യപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
കിരണ്‍ ബേദി, നിങ്ങൾ മാത്രമാവുന്ന സന്ദർഭത്തിൽ, അവർ നിങ്ങളുടെ ആത്മാഭിമാനത്തോട് എന്താണ് ചെയ്തതെന്ന് ഒന്നാലോചിക്കു. ഒരു സ്ത്രീയായി, ഒരു അമ്മയായി ആലോചിക്കു. തല ഉയർത്തിപ്പിടിച്ച് ഔദ്യോഗിക ജീവിതം നയിച്ച ഒരു സ്ത്രീയെന്ന നിലയിൽ ആലോചിക്കു.
സ്വന്തം മനസ്സാക്ഷിയെ വിശകലനം ചെയ്യാനും സ്വന്തം മനസ്സാക്ഷിയോട്‌ കരുണാരഹിതമായി സത്യം പറയാനും ധൈര്യം ആര്ജ്ജിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. നിങ്ങളുടെ തന്നെ നന്മയ്ക്ക് ദയവായി അത് ചെയ്യൂ.
നിങ്ങൾക്കെന്റെ ശുഭാശംസകൾ.

ശബ്നം ഹശ്മി.
കടപ്പാട് : Hassan Koya

2014 മേയ് 26, തിങ്കളാഴ്‌ച

വധശിക്ഷ----അഡ്വ. കാളീശ്വരം രാജ്‌

ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം വധശിക്ഷ ഒഴിവാക്കുന്നതിനുള്ള നിയമപരമായ കാരണമല്ലെന്ന് ജസ്റ്റിസ് ജി.എസ്. സിങ്‌വിയും ജസ്റ്റിസ് മുഖോപാധ്യായയും അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഏപ്രില്‍ 12-ാം തീയതിയിലെ വിധിയില്‍ വ്യക്തമാക്കി. ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറുടെ കേസിലെ വിധി, വധശിക്ഷയ്‌ക്കെതിരായി രാജ്യത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. നമ്മുടെ ക്രിമിനല്‍ നീതിനിര്‍വഹണരംഗത്ത് അവശേഷിക്കുന്ന മാനവികതയെയും നൈതികതയെയുംപോലും എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന സമീപനമാണ് വിധിയില്‍ പ്രതിഫലിക്കുന്നതെന്ന് പറയാതെ വയ്യ.


ലോകത്ത് 97 രാജ്യങ്ങളില്‍ ഇതിനകം നിയമംമുഖേന വധശിക്ഷ നിര്‍ത്തലാക്കിയിരിക്കുന്നു. ഇതിനുപുറമേ 35 രാജ്യങ്ങള്‍ ഫലത്തില്‍ വധശിക്ഷയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. നേപ്പാള്‍, ഭൂട്ടാന്‍ പോലുള്ള അവികസിത രാജ്യങ്ങള്‍പോലും വധശിക്ഷ നിര്‍ത്തലാക്കി. ചൈനയും ഇറാനും സൗദി അറേബ്യയും അമേരിക്കയും മറ്റും ഇപ്പോഴും വധശിക്ഷ നിലനിര്‍ത്തുന്ന രാജ്യങ്ങളില്‍പ്പെടുന്നു. സമഗ്രാധിപത്യവും വധശിക്ഷയുടെ തോതും തമ്മിലുള്ള നേരനുപാതത്തെക്കുറിച്ചറിയാന്‍ ചൈനയുടെ സ്ഥിതി നോക്കിയാല്‍ മതി. ലോകത്ത് ബാക്കിയെല്ലാരാജ്യങ്ങളിലുമായി ആകെ നടപ്പാക്കപ്പെട്ട വധശിക്ഷയേക്കാള്‍ കൂടുതലാണ് ചൈനയില്‍മാത്രം നടപ്പാക്കിയ വധശിക്ഷയുടെ എണ്ണം.


ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 132 പേര്‍ വധശിക്ഷക്ക് വിധിക്കപ്പെടുന്നു. എന്നാല്‍, നിയമനടപടികളിലും ദയാഹര്‍ജികളിലും തീര്‍പ്പുണ്ടാക്കുന്നതിലെ കാലതാമസംകാരണം രാജ്യത്ത് വധശിക്ഷ നടപ്പായത് താരതമ്യേന കുറഞ്ഞതോതിലായിരുന്നു. 2001-നും 2011-നും മധ്യേ കേവലം ഒരാള്‍ മാത്രമാണ് തൂക്കിലേറ്റപ്പെട്ടത്.


അടുത്തകാലത്ത് അജ്മല്‍ കസബിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷ നടപ്പാക്കിയതോടെ ഇന്ത്യയില്‍ തൂക്കുകയറുകള്‍ സജീവമാകാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനകം 16 ദയാഹര്‍ജികളാണ് രാഷ്ട്രപതി തള്ളിയത്. (ഔട്ട്‌ലുക്ക് ഇന്ത്യ. കോം, 2013, ഏപ്രില്‍ 12).


ഈ രാഷ്ട്രീയസാഹചര്യത്തെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ സുപ്രീംകോടതി വിധി. അഭിശപ്തവും പരിത്യജിക്കപ്പെട്ടതുമായ ബാല്യങ്ങള്‍ എങ്ങനെ ഭീകരവാദത്തിന്റെ വിളനിലങ്ങളാകുന്നുവെന്ന് കസബ് കാണിച്ചുതന്നു. അയാളുടേത് ക്രൂരവും പൈശാചികവുമായ പ്രവൃത്തിയായിരുന്നുവെന്നതില്‍ സംശയമില്ല. അതേസമയം, പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സല്‍ഗുരു സംഭവസ്ഥലത്ത് ഇല്ലായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍മാത്രമാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. കോടതിതന്നെ തനിക്കുവേണ്ടി നിശ്ചയിച്ച അഭിഭാഷകനില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന അദ്ദേഹത്തിന്റെ പരാതിപോലും സ്വീകരിക്കപ്പെട്ടില്ല. പ്രതിയെന്നനിലയില്‍ കേസില്‍ അദ്ദേഹം ശരിയായവിധത്തില്‍ പ്രതിരോധിക്കപ്പെട്ടില്ല (ഫ്രണ്ട്‌ലൈന്‍, 2013, മാര്‍ച്ച് 8). ഒടുവില്‍ ദയാഹര്‍ജി തള്ളിയ നടപടിയുടെ ശരിതെറ്റുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കവേയാണ് രഹസ്യമായി വീട്ടുകാരെപ്പോലും അറിയിക്കാതെ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്. തികച്ചും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഈ നടപടിക്കെതിരെ നിയമവൃത്തങ്ങളില്‍നിന്നും സിവില്‍ സമൂഹത്തില്‍നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായ പ്രതിഷേധങ്ങളെ പൂര്‍ണമായും അവഗണിക്കുന്നതുംകൂടിയാണ് ഭുള്ളര്‍ കേസിലെ വിധി.സുപ്രീംകോടതി വിധിയുടെ പ്രധാനപാളിച്ചകള്‍ ഇനി പറയുന്നവയാണെന്ന് തോന്നുന്നു:


1. കുറ്റകൃത്യത്തെ സംബന്ധിച്ചും ശിക്ഷയെക്കുറിച്ചും കോടതി എത്തിച്ചേരുന്ന നിഗമനങ്ങളിലെ പിശകുകള്‍ക്കും ന്യൂനതകള്‍ക്കുമുള്ള സാധ്യതയെ ഒട്ടും കണക്കിലെടുക്കാതെയാണ് പുതിയ വിധി എഴുതപ്പെട്ടത്. 2002 മാര്‍ച്ച് 22-ന് സുപ്രീംകോടതി ഭുള്ളര്‍കേസില്‍ത്തന്നെ വിധിയെഴുതിയത് ഏകാഭിപ്രായത്തോടെയായിരുന്നില്ല. മൂന്നംഗബെഞ്ചിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപനായ ജസ്റ്റിസ് എം.ബി. ഷാ, ഭുള്ളര്‍ കുറ്റക്കാരനല്ല എന്നാണ് കണ്ടെത്തിയത്. ഗൂഢാലോചനയില്‍ പങ്കാളിയായില്ലെന്നും അദ്ദേഹം കണ്ടെത്തി. മറ്റുരണ്ട് ന്യായാധിപര്‍ മറിച്ച് കണ്ടെത്തിയെന്നതുകൊണ്ടുമാത്രം ഷായുടെ കണ്ടെത്തലിനെ മറികടന്ന് പ്രതിയെ തൂക്കിലേറ്റുന്നത് ശരിയാണോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. പുതിയ സുപ്രീംകോടതിവിധിയില്‍ ഈ ന്യായമായ ചോദ്യം ഉന്നയിക്കപ്പെട്ടിട്ടേയില്ല.


2. ഭൂരിപക്ഷാഭിപ്രായമാണ് കോടതിവിധിയെന്നത് സാങ്കേതികമായി ശരിയാണ്. എന്നാല്‍, സാരാംശത്തില്‍, ന്യൂനപക്ഷാഭിപ്രായം ഭൂരിപക്ഷവിധിയിലെ പിശകിനുള്ള സാധ്യതയെക്കൂടിയാണ് കാണിച്ചുതരുന്നത്. കോടതിയുടെ ന്യൂനപക്ഷവിധിയില്‍ ശരിയുടെ അംശങ്ങളില്ലേ എന്ന് ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്ന അവസരത്തില്‍ രാഷ്ട്രപതിക്ക് പരിശോധിക്കാം. ഇത്തരം സാധ്യതകളുടെ വാതില്‍ കൊട്ടിയടയ്ക്കുന്നതരത്തിലാണ് പുതിയ സുപ്രീംകോടതി വിധി.


3. ഭരണഘടനയുടെ 72-ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതിക്കും 161-ാം അനുച്ഛേദമനുസരിച്ച് ഗവര്‍ണര്‍മാര്‍ക്കും ദയാഹര്‍ജികളില്‍ തീരുമാനമെടുക്കാനുള്ള സവിശേഷാധികാരം നല്‍കിയിരിക്കുന്നു. നീതിന്യായപ്രക്രിയയില്‍നിന്ന് ഗുണപരമായിത്തന്നെ വ്യത്യസ്തമാണ് ഈ അധികാരം. മാനുഷിക പരിഗണനകള്‍ക്കും ജീവകാരുണ്യത്തിനുപോലും പ്രാധാന്യം നല്‍കാന്‍ രാഷ്ട്രപതിക്ക് കഴിയും. ദയാഹര്‍ജിയില്‍ നിശ്ചിത കാലയളവിനുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്ന് ഭരണഘടന പറയുന്നില്ല. മറ്റൊരുവിധേന പറഞ്ഞാല്‍ ദയാഹര്‍ജികളില്‍ ഉടനെ തീര്‍പ്പുകല്‍പ്പിക്കാനുള്ള അധികാരംപോലെ പ്രധാനമാണ് ദയാഹര്‍ജികളില്‍ പെട്ടെന്ന് തീരുമാനമെടുക്കാതിരിക്കാനുള്ള അധികാരം. രാഷ്ട്രപതിക്ക് മുമ്പാകെയുള്ള നടപടിക്രമങ്ങളെ നീതിന്യായ പ്രക്രിയയുമായി സമീകരിക്കുന്നതാണ് പുതിയ വിധി. മാത്രവുമല്ല, ഇക്കാര്യത്തില്‍ രാഷ്ട്രപതിക്കുള്ള സവിശേഷാധികാരങ്ങളിലേക്ക് കോടതി കടന്നുകയറുകയും ചെയ്തിരിക്കുന്നു. ഭാവിയില്‍ ദയാഹര്‍ജികള്‍ കൈകാര്യംചെയ്യുമ്പോള്‍ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസത്തെ ഒരു ഘടകമായി പരിഗണിക്കാന്‍ രാഷ്ട്രപതിക്ക് കഴിയാത്ത സാഹചര്യം ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നു. അങ്ങനെ, നീതിനിഷേധം സ്വയം ബോധ്യപ്പെട്ടാല്‍പ്പോലും സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് പുതിയവിധി തടസ്സമാകും.


4. ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ ഉണ്ടാകുന്ന വലിയ കാലതാമസം തടവുകാരനും കുടുംബാംഗങ്ങള്‍ക്കും ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് സുപ്രീംകോടതി മുമ്പും ആകുലപ്പെട്ടിട്ടുണ്ട്. 'ഏകാന്തസെല്ലില്‍ തടവുകാരനെ ചൂഴ്ന്നുനില്‍ക്കുന്ന കൊലക്കയറിന്റെ ഭീകരത'യെക്കുറിച്ച് ജസ്റ്റിസ് കൃഷ്ണയ്യരും (എഡിഗ അന്നങ്കയുടെ കേസ്, 1974) ജീവിതത്തിനും മരണത്തിനുമിടയില്‍ 'മാറിമാറി വരുന്ന പ്രതീക്ഷയും നിരാശയും സൃഷ്ടിക്കുന്ന അനിശ്ചിതത്വ'ത്തെക്കുറിച്ച് ജസ്റ്റിസ് ചിന്നപ്പറെഡ്ഡിയും (ടി.വി. വാതീശ്വരന്റെ കേസ്, 1983) പരാമര്‍ശിച്ചിട്ടുണ്ട്. 1988-ലെ തൃബേണിബെന്‍ കേസ്, 2009-ലെ ജഗ്ദീഷ്‌കേസ് എന്നിവയിലും ദീര്‍ഘകാലത്തെ തടവുജീവിതത്തെ മാനുഷികമായി നോക്കിക്കാണാനുള്ള ശ്രമങ്ങളെങ്കിലും കാണാം. ഇത്തരം വിധികളില്‍ ചിലതെല്ലാം ഭുള്ളറുടെ കേസില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായി വധശിക്ഷയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന നിലപാടെടുക്കുന്നതിനുള്ള കാര്യകാരണങ്ങള്‍ പുതിയ വിധിയില്‍ യുക്തിഭദ്രമായി അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നുമാത്രമല്ല, വിധിയിലെ ചില പരാമര്‍ശങ്ങള്‍ ദയാരഹിതവും ഞെട്ടിപ്പിക്കുന്നതുമാണ്. ഉദാഹരണത്തിന് വിധിയിലെ 46-ാം ഖണ്ഡികയില്‍ ഭുള്ളറുടെ കടുത്ത മാനസികരോഗത്തെക്കുറിച്ച് പറയുന്നുണ്ട്. അത്കാണിക്കുന്ന രേഖകള്‍ അഭിഭാഷകനായ കെ.ടി.എസ്. തുളസി ഹാജരാക്കിയതായും കോടതി പറയുന്നുണ്ട്. എന്നാല്‍, വധശിക്ഷ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ ഗുരുതരമല്ല ഭുള്ളറുടെ മാനസികരോഗം എന്നാണ് കോടതി പറഞ്ഞത്. ഇത്രമേല്‍ ക്രൂരമായ ഒരു പരാമര്‍ശം മറ്റൊരു കോടതിവിധിയിലും കാണാനിടയില്ല.


5. വധശിക്ഷയ്‌ക്കെതിരെ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന മുന്നേറ്റങ്ങളുടെ യുക്തിഭദ്രമായ നിലപാടുകളെപ്പോലും ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നതാണ് പുതിയ സുപ്രീംകോടതി വിധി. കുറ്റവാളികള്‍ മാനസികമായി പരിഷ്‌കരിക്കപ്പെടണമെങ്കില്‍ ശിക്ഷ വിധിക്കുന്നതും തത്ത്വാധിഷ്ഠിതമായി വേണമെന്ന് സന്തോഷ്‌കുമാര്‍ ബരികറുടെ കേസില്‍ (2009) ജസ്റ്റിസ് എസ്.ബി. സിന്‍ഹയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് പറഞ്ഞു. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍തന്നെ ശിക്ഷയായി മാറുന്ന അവസ്ഥ നീതിനിഷേധമാണെന്ന് ആ വിധിയില്‍ വ്യക്തമാക്കപ്പെട്ടു. വധശിക്ഷയ്‌ക്കെതിരായ മാനവികതയുടെ ശബ്ദം തിരിച്ചറിഞ്ഞ ആ വിധിയില്‍നിന്നുള്ള പിറകോട്ടുപോക്കുകൂടിയാണ് പുതിയ വിധി.


മനുഷ്യരാശിക്കിടയില്‍ അവിതര്‍ക്കിതമായ ഒരു ഐക്യദാര്‍ഢ്യമുണ്ടെങ്കില്‍ അത് മരണത്തിനെതിരായ ഐക്യദാര്‍ഢ്യമാണെന്നും വധശിക്ഷയിലൂടെ ഭരണകൂടം നിരാകരിക്കുന്നത് ഈ ഐക്യദാര്‍ഢ്യത്തെയാണെന്നും അല്‍ബേര്‍ കാമു പറയുകയുണ്ടായി. നമ്മുടെ ഭരണകൂടം പിറകോട്ട് നടക്കുന്നു. കോടതിയും ഒപ്പം നടക്കുമ്പോള്‍ ഒരു ജനതയുടെ ദുരന്തമാണ് പൂര്‍ണമാകുന്നത്. അത് സംഭവിക്കാതിരിക്കണമെങ്കില്‍ ഭുള്ളര്‍ കേസിലെ വിധി കൂടുതല്‍ അംഗബലമുള്ള സുപ്രീംകോടതി ബെഞ്ച് പുനഃപരിശോധിക്കണം.

സ്ത്രീവിമോചനം: തൊണ്ണൂറ്റിയഞ്ചു വർഷപങ്ങളുടെ വിടവിലുള്ള രണ്ടു ബില്ലുകളുടെ കഥ :- ആനന്ദ്

പത്തു വയസുള്ള ഫുൽമണി ന്ന പെണ്‍കുട്ടിയെ അവളുടെ വീട്ടുകാര്‍ മുപ്പതു വയസ്സുള്ള  ഹരിമോഹന്‍ മൈത്തി എന്നയാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തു. വിവാഹരാത്രിയില്‍തന്നെ ഫുല്‍മണി ഭര്‍ത്താവ് ചെയ്ത ശാരീരികമായ ബലപ്രയോഗം മൂലം മരിച്ചു. Calcutta Child-Wife Murder Case എന്ന പേരില്‍ 1889-ല്‍ ആ നഗരത്തിലും മുഴുവന്‍ രാജ്യത്തും പ്രസിദ്ധമായ കേസായിരുന്നു അത്. ബോംബെയില്‍ മഹാദേവ് ഗോവിന്ദ് റാനഡെയുടെ പുരോഗമനവാദി പത്രം ഇന്ദുപ്രകാശ് ഇതിനെതുടര്‍ന്ന് ദുഷിച്ചതും പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം അപായകരവുമായ ശൈശവവിവാഹസമ്പ്രദായത്തിന് 'ഹരിമൈത്തീയിസം' എന്നൊരു നൂതനപദംതന്നെ അടിച്ചിറക്കി.1 ആയിടയ്ക്ക് ഒരുകൂട്ടം ബ്രിട്ടീഷ് ലേഡി ഡോക്ടര്‍മാര്‍ കൂടി അവരുടെ അടുത്ത് ചികിത്സയ്ക്കു വന്ന 13 പെണ്‍കുട്ടികളുടെ വിവരങ്ങള്‍ കാണിച്ച് നടപടി ആവശ്യപ്പെട്ടുകൊണ്ട് വൈസ്‌റോയിക്ക് നിവേദനം നല്കി.2 ഇതിലെ എല്ലാ കുട്ടികളും പന്ത്രണ്ടു വയസ്സിനു താഴെയുള്ളവരായിരുന്നു. ആറുപേര്‍ പത്തു വയസ്സിനു താഴെയും. വിവാഹത്തിനുശേഷമുള്ള ആദ്യത്തേയോ രണ്ടാമത്തേയോ ദിവസമായിരുന്നു ഇവര്‍ ഡോക്ടര്‍മാരുടെ അടുത്തെത്തിക്കപ്പെട്ടത്. യോനീപ്രദേശത്തെ ഗുരുതരമായ മുറിവുകള്‍ക്കും ഇടുപ്പിലെ എല്ലുകളുടെ പരിക്കിനും തീവ്രമായ രക്തസ്രാവത്തിനും അരയ്ക്കു കീഴെയുള്ള പ്രദേശത്തെ പക്ഷാഘാതത്തിനും ഇരകളായിരുന്നു ഇവര്‍. ഒരു ഏഴു വയസ്സുകാരി മൂന്നാം ദിവസം തീവ്രമായ വേദന തിന്ന് മരിച്ചു. ഒരു പത്തു വയസ്സുകാരി എഴുന്നേറ്റ് നില്ക്കാനാകാതെ ഇഴഞ്ഞു കൊണ്ടാണ് വന്നത്. ഈ കുട്ടികളുടെ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ നാല്‍പതു വയസ്സിനു മീതെയായിരുന്നു. ഒരാള്‍ ആസ്​പത്രിയില്‍ വന്ന് അയാളുടെ ഭാര്യയെ നിയമപ്രകാരമുള്ള ഉപയോഗത്തിനായി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടു. ഇനിയുമൊരാള്‍ ഇംഗ്ലീഷ് പഠിച്ചവനും വേറെ രണ്ടു ഭാര്യമാരുള്ളവനുമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് Age of Consent Bill(ACB) എന്ന പേരില്‍ ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ഭര്‍ത്താവൊത്തുള്ള സഹവാസത്തിന്റെ പ്രായപരിധി കുറഞ്ഞത് 12 വയസ്സാക്കുവാന്‍ ബ്രിട്ടീഷ് ഗവണ്മെന്റ് കൊണ്ടുവന്ന നിയമനിര്‍മാണത്തിന് പശ്ചാത്തലമൊരുക്കിയ ചില സംഭവങ്ങളായിരുന്നു ഇവ. പുതുതായി വേരോടുവാന്‍ തുടങ്ങിയ നവോത്ഥാന മൂല്യങ്ങളുടെ അന്തരീക്ഷവും ബോംബെയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പുരോഗമനവാദികളായ പത്രങ്ങളുടെ സാന്നിധ്യവും ഇതിനു സഹായകമായി.


പുരുഷനോടൊപ്പംതന്നെയാണ് പ്രകൃതിയില്‍ സ്ത്രീകളുടെ സ്ഥാനമെങ്കിലും ആ സ്ഥാനം അവര്‍ക്ക് അപൂര്‍വമായേ ലഭിക്കാറുള്ളൂ. സ്ഥാനഭ്രഷ്ടരാക്കപ്പെട്ടവര്‍ തന്നെയായിരുന്നു അവര്‍ പൊതുവെ എല്ലായിടത്തും. അഥവാ ചില സവിശേഷജോലികള്‍ മാത്രം ചെയ്യുവാന്‍ നിയോഗിക്കപ്പെട്ടവര്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന ജാതികളിലെ ഹിന്ദു സ്ത്രീകളും മുസ്‌ലിം സ്ത്രീകള്‍ പൊതുവെയും വീടിനകത്തുതന്നെ കഴിയുവാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. പെണ്‍കുട്ടികളെ ജനിച്ച ഉടനെ വയറ്റാട്ടികള്‍ വായില്‍ മണല്‍ വാരിയിട്ടോ കഴുത്തു ഞെരിച്ചോ കൊന്നിരുന്നു. മാതാപിതാക്കള്‍ നദിയില്‍ ഒഴുക്കിക്കളയുന്ന പതിവുമുണ്ടായിരുന്നു. പത്തു വയസ്സിനു മുന്‍പേ പെണ്‍കുട്ടികള്‍ മുതിര്‍ന്ന പുരുഷന്മാര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കപ്പെട്ടിരുന്നു. ബഹുഭാര്യാത്വം സാധാരണമായിരുന്നു. വിധവയായാല്‍ പതിയുടെ ചിതയില്‍ ദഹിക്കുകയോ അല്ലാത്തപക്ഷം അതീവ നിന്ദ്യമായ വിധത്തില്‍ ശേഷജീവിതം ജീവിച്ചു തീര്‍ക്കുകയോ ആയിരുന്നു പോംവഴികള്‍. ഇത്തരം പതിവുകള്‍ ഇല്ലെങ്കിലും താഴ്ന്ന ജാതികളിലും ഗോത്രങ്ങളിലും അവര്‍ക്ക് മറ്റുവിധത്തിലുള്ള പീഡനങ്ങള്‍ സഹിക്കേണ്ടിയിരുന്നു. സ്ത്രീകള്‍ അപകടകാരികളാണെന്ന പ്രാകൃത ഭാവനയായിരിക്കാം അവരെ ആജീവനാന്തം നിയന്ത്രണത്തില്‍ വെക്കുവാന്‍ പുരുഷന്മാരെ പ്രേരിപ്പിച്ചിരുന്നത്. സെമെറ്റിക് മതങ്ങളിലും പുരുഷന് വിത്തു വിതയ്ക്കാനും കൊയ്യാനുമുള്ള കൃഷിനിലമോ, കന്നുകാലികളെപ്പോലെ ഭാരം വഹിക്കുന്ന മൃഗങ്ങളോ ആയിരുന്നു സ്ത്രീകള്‍. ആദിപാപത്തിന്റെ കാരണം കൂടിയായിരുന്നുവല്ലോ അവര്‍ക്ക് സ്ത്രീകള്‍. പരപുരുഷസംസര്‍ഗത്തിന് ഭ്രഷ്ടാക്കപ്പെടുക എല്ലാവരിലും പൊതുവായിരുന്നുവെങ്കിലും പൊതുസ്ഥലത്തുവെച്ച് കല്ലെറിഞ്ഞു കൊല്ലുക പ്രധാനമായും ഇസ്‌ലാമിക നിയമമായിരുന്നു. ചുരുക്കി പ്പറഞ്ഞാല്‍ സമൂഹത്തിലെ സ്ഥാനം തെറ്റിയ വസ്തുവായിരുന്നു സ്ത്രീ.


