2014, മേയ് 26, തിങ്കളാഴ്‌ച

സ്ത്രീവിമോചനം: തൊണ്ണൂറ്റിയഞ്ചു വർഷപങ്ങളുടെ വിടവിലുള്ള രണ്ടു ബില്ലുകളുടെ കഥ :- ആനന്ദ്

പത്തു വയസുള്ള ഫുൽമണി ന്ന പെണ്‍കുട്ടിയെ അവളുടെ വീട്ടുകാര്‍ മുപ്പതു വയസ്സുള്ള  ഹരിമോഹന്‍ മൈത്തി എന്നയാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തു. വിവാഹരാത്രിയില്‍തന്നെ ഫുല്‍മണി ഭര്‍ത്താവ് ചെയ്ത ശാരീരികമായ ബലപ്രയോഗം മൂലം മരിച്ചു. Calcutta Child-Wife Murder Case എന്ന പേരില്‍ 1889-ല്‍ ആ നഗരത്തിലും മുഴുവന്‍ രാജ്യത്തും പ്രസിദ്ധമായ കേസായിരുന്നു അത്. ബോംബെയില്‍ മഹാദേവ് ഗോവിന്ദ് റാനഡെയുടെ പുരോഗമനവാദി പത്രം ഇന്ദുപ്രകാശ് ഇതിനെതുടര്‍ന്ന് ദുഷിച്ചതും പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം അപായകരവുമായ ശൈശവവിവാഹസമ്പ്രദായത്തിന് 'ഹരിമൈത്തീയിസം' എന്നൊരു നൂതനപദംതന്നെ അടിച്ചിറക്കി.1 ആയിടയ്ക്ക് ഒരുകൂട്ടം ബ്രിട്ടീഷ് ലേഡി ഡോക്ടര്‍മാര്‍ കൂടി അവരുടെ അടുത്ത് ചികിത്സയ്ക്കു വന്ന 13 പെണ്‍കുട്ടികളുടെ വിവരങ്ങള്‍ കാണിച്ച് നടപടി ആവശ്യപ്പെട്ടുകൊണ്ട് വൈസ്‌റോയിക്ക് നിവേദനം നല്കി.2 ഇതിലെ എല്ലാ കുട്ടികളും പന്ത്രണ്ടു വയസ്സിനു താഴെയുള്ളവരായിരുന്നു. ആറുപേര്‍ പത്തു വയസ്സിനു താഴെയും. വിവാഹത്തിനുശേഷമുള്ള ആദ്യത്തേയോ രണ്ടാമത്തേയോ ദിവസമായിരുന്നു ഇവര്‍ ഡോക്ടര്‍മാരുടെ അടുത്തെത്തിക്കപ്പെട്ടത്. യോനീപ്രദേശത്തെ ഗുരുതരമായ മുറിവുകള്‍ക്കും ഇടുപ്പിലെ എല്ലുകളുടെ പരിക്കിനും തീവ്രമായ രക്തസ്രാവത്തിനും അരയ്ക്കു കീഴെയുള്ള പ്രദേശത്തെ പക്ഷാഘാതത്തിനും ഇരകളായിരുന്നു ഇവര്‍. ഒരു ഏഴു വയസ്സുകാരി മൂന്നാം ദിവസം തീവ്രമായ വേദന തിന്ന് മരിച്ചു. ഒരു പത്തു വയസ്സുകാരി എഴുന്നേറ്റ് നില്ക്കാനാകാതെ ഇഴഞ്ഞു കൊണ്ടാണ് വന്നത്. ഈ കുട്ടികളുടെ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ നാല്‍പതു വയസ്സിനു മീതെയായിരുന്നു. ഒരാള്‍ ആസ്​പത്രിയില്‍ വന്ന് അയാളുടെ ഭാര്യയെ നിയമപ്രകാരമുള്ള ഉപയോഗത്തിനായി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടു. ഇനിയുമൊരാള്‍ ഇംഗ്ലീഷ് പഠിച്ചവനും വേറെ രണ്ടു ഭാര്യമാരുള്ളവനുമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് Age of Consent Bill(ACB) എന്ന പേരില്‍ ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ഭര്‍ത്താവൊത്തുള്ള സഹവാസത്തിന്റെ പ്രായപരിധി കുറഞ്ഞത് 12 വയസ്സാക്കുവാന്‍ ബ്രിട്ടീഷ് ഗവണ്മെന്റ് കൊണ്ടുവന്ന നിയമനിര്‍മാണത്തിന് പശ്ചാത്തലമൊരുക്കിയ ചില സംഭവങ്ങളായിരുന്നു ഇവ. പുതുതായി വേരോടുവാന്‍ തുടങ്ങിയ നവോത്ഥാന മൂല്യങ്ങളുടെ അന്തരീക്ഷവും ബോംബെയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പുരോഗമനവാദികളായ പത്രങ്ങളുടെ സാന്നിധ്യവും ഇതിനു സഹായകമായി.


പുരുഷനോടൊപ്പംതന്നെയാണ് പ്രകൃതിയില്‍ സ്ത്രീകളുടെ സ്ഥാനമെങ്കിലും ആ സ്ഥാനം അവര്‍ക്ക് അപൂര്‍വമായേ ലഭിക്കാറുള്ളൂ. സ്ഥാനഭ്രഷ്ടരാക്കപ്പെട്ടവര്‍ തന്നെയായിരുന്നു അവര്‍ പൊതുവെ എല്ലായിടത്തും. അഥവാ ചില സവിശേഷജോലികള്‍ മാത്രം ചെയ്യുവാന്‍ നിയോഗിക്കപ്പെട്ടവര്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന ജാതികളിലെ ഹിന്ദു സ്ത്രീകളും മുസ്‌ലിം സ്ത്രീകള്‍ പൊതുവെയും വീടിനകത്തുതന്നെ കഴിയുവാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. പെണ്‍കുട്ടികളെ ജനിച്ച ഉടനെ വയറ്റാട്ടികള്‍ വായില്‍ മണല്‍ വാരിയിട്ടോ കഴുത്തു ഞെരിച്ചോ കൊന്നിരുന്നു. മാതാപിതാക്കള്‍ നദിയില്‍ ഒഴുക്കിക്കളയുന്ന പതിവുമുണ്ടായിരുന്നു. പത്തു വയസ്സിനു മുന്‍പേ പെണ്‍കുട്ടികള്‍ മുതിര്‍ന്ന പുരുഷന്മാര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കപ്പെട്ടിരുന്നു. ബഹുഭാര്യാത്വം സാധാരണമായിരുന്നു. വിധവയായാല്‍ പതിയുടെ ചിതയില്‍ ദഹിക്കുകയോ അല്ലാത്തപക്ഷം അതീവ നിന്ദ്യമായ വിധത്തില്‍ ശേഷജീവിതം ജീവിച്ചു തീര്‍ക്കുകയോ ആയിരുന്നു പോംവഴികള്‍. ഇത്തരം പതിവുകള്‍ ഇല്ലെങ്കിലും താഴ്ന്ന ജാതികളിലും ഗോത്രങ്ങളിലും അവര്‍ക്ക് മറ്റുവിധത്തിലുള്ള പീഡനങ്ങള്‍ സഹിക്കേണ്ടിയിരുന്നു. സ്ത്രീകള്‍ അപകടകാരികളാണെന്ന പ്രാകൃത ഭാവനയായിരിക്കാം അവരെ ആജീവനാന്തം നിയന്ത്രണത്തില്‍ വെക്കുവാന്‍ പുരുഷന്മാരെ പ്രേരിപ്പിച്ചിരുന്നത്. സെമെറ്റിക് മതങ്ങളിലും പുരുഷന് വിത്തു വിതയ്ക്കാനും കൊയ്യാനുമുള്ള കൃഷിനിലമോ, കന്നുകാലികളെപ്പോലെ ഭാരം വഹിക്കുന്ന മൃഗങ്ങളോ ആയിരുന്നു സ്ത്രീകള്‍. ആദിപാപത്തിന്റെ കാരണം കൂടിയായിരുന്നുവല്ലോ അവര്‍ക്ക് സ്ത്രീകള്‍. പരപുരുഷസംസര്‍ഗത്തിന് ഭ്രഷ്ടാക്കപ്പെടുക എല്ലാവരിലും പൊതുവായിരുന്നുവെങ്കിലും പൊതുസ്ഥലത്തുവെച്ച് കല്ലെറിഞ്ഞു കൊല്ലുക പ്രധാനമായും ഇസ്‌ലാമിക നിയമമായിരുന്നു. ചുരുക്കി പ്പറഞ്ഞാല്‍ സമൂഹത്തിലെ സ്ഥാനം തെറ്റിയ വസ്തുവായിരുന്നു സ്ത്രീ.


