താങ്കള്‍ അറബി ബോസ്സിനെയൊക്കെ മണിയടിച്ച് വലിയ ഉദ്യോഗക്കയറ്റമൊക്കെ നേടി ഭാര്യയൊടൊപ്പം ഗള്‍ഫില്‍ സുഖമായി ജീവിക്കുകയാണെന്നു കരുതുന്നു. താങ്കളുടെ കഥ പറഞ്ഞ 'അറബിയും ഒട്ടകവും പി മാധവന് നായരും എന്ന സിനിമ 60 രൂപ മുടക്കി കണ്ട ഒരു പ്രേക്ഷകനാണു ഞാന്‍. ആദ്യമേ പറയട്ടെ, സിനിമ എനിക്ക് വല്ലാതെ ഇഷ്ടമായി. എന്നെ തിയേറ്ററിലേക്ക് ആകര്‍ഷിച്ച പ്രധാന സംഗതി സിനിമയുടെ പേരായിരുന്നു. പേരിനോടൊപ്പം മാധവന് 'നായര്‍' എന്നു ചേര്‍ത്തത് ശരിക്കും ഉചിതമായി. പ്രത്യേകിച്ചും മോഹന്‍ലാല്‍, പ്രിയദര്ശന്, നെടുമുടി വേണു, ഗണേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു തിരുവിതാംകൂര്‍ നായര്‍ ലോബിയും മുകേഷ്, ശ്രീനിവാസന്, സലീം കുമാര്‍ എന്നിവര്‍ പ്രതിനിധീകരിക്കുന്ന ഈഴവ ലോബിയും മലയാള സിനിമയില്‍ ശക്തമാകുന്നു എന്നു കേള്‍ക്കുന്ന ഈ സമയത്ത്.
എന്താണു ഇത്തവണ താങ്കള്‍ നാടുവിടാനായി ഗള്‍ഫ് തിരഞ്ഞെടുത്തത്? താങ്കളുടെ പൂര്വാവതാര കഥകളായ ചന്ദ്രലേഖയിലെയും കാക്കക്കുയിലിലേയും ഒക്കെപ്പോലെ ഇത്തവണയും ബോബെയിലേക്ക് തന്നെ നാടുവിട്ടാല്‍ പോരായിരുന്നൊ? ഹൊ! ചന്ദ്രലേഖയിലെ അപ്പുക്കുട്ടന് നായരെയും കാക്കക്കുയിലിലെ ശിവരാമന് നായരെയും ഒന്നും ഞാന്‍ ഒരുകാലത്തും മറക്കില്ല. ചന്ദ്രലേഖയില്‍ അപ്പുക്കുട്ടന് നായര്‍ തളര്‍ന്നുകിടക്കുന്ന ഒരു പെണ്‍കുട്ടിയുടെ തുണി കണ്ണടച്ചു മാറ്റുന്ന ആ രംഗമില്ലേ... തുണിമാറ്റി പുറത്തുവന്ന് ഇരവിക്കുട്ടിപ്പിള്ളയോട് (ഇന്നസെന്റിന്റെ കഥാപാത്രം) അപ്പുക്കുട്ടന് നായര്‍ പറയുന്ന ആ ഡയലോഗുണ്ടല്ലോ... താന്‍ അന്തസ്സുള്ള ഇല്ലത്തെ നായരാണെന്ന്... ഇപ്പൊഴും ആ ഡയലോഗ് കേള്‍ക്കുമ്പോള്‍ എന്റെ രോമങ്ങളൊക്കെ ശരിക്കും എണീറ്റു നില്ക്കും. അതിനുശേഷം ഇരവിക്കുട്ടിപ്പിള്ള ആത്മഗതം ചെയ്യുന്നുണ്ടല്ലോ... "അപ്പൊ അത്ര വിഷമുള്ള ജാതിയല്ല," എന്ന്. ഈ വിഷമുള്ള ജാതികള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കട്ടെ അല്ലേ? വിഷമുള്ള ജാതികളില്‍ ഒരു ജാതി ഏതാണെന്ന് ഇതേ സിനിമയില്‍ പിന്നീട് കാണിച്ചത് - നൂറുദീന്‍ (ശ്രീനിവസന്) ഒരു തക്കം കിട്ടുമ്പോഴേക്കും തളര്‍ന്ന് കിടക്കുന്ന പെണ്‍കുട്ടിയെ തുരുതുരാ ഉമ്മവയ്ക്കുന്നത് - ശരിക്കും തകര്‍ത്തു.