ആധുനികകാലമായപ്പോഴേക്കും പുരോഗമനചിന്ത ഉള്‍ക്കൊള്ളാന്‍ തുടങ്ങിയ യൂറോപ്പുകാര്‍ അവരുടെ കോളനികളിലും അത് വ്യാപിപ്പിക്കുവാന്‍ ശ്രമിച്ചു. 1829-ലെ സതിനിരോധനം, 1840-ലെ അടിമത്തനിരോധനം, 1856-ലെ വിധവാവിവാഹ നിയമം എന്നിവയായിരുന്നു ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ ആദ്യം നടപ്പാക്കിയ നിയമങ്ങള്‍. സ്വാഭാവികമായും പ്രാദേശികമായ എതിര്‍പ്പ് രൂക്ഷ മായിരുന്നു. കോളനിഭരണവിരോധം 1857-ലെ കലാപത്തില്‍ കലാശിച്ചപ്പോള്‍, അത് അമര്‍ച്ച ചെയ്തതിനുശേഷം പ്രജകളുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടുകയില്ലെന്ന് ഉറപ്പു നല്കാന്‍ വിക്‌ടോറിയ റാണി നിര്‍ബന്ധിതയായി. എന്നാല്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ഗവണ്മെന്റ് 1870-ല്‍ പെണ്‍ശിശു ഹത്യാ നിരോധനനിയമം കൊണ്ടുവരുകതന്നെ ചെയ്തു. വീണ്ടും 1891-ല്‍ ACBയും. മുന്‍പു പറഞ്ഞതുപോലെ രാജ്യത്തുണ്ടായ പുരോഗമനാത്മക മനോഭാവവും സാമൂഹികനീതിബോധവുമാണ് അതിന് അവരെ സഹായിച്ചത്.


സ്ത്രീസ്വാതന്ത്ര്യം എന്ന വലിയ പദത്തെക്കാള്‍ കൂടുതല്‍ സ്ത്രീകളുടെ നേരെയുള്ള ക്രൂരത തടയല്‍ എന്ന മിതമായ പദമായിരിക്കും ഈ നിയമങ്ങള്‍ക്ക് യോജിക്കുക. 1891-ന് ഒരു വര്‍ഷം മുന്‍പ് 1890-ലാണ് ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യയില്‍ Prevention of Cruelty to Animals എന്ന നിയമം കൊണ്ടുവന്നതെന്ന് ഓര്‍ക്കുക.


ACB പാസ്സായതോട് അനുബന്ധിച്ചുണ്ടായ വിവാദങ്ങളും തര്‍ക്കങ്ങളും (മീഡിയാരംഗത്തുണ്ടായ ഉണര്‍വുമൂലം ഇവ നന്നായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്) കൗതുകമുണര്‍ത്തുന്നതാണ്.3 ബില്ലിന്റെ പിന്നിലെ പ്രധാന ചാലകശക്തി അതിനുവേണ്ടി എത്രദൂരം വേണമെങ്കിലും പോകുവാന്‍ തയ്യാറായിരുന്ന പാര്‍സി സാമൂഹികപ്രവര്‍ത്തകന്‍ ബെഹ്‌റാംജി മലബാരി ആയിരുന്നുവെന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. പാര്‍സികള്‍ക്കിടയില്‍ ബാല്യവിവാഹം ഇല്ലായിരുന്നു. ഇന്ത്യയിലും ലണ്ടന്‍വരെ പോയും അദ്ദേഹം അതിനുവേണ്ടി പ്രയത്‌നിച്ചുകൊണ്ടിരുന്നു.


ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയും വിവാദവും രണ്ടു തലത്തിലാണ് പുരോഗമിച്ചത്. രാഷ്ട്രീയമായും മതപരമായും. രാഷ്ട്രീയരംഗത്ത് ഇന്ത്യന്‍ സിവില്‍ സമൂഹം തീവ്രദേശീയവാദികളും മിതദേശീയവാദികളുമായി വിഭജിതമായിരുന്നു. മിതദേശീയവാദികളുടെ നിരയില്‍ മഹാദേവ് ഗോവിന്ദ് റാനഡെ, രാമകൃഷ്ണഗോപാല്‍ ഭണ്ഡാര്‍കര്‍, ഗോപാല്‍ഗണേശ് അഗര്‍കര്‍, കാശിനാഥ് ത്രിംബെക് തെലാങ് തുടങ്ങിയവര്‍ കൂടാതെ ദാദാഭായി നവ്‌റോജി, ഫിറോസ്ഷാ മേഹ്ത്താ എന്നീ പാര്‍സികളും അല്ലെന്‍ ഒ. ഹ്യൂം, മാക്‌സ്മുള്ളര്‍ എന്നീ വിദേശികളും ഉണ്ടായിരുന്നു. അവരുടെ പത്രങ്ങളായ ഇന്ദുപ്രകാശ്, സുധാരക്, ഇന്ത്യന്‍ സ്‌പെക്‌ടേറ്റര്‍, ദീനബന്ധു, സുബോധ് ചന്ദ്രിക എന്നിവ നിരന്തരം പ്രചാരണം നടത്തി. തീവ്രവാദികളായ ബാല്‍ഗംഗാധര്‍ തിലക്, ചിപ്‌ലുന്‍കര്‍, ലാലാ ലാജ്പത്‌റായ്, ബിപിന്‍ചന്ദ്രപാല്‍, ചിമന്‍ലാല്‍ സെതല്‍വാദ്, ഡബ്ല്യൂ.സി. ബാനര്‍ജി, ബി.സി. മിത്ര എന്നിവര്‍ മറുവശത്ത് അവരുടെ പത്രങ്ങള്‍ കേസരിയും, മറാഠായും വഴി ബില്ലിനെ എതിര്‍ത്തുകൊണ്ട് അണിനിരന്നു. മിതവാദികള്‍ മാനുഷികവും വൈദ്യശാസ്ത്രപരവുമായ വാദങ്ങളില്‍ ഊന്നിയപ്പോള്‍ തീവ്രദേശീയവാദികള്‍ സ്വരാജ്യസ്‌നേഹത്തേയും ദേശീയ സംസ്‌കാരത്തേയും പറ്റിയാണ് സംസാരിച്ചത്. കൊളോണിയല്‍ ഗവണ്മെന്റ് അവരുടെ നാട്ടിലെ നിയമങ്ങള്‍ (ഇംഗ്ലണ്ടില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 12 വയസ്സിനു മീതെയായിരുന്നു) ഇന്ത്യയില്‍ നടപ്പാക്കുന്നത് തെറ്റാണെന്നും നിയമം വേണമെങ്കില്‍ അത് ദേശീയ ഗവണ്മെന്റ് സ്ഥാപിച്ചതിനു ശേഷമാവണമെന്നും അവര്‍ വാദിച്ചു. പരിഷ്‌കരണവാദികള്‍ക്ക് ജാഥകളും റാലികളും സംഘടിപ്പിക്കാനായില്ല. തീവ്രവാദികള്‍ കല്‍ക്കത്തയില്‍ നടത്തിയ ഒരു വന്‍സമ്മേളനത്തില്‍ ഹിന്ദുക്കള്‍ കൂടാതെ മുസ്‌ലിങ്ങളും ജൈനരും ബുദ്ധമതക്കാരും പങ്കെടുത്തു. (ബില്‍ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ബാധകമായിരുന്നു.) അതുപോലൊന്ന് മദ്രാസില്‍ സര്‍ ടി. മാധവറാവുവിന്റെ നേതൃത്വത്തില്‍ നടന്നു. തെക്ക് പരിഷ്‌കരണവാദികള്‍ ദുര്‍ബലരായിരുന്നു. നാട്ടിലെ സ്ത്രീകളുടെ ചാരിത്ര്യവും മര്യാദയും നശിപ്പിക്കുവാനുള്ള മിഷനറിമാരുടെ ആക്രമണമെന്നാണ് യാഥാസ്ഥിതിക നേതൃത്വത്തിന്റെ വക്താവ് ശങ്കരയ്യ ബില്ലിനെ വിശേഷിപ്പിച്ചത്. ശൈശവവിവാഹം സാധാരണമല്ലാതിരുന്ന തിരുവിതാംകൂറിലെ രാജകുടുംബവും ആ വീക്ഷണത്തെ പിന്‍താങ്ങി.


മതപരമായ ചര്‍ച്ച സ്വാഭാവികമായും മതശാസ്ത്രങ്ങളിന്മേലും ആചാരങ്ങളിന്മേലും ആണ് കേന്ദ്രീകരിച്ചത്. ഹിന്ദുമത പണ്ഡിതന്മാരാണ് അവ മുന്നോട്ടു വെച്ചത്. സ്ത്രീ പൂര്‍ണമായും പുരുഷന്റെ സ്വത്താണെന്നും അവന്റെ ഉപയോഗത്തിനുള്ള വസ്തുവാണെന്നും ആണ് മനുസ്മൃതി അനുശാസിക്കുന്നത്. ബാലയോ യുവതിയോ വൃദ്ധയോ ആയാലും സ്ത്രീ സ്വഗൃഹത്തില്‍പ്പോലും ഒരു കാര്യവും പിതാവ്, ഭര്‍ത്താവ് മുതലായവരുടെ അനുമതി കൂടാതെ സ്വേച്ഛയാ ചെയ്യരുത്.4 ബാല്യത്തില്‍ പിതാവിന്റേയും യൗവനത്തില്‍ ഭര്‍ത്താവിന്റേയും ഭര്‍ത്താവ് മരിച്ചാല്‍ പുത്രന്മാരുടേയും അധീനതയില്‍ വര്‍ത്തിക്കണം അവള്‍. ഒരിക്കലും സ്ത്രീ സ്വതന്ത്രയായി പെരുമാറരുത്.5 സദാചാരവിഹീനനോ പരസ്ത്രീകളില്‍ ആസക്തനോ വിദ്യാദിഗുണശൂന്യനോ ആയാലും ഭര്‍ത്താവിനെ പതിവ്രതയായ ഭാര്യ ദേവനെപ്പോലെ ആരാധിക്കണം.6 കുടുംബത്തിലെ പുരുഷന്മാര്‍ സ്ത്രീകളെ സദാസമയവും സ്വാധീനത്തില്‍ വെക്കുകയും രൂപരസാദിവിഷയങ്ങളില്‍ ആസക്തകളാകാതെ നിയന്ത്രിച്ചു നിര്‍ത്തുകയും വേണം.7 ലൈംഗികബന്ധങ്ങളിലടക്കം പത്‌നിക്ക് ഭര്‍ത്താവിനോടുള്ള വിധേയത്വം ചോദ്യം ചെയ്യാനരുതാത്തതാണെന്നര്‍ഥം. ഈയവസ്ഥയില്‍ ബാലികയ്ക്ക് അവള്‍ ഏതു പ്രായത്തിലുള്ളവളാണെങ്കിലും എന്തവകാശമാണുള്ളത് വിവാഹവും ലൈംഗികബന്ധവും നിശ്ചയിക്കുവാന്‍? ശാസ്ത്രം അവിടേയും വ്യക്തമായി ഇടപെടുന്നുണ്ടുതാനും. കന്യകയെ ഋതുമതിയാകുന്നതിനു മുന്‍പുതന്നെ പിതാവ് പുരുഷന് ദാനം ചെയ്യണമെന്നും അങ്ങനെ ചെയ്യാത്ത പിതാവ് പാപിയാണെന്നും മനുസ്മൃതി നിര്‍ദേശിക്കുന്നു.8 ഋതുമതിയായതിനു ശേഷമാണ് കന്യാദാനം നടക്കുന്നതെങ്കില്‍, പിതാവിന് കന്യകയുടെ ഉടമസ്ഥത നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നതിനാല്‍, വരന്‍ അയാള്‍ക്ക് കന്യാസുല്‍ക്കം നല്‌കേണ്ടതില്ലെന്നാണ് വിധി.9 വീണ്ടും ശാസ്ത്രമനുസരിച്ച് ഋതുമതിയായതിനുശേഷം 16 ദിവസം കഴിയും മുന്‍പ് ഭര്‍ത്താവ് അവളെ പ്രാപിച്ചിരിക്കണമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നത് ഭ്രൂണഹത്യയ്ക്കു സമാനമായ പാപമാണെന്നും ഹിന്ദുക്കള്‍ വാദിച്ചു.


സന്തോഷം തരുന്നത് ഈ എതിര്‍വാദങ്ങളൊന്നും പത്തൊമ്പതാം നൂറ്റാണ്ടിലെ വൈസ്‌റോയിയുടെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെവിക്കൊണ്ടില്ലെന്നതാണ്. പതിനൊന്ന് ബ്രിട്ടീഷുകാരും രണ്ടു ഹിന്ദുക്കളും രണ്ടു മുസ്‌ലിങ്ങളും അടങ്ങിയതായിരുന്നു കൗണ്‍സില്‍. പ്രശ്‌നം മനുഷ്യത്വത്തിന്റേതാണെന്നും തീവ്രദേശീയവാദികള്‍ പറയുന്നതുപോലെ ദേശീയതയുടെയോ, മതവാദികള്‍ പറയുന്നതുപോലെ ശാസ്ത്രങ്ങളുടെയോ അല്ലെന്നുമായിരുന്നു കൗണ്‍സില്‍ കണ്ടെത്തിയത്. മതവിശ്വാസങ്ങള്‍ക്കുപരി സാമൂഹികമായി വേണം അതിനെ കാണേണ്ടതെന്നതിനാല്‍ നിയമം അവര്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും വേണ്ടി ബാധകമാക്കി. അങ്ങനെ ഐക്യരാഷ്ട്രസഭ International year of the girl child ആയി പ്രഖ്യാപിച്ച 1991-ന് കൃത്യം നൂറു കൊല്ലം മുന്‍പ് 1891 മാര്‍ച്ച് 19-ന് കൊളോണിയല്‍ ഗവണ്മെന്റ് ഇന്ത്യയില്‍ ACB പാസ്സാക്കി, എല്ലാ സമുദായങ്ങള്‍ക്കും ബാധകമായ നിയമമാക്കി.


ഇതിനൊരു അനുബന്ധം കൂടിയുണ്ട്. 1891-ല്‍ ACBയുടെ ചര്‍ച്ച നടന്നിരുന്നപ്പോള്‍ അതിനോടുള്ള എതിര്‍പ്പ് വന്നത് ഹിന്ദുക്കളില്‍ ബ്രാഹ്മണസമുദായത്തില്‍നിന്നായിരുന്നു. ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞ് 2010 മാര്‍ച്ചില്‍ സ്വതന്ത്ര ഇന്ത്യയുടെ രാജ്യസഭ പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ പാസ്സാക്കിയപ്പോള്‍ അതിനെ എതിര്‍ത്തത് ബ്രാഹ്മണരല്ല, പിന്നാക്ക സമുദായങ്ങളെന്ന് അവകാശപ്പെടുന്ന യാദവപാര്‍ട്ടികളായിരുന്നു. കൊളോണിയല്‍ ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടി 63 കൊല്ലങ്ങള്‍ കഴിഞ്ഞ് സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രസ്ഥാനം പീഡനനിരോധനത്തില്‍നിന്ന് സ്ത്രീശാക്തീകരണത്തിലെത്തിനിന്നപ്പോള്‍ എതിര്‍പ്പിന്റെ തരംഗം അന്ന് മനുസ്മൃതിയെ പിടിച്ച് ആണയിട്ടിരുന്ന ബ്രാഹ്മണരില്‍നിന്ന് മനുവിന് എതിരെന്ന് അവകാശപ്പെടുന്ന താഴ്ന്ന ജാതികളിലേക്ക് മാറിയിരിക്കുന്നു!


1891-ല്‍തന്നെ സ്ത്രീവിമോചനത്തിന്റെ കാര്യത്തില്‍ അന്നത്തെ ഗവണ്മെന്റ് ഹൈന്ദവശാസ്ത്രഗ്രന്ഥമായ മനുസ്മൃതിക്ക് ഒരു സ്ഥാനവും നല്കാന്‍ തയ്യാറായില്ലെന്ന് നാം കണ്ടു. തുടര്‍ന്നുള്ള കാലത്തും സാമൂഹികനീതിയില്‍ ഹൈന്ദവശാസ്ത്രങ്ങള്‍ക്കുള്ള പിടി അയഞ്ഞുകൊണ്ടേയിരുന്നു. ഏറ്റവും തീവ്രമായ നിലപാടുകളെടുക്കുന്ന ഹിന്ദു പാര്‍ട്ടികള്‍പോലും ഇന്ന് മനുസ്മൃതി ഉദ്ധരിക്കുവാന്‍ ശ്രമിക്കുകയില്ല. അക്കാദമിക് കൗതുകത്തിനപ്പുറം ഈ ഗ്രന്ഥങ്ങള്‍ക്ക് ഇന്ന് ഒന്നും അവകാശപ്പെടാനില്ല. എന്നാല്‍ മുസ്‌ലിങ്ങളുടെ കാര്യത്തില്‍ ഇതുണ്ടായില്ല. അവര്‍ ഇന്നും സിവില്‍ നിയമങ്ങളില്‍ ഖുറാനിലും ശരിയത്തിലും തന്നെ പിടിച്ച് ആണയിടുന്നു.


മറ്റെല്ലാ സമുദായങ്ങളും ഇത്തരം ശാസ്ത്രങ്ങളില്‍നിന്ന് പുറത്തുവന്ന് കാലത്തിനൊപ്പം പോകുവാന്‍ തയ്യാറാകുമ്പോള്‍ മുസ്‌ലിങ്ങള്‍ മാത്രം കാലഹരണപ്പെട്ടതും സ്ഥാനികബന്ധമില്ലാത്തതുമായ ശാസ്ത്രങ്ങളില്‍ കുടുങ്ങിക്കിടക്കുകയും അവയുടെ വ്യാഖ്യാനത്തിലും പുനര്‍വ്യാഖ്യാനത്തിലും സമയം കളയുകയും ചെയ്യുന്നു. അതുകാരണം ഭരണഘടന അനുശാസിക്കുന്ന ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ പ്രാവര്‍ത്തികമാകാതിരിക്കുകയും സ്ത്രീവിമോചനത്തിന്റെ പടവുകള്‍ ചിലര്‍ക്കെങ്കിലും കയറാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നു.


എഴുപത് എണ്‍പതുകളില്‍ ഷാബാനു കേസ് എന്ന പേരില്‍ വിശ്രുതമായ ഒരു മുസ്‌ലിം വൃദ്ധയുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം ഇന്ത്യയില്‍ ഇസ്‌ലാം മതത്തിന്റെ പേരില്‍ സംസാരിക്കുന്ന യാഥാസ്ഥിതികരുടെ ഈ വിഷയത്തിലെ ഖേദകരമായ സമീപനത്തെ വ്യക്തമാക്കുന്നു. സമൂഹത്തില്‍ പുരുഷനൊപ്പം സ്ഥാനം നേടുവാനുള്ള മുസ്‌ലിം സ്ത്രീകളുടെ ശ്രമത്തിന്റെ വിജയത്തിന്റേയും തുടര്‍ന്നുള്ള പരാജയത്തിന്റേയും കഥകൂടിയാണത്. കുറച്ചുകൂടി അന്വേഷിച്ചാല്‍ അതിന്റെ fall-out വേറെയും ദുരന്തങ്ങളിലേക്ക് നീണ്ടുപോയത് നമുക്ക് കാണാം. പക്വതയില്ലാത്ത ഒരു ഭരണാധികാരിയുടെ ഈ വിഷയത്തിലുള്ള ഇടപെടലും തുടര്‍ന്നുള്ള മറ്റ് ഇടപെടലുകളും നൂറുകോടിയോളം മനുഷ്യരുള്ള ഒരു രാജ്യത്തെ എങ്ങനെ വര്‍ഗീയസംഘര്‍ഷത്തിലും അക്രമത്തിലും എത്തിച്ചുവെന്നത് തുടര്‍ന്നുള്ള ചരിത്രമാണ്.


1975-ലാണ് ഇന്‍ദോറിലെ ഒരു അഭിഭാഷകന്‍ മുഹമ്മദ് അഹമ്മദ്ഖാന്‍ നാല്പത്തിമൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം തന്റെ ഒന്നാം ഭാര്യ ഷാബാനുവിനെ തലാക് ചെയ്ത് വീട്ടില്‍നിന്ന് പുറത്താക്കിയത്. മൂന്നു വര്‍ഷത്തിനുശേഷം 1978-ല്‍, ഷാബാനു CPC 125 പ്രകാരം ഭര്‍ത്താവില്‍നിന്ന് പ്രതിമാസം 500 രൂപ സംരക്ഷണച്ചെലവ് ആവശ്യപ്പെട്ടുകൊണ്ട് ഇന്‍ദോര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്യായം സമര്‍പ്പിച്ചു. ഇസ്‌ലാം മതനിയമപ്രകാരം തലാക് ചെയ്ത സ്ത്രീക്ക് സംരക്ഷണച്ചെലവ് കൊടുക്കുവാന്‍ താന്‍ ബാധ്യസ്ഥനല്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. ആ വാദം തള്ളി, കോടതി 1979-ല്‍ അയാള്‍ വിവാഹമുക്തയായ സ്ത്രീക്ക് പ്രതിമാസം 25 രൂപ സംരക്ഷണച്ചെലവ് കൊടുക്കണമെന്ന് വിധിച്ചു. ഈ ചെറിയ തുകപോലും കൊടുക്കാന്‍ തയ്യാറാകാതെ വിധിയെ മതത്തിലുള്ള ഇടപെടലായി വ്യാഖ്യാനിച്ച് വക്കീലായ പതി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കീഴ്‌ക്കോടതി വിധിയെ ശരിവെച്ച് സംരക്ഷണച്ചെലവ് 179 രൂപയാക്കി വര്‍ധിപ്പിച്ചു. പതി അഹമ്മദ്ഖാന്‍ ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഇവിടെ ഖാന്‍ ഒറ്റയ്ക്കായിരുന്നില്ല എന്നതാണ് സുപ്രധാന വസ്തുത. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് (All India Muslim Personal Law Board), ജമാഅത്തുല്‍ ഉലമാ എ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങി മുസ്‌ലിം മതസംഘടനകളും റേഡിയന്‍സ് പത്രത്തിന്റെ പത്രാധിപര്‍ സയ്യിദ് അമീനുല്‍ ഹസ്സന്‍ റിസ്‌വിയും മറ്റു പല മുസ്‌ലിംപണ്ഡിതരും പ്രമുഖവ്യക്തികളും ഖാന് അനുകൂലമായി കേസില്‍ കക്ഷി ചേര്‍ന്നു. പ്രശ്‌നം നിരാലംബയായ ഒരു വൃദ്ധയ്ക്ക് ജീവിക്കുവാനുള്ള മാനുഷികാവകാശമുണ്ടോ എന്നതല്ല, മുസ്‌ലിം മതശാസ്ത്രങ്ങളുടെ (അവ ഏതുവിധത്തില്‍ അമാനുഷികമായാലും) നിയമങ്ങള്‍ക്കുപരിയായ പരിപാവനതയാണെന്നും ആയിരുന്നു അവരുടെ നിലപാട്.


