കരുണാകരനല്ല; കരുണാകരനെയാണ് നക്‌സലൈറ്റുകള്‍ തകര്‍ത്തത്
ചരിത്രം/പുനര്‍വായന
കരുണാകരന്റെ രാഷ്ട്രീയജീവിതത്തെയും നക്‌സലൈറ്റുകളുടെ ഇന്നലകളെയും പുനര്‍വായിക്കുമ്പോള്‍ മറനീക്കുന്നത് ചില യാഥാര്‍ഥ്യങ്ങള്‍. അധികാരപ്രയോഗം കരുണാകരന്‍ എങ്ങനെയാണ് നടപ്പാക്കിയത്? നിയമസഭാ രേഖകള്‍ ഉള്‍പ്പടെയുള്ള ചരിത്ര തെളിവുകള്‍ പരിശോധിക്കുമ്പോള്‍ അവകാശവാദങ്ങള്‍ പലതും അസത്യമാണ് എന്ന് വ്യക്തമാകുന്നു.
ആര്‍.കെ.ബിജുരാജ്
ചരിത്രം പലപ്പോഴും ജനമര്‍ദകര്‍ക്ക് ചില സൗഭാഗ്യങ്ങള്‍ വച്ചുനീട്ടും. മരണത്തോടെ ജനനായകരായി വാഴ്ത്തപ്പെടും. അവര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചര്‍മത്തലുകളും മറവിയിലേക്ക് അമരും. അവര്‍ക്കായി നാടുനീളെ സ്മാരകങ്ങള്‍ ഉയരും. കെ. കരുണാകരന് ലഭിച്ചത് അത്തരമൊരു സൗജന്യമാണ്. മരണത്തോടെ വാഴ്ത്തപ്പെട്ടവനായി. ഇപ്പോള്‍, മരിച്ചയാളുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ വീണ്ടും കരുണാകര സ്തുതികളുടെ ആര്‍ഭാടം. നാടു നിറയുന്ന ഈ വാഴ്ത്തലുകള്‍ ഗുരുതരമായ രീതിയില്‍ നമ്മുടെ ചരിത്രത്തെയും യാഥാര്‍ത്ഥ്യങ്ങളെയും ആക്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരുവട്ടംകൂടി കെ. കരുണാകരനെ പുനര്‍വായിക്കാം.
മുമ്പ്, കരുണാകരന്‍ മരിച്ച ഉടനെ സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്യൂണിറ്റിയായ ഫേസ് ബുക്കില്‍ എഴുത്തുകാരന്‍ സി.ആര്‍. പരമേശ്വരന്‍ ഒരു വരി കുറിച്ചിരുന്നു: ''മരണമുണ്ടാക്കുന്ന ഒരു തരം പൊതുബോധം സമീപകാല ചരിത്രത്തെക്കൂടി സൗജന്യപൂര്‍വം തെറ്റി വായിക്കാന്‍ ഇടവരുത്തും''. അത്തരം സൗജന്യം കരുണാകരന്‍ അര്‍ഹിക്കുന്നില്ല. കരുണാകരന്‍ എന്ന വ്യക്തി/മുന്‍ഖ്യമന്ത്രി/ രാഷ്ട്രീയക്കാരന്‍ പലതരത്തിലും നിഷേധാത്ക ഗുരുനാഥനാണ് (നെഗറ്റീവ് ടീ്ച്ചര്‍).
കരുണാകരന്റെ മരണവേളയില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത് നക്‌സലൈറ്റുകളാണ്. കേരളത്തിലെ നക്‌സലൈറ്റ് വിപ്ലവത്തെ അടിച്ചര്‍മത്തിയത് കരുണാകരനാണെന്നും അങ്ങനെ കേരളത്തെ ഒരു ആന്ധ്രയോ ഛത്തീസ്ഗഢോ ആക്കാതെ രക്ഷിച്ചുവെന്നുമാണ് മാധ്യമങ്ങളും കരുണാകരനെ സ്തുതിച്ചവരും ആവര്‍ത്തിച്ചത്. ഒന്നാം ചരമവാര്‍ഷികവേളയിലും അതേ ആവര്‍ത്തനം. കരുണാകരനാണോ നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയത്? അല്ലെങ്കില്‍ നക്‌ലൈറ്റുകള്‍ എങ്ങനെയാണ് ഇല്ലാതായത്? കരുണാകരനും നക്‌ലൈറ്റുകളെയും എങ്ങനെയാണ് ചരിത്രം പരിഗണിക്കേണ്ടത്? നമുക്കാദ്യം കരുണാകരനില്‍ നിന്ന് തുടങ്ങാം.
കരുണാകരന്റെ സംഭാവനകള്‍
പ്രതിയോഗികളെ ശാരീരികമായി കടന്നാക്രമിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കരുണാകരന്‍ കടന്നുവരുന്നത്. കമ്യൂണിസ്റ്റ് യോഗങ്ങള്‍ കലക്കിക്കൊണ്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചുംകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവേശം. പിന്നീട് തൃശൂരില്‍ സീതറാം മില്ലിലുള്‍പ്പെടെ തൊഴിലാളികളെ വഞ്ചിച്ച്് കരിങ്കാലിപ്പണിയും മുതലാളി പാദസേവയും.
കെ.പി.മാധവന്‍നായരും, സി.കെ. ഗോവിന്ദന്‍നായരും പനമ്പള്ളിയും ആര്‍.ശങ്കറും നിറഞ്ഞുനിന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അവര്‍ക്കിടയിലെ ഗ്രൂപ്പുകളിയില്‍ ഇടപെട്ട് തരാതരംപോലെ കളിച്ചുവളര്‍ന്നു. വൈകാതെ അധികാരത്തിലേക്കും.
കരുണാകരന്‍ കേരളത്തിന്റെ 'ഹൈ എന്‍ഡ്' മോഹങ്ങളെ (സ്‌റ്റേഡിയം, വിമാനത്താവളം പോലുള്ളത്) ഉണര്‍ത്തുകയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തിട്ടുണ്ടാവാം. പക്ഷേ, അദ്ദേഹം കേരളത്തിനു നല്‍കിയ 'സംഭാവനകള്‍' ഒന്നുമില്ലെന്ന് തന്നെ പറയേണ്ടിവരും. അഥവാ ഉണ്ടെങ്കില്‍ അത് ഇതാണ്:
. കോണ്‍ഗ്രസിലുടെ ഗ്രൂപ്പുകളിയെയും ഉപജാപക പ്രവര്‍ത്തനത്തെയും രാഷ്ട്രീയകലയാക്കി മാറ്റി.
. അഴിമതിയെ കേരള രാഷട്രീയത്തില്‍ വ്യവസ്ഥാപിതമാക്കി (തട്ടില്‍ എസ്‌റ്റേ്, പാമൊയില്‍ ഇടപാടുകള്‍). ഒപ്പം അഴിമതിക്കാരായ സഹപ്രവര്‍ത്തകരെ സംരക്ഷിച്ചൂ.
. തന്റെ ആശ്രിതരായ പോലീസ് ഗൂഢ/നരഭോജി സംഘത്തിലൂടെ കേരളത്തെ പോലീസ് രാജാക്കിമാറ്റി. പൊലീസിനെ ആദ്യമായി ക്രിമിനല്‍വല്‍ക്കരിച്ചു. പൊലീസ് സേനയുടെ സ്വാഭാവിക ചലന സംവിധാനത്തെ താറുമാറാക്കി. പൊലീസിനെ രാഷ്ട്രീയക്കാരുടെ പാദസേവക്കാരാക്കി.
. കേരളത്തില്‍ ആദ്യമായി ജനാധിപത്യത്തെയും നിയമസഭയെയും നിര്‍വീര്യമാക്കി. കരുണാകരന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രിപോലും അപ്രസക്തനായിരുന്നു. ഭയമാണ് അന്ന് മുഖ്യന്ത്രിയെയും നയിച്ചത്.
. എല്ലാ മനുഷ്യാവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും ഹനിച്ചു. സ്വാതന്ത്ര്യം, ജനാധിപത്യം എന്ന മിതമായ ആവശ്യങ്ങള്‍ ഉന്നയിച്ച എല്ലാവരെയും മര്‍ദിച്ചൊതുക്കി. അതിന് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറന്നു. അവിടെ ആണും പെണ്ണും പീഡിപ്പിക്കപ്പെട്ടു (കക്കയത്ത് നടന്ന ബലാല്‍സംഗങ്ങളും മാനഭംഗങ്ങളും ചരിത്രത്തില്‍ എവിടെയോ മുങ്ങിപ്പോയത് കരുണാകരന് തുണയായി). ഒരു തലമുറയെ രോഗത്തിലേക്കും അകാലജരാനരകളിലേക്കും നയിച്ചു.
. നിര്‍ബന്ധിത വന്ധികരണത്തിന് ആയിരക്കണക്കിന് ചെറുപ്പക്കാരെ വിധേയരാക്കി. സഞ്ജയ് ഗാന്ധിയുടെ ഈ മനുഷ്യാവകാശ ലംഘനത്തിന് എല്ലാ ഒത്താശകളും ചെയ്തു.