"താങ്കളുടെ സിനിമ കാണാന്‍ കല്ല്യാണപ്രായമായ എന്റെ മകളെയും കൊണ്ടാണു ഞാന്‍ പോയത്. ചന്ദ്രലേഖ മുതലേ ഉള്ള ശീലമാണ് മക്കളേയും താങ്കളുടെ സിനിമകള്‍ കാണിക്കുക എന്നത്. മകളുടെ കല്ല്യാണനിശ്ചയം കഴിഞ്ഞതാണേ... അവളുടെ കൂടെ പഠിക്കുന്ന പയ്യനാ. അവള് തന്നെ കണ്ടെത്തിയതാ.. ഇതിപ്പോള്‍ നമ്മുടെ ആ പഴയ കാലമൊന്നുമല്ലല്ലോ. കുട്ടികള്‍ ഇഷ്ടപ്പെട്ടാല്‍ നമുക്ക് എന്തെങ്കിലും പറയാന്‍ പറ്റുമോ? പയ്യനും ഒരു ഒന്നാംതരം നായരാ.. വേറെ വല്ല അലവലാതി പയ്യന്മാരുമായിരുന്നെങ്കില് എന്റെ പട്ടി നടത്തിക്കൊടുക്കും കല്ല്യാണം. എനിക്ക് ഉറപ്പുണ്ടായിരുന്നു, അവള് നായര്‍ പയ്യനെ മാത്രമേ പ്രേമിക്കൂ എന്ന്. വെറുതെയല്ല ഞാന്‍ പിള്ളേരെ താങ്കളുടെ സിനിമകള്‍ മുടങ്ങാതെ കാണിക്കുന്നത്."
താങ്കളുടെ സിനിമ കാണാന്‍ കല്ല്യാണപ്രായമായ എന്റെ മകളെയും കൊണ്ടാണു ഞാന്‍ പോയത്. ചന്ദ്രലേഖ മുതലേ ഉള്ള ശീലമാണ് മക്കളേയും താങ്കളുടെ സിനിമകള്‍ കാണിക്കുക എന്നത്. മകളുടെ കല്ല്യാണനിശ്ചയം കഴിഞ്ഞതാണേ... അവളുടെ കൂടെ പഠിക്കുന്ന പയ്യനാ. അവള് തന്നെ കണ്ടെത്തിയതാ.. ഇതിപ്പോള്‍ നമ്മുടെ ആ പഴയ കാലമൊന്നുമല്ലല്ലോ. കുട്ടികള്‍ ഇഷ്ടപ്പെട്ടാല്‍ നമുക്ക് എന്തെങ്കിലും പറയാന്‍ പറ്റുമോ? പയ്യനും ഒരു ഒന്നാംതരം നായരാ.. വേറെ വല്ല അലവലാതി പയ്യന്മാരുമായിരുന്നെങ്കില് എന്റെ പട്ടി നടത്തിക്കൊടുക്കും കല്ല്യാണം. എനിക്ക് ഉറപ്പുണ്ടായിരുന്നു, അവള് നായര്‍ പയ്യനെ മാത്രമേ പ്രേമിക്കൂ എന്ന്. വെറുതെയല്ല ഞാന്‍ പിള്ളേരെ താങ്കളുടെ സിനിമകള്‍ മുടങ്ങാതെ കാണിക്കുന്നത്.
ആ ചന്ദ്രലേഖയില്‍ ആല്‍ഫ്രഡ് ഫെര്‍ണാണ്ടസ് എന്ന നസ്രാണിയെ പ്രേമിച്ച നായികയുടെ ഗതി എന്തായി! അവസാനം അപ്പുട്ടന് നായര്‍ വേണ്ടിവന്നു, ആ പെങ്കൊച്ചിന്റെ കണ്ണീരൊപ്പാന്‍. കാക്കക്കുയിലില്‍ ശിവരാമന് നായര്‍ തന്റെ കാമുകിയെ പറ്റി പറയുമ്പോള്‍ "ഹൊ, മേനോത്തിക്കുട്ടിയാ... ആശ്വാസമായി" എന്നു കണ്ണുകാണാത്ത തമ്പുരാന് (നെടുമുടി വേണുവിന്റെ കഥാപാത്രം) ആത്മഗതം ചെയ്യുന്നതും പിന്നെ അങ്ങാകുന്ന സാക്ഷാല്‍ പുത്തന്‍പുരക്കല്‍ മാധവന് നായര്‍ കാമുകിയെ പരിചയപ്പെടുമ്പോള്‍ മാധവന് നായര്‍ എന്നും കാമുകി തിരിച്ച് മീനാക്ഷി തമ്പുരാട്ടി എന്നും എടുത്തു പറഞ്ഞ് നിങ്ങള്‍ തമ്മില്‍ ജാതിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതും ഒക്കെ നമ്മുടെ മക്കള്‍ കണ്ടു പഠിക്കട്ടെ അല്ലെ.
