2015, ജൂലൈ 12, ഞായറാഴ്‌ച

"എങ്ങനെ അവരോട് ക്ഷമിക്കാന്‍ കഴിയും?" ബില്‍ക്കിസ് ബാനു

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയില്‍ മറക്കാന്‍ കഴിയാത്ത പേരാണ് ബില്‍ക്കിസ് ബാനുവിന്‍േറത്. ക്രൂരമായി മര്‍ദ്ദിച്ച അക്രമകാരികള്‍ അവരുടെ കണ്‍മുമ്പില്‍വെച്ച് ഉമ്മയും മകളുമടക്കം 14 പേരെ കൊലപ്പെടുത്തി. സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചാണ് അക്രമികള്‍ കൊന്നത്. എണീറ്റുനടക്കാന്‍ പോലും കഴിയാതിരുന്നിട്ടും സംഭവത്തെ പറ്റി പരാതിപ്പെടാന്‍ ബില്‍ക്കിസ് ബാനു ധൈര്യം കാണിച്ചു. പ്രതികള്‍ക്ക് 2008 ല്‍ മുംബൈ പ്രത്യേക കോടതി വിധിച്ചത് ജീവപര്യന്തം തടവായിരുന്നു. ബി.ജെ.പി നേതാവ് ശൈലേഷ് ഭട്ട് അടക്കം 12 പേരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
13 വര്‍ഷം മുമ്പ് തനിക്കെതിരെയുണ്ടായ ആക്രമണത്തിനെ പറ്റി ബില്‍കിസ് പറയുന്നത് 'ഇന്ത്യന്‍ ക്വോട്ട്സ്' എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നിരിക്കുകയാണ്. ഇതാണ് പോസ്റ്റ്:
"എന്‍െറ കുടുംബത്തിലെ നാല് പുരുഷന്‍മാരും അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. സ്ത്രീകള്‍ വിവസ്ത്രരാക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. എന്നെയും അവര്‍ പിടിച്ചു. എന്‍െറ മൂന്ന് വയസ്സുള്ള പെണ്‍കുട്ടി സലേഹ എന്‍െറ കൈയിലുണ്ടായിരുന്നു. എന്‍െറ കൈയില്‍ നിന്ന് അവളെ പിടിച്ചുപറിച്ച് അവര്‍ എറിഞ്ഞു. ആ കുഞ്ഞുശിരസ്സ് ഒരു കല്ലില്‍തട്ടി ചിതറിയപ്പോള്‍ എന്‍െറ ഹൃദയം തകര്‍ന്നു... നാല് പേര്‍ എന്‍െറ കാലുകളും കൈകളും പിടിച്ചു വച്ചു. പിന്നെ അവിടെയുണ്ടായിരുന്നവര്‍ ഓരോരുത്തരായി എന്‍െറ ശരീരം ഉപയോഗിച്ചു. ആസക്തി അവസാനിച്ചപ്പോള്‍ അവര്‍ എന്നെ കാലുകൊണ്ട് തൊഴിച്ചു; ദണ്ഡുകൊണ്ട് തലക്കടിച്ചു. ഞാന്‍ മരിച്ചെന്ന് കരുതിയ അവര്‍ എന്നെ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു"
"നാലഞ്ചു മണിക്കൂര്‍ കഴിഞ്ഞ് എനിക്ക് സ്വബോധം തിരിച്ചുകിട്ടി. എന്‍െറ ശരീരം മറച്ചുവെക്കുവാന്‍ ഒരു തുണിക്കഷ്ണം കിട്ടുമോ എന്ന് ഞാന്‍ പരതി നോക്കി. എന്നാല്‍ ഒന്നും ലഭിച്ചില്ല. ഒന്നരദിവസം കുന്നിന്‍ മുകളില്‍ ഞാന്‍ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞു. മരിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. അഭയത്തിനുവേണ്ടി അലഞ്ഞ ഞാന്‍ ഒടുവില്‍ ഒരു ഗോത്രകോളനിയില്‍ എത്തിപ്പെട്ടു. ഹിന്ദുവാണെന്ന് പറഞ്ഞ് ഞാന്‍ അവിടെ അഭയം തേടുകയായിരുന്നു..."
"അക്രമകാരികള്‍ ഏറ്റവും മ്ലേച്ഛമായ ഭാഷയുപയോഗിച്ചാണ് സംസാരിച്ചത്. ആ വാക്കുകള്‍ എന്താണെന്ന് പറയാന്‍ എനിക്കാവില്ല. എന്‍െറ ഉമ്മ, സഹോദരിമാര്‍, 12 ബന്ധുക്കള്‍ എന്നിവരെ അവര്‍ എന്‍െറ മുന്നില്‍ വെച്ച് കൊന്നു. ലൈംഗികമായി അധിഷേപിക്കുന്ന വാക്കുകളാണ് അവര്‍ ഞങ്ങളെ ആക്രമിക്കുമ്പോള്‍ ഉപയോഗിച്ചത്. ഞാന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പോലും എനിക്ക് പറയാന്‍ സാധിച്ചില്ല; കാരണം അവരുടെ കാലുകള്‍ എന്‍െറ വായിലും കഴുത്തിലും അമര്‍ന്ന് കിടക്കുകയായിരുന്നു..."
"എന്‍െറ മാനം പിച്ചിച്ചീന്തിയവരെ കുറ്റവാളിയാണെന്ന് കണ്ടെത്തിയതും ജയിലില്‍ അടച്ചതും അവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് കുറവുവരുമെന്ന് അര്‍ഥമില്ല. എന്നിരുന്നാലും നീതിക്ക് ജയിക്കാന്‍ കഴിയുമെന്ന് അത് തെളിയിക്കുന്നു. എത്രയോ കാലമായി എന്നെ മാനഭംഗപ്പെടുത്തിയവരെ എനിക്കറിയാം. ഞങ്ങളുടെ വീട്ടില്‍ നിന്നാണ് അവരുടെ വീട്ടിലേക്ക് പാല് കൊണ്ടുപോയിരുന്നത്. അവര്‍ക്ക് നാണമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് ചെയ്യുമായിരുന്നോ... അവരെ എങ്ങനെ എനിക്ക് മറക്കാന്‍ സാധിക്കും."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...