1985 ഏപ്രിലില്‍ വന്ന സുപ്രീംകോടതി വിധി ഹൈക്കോടതി വിധിയെ സമര്‍ഥിക്കുന്നതായിരുന്നു. ഖാനും അയാളുടെ അനുകൂലികളായ മതസംഘടനകളും പറയുന്ന വ്യക്തിനിയമങ്ങള്‍ സിവില്‍ കാര്യങ്ങള്‍ക്കേ ബാധകമാകൂ എന്നും CPC125 ക്രിമിനല്‍ നിയമമാണെന്നും ക്രിമിനല്‍ നിയമങ്ങള്‍ ജാതിമതഭേദമെന്യേ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ബാധകമാണെന്നും ആണ് കോടതി വിധിച്ചത്. ഖുറാനില്‍ത്തന്നെ വിവാഹമുക്തകള്‍ക്ക് ന്യായമായ ജീവനാംശം നല്കണമെന്നത് ഭയഭക്തിയുള്ളവരുടെ ബാധ്യതയാണെന്ന് പറയുന്നുണ്ട് (ഖുറാന്‍: അല്‍ ബഖറ: 2/241-242). അത് ഭയഭക്തിയുള്ളവര്‍ക്കേ ബാധകമാകൂ എന്നും സാധാരണ വിശ്വാസികള്‍ക്ക് ബാധകമല്ലെന്നും ഉള്ള അപ്പീലുകാരന്റെ വിചിത്രമായ നിലപാടിനെ 'ഇത് ഞങ്ങളില്‍ മതിപ്പുണ്ടാക്കുന്നില്ല' എന്നു പറഞ്ഞ് കോടതി നിരാകരിച്ചു.10


ഇതിന് തൊണ്ണൂറ്റിനാലു കൊല്ലം മുന്‍പു വന്ന ACBയിന്മേലുള്ള അന്നത്തെ വൈസ്‌റോയി കൗണ്‍സിലിന്റെ തീരുമാനത്തെ ഇവിടെ ഓര്‍ക്കുക. അന്നത്തെ ഹിന്ദുയാഥാസ്ഥിതികരുടെ മനുഷ്യത്വരഹിതമായ വാദങ്ങളും കൗണ്‍സിലില്‍ മതിപ്പുളവാക്കിയില്ല. അത്തരമൊരു നിലപാട് മുസ്‌ലിങ്ങളുടെ കാര്യത്തില്‍ കോടതിയില്‍നിന്നു വരുവാന്‍ ഏതാണ്ടൊരു നൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ ഇതിനെത്തുടര്‍ന്നുണ്ടായ സംഭവഗതികളാണ് അതീവ പരിതാപകരം. അതുണ്ടായതാകട്ടെ വിക്‌ടോറിയ മഹാറാണിയുടെ ഉറപ്പുകള്‍ വഹിച്ചിരുന്ന കൊളോണിയല്‍ ഗവണ്മെന്റിന്റെ സ്ഥാനത്ത് ഒരു സ്വതന്ത്ര രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാറിന്റെ കാലത്തും!


ACBക്കെതിരായ പ്രകടനങ്ങള്‍ അന്ന് സമൂഹത്തിലെ ഉന്നതശ്രേണിയില്‍ നിന്നിരുന്ന ബ്രാഹ്മണരില്‍നിന്നു മാത്രമായിരുന്നു. ഷാബാനു വിധിക്കെതിരായി മുസ്‌ലിം സമുദായത്തിലെ ഉന്നതരും പുരോഹിതരും സമ്പന്നരുമാണ് വാചാലരായത്. പക്ഷേ, വ്യത്യാസം അവര്‍ തങ്ങളുടെ സമുദായത്തിലെ എല്ലാ തട്ടിലുമുള്ള, എന്താണ് സംഭവിച്ചതെന്ന് അറിയാത്ത പാവങ്ങളെക്കൂടി, അണിനിരത്തിയെന്നതാണ്. ഈ യാഥാസ്ഥിതികരുടെ സമുദായത്തിലുള്ളവരുടെ മേലുള്ള ശക്തി എന്തെന്നറിയണമെങ്കില്‍ അവര്‍ തങ്ങളുടെ സ്ത്രീകളെത്തന്നെ തെരുവിലിറക്കി എന്ന് കണ്ടാല്‍ മതി. തങ്ങളെ ഭര്‍ത്താക്കന്മാര്‍ തെരുവിലിറക്കി വിട്ടാല്‍ അവര്‍ തങ്ങള്‍ക്കൊന്നും തരേണ്ടതില്ലെന്നും തങ്ങള്‍ തെരുവില്‍ കിടന്നു മരിച്ചുകൊള്ളാമെന്നും ഏതു സ്ത്രീയാണ് പറയുക? പക്ഷേ, അവരെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നതില്‍ മതവികാരം ഊതിവീര്‍പ്പിച്ച് അവരുടെ നേതാക്കന്മാര്‍ വിജയിച്ചു.


1985 ഏപ്രിലില്‍ വിധി വന്നതോടുകൂടി തുടങ്ങിയ പ്രതിഷേധപ്രകടനങ്ങള്‍ ഒരു കൊല്ലത്തിലധികം നീണ്ടുനിന്നു. അത് രാജ്യവ്യാപകവുമായിരുന്നു. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് തങ്ങളുടെ സ്ത്രീകളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് അനേകം കോണ്‍ഫറന്‍സുകളും സെമിനാറുകളും നടത്തി. എല്ലാം വിധിയെ വിമര്‍ശിക്കുകയും ഇസ്‌ലാം മതനിയമങ്ങളാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതമായവ എന്ന് സ്ഥാപിക്കുകയും ചെയ്തു. ദില്ലിയിലെ ഒരു മീറ്റിങ്ങില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി അറുന്നൂറോളം മൗലവിമാരും എഴുത്തുകാരും പങ്കെടുത്തു. മുസ്‌ലിം സ്ത്രീകള്‍ തങ്ങളെ CPC-125ല്‍ നിന്ന് ഒഴിവാക്കുവാനായി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എഴുതി. ബോംബെയില്‍ അഞ്ചു ലക്ഷം പേരും ധാന്‍ബാദില്‍ മൂന്നു ലക്ഷം പേരും റാലികളില്‍ പങ്കെടുത്തു. പല നഗരങ്ങളിലും ബന്ദും പണിമുടക്കുമുണ്ടായി. പാര്‍ലമെന്റിലേക്ക് പ്രകടനക്കാര്‍ മാര്‍ച്ച് നടത്തി. എന്തിന്, ഏഴു കൊല്ലത്തെ നീണ്ട സമരത്തിനുശേഷം തനിക്ക് ലഭിച്ച നീതിയെ തള്ളിക്കളഞ്ഞുകൊണ്ടും വിധിയെ നിരാകരിച്ചുകൊണ്ടും 69 വയസ്സായ ഷാബാനുവിനെക്കൊണ്ടുതന്നെ മതനേതാക്കന്മാര്‍1985 നവംബറില്‍ ഗവണ്മെന്റിന് കത്തെഴുതിച്ചു!


ഈ സംഭവങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട സെക്യുലര്‍ ജനാധിപത്യ ഗവണ്മെന്റില്‍നിന്നുണ്ടായ പ്രതികരണമായിരുന്നു ഏറ്റവും വിചിത്രം. മുസ്‌ലിം യാഥാസ്ഥിതികപക്ഷത്തിന്റേയും മൗലികവാദികളുടേയും സമ്മര്‍ദത്തിനു വഴങ്ങി ഭരണകക്ഷിയായ കോണ്‍ഗ്രസ് 1986 ഫിബ്രവരിയില്‍ ഒരു മുസ്‌ലിം വനിതാബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ട് മുസ്‌ലിം സ്ത്രീകളെ വീണ്ടും മതപൗരോഹിത്യത്തിന്റെ തടവറയിലേക്ക് വിരമിപ്പിക്കുകയായിരുന്നു ഈ ബില്ലിന്റെ ഉദ്ദേശ്യം. ഇന്ത്യയിലെ രാഷ്ട്രീയകക്ഷികള്‍ വിചാരിക്കുന്നത് ഓരോ മതവിഭാഗത്തിലേയും യാഥാസ്ഥിതികരും പൗരോഹിത്യവുമാണ് അതിലെ ജനങ്ങളുടെ വോട്ടുകളെ നിയന്ത്രിക്കുന്നതെന്നാണ്. ഇത്തരമൊരു നിയമത്തിനുവേണ്ടി ശക്തിയായി വാദിച്ചവരില്‍ ഹിന്ദുദലിത വിഭാഗത്തില്‍നിന്നുയര്‍ന്ന നേതാവ് ബാബു ജഗ്ജീവന്‍ റാമും ഉണ്ടായിരുന്നുവെന്നത് നമ്മെ കൗതുകപ്പെടുത്തും. അപ്പുറത്ത് അതിനെ എതിര്‍ത്ത് മന്ത്രിപദവും പിന്നീട് പാര്‍ട്ടി അംഗത്വവും രാജിവെച്ച കോണ്‍ഗ്രസ്സുകാരന്‍ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടായിരുന്നു. ബില്‍ രാജ്യവ്യാപകമായി ശ്രദ്ധ ആകര്‍ഷിച്ചു. സെക്യുലര്‍ വനിതാസംഘടനകളും ബുദ്ധിജീവികളും എതിര്‍ത്തുവെങ്കിലും അവരുടെ സ്വാധീനവും സംഘടനാശക്തിയും കുറവായിരുന്നു. ഹിന്ദുത്വവാദികക്ഷികള്‍ തീര്‍ച്ചയായും രാഷ്ട്രീയമായി മുതലെടുക്കുവാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് ആന്തരികമായി മെമ്പര്‍മാരുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം നിരോധിച്ചു. പൊതു സിവില്‍ കോഡ് വീണ്ടും ചര്‍ച്ചാവിഷയമായി. സുപ്രീംകോടതി വിധി എല്ലാ പൗരന്മാര്‍ക്കും ബാധകമായ പൊതുസിവില്‍കോഡ് കൊണ്ടുവരുവാനുള്ള ഭരണഘടനയുടെ 44-ാം ആര്‍ട്ടിക്കിള്‍ ഒരു മൃതരേഖയായി നിലനില്ക്കുന്നതിനെപ്പറ്റി ശക്തമായി പരാമര്‍ശിച്ചിരുന്നു: 'രാഷ്ട്രത്തിനുവേണ്ടി ഒരു പൊതു സിവില്‍കോഡ് രൂപീകരിക്കുവാനുള്ള യാതൊരു ഔദ്യോഗികനടപടിയുടേയും ലക്ഷണമില്ല... ഭരണഘടനയ്ക്ക് എന്തെങ്കിലും അര്‍ഥമുണ്ടെങ്കില്‍ ഒരു പൊതു സിവില്‍കോഡിനു വേണ്ടിയുള്ള ശ്രമം നടത്തുകതന്നെ വേണം... അനീതികള്‍ സഹിച്ചുകൊള്ളാന്‍ അനുവാദം നല്കുക എന്നത് ചേതനയുള്ള മനസ്സിന് താങ്ങാവുന്നതില്‍ അധികമാണ്. വ്യക്തിനിയമങ്ങള്‍ തമ്മിലുള്ള വിടവുകള്‍ നികത്തുവാന്‍ കോടതികള്‍ അല്പാല്പമായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഒരു പൊതുസിവില്‍കോഡിന്റെ സ്ഥാനം ഏറ്റെടുക്കുക സാധ്യമല്ല. ഓരോ കേസിലും നീതി ചെയ്തുകൊടുക്കുക എന്നതിനെക്കാള്‍ തൃപ്തികരമായ രീതി എല്ലാവര്‍ക്കും നീതി ലഭ്യമാക്കുക എന്നതാണ്,' കോടതി വിധി പറഞ്ഞു.11


എന്നാല്‍ ഗവണ്മെന്റ് ചെയ്തത് നേരെ വിപരീതമാണ്. 1986 ഫിബ്രവരിയില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച്, തിരക്കിട്ട് അതേവര്‍ഷം മെയ് മാസത്തില്‍, പാര്‍ട്ടിയുടെ ഭീമമായ ഭൂരിപക്ഷമുപയോഗിച്ചും പാര്‍ട്ടിക്കുള്ളില്‍ത്തന്നെയുള്ള എതിര്‍പ്പുകളെ ബലം പ്രയോഗിച്ച് പൂട്ടിയിട്ടും പാസ്സാക്കിയ മുസ്‌ലിം വനിതാ ബില്‍, വിടവുകള്‍ നികത്തുവാന്‍ കോടതികള്‍ നടത്തുന്ന അല്പാല്പ പരിശ്രമങ്ങളെക്കൂടി അടച്ചുപൂട്ടുന്നതായിരുന്നു. മെയ് അഞ്ചിന് ലോക്‌സഭ പാസ്സാക്കിയ ബില്ലില്‍ മെയ് 20-ന് രാഷ്ട്രപതി ഒപ്പുവെച്ച് അത് നിയമമാക്കി. അതിവേഗം, അതിവേഗം, എല്ലാം... പക്ഷേ എന്ത് സാധിച്ചെടുക്കുവാന്‍?


മെയില്‍ നിയമമായിത്തീര്‍ന്ന ഫിബ്രവരിയിലെ ഈ ബില്ല് അനുസരിച്ച് വിവാഹമുക്തയായ മുസ്‌ലിം സ്ത്രീക്ക് ഏതാനും ആഴ്ചകളേ മുന്‍ ഭര്‍ത്താവ് ചെലവിന് കൊടുക്കേണ്ടൂ. അതിനുശേഷം ആ ചുമതല അവളുടെ കുടുംബാംഗങ്ങള്‍ക്കാണ്. അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ അത് വഖ്ഫ് ബോര്‍ഡിന് പോകും. അതായത് പുതിയ നിയമമനുസരിച്ച് വിവാഹമുക്ത തന്റെ 'ദുരവസ്ഥയ്ക്ക് ഒരു നിലയ്ക്കും കാരണക്കാരല്ലാത്ത സ്വന്തം കുടുംബാംഗങ്ങള്‍ക്കെതിരെ കോടതി കയറാന്‍ നിര്‍ബന്ധിക്കപ്പെടുന്നു!.. ഭര്‍ത്താവ് നഷ്ടപ്പെട്ട അവള്‍ക്ക് മാതാപിതാക്കളും സഹോദരന്മാരും കൂടി ശത്രുക്കളായി മാറുന്ന ദുഃസ്ഥിതിയാണത്.'12 സംരക്ഷണച്ചെലവ് നല്‌കേണ്ടവരില്‍ ഒരാള്‍ വീഴ്ച വരുത്തിയാല്‍ ആ പ്രശ്‌നവുമായി കോടതിയില്‍ പോകണം. ഓരോരുത്തര്‍ മാറിമാറി വീഴ്ച വരുത്തിയാല്‍ അവള്‍ക്ക് പാര്‍പ്പ് കോടതിയില്‍ത്തന്നെയാക്കാം!13 ഇങ്ങനെ ചെയ്യാതെ വഴിയില്ല. കാരണം എല്ലാം കുടുംബാംഗങ്ങളും കൈയൊഴിഞ്ഞാലേ വഖ്ഫ് ബോര്‍ഡിനെ സമീപിക്കാവൂ. വഖ്ഫ് ബോര്‍ഡിന്റെ ആദായമാകട്ടെ ഗവണ്മെന്റില്‍നിന്നാണ് പ്രധാനമായും വരുന്നത്. അതായത് രാജ്യത്തെ വിവിധ മതസ്ഥരായ പൗരന്മാര്‍ അടയ്ക്കുന്ന നികുതിപ്പണംകൊണ്ടു വേണം അവള്‍ സംരക്ഷിക്കപ്പെടുക. 'ഒരു മതസമൂഹത്തില്‍പ്പെട്ട പുരുഷന്മാര്‍ മൊഴി ചൊല്ലി വിടുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കുവാന്‍ ആ പുരുഷന്മാര്‍ക്കൊഴികെ ഈ നാട്ടിലെ മറ്റെല്ലാവര്‍ക്കുമാണ് ബാധ്യത' എന്നര്‍ഥം.


14പുതിയ നിയമമുണ്ടായി രണ്ടു വര്‍ഷത്തിനു ശേഷം 1988-ല്‍ അലി- സുഫൈറ കേസില്‍ കേരള ഹൈക്കോടതി ചെയ്ത വിധിന്യായത്തില്‍ ജസ്റ്റിസ് ശ്രീധരന്‍ നല്കിയ വ്യാഖ്യാനം നിയമത്തിനകത്തുതന്നെ തുരന്നുചെന്ന് നീതി ലഭ്യമാക്കുവാനുള്ള വഴി കണ്ടെത്തി. പക്ഷേ, അത്നിയമകര്‍ത്താക്കള്‍ സ്വമേധയാ ഉദ്ദേശിച്ചതായിരുന്നില്ല, ഡ്രാഫ്ട് ചെയ്തവര്‍ക്ക് ഓര്‍ക്കാതെ പറ്റിയ ഒരു വാക്കിന്റെ പിഴവായിരുന്നു! നിയമം മൂലമുണ്ടായ പ്രതിവിധിയല്ല, നിയമത്തിനുപരി ഉണ്ടായത്!


15നീണ്ട ഏഴു വര്‍ഷക്കാലത്തെ പോരാട്ടത്തിലൂടെ നിരക്ഷരയും നിരാലംബയുമായ ഷാബാനു എന്ന വൃദ്ധ നേടിയെടുത്ത വിജയത്തെ അവര്‍ക്കുതന്നെ തള്ളിപ്പറയേണ്ടിവന്ന അവസ്ഥ നേരത്തെ സൂചിപ്പിച്ചതാണ്. ഒരുപക്ഷേ അവരുടെ വിജയത്തെക്കാള്‍ ഓര്‍മിക്കേണ്ടത് ഈ ദുഃഖകരമായ പരാജയമാണ്, അവരുടെ ദയനീയമായ പിന്‍വാങ്ങല്‍. 'ഷാബാനു എന്ന വൃദ്ധമാതാവ് പിന്‍വാങ്ങുമ്പോള്‍ പിന്‍വാങ്ങുന്നത് നമ്മുടെ മാതൃഭൂമിതന്നെയാണ്,' എം.എന്‍. കാരശ്ശേരി പറയുന്നു, 'ഷാബാനു തിരിച്ചുപോകുമ്പോള്‍ തിരിച്ചുപോകുന്നത് ഈ മഹത്തായ രാഷ്ട്രം തന്നെയാണ്.'


16ഈ പിന്‍വാങ്ങലിന്റെ കഥയെ കൂടുതല്‍ ദയനീയമാക്കുന്നത് പൊതുസമൂഹത്തിന്റെ ഓര്‍മയില്‍നിന്ന് ഈ അസാധാരണ വ്യക്തിയുടേയും അവരുടെ കഥയുടേയും തിരോധാനമാണ്. 1986-ല്‍ നിയമനിര്‍മാണം വന്ന് ആറു കൊല്ലത്തിനു ശേഷം 1992 ഏപ്രില്‍ 27- ാം തിയ്യതി 76-ാം വയസ്സില്‍ ഷാബാനു അന്തരിച്ചു. അന്ന് നമ്മുടെ ഒരു പ്രമുഖ ദേശീയ പത്രത്തില്‍ വന്ന താഴെ കാണുന്ന ഒരു കോളത്തില്‍ ഒമ്പത് വരിയില്‍ നാല്‍പത് വാക്കുകളില്‍ ഒതുങ്ങുന്ന റിപ്പോര്‍ട്ട് ഇത് വ്യക്തമാക്കുന്നു:


Sha Bano DeadINDORE, April 28-Sha Bano, who shot into fame a few years ago following a supreme court judgement on an alimony issue, died here yesterday, reports UNI. Hospital sources said 76 years old Sha Bano died due to brain haemorrhage.


17ഷാബാനുവിനെ ഇന്ത്യ മറന്നു. നീതി തോറ്റു, അനീതി വിജയിച്ചു.


പക്ഷേ, ഇതില്‍നിന്നുണ്ടായ ദുരന്തങ്ങളുടെ fall-out അവിടെയൊന്നും അവസാനിച്ചില്ല. 1986-ലെ മുസ്‌ലിം വനിതാബില്ലിനെ ശക്തമായി എതിര്‍ക്കുകയും പൊതു സിവില്‍നിയമത്തിനുവേണ്ടി പ്രക്ഷോഭണം നടത്തുകയും ചെയ്ത ഹിന്ദുത്വവാദികക്ഷി ഭാരതീയ ജനതാപാര്‍ട്ടിക്ക് അതിനപ്പുറം രാഷ്ട്രീയലക്ഷ്യങ്ങളുമുണ്ടായിരുന്നു. അവര്‍ക്കും ഉണ്ടായിരുന്നുവല്ലോ അവരുടെ പങ്ക് ഡിമാന്റുകള്‍. ഭരണകക്ഷിക്കാകട്ടെ മുസ്‌ലിം വോട്ടുകള്‍ പോലെ ഹിന്ദുവോട്ടുകളും ആവശ്യമായിരുന്നുതാനും. അതേവര്‍ഷംതന്നെ അയോധ്യയിലെ ബാബറി മസ്ജിദിനകത്ത് രാമജന്മസ്ഥാനമെന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുന്ന ഭാഗം അവര്‍ക്ക് തുറന്നുകൊടുത്ത് ഗവണ്മെന്റ് അവരേയും തൃപ്തിപ്പെടുത്തി. തുടര്‍ന്നുണ്ടായ വര്‍ഗീയസംഘര്‍ഷങ്ങള്‍ 1992-ല്‍ (ഷാബാനു മരിച്ച വര്‍ഷം) ബാബറി മസ്ജിദ് തന്നെ ഹിന്ദു വര്‍ഗീയവാദികള്‍ പൊളിച്ചതില്‍ ചെന്ന് അവസാനിച്ചു. അവിടെനിന്ന് ആയിരത്തില്‍പ്പരം മനുഷ്യരുടെ ജീവനെടുത്ത ഹിന്ദു മുസ്‌ലിം വര്‍ഗീയലഹളകള്‍, 2002-ലെ ഗുജറാത്ത് ഹോളോകോസ്റ്റ്, ഇന്നുവരെ തുടരുന്ന ഭീകരാക്രമണങ്ങള്‍, ഇങ്ങനെ.


ലൈംഗിക സമത്വത്തിനുവേണ്ടിയുള്ള സമരം പാശ്ചാത്യരാജ്യങ്ങളിലും ഫലം കണ്ടുതുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിലാണ് എന്ന് അനുബന്ധമായി പറയാം. 1918-ല്‍ മാത്രമാണ് നമ്മെ ഭരിച്ചിരുന്ന ബ്രിട്ടന്‍ അവരുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്കുവാന്‍ നിശ്ചയിച്ചത്. കല്‍ക്കത്തയില്‍ ACBയ്ക്കു വേണ്ടി വാദിച്ച ലേഡി ഡോക്ടര്‍മാര്‍ ബ്രിട്ടനില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടവരായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ സ്ത്രീകളെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാക്കിയിട്ടും അമേരിക്ക മടിച്ചുനിന്നു.


അമേരിക്കന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തോളം പഴയതാണ് പക്ഷേ അവിടെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം. ഒന്നര നൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന പുരുഷാധിപത്യത്തോടുള്ള സമരം. 1870-ല്‍ വോട്ടവകാശം കറുത്തവര്‍ക്ക് നീട്ടിക്കൊടുത്തപ്പോള്‍, അത് വെളുത്തവരിലെന്നപോലെ കറുത്ത പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു. 1872-ല്‍ത്തന്നെ സ്ത്രീകള്‍ ബൂത്തുകളില്‍ കയറി സ്വയം വോട്ടു ചെയ്യുവാന്‍ ശ്രമിക്കുകയും അറസ്റ്റ് ചെയ്ത് നീക്കപ്പെടുകയും ചെയ്ത കഥകളുണ്ട്. Citizen എന്നും Voter എന്നും ഉള്ള വാക്കുകളില്‍ നിര്‍വചനപ്രകാരം പുരുഷന്മാരേ പെട്ടിരുന്നുള്ളു എന്നായിരുന്നു ഭരണാധികാരികള്‍ പറഞ്ഞത്. ഭരണഘടനയിലെ Men എന്ന വാക്കിന് മനുഷ്യര്‍ എന്നതിനു പകരം പുരുഷന്മാര്‍ എന്നും, വെളുത്ത പുരുഷന്മാര്‍ എന്നും ആണ് അര്‍ഥം കണ്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്ത്രീകളുടെ സമരം ശക്തിപ്രാപിച്ചു. സ്ത്രീസംഘടനകള്‍ വൈറ്റ്ഹൗസ് പിക്കറ്റു ചെയ്യുകയും നിരാഹാരസമരങ്ങള്‍ നടത്തുകയും ചെയ്തു. 1912-ല്‍ തിയോഡോര്‍ റൂസ്‌വെല്‍ട്ടിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവരുടെ മാനിഫെസ്‌റ്റോവില്‍ സ്ത്രീകളുടെ വോട്ടവകാശം ഉള്‍പ്പെടുത്തുവാന്‍ തയ്യാറായി. വീണ്ടും എട്ടു കൊല്ലത്തിനു ശേഷം 1920 ആഗസ്ത് 26- നാണ് സ്ത്രീകളെ ജനാധിപത്യത്തില്‍ പങ്കാളികളാക്കുന്ന പത്തൊമ്പതാം ഭരണഘടനാ ഭേദഗതി പാസ്സാക്കപ്പെട്ടത്. വുഡ്രൂ വില്‍സണ്‍ വരെയുള്ള പ്രസിഡണ്ടുമാരെല്ലാവരും പുരുഷന്മാരുടെ മാത്രം പ്രസിഡണ്ടുമാരായിരുന്നു എന്നര്‍ഥം. ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുവാനുള്ള സമരം പിന്നേയും തുടര്‍ന്നു. 1929-ല്‍കൂടി ജനനനിയന്ത്രണമാര്‍ഗങ്ങള്‍ പ്രചരിപ്പിച്ചതിന് സ്ത്രീസംഘടനാനേതാക്കള്‍ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു

ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങൾ....

പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍.....


1. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല.
(കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഇതു തന്നെയാണ്)

2. കടകളില്‍ നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്‍ഗണനാ ക്രമത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക. (പ്ലാസ്റ്റിക് നിരോധനമല്ല)

3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.