'അറബിയും ഒട്ടകവും മാധവന് നായരും' എന്ന പേരിലെ അറബിയെയും മാധവന് നായരേയും പെട്ടെന്നുതന്നെ മനസ്സിലായി. പക്ഷെ ഈ ഒട്ടകം ആരാണെന്നു സിനിമതുടങ്ങി കുറേ കഴിഞ്ഞപ്പോഴാണു മനസ്സിലാകുന്നത്. കാക്കക്കുയിലില്‍ മുകേഷിന്റെ കഥാപാത്രത്തിന്റെ വിളിപ്പേരു മാക്രി എന്നോ മറ്റോ അല്ലായിരുന്നൊ? ഇപ്പോള്‍ ഒട്ടകം. ഇവന്മാരെ ഇങ്ങനെയൊക്കെതന്നെയാ വിളിക്കേണ്ടത്. ചന്ദ്രലേഖയിലെ അപ്പുക്കുട്ടന് നായരും നൂറുദ്ധീനും, കാക്കക്കുയിലിലെ ശിവരാമന് നായരും ഗോവിന്ദന് കുട്ടിയും, പിന്നെ മഹാനായ പുത്തന്‍ പുരക്കല്‍ മാധവന് നായരും അബ്ദു കുപ്ളേരി എന്ന ഒട്ടകവും തമ്മിലുള്ള സംഭാഷണരംഗങ്ങള്‍ എത്ര കണ്ടാലും മതിവരാത്തതാണ്.
"ഈ റിസര്‍വേഷന്‍ ഉള്ളതുകൊണ്ട് ഇവന്മാരെപ്പോലെ എത്രപേരാ വലിയ വലിയ സ്ഥാനങ്ങളിലൊക്കെ എത്തിയിരിക്കുന്നത്? പക്ഷെ എത്ര മുന്തിയ ഉദ്യോഗം കിട്ടിയാലും ഇവന്മാര് തനിക്കൊണം കാട്ടാതിരിക്കുമോ? നൂറുദ്ധീന്‍ ചെയ്യുന്നതുപോലെ മണ്ടത്തരങ്ങള്‍ മാത്രം ചെയ്യുന്ന റിസര്‍വേഷന്‍ ഉദ്യോഗസ്ഥരുള്ളതുകൊണ്ടാ സാറേ നമ്മുടെ നാട് നന്നാകാത്തത്. അല്ലെങ്കിലും വല്ല ചാത്തന് എന്നോ കോരന് എന്നോ പേരുള്ള ഒരാളെ ഒരു സ്ഥാപനമേധാവിയായി സങ്കല്പ്പിക്കാന് പോലും നമുക്കാകുമോ?"
