2020, ജൂലൈ 14, ചൊവ്വാഴ്ച

ഈ.മ.യൗ.

തുഷാർ നിർമ്മൽ സാരഥി 

'എന്തെങ്കിലും സംഭവിക്കണമെങ്കിൽ എല്ലാം അതാതിടത്ത് ഉണ്ടാവണം' എന്ന വൈരുദ്ധ്യ വാദ യുക്തി ലളിതമായി ചൂണ്ടിക്കാണിക്കുന്ന സിനിമയാണ് ഈ.മ.യൗ. പ്രത്യക്ഷത്തിൽ പരസ്പര ബന്ധമില്ലാത്ത കൊച്ചു കൊച്ചു സംഘർഷങ്ങൾ/സംഭവങ്ങൾ ഒടുക്കം വാവച്ചനാശാരിയുടെ അന്തിമാഭിലാഷം സാധിച്ചു കൊടുക്കാനുള്ള മകൻ ഈസിയുടെ ശ്രമങ്ങളെ അട്ടിമറിക്കുന്ന ദുരന്തപൂർണ്ണമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. ശവമടക്ക് സ്വപ്നം കണ്ട് ചെല്ലാനത്ത് ബസ്സിറങ്ങുന്ന വാവച്ചനും ചൗരിയും തമ്മിലുണ്ടാകുന്ന വഴക്കും, മദ്യം വാങ്ങിച്ചിറങ്ങുന്ന ഈസിയും ലാസറും തമ്മിലുള്ള തർക്കവും, ഡോക്ടർ മദ്യപിച്ചുറങ്ങി പോയതിനാൽ മരണ സർട്ടിഫിക്കറ്റ് സമയത്തിന് നൽകാൻ കഴിയാതെ വരുന്നതും, ഉദ്യോഗസ്ഥമേധാവിത്ത രീതിയിൽ ഇടപെടുന്ന പള്ളി വികാരിയും, ഡോക്ടറുടെ അഭാവത്തിലെത്തുന്ന സാറാമ്മ നേഴ്സുമെല്ലാം ഈസിയുടെ ശ്രമങ്ങളെ അട്ടിമറിക്കുന്നതിന് കാരണമാകുന്നു.

മെമ്പർ അയ്യപ്പന്റെ നിസ്സഹായതയിലേക്കെത്തുന്ന പ്രായോഗികതയും ഈസിയുടെ ഭ്രാന്തിലേക്കെത്തുന്ന വ്യാമോഹങ്ങളുമാണ് കഥയെ ചലിപ്പിക്കുന്ന പ്രധാന വൈരുദ്ധ്യങ്ങളിലൊന്ന്. അതാകട്ടെ കേരളീയ സാമൂഹ്യ ജീവിതത്തിന്റെ നേർക്കാഴ്ച കൂടിയാണ്. ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ഇടയ്ക്കുള്ള അധികാര ദല്ലാളാന്മാരുടെ പ്രതിനിധിയാണ് മെമ്പർ അയ്യപ്പൻ. ആ ശ്രേണിയിൽ ഏറ്റവും താഴെയുള്ളയാൾ. തികഞ്ഞ status quo വക്താവാണ് അയാൾ. തന്നെക്കാൾ മുകളിലുള്ള അധികാര കേന്ദ്രങ്ങളുടെ മുന്നിൽ നിസ്സഹായനായ എന്നാൽ തന്റെ അധികാരത്തെ നിഷേധിച്ച സർക്കാർ ജീവനക്കാരൻ ലൈൻമാനെ തല്ലാൻ യാതൊരു മടിയുമില്ലാത്ത അയ്യപ്പൻ. അപ്പനു കൊടുത്ത വാക്ക് ഈസിയുടെ തലയിൽ തീർത്ത കൊടുങ്കാറ്റിന്റെ ആരവം ഉയരുമ്പോഴൊക്കെ അതിനെ പ്രതിരോധിക്കാൻ പ്രായോഗികതയുടെ മതിൽക്കെട്ട് തീർത്ത് അയ്യപ്പൻ കൂടെയുണ്ട്. താങ്ങാനാവുന്ന ചിലവിൽ (കടമെടുത്തിട്ടാണെങ്കിലും) സാമ്പ്രദായിക ചിട്ടകൾക്കനുസരിച്ച് ശവമടക്ക് നടത്താനാണ് അയ്യപ്പൻ ശ്രമിക്കുന്നത്. പക്ഷെ ഈസിയെ സംബന്ധിച്ചിടത്തോളം അപ്പന്റെ അന്ത്യാഭിലാഷപൂർത്തീകരണത്തിന്റെ വൈകാരിക ഭാരം കൂടി പേറുന്നതാണ് ശവമടക്ക്. അതാകട്ടെ ഈസിയുടെ ജീവിതാവസ്ഥയിൽ തികഞ്ഞ പരിഹാസ്യമായ വ്യാമോഹമാണ്. അന്ത്യകർമ്മങ്ങൾക്ക് മെത്രാനെ കിട്ടുമൊ എന്ന ഈസിയുടെ ചോദ്യവും നിനക്കെന്താ ഭ്രാന്തുണ്ടൊ എന്ന് ചോദിച്ച് അന്തം വിട്ട് നോക്കുന്ന അയ്യപ്പനും കാണികളെ ചിരിപ്പിക്കുമ്പോൾ സമൂഹത്തിലെ അധികാര - അധീശ ബന്ധങ്ങളെ എത്രമാത്രം ആന്തരീകവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് കൂടിയാണ് കാണിക്കുന്നത്. പക്ഷെ താൻ നേരിട്ട നിസ്സഹായാവസ്ഥക്കെതിരെ ഭ്രാന്തമായ കലാപമാരംഭിക്കുമ്പോൾ അയ്യപ്പന്റെ പ്രായോഗികത തീർത്തും നിസ്സഹായമായ കാണി മാത്രമായി മാറുന്നു. കേരളീയ സാമൂഹത്തിലെ ജീവിത പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ പരാജയപ്പെടുന്ന വ്യവസ്ഥാപിത കക്ഷി രാഷ്ട്രീയത്തിന്റെ പരിമതിയും പ്രാദേശികാധികാരവും ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യവും ആണ് അയ്യപ്പന്റെ നിസ്സഹായാവസ്ഥയിലൂടെ ചിത്രീകരിക്കപ്പെടുന്നത്.