4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്.
(അതിനര്‍ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്‍ക്ക്, നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള്‍ അനുവദിക്കരുത് എന്നാണ്)

5. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. എന്നാല്‍ കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന് ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ല.
(വികസനം മുരടിക്കും, കുടിയോഴിപ്പിക്കും എന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല)

6. ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.

7.പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.
(അതിനര്‍ത്ഥം കമ്പിയും സിമന്റും നിരൊധിക്കുമെന്നല്ല, ലഭ്യത കുറയുന്ന വിഭവങ്ങള്‍ ബുദ്ധിപരമായ അളവിലുള്ള ഉപയോഗമേ പാടുള്ളൂ എന്നാണ്)

8. മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്‌കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്.
മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

9.പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം.

10. നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം.

11. ജല വിഭവ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം.
(ജലം ഒരു മൂലധന ചരക്കായി കാണണമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വില്‍പ്പന നടത്താമെന്നും ഉള്ള നിലവിലെ ദേശീയ ജല നയത്തിന്റെ വെളിച്ചത്തില്‍ ഈ നിര്‍ദ്ദേശം ജനോപകാരപ്രദമാണ് )

12. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക.

13. ശാസ്ത്രീയ പരിഹാര സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജല ത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തുക.

14. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം സോണ്‍ ഒന്നില്‍ 5 വര്‍ഷത്തിനകവും സോണ്‍ രണ്ടില്‍ 8 വര്‍ഷത്തിനകവും സോണ്‍ മൂന്നില്‍ 10 വര്‍ഷത്തിനകവും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക.
(സംസ്ഥാനത്തിന്റെ ജൈവകൃഷി നയം തന്നെയാണ് ഇത്. ദേശീയ ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ സഹായത്തോടെ ആന്ധ്രയില്‍ 35 ലക്ഷം ഏക്കറില്‍ രാസകീടനാശിനി ഇല്ലാതെ കൃഷി നടത്തുന്നത് ഉത്തമ മാതൃകയാണ്)

15. രാസകൃഷിയില്‍ നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായവും ലഭ്യമാക്കണം.

16. കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക.

17.രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കുക. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാവുന്ന സാധ്യതകള്‍ അന്വേഷിക്കണം. (പേജ് 

47) (രണ്ടിലധികം കന്നുകാലികളെ അനുവദിക്കില്ല എന്ന ആശങ്ക അടിസ്ഥാന രഹിതമാണ്)

18. തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യുക.

19. സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായി സോണ്‍ മൂന്നില്‍ പുതിയ വ്യവസായങ്ങള്‍ അനുവദിക്കാം.

20. സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

21. സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി 3 മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും,
സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും,
സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത്ത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്.
സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‌സാഹിപ്പിക്കപ്പെടെണ്ടതാണ്.

22. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക.

23.എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.

24. സ്വാഭാവിക ജീവിതകാലം അതിക്രമിച്ചുകഴിഞ്ഞ താപനിലയങ്ങളും ഡാമുകളും (ഡാമുകളുടെ സാധാരണ കാലാവധി 30- 50 വര്‍ഷമാണ്) ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. (പേജ് 46, ഭാഗം 1)
അംഗീകരിക്കാന്‍ കഴിയുന്ന പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകള്‍ ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.
(മുല്ലപ്പെരിയാര്‍ പോലുള്ള ദുരന്ത ആശങ്ക വരുന്നതുവരെ കാക്കാതെ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നു)

25. മത്സ്യ സഞ്ചാര പാതകള്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ മത്സ്യ പ്രജനനം നടക്കാന്‍ അവിടെയൊക്കെ മത്സ്യ ഏണി പ്രദാനം ചെയ്യുക.

26. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക.

27. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക.

28. വനാവകാശ നിയമം അതിന്റെ ആത്മാവ് സംരക്ഷിക്കുന്ന രീതിയില്‍ സാമുദായിക വനപരിപാലനത്തോടെ നടപ്പാക്കുക.

29. ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവ 2016 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സോണ്‍ രണ്ടില്‍ ഓരോരോ കേസുകളായി പുനപ്പരിശോധിക്കാവുന്നതാണ്.പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ മുന്‍കൂര്‍ അനുമതിയും സോഷ്യല്‍ ഓഡിറ്റും കര്‍ശന മാനദണ്ഡങ്ങളും അനുസരിച്ച് മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത ധാതുക്കള്‍ക്കായി സോണ്‍ മൂന്നില്‍ ഖനനം പുതുതായി അനുവദിക്കാം.

30. വളരെ അത്യാവശ്യത്തിനല്ലാതെ, സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ശേഷമല്ലാതെ, ഒന്നും രണ്ടും സോണുകളില്‍ പുതിയ വന്‍കിട റോഡുകളോ റെയില്‍വേ പാതകളോ അനുവദിക്കരുത്. സോണ്‍ മൂന്നില്‍ അനുവദിക്കാം.

31. എല്ലാ പുതിയ ഡാം, ഖനന, ടൂറിസം, പാര്‍പ്പിട പദ്ധതികളുടെയും സംയുക്ത ആഘാത പഠനം നടത്തി, ജലവിഭവങ്ങള്‍ക്ക് മേലുള്ള അവയുടെ ആഘാതം അനുവദനീയമായ അളവിനകത്തു മാത്രം ആണെങ്കിലേ അനുവാദം നല്‍കാവൂ.

32. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. (പേജ് 40 ഭാഗം 2).

33. വന്‍കിട തോട്ടങ്ങളില്‍ കള നിയന്ത്രണത്തിനുള്ള യന്ത്രങ്ങള്‍ക്കു സബ്‌സിഡി ലഭ്യമാക്കുക. (പേജ് 40 ഭാഗം 2).

34. പാവപ്പെട്ടവന്റെ ജീവനോപാധി നിലനിര്‍ത്തുകയും എല്ലാവര്‍ക്കും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഊന്നല്‍ .

35. താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ‘സംരക്ഷണ സേവന വേതനം’ (പണമായി) നടപ്പാക്കുക.
മ). പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്.
യ). പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
ര). നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
റ). കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക്
ല). 30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക് മാറുന്നവര്‍ക്ക്, പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്.
ള). സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്ക്
36. വികസന പദ്ധതികള്‍ തീരുമാനിക്കുന്നത് ഗ്രാമാസഭകളിലൂടെയുള്ള പങ്കാളിത്ത സംവിധാനത്തിലൂടെ ആയിരിക്കണം (പേജ് 32, ഭാഗം 2)
37. പരിസ്ഥിതി പരിപാലനത്തിനുള്ള കഴിവുണ്ടാക്കുന്നതില്‍ പഞ്ചായത്തുകളെ ശക്തരാക്കുക.
38. ഖനനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രാദേശിക പഞ്ചായത്തുകളുമായി പങ്കുവെയ്ക്കുക.
39. തങ്ങളുടെ സ്ഥലത്തിന്റെ നല്ലൊരു ശതമാനം ഭാഗം വനസംരക്ഷണത്തിനായി നീക്കി വെയ്ക്കുന്ന പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേകം സംവിധാനമൊരുക്കുക.
40. കൃഷിഭൂമിയില്‍ പിടിച്ചു വെച്ച് അന്തരീക്ഷ കാര്‍ബണ്‍ കുറയ്ക്കുന്ന ജൈവകൃഷിയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുക.

ഭരണകൂടത്തോട് 13 ചോദ്യങ്ങള്‍ / അരുന്ധതി റോയി

1.മാസങ്ങള്‍ മുമ്പു തന്നെ ഭരണകൂടവും പൊലീസും പാര്‍ലമെന്‍റ് മന്ദിരം ആക്രമിക്കപ്പെട്ടേക്കുമെന്ന് പറഞ്ഞിരുന്നു. 2001 ഡിസംബര്‍ 12ന് പ്രധാനമന്ത്രി വാജ്പേയി അനൗപചാരികമായി പാര്‍ലമെന്‍റ് ആക്രമണത്തെപ്പറ്റി മുന്നറിയിപ്പു നല്‍കി. ഡിസംബര്‍ 13ന് ആക്രമണം നടന്നു. കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലും സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ എത്തിയത് എങ്ങനെ?


2. ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ദല്‍ഹി പൊലീസിന്‍െറ പ്രത്യേക വിഭാഗം പറഞ്ഞത് ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ എന്നീ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ പദ്ധതിയാണ് അതെന്നാണ്. 1998 ലെ ഐസി 814 വിമാനം റാഞ്ചല്‍ കേസില്‍ പങ്കാളിയായ മുഹമ്മദ് എന്നയാളാണ് നേതൃത്വം നല്‍കിയതെന്നും അവര്‍ പറഞ്ഞു (ഇത് പിന്നീട് സി.ബി.ഐ നിരസിക്കുകയുണ്ടായി). ഇതൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല. പിന്നെ എന്ത് തെളിവിന്‍െറ ബലത്തിലാണ് സ്പെഷല്‍ സെല്‍ ഇത്തരം വാദങ്ങള്‍ ഉന്നയിച്ചത്?

3. ആക്രമണം മുഴുവനായി ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി യില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പാര്‍ലമെന്‍റ് അംഗങ്ങളെ കാണിക്കണമെന്ന് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തിന്‍െറ വിശദാംശങ്ങളില്‍ സംശയമുണ്ടെന്ന് പറഞ്ഞ രാജ്യസഭാ ഉപാധ്യക്ഷ നജ്മാ ഹിബത്തുല്ല അതിനെ പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് ചീഫ്വിപ്പ് പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പറഞ്ഞത് ‘കാറില്‍നിന്ന് ആറുപേര്‍ ഇറങ്ങുന്നത് ഞാന്‍ എണ്ണിയതാണ്, പക്ഷേ, അഞ്ചുപേരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വിയിലെ റെക്കോഡില്‍ ആറുപേരെ കൃത്യമായി കാണിക്കുന്നുണ്ട്’ എന്നാണ്. ദാസ് മുന്‍ഷി പറയുന്നത് നേരെങ്കില്‍ പൊലീസ് എന്തേ അഞ്ചുപേരുടെ കാര്യം മാത്രം പറയുന്നു? അപ്പോള്‍ ആറാമത്തെയാള്‍ ആരാണ്? അയാള്‍ ഇപ്പോള്‍ എവിടെ? കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണവേളയില്‍ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കാതിരുന്നതെന്തു കൊണ്ട്? അത് പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാതിരുന്നതെന്ത്?

4. ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പാര്‍ലമെന്‍റ് പിരിഞ്ഞതെന്തിന്?

5. ഡിസംബര്‍ 13 കഴിഞ്ഞ് ദിവസങ്ങള്‍ക്കകം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ആക്രമണത്തില്‍ പാകിസ്താന്‍െറ പങ്കിനെക്കുറിച്ച് ‘തര്‍ക്കരഹിതമായ തെളിവ്’ ലഭിച്ചെന്നാണ്. അര ദശലക്ഷം പട്ടാളക്കാര്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലേക്ക് നീങ്ങുന്നതായും അറിയിച്ചു. ഈ ഉപഭൂഖണ്ഡം ഒരു ആണവയുദ്ധത്തിന്‍െറ വക്കിലെത്തിയിരുന്നു. പീഡനത്തിനൊടുവിലുണ്ടായ അഫ്സലിന്‍െറ ‘വെളിപ്പെടുത്തല്‍’ അല്ലാതെ ( അതും സുപ്രീംകോടതി തള്ളിയിരുന്നു ) മറ്റെന്തായിരുന്നു ഈ ‘തര്‍ക്കരഹിതമായ’ തെളിവ്?

6. ഡിസംബര്‍ 13ന്‍െറ ആക്രമണത്തിന് ഏറെക്കാലം മുമ്പുതന്നെ പാക് അതിര്‍ത്തിയിലേക്ക് സൈനികനീക്കം ആരംഭിച്ചിരുന്നു എന്നത് നേരാണോ?

7. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ഈ സൈനികസന്നാഹങ്ങള്‍ക്ക് ചെലവെത്രയായി? തെറ്റായി വിന്യസിച്ച കുഴിബോംബുകള്‍ പൊട്ടി എത്ര പട്ടാളക്കാരും സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്? ഗ്രാമങ്ങളിലൂടെ സൈനിക ട്രക്കുകളും ടാങ്കുകളും നിരങ്ങുകയും പാടങ്ങളില്‍ കുഴിബോംബുകള്‍ വിതക്കപ്പെടുകയും ചെയ്തതു മൂലം എത്ര പാവം കൃഷിക്കാരുടെ വീടും പറമ്പും നശിച്ചുപോയിട്ടുണ്ട്?

8. ഒരു കുറ്റാന്വേഷണത്തില്‍ ആരോപിതരിലേക്ക് നയിക്കപ്പെട്ട തെളിവുകള്‍ ശേഖരിച്ചതെങ്ങനെ എന്ന് പൊലീസ് വ്യക്തമാക്കേണ്ടത് നിര്‍ബന്ധമാണ്. എങ്ങനെയാണ് പൊലീസ് അഫ്സലിലേക്ക് എത്തിയത്? പ്രത്യേക സെല്‍ (ദല്‍ഹി പൊലീസിന്‍െറ) പറയുന്നത് എസ്.എ.ആര്‍ ഗീലാനി വഴി എന്നാണ്. എന്നാല്‍, ഗീലാനി അറസ്റ്റിലാകും മുമ്പേ അഫ്സലിന്‍െറ പങ്ക് സൂചിപ്പിക്കുന്ന സന്ദേശം ശ്രീനഗര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നെയെങ്ങനെ പ്രത്യേക സെല്‍ അഫ്സലിനെ ഡിസംബര്‍ 13 ആക്രമണവുമായി ബന്ധപ്പെടുത്തി?

9. അഫ്സല്‍ കീഴടങ്ങിയ തീവ്രവാദിയാണെന്നും ജമ്മുകശ്മീരിലെ പ്രത്യേക ദൗത്യസേനയടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും കോടതി വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള ഒരാള്‍ ഇത്ര ഗൗരവതരമായ ഒരു ഭീകരാക്രമണത്തിന്‍െറ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നത് സുരക്ഷാസേന എങ്ങനെ വിശദീകരിക്കും?

10. പ്രത്യേക ദൗത്യ സേനയുടെ പീഡനകേന്ദ്രങ്ങളിലും പുറത്തുമായി കര്‍ശന പൊലീസ് വലയത്തിലുള്ള ഒരാളെ ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് പോലുള്ള സംഘടനകള്‍ ഒരു പ്രധാന ഓപറേഷന്‍െറ മുഖ്യകണ്ണിയാക്കുമെന്നത് വിശ്വസനീയമാണോ?

11. പ്രത്യേക ദൗത്യസേനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന താരിഖ് എന്നയാള്‍ തന്നെ മുഹമ്മദിന് പരിചയപ്പെടുത്തി എന്നും ദല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു എന്നുമാണ് അഫ്സല്‍ കോടതി മുമ്പാകെ പ്രസ്താവിച്ചത്. പൊലീസിന്‍െറ കുറ്റപത്രത്തിലും താരിഖിന്‍െറ പേരുണ്ട്. ആരാണീ താരിഖ്? ഇയാള്‍ ഇപ്പോള്‍ എവിടെ?

12. 2001 ഡിസംബര്‍ 19ന് അതായത് പാര്‍ലമെന്‍റ് ആക്രമണത്തിന്‍െറ ആറാം നാള്‍ താനെ (മഹാരാഷ്ട്ര) പൊലീസ് കമീഷണര്‍ എസ്.എം. ശങ്കരി, ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ ലശ്കറെ ത്വയ്യിബയിലെ മുഹമ്മദ് യാസിന്‍ ഫത്തഹ് മുഹമ്മദ് എന്ന അബൂഹംസയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. 2000 നവംബറില്‍ മുംബൈയില്‍ പിടിയിലായ ഇയാളെ ഉടനടി ജമ്മുകശ്മീര്‍ പൊലീസിന് കൈമാറിയിരുന്നതാണത്രേ. തന്‍െറ പ്രസ്താവനയെ സ്ഥാപിക്കാന്‍ വേണ്ട വിശദീകരണങ്ങളും അദ്ദേഹം നല്‍കി. ശങ്കരി പറഞ്ഞത് നേരെങ്കില്‍ കശ്മീര്‍ പൊലീസിന്‍െറ കസ്റ്റഡിയിലുള്ള മുഹമ്മദ് യാസീന്‍ എങ്ങനെ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടു? ശങ്കരി പറഞ്ഞത് ശരിയല്ലെങ്കില്‍ മുഹമ്മദ് യാസീന്‍ ഇപ്പോള്‍ എവിടെ?

13. പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് ‘ഭീകരര്‍’ ആരെല്ലാമാണെന്ന് ഇപ്പോഴും നമുക്കറിഞ്ഞുകൂടാത്തത് എന്തുകൊണ്ടാണ്?

2013 നവംബർ 20, ബുധനാഴ്‌ച

'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?/'വരവില' എന്ന നുകം രൂപമെടുക്കുന്നു

Kulastreeyum Chanthapennum Undayathengane.djvu
[ 97 ] 'വരവില' എന്ന നുകം
രൂപമെടുക്കുന്നു


സ്ത്രീധനത്തെക്കുറിച്ച് വേവലാതിപ്പെടാത്ത കുടുംബങ്ങൾ ഇന്ന് കേരളത്തിൽ കുറവാണ്. എന്നാൽ ഈ സമ്പ്രദായം നാട്ടിലാകെ പടർന്നുപിടിച്ചത് അൽപകാലം മുമ്പുമാത്രമാണെന്നതാണ് വാസ്തവം. മാത്രമല്ല, ഇന്ന് 'സ്ത്രീക്കു നൽകുന്ന ധന'മല്ല സ്ത്രീധനം - 'വരനു നൽകുന്ന വില'യാണ്. വിവാഹസ്ഥിരതയെക്കുറിച്ചും കുടുംബത്തിൽ ഭർത്താവിന്റെ അധികാരങ്ങളെക്കുറിച്ചുമുള്ള ധാരണകളിലുമുണ്ടായ മാറ്റങ്ങളിൽനിന്നാണ് സ്ത്രീധനമേർപ്പാട് രൂപപ്പെട്ടത്. സാമൂഹ്യമാറ്റത്തിനിടയിൽ ഉയർന്നുവന്ന തിന്മയാണ് സ്ത്രീധനമെന്നു തിരിച്ചറിയുമ്പോൾ സാമൂഹ്യമാറ്റത്തിലൂടെ അതിനെ ഇല്ലായ്മചെയ്യാനാകുമെന്നതിനെക്കുറിച്ചുള്ള ആത്മവിശ്വാസവും വർദ്ധിക്കുന്നു.

'സ്ത്രീധനം' അല്ല!
തുടക്കത്തിൽത്തന്നെ പറയാം, കേരളത്തിൽ വിവാഹങ്ങളോടനുബന്ധിച്ച് നടക്കുന്ന കൊടുക്കൽവാങ്ങലിന് 'സ്ത്രീധനം' എന്ന പേർ യോജിക്കില്ല. കല്യാണവേളയിൽ വധുവിന് സ്വന്തം കുടുംബം നൽകുന്ന സമ്മാനമാണ് 'സ്ത്രീധനം'. അതവൾക്ക് നേരിട്ടവകാശപ്പെട്ടതും സ്വന്തമായി കൈകാര്യം ചെയ്യാവുന്നതുമായ മുതലാണ്. എന്തെങ്കിലും കാരണവശാൽ അവൾക്ക് വിവാഹബന്ധം ഒഴിയേണ്ടിവന്നാൽ സ്ത്രീധനം മടക്കിക്കൊടുക്കാൻ [ 98 ] ഭർത്താവിന്റെ വീട്ടുകാർ ബാദ്ധ്യസ്ഥരുമാണ്. പക്ഷേ കേരളത്തിൽ ഇന്നു നിലവിലുള്ള രീതി ഇതല്ല; അത് 'വരവില'യാണ് - വധുവിന്റെ വീട്ടുകാർ വരന്റെ 'യോഗ്യത'യനുസരിച്ച് അയാൾക്കു നൽകുന്ന ധനം - വരന്റെ 'യോഗ്യത'യനുസരിച്ച് അത് കൂടിയും കുറഞ്ഞുമിരിക്കും. വധുവിന്റെ 'യോഗ്യത'യും പരിഗണിക്കാറുണ്ടെങ്കിലും അതിനു താരതമ്യേന പ്രാധാന്യം കുറവാണ്.
ഇന്ന് കേരളത്തിലെ താണ-ഇടത്തരം കുടുംബങ്ങളെ ദാരിദ്യ്രത്തിലേക്കു വലിച്ചിഴക്കുന്ന പ്രധാന കാരണങ്ങൾ രണ്ടാണ്. ഒന്ന് ചെലവേറിയ ചികിത്സ ആവശ്യമായിവരുന്ന രോഗങ്ങൾ; രണ്ട്, പെൺകുട്ടികളെ എന്തു നഷ്ടവും സഹിച്ച് 'അയയ്ക്കണം' എന്ന ചിന്ത. ആദ്യത്തേതിനുമേൽ നമുക്കധികം നിയന്ത്രണം ഒരുപക്ഷേ ഇല്ലായിരിക്കാം. രണ്ടാമത്തേത് നാംതന്നെ വരുത്തിവയ്ക്കുന്നതാണ്. ആൺകുട്ടികളെപ്പോലെയോ അവരെക്കാൾ മെച്ചമായോ പഠിക്കാനും ജോലിചെയ്യാനും സമ്പാദിക്കാനും പെൺകുട്ടികൾക്കു കഴിയുമെന്ന് ഇന്നു നമുക്കറിയാം. പഠിത്തം, ജോലി, ഇവയിലേക്കു കടക്കാൻ പെൺകുട്ടികളെ നാം പ്രാത്സാഹിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇതിലൊക്കെ അധികമാണ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാനുള്ള പരിശ്രമം! പഠിച്ചുവളർന്ന പെൺകുട്ടി ആത്മാഭിമാനമുള്ള, മുതിർന്ന, ഒരു വ്യക്തിയാണെന്ന കാര്യത്തെപ്പോലും അവഗണിച്ചുകൊണ്ട് ഏതുവിധേനയും ഒരു വരനെക്കണ്ടെത്താൻ മാതാപിതാക്കന്മാർ ശ്രമിക്കും. ഒടുവിൽ വലിയ വിലകൊടുത്ത് ഒരാളെ കൊണ്ടുവരും. അതും ഒരു ഭാഗ്യപരീക്ഷണംമാത്രമാണ്. നന്നായില്ലെങ്കിൽ 'അവളുടെ തലയിലെഴുത്ത്' എന്ന് ദീർഘമായി നിശ്വസിക്കും; ആ അദ്ധ്യായം അടയ്ക്കും. പിന്നെ ആ സാധുപെൺകുട്ടിയുടെ നശിച്ചുപോയ ജീവിതം അവളുടെമാത്രം തലവേദനയാണ്.
NotesBullet.png കേരളത്തിലെ മിഷണറിസഭകൾ
ചർച്ച് മിഷണറി സൊസൈറ്റി (CMS), ലണ്ടൻ മിഷണറി സൊസൈറ്റി (LMS), ബാസൽ മിഷൻ (Basel Mission) എന്നീ മൂന്നു സഭകളാണ് 19-ാം നൂറ്റാണ്ടുമുതൽ കേരളത്തിൽ പ്രേഷിതവേലയിൽ ഏർപ്പെട്ടത്. ഇവയിൽ ആദ്യത്തെ രണ്ട് സഭകൾ കേരളത്തിന്റെ തെക്കൻഭാഗങ്ങളിലും ബാസൽമിഷൻ വടക്കൻ കേരളത്തിലും പ്രവർത്തിച്ചു. 19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ ബ്രിട്ടിഷ് അധികാരത്തിന് അടിസ്ഥാനമിട്ട കേണൽ മൺറോയുടെ ഒത്താശയോടെയാണ് മിഷണറിപ്രവർത്തകർ ഈ നാട്ടിൽ ചുവടുറപ്പിച്ചത്. എന്നാൽ മതംമാറ്റുക എന്ന ഒരൊറ്റ ജോലിമാത്രമല്ല മിഷണറിമാർ ചെയ്തത്. ജാതിവ്യത്യാസങ്ങൾക്കപ്പുറത്ത് എല്ലാവർക്കും വിദ്യാഭ്യാസം നൽകിയിരുന്ന വിദ്യാലയങ്ങൾ ഈ നാട്ടിലാരംഭിച്ചത് അവരാണ്. കീഴാളർക്ക് വിദ്യയുടെ വെളിച്ചം എത്തിച്ചുകൊടുക്കുകവഴി നിലവിലുണ്ടായിരുന്ന ജാത്യാചാരത്തിലെ അനീതിയെയും അക്രമത്തെയും പ്രത്യക്ഷത്തിലെതിർക്കാനുള്ള ധൈര്യവും അവർ പകർന്നു. 1850കൾവരെ തെക്കൻ തിരുവിതാംകൂറിലെ നാടാന്മാർ ഉന്നതജാതിക്കാർക്കെതിരെ നടത്തിയ മാറുമറയ്ക്കൽ സമരത്തിന് ഉറച്ച പിന്തുണ നൽകിയത് LMS പാതിരിമാരായിരുന്നു. എല്ലാ ജാതിമതക്കാരും ഒന്നിച്ചു പഠിച്ച, ഉന്നതനിലവാരം പുലർത്തിയ, നിരവധി സ്കൂളുകളും കലാലയങ്ങളും അവർ സ്ഥാപിക്കുകയുണ്ടായി. വടക്ക് ബാസൽമിഷനാകട്ടെ, പല പുതിയ തൊഴിലുകളും ജനങ്ങളെ പരിശീലിപ്പിച്ചു. മലയാളഭാഷയ്ക്കും കനത്ത സംഭാവനകൾ മിഷണറിമാരിൽനിന്നുണ്ടായിട്ടുണ്ട്. ഹെർമ്മൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്ലി എന്നീ നാമങ്ങൾ മലയാളഭാഷാചരിത്രത്തിൽ തിളങ്ങിനിൽക്കുന്നവയാണ്.