. പത്ര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തി. ('നവാബ്' പത്രവും അതിന്റെ പത്രാധിപരും തന്നെ എറ്റവും മികച്ച ഉദാഹരണങ്ങള്‍)
. അഴിമതി ആരോപണം പുറത്തുവരുന്ന ഘട്ടത്തില്‍ ഒരു രാഷ്ട്രീയ നേതാവ് (അഴിക്കോടന്‍ രാഘവന്‍) കൊലപ്പെട്ടതിന്റെ പല സാധ്യതകളും കരുണാകരനിലെത്തി നില്‍ക്കുന്നു. അതിനെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും കരുണാകരന്‍ ഇല്ലാതാക്കി. വെള്ളാനിക്കര എസ്‌റ്റേറ്റില്‍ നടന്ന കൊലപാതകങ്ങളും മറവിയിലമര്‍ന്നു.
. ദളിതുകളെയും സ്ത്രീകളെയും അടിച്ചമര്‍ത്തി. സ്ത്രീര്‍മദനം അതിന്റെ എല്ലാ ശക്തമത്തായ ഭാവത്തോടെയും അടിച്ചേല്‍പ്പിച്ചു (തങ്കമണി സംഭവം, കക്കയത്തെ സ്ത്രീ പീഡനങ്ങള്‍). ബലാല്‍സംഗം ചെയ്യപ്പെടുന്ന ദളിത് സ്ത്രീക്ക് 500 രൂപ നഷ്ടപരിഹാരം എന്ന കുപ്രസിദ്ധ ചട്ടത്തിനായി വാദിച്ചു. കരുണാകരന്റെ നിലപാടുകള്‍ രാഷ്ട്രീയം ദളിതര്‍-സ്ത്രീകള്‍-ദരിദ്രര്‍- ആദിവാസികള്‍ എന്നിവര്‍ക്ക് എതിരായിരുന്നു.
. എല്ലാ ധാര്‍ഷ്ട്യത്തോടെയും ജനങ്ങള്‍ക്കുനേരെ പെരുമാറി ('ഏത് ഈച്ചരവാര്യര്‍' എന്ന കുപ്രശസ്തമായ ധാര്‍ഷ്ട്യം തന്നെ ഓര്‍ക്കുക). ജനങ്ങളോട് നുണ പലവട്ടം പറഞ്ഞു.
. സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചു. വിദ്യാഭ്യാസ- ആരോഗ്യരംഗം കച്ചവടവല്‍ക്കരിച്ചു.
. കോടതിയിയെ നിഷ്പ്രഭമാക്കി. തനിക്കെതിരെ വിധി പ്രസ്താവിച്ച ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റിയെ നാടുകടത്തി. കോടതിയോട് പലവട്ടം കള്ളം പറഞ്ഞു.
. ഏതൊരു ജനകീയ സമരത്തെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി.
. ഹിന്ദുസവര്‍ണ്ണതയെ തെളിഞ്ഞും മറഞ്ഞും ഊട്ടിയുറപ്പിച്ചു. പിതൃദായക മൂല്യങ്ങളെ പരിപാലിച്ചു. കേരളത്തിലെ സവര്‍ണ്ണാധിപത്യത്തിന്റെ നടത്തിപ്പ് നല്ല രീതിയില്‍ നിര്‍വഹിച്ചു.
. പരിസ്ഥിതി നശീകരണത്തിന് എല്ലാ ഒത്താശകളും ചെയ്തു.
. ജനങ്ങളുടെ പേരില്‍ എല്ലാ ആഡംബരങ്ങളുമായി കാലം കഴിച്ചു. തന്റെ സ്വകാര്യ ആവശ്യങ്ങള്‍പോലും ഭരണത്തിന്റെ കണക്കിലെഴുതി. മാസംതോറുമുള്ള പതിവ് ഗുരുവായൂര്‍ സന്ദര്‍ശനം പോലും.
ഇതല്ലാതെ, കരുണാകരനെ പരിശോധിക്കുമ്പോള്‍ മറ്റൊന്നും നമുക്ക് നല്ലതായി എടുത്തുകാണിക്കാനാവില്ല. നിശ്ചയാര്‍ഢ്യം, വേഗത, ധീരത തുടങ്ങിയ ചില സവിശേഷതകള്‍ സ്തുതിപാഠകര്‍ കരുണാകരനില്‍ ചാര്‍ത്തുമെങ്കിലും. അദ്ദേഹത്തിന്റെ ആത്മകഥയിലും ('പതറാതെ മുന്നോട്ട്') നമുക്ക് അദ്ദേഹം ചെയ്ത നല്ല സംഭാവനകള്‍ കണ്ടെടുക്കാനാവുന്നില്ലെന്നത് ഖേദകരമാണ്.
കരുണാകരന്റെ 'അധികാരസര്‍വ്വസ്വം'
(അടിയന്തരവസഥ്‌യില്‍ പലതും സംഭവിക്കുന്നത് സമയം നോക്കിയില്ല)
അടിയന്തരാവസ്ഥയാണ് നമ്മുടെ ചരിത്രത്തിന്റെ ലിട്മസ്. അവിടെ സര്‍വാധിപതിയായ ആഭ്യന്തരമന്ത്രിയായിരുന്നു കരുണാകരന്‍. നിയമസഭയിലും പുറത്തും കെ. കരുണാകരന്റെ സര്‍വാധിപത്യമാണ് നിലനിന്നിരുന്നത്. അധികാരത്തിന്റെ ഹുങ്കും ധാര്‍ഷ്ട്യവും കരുണാകരന്‍ ആവര്‍ത്തിച്ചു പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ അപ്രസക്തനാക്കി മാറ്റി. നിയമസഭയുടെ രേഖകള്‍ അതിന് തെളിവാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു നിയമസഭയോടും അതിലെ ജനപ്രതിനിധികളോടും കരുണാകരന്‍ എങ്ങനെ പെരുമാറി എന്നു മാത്രം ആദ്യം നോക്കാം.
1976 ഫെബ്രുവരി 17 ന് ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു: ''അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം 'മിസ' അനുസരിച്ച് കേരളത്തില്‍ എത്രപേരെ അറസ്റ്റ് ചെയ്തു? ഇതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്ര? 1976 ജനുവരി 30 ന് തടങ്കലില്‍ ഉള്ളവരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്കും ജില്ല തിരിച്ചുള്ള കണക്കും വ്യക്തമാക്കാമോ?ഇതില്‍ എം.എല്‍.എമാര്‍ എത്ര; ആരെല്ലാം? 'മിസ' പ്രകാരം അറസ്്‌റ് ചെയ്യപ്പെട്ടവരില്‍ ആരെയെങ്കിലും പോലീസ് ലോക്കപ്പില്‍വച്ച് മര്‍ദിച്ചതായി പരാതി കിട്ടിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു?''.
ആദ്യത്തെ അഞ്ചുചോദ്യങ്ങള്‍ക്കും ആഭ്യന്തര മന്ത്രി കെ. കരുണാകരന്‍ പറഞ്ഞ ഉത്തരം തീര്‍ത്തും നിഷേധാത്മകമായിരുന്നു: ''രാജ്യത്തിന്റെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ നിര്‍വാഹമില്ല''.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം പത്രങ്ങളുടെമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെപ്പറ്റി എം. മൊയ്തീന്‍കുട്ടി ഹാജി ചോദ്യമുന്നയിച്ചു.
പൊതു താല്‍പര്യത്തെ മുന്‍നിര്‍ത്തി ഇക്കാര്യം വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല എന്നായിരുന്നു കരുണാകരന്റെ മറുപടി.
പി.പി.കൃഷ്ണന്‍: ദേശാഭിമാനി പത്രത്തില്‍ ബ്ലിറ്റ്‌സിലും മറ്റും വന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു എന്നുള്ള വിവരം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
കരുണാകരന്‍: സെന്‍സര്‍ ഏതെല്ലാം ന്യൂസാണ് തടഞ്ഞതെന്നും, ഏതെല്ലാം വിധത്തിലാണ് ന്യൂസ് പ്രസിദ്ധീകരിക്കേണ്ടത് എന്നും നിര്‍ദേശിച്ചതിനെ സംബന്ധിച്ചിടത്തോളം എന്നോട് ചോദിച്ചാല്‍ മറുപടി പറയാന്‍ പ്രയാസമാണ്.
അംഗങ്ങളുടെ പല ചോദ്യത്തിനും മുട്ടായുക്തിയാണ് കരുണാകരന്റെ മറുപടി.
മറ്റൊരിക്കല്‍ കെ. ചാത്തുണ്ണിമാസ്റ്റര്‍ ചോദിച്ചു: ജൂണ്‍ 26-ാം തീയതിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 28-ാം തീയതിയാണ് നൂറുകണക്കിനാളുകളെ ഈ സ്‌റ്റേറ്റില്‍ നിന്ന് മിസ പ്രകാരം അറസ്റ്റ് ചെയ്തത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നാലു മാസക്കാലം ഉണ്ടാകാത്ത അടിയന്തരം സെപ്റ്റംബര്‍ 28-ാം തീയതി മുതല്‍ക്ക് വരാന്‍ എന്താണ് കാരണം?