ആധുനികകാലമായപ്പോഴേക്കും പുരോഗമനചിന്ത ഉള്‍ക്കൊള്ളാന്‍ തുടങ്ങിയ യൂറോപ്പുകാര്‍ അവരുടെ കോളനികളിലും അത് വ്യാപിപ്പിക്കുവാന്‍ ശ്രമിച്ചു. 1829-ലെ സതിനിരോധനം, 1840-ലെ അടിമത്തനിരോധനം, 1856-ലെ വിധവാവിവാഹ നിയമം എന്നിവയായിരുന്നു ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ ആദ്യം നടപ്പാക്കിയ നിയമങ്ങള്‍. സ്വാഭാവികമായും പ്രാദേശികമായ എതിര്‍പ്പ് രൂക്ഷ മായിരുന്നു. കോളനിഭരണവിരോധം 1857-ലെ കലാപത്തില്‍ കലാശിച്ചപ്പോള്‍, അത് അമര്‍ച്ച ചെയ്തതിനുശേഷം പ്രജകളുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടുകയില്ലെന്ന് ഉറപ്പു നല്കാന്‍ വിക്‌ടോറിയ റാണി നിര്‍ബന്ധിതയായി. എന്നാല്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ഗവണ്മെന്റ് 1870-ല്‍ പെണ്‍ശിശു ഹത്യാ നിരോധനനിയമം കൊണ്ടുവരുകതന്നെ ചെയ്തു. വീണ്ടും 1891-ല്‍ ACBയും. മുന്‍പു പറഞ്ഞതുപോലെ രാജ്യത്തുണ്ടായ പുരോഗമനാത്മക മനോഭാവവും സാമൂഹികനീതിബോധവുമാണ് അതിന് അവരെ സഹായിച്ചത്.


സ്ത്രീസ്വാതന്ത്ര്യം എന്ന വലിയ പദത്തെക്കാള്‍ കൂടുതല്‍ സ്ത്രീകളുടെ നേരെയുള്ള ക്രൂരത തടയല്‍ എന്ന മിതമായ പദമായിരിക്കും ഈ നിയമങ്ങള്‍ക്ക് യോജിക്കുക. 1891-ന് ഒരു വര്‍ഷം മുന്‍പ് 1890-ലാണ് ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യയില്‍ Prevention of Cruelty to Animals എന്ന നിയമം കൊണ്ടുവന്നതെന്ന് ഓര്‍ക്കുക.


ACB പാസ്സായതോട് അനുബന്ധിച്ചുണ്ടായ വിവാദങ്ങളും തര്‍ക്കങ്ങളും (മീഡിയാരംഗത്തുണ്ടായ ഉണര്‍വുമൂലം ഇവ നന്നായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്) കൗതുകമുണര്‍ത്തുന്നതാണ്.3 ബില്ലിന്റെ പിന്നിലെ പ്രധാന ചാലകശക്തി അതിനുവേണ്ടി എത്രദൂരം വേണമെങ്കിലും പോകുവാന്‍ തയ്യാറായിരുന്ന പാര്‍സി സാമൂഹികപ്രവര്‍ത്തകന്‍ ബെഹ്‌റാംജി മലബാരി ആയിരുന്നുവെന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. പാര്‍സികള്‍ക്കിടയില്‍ ബാല്യവിവാഹം ഇല്ലായിരുന്നു. ഇന്ത്യയിലും ലണ്ടന്‍വരെ പോയും അദ്ദേഹം അതിനുവേണ്ടി പ്രയത്‌നിച്ചുകൊണ്ടിരുന്നു.


ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയും വിവാദവും രണ്ടു തലത്തിലാണ് പുരോഗമിച്ചത്. രാഷ്ട്രീയമായും മതപരമായും. രാഷ്ട്രീയരംഗത്ത് ഇന്ത്യന്‍ സിവില്‍ സമൂഹം തീവ്രദേശീയവാദികളും മിതദേശീയവാദികളുമായി വിഭജിതമായിരുന്നു. മിതദേശീയവാദികളുടെ നിരയില്‍ മഹാദേവ് ഗോവിന്ദ് റാനഡെ, രാമകൃഷ്ണഗോപാല്‍ ഭണ്ഡാര്‍കര്‍, ഗോപാല്‍ഗണേശ് അഗര്‍കര്‍, കാശിനാഥ് ത്രിംബെക് തെലാങ് തുടങ്ങിയവര്‍ കൂടാതെ ദാദാഭായി നവ്‌റോജി, ഫിറോസ്ഷാ മേഹ്ത്താ എന്നീ പാര്‍സികളും അല്ലെന്‍ ഒ. ഹ്യൂം, മാക്‌സ്മുള്ളര്‍ എന്നീ വിദേശികളും ഉണ്ടായിരുന്നു. അവരുടെ പത്രങ്ങളായ ഇന്ദുപ്രകാശ്, സുധാരക്, ഇന്ത്യന്‍ സ്‌പെക്‌ടേറ്റര്‍, ദീനബന്ധു, സുബോധ് ചന്ദ്രിക എന്നിവ നിരന്തരം പ്രചാരണം നടത്തി. തീവ്രവാദികളായ ബാല്‍ഗംഗാധര്‍ തിലക്, ചിപ്‌ലുന്‍കര്‍, ലാലാ ലാജ്പത്‌റായ്, ബിപിന്‍ചന്ദ്രപാല്‍, ചിമന്‍ലാല്‍ സെതല്‍വാദ്, ഡബ്ല്യൂ.സി. ബാനര്‍ജി, ബി.സി. മിത്ര എന്നിവര്‍ മറുവശത്ത് അവരുടെ പത്രങ്ങള്‍ കേസരിയും, മറാഠായും വഴി ബില്ലിനെ എതിര്‍ത്തുകൊണ്ട് അണിനിരന്നു. മിതവാദികള്‍ മാനുഷികവും വൈദ്യശാസ്ത്രപരവുമായ വാദങ്ങളില്‍ ഊന്നിയപ്പോള്‍ തീവ്രദേശീയവാദികള്‍ സ്വരാജ്യസ്‌നേഹത്തേയും ദേശീയ സംസ്‌കാരത്തേയും പറ്റിയാണ് സംസാരിച്ചത്. കൊളോണിയല്‍ ഗവണ്മെന്റ് അവരുടെ നാട്ടിലെ നിയമങ്ങള്‍ (ഇംഗ്ലണ്ടില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 12 വയസ്സിനു മീതെയായിരുന്നു) ഇന്ത്യയില്‍ നടപ്പാക്കുന്നത് തെറ്റാണെന്നും നിയമം വേണമെങ്കില്‍ അത് ദേശീയ ഗവണ്മെന്റ് സ്ഥാപിച്ചതിനു ശേഷമാവണമെന്നും അവര്‍ വാദിച്ചു. പരിഷ്‌കരണവാദികള്‍ക്ക് ജാഥകളും റാലികളും സംഘടിപ്പിക്കാനായില്ല. തീവ്രവാദികള്‍ കല്‍ക്കത്തയില്‍ നടത്തിയ ഒരു വന്‍സമ്മേളനത്തില്‍ ഹിന്ദുക്കള്‍ കൂടാതെ മുസ്‌ലിങ്ങളും ജൈനരും ബുദ്ധമതക്കാരും പങ്കെടുത്തു. (ബില്‍ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ബാധകമായിരുന്നു.) അതുപോലൊന്ന് മദ്രാസില്‍ സര്‍ ടി. മാധവറാവുവിന്റെ നേതൃത്വത്തില്‍ നടന്നു. തെക്ക് പരിഷ്‌കരണവാദികള്‍ ദുര്‍ബലരായിരുന്നു. നാട്ടിലെ സ്ത്രീകളുടെ ചാരിത്ര്യവും മര്യാദയും നശിപ്പിക്കുവാനുള്ള മിഷനറിമാരുടെ ആക്രമണമെന്നാണ് യാഥാസ്ഥിതിക നേതൃത്വത്തിന്റെ വക്താവ് ശങ്കരയ്യ ബില്ലിനെ വിശേഷിപ്പിച്ചത്. ശൈശവവിവാഹം സാധാരണമല്ലാതിരുന്ന തിരുവിതാംകൂറിലെ രാജകുടുംബവും ആ വീക്ഷണത്തെ പിന്‍താങ്ങി.