'വരവില'യുടെ വരവിനെക്കുറിച്ചാണ് ഈ അദ്ധ്യായം. ഇത്തിൾക്കണ്ണിപോലെ എല്ലാ സമുദായങ്ങളിലും - പണക്കാർ, പാവപ്പെട്ടവർ എന്ന വ്യത്യാസമൊന്നും കൂടാതെ - കയറിപ്പറ്റിയ ഈ ഏർപ്പാട് കേരളത്തിലെ മൊത്തം സ്ത്രീകളും നേരിടുന്ന വിപത്തായിത്തീർന്നിരിക്കുന്നുവെന്നത് പരിഗണിച്ചാണ് അതിനിവിടെ ഇത്രയും പ്രാധാന്യം കല്പിച്ചിരിക്കുന്നത്. ചില ചെറിയ ആദിവാസിഗോത്രങ്ങളിലൊഴിച്ച് മറ്റെല്ലായിടത്തും 'വരവില' പടർന്നുപിടിച്ചിരിക്കുന്നു. മുമ്പാണെങ്കിൽ മലയാളബ്രാഹ്മണർ, ക്രിസ്ത്യാനികൾ തുടങ്ങിയ മക്കത്തായ സമുദായങ്ങൾക്കിടയിലായിരുന്നു സ്ത്രീധനമേർപ്പാട് പൂർണ്ണരീതിയിൽ നിലനിന്നിരുന്നത്. എന്നാൽ 19-ാം നൂറ്റാണ്ടിൽപ്പോലും 'സ്ത്രീധനം' 'വരവില' തന്നെയായിരുന്നില്ലേ എന്നു സംശയിക്കാൻ വകയുണ്ട്. 1822ൽ തിരുവിതാംകൂറിലെ റാണി ഗൗരിപാർവ്വതീഭായി ഒപ്പുവച്ച ഒരു ഉത്തരവുപ്രകാരം ഇവിടത്തെ നമ്പൂതിരി-പോറ്റി സമുദായങ്ങളുടെ സ്ത്രീധനമേർപ്പാടിനുമേൽ നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ ശ്രമിച്ചതായി കാണുന്നു. ക്രമാതീതമായി വർദ്ധിച്ച സ്ത്രീധനത്തുകമൂലം ബ്രാഹ്മണസ്വത്തുക്കൾ നശിക്കുന്നെന്നും അവിവാഹിതകളായിനിൽക്കുന്ന സ്ത്രീകൾക്ക് പലവിധ ദോഷങ്ങളും ഉണ്ടാകുന്നുവെന്നും ഉത്തരവിൽ പറയുന്നു. സ്ത്രീധനത്തുക നിശ്ചയിച്ചതിനുപുറമെ 14 വയസ്സിലധികം പ്രായമായ കന്യകമാരുടെ വിവാഹം ഉടൻതന്നെ നടത്തിക്കൊള്ളണമെന്നും ഉത്തരവിൽ പറഞ്ഞിരിക്കുന്നു! വരന്മാരുടെ വിലയായിരുന്നു ഇവിടെ സ്ത്രീധനം എന്നു കരുതാൻ കാരണമുണ്ട്; ബ്രഹ്മസ്വങ്ങൾ നശിക്കാൻമാത്രം ഉയർച്ചയാണ് [ 99 ] തുകയിലുണ്ടായത്! ഇതുപോലെ കോട്ടയത്തെ സുറിയാനിക്രിസ്ത്യാനികളുടെ ഗൃഹജീവിതവുമായി തനിക്കുണ്ടായിരുന്ന പരിചയത്തെ അടിസ്ഥാനമാക്കി സി.എം.എസ്. മിഷണറിസഭയിൽ പ്രവർത്തിച്ചിരുന്ന മിഷണറിയായിരുന്ന കോളിൻസ് മദാമ്മ 1877ൽ പ്രസിദ്ധീകരിച്ച ഘാതകവധം എന്ന നോവലിലും 'സ്ത്രീധനം' 'വരവില'യായിരുന്നുവെന്ന് സൂചനയുണ്ട്. പുരുഷന്റെ യോഗ്യതകൾക്ക് കൊടുത്ത അമിത പ്രാധാന്യവും സ്ത്രീയുടെ യോഗ്യതകളെ ഇടിച്ചുതാഴ്ത്താനുമുള്ള പ്രവണതയും ഈ നോവലിൽ വിമർശിക്കപ്പെടുന്നു. 'നല്ല കുടുംബ'മെന്ന യോഗ്യതയുള്ള വരനെ തന്റെ മകൾക്കു കിട്ടണമെങ്കിൽ ഒത്തിരി നിലം പുരയിടങ്ങൾ സമ്പാദിച്ചുകൂട്ടിയേ പറ്റൂ എന്നു വിശ്വസിച്ച കോശീകുര്യൻ എന്നയാളുടെ മനസ്സിനെ മകളായ മറിയം മാറ്റിയെടുത്തതിന്റെ കഥയാണ് ഘാതകവധം പറയുന്നത്.
എന്നാൽ പഴയകാലത്ത് സ്ത്രീധനം കൊടുക്കുന്നവർക്ക് വിവാഹബന്ധം ഒഴിഞ്ഞാൽ അതു മുഴുവനായോ ഭാഗികമായോ മടക്കിക്കിട്ടാനുള്ള സംവിധാനം പല സമുദായങ്ങളിലുമുണ്ടായിരുന്നു. വിവാഹസമയത്ത് കിട്ടുന്ന സമ്മാനങ്ങളുടെ കണക്ക് കൃത്യമായി എടുത്തുവയ്ക്കുന്ന രീതി ഇന്നും പല സമുദായങ്ങളിലുമുണ്ട്. ഈ പഴുതുകളെല്ലാം ഇരുപതാംനൂറ്റാണ്ടിൽ ചുരുങ്ങുകയാണുണ്ടായത്. വരവിലയുടെ സ്വാധീനം വളരുംതോറും ഇന്ന് നിലവിലുള്ളവയുടെ ആയുസ്സു കുറയുമെന്നു തീർച്ചയാണ്. 20-ാംനൂറ്റാണ്ടിന്റെ പ്രത്യേകത അതുമാത്രമല്ല. മുമ്പ് സ്ത്രീധനസമ്പ്രദായം തീരെ പതിവില്ലായിരുന്ന സമുദായങ്ങളിലേക്ക് വരവില കടന്നുകയറിയതാണ് 20-ാം നൂറ്റാണ്ടിന്റെ സവിശേഷത.
Kulasthree Chapter five pic02.jpg

വരവില മാന്യമാകുന്നു
അമ്മവഴിക്ക് സ്വത്തവകാശം കണക്കാക്കിയിരുന്ന മരുമക്കത്തായ സമുദായങ്ങളിൽ വരവിലയ്ക്ക് അനുകൂലമായ വിവാഹസമ്പ്രദായമല്ല നിലനിന്നിരുന്നത്. സ്ത്രീക്ക് സ്വന്തം കുടുംബവുമായുള്ള ബന്ധം ഈ സമുദായങ്ങളിൽ വളരെ ശക്തമായിരുന്നു. ഭർത്താവിന്റെ വീട്ടിലാണ് താമസമെങ്കിലും ജനിച്ചവീട്ടിൽനിന്ന് സ്ത്രീ ഒരിക്കലും അകന്നുപോയിരുന്നില്ല. പിറന്നകുടുംബത്തിൽ സ്ത്രീക്കുള്ള ധനപരവും ധാർമ്മികവുമായ അവകാശങ്ങൾ [ 100 ] വിവാഹത്തിനുശേഷവും നിലനിന്നുവെന്ന് സാരം. രണ്ടാമതായി, 'മുറച്ചെറുക്ക'നെയോ 'മുറപ്പെണ്ണി'നെയോ (അമ്മാവന്റെ മകൻ, മകൾ അങ്ങനെയുള്ളവരെ) വിവാഹംചെയ്യുന്ന രീതി ഇക്കൂട്ടർക്കിടയിൽ നിലവിലുണ്ടായിരുന്നതുകൊണ്ട് പലപ്പോഴും കല്യാണംകഴിക്കുന്ന പുരുഷൻ അന്യനായിരുന്നില്ല. തന്നെയുമല്ല, വിവാഹമോചനവും വിധവാവിവാഹവും സാധാരണകാര്യങ്ങളായി അംഗീകരിക്കപ്പെട്ടിരുന്നു. ഭാര്യയുടെ സംരക്ഷണത്തിന്റെ ചുമതല അധികവും അവളുടെ സ്വന്തം വീടിനുതന്നെയായിരുന്നതുകൊണ്ട് വിവാഹമോചനംമൂലം സ്ത്രീ തകർന്നുപോകുന്ന ഇന്നത്തെയവസ്ഥ ഉണ്ടായിരുന്നില്ല. കീഴ്ജാതിക്കാർക്കിടയിലാകട്ടെ, വിവാഹസമയത്ത് ചെറുക്കൻവീട്ടുകാർ പെൺവീട്ടുകാർക്ക് 'പെൺപണം' കാഴ്ചവയ്ക്കുന്നരീതി 19-ാം നൂറ്റാണ്ടിലുണ്ടായിരുന്നു. പരമ്പരാഗത മരുമക്കത്തായ കുടുംബങ്ങളിലെ സ്ത്രീകൾ എല്ലാവിധത്തിലും സ്വതന്ത്രകളായിരുന്നു എന്നല്ല പറഞ്ഞുവരുന്നത്. അമ്മാവന്മാരുടെയും ആങ്ങളമാരുടെയും വാക്കിനു കീഴ്വഴങ്ങിയാണ് സ്ത്രീകൾ കഴിഞ്ഞത്; പ്രായമേറിയ സ്ത്രീകൾക്ക്, വിശേഷിച്ച് അമ്മമാർക്ക്, പക്ഷേ, വളരെ മാന്യമായ സ്ഥാനവും കുടുംബത്തിന്റെ സ്വത്തുക്കൾ, പണമിടപാടുകൾ, വരുമാനം എന്നിവയെക്കുറിച്ചുള്ള തീരുമാനങ്ങളിൽ വലിയ പങ്കുമുണ്ടായിരുന്നു. മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ, ഇന്നത്തെപ്പോലെ 'സ്നേഹത്തിന്റെ അധികാരം' മാത്രമായിരുന്നില്ല അമ്മമാരുടേത്. മലബാറിൽ 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഗവേഷണം നടത്തിയ എഫ്. ഫാസറ്റ് (F. Fawcett) എന്ന നരവംശശാസ്ത്രജ്ഞൻ തന്റെ Nayars of Malabar (1901) എന്ന പുസ്തകത്തിൽ ഇവിടെ നിലവിലുണ്ടായിരുന്ന 'സംബന്ധവ്യവസ്ഥ'യെക്കുറിച്ച് ഇങ്ങനെയാണ് നിരീക്ഷിച്ചത്:
DownArrow.png
എല്ലാ ലൈംഗികകാര്യങ്ങളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യസ്വാതന്ത്ര്യം അനുവദിക്കുന്നുവെന്നത് മരുമക്കത്തായവ്യവസ്ഥയുടെ അപൂർവ്വഗുണങ്ങളിലൊന്നുതന്നെ. ഒറ്റരാത്രിമാത്രമേ ഒന്നിച്ചു കഴിഞ്ഞുള്ളു എന്നാലും ഇരുകൂട്ടർക്കും പിരിഞ്ഞുപോകാൻ അനുവാദമുണ്ട്. ലൈംഗികതാത്പര്യം ഇല്ലാതിരിക്കുകയോ മറ്റുവിധത്തിലുള്ള മനഃപൊരുത്തം നഷ്ടമാവുകയോ ചെയ്താൽ ഇരുകൂട്ടർക്കും ബന്ധം വേർപെടുത്തി മറ്റുബന്ധങ്ങളിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇത് നിത്യവും ബന്ധം പിരിയാനുള്ള പ്രവണതയിൽ കലാശിക്കില്ലേ എന്ന സംശയമുണ്ടാകിനിടയുള്ളതുകൊണ്ട്, അത്തരത്തിലുള്ള യാതൊന്നും ഉണ്ടാവില്ലെന്നകാര്യം ഇവിടെ എടുത്തുപറയട്ടെ. വെറുതെയുള്ള വിവാഹമോചനം അപൂർവ്വമാണ്. സ്ഥിരവിവാഹമാണ് പതിവുരീതി. തറവാട്ടുസ്വത്ത് സ്ത്രീകളെയും അവരുടെ സന്തതികളെയും സംരക്ഷിക്കാനായി നീക്കിവയ്ക്കുന്ന രീതിയാണ് ഈ സമ്പ്രദായത്തിന്റെ അടിത്തറ എന്നു തോന്നുന്നു.
(Nayars of Malabar, New Delhi. 1985, പുറം 236-37)

NotesBullet.png 'താലികെട്ടി അമ്മയായി'
മരുമക്കത്തായികൾക്കിടയിൽ വിവാഹച്ചടങ്ങിനെക്കാളധികം പ്രാധാന്യം 'താലികെട്ടുകല്യാണം' എന്ന ചടങ്ങിനായിരുന്നു. മാസമുറയെത്തുംമുമ്പ് പെൺകുട്ടികളെ ഏതെങ്കിലും ബ്രാഹ്മണനെക്കൊണ്ടോ സമുദായത്തിലെതന്നെ പ്രമുഖരായവരെക്കൊണ്ടോ താലികെട്ടിക്കുന്ന ചടങ്ങായിരുന്നു നായന്മാർക്കിടയിലുണ്ടായിരുന്നത്. ഇതുകൊണ്ട് പെൺകുട്ടി അയാളുടെ ഭാര്യയായി എന്നർത്ഥമാകുന്നില്ല - ബാല്യത്തിൽനിന്ന് യൗവ്വനത്തിലേക്ക് അവൾ കടന്നുവെന്ന് പ്രഖ്യാപിക്കുന്ന ചടങ്ങുമാത്രമായിരുന്നു ഇത്. എന്നാൽ വളരെ നീണ്ടതും ചിലവേറിയതുമായ ആഘോഷമായിരുന്നതുകൊണ്ട് തറവാട്ടിൽ ആ പ്രായത്തിനടുത്തെത്തിയ പെൺകുട്ടികളുടെ താലികെട്ടുകല്യാണം ഒരുമിച്ചുനടത്തുന്ന രീതി പതിവായിരുന്നു. താലികെട്ടിക്കഴിഞ്ഞ പെൺകുട്ടി 'അമ്മയായി' എന്നായിരുന്നു ചൊല്ല്. മക്കത്തായികളായ ഈഴവർക്കിടയിൽ താലികെട്ട് നിർവ്വഹിച്ചിരുന്നത് അന്യപുരുഷന്മാരായിരുന്നില്ല; ഏതെങ്കിലും സ്ത്രീയായിരുന്നു അത് നിർവ്വഹിച്ചിരുന്നത്. സാമ്പത്തികസ്ഥിതി ഇല്ലാത്ത കുടുംബങ്ങൾ അതു ചെറിയതോതിൽ നടത്തിയിരുന്നു- പെൺകുട്ടിയുടെ അമ്മതന്നെ താലികെട്ടുകയോ ഒരു ബൊമ്മയെ അടുത്തിരുത്തിയശേഷം ഏതെങ്കിലും സ്ത്രീകളായ ബന്ധുക്കൾ താലികെട്ടുകയോ ചെയ്യുന്ന രീതികൾ നിലവിൽവന്നു. മാസമുറയാകുന്ന അവസരത്തെ ആഘോഷപൂർവ്വം കൊണ്ടാടുന്ന 'തിരണ്ടുകുളി' എന്ന ചടങ്ങും മക്കത്തായ-മരുമക്കത്തായ കുടുംബങ്ങളിൽ നടത്തിയിരുന്നു.
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ സമുദായപരിഷ്ക്കർത്താക്കൾ 'കെട്ടുകല്യാണ'ത്തെ രൂക്ഷമായി വിമർശിച്ചുതുടങ്ങി. അത് 'അസന്മാർഗ്ഗിക'മാണ്, അത് ബ്രാഹ്മണരോട് വിധേയത്വംകാട്ടുന്നു, ഭാരിച്ച ചിലവിനിടയാക്കുന്നു മുതലായ വിമർശനങ്ങൾ ഉയർന്നുവന്നു. 'കെട്ടുകല്യാണം' അവസാനിപ്പിക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു. എന്നാൽ ഇന്നത്തെക്കാലത്ത് നമ്മുടെ നാട്ടിൽ നടന്നുവരുന്ന, ഭാരിച്ച ചിലവുവരുന്ന വിവാഹാഭാസങ്ങളെ എതിർക്കാനുള്ള ശക്തി പഴയ സമുദായപരിഷ്ക്കർത്താക്കളുടെ പിന്മുറക്കാർക്കില്ലെന്നതാണ് കൗതുകകരമായ കാര്യം!

തറവാട്ടിലെ കാരണവരും മൂത്തവരും ചേർന്നുറപ്പിച്ചിരുന്ന വിവാഹങ്ങളിൽ ഫാസറ്റ് വിവരിക്കുംപ്രകാരമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നോ എന്നു [ 101 ] സംശയമാണ്. എന്നാൽ, ഇങ്ങനെ സ്ത്രീയോടന്വേഷിക്കാതെ ഉറപ്പിക്കുന്ന ബന്ധങ്ങളിൽപ്പോലും അവൾ ഭർത്താവിന്റെയോ ഭർതൃകുടുംബത്തിന്റെയോ പൂർണ്ണവരുതിയിൽ വന്നിരുന്നില്ല. സ്വന്തം തറവാട്ടിൽ അവൾക്കുള്ള സ്ഥാനം അതുമൂലം നഷ്ടമായിരുന്നില്ല. അമ്മാവന്മാരും ആങ്ങളമാരും അനീതി പ്രവർത്തിക്കുമ്പോൾ ചോദ്യംചെയ്യാനുള്ള ധൈര്യം പല സ്ത്രീകൾക്കും ഉണ്ടായിരുന്നില്ലെന്ന് അക്കാലത്തു ജീവിച്ചിരുന്ന പല വ്യക്തികളുടെയും ആത്മകഥകൾ വെളിവാക്കുന്നുണ്ട്. എങ്കിൽപ്പോലും സ്വന്തം കുടുംബത്തിൽ സഹോദരിക്കുള്ള അടിസ്ഥാനാവകാശത്തെ ഇല്ലാതാക്കാൻ എത്ര പ്രതാപിയായ സഹോദരനും എളുപ്പത്തിൽ സാധിക്കുമായിരന്നില്ല. എങ്കിലും ജാതിവ്യവസ്ഥയ്ക്കുള്ളിൽ നിലവിലുണ്ടായിരുന്ന വിലക്കുകളെ അതിലംഘിച്ച സ്ത്രീകൾ ജാതിയിൽനിന്നുതന്നെ പുറന്തള്ളപ്പെട്ടിരുന്നു. അതോടെ കുടുംബാവകാശങ്ങളും അവർക്കു നഷ്ടമായിരുന്നു.
NotesBullet.png മലബാർ മരുമക്കത്തായ കമ്മീഷൻ
മലബാറിലെ വിവാഹനിയമനിർമ്മാണത്തിന്റെ ആവശ്യകതയെക്കുറിച്ചു വിലയിരുത്താൻ 1890ൽ മദ്രാസ് സർക്കാർ നിയമിച്ച ഒരു കമ്മിഷനായിരുന്നു ഇത്. മലബാറിലെ മരുമക്കത്തായികളായ ഹിന്ദുക്കളുടെ അഭിപ്രായമാരായാനും 1887ൽ സി. ശങ്കരൻനായർ എന്ന നായർസമുദായപ്രമാണി തയ്യാറാക്കിയ മലബാർ വിവാഹനിയമം (Madras Marriage Bill) എത്രകണ്ട് പ്രയോജനപ്രദമാണെന്ന് വിലയിരുത്താനും കമ്മിഷൻ ശ്രമിച്ചു. മരുമക്കത്തായികളുടെ ഇടയിലെ വിവാഹം 'വിവാഹ'മല്ലെന്ന് ആധുനികവിദ്യാഭ്യാസംനേടിയ പല ചെറുപ്പക്കാരും വാദിച്ചുതുടങ്ങിയതിനെത്തുടർന്നായിരുന്നു കമ്മിഷന്റെ രൂപീകരണം. കൂടുതൽ യാഥാസ്ഥിതികമായ ബ്രാഹ്മണവിവാഹമാതൃകയ്ക്കടുത്തുവരുന്ന രീതിയിൽ മരുമക്കത്തായവിവാഹരീതിയെ എങ്ങനെ പരിഷ്ക്കരിക്കാമെന്ന ചിന്തയായിരുന്നു നായർസമുദായപരിഷ്ക്കർത്താക്കളുടെയുള്ളിൽ. വിവാഹത്തിൽ സ്ത്രീപുരുഷന്മാരുടെ അവകാശങ്ങളെ നിജപ്പെടുത്തിയും വിവാഹമോചനത്തിന് നിയമപരമായ തടസ്സങ്ങൾ വരുത്തിയും 'പരിഷ്കൃതവിവാഹ'ത്തിലേക്ക് മരുമക്കത്തായികൾ കടക്കണമെന്നായിരുന്നു പരിഷ്ക്കാരികളുടെ അഭിപ്രായം. 1891ൽ മലബാറിലെ പലയിടങ്ങളിലുംവച്ച് കമ്മിഷനംഗങ്ങൾ തെളിവു ശേഖരിച്ചു. തെളിവു നൽകിയവരിൽ സ്ത്രീകൾ നന്നെ കുറവായിരുന്നു. കമ്മിഷൻ അംഗങ്ങൾ തമ്മിൽത്തന്നെ മലബാർ മരുമക്കത്തായവിവാഹരീതിയെപ്പറ്റി കാര്യമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. മരുമക്കത്തായവിവാഹം വെറും 'വെപ്പാട്ടിവ്യവസ്ഥ'യാണെന്ന വാദത്തോട് കമ്മിഷൻ അംഗമായിരുന്ന ഒ. ചന്തുമേനോൻ ശക്തമായി വിയോജിച്ചു. ശങ്കരൻനായർ തയ്യാറാക്കിയ ബില്ല് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ താത്പര്യപ്പെടുന്നവർക്ക് അതിനുള്ള സൗകര്യം നൽകി. ഇത്തരം വിവാഹങ്ങൾ ആജീവനാന്തമുള്ള സാധുതയുള്ളവയും ഏകഭാര്യാവ്യവസ്ഥയ്ക്കു കീഴ്പ്പെട്ടവയും ആയിരിക്കണമെന്ന് ബിൽ നിഷ്ക്കർഷിച്ചു. തന്നെയുമല്ല, ഇപ്രകാരം രജിസ്റ്റർചെയ്ത വിവാഹങ്ങൾക്കുമാത്രമേ വിവാഹമോചനം, സ്വത്തുക്കളുടെ അനന്തരാവകാശം എന്നിവയെ സംബന്ധിച്ചുള്ള സിവിൽ അവകാശങ്ങൾ ബാധകമാകുമായിരുന്നുള്ളൂ. മരുമക്കത്തായകമ്മിഷന്റെ പ്രവർത്തനത്തിനിടയിൽ ഇതെല്ലാം മലബാറിൽ ചൂടേറിയ ചർച്ചാവിഷയമായി. നിയമം ആവശ്യമാണെന്ന തീരുമാനത്തിലാണ് കമ്മിഷൻ അംഗങ്ങളിൽ ഭൂരിഭാഗംപേരും എത്തിച്ചേർന്നത്; മരുമക്കത്തായത്തിൽ ശരിയായ വിവാഹനിയമമില്ലെന്ന് അവർ വാദിച്ചു. ചില തിരുത്തലുകളോടെ ശങ്കരൻനായരുടെ ബില്ല് സ്വീകരിക്കാവുന്നതാണെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. മരുമക്കത്തായസമ്പ്രദായത്തിനെതിരെ 19-ാം നൂറ്റാണ്ടുമുതൽ ആരംഭിച്ച നീക്കങ്ങളെ സ്ത്രീപക്ഷത്തുനിന്ന് വിലയിരുത്തുന്ന ചരിത്രപഠനങ്ങൾ ഇന്ന് ലഭ്യമാണ്. പ്രവീണാ കോടോത്ത്, ജി. അരുണിമ, കെ. ശാരദാമണി എന്നിവരുടെ കൃതികൾ ശ്രദ്ധിക്കുക ('കൂടുതൽ വായനയ്ക്ക്' എന്ന ഭാഗം നോക്കുക).