കരുണാകരന്‍: അടിയന്തരാവസ്ഥയില്‍ പലതും സംഭവിക്കുന്നത് സമയം നോക്കിയില്ല.
കെ. സോമശേഖരന്‍നായര്‍: സോഷ്യലിസ്സ്് പാര്‍ട്ടിയില്‍ നിന്നും ഹാജരാകാതിരുന്ന നാല് എം.എല്‍.എ.മാര്‍ കാരാഗൃഹത്തിലാണെന്ന് പറഞ്ഞാല്‍ അത് സര്‍ക്കാര്‍ നിഷേധിക്കുമോ?
കരുണാകരന്‍: വെളിപ്പെടുത്താന്‍ പാടില്ലാത്ത കാര്യങ്ങളെ സംബന്ധിച്ച് വളച്ചുചോദിച്ചതുകൊണ്ടൊന്നും മറുപടി പറയാന്‍ പറ്റുകയില്ല.
മന്ത്രിസഭയിലാരെങ്കലും മിസയനുസരിച്ച് അറസ്സ്് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനും വെളിപ്പെടുത്താന്‍ സാധ്യമല്ലെന്നായിരുന്നു ഉത്തരം.
ഇ.എം.എസ്: പരസ്യമായി കോടതിയില്‍ നടന്നതായ വിചാരണയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍പോലൂം കോടതിയുടെ മേല്‍ പരമാധികാരം ഉണ്ടാകണമെന്ന് അവകാശപ്പെടുന്നതായ പാര്‍ലമെന്റി സ്ഥാപനങ്ങളില്‍ പറയുകയില്ലാ എന്നുള്ളത് എന്തൊരു നീതിയാണ് സാര്‍?
കരുണാകരന്‍: ഈ സഭയില്‍ വെളിപ്പെടുത്താവുന്നവ എല്ലാം വെളിപ്പെടുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നുണ്ട്.
ജോണ്‍ മാഞ്ഞൂരാന്‍: വെളിപ്പെടുത്താവുന്ന കര്യങ്ങള്‍ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല എന്നാണ്? മനസില്ലെങ്കില്‍ അതു പറഞ്ഞാല്‍ മതി?
(കരുണാകരന്‍ പക്ഷേ അതിനു മറുപടി പറഞ്ഞില്ല)
സി.എസ്. ഗംഗാധരന്‍: തടവറയില്‍ എം.എല്‍.എ.മാര്‍ ഏത്ര എന്നു പറയുന്നതുകൊണ്ട് രാജ്യരക്ഷയെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞാല്‍ കൊളളാം?
കെ. കരുണാകരന്‍: രാജ്യരക്ഷയെ ഏതു നിലയില്‍ ബാധിക്കുമെന്നുള്ളത് ഗവണ്‍മെന്റ് തീരുമാനിക്കുന്നതാണ്. അത് ഗവണ്‍മെന്റിന്റെ അഭിപ്രായമാണ്.
1976 ഒക്‌ടോബര്‍ 13 നും കരുണാകരന്‍ ധാര്‍ഷ്ട്യത്തിന്റെ ചീട്ടുകള്‍ പുറത്തെടുത്തു. സഭയിലെ സംഭാഷണം ഇങ്ങനെയായിരുന്നു:
സി. ഗോവിന്ദപ്പണിക്കര്‍: മിസ പ്രകാരം സംസ്ഥാനത്ത് ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരില്‍ വാറണ്ടുണ്ടോ?
കരുണാകരന്‍: പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല.
ആര്‍.കൃഷ്ണന്‍: ഈ സഭയിലെ എത്ര അംഗങ്ങളുടെ പേരില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറയാന്‍ ദയവുണ്ടാകുമോ?
കരുണാകരന്‍: അതാണല്ലോ പറഞ്ഞത്, പൊതുതാല്‍പര്യത്തെ മുനിര്‍ത്തി ഈ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്ന്.
ടി.കെ. ചന്ദ്രന്‍: വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ച ഏത്ര സംഭവങ്ങള്‍ ഈ വിദ്യാലയവര്‍ഷത്തില്‍ ഉണ്ടായിട്ടുണ്ട്? തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായി പരാതിയുണ്ടായിട്ടുണ്ടോ?
കരുണാകരന്‍: പരാതിയുണ്ടായിട്ടില്ല.
ടി.കെ. ചന്ദ്രന്‍: യൂണിവേഴ്‌സറ്റി കോളജിലെ വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതായി വല്ല പരാതിയും ലഭിച്ചിട്ടുണ്ടോ?
കരുണാകാരന്‍: പരാതി ഒന്നും കിട്ടിയിട്ടില്ലെന്നാണ് പറഞ്ഞത്.
ടി.കെ ചന്ദ്രന്‍: അവിടെ പ്രതിപക്ഷത്തുള്ള വിദ്യാര്‍ത്ഥികളുടെ സംഘടന ജയിച്ചതുകൊണ്ട് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പോലീസ് പാര്‍ട്ടിക്കാര്‍ പോയി തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെടുകയും അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളെ പിടിച്ചു കസ്റ്റഡിയില്‍ വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതികിട്ടിയിട്ടുണ്ടോ?
കരുണാകരണ്‍: പരാതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞാല്‍ കിട്ടിയിട്ടില്ലെന്നാണ് അര്‍ത്ഥം.
ടി.കെ. ചന്ദ്രന്‍: സംസ്‌കൃത കോളജിലെ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതായി കേള്‍ക്കുന്നു. അതു ശരിയെല്ലെന്നാണോ ബഹുമാനപ്പെട്ട മന്ത്രി പറയുന്നത്?
കരുണാകരന്‍: പരാതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞാല്‍ പിന്നെ അതും ശരിയാണോ ഇതും ശരിയാണോ എന്നു ചോദിച്ചാല്‍ എന്താണ് പറയേണ്ടത്.
ഒട്ടും മയമില്ലാതെയായിരുന്നു കരുണാകരന്‍ നിയമസഭയില്‍ സംസാരിച്ചിരുന്നത്. ഈ ധിക്കാരത്തെ ചോദ്യം ചെയ്യാനോ അവകാശലംഘന വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനോ പ്രതിപക്ഷം ശ്രമിച്ചതുമില്ല.
അടിയന്തരാവസ്ഥാകാലത്ത് 12 പ്രതിപക്ഷ അംഗങ്ങള്‍ തടവിലാക്കപ്പെട്ടു. 1976 ഫെബ്രവരി 17 ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാനും ഈ അംഗങ്ങള്‍കഴിഞ്ഞില്ല. ആ സമയത്ത് പത്തുപേര്‍ തടവിലാണ്. രണ്ടുപേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യപിക്കുകയും ചെയ്തിരുന്നു.
1970 ഫെബ്രുവരി 20 ന് ചാത്തുണ്ണിമാസ്റ്റര്‍ സഭയില്‍ സംസാരിക്കുന്നതനുസരിച്ച് കേരളത്തില്‍ 300 ഓളം മിസാ തടവുകാരുണ്ട്. 10 എം.എല്‍. എ. മാര്‍ ജയിലാണ്. വി.എസ്. അച്യുതാനന്ദന്‍, എ.പി.കുര്യന്‍, സി.ബി.സി. വാര്യര്‍, എസ്. ദാമോദരന്‍, പിണറായി വിജയന്‍ എന്നീ അഞ്ചു സിപി.എം എം.എല്‍.എ. മാരും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കെ.എ. ശിവരാമഭാരതി, വി.കെ. ഗോപിനാഥന്‍, പി.ബി.ആര്‍. പിള്ള, തരലവടി ഉടമ്മന്‍, മുസ്ലീം ലീഗിലെ എം.എല്‍.എ സെയുദ് ഉമ്മര്‍ ബാഫക്കിതങ്ങള്‍ എന്നിവരും ജയിലാണ്. അതിനു പുറമെ സി.പി.എം അംഗങ്ങായ 105 ആളുകളും ജയിലിലുണ്ട്. മൊത്തം 2800 ആളുകള്‍ ജയിലില്‍ ഉണ്ടെന്നാണ് ചാത്തുണ്ണി മാസ്റ്റര്‍ സഭയില്‍ പറയുന്നത്. പക്ഷേ ആഭ്യന്തര മന്ത്രി ഒന്നും വെളിപ്പെടുത്താന്‍ കൂട്ടാക്കിയില്ല.
1975 ഒക്‌ടോബര്‍ 28-ാം തീയതി പിണറായി വിജയനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 30-ാം തീയതിയാണ് ലോക്കപ്പില്‍ കൊണ്ടുപോകുന്നത്. അറസ്റ്റിനെപ്പറ്റി സ്പീക്കറെ അറിയിച്ചതുമില്ല.