മതപരമായ ചര്‍ച്ച സ്വാഭാവികമായും മതശാസ്ത്രങ്ങളിന്മേലും ആചാരങ്ങളിന്മേലും ആണ് കേന്ദ്രീകരിച്ചത്. ഹിന്ദുമത പണ്ഡിതന്മാരാണ് അവ മുന്നോട്ടു വെച്ചത്. സ്ത്രീ പൂര്‍ണമായും പുരുഷന്റെ സ്വത്താണെന്നും അവന്റെ ഉപയോഗത്തിനുള്ള വസ്തുവാണെന്നും ആണ് മനുസ്മൃതി അനുശാസിക്കുന്നത്. ബാലയോ യുവതിയോ വൃദ്ധയോ ആയാലും സ്ത്രീ സ്വഗൃഹത്തില്‍പ്പോലും ഒരു കാര്യവും പിതാവ്, ഭര്‍ത്താവ് മുതലായവരുടെ അനുമതി കൂടാതെ സ്വേച്ഛയാ ചെയ്യരുത്.4 ബാല്യത്തില്‍ പിതാവിന്റേയും യൗവനത്തില്‍ ഭര്‍ത്താവിന്റേയും ഭര്‍ത്താവ് മരിച്ചാല്‍ പുത്രന്മാരുടേയും അധീനതയില്‍ വര്‍ത്തിക്കണം അവള്‍. ഒരിക്കലും സ്ത്രീ സ്വതന്ത്രയായി പെരുമാറരുത്.5 സദാചാരവിഹീനനോ പരസ്ത്രീകളില്‍ ആസക്തനോ വിദ്യാദിഗുണശൂന്യനോ ആയാലും ഭര്‍ത്താവിനെ പതിവ്രതയായ ഭാര്യ ദേവനെപ്പോലെ ആരാധിക്കണം.6 കുടുംബത്തിലെ പുരുഷന്മാര്‍ സ്ത്രീകളെ സദാസമയവും സ്വാധീനത്തില്‍ വെക്കുകയും രൂപരസാദിവിഷയങ്ങളില്‍ ആസക്തകളാകാതെ നിയന്ത്രിച്ചു നിര്‍ത്തുകയും വേണം.7 ലൈംഗികബന്ധങ്ങളിലടക്കം പത്‌നിക്ക് ഭര്‍ത്താവിനോടുള്ള വിധേയത്വം ചോദ്യം ചെയ്യാനരുതാത്തതാണെന്നര്‍ഥം. ഈയവസ്ഥയില്‍ ബാലികയ്ക്ക് അവള്‍ ഏതു പ്രായത്തിലുള്ളവളാണെങ്കിലും എന്തവകാശമാണുള്ളത് വിവാഹവും ലൈംഗികബന്ധവും നിശ്ചയിക്കുവാന്‍? ശാസ്ത്രം അവിടേയും വ്യക്തമായി ഇടപെടുന്നുണ്ടുതാനും. കന്യകയെ ഋതുമതിയാകുന്നതിനു മുന്‍പുതന്നെ പിതാവ് പുരുഷന് ദാനം ചെയ്യണമെന്നും അങ്ങനെ ചെയ്യാത്ത പിതാവ് പാപിയാണെന്നും മനുസ്മൃതി നിര്‍ദേശിക്കുന്നു.8 ഋതുമതിയായതിനു ശേഷമാണ് കന്യാദാനം നടക്കുന്നതെങ്കില്‍, പിതാവിന് കന്യകയുടെ ഉടമസ്ഥത നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നതിനാല്‍, വരന്‍ അയാള്‍ക്ക് കന്യാസുല്‍ക്കം നല്‌കേണ്ടതില്ലെന്നാണ് വിധി.9 വീണ്ടും ശാസ്ത്രമനുസരിച്ച് ഋതുമതിയായതിനുശേഷം 16 ദിവസം കഴിയും മുന്‍പ് ഭര്‍ത്താവ് അവളെ പ്രാപിച്ചിരിക്കണമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നത് ഭ്രൂണഹത്യയ്ക്കു സമാനമായ പാപമാണെന്നും ഹിന്ദുക്കള്‍ വാദിച്ചു.


സന്തോഷം തരുന്നത് ഈ എതിര്‍വാദങ്ങളൊന്നും പത്തൊമ്പതാം നൂറ്റാണ്ടിലെ വൈസ്‌റോയിയുടെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെവിക്കൊണ്ടില്ലെന്നതാണ്. പതിനൊന്ന് ബ്രിട്ടീഷുകാരും രണ്ടു ഹിന്ദുക്കളും രണ്ടു മുസ്‌ലിങ്ങളും അടങ്ങിയതായിരുന്നു കൗണ്‍സില്‍. പ്രശ്‌നം മനുഷ്യത്വത്തിന്റേതാണെന്നും തീവ്രദേശീയവാദികള്‍ പറയുന്നതുപോലെ ദേശീയതയുടെയോ, മതവാദികള്‍ പറയുന്നതുപോലെ ശാസ്ത്രങ്ങളുടെയോ അല്ലെന്നുമായിരുന്നു കൗണ്‍സില്‍ കണ്ടെത്തിയത്. മതവിശ്വാസങ്ങള്‍ക്കുപരി സാമൂഹികമായി വേണം അതിനെ കാണേണ്ടതെന്നതിനാല്‍ നിയമം അവര്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും വേണ്ടി ബാധകമാക്കി. അങ്ങനെ ഐക്യരാഷ്ട്രസഭ International year of the girl child ആയി പ്രഖ്യാപിച്ച 1991-ന് കൃത്യം നൂറു കൊല്ലം മുന്‍പ് 1891 മാര്‍ച്ച് 19-ന് കൊളോണിയല്‍ ഗവണ്മെന്റ് ഇന്ത്യയില്‍ ACB പാസ്സാക്കി, എല്ലാ സമുദായങ്ങള്‍ക്കും ബാധകമായ നിയമമാക്കി.