വിവാഹമോചനവും പുനർവിവാഹവും സാധാരണയായിരുന്നു. തിരുവിതാംകൂറിലെ റാണി ഗൗരി പാർവ്വതീഭായി മൂന്നു വിവാഹം കഴിച്ചിരുന്നു; അത് അന്നത്തെ മരുമക്കത്തായ സമുദായങ്ങളിലെ നടപ്പുരീതിയായിരുന്നു. മരുമക്കത്തായമെന്നാൽ 'നമ്പൂതിരി സംബന്ധം' - അതായത്, ജാതിശ്രേണിയിൽ ഉയർന്നജാതിയായ മലയാളബ്രാഹ്മണർ അതിൽ താഴെനിന്ന നായർ-അമ്പലവാസി സമുദായങ്ങളിലെ സ്ത്രീകളുമായി ഏർപ്പെട്ടിരുന്ന വിവാഹബന്ധം - ആയിരുന്നുവെന്ന ഒരു ധാരണ പൊതുവേയുണ്ട്. നമ്പൂതിരിസംബന്ധം 'അയഞ്ഞതോ' 'താത്കാലിക'മോ ആയിരുന്നുവെന്ന് പലരും പറഞ്ഞുകേൾക്കാറുണ്ട്. ഇപ്പറഞ്ഞത് അത്രയ്ക്കൊന്നും ശരിയല്ല എന്ന് നമ്പൂതിരിസംബന്ധത്തെക്കുറിച്ച് പഠിച്ച നരവംശശാസ്ത്രജ്ഞർ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഇത്തരം ബന്ധങ്ങളിൽ ജീവിച്ച സ്ത്രീകൾ അധികവും ചൂഷണംചെയ്യപ്പെട്ടു എന്ന ധാരണയും തെറ്റാണെന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നു. വാസ്തവത്തിൽ 'മരുമക്കത്തായം' എന്നു നമ്മൾ പൊതുവെ പറയുന്നുണ്ടെങ്കിലും കേരളത്തിന്റെ പലഭാഗത്തും പല രീതിയിലുള്ള വിവാഹക്രമങ്ങളാണ് മരുമക്കത്തായസമുദായക്കാർ പിന്തുടർന്നുവന്നിരുന്നത്. തെക്കേമലബാർ - കൊച്ചീപ്രദേശങ്ങളിൽ നമ്പൂതിരിസംബന്ധം ധാരാളമുണ്ടായിരുന്നെങ്കിലും തിരുവിതാംകൂറിൽ പലയിടത്തും മുറച്ചെറുക്കനും മുറപ്പെണ്ണുമായുള്ള വിവാഹം വളരെ പ്രചാരത്തിലുണ്ടായിരുന്നു. തെക്കൻ പ്രദേശങ്ങളിൽ 'ബഹുഭർതൃത്വം' [ 102 ] അല്ലെങ്കിൽ 'പാണ്ഡവാചാരം' എന്ന രീതിയും കണ്ടിരുന്നു. ഒരു സ്ത്രീക്ക് ഒരേസമയം പല ഭർത്താക്കന്മാർ ഉണ്ടായിരിക്കുന്നതാണ് 'ബഹുഭർതൃത്വം'; അവർ സഹോദരന്മാർകൂടിയാണെങ്കിൽ അതു 'പാണ്ഡവാചാരം'. വടക്കേ മലബാറിൽ സംബന്ധംകഴിഞ്ഞാൽ ഭാര്യ ഭർത്താവിന്റെ കുടുംബത്തിൽ പോയി താമസിക്കുന്നതായിരുന്നു പതിവ്. ഇതോടൊപ്പം സ്വന്തം വീടുമായുള്ള ബന്ധം അവർ നിലനിർത്തി. ഭർത്താവ് മരിക്കാനിടവന്നാൽ സ്വന്തം കുടുംബത്തിലേക്ക് മടങ്ങുകയും ചെയ്തു. തെക്കേ മലബാറിലാകട്ടെ, ഭാര്യ സ്വന്തം തറവാട്ടിൽത്തന്നെ താമസിക്കുകയും ഭർത്താവ് അവിടെച്ചെന്ന് അവരെ സന്ദർശിക്കുകയും ചെയ്യുന്ന രീതിയായിരുന്നു.
ഇതുകൂടാതെ വിവാഹംനടത്തുന്ന രീതിയിലും വിവാഹബന്ധത്തിലും പല വ്യത്യാസങ്ങളും കണ്ടിരുന്നു. സമൂഹം അംഗീകരിച്ച ഒരു രീതിയല്ല, പല രീതികളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഇവിടെ വ്യാപകമായി അംഗീകരിക്കപ്പെടുന്ന 'പുടമുറി സംബന്ധം' അവയിൽ ഒരു രീതിമാത്രമായിരുന്നു. (താലികെട്ടുക എന്ന ചടങ്ങുകൂടി ഇതോടൊപ്പം ചേർത്താണ് ഇന്നിത് ആചരിക്കുന്നത്). കുറച്ചുകൂടി അയഞ്ഞ, എന്നാൽ സമൂഹത്തിന്റെ അംഗീകാരമുള്ള മറ്റു ചടങ്ങുകളുമുണ്ടായിരുന്നു. 'വീടാരം കയറുക' എന്ന ചടങ്ങ് ഒരുദാഹരണമാണ്. ഇതുപ്രകാരം പുടവ നൽകുന്ന ചടങ്ങോ വിസ്തരിച്ചുള്ള സദ്യയോ ഒന്നും നടത്തിയിരുന്നില്ല; പക്ഷേ, 'വീടാരംകയറി'യ ദമ്പതിമാരുടെ മക്കൾക്ക് സമൂഹത്തിന്റെ അംഗീകാരം ലഭിച്ചിരുന്നു. സാഹചര്യം ഒത്തുവരുമ്പോൾ 'വീടാരം കയറിയ'വർ പുടമുറി നടത്തുകയും ചെയ്തിരുന്നു. ഇരുപതു വർഷത്തിനുശേഷം പുടമുറി നടത്തിയ 'വീടാരം കയറിയ'വരെ തനിക്ക് പരിചയമുണ്ടെന്ന് പ്രശസ്ത സാഹിത്യകാരനും ആ കാലത്തെ മലബാറിലെ പൊതുരംഗത്തു പ്രസിദ്ധനുമായിരുന്ന ഒ. ചന്തുമേനോൻ മലബാർ മരുമക്കത്തായ കമ്മിഷന് (1891) തെളിവു നൽകി! ഇതിനുപുറമേ, 'കിടക്കോറക്കല്യാണം', 'കിടപ്പിന്റെ വട്ടം' എന്നിങ്ങനെയുള്ള കൂടുതൽ ലഘുവായ, എന്നാൽ സമൂഹം അംഗീകരിക്കുന്ന, ബന്ധങ്ങൾ നിലവിലുണ്ടായിരുന്നു. സമൂഹത്തിന്റെ അംഗീകാരമില്ലാത്ത ബന്ധങ്ങളെയാണ് 'രഹസ്യ'മെന്നോ 'സ്വകാര്യ'മെന്നോ വിളിച്ചിരുന്നത്. ഇന്നാകട്ടെ, 'കിടക്കോറക്കല്യാണവും', 'വീടാരംകയറലും' ഒന്നും നിലവിലില്ല; 'രഹസ്യ'ത്തിനും 'സ്വകാര്യ'ത്തിനും വലിയ കുറവൊന്നുമില്ല!
Kulasthree Chapter five pic03.jpg

അതുപോലെ മരുമക്കത്തായക്കാരെല്ലാം നായന്മാരായിരുന്നില്ലെന്നും ഓർക്കണം. വടക്കേമലബാറിലെ തീയ്യർ, ഈഴവസമുദായത്തിലെ ചില വിഭാഗക്കാർ, മരുമക്കത്തായരീതി പിൻതുടർന്ന മാപ്പിളവിഭാഗക്കാർ, പുലയർ, മറ്റു കീഴാളജാതിക്കാർ, ഇവരെക്കൂടി എണ്ണിയിട്ടുവേണം മരുമക്കത്തായത്തെക്കുറിച്ചു പറയാൻ. ഇവരിൽ ആർക്കും നമ്പൂതിരിസംബന്ധം ഇല്ലായിരുന്നു; മേൽപ്പറഞ്ഞ [ 103 ] പലവിധത്തിലുള്ള വിവാഹരീതികൾ ഇക്കൂട്ടരുടെയിടയിലും ഏകദേശം 20-ാം നൂറ്റാണ്ടിന്റെ പകുതിയോളവും ചിലയിടങ്ങളിൽ അതിനുശേഷവും നിലവിലുണ്ടായിരുന്നു.
19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മരുമക്കത്തായികളിൽ പലർക്കും - ഇവർ അധികവും പുരുഷന്മാരായിരുന്നു - ഇത്തരം നടപ്പുരീതികളെക്കുറിച്ച് നാണക്കേടും അതൃപ്തിയും തോന്നിത്തുടങ്ങിയിരുന്നു. രണ്ടുതരം സ്വാധീനങ്ങളായിരുന്നു ഈ അഭിപ്രായത്തിനുപിന്നിൽ. ഒന്ന്, ആധുനികവിദ്യാഭ്യാസത്തിലൂടെ ഇന്ത്യയിലാകെ രൂപപ്പെട്ടുതുടങ്ങിയിരുന്ന പുതിയ മേൽജാതിസംസ്കാരത്തിന്റെ സ്വാധീനം. ബ്രാഹ്മണമൂല്യങ്ങൾക്ക് കണക്കിലധികം വില കല്പിക്കുകയും 'ഇന്ത്യൻസംസ്കൃതി'യുടെ അന്തഃസത്ത ബ്രാഹ്മണമൂല്യങ്ങളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഈ പുതിയ പ്രവണത, മുൻ അദ്ധ്യായത്തിൽ സൂചിപ്പിച്ച 'പൗരസ്ത്യവാദി'കളിൽ > കാണുക പുറം 58 < ആരംഭിച്ച് പുതുവിദ്യാഭ്യാസം നേടിയ പുതിയ ഇന്ത്യൻ അധികാരിവർഗ്ഗത്തിലൂടെ വളർന്നു പന്തലിച്ചു. സ്ത്രീകളെ പൂർണ്ണമായും ഭർതൃകുടുംബത്തിന്റെ കീഴിലാക്കുന്ന, സ്ത്രീകൾക്ക് അവകാശങ്ങൾ അധികവും നിഷേധിക്കുന്ന, സ്വന്തം കുടുംബവുമായുള്ള അവരുടെ ബന്ധത്തെ അറുത്തുകളയുന്ന, വിവാഹംചെയ്യാത്ത സ്ത്രീക്ക് സമൂഹത്തിൽ അംഗത്വമില്ലെന്നുപോലും കരുതുന്ന ബ്രാഹ്മണ വിവാഹാദർശമാണ് 'ഇന്ത്യൻ വൈവാഹികസദാചാര'മെന്ന് ഈ പുതിയ ആശയവ്യവസ്ഥ സ്ഥാപിച്ചു. മദ്രാസിലും (ചെന്നൈ) മറ്റും ഉന്നതവിദ്യാഭ്യാസത്തിനായി എത്തിയ നായർയുവാക്കളിൽ പലരും ഇതിന്റെ സ്വാധീനത്തിലായി. മലബാറിൽ നിലവിലുള്ള വിവാഹം വെറും 'വെപ്പാട്ടിവ്യവസ്ഥ'യാണെന്ന് അവർ വാദിച്ചുതുടങ്ങി.

NotesBullet.png വിവാഹവും അനന്തരാവകാശവും നിയമംവഴി പരിഷ്ക്കരിക്കപ്പെടുന്നു
1896ലെ മലബാർ വിവാഹനിയമം (Malabar Marriage Act) സേംബന്ധം രജിസ്റ്റർ ചെയ്യാൻ താത്പര്യപ്പെടുന്നവർക്കുവേണ്ടി ആ സൗകര്യം ഏർപ്പെടുത്തി; അപ്രകാരം രജിസ്റ്റർചെയ്ത വിവാഹങ്ങളിൽ പുരുഷന്റെ സ്വയാർജ്ജിതസമ്പാദ്യത്തിന്റെ പകുതി ഭാര്യയ്ക്കും മക്കൾക്കും നൽകാൻ വകുപ്പുണ്ടായിരുന്നു. 1898ൽ മലബാറിലും 1899ൽ തിരുവിതാംകൂറിലും പുരുഷന്റെ സ്വയാർജ്ജിതസ്വത്തക്കളിൽ ഒരുഭാഗമെങ്കിലും മരണപത്രം മുഖേന ഇഷ്ടമുള്ളവർക്കു കൈമാറാമെന്നുവന്നു. പിന്നീടങ്ങോട്ടുണ്ടായ നിയമനിർമ്മാണം മുഴുവൻ സംബന്ധത്തെ ഏകഭാര്യാവിവാഹത്തിന്റെ മാതൃകയിൽ മാറ്റിത്തീർക്കാൻ സഹായിച്ചു. 1912ൽ തിരുവിതാംകൂറിലെ മരുമക്കത്തായനിയമം പുരുഷന്റെ സ്വയാർജ്ജിതസ്വത്തുക്കൾ ഭാര്യയ്ക്കും മക്കൾക്കും അവകാശപ്പെട്ടതാക്കി; സംബന്ധം നിയമപരമായ വിവാഹമായി അംഗീകരിച്ചു; 1918ലെ മാപ്പിള പിന്തുടർച്ചാവകാശനിയമപ്രകാരം മരുമക്കത്തായം അംഗീകരിച്ച മാപ്പിളമാരുടെയിടയിൽ പുരുഷന്റെ സ്വയാർജ്ജിതസ്വത്തിൽ പകുതി മുസ്ലിംനിയമമനുസരിച്ച് കൈകാര്യം ചെയ്യാമെന്നുവന്നു. കൊച്ചിയിൽ 1920ൽ നടപ്പിലായ നായർ റെഗുലേഷൻ പ്രകാരം മറ്റുപ്രദേശങ്ങളിലെന്നപോലെ ഭർത്താവിന്റെ സ്വയാർജ്ജിതസ്വത്തുക്കളുടെ പകുതി ഭാര്യയ്ക്കും കുട്ടികൾക്കും അവകാശപ്പെട്ടതാണെന്നുവന്നു; ഒരു കുടുംബത്തെ താവഴികളായി പിരിഞ്ഞു മാറിത്താമസിക്കാൻ അനുവദിച്ചു; ബഹുഭാര്യത്വം നിയമവിരുദ്ധമായി; ഒപ്പം സംബന്ധം നിയമപ്രകാരമുള്ള വിവാഹമായി അംഗീകരിക്കപ്പെട്ടു. 1925ൽ തിരുവിതാംകൂറിൽ മരുമക്കത്തായ കൂട്ടുകുടുംബങ്ങൾ ഭാഗംവയ്ക്കാൻ അനുവദിച്ച നായർ ആക്ട് നിലവിൽവന്നു; ഇതോടെ പുരുഷന്റെ സ്വയാർജ്ജിതസ്വത്ത് മുഴുവൻ ഭാര്യയ്ക്കും മക്കൾക്കും അവകാശപ്പെട്ടതാണെന്നുവന്നു. മറ്റു മരുമക്കത്തായവിഭാഗങ്ങളായ ഈഴവ, വെള്ളാള, ക്ഷത്രിയ ജാതിക്കാർക്കും ഇതു പിന്നീടു ബാധകമായി. ഇതേ മട്ടിലുള്ള നിയമമാറ്റങ്ങൾ 1930കളിൽ കൊച്ചിയിലും മലബാറിലും സംഭവിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഹിന്ദുപിൻതുടർച്ചാവകാശനിയമം (1956) നടപ്പിലായതോടെ മലബാറിലെ മരുമക്കത്തായികൾക്കും തറവാടു ഭാഗംവയ്ക്കാമെന്നുവന്നു.

രണ്ടാമത്തെ സ്വാധീനം അക്കാലത്തെ ബ്രിട്ടിഷ് സമൂഹത്തിൽ നിലനിന്നിരുന്ന ഇടുങ്ങിയ സദാചാരബോധമായിരുന്നു. ഭാര്യയെ ഭർത്താവിന്റെ പൂർണ്ണാധികാരത്തിനു വിധേയയാക്കുന്ന, കുട്ടികളുടെയും ഭാര്യയുടെയും മുഖ്യസംരക്ഷകനായി ഭർത്താവിനെ അധികാരപ്പെടുത്തുന്ന രീതിയാണ് 'പരിഷ്ക്കാരത്തി'ന്റെ ലക്ഷണമെന്ന് അക്കാലത്തെ ബ്രിട്ടീഷ് സദാചാരം വിധിച്ചു. 'പെൺപണം' പോലുള്ള ഇടപാടുകൾ 'അപരിഷ്കൃതരു'ടെ ലക്ഷണമാണെന്ന് ബ്രിട്ടനിൽനിന്ന് ഇവിടെയെത്തിയ മിഷണറിമാരും ഉദ്യോഗസ്ഥരുംമറ്റും വിലയിരുത്തി. കേരളത്തിൽ മിഷണറിസംഘടനകൾ 19-ാം നൂറ്റാണ്ടിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി 'പെൺപണം'പോലുള്ള 'സാമൂഹ്യതിന്മകളെ' ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ചർച്ച് മിഷൻ സൊസൈറ്റി (CMS) യുടെ പ്രമുഖ പ്രവർത്തകരിൽ ഒരാളായിരുന്ന റവ. ബേക്കർ (ജൂനിയർ) ഇത്തരം ആചാരങ്ങളെ എതിർത്തിരുന്നുവെന്ന് സാമുവൽ നെല്ലിമുകൾ അഭിപ്രായപ്പെടുന്നു:
DownArrow.png
പുലയരുടെ ജീവിതത്തിൽ റവ.ബേക്കർ (ജൂനിയർ) വരുത്തിയ ഒരു വലിയ പരിഷ്ക്കാരമായിരുന്നു, ഉയർന്ന [ 104 ] സമുദായക്കാരെപ്പോലെ സ്ത്രീധനസമ്പ്രദായം ഏർപ്പെടുത്തിയത്. അദ്ദേഹം എഴുതുന്നു: "ഇവർ ഭാര്യമാരെ വിലയ്ക്കു വാങ്ങുന്ന സമ്പ്രദായം ഉള്ളവരായിരുന്നു. ഭാര്യയെ ഇഷ്ടമല്ലെങ്കിൽ അവളെ തിരികെ വീട്ടിൽ കൊണ്ടുവിട്ടിട്ട് പണം മടക്കിവാങ്ങും... ക്രിസ്ത്യാനികളായ പുലയരും പെണ്മക്കളെ വിവാഹത്തിനു കൊടുക്കുമ്പോൾ വരനിൽനിന്ന് 'പുരുഷധനം' (പെൺപണം) വാങ്ങുന്ന പതിവു തുടർന്നു. വധുവിനുവേണ്ടി പണം നൽകാൻ വരന് പ്രയാസമാണെന്ന് അവരെ പറഞ്ഞുമനസ്സിലാക്കാൻ ഞാൻ വളരെ പ്രയാസപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാ അടിമസഭകളിലും ഞാൻ സമരംതന്നെ നടത്തിയിട്ടുണ്ട്. ഒടുവിൽ വിജയിച്ചു. ഇപ്പോൾ വിവാഹിതരാകുന്ന പെൺകുട്ടികൾ അവരുടെ പിതൃസ്വത്തിന്റെ ഒരുഭാഗം - അല്പം തുണികളും പാകംചെയ്യാനുള്ള മൺകലവും ചട്ടികളുംമാത്രം - ഭർത്താവിന്റെ വീട്ടിലേക്കു കൊണ്ടുവരുന്നു." (സാമുവൽ നെല്ലിമുകൾ, കേരളത്തിലെ സാമൂഹ്യപരിവർത്തനം, കോട്ടയം, 2003, പുറം 239-40)
ഇത് വരവിലയായി മാറാൻ കുറേക്കാലംക്കൂടി പിടിച്ചു. എങ്കിലും വിവാഹവേളയിൽ പെൺവീട്ടിൽനിന്ന് ചെറുക്കൻവീട്ടിലേക്ക് ധനം കൈമാറുന്ന രീതിയാണ് 'പരിഷ്കൃത'മായത് എന്ന ധാരണയ്ക്ക് വേരോട്ടമുണ്ടാകാൻ ഇതൊക്കെ സഹായകമായി.
കേരളചരിത്രരചനയെ ഇത്തരം ധാരണകൾ വളരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഈ കാലഘട്ടത്തെ 'കേരളീയനവോത്ഥാനം' എന്നാണല്ലോ നാം വിളിക്കാറ്. ഈ സമൂഹത്തിന്റെ ആണിക്കല്ലുകളായ എല്ലാ സ്ഥാപനങ്ങളും ആശയധാരകളും വിമർശനാത്മകമായ വിലയിരുത്തലിനു വിധേയമായ കാലം എന്ന അർത്ഥത്തിലാണിത്. പക്ഷേ, ഈ വിലയിരുത്തൽ വലിയൊരളവുവരെ പുരുഷപക്ഷത്തുനിന്നായിരുന്നു എന്ന തിരിച്ചറിവ് സ്ത്രീപക്ഷചരിത്രരചനയുടെ വളർച്ചയിലൂടെ ഉണ്ടായതാണ്. അതുവരെ മരുമക്കത്തായം, പെൺപണം മുതലായവ 'വെറും അപരിഷ്കൃത'മായ ഏർപ്പാടുകളായിരുന്നുവെന്ന അവകാശവാദമായിരുന്നു ആധുനിക കേരളത്തെക്കുറിച്ചുള്ള ചരിത്രരചനയുടെ അടിസ്ഥാനധാരണകളിലൊന്ന്.
'പാണ്ഡവാചാരം' പോലുള്ള സമ്പ്രദായങ്ങളിൽ ദമ്പതിമാർ തമ്മിലുള്ള സ്നേഹമോ ബഹുമാനമോ അസാദ്ധ്യമാണെന്നായിരുന്നു ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പല നാട്ടുകാരുടെയും ബ്രിട്ടിഷ് സദാചാരത്തിന്റെ ചില്ലുകളിലൂടെ കേരളത്തെ നോക്കിക്കണ്ട മറ്റു പലരുടെയും അഭിപ്രായം. ഇത്തരം വികാരങ്ങൾ ഈ സമ്പ്രദായക്കാർ പ്രകടിപ്പിച്ചാലും, അതു തിരിച്ചറിയാനും അംഗീകരിക്കാനും ആധുനികർക്കു കഴിഞ്ഞിരുന്നില്ല. അത്രയ്ക്കു മുൻവിധിയായിരുന്നു. പഴയ സി.എം.എസ് രേഖകളിൽ കണ്ട ഒരു കഥയാണ് ഇവിടെ ഓർമ്മവരുന്നത്. ഏകദേശം 1850കളിൽ നടന്നതാണ്. സംഭവത്തിനു സാക്ഷിയായിരുന്ന ഒരു സി.എം.എസ്. മിഷണറി തന്റെ മേലധികാരികൾക്കെഴുതിയ കത്താണ് ഇതിനാധാരം. പാണ്ഡവാചാരപ്രകാരം വിവാഹംകഴിച്ചിരുന്ന ഒരു തിരുവിതാംകൂറുകാരൻ നായർയുവാവ് ബ്രിട്ടിഷ്കൊച്ചിയിൽ ജോലിനോക്കുകയായിരുന്നു. കുറച്ചുനാൾകഴിഞ്ഞ് അയാൾ ക്രിസ്തുമതം സ്വീകരിക്കാൻ തീരുമാനിച്ചു. പാണ്ഡവാചാരം ക്രിസ്തുമതപ്രകാരം പാപമായതുകൊണ്ട് അയാൾ ബന്ധമൊഴിയാൻ തീരുമാനിച്ചു. ആദ്യം ഭാര്യയോട് 'പാപകരമായ' അവളുടെ ജീവിതംവിട്ട് തന്നോടൊപ്പം ക്രിസ്തുമതം സ്വീകരിച്ച് തന്റെമാത്രം പത്നിയായി കഴിയണമെന്ന് അയാൾ ആവശ്യപ്പെട്ടു. ഇതുകേട്ട് അമ്പരന്നുപോയ ഭാര്യ നെഞ്ചത്തടിച്ചു കരഞ്ഞുതുടങ്ങിയത്രെ. യുവാവ് നിരാശനായി മടങ്ങി. ഇതേത്തുടർന്നുണ്ടായ സംഭവങ്ങൾ തനിക്ക് തീരെ മനസ്സിലാകുന്നില്ലെന്ന് മിഷണറി തന്റെ കത്തിൽ തുറന്നു സമ്മതിക്കുന്നു! ഭർത്താവ് വിട്ടുപോയതിനെത്തുടർന്ന് ഈ ഭാര്യ നിത്യരോഗിയായിത്തീർന്നത്രെ. ഇതുകണ്ട് അവരുടെ മറ്റു (മൂന്നു) ഭർത്താക്കന്മാർ ആകെ ദുഃഖിതരായി; അവരുടെ കോപംമുഴുവൻ വിട്ടുപോയ സഹോദരന്റെ നേരെയായി. അയാളെ മർദ്ദിച്ചവശനാക്കി തങ്ങളുടെയൊപ്പം കൊണ്ടുപോകാൻ അവർ ശ്രമിച്ചു. നാലുപേരിൽ ഒരാൾ പോയതിന് ഈ സ്ത്രീ എന്തിനിത്ര ദുഃഖിച്ചു? ഒരാൾ ഒഴിഞ്ഞുപോയപ്പോൾ മത്സരം അത്രയും കുറഞ്ഞല്ലോ എന്നോർത്ത് മറ്റു മൂന്നുപേർ സന്തോഷിക്കാത്തതെന്തുകൊണ്ട്? ഇതായിരുന്നു മിഷണറിയുടെ സംശയം.
മിഷണറിയുടെ ഈ പ്രതികരണത്തിൽ രണ്ടു മുൻവിധികളാണുള്ളത്. ഒന്ന്, നാലു ഭർത്താക്കന്മാരുള്ള സ്ത്രീക്ക് വെറും 'കച്ചവടബന്ധം' മാത്രമേ ഈ നാലുപേരുമായി ഉണ്ടാകാനിടയുള്ളൂ എന്ന വിചാരം. അതായത് അവർക്ക് ഈ നാലുപേരെയും സ്നേഹിക്കാൻ കഴിയില്ല എന്ന തോന്നൽ. അതുകൊണ്ടാണ് ഒരാൾ നഷ്ടമായപ്പോൾ ഈ സ്ത്രീ വികാരാധീനയായതെന്തുകൊണ്ടെന്ന് മിഷണറി ചോദിച്ചത്. രണ്ട്, ഒരേ സ്ത്രീയുമായി വിവാഹത്തിലേർപ്പെടുന്ന പുരുഷന്മാർ തമ്മിൽ മത്സരം, അസൂയ മുതലായ ദുഷിച്ച വികാരങ്ങൾമാത്രമേ ഉണ്ടാകാനിടയുള്ളു എന്ന മുൻവിധി. അതാണ് നാലാളിൽ ഒരാൾ ഒഴിഞ്ഞുപോയാൽ മറ്റു മൂന്നുപേർ സന്തോഷിക്കുകയല്ലേ വേണ്ടത് എന്ന് മിഷണറി ചോദിച്ചത്. ഈ മിഷണറിയുടെ അനുഭവം ഒറ്റപ്പെട്ടതായിരുന്നില്ല. മുമ്പ് ഉദ്ധരിച്ച നരവംശശാസ്ത്രജ്ഞൻ ഫാസറ്റ് തിരുവിതാംകൂറിൽ മിഷണറിവേല ചെയ്തവരിൽ പ്രമുഖനായിരുന്ന റവ. സാമുവൽ മറ്റീയർ (Samuel Mateer) സൂചിപ്പിച്ച ഒരു [ 105 ] സംഭവത്തെക്കുറിച്ചു പറയുന്നുണ്ട്. ഒരേ സ്ത്രീയെ വിവാഹംകഴിച്ച രണ്ടു സഹോദരന്മാരിൽ ഒരാൾ ക്രിസ്തുമതം സ്വീകരിച്ച് ബന്ധമൊഴിഞ്ഞുപോയപ്പോൾ മറ്റേ ഭർത്താവ് വല്ലാതെ ചൊടിച്ചത്ര. മതംമാറി എന്നുവച്ച് ഭാര്യയെ ഉപേക്ഷിക്കേണ്ട കാര്യമെന്തെന്നായിരുന്നു അയാളുടെ ചോദ്യം!
NotesBullet.png 'മാന്യന്മാർ' അധികം ചെയ്യുന്ന കുറ്റകൃത്യം!
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും അതു നൽകാൻ പ്രേരിപ്പിക്കുന്നതും നിയമപ്രകാരം കുറ്റകൃത്യമാണ്! എന്നാൽ ഈ ദുഷിച്ച സമ്പ്രദായത്തെ അംഗീകരിക്കുന്നതിലൂടെ ഈ കുറ്റകൃത്യത്തിൽ അധികമധികം ഊറ്റത്തോടുകൂടി ഏർപ്പെട്ടുകൊണ്ട് 'മാന്യത' കാട്ടാൻ ശ്രമിക്കുന്ന സമൂഹമാണ് കേരളം. വിവാഹസമയത്ത് വധുവിനോ വരനോ നൽകപ്പെടുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ചില നിശ്ചയങ്ങൾ പാലിക്കപ്പെട്ടാൽമാത്രമേ ഈ ഒഴിവു ലഭിക്കു. (1) സമ്മാനങ്ങൾ അവകാശമായി ആവശ്യപ്പെട്ടതാകരുത് (demand), (2) സ്ത്രീധനനിരോധനനിയമത്തിനു കീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങൾപ്രകാരം സമ്മാനങ്ങൾ ചേർക്കുന്നതായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ലിസ്റ്റ് സൂക്ഷിച്ചിരിക്കണം, (3) വധുവിനുവേണ്ടിയോ വധുവിനോടു ബന്ധമുള്ള ആരെങ്കിലുമോ കീഴ്നടപ്പനുസരിച്ചു (customary) നടപ്പാക്കേണ്ട സമ്മാനങ്ങളുടെ ശ്രണിയിൽപ്പെട്ടതായിരിക്കണം. അഞ്ചുവർഷത്തിൽ കുറയാത്ത തടവും പതിനയ്യായിരം രൂപയിൽ കുറയാത്തതോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ കൂടുതൽ അത്രയും തുക പിഴയിനത്തിലും ശിക്ഷവിധിക്കാം.
[അഡ്വ. ഗീനാകുമാരി നൽകിയ വിവരങ്ങൾ]