ചന്ദ്രലേഖയില്‍ കമ്പനി എം.ഡി ആയി നൂറുദ്ധീനോട് പോകാന്‍ ആവശ്യപ്പെടുമ്പോള്‍ താങ്കള്‍ പറയുന്നുണ്ടല്ലോ, "നിന്നെക്കാള്‍ വിവരം കെട്ടവര്‍ വരെ ഇവിടെ എം.ഡി ആയിരിക്കുന്നുണ്ട്," എന്നു. ശരിക്കും സത്യമാണു മാധവന് നായര്‍ സാറേ. ഈ റിസര്‍വേഷന്‍ ഉള്ളതുകൊണ്ട് ഇവന്മാരെപ്പോലെ എത്രപേരാ വലിയ വലിയ സ്ഥാനങ്ങളിലൊക്കെ എത്തിയിരിക്കുന്നത്? പക്ഷെ എത്ര മുന്തിയ ഉദ്യോഗം കിട്ടിയാലും ഇവന്മാര് തനിക്കൊണം കാട്ടാതിരിക്കുമോ? നൂറുദ്ധീന്‍ ചെയ്യുന്നതുപോലെ മണ്ടത്തരങ്ങള്‍ മാത്രം ചെയ്യുന്ന റിസര്‍വേഷന്‍ ഉദ്യോഗസ്ഥരുള്ളതുകൊണ്ടാ സാറേ നമ്മുടെ നാട് നന്നാകാത്തത്. അല്ലെങ്കിലും വല്ല ചാത്തന് എന്നോ കോരന് എന്നോ പേരുള്ള ഒരാളെ ഒരു സ്ഥാപനമേധാവിയായി സങ്കല്പ്പിക്കാന് പോലും നമുക്കാകുമോ?
മാധവന് നായരുടെ അനിയനും അപ്പുക്കുട്ടന് നായരുടെ അനിയത്തിയും നാട്ടില്‍ മെഡിസിനു പഠിക്കുന്നവരാണെന്നുകൂടി അറിയുമ്പോള്‍ വല്ലാത്ത ആശങ്ക തോന്നുന്നു. ഈ റിസര്‍വേഷന്‍ ഉള്ളതുകൊണ്ടല്ലേ അവര്‍ക്കു ഗവണ്മന്റ് സീറ്റ് കിട്ടാതെ പോയതും അവരെ പഠിപ്പിക്കാന്‍ മധവന് നായര്‍ക്ക് ഗള്‍ഫിലേക്കും അപ്പുക്കുട്ടന് നായര്‍ക്ക് ബോംബെയിലേക്കും നാടുവിടേണ്ടി വന്നതും.
പിന്നെ മറ്റൊരുകാര്യം. ഈ പരിഷകളൊക്കെ മഹാ വഷളന്മാരാണെന്നേ... ചന്ദ്രലേഖയിലെ നൂറുദ്ധീന്‍ ജന്മനാ കള്ളനാണ്. അതുകൊണ്ടാണല്ലോ അയാള്‍ കുട്ടിക്കാലത്ത് ഹൈമവതിയുടെ ചോറു മോഷ്ടിക്കുന്നതും മഹാനായ അപ്പുക്കുട്ടന് നായര്‍ ധീരതയോടെ ആ കുറ്റം ഏറ്റെടുത്ത് ശിക്ഷ വാങ്ങുന്നതും. കാക്കക്കുയിലിലെ ശിവരാമന് നായരുടെ അച്ഛന് നായരുടെ പെന്ഷന് കാശ് മോഷ്ടിച്ചിട്ടാണ് ഗോവിന്ദന് കുട്ടി നാടുവിടുന്നത്. മാധവന് നായരും അബ്ദുവിന്റെ മോഷണവാസനയുടെ ഇരയാണല്ലോ... താങ്കളുടെ വാച്ചോ മറ്റോ അയാള്‍ മോഷ്ടിച്ചു എന്നാണു ഞാന്‍ ഓര്‍ക്കുന്നത്. അയാളുടെ ജോലി പോകുന്നതും മോഷണക്കുറ്റത്തിനാണല്ലൊ അല്ലെ!
ഇതിനൊക്കെ പുറമെ താങ്കളെയും പൂര്വതാരങ്ങളേയും സദാ മോഷണത്തിനും മറ്റു തരികിട പരിപാടികള്‍ക്കും പ്രേരിപ്പിക്കുന്നതും ലവന്മാരാണല്ലൊ. പിന്നേയ്, ചന്ദ്രലേഖ ഇതിഹാസത്തിലെ അപ്പുക്കുട്ടന് നായരുടെ അച്ഛനെപ്പറ്റി പറഞ്ഞപ്പോള്‍ നാലുലക്ഷം രൂപയോ മറ്റോ വെട്ടിച്ച് ജയില്‍ ശിക്ഷ കാത്തുകിടക്കുന്ന ആളാണു പുള്ളി എന്നു കേട്ടപ്പോള്‍ ശരിക്കും എന്റെ ഉള്ളൊന്നു കാളി. പക്ഷെ എനിക്കുറപ്പായിരുന്നു നമ്മുടെ കൂട്ടര്‍ക്ക് അങ്ങനെയൊന്നും ചെയ്യാനാകില്ല. അല്ലെങ്കിലും അങ്ങനെതന്നെയാണല്ലോ ആ സിനിമയിലും പറയുന്നത്.