ഇതിനൊരു അനുബന്ധം കൂടിയുണ്ട്. 1891-ല്‍ ACBയുടെ ചര്‍ച്ച നടന്നിരുന്നപ്പോള്‍ അതിനോടുള്ള എതിര്‍പ്പ് വന്നത് ഹിന്ദുക്കളില്‍ ബ്രാഹ്മണസമുദായത്തില്‍നിന്നായിരുന്നു. ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞ് 2010 മാര്‍ച്ചില്‍ സ്വതന്ത്ര ഇന്ത്യയുടെ രാജ്യസഭ പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ പാസ്സാക്കിയപ്പോള്‍ അതിനെ എതിര്‍ത്തത് ബ്രാഹ്മണരല്ല, പിന്നാക്ക സമുദായങ്ങളെന്ന് അവകാശപ്പെടുന്ന യാദവപാര്‍ട്ടികളായിരുന്നു. കൊളോണിയല്‍ ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടി 63 കൊല്ലങ്ങള്‍ കഴിഞ്ഞ് സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രസ്ഥാനം പീഡനനിരോധനത്തില്‍നിന്ന് സ്ത്രീശാക്തീകരണത്തിലെത്തിനിന്നപ്പോള്‍ എതിര്‍പ്പിന്റെ തരംഗം അന്ന് മനുസ്മൃതിയെ പിടിച്ച് ആണയിട്ടിരുന്ന ബ്രാഹ്മണരില്‍നിന്ന് മനുവിന് എതിരെന്ന് അവകാശപ്പെടുന്ന താഴ്ന്ന ജാതികളിലേക്ക് മാറിയിരിക്കുന്നു!


1891-ല്‍തന്നെ സ്ത്രീവിമോചനത്തിന്റെ കാര്യത്തില്‍ അന്നത്തെ ഗവണ്മെന്റ് ഹൈന്ദവശാസ്ത്രഗ്രന്ഥമായ മനുസ്മൃതിക്ക് ഒരു സ്ഥാനവും നല്കാന്‍ തയ്യാറായില്ലെന്ന് നാം കണ്ടു. തുടര്‍ന്നുള്ള കാലത്തും സാമൂഹികനീതിയില്‍ ഹൈന്ദവശാസ്ത്രങ്ങള്‍ക്കുള്ള പിടി അയഞ്ഞുകൊണ്ടേയിരുന്നു. ഏറ്റവും തീവ്രമായ നിലപാടുകളെടുക്കുന്ന ഹിന്ദു പാര്‍ട്ടികള്‍പോലും ഇന്ന് മനുസ്മൃതി ഉദ്ധരിക്കുവാന്‍ ശ്രമിക്കുകയില്ല. അക്കാദമിക് കൗതുകത്തിനപ്പുറം ഈ ഗ്രന്ഥങ്ങള്‍ക്ക് ഇന്ന് ഒന്നും അവകാശപ്പെടാനില്ല. എന്നാല്‍ മുസ്‌ലിങ്ങളുടെ കാര്യത്തില്‍ ഇതുണ്ടായില്ല. അവര്‍ ഇന്നും സിവില്‍ നിയമങ്ങളില്‍ ഖുറാനിലും ശരിയത്തിലും തന്നെ പിടിച്ച് ആണയിടുന്നു.


മറ്റെല്ലാ സമുദായങ്ങളും ഇത്തരം ശാസ്ത്രങ്ങളില്‍നിന്ന് പുറത്തുവന്ന് കാലത്തിനൊപ്പം പോകുവാന്‍ തയ്യാറാകുമ്പോള്‍ മുസ്‌ലിങ്ങള്‍ മാത്രം കാലഹരണപ്പെട്ടതും സ്ഥാനികബന്ധമില്ലാത്തതുമായ ശാസ്ത്രങ്ങളില്‍ കുടുങ്ങിക്കിടക്കുകയും അവയുടെ വ്യാഖ്യാനത്തിലും പുനര്‍വ്യാഖ്യാനത്തിലും സമയം കളയുകയും ചെയ്യുന്നു. അതുകാരണം ഭരണഘടന അനുശാസിക്കുന്ന ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ പ്രാവര്‍ത്തികമാകാതിരിക്കുകയും സ്ത്രീവിമോചനത്തിന്റെ പടവുകള്‍ ചിലര്‍ക്കെങ്കിലും കയറാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നു.


എഴുപത് എണ്‍പതുകളില്‍ ഷാബാനു കേസ് എന്ന പേരില്‍ വിശ്രുതമായ ഒരു മുസ്‌ലിം വൃദ്ധയുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം ഇന്ത്യയില്‍ ഇസ്‌ലാം മതത്തിന്റെ പേരില്‍ സംസാരിക്കുന്ന യാഥാസ്ഥിതികരുടെ ഈ വിഷയത്തിലെ ഖേദകരമായ സമീപനത്തെ വ്യക്തമാക്കുന്നു. സമൂഹത്തില്‍ പുരുഷനൊപ്പം സ്ഥാനം നേടുവാനുള്ള മുസ്‌ലിം സ്ത്രീകളുടെ ശ്രമത്തിന്റെ വിജയത്തിന്റേയും തുടര്‍ന്നുള്ള പരാജയത്തിന്റേയും കഥകൂടിയാണത്. കുറച്ചുകൂടി അന്വേഷിച്ചാല്‍ അതിന്റെ fall-out വേറെയും ദുരന്തങ്ങളിലേക്ക് നീണ്ടുപോയത് നമുക്ക് കാണാം. പക്വതയില്ലാത്ത ഒരു ഭരണാധികാരിയുടെ ഈ വിഷയത്തിലുള്ള ഇടപെടലും തുടര്‍ന്നുള്ള മറ്റ് ഇടപെടലുകളും നൂറുകോടിയോളം മനുഷ്യരുള്ള ഒരു രാജ്യത്തെ എങ്ങനെ വര്‍ഗീയസംഘര്‍ഷത്തിലും അക്രമത്തിലും എത്തിച്ചുവെന്നത് തുടര്‍ന്നുള്ള ചരിത്രമാണ്.