Kulasthree Chapter five pic04.jpg
വാലസമുദായക്കാരുടെ വിവാഹസംഘം - കെ പി പത്മനാഭ മേനോൻ - വാള്യം 3 (1929), 1984

പുടമുറി ഒഴിച്ചുള്ള മറ്റെല്ലാത്തരം വിവാഹരീതികളെയും അമർച്ചചെയ്യാനുള്ള പരിശ്രമമാണ് സമുദായപരിഷ്ക്കർത്താക്കളിൽനിന്നുണ്ടയത്. ഒരു സ്ത്രീക്ക് സ്വന്തം ജീവിതകാലത്ത് ഒരു ഭർത്താവിലധികം ഉണ്ടാകുന്നത് 'കുറച്ചി'ലാണെന്ന ധാരണ ക്രമത്തിൽ വളർന്നുവന്ന കാലവുംകൂടിയായിരുന്നു ഇത്. ഫാസറ്റ് അടക്കമുള്ള നിരവധി വിദേശികളും ചന്തുമേനോനെപ്പോലുള്ള സ്വദേശികളും ഇത്തരം നിലപാടുകളെ എതിർക്കാൻ ശ്രമിച്ചു. എന്നാൽ സമുദായപരിഷ്ക്കർത്താക്കളിൽ പലർക്കും ഇത് 'പുരുഷത്വം വീണ്ടെടുക്കലി'ന്റെ പ്രശ്നമായിരുന്നു. മരുമക്കത്തായത്തെ പൂർണ്ണമായും എതിർക്കാത്ത സമുദായമേധാവികൾപോലും അങ്ങനെ ചിന്തിച്ചു. 1909ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ ലേഖനത്തിൽ ഇതു വ്യക്തമായും കാണാം:
DownArrow.png
യഥാർത്ഥത്തിൽ പുരുഷത്വമുള്ളവർ മേത്തരം മലയാളികളിൽ വളരെക്കുറഞ്ഞുതന്നെയാണു നിൽക്കുന്നത്... ഒരു കന്യകയെ സ്വന്തം ഭാര്യയാക്കി സ്വീകരിച്ചാൽ ആ പെൺകുട്ടിയെ ഭരിപ്പാൻപോലും ത്രാണിയുള്ളവരായ പുരുഷന്മാർ വളരെ കുറവാണെന്നുള്ളതു തീർച്ചതന്നെ. ഈ വകക്കാരിൽ ഭാര്യയുടെ പരിപൂർണ്ണഭരണം വിട്ടുകൊടുക്കാതെ സ്ത്രീകളുടെ തറവാട്ടുസ്വത്തിന്മേൽ അവർക്കവകാശം എന്നേക്കും നിലനിർത്തിക്കൊണ്ട് ഒരുവിധം തീറ്റിപ്പോറ്റി രക്ഷിക്കുന്നതിനിടയാക്കുന്ന മരുമക്കത്തായ സമ്പ്രദായം അഭിനന്ദനീയംതന്നെ. പക്ഷേ, ഈവക പുരുഷന്മാരെ ഇങ്ങനെ [ 106 ] നപുംസകപ്രായന്മാരാക്കിത്തീർക്കാൻ കാരണവും മരുമക്കത്തായംതന്നെയാണെന്നു ചിലർ പറയുമായിരിക്കും. വാസ്തവത്തിൽ അങ്ങനെയല്ല. മരുമക്കത്തായത്തിന്റെ യഥാർത്ഥമല്ലാത്ത നിർവ്വഹണവും അവിഭക്തകുടുംബത്തിന്റെ ദുർഭരണവും നവീനവിദ്യാഭ്യാസത്തിന്റെ വികടഗതിയും എല്ലാം കൂടിക്കലർന്ന് നിലതെറ്റിയതിനാൽ മലയാളികളുടെ ഇടയിൽ പൌരുഷം അല്ലെങ്കിൽ പുരുഷത്വം ക്ഷയിച്ചു... ഈ സ്ഥിതിക്കു ഭാര്യയേയും മക്കളേയും ഭരിപ്പാനുള്ള പ്രാപ്തി ഈ യുവാക്കളിൽ അധികപക്ഷം ആളുകൾക്കും കിട്ടാഞ്ഞാൽ അത്ഭുതമില്ലല്ലോ...
('സ്ത്രീകളുടെ ആപത്ത്', ലക്ഷ്മീഭായി 5(5), 1909)

ഈ മനോഭാവം വ്യാപകമായിത്തുടങ്ങുന്നകാലത്താണ് വരവിലയും വളർന്നത്. 'യഥാർത്ഥ പുരുഷൻ' ഭാര്യയെ ഭരിക്കുന്നവനാണെങ്കിൽ അവരുടെ സ്വത്തുക്കൾ കൈകാര്യംചെയ്യാനുള്ള അധികാരവും അയാൾക്കുതന്നെ എന്ന വിചാരത്തോടെ വിവാഹവേളയിൽ വധുവിന്റെ സ്വത്തിനെക്കുറിച്ചുള്ള അന്വേഷണവും തുടങ്ങി. സർക്കാർജോലിക്കാർക്ക് 'ഡിമാന്റുകൾ' ഏറുകയുംചെയ്തു. 1925ൽ തിരുവിതാംകൂറിലെ നായർ കൂട്ടുകുടുംബങ്ങൾ ഭാഗംവയ്ക്കാൻ അനുവദിച്ച നായർബിൽ പാസായതോടുകൂടി ഭാര്യയ്ക്കു ലഭിക്കേണ്ട ഓഹരി 'സ്ത്രീധന'മായി ഭർതൃഗൃഹത്തിലേക്ക് ഒഴുകാനും തുടങ്ങി.
1931ലെ തിരുവിതാംകൂർ ജനസംഖ്യാകണക്കെടുപ്പു (സെൻസസ്) റിപ്പോർട്ടിൽ 'യോഗ്യത'യുള്ള പുരുഷന്മാർക്ക് വൻതുക നൽകി പെൺകുട്ടികളെ വിവാഹംകഴിപ്പിക്കുന്ന രീതി നായർ-ഈഴവ കുടുംബങ്ങളിൽ കണ്ടുതുടങ്ങിയെന്ന നിരീക്ഷണമുണ്ട്. എന്നാൽ ഇതിനു വളരെമുമ്പുതന്നെ, ഈ സമ്പ്രദായം ആദ്യം കണ്ടുതുടങ്ങിയ ഘട്ടംമുതൽക്കേ, ഇതിനെയും ഇതിന്റെ സംരക്ഷകരായ സമുദായനേതാക്കന്മാരെയും കഠിനമായി വിമർശിച്ചവരുണ്ടായിരുന്നു. നായർ-ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്ന് ആധുനികവിദ്യാഭ്യാസം ചെയ്ത ആദ്യതലമുറക്കാരികൾ പലരും വരവിലയെ നിശിതമായി വിമർശിച്ചു. അവരിലൊരാളായിരുന്ന കെ. പത്മാവതി അമ്മ 1912ൽത്തന്നെ 'പണമെത്ര തരും?' എന്ന ചോദ്യവുമായി എത്തുന്ന സംബന്ധാന്വേഷകരെ നാല് ഇനമായി തിരിച്ചു. ആദ്യത്തേത് 'ശുദ്ധനാടൻ', അത് നാലാംക്ലാസ്സുകാർ. രണ്ടാമത്തേത്, അൽപ്പസ്വൽപ്പം ഇംഗ്ലീഷറിയും, ഒരു ചെറിയ ജോലിയുണ്ട് - അത് മൂന്നാം ക്ലാസ്സ്. നാലാം ക്ലാസ്സുകാരുടെ റേറ്റ് 200-500 രൂപയായിരിക്കുമ്പോൾ, മൂന്നാംക്ലാസ്സുകാരുടെ റേറ്റ് ആയിരമോ അതിനപ്പുറമോ ആയിരിക്കും. ബി.ഏ പാസായവരാണ് പിന്നെ രണ്ടാംക്ലാസ്സുകാർ. ആയിരത്തിനുമേലാണ് അവരുടെ റേറ്റ്. ഇവരുടെ ഉപരിപഠനം പലപ്പോഴും വധുവിന്റെ ചെലവിലാണ്. ഏറ്റവും മുകളിൽ ഒന്നാംക്ലാസ്സുകാരാണ്. അവർ സർക്കാരിന്റെ വകുപ്പുകളിൽ ഉദ്യോഗസ്ഥന്മാരോ വക്കീലന്മാരോ ഒക്കെയാണ്. ഇവരെക്കുറിച്ച് 'സാമാന്യക്കാരൊന്നും ഇവരുടെ കാര്യത്തെപ്പറ്റി ആലോചിക്കുകയേ വേണ്ട' എന്നാണ് പത്മാവതി അമ്മ പറയുന്നത്!
ഈ വില തീർച്ചപ്പെടുത്തലും കൊടുക്കലും കഴിയുമ്പോൾ കച്ചവടത്തിന്റെ യുക്തിയനുസരിച്ച് എല്ലാവരും ചിന്തിച്ചുതുടങ്ങുന്നതെങ്ങനെ എന്നവർ വിശദീകരിക്കുന്നു; സ്ത്രീകൾക്ക് അത് പ്രതികൂലമാകുന്നതെങ്ങനെ എന്നും:
DownArrow.png
... പ്രിയസഹോദരിമാരെ! അല്പം ആലോചിച്ചാൽ നിങ്ങൾക്കുതന്നെ അറിവാൻ കഴിയും. വിലകൊടുത്തു വാങ്ങിയ ഒരു സാധനത്തിലോ അതല്ല വെറുതെ കിട്ടിയ ഒരു സാധനത്തിലോ നിങ്ങൾക്ക് അധികം പ്രിയമുണ്ടായിരിക്കുക? എന്തിനെയാണ് നിങ്ങൾ അധികം കരുതലോടും ശ്രദ്ധയോടുംകൂടി സൂക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക? വിലയ്ക്കുവാങ്ങിയ സാധനം നിങ്ങളുടെ ദൃഷ്ടിയിൽ പ്രത്യേകം പ്രിയമുള്ളതായും അതിനെ യാതൊരു കേടുപാടുംകൂടാതെ സൂക്ഷിക്കുന്നതിൽ നിങ്ങൾ അതീവനിഷ്ക്കർഷതയുള്ളവരുമായിരിക്കയില്ലെ? പുരുഷന്മാർ നിങ്ങളിൽനിന്നും മുഖ്യമായി ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്... പണംകൊടുത്ത് ഒരു ഭർത്താവിനെ സമ്പാദിച്ചാൽ അദ്ദേഹത്തെ വേണ്ടപോലെ സൂക്ഷിക്കേണ്ടുന്ന ഭാരം ആർക്കാണെന്ന് ആലോചിച്ചു നോക്കുവിൻ... ഭർത്താവുംപോയി ചെലവുചെയ്ത പണവുംപോയി എന്നുള്ള നഷ്ടം സഹിക്കാതെ കഴിച്ചുകൂട്ടേണ്ടുന്ന ഭാരം ഭാര്യയ്ക്കാണ്...
('പരിഷ്കൃതരീതിയിലുള്ള മലയാളി വിവാഹം', ലക്ഷ്മീഭായി 9(7), 1912)

വിവാഹം ഇത്രയും ചെലവുള്ള കാര്യമാകുമ്പോൾ വിവാഹമോചനത്തിന് സ്ത്രീകൾ മടിക്കും; പുനർവിവാഹത്തെക്കുറിച്ച് ആലോചിക്കാൻതന്നെ ഭയപ്പെടും! ഒരിക്കൽ വിവാഹമോചനം നേടിയ സ്ത്രീ രണ്ടാമതു വിവാഹംകഴിക്കാൻ ശ്രമിക്കുമ്പോൾ കൂടിയ വിലകൊടുക്കേണ്ടിവരും, കാരണം ഒരിക്കലവൾ വിവാഹംകഴിച്ചുവെന്ന കാര്യം അവളുടെ 'യോഗ്യതക്കുറവാ'യിട്ടാണ് നാട്ടിൽ എണ്ണുന്നത്! അവസാനമായി, 'യോഗ്യതയുള്ള' ഭർത്താവിനെ വിലയ്ക്കെടുക്കണമെങ്കിൽ കുടുംബസ്വത്തു പോര, സ്വകാര്യസ്വത്തുതന്നെ വേണമെന്ന് പത്മാവതി അമ്മ ഓർമ്മിപ്പിക്കുന്നു. കുടുംബസ്വത്താകുമ്പോൾ പൊതു ഉടമസ്ഥതയാണ്; സ്വകാര്യസ്വത്താണെങ്കിലേ അത് ചെറുക്കൻവീട്ടുകാർക്ക് കൈമാറാനൊക്കൂ. പെണ്ണിന്റെ യോഗ്യതയ്ക്ക് അത്ര വിലയൊന്നുമില്ല: 'പണം റൊക്കം കൊടുക്കാൻ ഒരുക്കമുണ്ടെങ്കിൽ എല്ലാം ഗുണപ്പെടും; ഇല്ലെങ്കിൽ ഒക്കെ ഗ്രഹപ്പിഴതന്നെ'
ക്രിസ്ത്യാനികളുടെയിടയിലും [ 107 ] ഇതേകാലത്താണ് സ്ത്രീധനത്തുക ക്രമാതീതമായി വർദ്ധിച്ചതും അനിയന്ത്രിതമായിത്തീർന്നതും. 1930കൾ ആയപ്പോഴേക്കും 'സാമ്പത്തിക കുഴപ്പത്തിന്റെ' നീരാളിപ്പിടുത്തംമൂലം കൃഷിയെ ആശ്രയിച്ചുജീവിച്ച കുടുംബങ്ങൾ വല്ലാത്ത പ്രതിസന്ധിയിലായി.
സ്ഥിരവരുമാനമുള്ള വരന്റെ വില കുതിച്ചുയരുകയുംചെയ്തു. പല സ്ത്രീകളും വിവാഹം വേണ്ടെന്നുവച്ച് ഉന്നതവിദ്യാഭ്യാസംനേടി ഉദ്യോഗസ്ഥകളും അദ്ധ്യാപികമാരും മറ്റുമായി. പരമ്പരാഗതകുടുംബങ്ങളിൽ വരവില ഉണ്ടാക്കിയ നഷ്ടത്തിന്റെയും വേദനകളുടെയും ഏറ്റവും മിഴിവുറ്റ ചിത്രങ്ങൾ 1940കളിലും 1950കളിലും ചെറുകഥകളെഴുതി പ്രസിദ്ധീകരിച്ച കെ. സരസ്വതിയമ്മയുടെ രചനകളിലാണുള്ളത്. > കാണുക പുറം 121 <
സുറിയാനി ക്രിസ്ത്യാനികളിൽ പലരും വരവിലയുടെ വരവുകൊണ്ടുള്ള അപകടം നേരത്തെ തിരിച്ചറിയുകയും അതിനെതിരെ നിലപാടെടുക്കുകയും ചെയ്തിരുന്നു. സി.അന്തപ്പായി, കൊച്ചീപ്പൻ തരകൻ മുതലായ സമുദായസ്നേഹികൾ സ്ത്രീധനത്തിന്റെ അധഃപതനത്തെ എതിർക്കുകയും ആണ്മക്കളെ വിറ്റുകാശാക്കുന്ന കുടുംബക്കാരെ സമുദായത്തിനു പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 1927ൽ ശ്രീമതി ഐ.സി. ചാക്കോ ഇങ്ങനെയെഴുതി:
DownArrow.png
...ഒരാൾ കുറേ പണംകൊടുത്ത് ഒരു കാളയെയോ കുതിരയെയോ വിലയ്ക്കുവാങ്ങിക്കുന്നതുപോലെ ഒരു പിതാവ് തന്റെ പുത്രിക്ക് ഒരു വരനെ അവന്റെ യോഗ്യതാനുസരണം കൂടുതലായോ കുറവായോ ഉള്ള ഒരു വില അവന്റെ പിതാവിനു കൊടുത്തു വാങ്ങിക്കുന്നു. ആ വിലയാണ് നമ്മുടെ സ്ത്രീധനം. ആ ധനം ഭർത്താവിന്റെ പിതാവ് അയാളുടെ സ്വന്തംപോലെ ഉപയോഗിക്കുന്നു. സ്ത്രീ അതു കണികാണുകപോലും ചെയ്യുന്നില്ല. ഈ ഏർപ്പാടിനെ എത്ര പഴിച്ചാലും മതിയാവകയില്ല. ഇങ്ങനെ പുത്രന്മാരെ വിറ്റു ചെലവുകഴിക്കുന്ന മാതാപിതാക്കന്മാരുടെയും ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിന് അവളുടെ പിതാവിനോടു സ്ത്രീധനമെന്നുപറഞ്ഞു കൈക്കൂലിവാങ്ങിക്കുന്ന ഭർത്താക്കന്മാരുടേയും പേരുകൾ... പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തി അവരുമായി സമുദായനിസ്സഹകരണമനുഷ്ഠിക്കുന്നത് ഇതിനൊരു പ്രതിവിധിയായിരിക്കുമെന്ന് തോന്നുന്നു.
('നമ്മുടെ സ്ത്രീകൾ', വനിതാകുസുമം 1(6) 1927)

Dorothea Lange, Migrant Mother, 1936
NotesBullet.png 1930കളിലെ സാമ്പത്തികമാന്ദ്യം
1920കളോടെ കേരളത്തിന്റെ സാമ്പത്തികവ്യവസ്ഥ വലിയ ഒരളവുവരെ ലോകവിപണിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. വാണിജ്യവിളകൾ വ്യാപകമാവുകയും പണമിടപാട് സാധാരണമാവുകയും ചെയ്തു. തെങ്ങുകൃഷി 1900നുശേഷം വളരെ വിപുലമായിത്തീർന്നു; അക്കാലത്ത് തേങ്ങയ്ക്കു നല്ല വിലകിട്ടുകയും ചെയ്തു. പക്ഷേ, 1920കളുടെ ഒടുക്കം ലോകവിപണിയെ മുഴുവൻ ബാധിച്ച ഒരു വൻസാമ്പത്തികമാന്ദ്യം (Great Depression) പൊട്ടിപ്പുറപ്പെട്ടതോടെ നെല്ലിനും തേങ്ങയ്ക്കും വല്ലാതെ വിലയിടിഞ്ഞു. ചെറുകിടകർഷകരുടെ നട്ടെല്ലൊടിക്കുന്ന ഇടിവായിരുന്നു ഇത്. മരുമക്കത്തായകൂട്ടുകുടുംബങ്ങൾ ഭാഗംവയ്ക്കാൻ അനുവദിച്ച നിയമം തിരുവിതാംകൂറിൽ 1925ൽ നടപ്പിലായതിനുപുറകെയായിരുന്നു ഈ ആഘാതം. 1925നും 1931നുമിടയ്ക്ക് 33,000 ഭാഗപത്രങ്ങളാണ് തിരുവിതാംകൂറിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്! കൃഷി ഗുണകരമല്ലെന്നുംകൂടിവന്നപ്പോൾ സ്വത്തുക്കളുടെ വില്പനയും വർദ്ധിച്ചു. കരത്തിലും സ്കൂൾഫീസിലുംമറ്റും തിരുവിതാംകൂർ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഭൂനികുതി അടയ്ക്കാൻ നിവൃത്തിയില്ലാതെ പുരയിടം വിറ്റവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. മലബാറിലാണെങ്കിൽ, ഭൂനികുതിയിലുണ്ടായ വർദ്ധനവ് ജനങ്ങളെ ദുരിതത്തിലാഴ്ത്തി; കൊച്ചിയിലും പണയഭൂമികളുടെ എണ്ണം വർദ്ധിക്കുകയും വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുകയും ചെയ്തു.