പള്ളി വികാരിയുടെ ഉദ്യോഗസ്ഥമേധാവിത്ത മനോഭാവവും ദരിദ്രരോടുള്ള പുച്ഛവും ഈസിയും വികാരിയും തമ്മിലുള്ള ശത്രുതാപരമായ സംഘർഷമായി പരിണമിക്കുന്നതാണ് കഥയിലെ മറ്റൊരു വൈരുദ്ധ്യാത്മകമായ വികാസം . പള്ളി വികാരി മാത്രമല്ല വെളുപ്പാൻ കാലത്ത് പുത്തൻ വെള്ളം തളിച്ച് പ്രാർത്ഥിക്കുന്ന അച്ചനും ഉദ്യോഗസ്ഥ മേധാവിത്വ ബോധവും പുച്ഛവും പേറുന്നയാളാണ്. സ്വതവേയുള്ള ഉദ്യോഗസ്ഥ മനോഭാവവും അതിൽ നിന്നുളവാകുന്ന പുച്ഛവും മൂലം പള്ളി വികാരി നിസാരവും അനാവശ്യവുമായ അപവാദ പ്രചരണങ്ങളെ മുഖവിലക്കെടുക്കുകയാണ്. പൗരോഹിത്യാധികാരത്തിന്റെയും അതുണ്ടാക്കുന്ന ജീവിതസംഘർഷങ്ങളെയും വികാരിയും ഈസിയും തമ്മിലുള്ള സംഘർഷം അനാവരണം ചെയ്യുന്നു.


കഥാപാത്രങ്ങളുടെ സൂക്ഷ്മ പ്രകൃതം മുതൽ കഥാസന്ദർഭങ്ങളിലാകെ വൈരുദ്ധ്യങ്ങൾ പ്രവർത്തിക്കുന്നത് തെളിഞ്ഞ് കാണാനാവും ഈ. മ.യൗ വിൽ. മരണവീടിന്റെ ദു:ഖ സാന്ദ്രമായ അന്തരീക്ഷത്തിലും ചിരി പടർത്തുന്ന തമാശകൾ, മരുമകളെ കൊണ്ട് ഒന്നും ചെയ്യിക്കാത്ത സ്നേഹമയിയായും മരുമകളുടെ വീട്ടുകാരെ വാവച്ചന്റെ ശവത്തിനരികിലിരുന്ന് കുറ്റം പറയുകയും ചെയ്യുന്ന അമ്മായിയമ്മ. ചികിത്സാ സഹായം തരാത്തതിന് ഈസിയെ വിമർശിക്കുന്ന കുറിക്കാശ് കൊണ്ട് മുങ്ങിയ ലാസർ . സാറാമ്മയെ കുറിച്ച് ലാസർ പറയുന്ന നുണകൾ കേട്ട് കളിയാക്കുകയും പിന്നീട് തന്നാടൊപ്പം ബൈക്കിൽ കയറാത്തതിന് നീ പറഞ്ഞത് ശരിയാ സാറാമ്മ വെടിയാണെന്ന് തിരുത്തുകയും ചെയ്യുന്ന പ്രാഞ്ചി. ഉദ്യോഗസ്ഥ മേധാവിത്വ ബോധത്തോടെ ഇടപെടുന്ന വികാരിയും, അനുകമ്പയോടെ ഇടപെടുന്ന പൊലീസ് ഉദ്യോഗസ്ഥനും. പൊട്ടിയ ക്ലാർനെറ്റ് ഒട്ടിച്ചായാലും വായിച്ചാൽ മതി എന്ന് ബാന്റ് കാരനോട് പറയുമ്പോൾ തന്നെ പിരിഞ്ഞ് പോകുമ്പോൾ നല്ല രീതിയിൽ യാത്രയാക്കണമെന്ന് പറയുന്ന അയ്യപ്പൻ. തന്നെ അടിച്ചവനാണ് മരിച്ചു കിടക്കുന്നതെങ്കിലും തനിക്ക് ശത്രുതയില്ലെന്ന് പറയുകയും കുളിപ്പിക്കാൻ ചെല്ലുമ്പോൾ ചേതനയറ്റ ശരീരം നോക്കി ആഹ്ലാദിക്കുകയും ചെയ്യുന്ന ചൗരി . ഇങ്ങനെ സൂക്ഷ്മവും സ്ഥൂലവുമായ വൈരുദ്ധ്യങ്ങളും അവയുടെ ചലനങ്ങളുമാണ് കഥയിലുടനീളം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...