1975-ലാണ് ഇന്‍ദോറിലെ ഒരു അഭിഭാഷകന്‍ മുഹമ്മദ് അഹമ്മദ്ഖാന്‍ നാല്പത്തിമൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം തന്റെ ഒന്നാം ഭാര്യ ഷാബാനുവിനെ തലാക് ചെയ്ത് വീട്ടില്‍നിന്ന് പുറത്താക്കിയത്. മൂന്നു വര്‍ഷത്തിനുശേഷം 1978-ല്‍, ഷാബാനു CPC 125 പ്രകാരം ഭര്‍ത്താവില്‍നിന്ന് പ്രതിമാസം 500 രൂപ സംരക്ഷണച്ചെലവ് ആവശ്യപ്പെട്ടുകൊണ്ട് ഇന്‍ദോര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്യായം സമര്‍പ്പിച്ചു. ഇസ്‌ലാം മതനിയമപ്രകാരം തലാക് ചെയ്ത സ്ത്രീക്ക് സംരക്ഷണച്ചെലവ് കൊടുക്കുവാന്‍ താന്‍ ബാധ്യസ്ഥനല്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. ആ വാദം തള്ളി, കോടതി 1979-ല്‍ അയാള്‍ വിവാഹമുക്തയായ സ്ത്രീക്ക് പ്രതിമാസം 25 രൂപ സംരക്ഷണച്ചെലവ് കൊടുക്കണമെന്ന് വിധിച്ചു. ഈ ചെറിയ തുകപോലും കൊടുക്കാന്‍ തയ്യാറാകാതെ വിധിയെ മതത്തിലുള്ള ഇടപെടലായി വ്യാഖ്യാനിച്ച് വക്കീലായ പതി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കീഴ്‌ക്കോടതി വിധിയെ ശരിവെച്ച് സംരക്ഷണച്ചെലവ് 179 രൂപയാക്കി വര്‍ധിപ്പിച്ചു. പതി അഹമ്മദ്ഖാന്‍ ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഇവിടെ ഖാന്‍ ഒറ്റയ്ക്കായിരുന്നില്ല എന്നതാണ് സുപ്രധാന വസ്തുത. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് (All India Muslim Personal Law Board), ജമാഅത്തുല്‍ ഉലമാ എ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങി മുസ്‌ലിം മതസംഘടനകളും റേഡിയന്‍സ് പത്രത്തിന്റെ പത്രാധിപര്‍ സയ്യിദ് അമീനുല്‍ ഹസ്സന്‍ റിസ്‌വിയും മറ്റു പല മുസ്‌ലിംപണ്ഡിതരും പ്രമുഖവ്യക്തികളും ഖാന് അനുകൂലമായി കേസില്‍ കക്ഷി ചേര്‍ന്നു. പ്രശ്‌നം നിരാലംബയായ ഒരു വൃദ്ധയ്ക്ക് ജീവിക്കുവാനുള്ള മാനുഷികാവകാശമുണ്ടോ എന്നതല്ല, മുസ്‌ലിം മതശാസ്ത്രങ്ങളുടെ (അവ ഏതുവിധത്തില്‍ അമാനുഷികമായാലും) നിയമങ്ങള്‍ക്കുപരിയായ പരിപാവനതയാണെന്നും ആയിരുന്നു അവരുടെ നിലപാട്.


1985 ഏപ്രിലില്‍ വന്ന സുപ്രീംകോടതി വിധി ഹൈക്കോടതി വിധിയെ സമര്‍ഥിക്കുന്നതായിരുന്നു. ഖാനും അയാളുടെ അനുകൂലികളായ മതസംഘടനകളും പറയുന്ന വ്യക്തിനിയമങ്ങള്‍ സിവില്‍ കാര്യങ്ങള്‍ക്കേ ബാധകമാകൂ എന്നും CPC125 ക്രിമിനല്‍ നിയമമാണെന്നും ക്രിമിനല്‍ നിയമങ്ങള്‍ ജാതിമതഭേദമെന്യേ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ബാധകമാണെന്നും ആണ് കോടതി വിധിച്ചത്. ഖുറാനില്‍ത്തന്നെ വിവാഹമുക്തകള്‍ക്ക് ന്യായമായ ജീവനാംശം നല്കണമെന്നത് ഭയഭക്തിയുള്ളവരുടെ ബാധ്യതയാണെന്ന് പറയുന്നുണ്ട് (ഖുറാന്‍: അല്‍ ബഖറ: 2/241-242). അത് ഭയഭക്തിയുള്ളവര്‍ക്കേ ബാധകമാകൂ എന്നും സാധാരണ വിശ്വാസികള്‍ക്ക് ബാധകമല്ലെന്നും ഉള്ള അപ്പീലുകാരന്റെ വിചിത്രമായ നിലപാടിനെ 'ഇത് ഞങ്ങളില്‍ മതിപ്പുണ്ടാക്കുന്നില്ല' എന്നു പറഞ്ഞ് കോടതി നിരാകരിച്ചു.10


ഇതിന് തൊണ്ണൂറ്റിനാലു കൊല്ലം മുന്‍പു വന്ന ACBയിന്മേലുള്ള അന്നത്തെ വൈസ്‌റോയി കൗണ്‍സിലിന്റെ തീരുമാനത്തെ ഇവിടെ ഓര്‍ക്കുക. അന്നത്തെ ഹിന്ദുയാഥാസ്ഥിതികരുടെ മനുഷ്യത്വരഹിതമായ വാദങ്ങളും കൗണ്‍സിലില്‍ മതിപ്പുളവാക്കിയില്ല. അത്തരമൊരു നിലപാട് മുസ്‌ലിങ്ങളുടെ കാര്യത്തില്‍ കോടതിയില്‍നിന്നു വരുവാന്‍ ഏതാണ്ടൊരു നൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ ഇതിനെത്തുടര്‍ന്നുണ്ടായ സംഭവഗതികളാണ് അതീവ പരിതാപകരം. അതുണ്ടായതാകട്ടെ വിക്‌ടോറിയ മഹാറാണിയുടെ ഉറപ്പുകള്‍ വഹിച്ചിരുന്ന കൊളോണിയല്‍ ഗവണ്മെന്റിന്റെ സ്ഥാനത്ത് ഒരു സ്വതന്ത്ര രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാറിന്റെ കാലത്തും!


ACBക്കെതിരായ പ്രകടനങ്ങള്‍ അന്ന് സമൂഹത്തിലെ ഉന്നതശ്രേണിയില്‍ നിന്നിരുന്ന ബ്രാഹ്മണരില്‍നിന്നു മാത്രമായിരുന്നു. ഷാബാനു വിധിക്കെതിരായി മുസ്‌ലിം സമുദായത്തിലെ ഉന്നതരും പുരോഹിതരും സമ്പന്നരുമാണ് വാചാലരായത്. പക്ഷേ, വ്യത്യാസം അവര്‍ തങ്ങളുടെ സമുദായത്തിലെ എല്ലാ തട്ടിലുമുള്ള, എന്താണ് സംഭവിച്ചതെന്ന് അറിയാത്ത പാവങ്ങളെക്കൂടി, അണിനിരത്തിയെന്നതാണ്. ഈ യാഥാസ്ഥിതികരുടെ സമുദായത്തിലുള്ളവരുടെ മേലുള്ള ശക്തി എന്തെന്നറിയണമെങ്കില്‍ അവര്‍ തങ്ങളുടെ സ്ത്രീകളെത്തന്നെ തെരുവിലിറക്കി എന്ന് കണ്ടാല്‍ മതി. തങ്ങളെ ഭര്‍ത്താക്കന്മാര്‍ തെരുവിലിറക്കി വിട്ടാല്‍ അവര്‍ തങ്ങള്‍ക്കൊന്നും തരേണ്ടതില്ലെന്നും തങ്ങള്‍ തെരുവില്‍ കിടന്നു മരിച്ചുകൊള്ളാമെന്നും ഏതു സ്ത്രീയാണ് പറയുക? പക്ഷേ, അവരെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നതില്‍ മതവികാരം ഊതിവീര്‍പ്പിച്ച് അവരുടെ നേതാക്കന്മാര്‍ വിജയിച്ചു.