നാട്ടിലെ നമ്മുടെ സെറ്റപ്പുകളൊക്കെ, അതായത് നമ്മുടെ ഈ തമ്പുരാന് തമ്പുരാട്ടി വര്‍മ കൊട്ടാരം കാര്യസ്ഥന് ലൈനുണ്ടല്ലൊ, ഇതൊക്കെ അതേപടി മറുനാടുകളിലേക്കും പകര്‍ത്താന്‍ താങ്കള്‍ കഷ്ടപ്പെട്ടു ശ്രമിച്ചിരിക്കുന്നത് എന്നെ ഏറെ ആഹ്ളാദിപ്പിക്കുന്നു. മുംബൈ നഗരത്തിലെന്നല്ല കാഷ്മീരിലാണെങ്കിലും ഉന്നതകുലജാതരോട് വിധേയപ്പെട്ടിരിക്കാത്ത ജീവിതം നമ്മളെയൊക്കെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിരസമാണെന്നു പറയേണ്ടതില്ലല്ലോ. മാധവന് നായരുടെ കാര്യത്തില്‍ എനിക്കു സങ്കടമുണ്ട്. ഗള്‍ഫിലേക്ക് ഈ സെറ്റപ്പ് കയറ്റിയയക്കാനുള്ള പ്രയാസം ഞാന്‍ മനസ്സിലാക്കുന്നു. അറബിയുടെ ചിത്രം തൂക്കിയിട്ട് പൂജിക്കുന്ന നെടുമുടി വേണുവിന്റെ കഥാപാത്രത്തിലൂടെ ഈ കുറവു കുറെയൊക്കെ നികത്തപ്പെടുന്നുണ്ട് എന്നതു വിസ്മരിക്കുന്നില്ല.
"ഈ മാമുക്കോയയുണ്ടല്ലോ - കഥാപാത്രങ്ങളുടെ പേരുകളില്‍ മാറ്റമുണ്ടെങ്കിലും ഈ സിനിമകളിലെല്ലാം ആത്യന്തികമായി മാമുക്കോയ മാമുക്കോയതന്നെയാണല്ലൊ - അവനെയൊക്കെ ശരിക്കും മാധവന് നായര്‍ ചെയ്തതുപോലെ ഉലക്ക മുറിയുന്നതുവരെ തല്ലണം. ചന്ദ്രലേഖയിലെ മാമുക്കോയയാണു ശരിക്കും മാമുക്കോയ. തല്ലുകൊണ്ട് കവിളെല്ലുപൊട്ടി മിണ്ടാന്‍ വയ്യാത്ത മാമുക്കോയ. അല്ലെങ്കിലും അവന്റെയൊന്നും ശബ്ദത്തെ പുറത്തു കേള്‍പ്പിക്കരുത്. നമുക്കു പഥ്യമല്ലാത്ത പലതും വിളിചുപറയും. "
ഈ മാമുക്കോയയുണ്ടല്ലോ - കഥാപാത്രങ്ങളുടെ പേരുകളില്‍ മാറ്റമുണ്ടെങ്കിലും ഈ സിനിമകളിലെല്ലാം ആത്യന്തികമായി മാമുക്കോയ മാമുക്കോയതന്നെയാണല്ലൊ - അവനെയൊക്കെ ശരിക്കും മാധവന് നായര്‍ ചെയ്തതുപോലെ ഉലക്ക മുറിയുന്നതുവരെ തല്ലണം.