പിണറായി വിജയന്‍ എം.എല്‍.എയെ പോലീസ് ലോക്കപ്പില്‍ വച്ച് മര്‍ദിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി ഗവണ്‍മെന്റിനോട് നിര്‍ദേശിച്ചിരുന്നു. കരുണാകരന്‍ തന്റെ വിശ്വസ്തനായ ഡി.ഐ.ജിയെക്കൊണ്ട് അന്വേഷിച്ചു. പരാതിയില്‍ കഴമ്പില്ലെന്ന് 'കണ്ടെത്തുകയും' ചെയ്തു.
അതെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ധിക്കാരപരമായിരുന്നു കരുണാകരന്റെ മറുപടി. അന്വേഷണവുമായി ബന്ധപ്പെട്ട് വിജയനില്‍നിന്ന് മറുപടി തേടിയോ എന്ന ചോദ്യത്തിന് വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിവര്‍ത്തിയില്ല എന്നു കരുണാകരന്‍ മറുപടി പറഞ്ഞു.
ആര്‍. കൃഷ്ണന്‍: ഡി.ഐ.ജി. അന്വേഷിച്ച റിപ്പോര്‍ട്ട് മേശപ്പറുത്ത് വയ്ക്കാന്‍ തയ്യാറാകുമോ?
കരുണാകരന്‍: റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്‌ക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
ആര്‍. കൃഷ്ണന്‍: പിണറായി വിജയനെ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ തള്ളവിരല്‍ ഒടിഞുവെന്നും ചികിത്സ ലഭിച്ചില്ലെന്നും പറയുന്നത് ശരിയാണോ?
കരുണാകരന്‍: ശരിയല്ല, പരാതി കിട്ടിയിട്ടില്ല. ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ അപ്പപ്പോള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ടി.കെ. കൃഷ്ണന്‍: ശ്രീ വിജയനെ മര്‍ദിച്ചുവെന്ന് പരാതി കിട്ടിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറായോ?
കരുണാകരന്‍: ഞാന്‍ സന്ദര്‍ശിച്ചിട്ടില്ല. സന്ദര്‍ശിക്കുന്ന ഏര്‍പ്പാടുമില്ല.
നിയമസഭാ അംഗങ്ങളുള്‍പ്പടെയുള്ളവരെ നഗ്നരാക്കി മര്‍ദിച്ചുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ കരുണാകരന്റെ മടുപടി രസകരമായിരുന്നു: ''വസ്ത്രാക്ഷേപം നടത്തുന്ന ഏര്‍പ്പാട് ഈ സര്‍ക്കാരിന് ഇല്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നയാളുടെ ഐഡറ്റന്‍ിഫിക്കേഷന്‍ മാര്‍ക്കായിട്ട് ചില അടയാളങ്ങള്‍ രേഖപ്പെടുത്തിയേക്കാം. ആ അടയാളം അയാളുടെ പുറത്താണെങ്കില്‍ കുപ്പായം അഴിച്ചു നോക്കി ആ അടയാളം രേഖപ്പെടുത്തണം''. ഇതായിരുന്നു കരുണാകരന്‍.
സഭയുടെ അവകാശ ലംഘനം
ജയിലില്‍ കിടക്കുന്ന രാഷ്ട്രീയ തടവുകാരുടെ എണ്ണം എത്ര? എന്ന ചോദ്യം പലവട്ടം സഭയില്‍ ഉയര്‍ന്നു. പക്ഷേ കരുണാകരന്‍ അതിനോട് വളരെ അസഹിഷ്ണുതാപരമായ സമീപനമാണ് എടുത്തത്. ഒരു ഘട്ടത്തില്‍ കരുണാകരന്‍ പറഞ്ഞു: '' എത്ര ആളുകള്‍ ഉണ്ട്. എത്രയാളാണ് ഉളളത് അങ്ങനെയൊന്നും ചോദിച്ചാല്‍ എന്റെ കൈയില്‍ നിന്ന് കിട്ടുകയില്ല''. എന്നാല്‍ ഈ മറുപടി സഭയുടെ അവകാശ ലംഘനമായിരുന്നു.
കെ.ആര്‍. ഗൗരി അതു ചോദ്യം ചെയ്യുന്നുണ്ട്. ''എന്റെ കൈയില്‍ നിന്ന് മറുപടി കിട്ടുകയില്ല എന്ന് നിയസഭയില്‍ പറയുന്നത് അവകാശ ലംഘനമല്ലേ?''-ഗൗരിയമ്മ ചോദിച്ചു. 'അത് മറ്റൊരു പ്രിവിലീജ് ഇഷ്യൂവായി റെയിസ് ചെയ്യാനായിരുന്നു' ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞത്. പക്ഷേ അത് അവകാശലംഘനമായി ഗൗരിയമ്മയോ പ്രതിപക്ഷമോ അപ്പോഴോ പിന്നീടോ ഉയര്‍ത്തിയില്ല.
1976 ഫെബ്രുവരി 20 ന് തടവിലാക്കിയവരെപ്പറ്റി വിവരങ്ങള്‍ പറയാനാവില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കുമ്പോഴും ഇ.എം.എസ്. അവകാശ ലംഘനത്തിന്റെ വിഷയം ഉയര്‍ത്തുന്നു. ''കോടതിയില്‍ ഹാജരാകുന്ന ജനങ്ങളോട് പറയാം. ആ ജനങ്ങളുടെ പ്രതിനിധകളാ സഭാ മെമ്പര്‍ മാരോട് പറയാന്‍ പാടില്ല എന്നു പറയുന്നത് ഈ സഭയോടുള്ള ധിക്കാരമാണ് സാര്‍?
ഇ.എം.എസിന് പി.ജി. പുരുഷോത്തമന്‍പളിള്ള പിന്താങ്ങിക്കൊണ്ട് പറഞ്ഞു: ''സഭയോട് മറച്ചുവയ്ക്കുന്നത് അവകശാ ലംഘനമാണെന്നാണ് എനിക്ക് പറയാനുളളത്''
ഇത്തരത്തില്‍ കരുണാകരന്‍ നടത്തിയ അധികാര ദുര്‍വിനിയോഗത്തിന്റെ നൂറായിരം തെളിവുകള്‍ നിയമസഭാ രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
നക്‌സലൈറ്റുകളുടെ 'തകര്‍ച്ച'
വാഴ്ത്തലുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെട്ട ഒന്നാണ് കരുണാകരന്‍ നക്‌സലൈറ്റുകളെ അടിച്ചമര്‍ത്തിയെന്നത്. ചരിത്രതെളിവുകളുടെ പിന്‍ബലമില്ലാത്തതാണ് ഈ അവകാശവാദം. 1967 ലെ നക്‌സല്‍ബാരി കലാപം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയും 1968 ലെ തലശ്ശേരി-പുല്‍പള്ളി കലാപത്തോടെ സ്വാധീനം വ്യക്തമാക്കുകയും ചെയ്ത നക്‌സലൈറ്റ് പ്രസ്ഥാനം ഇന്നുവരെയുള്ള ചരിത്രത്തില്‍ മൂന്നുവട്ടമാണ് തിരിച്ചടികള്‍ നേരിട്ടത്. 1970-71, 75-76, 1992 കാലത്തായി മൂന്നുതവണ.