1985 ഏപ്രിലില്‍ വിധി വന്നതോടുകൂടി തുടങ്ങിയ പ്രതിഷേധപ്രകടനങ്ങള്‍ ഒരു കൊല്ലത്തിലധികം നീണ്ടുനിന്നു. അത് രാജ്യവ്യാപകവുമായിരുന്നു. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് തങ്ങളുടെ സ്ത്രീകളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് അനേകം കോണ്‍ഫറന്‍സുകളും സെമിനാറുകളും നടത്തി. എല്ലാം വിധിയെ വിമര്‍ശിക്കുകയും ഇസ്‌ലാം മതനിയമങ്ങളാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതമായവ എന്ന് സ്ഥാപിക്കുകയും ചെയ്തു. ദില്ലിയിലെ ഒരു മീറ്റിങ്ങില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി അറുന്നൂറോളം മൗലവിമാരും എഴുത്തുകാരും പങ്കെടുത്തു. മുസ്‌ലിം സ്ത്രീകള്‍ തങ്ങളെ CPC-125ല്‍ നിന്ന് ഒഴിവാക്കുവാനായി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എഴുതി. ബോംബെയില്‍ അഞ്ചു ലക്ഷം പേരും ധാന്‍ബാദില്‍ മൂന്നു ലക്ഷം പേരും റാലികളില്‍ പങ്കെടുത്തു. പല നഗരങ്ങളിലും ബന്ദും പണിമുടക്കുമുണ്ടായി. പാര്‍ലമെന്റിലേക്ക് പ്രകടനക്കാര്‍ മാര്‍ച്ച് നടത്തി. എന്തിന്, ഏഴു കൊല്ലത്തെ നീണ്ട സമരത്തിനുശേഷം തനിക്ക് ലഭിച്ച നീതിയെ തള്ളിക്കളഞ്ഞുകൊണ്ടും വിധിയെ നിരാകരിച്ചുകൊണ്ടും 69 വയസ്സായ ഷാബാനുവിനെക്കൊണ്ടുതന്നെ മതനേതാക്കന്മാര്‍1985 നവംബറില്‍ ഗവണ്മെന്റിന് കത്തെഴുതിച്ചു!


ഈ സംഭവങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട സെക്യുലര്‍ ജനാധിപത്യ ഗവണ്മെന്റില്‍നിന്നുണ്ടായ പ്രതികരണമായിരുന്നു ഏറ്റവും വിചിത്രം. മുസ്‌ലിം യാഥാസ്ഥിതികപക്ഷത്തിന്റേയും മൗലികവാദികളുടേയും സമ്മര്‍ദത്തിനു വഴങ്ങി ഭരണകക്ഷിയായ കോണ്‍ഗ്രസ് 1986 ഫിബ്രവരിയില്‍ ഒരു മുസ്‌ലിം വനിതാബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ട് മുസ്‌ലിം സ്ത്രീകളെ വീണ്ടും മതപൗരോഹിത്യത്തിന്റെ തടവറയിലേക്ക് വിരമിപ്പിക്കുകയായിരുന്നു ഈ ബില്ലിന്റെ ഉദ്ദേശ്യം. ഇന്ത്യയിലെ രാഷ്ട്രീയകക്ഷികള്‍ വിചാരിക്കുന്നത് ഓരോ മതവിഭാഗത്തിലേയും യാഥാസ്ഥിതികരും പൗരോഹിത്യവുമാണ് അതിലെ ജനങ്ങളുടെ വോട്ടുകളെ നിയന്ത്രിക്കുന്നതെന്നാണ്. ഇത്തരമൊരു നിയമത്തിനുവേണ്ടി ശക്തിയായി വാദിച്ചവരില്‍ ഹിന്ദുദലിത വിഭാഗത്തില്‍നിന്നുയര്‍ന്ന നേതാവ് ബാബു ജഗ്ജീവന്‍ റാമും ഉണ്ടായിരുന്നുവെന്നത് നമ്മെ കൗതുകപ്പെടുത്തും. അപ്പുറത്ത് അതിനെ എതിര്‍ത്ത് മന്ത്രിപദവും പിന്നീട് പാര്‍ട്ടി അംഗത്വവും രാജിവെച്ച കോണ്‍ഗ്രസ്സുകാരന്‍ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടായിരുന്നു. ബില്‍ രാജ്യവ്യാപകമായി ശ്രദ്ധ ആകര്‍ഷിച്ചു. സെക്യുലര്‍ വനിതാസംഘടനകളും ബുദ്ധിജീവികളും എതിര്‍ത്തുവെങ്കിലും അവരുടെ സ്വാധീനവും സംഘടനാശക്തിയും കുറവായിരുന്നു. ഹിന്ദുത്വവാദികക്ഷികള്‍ തീര്‍ച്ചയായും രാഷ്ട്രീയമായി മുതലെടുക്കുവാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് ആന്തരികമായി മെമ്പര്‍മാരുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം നിരോധിച്ചു. പൊതു സിവില്‍ കോഡ് വീണ്ടും ചര്‍ച്ചാവിഷയമായി. സുപ്രീംകോടതി വിധി എല്ലാ പൗരന്മാര്‍ക്കും ബാധകമായ പൊതുസിവില്‍കോഡ് കൊണ്ടുവരുവാനുള്ള ഭരണഘടനയുടെ 44-ാം ആര്‍ട്ടിക്കിള്‍ ഒരു മൃതരേഖയായി നിലനില്ക്കുന്നതിനെപ്പറ്റി ശക്തമായി പരാമര്‍ശിച്ചിരുന്നു: 'രാഷ്ട്രത്തിനുവേണ്ടി ഒരു പൊതു സിവില്‍കോഡ് രൂപീകരിക്കുവാനുള്ള യാതൊരു ഔദ്യോഗികനടപടിയുടേയും ലക്ഷണമില്ല... ഭരണഘടനയ്ക്ക് എന്തെങ്കിലും അര്‍ഥമുണ്ടെങ്കില്‍ ഒരു പൊതു സിവില്‍കോഡിനു വേണ്ടിയുള്ള ശ്രമം നടത്തുകതന്നെ വേണം... അനീതികള്‍ സഹിച്ചുകൊള്ളാന്‍ അനുവാദം നല്കുക എന്നത് ചേതനയുള്ള മനസ്സിന് താങ്ങാവുന്നതില്‍ അധികമാണ്. വ്യക്തിനിയമങ്ങള്‍ തമ്മിലുള്ള വിടവുകള്‍ നികത്തുവാന്‍ കോടതികള്‍ അല്പാല്പമായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഒരു പൊതുസിവില്‍കോഡിന്റെ സ്ഥാനം ഏറ്റെടുക്കുക സാധ്യമല്ല. ഓരോ കേസിലും നീതി ചെയ്തുകൊടുക്കുക എന്നതിനെക്കാള്‍ തൃപ്തികരമായ രീതി എല്ലാവര്‍ക്കും നീതി ലഭ്യമാക്കുക എന്നതാണ്,' കോടതി വിധി പറഞ്ഞു.11