കീഴാളവിഭാഗക്കാരുടെയിടയിൽനിന്ന് ഇതേകാലത്ത് പെൺപണം തിരോധാനം ചെയ്തെങ്കിലും സ്ത്രീധനം വന്നുതുടങ്ങിയിരുന്നു. പുലയസമുദായ സംഘടനകൾ ഇതിനെ പുരോഗതിയുടെ ലക്ഷണമായി എണ്ണിയെന്ന് കെ.സി. അലക്സാണ്ടർ Social Mobility in Kerala (1968) എന്ന പുസ്തകത്തിൽ വാദിക്കുന്നു. ഈ മാറ്റത്തിന്റെ നല്ലൊരു ചിത്രം, [ 108 ] കശുവണ്ടിമേഖലയിലെ തൊഴിലാളിസ്ത്രീകളെക്കുറിച്ച് അന്നാ ലിൻഡ്ബർഗ് രചിച്ച ചരിത്രപഠനത്തിൽനിന്ന് ലഭിക്കുന്നുണ്ട്. ഗവേഷണത്തിന്റെ ഭാഗമായി അവർ 1920ൽ ജനിച്ച കുറവസമുദായാംഗമായ ഒരു തൊഴിലാളിസ്ത്രീയുമായി നടത്തിയ അഭിമുഖത്തിൽ ഇതു നന്നായി തെളിയുന്നുണ്ട്:
DownArrow.png
പതിനഞ്ചാംവയസ്സിലായിരുന്നു എന്റെ വിവാഹം (1935ൽ). ഞങ്ങൾ പാവപ്പെട്ടവരായിരുന്നു; വരനും വരന്റെ വീട്ടുകാരും അങ്ങനെതന്നെ. എന്റെവീട്ടിൽവച്ചായിരുന്നു കല്യാണം. എനിക്ക് ഒരു കോടിവാങ്ങി; സമ്മാനങ്ങളോ സ്വർണ്ണോ ഒന്നും ഇല്ലായിരുന്നു. കുറച്ചു പൂവും പിന്നെ കറുത്ത ചരടിൽക്കോർത്ത താലിയുംമാത്രം. അന്നൊക്കെ നമ്മുടെയിടയിൽ ആർക്കും സ്വർണ്ണമാലയൊന്നും ഇല്ലായിരുന്നു. ഇന്നത്തെ ചെറുപ്പക്കാരികൾക്ക് ഇതു കൂടിയേതീരൂ... സ്ത്രീധനമെന്ന ഏർപ്പാടേ ഇല്ലായിരുന്നു. വളരെപ്പണ്ട് ചെറുക്കൻവീട്ടുകാർ പെൺവീട്ടുകാർക്ക് കല്യാണസമയത്ത് ചെറിയൊരു തുക കൊടുക്കുമായിരുന്നു. ഇത് ഇപ്പോഴില്ല... എന്റെ അമ്മയ്ക്ക് അതറിയുമായിരുന്നു. അമ്മയെ കല്യാണംകഴിച്ചപ്പോൾ അമ്മയുടെ അച്ഛന് ആ തുക കിട്ടിയത്രെ. ഇന്നാണെങ്കിൽ നേരെതിരിഞ്ഞു, നമ്മൾ ചെറുക്കൻ വീട്ടുകാർക്ക് വലിയതുക സ്ത്രീധനമായിക്കൊടുക്കുന്നു.
(Anna Lindberg, Experience and Identity, 2001, പുറം 286-87).

NotesBullet.png നിധീരിക്കൽ മറിയം അഥവാ ശ്രീമതി ഐ.സി. ചാക്കോ
വിവാഹത്തിനുശേഷം ശ്രീമതി ഐ.സി ചാക്കോ എന്നിറിയപ്പെട്ട മറിയം ആലപ്പുഴയിലെ അഭിജാതകുടുംബമായിരുന്ന നിധീരിക്കൽവീട്ടിൽ ജനിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസത്തിനുശേഷം പതിനേഴാംവയസ്സിൽ സമുന്നത ശാസ്ത്രപണ്ഡിതനും ഗവേഷകനും സമുദായപ്രമാണിയുമായിരുന്ന ഐ.സി. ചാക്കോയെ വിവാഹം കഴിച്ചു. അനുജത്തിമാരായ തെരേസ നിധീരി, അന്നാ നിധീരി എന്നിവർ അദ്ധ്യാപികമാരെന്ന നിലയിൽ പ്രശസ്തരായെങ്കിലും മറിയം വിദ്യാഭ്യാസം തുടർന്നില്ല. 1930കളിൽ ക്രിസ്തീയവനിതകൾക്കുവേണ്ടി ശബ്ദമുയർത്തിയ സ്ത്രീയെന്ന നിലയിൽ പ്രസിദ്ധയായിരുന്നു.

1990കളായപ്പോഴേക്കും കീഴാളസമുദായസ്ത്രീകൾക്കിടയിൽ വിവാഹത്തെക്കുറിച്ചും സ്ത്രീത്വത്തെക്കുറിച്ചുമുള്ള മേലാളസങ്കല്പങ്ങൾക്ക് നല്ല വേരോട്ടമുണ്ടായിക്കഴിഞ്ഞുവെന്ന് ഈ ചരിത്രകാരി നിരീക്ഷിക്കുന്നു. നല്ല തുകകൊടുത്ത് 'യോഗ്യത'യുള്ള പുരുഷനെക്കൊണ്ടു വിവാഹം കഴിപ്പിക്കുന്നതാണ് പെണ്മക്കളുടെ സുരക്ഷിതത്വം ഉറപ്പിക്കാനുള്ള നല്ല മാർഗ്ഗമെന്ന് വിചാരിക്കുന്നതുകൊണ്ട് വർഷങ്ങളോളം ഫാക്ടറിയിൽ പണിയെടുത്തുകിട്ടിയ ആനുകൂല്യങ്ങൾപോലും പെണ്മക്കൾക്കു സ്ത്രീധനമായി കൊടുക്കാൻ അവർ തയ്യാറാണ്. എന്നാൽ ഇതുകൊണ്ട് ആ പെൺകുട്ടികൾ സുരക്ഷിതരാകുന്നുണ്ടോ? ഇല്ല എന്നതാണ് ദുഃഖസത്യം. ഇത്രയും വരവില കൊടുക്കുന്നുണ്ടെങ്കിലും, കശുവണ്ടിമേഖലയിലെ സ്ത്രീകളുടെ വിവാഹം പലപ്പോഴും അസ്ഥിരമാണ്. വരവിലയുടെ പേരുപറഞ്ഞാണ് ഇവിടെ പല ഭർത്താക്കന്മാരും ഭാര്യമാരെ ഉപേക്ഷിക്കുന്നത്!

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?
20-ാം നൂറ്റാണ്ടിലെ കേരളത്തിൽ വരവില വിജയിച്ചുമുന്നേറിയതിന്റെ ചിത്രമാണ് ഇതുവരെ വരച്ചിട്ടത്. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്ന ചോദ്യം തീർച്ചയായും പ്രസക്തമാണ്. 'ഓഹരിമാത്രം മതി' എന്നു പറയുന്നവരും വധുവിന്റെ സ്വത്ത് കൈകാര്യംചെയ്യേണ്ടത് ഭർത്തൃകുടുംബമോ ഭർത്താവോ ആണ് എന്ന പൊതുസമ്മതത്തെ ആശ്രയിക്കുന്നവർതന്നെ. അതുപോലെ സ്ത്രീയെ പരിപാലിക്കാനുള്ള ചെലവാണ് സ്ത്രീധനമെന്നു പറയുന്നവരുണ്ട്; പക്ഷേ, 'പരിപാലനം' ആവശ്യമില്ലാത്ത, നല്ല ജോലിയും വരുമാനവുമുള്ള, സ്ത്രീകൾവരെ വരവില കൊടുക്കുന്നുണ്ട്. ഗൾഫ്നാടുകളിലും മറ്റുപലയിടത്തും ജോലിചെയ്ത് നന്നായി പണമുണ്ടാക്കുന്ന മലയാളിസ്ത്രീകളിൽ വലിയൊരുശതമാനം നേരിട്ടോ അല്ലാതെയോ വരവില നൽകുന്നവരാണ്.
ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ഉണ്ടാകേണ്ടതാണ്; ചില കാര്യങ്ങൾ ചർച്ചയ്ക്കായി ഇവിടെ സൂചിപ്പിക്കുന്നെന്നുമാത്രം. തീർച്ചയായും വരവിലയുടെ വളർച്ചയെ കേരളത്തിൽ 19-ാം നൂറ്റാണ്ടിനുശേഷം വളർന്നുവന്ന മുതലാളിത്തവ്യവസ്ഥയുമായി ബന്ധപ്പെടുത്തണം. മുതലാളിത്തവ്യവസ്ഥയിൽ സ്വത്തുക്കൾ സ്വകാര്യമായി സമ്പാദിക്കാനുള്ള സാദ്ധ്യത വളരെ വർദ്ധിച്ചുവെന്നുമാത്രമല്ല, ജീവിതത്തിന്റെ സമസ്തമേഖലകളിലും കച്ചവടം, ലാഭം എന്നിവയുടെ കണക്കുകൂട്ടൽ അധികമായി. കുടുംബം 'പരിപാവന'മാണ്, 'എല്ലാക്കാലത്തും നിലനിൽക്കുന്ന'താണ് എന്നൊക്കെ നാം പറയുമെങ്കിലും, ആ സ്ഥാപനവും ഈ മുതലാളിത്തമൂല്യങ്ങൾക്ക് കീഴ്പ്പെട്ടാണ് നിൽക്കുന്നത്. അവിടെയുള്ള ബന്ധങ്ങളും കച്ചവടയുക്തിക്കു കീഴ്വഴങ്ങി - സ്ത്രീകൾക്ക് അനുകൂലമായ രീതിയിലല്ലെന്നുമാത്രം. ആൺകോയ്മയും കച്ചവടയുക്തിയും ഒന്നിച്ചുകൂടുന്നിടത്ത് വരവിലപോലുള്ള സ്ത്രീവിരുദ്ധസ്ഥാപനങ്ങൾ തഴച്ചുവളരുകതന്നെചെയ്യും. [ 109 ] 20-ാം നൂറ്റാണ്ടിലെ സമുദായനവീകരണപ്രസ്ഥാനങ്ങളുടെ താത്പര്യങ്ങളും പുരോഗമനപ്രസ്ഥാനങ്ങളുടെ വീഴ്ചകളും കണ്ടില്ലെന്നു നടിച്ചുകൂടാ. സമുദായപ്രസ്ഥാനങ്ങൾ പൊതുവെ അണുകുടംബത്തെ (അതായത്, ഭാര്യാഭർത്താക്കന്മാരും കുട്ടികളുമടങ്ങിയ കുടുംബം) സമുദായത്തിന്റെ ഉറച്ച അടിസ്ഥാനഘടകമായി കണക്കാക്കുകയും, അതു സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഊന്നിപ്പറയുകയും ചെയ്തു. ഈ പുതിയ കുടുംബത്തിലും സ്ത്രീ മിക്കപ്പോഴും രണ്ടാംതരക്കാരിയായിപ്പോകുന്നു എന്ന് ആദ്യകാലസ്ത്രീപക്ഷവാദികൾ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചിരുന്നു - കെ. പത്മാവതി അമ്മ അവരിൽ ഒരാൾ മാത്രമായിരുന്നു. പൊതുവെ ഈ പരാതികളെ 'കുടുംബദ്രോഹ'മോ 'സമുദായവിരോധ'മോ ആയാണ് സമുദായനേതാക്കന്മാർ എണ്ണിയത്. പഴയ കൂട്ടുകുടുംബങ്ങളായിരുന്നു നല്ലതെന്ന് ഈ സ്ത്രീകൾ ഒരിക്കലും പറഞ്ഞില്ല - പക്ഷേ, സമുദായനേതൃത്വങ്ങൾ ഉയർത്തിക്കാട്ടിയ പുതിയ കുടുംബമാതൃക സ്ത്രീയോട് നീതിപുലർത്തില്ലെന്ന് അവർ വിളിച്ചുപറഞ്ഞു. കുടുംബത്തെ 'ശാശ്വത'മെന്നും 'പാവന'മെന്നും എണ്ണി അതിനു കീഴ്വഴങ്ങാതെ കൂടുതൽ ജനാധിപത്യവൽക്കരണം ആവശ്യമുള്ള ഒരു സ്ഥാപനമാണതെന്ന് അവർ വാദിച്ചു. കുടുംബാംഗങ്ങൾക്കെല്ലാം തുല്യപരിഗണന നൽകുന്ന ഒരു സ്ഥാപനമായി കുടുംബത്തെ മാറ്റിയെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ച 1940കൾക്കുശേഷം വളരെ കുറച്ചുമാത്രമേ നടന്നിട്ടുള്ളുവെന്ന് പറയാം. വരവിലയുടെ പ്രശ്നം ഒരു പ്രശ്നമായി നാം തിരിച്ചറിയാൻ ഇത്ര വൈകിയത് ഇതുകൊണ്ടായിരിക്കാം. എന്നാൽ ഈ ചർച്ച തുടങ്ങിവയ്ക്കാൻ ശ്രമിക്കുന്നവരെ 'കുടുംബവിരോധി'കളെന്നോ 'സമുദായശത്രു'ക്കളെന്നെ മുദ്രകുത്തുന്ന രീതിയാണ് ഇന്നും നിലവിലുള്ളത്!
ഇതുകൂടാതെ മലയാളികളായ നാം പൊതുജീവിതത്തിന്റെ വിലയെ വല്ലാതെ കുറയ്ക്കുകയും കുടുംബജീവിതത്തെ കണക്കിലധികം വിലമതിക്കുകയും ചെയ്യുന്നില്ലേ എന്ന ചോദ്യവുമുണ്ട്. വിവാഹംകഴിക്കാത്ത ഒരു വ്യക്തിക്ക് പലതും ചെയ്യാം - ജീവിതകാലംമുഴുവൻ പൊതുപ്രവർത്തനത്തിലേർപ്പെടാം, സാമൂഹ്യസേവനം നടത്താം, സാഹിത്യ-കലാപ്രവർത്തനങ്ങളിൽ മുഴുകാം. പക്ഷേ, മലയാളികൾക്ക് വിവാഹവും ദാമ്പത്യജീവിതവും കഴിഞ്ഞേ ഇതൊക്കെയുള്ളൂ! വിവാഹം കഴിക്കാത്ത ഒരു വ്യക്തിക്ക് എന്തോ കുറവുണ്ടെന്ന് നാം വിചാരിക്കുന്നു; സ്വന്തംകാലിൽ നിൽക്കാനുള്ള വരുമാനമോ വേലയോ ഇല്ലാത്ത വ്യക്തിക്ക് നമ്മുടെ കണ്ണിൽ ഒരു കുഴപ്പവുമില്ല! ഈ കല്യാണം കഴിക്കാത്ത കക്ഷി ഒരു സ്ത്രീയാണെങ്കിൽ പറയുകയും വേണ്ട! 'രാഷ്ട്രീയപ്രബുദ്ധത'യ്ക്കു പേരുകേട്ട നാടാണല്ലോ കേരളം. പക്ഷേ, ഇവിടെ പൊതുജീവിതത്തിനല്ല, കുടുംബജീവിതത്തിനാണ് സർവ്വപ്രാധാന്യം! പൊതുപ്രവർത്തകരായ പുരുഷന്മാരുടെ ആത്മകഥകൾ പരിശോധിച്ചുനോക്കുക - അമ്മയുടെയും ഭാര്യയുടെയും ത്യാഗത്തെ വണങ്ങാൻ അവർ മറക്കാറില്ല. എന്നാൽ നിഷ്ക്രിയമായ ത്യാഗത്തിലുപരിയായി പൊതുപ്രവർത്തനത്തിൽ അമ്മയ്ക്കോ ഭാര്യയ്ക്കോ പങ്കില്ലെന്ന വസ്തുത അവരിലേറെപ്പേരെയും അധികം അലട്ടുന്നില്ല.
1940കളിൽ - ഇവിടത്തെ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനവും ദേശീയപ്രസ്ഥാനവും ഏറ്റവും ശക്തമായിരുന്ന ആ കാലത്ത് - ആദ്യകാലകമ്മ്യൂണിസ്റ്റ് പ്രവർത്തകരായിരുന്ന പല പ്രമുഖരും പൂർണ്ണമായ പൊതുജീവിതത്തിനുവേണ്ടി കൊതിച്ചതാണ്. സ്വന്തം വീട്, കൂട് എന്നിവയിൽ തങ്ങളുടെ പ്രതിബദ്ധത ഒതുങ്ങിപ്പോകരുതെന്ന് വാശിയുള്ള തലമുറയായിരുന്നു അത്. വിവാഹം, കുടുംബംവളർത്തൽ എന്ന ഒറ്റ ലക്ഷ്യമല്ല മനുഷ്യജന്മത്തിനുള്ളതെന്ന് അവർ കരുതി. സാമൂഹ്യപ്രവർത്തനത്തിലൂടെ, രാഷ്ട്രീയപ്രവർത്തനത്തിലൂടെ, പൊതുജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതിലൂടെ കുടുംബജീവിതത്തെക്കാളേറെ ധന്യമായ ജീവിതം സാദ്ധ്യമാണെന്നായിരുന്നു അവരുടെ പക്ഷം. പക്ഷേ, 1940കളിലെ രാഷ്ട്രീയപ്രതിസന്ധികൾ ശമിച്ചതോടെ ഇങ്ങനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായ ജീവിതലക്ഷ്യത്തെ പിന്തുടരുന്ന രീതിയെ പ്രാത്സാഹിപ്പിക്കേണ്ടതില്ലെന്ന് കമ്മ്യൂണിസ്റ്റ് നേതൃത്വം തീരുമാനിച്ചു. മുഴുവൻസമയപ്രവർത്തകരായി രംഗത്തുവന്നവർ കുടുംബങ്ങളിലേക്കു മടങ്ങി അതിന്റെ പരിധികൾക്കുള്ളിൽനിന്നുകൊണ്ട് പ്രവർത്തിക്കണമെന്നായിരുന്നു നേതൃത്വത്തിന്റെ നിർദ്ദേശം. ഇ.എം.എസ് നമ്പൂതിരിപ്പാട് ഇക്കാര്യത്തിൽ കൈക്കൊണ്ട നിലപാട് അദ്ദേഹത്തിന്റെ 'പുതിയ ചട്ടങ്ങൾ' (1944) എന്ന ലേഖനത്തിൽനിന്നു വ്യക്തമാകുന്നുണ്ട്. (ഇ.എം.എസ് സമ്പൂർണ്ണകൃതികൾ, വാള്യം 5, തിരുവനന്തപുരം, 1999, പുറം 172-217) കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവർത്തനത്തിലേർപ്പെട്ടിരുന്ന വനിതകൾക്കുപോലും സ്ത്രീധനസമ്പ്രദായത്തിൽനിന്ന് പൂർണ്ണമായും രക്ഷനേടാൻ കഴിഞ്ഞില്ല. > കാണുക പുറം 232 <
1940കളിലെ പരീക്ഷണങ്ങൾ മുന്നോട്ടുപോയിരുന്നെങ്കിൽ, ഒരുപക്ഷേ, കേരളത്തിൽ കുടുംബത്തിനും വിവാഹത്തിനും കൽപ്പിക്കുന്ന പ്രാധാന്യവും അതിനോടൊപ്പം വളരുന്ന വരവിലയും ഇത്രയുമാകില്ലായിരുന്നു. വിവാഹം വേണ്ടെന്നുവയ്ക്കുന്നവരും വിവാഹം നടക്കാതിരിക്കുന്നവരും ഇത്രയേറെ പരിഹാസത്തെയും സംശയത്തെയും നേരിടേണ്ടിവരില്ലായിരുന്നു. സ്വന്തം കുടുംബത്തിനപ്പുറം [ 110 ] മനുഷ്യരുണ്ടെന്നും അവർക്കൊപ്പം നിൽക്കുന്നതാണ് ധന്യജീവിതമെന്നും വാദിക്കുന്നവരുടെ എണ്ണം ഇത്രയും കുറഞ്ഞുപോകില്ലായിരുന്നു!

അവസാനവാക്ക്
ഈ അദ്ധ്യായത്തിന്റെ അവസാനവാക്ക് 1912ൽ വരവിലയ്ക്കു പരിഹാരം പെൺകുട്ടിയുടെ ആത്മാഭിമാനവും ജീവിതത്തിൽ പിടിച്ചുനിൽക്കാനുള്ള ധൈര്യവുമാണ് എന്നു തിരിച്ചറിഞ്ഞ ചെറുവാരി രുഗ്മിണിയമ്മയ്ക്കാണ്. കെ. പത്മാവതിയമ്മ ഇവരുടെ വാക്കുകളെ സ്വന്തം ലേഖനത്തിൽ കടമെടുത്ത് ഉപയോഗിച്ചു. അതുതന്നെ ഇവിടെയും ചെയ്യുന്നു:
DownArrow.png
ഇച്ഛയ്ക്കും യോഗ്യതയ്ക്കും തക്കതായ വരനെ ലഭിക്കാത്തപക്ഷം തങ്ങളെ സർവ്വാരിഷ്ടങ്ങളിൽ [സർവ്വകഷ്ടപ്പാടുകളിൽ]നിന്നും ത്രാണനംചെയ്തു തീറ്റിപ്പോറ്റിയ മാതാപിതാക്കളുടെ ശുശ്രൂഷയെ ചെയ്തു പുണ്യം സമ്പാദിക്കുകയോ, അവരവരുടെ ബുദ്ധിശക്തിക്കും സൗകര്യത്തിനും അനുസരിച്ചതായ വിദ്യാഭ്യാസവും സമ്പാദിച്ച് അവസ്ഥാനുസരണമായ വല്ല ജോലികളിൽ ഏർപ്പെടുകയോ ചെയ്യുന്നതാണ് ശ്രേയസ്കരം... ഇപ്രകാരം സുഖാനുഭവത്തിനും ധർമ്മസമ്പാദനത്തിനും മോക്ഷത്തിനും പലേ പന്ഥാവുകളോടു [വഴികളോടു]കൂടിയ ഈ പ്രപഞ്ചത്തിൽ പത്നിത്വം [ഭാര്യാപദവി] ഒന്നുമാത്രമാണ് സ്ത്രീധർമ്മം എന്ന മൂഢവിശ്വാസത്തോടുകൂടി ആധിവ്യാധിദാരിദ്ര്യാദിപൂർണ്ണമായ [കഷ്ടപൂർണ്ണമായ] ഭവാംബുധിയിൽ [ലോകമാകുന്ന സാഗരത്തിൽ] മുഴുകി കരകാണാതെ ഉഴന്നു ജന്മം നശിപ്പിക്കുന്നത് മഹാപാതകമാകുന്നു. (ലക്ഷ്മീഭായിയിൽ 1912ൽ എഴുതിയ ഒരു ലേഖനത്തിൽനിന്ന് പത്മാവതിയമ്മ ഉദ്ധരിച്ച വാക്കുകൾ.)
float

കൂടുതൽ ആലോചനയ്ക്ക്
'കേരളീയനവോത്ഥാന'ത്തെക്കുറിച്ച് നിലവിലുള്ള പല ചരിത്രപുസ്തകങ്ങളും മുന്നോട്ടുവയ്ക്കുന്ന മനോഹരചിത്രത്തിന് അല്പം മങ്ങലേല്പിക്കുന്ന കാര്യങ്ങളാണ് ഈ അദ്ധ്യായത്തിൽ ചർച്ചചെയ്തത്. ചരിത്രരചനയുടെ രാഷ്ട്രീയത്തെക്കുറിച്ച് നാമെന്താണ് ഇതിൽനിന്ന് പഠിക്കുന്നത്? 'പുരോഗമനപരം' എന്ന് പൊതുവെ വാഴ്ത്തപ്പെടുന്ന സാമൂഹ്യമാറ്റങ്ങൾ സ്ത്രീപക്ഷത്തുനിന്നു പരിശോധിക്കുമ്പോൾ ലഭിക്കുന്നത് മറ്റൊരു ചിത്രമാണ്! ⚫

Kulasthree Chapter five pic06.jpg

COMMISSIONS UNDER THE CODE OF CIVIL PROCEDURE, 1908

INTRODUCTION  The Code of Civil Procedure, 1908 (CPC) provides a comprehensive procedural framework for the adjudication of civil disputes i...