ചന്ദ്രലേഖയിലെ മാമുക്കോയയാണു ശരിക്കും മാമുക്കോയ. തല്ലുകൊണ്ട് കവിളെല്ലുപൊട്ടി മിണ്ടാന്‍ വയ്യാത്ത മാമുക്കോയ. അല്ലെങ്കിലും അവന്റെയൊന്നും ശബ്ദത്തെ പുറത്തു കേള്‍പ്പിക്കരുത്. നമുക്കു പഥ്യമല്ലാത്ത പലതും വിളിചുപറയും. ഇനി പൊട്ടിയ കവിളെല്ലും വച്ച് ബബ്ബബ്ബ പറയുകയാണെങ്കില്‍ അതിനെ അപ്പുക്കുട്ടന് നായര്‍ ചെയ്തതുപോലെ നമ്മുടെ സൌകര്യത്തിനു വ്യാഖ്യാനിക്കമല്ലൊ.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും താങ്കള്‍ക്കും മുന്‍ഗാമികള്‍ക്കും അബദ്ധത്തില്‍ സംഭവിച്ചുപോയ ചില കൈപ്പിഴകളും പോരായ്മകളും ചൂണ്ടിക്കാണിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനെ വിമര്‍ശനാത്മകമായി കാണേണ്ടതില്ല. അടുത്ത കഥപറയുമ്പോള്‍ കുറെക്കൂടി ജഗ്രത പുലര്‍ത്താന്‍ വേണ്ടി പറയുന്നതാണ്. താങ്കള്‍ക്ക് കാമുകിയുടെ ചാരിതാര്‍ഥ്യത്തില്‍ (കടപ്പാട്: ജഗദീഷ്, ഇന്‍ ഹരിഹര്‍ നഗര്‍) സംശയം തോന്നുന്നത് നമ്മുടെ സ്ത്രീകള്‍ക്ക് ഉണ്ടായിരുനു എന്ന് ദോഷൈക ദൃക്കുകളായ ചരിത്രകാരന്മാര് പറഞ്ഞിട്ടുള്ള ചാരിതാര്ഥ്യപരമായ പ്രതിസന്ധികൊണ്ടാണെന്ന് ചിലപ്പോള്‍ സിനിമകളുടെ അതിവായനകളുടെ ആശാന്മാരായ ജി.പി രാമചന്ദ്രന്, ബി അബുബക്കര്‍ തുടങ്ങിയവര്‍ പറഞ്ഞേക്കും. അതുപോലെ അച്ഛനു പറയുന്നതു കേള്‍ക്കുമ്പോള്‍ പലപ്പോഴും അച്ഛന് എന്ന വാക്കു കേള്‍ക്കുമ്പോള്‍പോലും കാക്കക്കുയിലിലെ ശിവരാമന് നായര്‍ പരിഭ്രാന്തനാകുന്നതുമായി പണ്ടുകാലത്ത് നമ്മുടെ കുട്ടികള്‍ക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ടായിരുന്നു എന്നു പറഞ്ഞുകേള്‍ക്കുന്ന പിതൃത്വപരമായ പ്രതിസന്ധിയുമായി ബന്ധമുണ്ട് എന്ന് ഈ മേല്‍പ്പറഞ്ഞ നിരൂപക വേന്ദ്രന്മാര് ആരോപിച്ചേക്കും. ചന്ദ്രലേഖയില്‍ അപ്പുക്കുട്ടന് നായരുടെ ചരിത്ര പ്രസിദ്ധമായ "അന്തസ്സുള്ള ഇല്ലത്തെ നായര്‍" പ്രഖ്യാപനത്തെയും ലവന്മാര് നമ്മളും നമ്പൂതിരിമാരും തമ്മിലുണ്ടായിരുന്നു എന്നു ശത്രുക്കള്‍ പറഞ്ഞുണ്ടാക്കുന്ന പരിപാടികളുമായി ബന്ധപ്പെടുത്തിയേക്കും. വെറുതെയെന്തിനാണ് അവര്‍ക്ക് നമ്മളായി ഒരു വടി കൊടുക്കുന്നത്?
പിന്നെ മാധവന് നായരുടെ തറവാട് നാട്ടില്‍ എവിടെയാണ്? ഏതാണു കുടുംബം? കിരിയത്ത് നായരാണോ, ഇല്ലത്ത് നായരാണോ, മേനോക്കി നായരാണോ, സ്വരൂപത്തില്‍ നായരാണൊ അതൊ വല്ല വിളക്കിത്തല നായരോ വെളുത്തേടത്ത് നായരോ മറ്റോ ആണോ എന്നൊക്കെ അറിയാന്‍ അതിയായ താല്പര്യമുണ്ട്. അടുത്ത അവതാരത്തില്‍ ഈ കാര്യങ്ങള്‍ കൂടി വ്യക്തമാക്കിയാല്‍ നന്നായിരുന്നു. ഉടനെത്തന്നെ വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ.
വിധേയന്
Renjith Kalyani
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