എന്നാല്‍ ഗവണ്മെന്റ് ചെയ്തത് നേരെ വിപരീതമാണ്. 1986 ഫിബ്രവരിയില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച്, തിരക്കിട്ട് അതേവര്‍ഷം മെയ് മാസത്തില്‍, പാര്‍ട്ടിയുടെ ഭീമമായ ഭൂരിപക്ഷമുപയോഗിച്ചും പാര്‍ട്ടിക്കുള്ളില്‍ത്തന്നെയുള്ള എതിര്‍പ്പുകളെ ബലം പ്രയോഗിച്ച് പൂട്ടിയിട്ടും പാസ്സാക്കിയ മുസ്‌ലിം വനിതാ ബില്‍, വിടവുകള്‍ നികത്തുവാന്‍ കോടതികള്‍ നടത്തുന്ന അല്പാല്പ പരിശ്രമങ്ങളെക്കൂടി അടച്ചുപൂട്ടുന്നതായിരുന്നു. മെയ് അഞ്ചിന് ലോക്‌സഭ പാസ്സാക്കിയ ബില്ലില്‍ മെയ് 20-ന് രാഷ്ട്രപതി ഒപ്പുവെച്ച് അത് നിയമമാക്കി. അതിവേഗം, അതിവേഗം, എല്ലാം... പക്ഷേ എന്ത് സാധിച്ചെടുക്കുവാന്‍?


മെയില്‍ നിയമമായിത്തീര്‍ന്ന ഫിബ്രവരിയിലെ ഈ ബില്ല് അനുസരിച്ച് വിവാഹമുക്തയായ മുസ്‌ലിം സ്ത്രീക്ക് ഏതാനും ആഴ്ചകളേ മുന്‍ ഭര്‍ത്താവ് ചെലവിന് കൊടുക്കേണ്ടൂ. അതിനുശേഷം ആ ചുമതല അവളുടെ കുടുംബാംഗങ്ങള്‍ക്കാണ്. അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ അത് വഖ്ഫ് ബോര്‍ഡിന് പോകും. അതായത് പുതിയ നിയമമനുസരിച്ച് വിവാഹമുക്ത തന്റെ 'ദുരവസ്ഥയ്ക്ക് ഒരു നിലയ്ക്കും കാരണക്കാരല്ലാത്ത സ്വന്തം കുടുംബാംഗങ്ങള്‍ക്കെതിരെ കോടതി കയറാന്‍ നിര്‍ബന്ധിക്കപ്പെടുന്നു!.. ഭര്‍ത്താവ് നഷ്ടപ്പെട്ട അവള്‍ക്ക് മാതാപിതാക്കളും സഹോദരന്മാരും കൂടി ശത്രുക്കളായി മാറുന്ന ദുഃസ്ഥിതിയാണത്.'12 സംരക്ഷണച്ചെലവ് നല്‌കേണ്ടവരില്‍ ഒരാള്‍ വീഴ്ച വരുത്തിയാല്‍ ആ പ്രശ്‌നവുമായി കോടതിയില്‍ പോകണം. ഓരോരുത്തര്‍ മാറിമാറി വീഴ്ച വരുത്തിയാല്‍ അവള്‍ക്ക് പാര്‍പ്പ് കോടതിയില്‍ത്തന്നെയാക്കാം!13 ഇങ്ങനെ ചെയ്യാതെ വഴിയില്ല. കാരണം എല്ലാം കുടുംബാംഗങ്ങളും കൈയൊഴിഞ്ഞാലേ വഖ്ഫ് ബോര്‍ഡിനെ സമീപിക്കാവൂ. വഖ്ഫ് ബോര്‍ഡിന്റെ ആദായമാകട്ടെ ഗവണ്മെന്റില്‍നിന്നാണ് പ്രധാനമായും വരുന്നത്. അതായത് രാജ്യത്തെ വിവിധ മതസ്ഥരായ പൗരന്മാര്‍ അടയ്ക്കുന്ന നികുതിപ്പണംകൊണ്ടു വേണം അവള്‍ സംരക്ഷിക്കപ്പെടുക. 'ഒരു മതസമൂഹത്തില്‍പ്പെട്ട പുരുഷന്മാര്‍ മൊഴി ചൊല്ലി വിടുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കുവാന്‍ ആ പുരുഷന്മാര്‍ക്കൊഴികെ ഈ നാട്ടിലെ മറ്റെല്ലാവര്‍ക്കുമാണ് ബാധ്യത' എന്നര്‍ഥം.


14പുതിയ നിയമമുണ്ടായി രണ്ടു വര്‍ഷത്തിനു ശേഷം 1988-ല്‍ അലി- സുഫൈറ കേസില്‍ കേരള ഹൈക്കോടതി ചെയ്ത വിധിന്യായത്തില്‍ ജസ്റ്റിസ് ശ്രീധരന്‍ നല്കിയ വ്യാഖ്യാനം നിയമത്തിനകത്തുതന്നെ തുരന്നുചെന്ന് നീതി ലഭ്യമാക്കുവാനുള്ള വഴി കണ്ടെത്തി. പക്ഷേ, അത്നിയമകര്‍ത്താക്കള്‍ സ്വമേധയാ ഉദ്ദേശിച്ചതായിരുന്നില്ല, ഡ്രാഫ്ട് ചെയ്തവര്‍ക്ക് ഓര്‍ക്കാതെ പറ്റിയ ഒരു വാക്കിന്റെ പിഴവായിരുന്നു! നിയമം മൂലമുണ്ടായ പ്രതിവിധിയല്ല, നിയമത്തിനുപരി ഉണ്ടായത്!


15നീണ്ട ഏഴു വര്‍ഷക്കാലത്തെ പോരാട്ടത്തിലൂടെ നിരക്ഷരയും നിരാലംബയുമായ ഷാബാനു എന്ന വൃദ്ധ നേടിയെടുത്ത വിജയത്തെ അവര്‍ക്കുതന്നെ തള്ളിപ്പറയേണ്ടിവന്ന അവസ്ഥ നേരത്തെ സൂചിപ്പിച്ചതാണ്. ഒരുപക്ഷേ അവരുടെ വിജയത്തെക്കാള്‍ ഓര്‍മിക്കേണ്ടത് ഈ ദുഃഖകരമായ പരാജയമാണ്, അവരുടെ ദയനീയമായ പിന്‍വാങ്ങല്‍. 'ഷാബാനു എന്ന വൃദ്ധമാതാവ് പിന്‍വാങ്ങുമ്പോള്‍ പിന്‍വാങ്ങുന്നത് നമ്മുടെ മാതൃഭൂമിതന്നെയാണ്,' എം.എന്‍. കാരശ്ശേരി പറയുന്നു, 'ഷാബാനു തിരിച്ചുപോകുമ്പോള്‍ തിരിച്ചുപോകുന്നത് ഈ മഹത്തായ രാഷ്ട്രം തന്നെയാണ്.'