ഓരോ തിരിച്ചടികളിലും അത് വീണ്ടും തിരിച്ചുവന്നുകൊണ്ടിരുന്നു. കേരളത്തില്‍ ആദ്യം നക്‌ലൈറ്റ് പ്രസ്ഥാനം തകരുന്നത് 1970 ആദ്യമാണ്. കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തില്‍ മാവോ സാഹിത്യങ്ങളുടെ പ്രചാരണത്തോടെ തുടങ്ങി വെള്ളത്തൂവല്‍ സ്റ്റീഫന്റെ അറസ്‌റ്റോടെ ഏറെക്കുറെ നിര്‍ജീവമാകുന്നതാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഒന്നാംഘട്ടം (1967-1971). വര്‍ഗീസ് വധിക്കപ്പെടുന്നതാണ് ഇതിലെ നിര്‍ണായക ഘട്ടം. തലശ്ശേരി-പുല്‍പ്പള്ളി കലാപവും പാര്‍ട്ടിരൂപീകരണവും ഉന്മൂലനങ്ങളും നടക്കുന്ന ആദ്യഘട്ടം ഭരണകൂട അടിച്ചമര്‍ത്തല്‍ മൂലമാണ് അവസാനിക്കുന്നത്. പക്ഷേ ഈ ഘട്ടത്തില്‍ കരുണാകരന് റോളൊന്നുമില്ല. 1971 സെപ്റ്റംബര്‍ 25 ന് മാത്രമാണ് കരുണാകരന്‍ ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. അതിന് മുമ്പ് സി.എച്ച്് മുഹമ്മദ്‌കോയയാണ് ആഭ്യന്തരമന്ത്രി. കരുണാകരന്‍ ആഭ്യന്തര മന്ത്രിയാകുന്നതിന് വളരെ മുമ്പേ ആദ്യ തിരിച്ചടി പ്രസ്ഥാനം നേരിട്ടു. അപ്പോള്‍ ആദ്യ തകര്‍ച്ചയില്‍ കരുണാകരന് പങ്കില്ലെന്ന് വരുന്നു. യഥാര്‍ഥത്തില്‍ ഈ ഘട്ടത്തിലെ തകര്‍ച്ച ഭരണകൂട അടിച്ചമര്‍ത്തല്‍ എന്നതിനേക്കാള്‍ പ്രസ്ഥാനത്തിന്റെ ദൗര്‍ബല്യം മൂലമാണ്. അന്ന് നക്‌സലൈറ്റ് പ്രസ്ഥാനത്തിന് സംഘടനാ രൂപമുണ്ടായിരുന്നില്ല. ഒറ്റ തിരിഞ്ഞുള്ള ഇടപെടലുകളാണ് ഓരോരുത്തരും നടത്തിയിരുന്നത്. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ എന്നിങ്ങനെയുളള മേഖലകളില്‍ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ചില ഇടപെടലുകള്‍ നടത്തിയിരുന്നു എന്നല്ലാതെ കൃത്യമായ സംഘടനാ രൂപം ഉണ്ടായിരുന്നില്ല. ഈ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുത്തവര്‍ പലരും ഉന്മൂലന കേസുകളിലും പൊലീസ് സ്‌റ്റേഷന്‍ ആക്രമണകേസിലും പ്രതികളായി ജയിലിലായതിനാല്‍ മുന്നേറാനായില്ലെന്ന് മാത്രം. തകര്‍ന്നുപോയ സംഘടനയെ പുതുതലമുറ നക്‌സലൈറ്റുകള്‍ പതിയെയാണെങ്കിലും പുന:സംഘടിപ്പിച്ചു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് ഏറെക്കുറെ കേരളമെമ്പാടും താരതമ്യേന മെച്ചപ്പെട്ട സംഘടന അവര്‍ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും കെട്ടിപ്പടുത്തു. അടിയന്തരവസ്ഥയുടെ അവസാന ഘട്ടം വരെ അവര്‍ പിടിച്ചുനിന്നു. ഒരുപോലീസ് സ്‌റ്റേഷന്‍ ആക്രമണം ഒരു ഉന്മൂലനവും ഇക്കാലത്ത് അവര്‍ നടത്തി. അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ രക്തസാക്ഷിത്വത്തിനൊപ്പം പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മാരാരിക്കുളം, മതിലകം പൊലീസ് സ്‌റ്റേഷന്‍ ആക്രമണങ്ങളില്‍ നിന്ന് അവസാന നിമിഷം നക്‌സലൈറ്റുകള്‍ പിന്‍മാറിയതുകൊണ്ടു മാത്രമാണ് നടക്കാതെ പോയത്. പക്ഷേ, ആക്രമണത്തിന്റെ ഒരുക്കങ്ങള്‍ കരുണാകരനോ ആഭ്യന്തരമന്ത്രാലമോ അറിഞ്ഞിരുന്നില്ല. അടിയന്തരാവസ്ഥ ഘട്ടത്തില്‍ പ്രധാന പ്രവര്‍ത്തകരെല്ലാം അകത്തായതോടെ സംഘടനയുടെ പ്രവര്‍ത്തനം പതിയെ നിലച്ചു. അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് തൊട്ടുമുമ്പും നക്‌സലൈറ്റുകള്‍ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു എന്നതോര്‍ക്കണം. അടിയന്തരവാസ്ഥ കഴിഞ്ഞ ഉടനെ നക്‌സലൈറ്റ് പ്രസ്ഥാനം പൂര്‍വാധികം ശക്തമായി. തകര്‍ച്ചയെന്നാല്‍ അതോടെ നക്‌സലൈറ്റുകള്‍ ഇല്ലാതാവണം. എന്നാല്‍, അവകാശ വാദങ്ങളെ എല്ലാം കാറ്റില്‍ പറത്തുന്ന വിധത്തില്‍, കേരളത്തിലെ നക്‌സലൈറ്റ്് പ്രസ്ഥാനത്തിന്റെ ഏറ്റവും സജീവവും ശക്തമവുമായ കാലം 1977-1992 ആണ്. ഇക്കാലത്ത് അവര്‍ നിരവധി ജനകീയ സമരങ്ങളും കലാപങ്ങളും നടത്തി. മൂന്ന് ഉന്മൂലനങ്ങളും (കാഞ്ഞിരം ചിറ, കേണിച്ചിറ എന്നിവിടങ്ങളിലായി). കരുണാകരന്‍ ശരിക്കും നിഷ്പ്രഭമായി പോകുകയായിരുന്നു ഇക്കാലത്ത്. നക്‌സലൈറ്റ് പ്രസ്ഥാനം തകരുന്നത് 1992 ലാണ്. അതിനു കാരണം കരുണാകരനോ പോലീസോ അല്ല. അവര്‍ സ്വയം പിരിച്ചുവിടപ്പെടുകയായിരുന്നു. കെ. വേണുവിന്റെ ജനാധിപത്യസങ്കല്‍പം പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചതിനെ തുടര്‍ന്ന്. കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീണതും, ചൈനയിലെ തിയാന്‍മെന്‍ചത്വരത്തിലെ കൂട്ടക്കൊലയും സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ഒരു പക്ഷേ സ്വഭാവികമായി സംഭവിക്കാവുന്ന പതനമായിരുന്നു അത്. അങ്ങനെ ഒരര്‍ത്ഥത്തിലും കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്തത് കരുണാകരനാണ് എന്നത് ചരിത്ര പിന്‍ബലമില്ല.
കരുണാകരന്റെ തകര്‍ച്ച
നക്‌സലൈറ്റുകളെ തകര്‍ക്കാന്‍ കരുണാകരന് ആയില്ലെന്ന് നമ്മള്‍ കണ്ടു. എന്നാല്‍ തിരിച്ച് കരുണാകരനെ ആരെങ്കിലും തകര്‍ത്തിരുന്നോ എന്നു കൂടി അന്വേഷിക്കേണ്ടതല്ലേ.
അടിയന്തരാവസ്ഥക്കുശേഷം എല്ലാ അധികാര പ്രമത്തതോടെയുമാണ് കരുണാകരന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. 1977 മാര്‍ച്ച് 25 ന്. എന്നാല്‍ ഏപ്രില്‍ 25 ന് അധികാരം വിട്ടൊഴിയേണ്ടിവന്നു. പിന്നീട് അധികാരത്തില്‍ വരുന്നത് 1981 ഡിസംബര്‍ 28 നാണ്. എന്തുകൊണ്ട് വെറും ഒരു മാസം കൊണ്ട് കരുണാകരന് അധികാരം വിട്ടൊഴിയേണ്ടിവന്നു. അവിടെയാണ് നക്‌സലൈറ്റുകളുടെ വിജയം; കരുണാകരന്റെ പരാജയം. നക്‌സലൈറ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എതിര്‍പ്പുകള്‍ക്കിടയില്‍ കരുണാകരന്‍ മുങ്ങിപ്പോകുകയായിരുന്നു. അടിയന്തരാവസ്ഥ ഘട്ടത്തില്‍ കോടതിയില്‍ ഹാജരാക്കിയ നക്‌സലൈറ്റ് തടവുകാര്‍ രാജനെ പൊലീസുകാര്‍ കൊലപ്പെടുത്തിയ കാര്യം ജനങ്ങളോട് വിളിച്ചു പറഞ്ഞിരുന്നു.
ആ ഘട്ടത്തില്‍ നിയമസഭയെ തെറ്റിധരിപ്പിക്കാന്‍ കരുണാകരന്‍ നടത്തിയ ശ്രമം നിയമസഭാ രേഖയില്‍ ഇങ്ങനെ വായിക്കാം.
കരുണാകരന്‍: ''പിന്നെ ഒരു രാജനെ കാണാനില്ലെന്നു പറഞ്ഞു. രാജന്റെ അച്ഛനായ ഈച്ചരവാര്യര്‍ എന്റെ ഒരു ആത്മാര്‍ത്ഥ സുഹൃത്താണ്; ഒരു പഴയ സഹപ്രവര്‍ത്തകനുമാണ്. അദ്ദേഹത്തിന്റെ മകനെ പോലീസ് കസ്റ്റഡിയില്‍ വച്ചിട്ടല്ല. പോലീസ് കസ്റ്റഡിയില്‍ ഇല്ല, ഗവണ്‍മെന്റ് കസ്റ്റഡിയയില്‍ ഇല്ല. ഇല്ലാത്തെ ആളെക്കുറിച്ച് പോലീസ് എങ്ങനെ സമാധാനം പറയണം? എക്‌സട്രിമിസ്റ്റ് ആക്റ്റിവിറ്റി സംബന്ധിച്ചടത്തോടം എഞ്ചിനീയറിംഗ് കോളജിലെ ആളുകള്‍ ഉള്‍പ്പടെ ചില ചെറുപ്പക്കാര്‍ ഇന്‍വോള്‍വഡ് ആണ്. അങ്ങനെയുള്ള ആളുകളെക്കുറിച്ച് അന്വേഷിക്കുന്ന കൂട്ടത്തില്‍ ഇയാളെയും അന്വേഷിക്കും. ആ കുട്ടി എന്തുചെയ്തു എന്ന് അറിഞ്ഞുകൂടാ. ഏതായിരുന്നാലും പോലീസ് കസ്റ്റഡിയില്‍ ഇല്ല'.
ടി.കെ. രാമകൃഷ്ണന്‍: രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുള്ളതാണോ അങ്ങു പറയുന്നതില്‍ നിന്നും ഉദ്ദേശിക്കേണ്ടത്?
കരുണാകരന്‍: ഗവണ്‍മെന്റ് കസ്റ്റഡിയിലുമില്ല, പോലീസ് കസറ്റഡിയിലുമില്ല. അറസ്റ്റ് ചെയ്തു ലോക്കപ്പില്‍ വച്ചിട്ടുമില്ല.
പിണറായി വിജയന്‍: രാജന്റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പുറത്തുവന്നതിനുശേഷം രാജന്‍ തങ്ങളുടെ കൂടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതായി കേള്‍ക്കുന്നു. അതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായമെന്താണ്?
കരുണാകരന്‍: വല്ലവരും പറഞ്ഞതിനെക്കുറിച്ച് ഞാന്‍ സമാധാനം പറയണമോ. ശ്രീ. വിജയനെപ്പോലുള്ളവര്‍ ഇതു പറയുന്നതില്‍ അത്ഭുതപ്പെടാനില്ല...
ആര്‍. ബാലകൃഷ്ണപ്പിള്ള: ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാനെങ്കിലും പോലീസ് ഒരു കേസെടുത്ത് അന്വേഷിച്ച് അയാളെ കണ്ടുപിടിച്ചുകൂടെ.
കരുണാകരന്‍: അതിനെക്കുറിച്ച് അന്വേഷിക്കാം.
അന്വേഷണത്തിന്റെ കഥ എന്തായി എന്ന് എല്ലാവര്‍ക്കും അറിയാം.
നിയമസഭയ്ക്ക് പുറത്ത് അടുത്ത നുണ പറഞ്ഞത് കോടതിയോടാണ്. രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ സമര്‍പ്പിച്ച ഫേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കരുണാകരനും മറ്റ് നാല് പ്രതികളും കള്ള സത്യവാങ്്മൂലം സമര്‍പ്പിച്ചു. കള്ള സത്യവാങ് മൂലം സമര്‍പ്പിച്ചതിന് കരുണാകരനും മറ്റ് പ്രതികള്‍ക്കൂമെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ എടുക്കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് രാജി. കരുണാകരന്‍ മരിച്ചപ്പോഴും പിന്നീടും മനോരമയുള്‍പ്പടെയുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കോടതി പരാമര്‍ശം ഉണ്ടായതിന്റെ പേരില്‍ കരുണാകരന്‍ രാജിവച്ചു എന്നാണ്. അല്ല. കോടതി പരാമര്‍ശനത്തിന്റെ പേരിലല്ല. കള്ളസത്യവാങ്മൂലം സമര്‍പ്പിച്ചതായിരുന്നു കുറ്റം. അതിനെതിരെ പ്രോസിക്യൂഷന്‍ നടപടി എടുക്കാന്‍ കോടതി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു രാജി.
അടിയന്തരാവസ്ഥ്ക്കുശേഷം ഒരുമാസത്തിനുള്ളില്‍ അധികാരം വിട്ടൊഴിയേണ്ട വിധത്തില്‍ കരുണാകരനെ തകര്‍ക്കാന്‍ നക്‌സലൈറ്റുകള്‍ക്കും അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജനമുന്നേറ്റത്തിനും അഭിപ്രായ രൂപീകരണത്തിനും സാധ്യമായി. അടിയന്തരാവസ്ഥയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും ഭീകരതയും ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. ജനകീയ എതിര്‍പ്പ് സംഘടിപ്പിച്ചു. അന്നുവരെ ജനമറിഞ്ഞ കരുണാകരനല്ല, ഈ കാലത്തിനുശേഷമുളള കരുണാകരന്‍. ജനങ്ങള്‍ അദ്ദേഹത്തെ അവിശ്വസിക്കാന്‍ തുടങ്ങി. ജനവിരുദ്ധനും, മര്‍ദകനും അഴിമതിക്കാരനുമാണെന്നുള്ള വിശ്വാസം ജനങ്ങളില്‍ പ്രബലമാകാന്‍ തുടങ്ങി. പിന്നീടുള്ള കരുണാകരനെ ഓരോ ഘട്ടത്തിലും അടിയന്തരാവസ്ഥയും രാജനും വേട്ടയാടാന്‍ തുടങ്ങി. അവിടെയാണ് കരുണാകരന്റെ തകര്‍ച്ച. തങ്കമണി പോലുള്ള സംഭവങ്ങള്‍ ഉണ്ടായപ്പോഴും നക്‌സലൈറ്റുകള്‍ പ്രചരണവുമായി ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ കരുണാകരനെ വീണ്ടുമൊരിക്കല്‍ കൂടി അധികാരത്തില്‍ നിന്ന് കടപുഴക്കി.
കരുണാകരന്റെ മുഖം വികൃതമായപ്പോള്‍ നക്‌സലൈറ്റുകള്‍ക്കാകട്ടെ അടിയന്തരാവസ്ഥക്കുശേഷം ജനസമ്മതി നേടാനായി. എന്തൊക്കെ എതിര്‍പ്പുകള്‍ അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടാലും, കേരളത്തില്‍ 1950 കള്‍ക്ക് ശേഷം ഏറ്റവും സത്യസന്ധവും ആത്മാര്‍ത്ഥവുമായ ജനകീയ മുന്നേറ്റമാണ് നക്‌ലൈറ്റുകളുടേതെന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടു. അങ്ങനെ ഏത് തലത്തില്‍ നോക്കിയാലും തകര്‍ച്ച കരുണാകരന്റേതാണ്.
മറ്റൊരു വഴിയിലൂടെയും കരുണാരനെയും നക്‌സലൈറ്റുകളെയും പരിശോധിക്കേണ്ടതുണ്ട്.
ജയറാം പടിക്കലിന്റെ 'കുട്ടികള്‍'
വിശ്വസ്ത വിധേയനായ ജയറാം പടിക്കലിലൂടെ നക്‌സലൈറ്റുകളെ 'നയിച്ച'താണ് മറ്റൊരു വിജയമായി കരുണാകരനില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്.