16ഈ പിന്‍വാങ്ങലിന്റെ കഥയെ കൂടുതല്‍ ദയനീയമാക്കുന്നത് പൊതുസമൂഹത്തിന്റെ ഓര്‍മയില്‍നിന്ന് ഈ അസാധാരണ വ്യക്തിയുടേയും അവരുടെ കഥയുടേയും തിരോധാനമാണ്. 1986-ല്‍ നിയമനിര്‍മാണം വന്ന് ആറു കൊല്ലത്തിനു ശേഷം 1992 ഏപ്രില്‍ 27- ാം തിയ്യതി 76-ാം വയസ്സില്‍ ഷാബാനു അന്തരിച്ചു. അന്ന് നമ്മുടെ ഒരു പ്രമുഖ ദേശീയ പത്രത്തില്‍ വന്ന താഴെ കാണുന്ന ഒരു കോളത്തില്‍ ഒമ്പത് വരിയില്‍ നാല്‍പത് വാക്കുകളില്‍ ഒതുങ്ങുന്ന റിപ്പോര്‍ട്ട് ഇത് വ്യക്തമാക്കുന്നു:


Sha Bano DeadINDORE, April 28-Sha Bano, who shot into fame a few years ago following a supreme court judgement on an alimony issue, died here yesterday, reports UNI. Hospital sources said 76 years old Sha Bano died due to brain haemorrhage.


17ഷാബാനുവിനെ ഇന്ത്യ മറന്നു. നീതി തോറ്റു, അനീതി വിജയിച്ചു.


പക്ഷേ, ഇതില്‍നിന്നുണ്ടായ ദുരന്തങ്ങളുടെ fall-out അവിടെയൊന്നും അവസാനിച്ചില്ല. 1986-ലെ മുസ്‌ലിം വനിതാബില്ലിനെ ശക്തമായി എതിര്‍ക്കുകയും പൊതു സിവില്‍നിയമത്തിനുവേണ്ടി പ്രക്ഷോഭണം നടത്തുകയും ചെയ്ത ഹിന്ദുത്വവാദികക്ഷി ഭാരതീയ ജനതാപാര്‍ട്ടിക്ക് അതിനപ്പുറം രാഷ്ട്രീയലക്ഷ്യങ്ങളുമുണ്ടായിരുന്നു. അവര്‍ക്കും ഉണ്ടായിരുന്നുവല്ലോ അവരുടെ പങ്ക് ഡിമാന്റുകള്‍. ഭരണകക്ഷിക്കാകട്ടെ മുസ്‌ലിം വോട്ടുകള്‍ പോലെ ഹിന്ദുവോട്ടുകളും ആവശ്യമായിരുന്നുതാനും. അതേവര്‍ഷംതന്നെ അയോധ്യയിലെ ബാബറി മസ്ജിദിനകത്ത് രാമജന്മസ്ഥാനമെന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുന്ന ഭാഗം അവര്‍ക്ക് തുറന്നുകൊടുത്ത് ഗവണ്മെന്റ് അവരേയും തൃപ്തിപ്പെടുത്തി. തുടര്‍ന്നുണ്ടായ വര്‍ഗീയസംഘര്‍ഷങ്ങള്‍ 1992-ല്‍ (ഷാബാനു മരിച്ച വര്‍ഷം) ബാബറി മസ്ജിദ് തന്നെ ഹിന്ദു വര്‍ഗീയവാദികള്‍ പൊളിച്ചതില്‍ ചെന്ന് അവസാനിച്ചു. അവിടെനിന്ന് ആയിരത്തില്‍പ്പരം മനുഷ്യരുടെ ജീവനെടുത്ത ഹിന്ദു മുസ്‌ലിം വര്‍ഗീയലഹളകള്‍, 2002-ലെ ഗുജറാത്ത് ഹോളോകോസ്റ്റ്, ഇന്നുവരെ തുടരുന്ന ഭീകരാക്രമണങ്ങള്‍, ഇങ്ങനെ.


ലൈംഗിക സമത്വത്തിനുവേണ്ടിയുള്ള സമരം പാശ്ചാത്യരാജ്യങ്ങളിലും ഫലം കണ്ടുതുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിലാണ് എന്ന് അനുബന്ധമായി പറയാം. 1918-ല്‍ മാത്രമാണ് നമ്മെ ഭരിച്ചിരുന്ന ബ്രിട്ടന്‍ അവരുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്കുവാന്‍ നിശ്ചയിച്ചത്. കല്‍ക്കത്തയില്‍ ACBയ്ക്കു വേണ്ടി വാദിച്ച ലേഡി ഡോക്ടര്‍മാര്‍ ബ്രിട്ടനില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടവരായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ സ്ത്രീകളെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാക്കിയിട്ടും അമേരിക്ക മടിച്ചുനിന്നു.


അമേരിക്കന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തോളം പഴയതാണ് പക്ഷേ അവിടെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം. ഒന്നര നൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന പുരുഷാധിപത്യത്തോടുള്ള സമരം. 1870-ല്‍ വോട്ടവകാശം കറുത്തവര്‍ക്ക് നീട്ടിക്കൊടുത്തപ്പോള്‍, അത് വെളുത്തവരിലെന്നപോലെ കറുത്ത പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു. 1872-ല്‍ത്തന്നെ സ്ത്രീകള്‍ ബൂത്തുകളില്‍ കയറി സ്വയം വോട്ടു ചെയ്യുവാന്‍ ശ്രമിക്കുകയും അറസ്റ്റ് ചെയ്ത് നീക്കപ്പെടുകയും ചെയ്ത കഥകളുണ്ട്. Citizen എന്നും Voter എന്നും ഉള്ള വാക്കുകളില്‍ നിര്‍വചനപ്രകാരം പുരുഷന്മാരേ പെട്ടിരുന്നുള്ളു എന്നായിരുന്നു ഭരണാധികാരികള്‍ പറഞ്ഞത്. ഭരണഘടനയിലെ Men എന്ന വാക്കിന് മനുഷ്യര്‍ എന്നതിനു പകരം പുരുഷന്മാര്‍ എന്നും, വെളുത്ത പുരുഷന്മാര്‍ എന്നും ആണ് അര്‍ഥം കണ്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്ത്രീകളുടെ സമരം ശക്തിപ്രാപിച്ചു. സ്ത്രീസംഘടനകള്‍ വൈറ്റ്ഹൗസ് പിക്കറ്റു ചെയ്യുകയും നിരാഹാരസമരങ്ങള്‍ നടത്തുകയും ചെയ്തു. 1912-ല്‍ തിയോഡോര്‍ റൂസ്‌വെല്‍ട്ടിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവരുടെ മാനിഫെസ്‌റ്റോവില്‍ സ്ത്രീകളുടെ വോട്ടവകാശം ഉള്‍പ്പെടുത്തുവാന്‍ തയ്യാറായി. വീണ്ടും എട്ടു കൊല്ലത്തിനു ശേഷം 1920 ആഗസ്ത് 26- നാണ് സ്ത്രീകളെ ജനാധിപത്യത്തില്‍ പങ്കാളികളാക്കുന്ന പത്തൊമ്പതാം ഭരണഘടനാ ഭേദഗതി പാസ്സാക്കപ്പെട്ടത്. വുഡ്രൂ വില്‍സണ്‍ വരെയുള്ള പ്രസിഡണ്ടുമാരെല്ലാവരും പുരുഷന്മാരുടെ മാത്രം പ്രസിഡണ്ടുമാരായിരുന്നു എന്നര്‍ഥം. ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുവാനുള്ള സമരം പിന്നേയും തുടര്‍ന്നു. 1929-ല്‍കൂടി ജനനനിയന്ത്രണമാര്‍ഗങ്ങള്‍ പ്രചരിപ്പിച്ചതിന് സ്ത്രീസംഘടനാനേതാക്കള്‍ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...