നക്‌സലൈറ്റ് ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നക്‌സലൈറ്റുകളെ ഉന്മൂലനം ചെയ്യാനായി പോലീസ് നക്‌സല്‍വേട്ടയ്ക്കുവേണ്ടി, ക്രൈംബ്രാഞ്ചിന്റെ കീഴില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു. 1969 അവസാനമായിരുന്നു സെല്‍ രൂപപ്പെട്ടത്. എസ്.പി.യായിരുന്നു ജയറാം പടിക്കലിനായിരുന്നു ചാര്‍ജ്. എല്ലാ ജില്ലയിലും ഒരു എസ്.ഐ.വീതമാണ് സെല്ലില്‍ ഉണ്ടായിരുന്നത്. ജയറാം പടിക്കല്‍, അദ്ദേഹത്തിന് കീഴില്‍ മുരളി കൃഷ്ദാസ്, രവീന്ദ്രന്‍, ഗോപകുമാര്‍, പുലിക്കോടന്‍ നാരായണന്‍ എന്നിവരും ഉള്‍പ്പെട്ട ഒരു സംഘത്തിനായിരുന്നു അക്കാലത്തെ പൊലീസ് ഭരണം. ജയറാം പടിക്കലിന് മുകളില്‍ ഐ.ജി. രാജനായിരുന്നു ചുമതല. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തെ മുഴുവന്‍ നയിച്ചത് തന്റെ കുട്ടികളായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ നക്‌സലൈറ്റുകള്‍ക്കിടയില്‍ നുഴഞ്ഞുകയറിയെന്നും മുന്‍ ഐ. ജി. ജയറാം പടിക്കല്‍ അവകാശപ്പെട്ടിരുന്നു. പ്രസ്ഥാനത്തിന്റെ ഓരോ ചലനങ്ങളും മനസ്സിലാക്കി നുഴഞ്ഞു കയറിയവര്‍ നിര്‍ദേശങ്ങള്‍ നല്‍കിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
'' എന്റെ നിര്‍ദേശമനുസരിച്ചാണ് എത്രയോ നാള്‍ കേരളത്തിലെ നക്‌സലൈറ്റ് പ്രവര്‍ത്തനം നടന്നത്. എന്റെ അറിവില്‍ പെടാത്ത ഒരു ചലനവും ആ പ്രസ്ഥാനത്തിലുണ്ടായിട്ടില്ല. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനമെന്നു പറഞ്ഞാല്‍ അക്കാലത്ത് ഞാന്‍ തന്നെയായിരുന്നു. എന്നുവച്ചാല്‍ ചുണക്കുട്ടികളാണയ എന്റെ പോലീസുകാര്‍. കാശ്മീരില്‍ നടക്കുന്നത് നോക്കൂ. പട്ടാളവും കേന്ദ്ര പോലീസുമെല്ലാം അവിടെ തീവ്രവാദികളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. എത്ര മുന്‍കരുതലോടെ നീങ്ങിയാലും കുറേ നിരപരാധികളെയും തല്ലിക്കൊല്ലേണ്ടി വരും. ജനങ്ങള്‍ പോലീസിനെതിരാകാന്‍ വേറെന്തുവേണം. അവര്‍ തീവ്രവാദികളെ സഹായിച്ചു തുടങ്ങും. നമ്മുടെ ലക്ഷ്യം പാളുകയും ചെയ്യും. ഇത്തരം കാര്യങ്ങളൊക്കെ വിലയിരുത്തിയ ശേഷമാണ് നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് നുഴഞ്ഞുകയറാന്‍ തീരുമാനിച്ചത്. പോലീസുകാര്‍ നുഴഞ്ഞുകയറുക, സജീവ പ്രവര്‍ത്തകരാകുക, നേതാക്കളില്‍നിന്നും സര്‍വ്വകാര്യവും അറിയാന്‍ മാത്രം വിശ്വസ്തരാവുക, വേണ്ടി വന്നാല്‍ അവരുടെ തീരുമാനങ്ങളെല്ലാം മാറ്റി മറിക്കാന്‍ മാത്രം ശക്തരാകുക. എന്റെ കുട്ടികള്‍ ഇതെല്ലാം ഭംഗിയായി ചെയ്തു. ഇതൊന്നും ഇനിയും വിശ്വാസമായില്ലെങ്കില്‍ പോയി കെ. വേണുവിനോട് ചോദിച്ചുനോക്ക്. അദ്ദേഹം പറഞ്ഞുതരും കാര്യങ്ങള്‍. ജയറാം പടിക്കല്‍ എന്ന ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനാണല്ലോ ഞാന്‍. ഞാനൊരു പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ അല്ലാതെ പോയി. ഞാന്‍ ക്രൂരനോ എന്തുമാകട്ടെ, എന്നെ ഏല്‍പ്പിച്ച ജോലി ചെയ്യണ്ടതുപോലെ ഞാന്‍ ചെയ്തില്ലായിരുന്നു എങ്കില്‍ കേരളം ഇന്നൊരു ശ്രീകാകുളമോ, ശ്രീനഗറോ, ഇന്നലത്തെ പഞ്ചാബോ, ഇന്നത്തെ ജാഫ്‌നയോ ആകുമായിരുന്നു'' 1997 ഓഗസ്റ്റില്‍ കലാകൗമുദിയിലാണ് ജയറാം പടിക്കല്‍ ഇങ്ങനെ പറഞ്ഞതായി വരുന്നത്.
വസ്തുതകളും തെളിവുകളും വച്ച് നിഗമനങ്ങളിലെത്തിയാല്‍ ജയറാം പടിക്കലിന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമാകും. ഒന്നാമത് ഈ വാദം വന്നത് ജയറാം പടിക്കല്‍ മരിച്ചശേഷമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ലഭിച്ചിട്ടില്ല.
കെ. വേണു ഇക്കാര്യം വസ്തുനിഷ്ഠമായി തന്നെ മുമ്പേ പൊളിച്ചു. കാരണം കേരളത്തില്‍ ഒരു നക്‌സലൈറ്റ് ആക്രമണവും പോലീസ് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല. ഉന്മൂലനങ്ങള്‍ അടക്കം നടന്ന ശേഷം പ്രതികളെ കണ്ടുപിടിക്കാനായില്ല. നക്‌സലൈറ്റ് ആക്രമണങ്ങള്‍ നടന്നശേഷം അവിടെ ക്യാമ്പ് തുറന്ന് നാട്ടുകാരും മറ്റുമായി നൂറുകണക്കിന് പേരെ മര്‍ദനങ്ങള്‍ വിധേയാക്കിശേഷമാണ് എന്തെങ്കിലും തുമ്പുകിട്ടിയത്. ജയറാമിന്റെ കുട്ടികള്‍ നക്‌സലൈറ്റുകള്‍ക്കുണ്ടായിരുന്നെങ്കില്‍ ഇതുവേണ്ടി വരുമായന്നില്ല.
നക്‌സലൈറ്റുകള്‍ പദ്ധതിയിട്ടതില്‍ നടക്കാതെ പോയത് തൃശൂര്‍ ജില്ലയിലെ മതിലകം, ആലപ്പുഴയിലെ മാരാരിക്കുളം സ്‌റ്റേഷനുകള്‍ ആക്രമണങ്ങളാണ്. അതില്‍ രണ്ടിടത്തും പാകപ്പിഴകള്‍ മൂലമാണ് നടക്കാതെ പോയത്. രണ്ടിടത്തും പുറത്തുപോയ പോലീസുകാര്‍ വരുന്നത് കാത്ത് നിന്ന് നേരം വൈകിയതുകൊണ്ട് ഒഴിവാക്കുകയാണുണ്ടായത്. ടെലഫോണ്‍ ബന്ധം വിച്‌ഛേദിച്ചിരുന്നത് പിറ്റേന്ന് കണ്ടപ്പോള്‍ മാത്രമാണ് ആകഷനെപ്പറ്റി ധാരണ ലഭിക്കുന്നത്. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനം ഇക്കാലത്ത് തകരണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനം സജീവമാകുകയാണുണ്ടായത്. അതാകട്ടെ ജയറാം പടിക്കലിനെപ്പോലുള്ള വരെ മറികടന്നുമാണ്.
നക്‌ലൈറ്റ് പ്രസ്ഥാനത്തിലെ വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്നു പറയുന്ന ജയറാം പടിക്കലിന് തനിക്കു നേരെ നടന്ന വധശ്രമങ്ങളെപ്പറ്റി പോലൂം അറിവുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ തൊട്ടുപിന്നാലെ നക്‌സലൈറ്റ് സ്‌ക്വാഡങ്ങള്‍ എത്തിയത് തടയാനുമായില്ല. പടിക്കല്‍ ഉന്മൂലനത്തിന് തൊട്ടടുത്തുവരെ എത്തിയതാണ്. വധിക്കാന്‍ നിശ്ചയിച്ച് മുന്നോട്ട് ചെന്ന നക്‌സലൈറ്റ് പ്രവര്‍ത്തകരുടെ കണക്കൂകൂട്ടലുകള്‍ പിഴച്ചതുമാത്രമാണ് പരാജയ കാരണം.
ജയറാം പടിക്കലിനെതിരെയുള്ള വധശ്രമത്തെപ്പറ്റി കെ. വേണു പറയുന്നതിങ്ങനെയാണ്: ''തീരുമാനം നടപ്പാക്കുന്നതിനുവേണ്ടി ഒരു മൂന്നംഗ സ്‌ക്വാഡ് രൂപീകരിക്കുകയുണ്ടായി...ഇത്തരമൊരു പ്രധാനപ്പെട്ട കാര്യം നടപ്പിലാക്കാന്‍ കഴിവുണ്ടെന്നു കരുതി തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു മൂന്നുപേരും. സംസ്ഥാന കമ്മിറ്റി സഖാവാണ് അവരെ തിരഞ്ഞെടുക്കുകയും പദ്ധതി ആസൂത്രണം ചെയ്യുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തത്... അന്ന് എറണാകുളം സൗത്തില്‍ പടിക്കലിന് ഒരു ഗാര്‍മന്റ്‌സ് കടയുണ്ടായിരുന്നു. എന്നും രാവിലെ കൃത്യസമയത്ത് പടിക്കല്‍ കാറില്‍ വന്ന് ആ കടയ്ക്കടുത്ത് ഇറങ്ങുകയും കടയിലേക്ക് നടന്നുപോവുകയും ചെയ്യുമായിരുന്നു. രണ്ടാഴ്ചകാലം പടിക്കലിന്റെ ഇത്തരം ദിനചര്യകള്‍ ആ സംഘം കൃത്യമായി നിരീക്ഷിച്ചിരുന്നു. കാറില്‍ നിന്നിറങ്ങി അയാള്‍ കടയിലേക്ക് നടന്നു നീങ്ങുന്ന സമയത്ത് കൃത്യം നടപ്പാക്കാനാണ് തീരുമാനിച്ചത്. രണ്ടുപേര്‍ ചേര്‍ന്ന് നടപ്പാക്കുകയും മൂന്നാമത്തെയാള്‍ വേണ്ടി വന്നാല്‍ മാത്രം ഇടപെടാന്‍ പാകത്തില്‍ മാറി നില്‍ക്കുകയും ചെയ്തു... 1981 ഏപ്രില്‍ മാസത്തില്‍ ഒരു ദിവസം എല്ലാം സജ്ജമായതായിരുന്നു. രണ്ടു പേരില്‍ ഒരാള്‍ ആദ്യം ആക്രമിക്കാനും മറ്റേ ആള്‍ കൂടി ചേര്‍ന്ന് കൃത്യം പൂര്‍ത്തിയാക്കാനുമായിരുന്നു ധാരണ. പതിവുപോലെ പാടിക്കല്‍ കാറില്‍ വന്നിറങ്ങി. നിശ്ചയിച്ചിരുന്ന രണ്ടുപേരും അയാളുടെ അടുത്തേക്ക് നിങ്ങുകയും ചെയ്തു. പക്ഷേ ആദ്യം ആക്രമിക്കേണ്ടയാള്‍ പെട്ടെന്ന് പതറിപ്പോവുകയും സംഗതി നടക്കാതെ മാറിപ്പോവുകയും ചെയ്തു'' (ഒരു അന്വേഷണത്തിന്റെ കഥ, കെ.വേണു, 2000 ജൂലൈ 7, സമകാലിക മലയാളം വാരിക)
കെ. വേണു പറഞ്ഞതിനുമപ്പുറം സംഭവങ്ങള്‍ നടന്നിരുന്നു. ജയറാം പടിക്കലിനെ വധിക്കുന്നതിന് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്ന സംസ്ഥാന കമ്മിറ്റി സഖാവിനെ പിന്നീട് ഈ ലേഖകന്‍ നേരിട്ട് കണ്ടു. സംഭവത്തെപ്പറ്റി വിദശമാക്കിയെങ്കിലും തന്റെയോ സംഘാംഗങ്ങളുടെയോ പേര് വ്യക്തമാക്കരുതെന്ന് അദ്ദേഹം കര്‍ശനമായ വ്യവസ്ഥ വച്ചു. ജയറാം പടിക്കലിനു പിന്നാലെ തന്നെയുണ്ടായിരുന്നു മൂന്നംഗ ആക്ഷന്‍ സ്‌ക്വാഡ്. തിരുവനന്തപുരത്തും പടിക്കല്‍ ബാംഗ്ലൂരില്‍ പോയപ്പോഴുമെല്ലാം സംഘം പിന്നാലെയുണ്ടായിരുന്നു. ''പടിക്കലിന് ചുറ്റുവട്ടത്തും എന്നും കുട്ടികളുണ്ടായിരുന്നു. വേദിയിലിരിക്കുമ്പോഴും കാറില്‍ സഞ്ചരിക്കുമ്പോഴുമെല്ലാം. കുട്ടികള്‍ ചുറ്റുമുണ്ടെങ്കില്‍ തന്നെ നക്‌സലൈറ്റുകള്‍ ആക്രമിക്കില്ലെന്ന ധാരണ പടിക്കലിനുണ്ടായിരുന്നു. കുട്ടികള്‍ കൊല്ലപ്പെട്ടാല്‍ ജനവികാരം എതിരാകുമെന്നതിനാല്‍ നക്‌സലൈറ്റുകള്‍ ഒരാക്രമണം നടത്തില്ലെന്ന് അയാള്‍ക്ക് അറിയാം. ബോംബെറിഞ്ഞ് വേണമെങ്കില്‍ കൊല്ലാവുന്ന അത്രയും അടുത്തായിരുന്നു പടിക്കല്‍. പക്ഷേ, കുട്ടികളെ അപകടപ്പെടുത്തരുതെന്ന് ഞങ്ങള്‍ നിശ്ചയിച്ചിരുന്നു. അതിനാല്‍ തന്നെ പലപ്പോഴും അക്രമണം നടത്താതെ വിട്ടു. പക്ഷേ, ഞങ്ങള്‍ നടത്തിയ നീക്കങ്ങള്‍ ഒരു പൊലീസ് സംവിധാനവും അറിഞ്ഞിരുന്നില്ല''.
'കുട്ടികളെ അപകടപ്പെടുത്തിയാലും പടിക്കലിനെ വധിക്കണമെന്ന് പാര്‍ട്ടിയില്‍ ചിലര്‍ നിര്‍ദേശിച്ചു. അതില്‍ തര്‍ക്കമുണ്ടായി. സ്‌ക്വാഡ് അംഗങ്ങള്‍ കേവല മാനുഷിക വാദികളാകുന്നു എന്നതായിരുന്നു വിമര്‍ശനം. അതില്‍ പക്ഷേ ഒരു തീരുമാനമൊന്നും പാര്‍ട്ടി എടുത്തില്ല. നിലനിന്നിരുന്ന ആശയക്കുഴപ്പത്തിനൊടുവില്‍ സ്വഭാവികമായും തനിയെ സ്‌കാ്വഡ് സ്വയം ഇല്ലാതായി''. അല്ലാതെ തനിക്ക് നേരെ നടന്ന വധശ്രമം പോലും സംഘടന 'നയിച്ച' പടിക്കലിന് അറിയുമായിരുന്നില്ല എന്നത് തന്നെ കള്ളകഥകളെ വെളിവാക്കുന്നുണ്ട്.
അടിയന്തരാവസ്ഥയ്ക്ക് ശേഷമോ മുമ്പോ ഒരുഘട്ടത്തിലും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ തലപ്പത്ത് പൊലീസ് ഏജന്റുമാര്‍ എത്തിയിരുന്നില്ല. നയിക്കണമെങ്കില്‍ സംഘടനയുടെ നയരൂപീകരണ സമിതിയില്‍, അഥവാ സംസ്ഥാന കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റികളിലോ എത്തണമായിരുന്നു. എന്നാല്‍ നേതൃത്വത്തില്‍ എത്തിയ എല്ലാവരും പിടിക്കപ്പെടുകയും ദീര്‍ഘകാലം ജയിലില്‍ കഴിയുകയും ക്രൂരമായ മര്‍ദനത്തിനിരയാവുകയും ചെയ്തവരാണ്. അടിന്തരാവസ്ഥയിലൂടെ കടന്നുപോകുന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഉണ്ടായിരുന്ന നേതാക്കളെയെല്ലാം (ടി.എന്‍.ജോയി, കെ. വേണു, സദാശിവന്‍, നടേശന്‍, കുട്ടികൃഷ്ണന്‍) തുടങ്ങിയ എല്ലാവരും തന്നെ കടുത്ത മര്‍ദനങ്ങള്‍ക്കും ജയില്‍ വാസത്തിനും വിധേയരായി. പിന്നീടുള്ള അവരുടെ ജീവിതവും മലയാളിയുടെ കണ്‍മുന്നിലുണ്ട്. നേതാക്കളില്‍ പലരും കടുത്ത ദാരിദ്ര്യം, രോഗം, അകാലത്തിലെ ജരാനര എന്നിവയിലൂടെയാണ് കടന്നുപോയത്. പോലീസിന്റെ ചുണക്കുട്ടികളായിരുന്നെങ്കില്‍ അവര്‍ക്ക് ഈ ജീവിതമല്ല വിധിച്ചിരുന്നത്.
അങ്ങനെ പൊലീസിന്റെയും പടിക്കലിന്റെയും വഴികളിലൂടെയും സഞ്ചരിക്കുമ്പോഴും കരുണാകരന് നക്‌സലൈറ്റുകളെ തകര്‍ക്കാനോ നയിക്കാനോ ആയില്ലെന്ന് വരുന്നു. യഥാര്‍ഥത്തില്‍ കരുണാകരന്റെ പരാജയം മൂടിവയ്ക്കാനാണ് ഈ നക്‌ലൈറ്റുകളെ ഒതുക്കിയെന്ന ചരിത്ര വസ്തുതകളുടെ പിന്‍ബലമില്ലാത്ത കഥ.
സ്തുതിക്കലുകള്‍ക്കിടയിലും നാം ഇന്നലെകള്‍ മറന്നുകൂടാ. വേദനിപ്പിക്കുന്ന ഇല്ലെങ്കില്‍ നമ്മള്‍ അര്‍ത്ഥരഹിതമായ ദു:ഖകണ്ണീരിലാവും. സ്തുതി വചനങ്ങളില്‍ കാതടയും.
'ദളിതരരെ, ദരിദ്രരെ, സ്ത്രീകളെ ആക്രമിച്ചാല്‍ പണമല്ല, പകയാണ് തീര്‍പ്പ്' എന്നൊരു മുദ്രാവാക്യം ചുവരുകളില്‍ നക്‌സലൈറ്റുകളുടേതായി പതിഞ്ഞുകണ്ടിട്ടുണ്ട്. എന്തുകൊണ്ട് കരുണാകരനും, അയാളുടെ പോലീസ് നരഭോജികളും ഈ മുദ്രാവാക്യത്തിന്റെ കരുത്തുറ്റ പ്രയോഗങ്ങള്‍ക്ക് വിധേയരായില്ല? അതുമാത്രം അല്‍പം വേദനകലര്‍ന്ന അത്ഭുതമായി കാലത്തില്‍ ശേഷിക്കും.
ഡൂള്‍ ന്യൂസ്
2011 December
http://www.doolnews.com/critical-study-on-k-karunakaran-234.htm

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